ഒരു പുല്ലില്‍, ഒരിലയില്‍ അടങ്ങിയിട്ടുള്ള ഉപകാരങ്ങള്‍, പൊരുളുകള്‍വ്യര്‍ത്ഥമായി ഒന്നും ഉണ്ടാകുന്നില്ലപൂര്‍ണമായി ഗ്രഹിക്കാന്‍ മനുഷ്യന് സാധ്യമല്ലെന്ന് ഇമാം ഗസ്സാലി(റ) പ്രഖ്യാപിക്കുന്നു. മനുഷ്യജീവിതത്തില്‍ മരത്തിനുള്ള സ്ഥാനം ബോധ്യപ്പെട്ട് വൃക്ഷ സംരക്ഷണ പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത് (ഉദാ: ചിപ്കോം പ്രസ്ഥാനം) ഈയിടെ മാത്രമാണ്. അന്തരീക്ഷ താപനില ക്രമീകരിക്കുന്നതില്‍ വൃക്ഷങ്ങള്‍ക്കു വലിയ പങ്കുണ്ട്. 4050 വര്‍ഷം പ്രായമായ ഒരു ഇടത്തരം വൃക്ഷം മണിക്കൂറില്‍ ഇരുപത് ലിറ്റര്‍ ജലമാണ് അന്തരീക്ഷത്തില്‍ ലയിപ്പിക്കുന്നത്. തുറസ്സായ സ്ഥലത്തേക്കാള്‍ വനത്തിനുള്ളില്‍ പകല്‍ ചൂട് കുറവും രാത്രിയില്‍ ചൂട് കൂടിയുമിരിക്കുന്നത് അതുകൊണ്ടാണത്രെ (മലയാള മനോരമ, 96സപ്തംബര്‍ 22). ഇരുപത് വര്‍ഷങ്ങള്‍ക്കുമുന്പ് കല്‍ക്കത്ത സര്‍വകലാശാലയിലെ പ്രൊഫ. ടിഎം ഓസ് അമ്പതു വര്‍ഷം പ്രായമായ ഒരു വൃക്ഷം പ്രകൃതിക്കു ചെയ്യുന്ന സേവനങ്ങള്‍ നാണയരൂപത്തില്‍ നിര്‍ണയിച്ച് ഇന്ത്യന്‍ സയന്‍സ് കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുകയുണ്ടായി.
ഓക്സിജന്‍ 2,50,000 രൂപ
ജലസംരക്ഷണം 3,00,000 രൂപ
പക്ഷിമൃഗാദി സംരക്ഷണം 2,50,000 രൂപ
മണ്ണിന്റെ ഫലപുഷ്ടി 2,50,000 രൂപ
മാംസ്യ പരിണാമം 20,000 രൂപ
അന്തരീക്ഷ മലിനീകരണ നിയന്ത്രണം 5,00,000 രൂപ
മൊത്തം = 15,70,000 രൂപ (തടിയുടെ വില ഉള്‍പ്പെടുത്തിയിട്ടില്ല).
പ്രകാശ സംശ്ലേഷണത്തിലൂടെ ഓക്സിജന്‍ പുറത്തുവിടുന്നത് അത്ഭുതകരവും മനുഷ്യന് ലഭിക്കുന്ന ഏറ്റവും പ്രധാന സേവനവുമാണ്. അന്തരീക്ഷത്തില്‍ നിന്നും വിഷവാതകം (കാര്‍ബണ്‍ ഡൈ ഓക്സൈഡ്) വലിച്ചെടുത്ത് പച്ചമരങ്ങള്‍ അന്തരീക്ഷത്തിലേക്ക് ധാരാളമായി അഗ്നി അഥവാ ഓക്സിജന്‍ ദാനം ചെയ്യുന്ന മഹാത്ഭുതത്തെക്കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്. ശരീരത്തിനകത്തേക്ക് ഓക്സിജന്‍ വലിച്ചു കയറ്റിയിട്ടുവേണം ശരീരത്തില്‍ അഗ്നിയുടെ പ്രവര്‍ത്തനം നടക്കാന്‍, ദഹനപ്രക്രിയയും. രക്തം മസ്തിഷ്കത്തിലെത്തി അവിടെ പഞ്ചസാരയെ കത്തിക്കുമ്പോഴാണ് മനുഷ്യനില്‍ ചിന്തയും കവിതയും ഭക്തിയും ജനിക്കുന്നത്. അടുപ്പില്‍ വിറക് കത്തുന്നതും ഓക്സിജന്‍ ജ്വലിക്കുമ്പോഴാണ്. വൃക്ഷത്തില്‍ നടക്കുന്ന പ്രകാശ സംശ്ലേഷണത്തിലൂടെ പുറത്തുവിടുന്ന അഗ്നി എന്ന ഓക്സിജനെ ആശ്രയിച്ചാണ് ഭൂമിയിലെ ജീവന്റെ നിലനില്‍പുതന്നെയും. പച്ചവൃക്ഷം തീ തുപ്പി ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നുവെങ്കില്‍, എല്ലുകള്‍ വീണ്ടും മുളച്ച് മനുഷ്യന്‍ പരലോകത്തുവെച്ച് പുനര്‍ജനിക്കുമെന്ന കാര്യത്തില്‍ എന്തിന് ശങ്കിക്കണമെന്നാണ് ഖുര്‍ആന്റെ ചോദ്യം. 21 ശതമാനമാണ് അന്തരീക്ഷ വായുവിലെ ഓക്സിജന്റെ സാന്നിധ്യം.
മനുഷ്യന്‍ ഭക്ഷിക്കുന്ന ഒരു ധാന്യവും ദേഹത്തിന്റെ ഓരോ ചലനവും മാംസ പേശികളുടെയോ തലച്ചോറിന്റെയോ ഓരോ പ്രവൃത്തിയും ആശ്രയിച്ചിരിക്കുന്നത് സസ്യഭക്ഷണത്തെയോ സസ്യം ഭക്ഷിക്കുന്ന മൃഗമാംസത്തെയോ ആണ്. സസ്യലോകത്തെ സംരക്ഷിക്കാതിരുന്നാല്‍ നശിക്കുക മനുഷ്യലോകം തന്നെയായിരിക്കും. അമേരിക്കന്‍ സസ്യരോഗ ശാസ്ത്രജ്ഞന്‍ ഡോ. എം വിജി നായര്‍, പകര്‍ച്ചവ്യാധി പകരാതെ തടയുന്നതില്‍ വൃക്ഷങ്ങളുടെ പങ്കുകണ്ടെത്തുകയുണ്ടായി. വനം നശിപ്പിക്കപ്പെടുമ്പോള്‍ പുത്തന്‍ മാറാവ്യാധികള്‍ നാട്ടില്‍ പടരുമെന്നാണ് അദ്ദേഹം സമര്‍ത്ഥിക്കുന്നത്. ഭൂമിയുടെ കൃഷിയോഗ്യത സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ സസ്യങ്ങള്‍ക്കു വലിയ പങ്കുണ്ട്. ഭൂമി ഉണങ്ങിയാല്‍ കളിമണ്ണുപോലും വെട്ടുകല്ലായി രൂപാന്തരപ്പെടുന്ന പ്രതിഭാസമാണ് ഹമലേൃശമെശേീി (ചെങ്കല്ലു സ്വഭാവത്തിലേക്കു ഭൂപ്രതലം മാറല്‍). ഉഷ്ണമേഖലാ പ്രദേശങ്ങളിലെ സസ്യങ്ങള്‍ നശിപ്പിക്കപ്പെട്ട ഭാഗങ്ങില്‍ ലാറ്ററൈസേഷന്‍ മൂലം നിലം ഉറച്ച് വെട്ടുകല്‍ പാറകളായിത്തീരുകയും കൃഷിക്കു തീരെ അനുയോജ്യമല്ലാതാവുകയും ചെയ്തു. ബ്രസീലില്‍ ഒട്ടേറെ ഭൂപ്രദേശങ്ങള്‍ ഇങ്ങനെ കൃഷിയോഗ്യമല്ലാതായിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ 65/15ല്‍ പരാമര്‍ശിച്ച പോലെ ഭൂമിയുടെ വിധേയത്വം (ദലൂല്‍) നിലനില്‍ക്കുവാനാണ് അതിന്റെ മനാകിബുകളില്‍ കിളച്ചു കൃഷി ചെയ്യാന്‍ നിര്‍ദേശിച്ചത്.
സഹസ്രാബ്ദങ്ങളിലൂടെയുള്ള നിരന്തര സഹവാസം നിമിത്തം വന്യജീവികളും സസ്യസമൂഹവും തമ്മില്‍ വളര്‍ത്തിയെടുത്ത പരസ്പരാശ്രിതത്വവും ചങ്ങാത്തവുമുണ്ട്. വന്യജീവികള്‍ക്ക് ആഹാരവും അഭയവും നല്‍കുന്നുണ്ട്. പല സസ്യങ്ങളുടെയും വളര്‍ച്ചക്കും പരാഗണത്തിനും വന്യജീവികളും പങ്കുവഹിക്കുന്നു. സസ്യങ്ങള്‍ക്കുള്ള വളമായി ജീവികളുടെ കാഷ്ടം ഉപയോഗപ്പെടുന്നു. ഈ കൂട്ടുകെട്ട് തകര്‍ക്കുകമൂലം വലിയ പ്രത്യാഘാതമാണ് ആവാസ വ്യവസ്ഥക്ക് ഏല്‍ക്കുക. മരങ്ങള്‍ സൃഷ്ടിക്കുന്ന മേലാപ്പ് ചെറുജീവികള്‍ക്ക് സുരക്ഷ പ്രധാനം ചെയ്യുന്നു. അമേരിക്കയിലെ നാഷണല്‍ അക്കാഡമി ഓഫ് സയന്‍സ് 82ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം, നാലു ചതുരശ്ര കിലോമീറ്റര്‍ മഴക്കാടുകള്‍ 750ല്‍ പരം മരവര്‍ഗങ്ങള്‍ക്കും 125ലധികം സസ്തനികള്‍ക്കും നാനൂറിലധികം തരം പക്ഷികള്‍ക്കും നൂറിലധികം ഇഴജീവികള്‍ക്കും അറുപതില്‍ പരം ഉഭയജീവികള്‍ക്കും അഭയം നല്‍കുന്നു. ഓരോ വൃക്ഷവും നാനൂറിലധികം പ്രാണികളെ പോറ്റുന്നതായും പഠനങ്ങള്‍ പറയുന്നു. വൃക്ഷങ്ങളുടെ സാന്നിധ്യം മഴലഭ്യതക്കു നിമിത്തമാണ്. വൃക്ഷങ്ങള്‍ വായുവിന്റെ താപനില കുറക്കുകയും ബാഷ്പീകരണസസ്യസ്വേദനം വഴി വാതകമര്‍ദം കൂട്ടുകയും ചെയ്യുന്നു. ഇതു വായു ഘനീഭവിക്കാനും തുടര്‍ന്ന് മഴക്കും കാരണമാകുന്നു. ഇത്തരത്തിലുള്ള വനവൃഷ്ടി നിത്യഹരിത വനങ്ങളില്‍ സുലഭമാണ്.
വനനശീകരണം മഴയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചതാണ്. വനവല്‍ക്കരണം വഴി മഴയില്‍ ആറുശതമാനം വര്‍ധനവുണ്ടായതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. വെള്ളപ്പൊക്കം തടയുന്നതിലും മരങ്ങള്‍ക്കും വനങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഹിമാലയം പച്ചപ്പട്ടണിഞ്ഞിരുന്ന കാലത്ത് ബംഗ്ലാദേശില്‍ പ്രളയം നൂറ്റാണ്ടിലൊരിക്കല്‍ മാത്രമായിരുന്നു സംഭവിച്ചിരുന്നത്. ഇപ്പോള്‍ നാലു വര്‍ഷത്തിലൊരിക്കല്‍ അവിടെ വെള്ളപ്പൊക്കമുണ്ടാവുന്നു. ഹിമാലയ മേഖലയിലെ സസ്യാവരണം നീങ്ങിയതോടെ മലയിടിച്ചിലും മണ്ണൊലിപ്പും വ്യാപകമായി. മണ്ണൊലിച്ച് ഹിമാലയ നദികളുടെ ചുറ്റുമുള്ള മൈതാനങ്ങളേക്കാള്‍ ഉയര്‍ന്നു. വര്‍ഷാവര്‍ഷം ഉത്തര്‍പ്രദേശിലും ബീഹാറിലും ആസ്സാമിലും മറ്റും ആയിരക്കണക്കിനു ചതുരശ്ര മൈല്‍ പ്രദേശം വെള്ളപ്പൊക്കത്തില്‍ നശിക്കുന്നു. വെള്ളപ്പൊക്കം നീങ്ങിയാല്‍ പിന്നെ കടുത്ത ജലക്ഷാമമായി. ഗംഗയിലൂടെയും ബ്രഹ്മപുത്രയിലൂടെയും ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നുചേരുന്ന ഹിമാലയ മണ്ണ് സമുദ്രത്തില്‍ ഒരു ദ്വീപായി രൂപപ്പെടുകയുമുണ്ടായി.
കാറ്റിന്റെ വേഗത നിയന്ത്രിക്കുകയെന്നതാണ് വൃക്ഷങ്ങളുടെ, കാടുകളുടെ മറ്റൊരു സംഭാവന. ഉരുള്‍പൊട്ടലുകള്‍ വനാന്തരങ്ങളില്‍ വളരെ വിരളമാണ്. ഇടുക്കിയില്‍ പ്രതിവര്‍ഷം നൂറോളം സ്ഥലങ്ങളില്‍ ചെറുതും വലുതുമായ ഉരുള്‍പൊട്ടലുണ്ടാകാറുണ്ട്. വനം വെട്ടിത്തെളിച്ച് കുടിയേറ്റത്തിനു വിധേയമായ പ്രദേശങ്ങളാണിവ സംഭവിക്കാറ്. മലപ്പുറം കരുവാരക്കുണ്ടിലുണ്ടായ ഉരുള്‍പൊട്ടലിനു കാരണവും മറ്റൊന്നല്ല.
ഒന്നരക്കോടിയിലധികം വരുന്ന മലയാളികളുടെ ഭാസുര ജീവിതം സ്വപ്നം കണ്ടുള്ള പദ്ധതികള്‍ ഒന്നിനുമേല്‍ ഒന്നായി ഓഫീസുകളില്‍ കൂന്പാരം സൃഷ്ടിക്കുമ്പോഴും, 35 ശതമാനം ഉണ്ടായിരുന്ന വനപ്രദേശം 18 ശതമാനമായിക്കുറഞ്ഞു. രണ്ടാം ലോകമഹാ യുദ്ധത്തോടു കൂടി ഭക്ഷണ സാധനങ്ങള്‍ക്കു നേരിട്ട ക്ഷാമത്തെ നേരിടാന്‍ തിരുവിതാംകൂറിലെയും കൊച്ചിയിലെയും സര്‍ക്കാരുകള്‍ റിസര്‍വ് വനഭൂമികള്‍ അതിര്‍ നിര്‍ണയമില്ലാതെ പാട്ടത്തിനു വിട്ടുകൊടുത്തു. അന്നതൊരു അബദ്ധമായിരുന്നെങ്കില്‍ ഇന്ന് സമര്‍ത്ഥമായാണ് വനം കൊള്ളചെയ്യപ്പെടുന്നത്.
രാജ്യത്തിന്റെ മൊത്തത്തിലുള്ള പരിസ്ഥിതി സന്തുലനം നിലനിര്‍ത്തുന്നതില്‍ വനങ്ങള്‍ക്കുള്ള പങ്ക് ഗൗരവപൂര്‍വം പരിഗണിച്ച്, 1952ല്‍ പ്രഖ്യാപിച്ച ദേശീയ വന നയത്തില്‍ ഭൂവിസ്തൃതിയുടെ മൂന്നിലൊന്നു ഭാഗമെങ്കിലും വനങ്ങളായി നിലകൊള്ളേണ്ടതാണെന്ന് എഴുതിവെച്ചിട്ടുണ്ട്. 1980ല്‍ കേന്ദ്രസര്‍ക്കാര്‍ വനനിയമവും പാസ്സാക്കിയിട്ടുണ്ട്. ആകെ പ്രദേശത്തിന്റെ 12 ശതമാനം മാത്രമേ ഇന്ത്യയിലിപ്പോള്‍ വനമുള്ളൂ. സര്‍ക്കാര്‍ കണക്കു പ്രകാരം 7.5 കോടി ഹെക്ടര്‍. പക്ഷേ, വന നശീകരണം ഭീകരമാം വിധം തുടരുകയാണ്. ഒരു കോടി മനുഷ്യര്‍ വസിക്കുന്ന ദല്‍ഹി നഗരത്തെ കാത്തുരക്ഷിച്ചിരുന്ന ദില്ലി റഡ്ജ് എന്ന വനം പോലും 40 ശതമാനം നശിപ്പിച്ചു കളഞ്ഞു. ദല്‍ഹിയുടെ ചൂട് നിയന്ത്രിക്കുന്നത് ഈ വനമത്രെ. മനുഷ്യന് എണ്ണിത്തീര്‍ക്കാനാവാത്തത്രയും വ്യത്യസ്ത സേവനങ്ങള്‍ ചെയ്തുവരുന്ന വൃക്ഷങ്ങളെ, വനങ്ങളെ സംരക്ഷിക്കാന്‍ മതകീയ പ്രസ്ഥാനങ്ങള്‍ മനസ്സുവെച്ചാല്‍, കുറേയൊക്കെ സാധിക്കും.
കേരളത്തില്‍ മൊത്തമുള്ള 49 ലക്ഷം കൃഷിയിടങ്ങളില്‍ 90ലേറെ ശതമാനവും ഒരു ഹെക്ടറില്‍ താഴെയാണ്. ഇവിടെ ജനസംഖ്യ വര്‍ധിക്കുകയാണ്. പക്ഷേ, ഉല്‍പാദനം ഭീകരമാം വിധം കുറയുന്നു. ഒരു വര്‍ഷം 40 ലക്ഷം ടണ്‍ അരിവേണം നമുക്ക്. വാര്‍ഷിക ഉല്‍പാദനം ഇപ്പോള്‍ 1213 ലക്ഷം മാത്രമാണ്. “രാസഭക്ഷണ’ങ്ങള്‍ കഴിച്ച് മനുഷ്യന്‍ രാസജന്തുക്കളായി മാറുകയാണ്. ആശുപത്രിയില്‍ പിറന്ന് ആശുപത്രിയില്‍ ഒടുങ്ങുന്ന ആധുനിക മനുഷ്യരെ പ്രകൃതിയുടെ തനിമയിലേക്കു തെളിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഒട്ടൊന്നുമല്ല ചെയ്തുതീര്‍ക്കാനുള്ളത്.
കാര്‍ഷികവൃത്തി ചില ശോഭന ചിത്രങ്ങള്‍
മനുഷ്യന്റെ പ്രധാന ജീവിത മാര്‍ഗവും സാമൂഹിക നിലനില്‍പ്പിന്റെ അടിസ്ഥാന ശിലയുമാണ് കൃഷി. അടിസ്ഥാന തൊഴിലുകളായ കൈത്തൊഴില്‍, കൃഷി, കച്ചവടം എന്നിവയില്‍ കൃഷിക്കാണ് പ്രഥമ സ്ഥാനം. രണ്ടാം സ്ഥാനം കൈത്തൊഴിലിനും മൂന്നാമത് കച്ചവടത്തിനും. കാര്‍ഷികവൃത്തിക്ക് മറ്റു തൊഴിലുകളേക്കാള്‍ കൂടുതല്‍ സവിശേഷതകളുണ്ട്. കര്‍ഷകനു അര്‍പ്പണ ബോധം മറ്റുള്ളവരേക്കാള്‍ കൂടുതലാണ്. വിത്ത് വിതച്ചു കഴിഞ്ഞാല്‍ അല്ലാഹുവില്‍ അര്‍പ്പിക്കുകയാണ് അവന്‍ ചെയ്യുന്നത്. വിള നശിപ്പിക്കുന്ന പ്രകൃതി ദുരന്തങ്ങളെ തടയാന്‍ മനുഷ്യന് സാധ്യമല്ലല്ലോ.
ഭൂമിയില്‍ മനുഷ്യന്‍ നടത്തുന്ന കൃഷിയെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ പല സ്ഥലങ്ങളിലും വിവരിക്കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ കൃഷിയെ ഉപമയായി അവതരിപ്പിക്കുന്നു. “തങ്ങളുടെ ധനം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നവരുടെ ഉപമ ഒരു ധാന്യമണി പോലെയാണ്. അത് ഏഴു കതിരുകള്‍ മുളപ്പിച്ചു. ഓരോ കതിരിലും നൂറു വീതം ധാന്യ മണികളുണ്ട്. അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയാക്കി കൊടുക്കുന്നു. അല്ലാഹു വിശാലതയുള്ളവനും സര്‍വജ്ഞനുമാകുന്നു’ (വിശുദ്ധ ഖുര്‍ആന്‍ 2/261). കാര്‍ഷികവൃത്തിയിലേര്‍പ്പെടാനും ജലത്തിന്റെ സ്രോതസ്സുകള്‍ സംരക്ഷിക്കാനും മരങ്ങള്‍ നട്ടുവളര്‍ത്താനുമുള്ള നിര്‍ദേശങ്ങള്‍ പ്രവാചകാധ്യാപനങ്ങളിലും ധാരാളം ദര്‍ശിക്കാവുന്നതാണ്. മരണ ശേഷവും പുണ്യം ലഭിക്കുന്ന കര്‍മമായിട്ടാണ് തിരുനബി(സ്വ) ഇവയെ പരിചയപ്പെടുത്തിയത്. അനസ്(റ)വില്‍ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ഏഴു കാര്യങ്ങള്‍ മരണ ശേഷം ഖബറില്‍ വെച്ചും പ്രതിഫലം ലഭിക്കുന്നവയാണ്. “വിജ്ഞാനം പഠിപ്പിക്കുക, പുഴ കീറുക, കിണര്‍ കുഴിക്കുക, ഈന്തപ്പന നടുക, പള്ളി നിര്‍മിക്കുക, മുസ്വ്ഹഫിനെ അനന്തരമായി നല്‍കുക, മരണ ശേഷം തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനമുണ്ടാവുക എന്നിവയാണവ’ (ശുഅ്ബുല്‍ ഈമാന്‍).
കാര്‍ഷിക വൃത്തിക്ക് ഏറെ പ്രാധാന്യം നല്‍കിയ ചരിത്രമാണ് മുസ്‌ലിംകള്‍ക്കുള്ളത്. കൃഷിയെ പ്രോത്സാഹിപ്പിക്കുകയും നിര്‍ജീവമായ ഭൂമിയെ സജ്ജീവമാക്കാന്‍ പ്രേരിപ്പിക്കുകയും ഉടമസ്ഥന്‍ കൃഷി നടത്തുന്നില്ലെങ്കില്‍ കൃഷിയിടം തന്റെ സഹോദരനു നല്‍കാന്‍ പ്രചോദനം നല്‍കുകയും ചെയ്ത പ്രവാചകനാണല്ലോ മുസ്‌ലിംകളുടേത്. പ്രവാചകാധ്യാപനങ്ങള്‍ പൂര്‍ണമായും ജീവിതത്തില്‍ പകര്‍ത്തിയ സ്വഹാബികളും ഇവ്വിഷയത്തില്‍ കര്‍കശ നിലപാടുകാരായിരുന്നു. സൈനിക നിയോഗം നടത്തിയപ്പോള്‍ അബൂബക്കര്‍(റ) സൈന്യത്തിനു നല്‍കിയ നിര്‍ദേശം ചരിത്രതാളുകളില്‍ ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. “നിങ്ങള്‍ ഈന്തപ്പന വെട്ടരുത്. തീയിട്ടു നശിപ്പിക്കുകയും അരുത്. ഫലം കായ്ക്കുന്ന ഒരു മരവും മുറിക്കരുത്. ആടുമാടുകളെ കൊന്നൊടുക്കുകയും ചെയ്യരുത്’ (ജാമിഉല്‍ അഹാദീസ്).
ഇസ്‌ലാമിലെ രണ്ടാം ഖലീഫയും മാതൃകാ ഭരണാധിപനുമായ ഉമര്‍ ബിന്‍ ഖത്വാബ്(റ) മരങ്ങള്‍ നട്ടു വളര്‍ത്താന്‍ ജനങ്ങളോട് നിര്‍ദേശിക്കുകയും അതിനു വേണ്ടി മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു. ഉമാറതു ബിന്‍ ഹുസൈമ(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: “ഉമര്‍ ബിന്‍ ഖത്വാബ്(റ) എന്റെ പിതാവിനോട് ഇങ്ങനെ ചോദിക്കുന്നതായി ഞാന്‍ കേട്ടു.”നിങ്ങളുടെ ഭൂമിയില്‍ വൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കുന്നതിന് എന്താണു നിങ്ങള്‍ക്കു തടസ്സം’? അപ്പോള്‍ പിതാവ് പറഞ്ഞു: “ഞാന്‍ നാളെ മരിക്കാന്‍ പോകുന്ന പടു വൃദ്ധനല്ലേ’? അപ്പോള്‍ ഉമര്‍(റ) വിന്റെ മറുപടി ഇപ്രകാരമായിരുന്നു: “നിങ്ങളുടെ ഭൂമിയില്‍ വൃക്ഷങ്ങള്‍ നടാന്‍ ഞാനും ഉത്സാഹിക്കാം’. പിന്നീട് അവിടെ എന്റെ പിതാവിനോടൊപ്പം നിന്ന് ഉമറുബ്നുല്‍ ഖത്വാബ്(റ) സ്വകരങ്ങള്‍ കൊണ്ട് വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതും ഞാന്‍ കണ്ടു’ (ജാമിഉല്‍ അഹാദീസ്). കൃഷിയെയും കാര്‍ഷിക മേഖലയെയും മഹാരഥന്മാര്‍ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. മുഅ്തളിദില്‍ നിന്നു ഉദ്ധരണം. അദ്ദേഹം പറയുന്നു: “ഒരു ദിവസം ഞാന്‍ അലി(റ)നെ സ്വപ്നത്തില്‍ കാണുകയുണ്ടായി. അദ്ദേഹം എനിക്ക് ഒരു മണ്‍വെട്ടി തന്ന് ഇപ്രകാരം പറഞ്ഞു: “ഇതു നിങ്ങളെടുക്കുക. ഭൂമിയുടെ ഖജനാവുകളുടെ താക്കോലാണിത്’ (അദബുദ്ദുന്‍യാ വദ്ദീന്‍).
കൃഷിഭൂമി സജ്ജമാക്കുന്നതിലും മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിലും സ്വഹാബികള്‍ക്ക് പ്രത്യേകമായ താല്‍പര്യമുണ്ടായിരുന്നു. കൃഷി ഭൂമികളുള്ള സ്വഹാബികള്‍ വളരെ താല്‍പര്യത്തോടെ വിത്തിറക്കി ഫലം കൊയ്തിരുന്നുവെന്നും രേഖകളില്‍ കാണാവുന്നതാണ്. അബ്ദുല്ലാഹിബിനു അംറുബിനുല്‍ ആസ്വ്(റ)വിന് ത്വാഇഫില്‍ വലിയ കൃഷിത്തോട്ടമുണ്ടായിരുന്നു. അതില്‍ നിന്നുള്ള മുന്തിരികള്‍ ആയിരക്കണക്കിനു മരപ്പാത്രങ്ങളില്‍ ചുമന്നാണ് കൊണ്ടു പോയിരുന്നത്. ദൂരെ നിന്ന് കണ്ടാല്‍ വലിയ കുന്ന് പോലെ തോന്നുന്ന വിധമായിരുന്നുവത്രെ തോട്ടത്തില്‍ ഉണക്ക മുന്തിരി കൂട്ടിയിട്ടിരുന്നത്. സ്വര്‍ഗ്ഗം കൊണ്ട് സുവി ശേഷമറിയിക്കപ്പെട്ട പത്തുപേരിലൊരാളായ ത്വല്‍ഹതു ബ്നു ഉബൈദില്ലാ(റ)വിനും ഒട്ടേറെ പ്രവേശന കവാടങ്ങളുള്ള വലിയ കൃഷിഭൂമിയുണ്ടായിരുന്നു. അപ്രകാരം സുബൈര്‍ ബിന്‍ അവാം(റ)വിനും മറ്റു പല സ്വഹാബാക്കള്‍ക്കും വലിയ കൃഷിയിടങ്ങള്‍ ഉണ്ടായിരുന്നു (അല്‍ ഇസ്‌ലാമു ഫീ ഹളാറതിഹി വ നള്മിഹി).
പ്രകൃതി ബന്ധങ്ങളുടെ ശൃംഖലയാണ് ജീവന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനമെന്ന ദീര്‍ഘ വീക്ഷണമുള്ളവരായിരുന്നു സ്വഹാബികള്‍. ഭൂമിയുടെ സുരക്ഷയ്ക്ക് വേണ്ടിയും പ്രകൃതിയെ യാതൊരു പോറലുമേല്‍ക്കാതെ വരുംതലമുറക്ക് കൈമാറുന്നതിനുമുള്ള ശ്രമങ്ങളും അവരില്‍ നിന്ന് നിരന്തരം ഉണ്ടായി. പ്രവാചക ശിഷ്യനായ അബുദ്ദര്‍ദാഅ്(റ) ഒരിക്കല്‍ അക്രോട്ടു മരം നട്ടുപിടിപ്പിക്കുകയായിരുന്നു. അപ്പോള്‍ അതു വഴി വന്ന ഒരാള്‍ മഹാനവര്‍കളോട് ചോദിച്ചു: “മഹാ വൃദ്ധനായ അങ്ങാണോ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം ഫലം നല്‍കുന്ന അക്രോട്ടു വൃക്ഷം നട്ടുപിടിപ്പിക്കുന്നത്’? അയാളുടെ ചോദ്യത്തിന് മഹാനവര്‍കള്‍ നല്‍കിയ പ്രതികരണം ഇങ്ങനെ: “മറ്റുള്ളവര്‍ തിന്നുകയും അതിന്റെ പ്രതിഫലം എനിക്ക് ലഭിക്കുകയും ചെയ്യുന്നതു കൊണ്ട് എനിക്കെന്ത് ദോഷമാണുള്ളത്’? സമാനമായ ഒരു സംഭവം കൂടി ഇമാം ഖസ്ത്വല്ലാനി(റ) ഉദ്ധരിക്കുന്നുണ്ട്. ഒരിക്കല്‍ അനൂശര്‍വാന്‍ ചക്രവര്‍ത്തി ഒലീവ് ചെടി നടുന്ന ഒരു വൃദ്ധനോട് പറഞ്ഞു: “താങ്കള്‍ ഒലീവ് നടുന്ന പ്രായത്തിലല്ലല്ലോ ഇപ്പോഴുള്ളത്. വളരെ വൈകി മാത്രം കായ്ക്കുന്ന വൃക്ഷമാണല്ലോ ഒലീവ്’. അപ്പോള്‍ വൃദ്ധന്‍ മറുപടി പറഞ്ഞു: “നമുക്ക് മുമ്പുള്ളവര്‍ നട്ടു വളര്‍ത്തിയതാണ് നാം തിന്നത്. ഇനി ശേഷമുള്ളവര്‍ക്ക് തിന്നാനുള്ളതാണ് നാം നട്ടുവളര്‍ത്തുന്നത്’ (ഇര്‍ശാദുസ്സാരി 5/337,338).
വിവിധ രാജ്യങ്ങളില്‍ സാരഥ്യമേറ്റെടുത്ത മുസ്‌ലിം ഭരണാധികാരികളും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കിയിരുന്നു. ഉമവി ഭരണാധികാരികള്‍, കൃഷിയുടെ പ്രധാന ഘടകമായ ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും അവയുടെ അറ്റകുറ്റ പണികള്‍ക്കും കൂടുതല്‍ ശ്രദ്ധ കൊടുത്തു. അബ്ബാസി ഭരണകൂടം, ഇന്നത്തെ ജലസേചന കാര്‍ഷിക മന്ത്രാലയത്തിനു സമാനമായ വിധത്തിലുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. അതിനു വേണ്ടി ആയിരക്കണക്കിനു തൊഴിലാളികളും വിദഗ്ധ ജീവനക്കാരുമുണ്ടായിരുന്നു. ഈ കാലഘട്ടത്തില്‍ മുസ്‌ലിംകള്‍ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയുണ്ടായി. മില്യന്‍ കണക്കിനു ദിര്‍ഹമുകള്‍ കാര്‍ഷിക വരുമാന ഇനത്തില്‍ സന്പാദിക്കാനും സാധിച്ചു.
മാറിമാറി വന്ന മുസ്‌ലിം ഭരണകൂടങ്ങളും കൃഷി സംബന്ധമായ കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കിയത്. ഹിജ്റ 448541 കാലഘട്ടത്തില്‍ സ്പെയിനിലും പോര്‍ച്ചുഗലിലും വടക്കന്‍ ആഫ്രിക്കയിലും ഭരണം നടത്തിയിരുന്ന മുറാബിത്വുകളും കാര്‍ഷിക മേഖലയില്‍ സമര്‍ത്ഥരായിരുന്നു. ഈന്തപ്പന കൃഷിയായിരുന്നു പ്രധാനം. ഈന്തപ്പനയുടെ തണലില്‍ വത്തക്ക, ചുരങ്ങ, വെള്ളരിക്ക, കക്കരി എന്നിവയും അവര്‍ വിളയിച്ചു. ചോളം കൃഷിയായിരുന്നു ചില ഭാഗങ്ങളില്‍ വ്യാപകം. മറ്റു ചില സ്ഥലങ്ങളില്‍ പരുത്തി കൃഷിക്കും കരിന്പ് കൃഷിക്കുമായിരുന്നു പ്രാധാന്യം (ഫിഖ്ഹുത്തംകീന്‍ ഇന്‍ദ ദൗലതില്‍ മുറാബിത്വീന്‍).
സസ്യങ്ങളും ഫല വൃക്ഷങ്ങളും വെച്ചു പിടിപ്പിച്ചും ധാന്യങ്ങള്‍ കൃഷി ചെയ്തും നടത്തുന്ന അധ്വാനം സാമൂഹ്യ സേവനമാണെന്നതിനു പുറമെ, വ്യക്തിത്വ വികാസത്തിന്റെ ഭാഗം കൂടിയാണെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. “കാര്‍ഷികവൃത്തി മനുഷ്യനെ വിനയമുള്ളവനാക്കുന്നു. തൊഴിലില്ലായ്മയില്‍ നിന്നും അനാവശ്യങ്ങളില്‍ നിന്നും അത് അവനെ സംരക്ഷിക്കുന്നു. മറ്റുള്ളവരെ ആശ്രയിക്കാത്ത വിധം, തന്റെ ആവശ്യങ്ങള്‍ നിര്‍വഹിക്കാനും അതവനെ പര്യാപ്തനാക്കുന്നു’ (ഫത്ഹുല്‍ ബാരി). അസംഖ്യം ജനങ്ങള്‍ക്ക് ഉപകാര പ്രദമായ സേവനമായതു കൊണ്ടാണ് കൃഷിക്ക് തൊഴിലുകളുടെ ഗണത്തില്‍ പ്രഥമ പരിഗണന ലഭിച്ചതെന്നും പണ്ഡിതര്‍ വ്യക്തമാക്കുന്നു. ഇമാം ഇബ്നു ഹജറുല്‍ ഹൈതമി(റ) രേഖപ്പെടുത്തി: “ജോലികളില്‍ വെച്ച് ഏറ്റവും ഉത്തമം കൃഷിയാണ്. കാരണം അതു കൂടുതല്‍ പേര്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ്. അര്‍പ്പണബോധം കൂടുതലുള്ളതും ചതിയില്‍ നിന്ന് കൂടുതല്‍ സുരക്ഷിതവുമാണത്. തൊട്ടടുത്ത സ്ഥാനം കൈത്തൊഴിലിനാണ്. ഹലാലായ സന്പാദനത്തില്‍ പ്രയാസം കൂടുതലുള്ളതാണത്. അടുത്ത സ്ഥാനം കച്ചവടത്തിനും’ (തുഹ്ഫ 9/389).
സ്വയം കൃഷി ചെയ്യാതെ തൊഴിലാളികളെ ഏല്‍പ്പിച്ചാലും കൃഷി തന്നെയാണ് ഉത്തമമെന്ന് പണ്ഡിത പ്രമുഖര്‍ രേഖപ്പെടുത്തിയിട്ടുണ്ട് (ശര്‍വാനി 9/389 നോക്കുക). കൃഷിയോഗ്യമായ ഭൂമി തരിശ്ശാക്കിയിടാന്‍ പാടില്ലെന്നും അത്തരം സ്ഥലങ്ങളെല്ലാം നന്മ വിളയുന്നയിടങ്ങളാക്കണമെന്നുമാണ് ഇസ്‌ലാമികാധ്യാപനം. ഇമാം ഇബ്നുഹജര്‍(റ) എഴുതുന്നു: “കൃഷിയും വൃക്ഷങ്ങളും നനക്കാന്‍ സൗകര്യപ്പെടുന്നിടത്ത് അതുപേക്ഷിക്കല്‍ കറാഹത്താണ്’ (തുഹ്ഫ 8/373).
ഇമാം ഖുര്‍തുബി(റ) പറയുന്നതു കാണുക: “കൃഷി ഫര്‍ള് കിഫ (സാമൂഹ്യ ബാധ്യത) കളില്‍പെട്ടതാണ്. അതു കൊണ്ടു തന്നെ കൃഷി ചെയ്യുന്നതിനു വേണ്ടി ജനങ്ങളെ നിര്‍ബന്ധിപ്പിക്കല്‍ ഭരണാധികാരിക്കു നിര്‍ബന്ധമാണ്’ (തഫ്സീറുല്‍ ഖുര്‍ത്വുബി). തനിക്കും കുടുംബത്തിനും സമൂഹത്തിനും വേണ്ടി വലിയ സേവനം ചെയ്യുന്ന ഇത്തരം കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതും കൃഷിക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടതും ഭരണാധികാരികളുടെ ചുമതല തന്നെ.
ഇസ്‌ലാമിക പ്രബോധനത്തിന്റെ വിവിധങ്ങളായ മാര്‍ഗങ്ങള്‍ സ്വീകരിച്ച് ജീവിതം നയിക്കുന്നതിനിടയിലും കാര്‍ഷിക രംഗത്ത് ശ്രദ്ധ പതിപ്പിക്കാന്‍ ശ്രമിച്ചവരും പണ്ഡിതരിലുണ്ടാ യിരുന്നു. ശാഫിഈ കര്‍മശാസ്ത്രത്തില്‍ അഗാധ പാണ്ഡിത്യം നേടിയും ഒട്ടനവധി ഗ്രന്ഥങ്ങള്‍ രചിച്ചും ജീവിതം ധന്യമാക്കിയ ശിഹാബുദ്ദീന്‍ അഹ്മദു ബിന്‍ മൂസ (വഫാത്ത്.ഹി.750), തനിക്കും കുടുംബത്തി നുമുള്ള ആഹാരത്തിനു വേണ്ടി സ്വകരം കൊണ്ട് കൃഷി ചെയ്യുമായിരുന്നു. ശര്‍ഹുത്തന്‍ബീഹ്, അല്‍ ഉംദ, ശര്‍ഹുല്‍ അര്‍ബഈന്‍ തുടങ്ങിയ പല ഗ്രന്ഥങ്ങളും അദ്ദേഹം സമൂഹത്തിന് സംഭാവന ചെയ്തിട്ടുണ്ട്. മിന്‍ഹാജ് ഹൃദിസ്ഥമാക്കിയും ഇല്‍മിന്റെ വഴിയില്‍ കൂടുതല്‍ പ്രശോഭിച്ചും ജീവിതം നയിച്ച അബ്ദുറഹ്മാനുബിന്‍ മുഹമ്മദ് (ഹി. 747817) ഭക്ഷണത്തിലും വസ്ത്ര ധാരണയിലും മിതത്വം പുലര്‍ത്തുന്നവരും സാധുക്കളെ കൂടുതല്‍ സഹായിക്കുന്നവരുമായിരുന്നു. ഹദീസിനെയും അതിന്റെ വക്താക്കളെയും ഏറെ സ്നേഹിച്ച അദ്ദേഹത്തിന്റെ പ്രധാന സന്പാദ്യ മാര്‍ഗം കൃഷിയായിരുന്നു. പണ്ഡിതര്‍ക്കിടയിലും പൊതു ജനങ്ങള്‍ക്കിടയിലും വലിയ അംഗീകാര മായിരുന്നു അദ്ദേഹത്തിന് (ത്വബഖാത്തുശ്ശാഫിഇയ്യ). നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും പ്രമുഖ ശാഫിഈ പണ്ഡിതനും ഗവേഷകനുമായ റളിയുദ്ദീന്‍ ഗസ്സീ (ഹി. 862 935/ ക്രി.14581529) കൃഷി സംബന്ധമായി ഒരു ഗ്രന്ഥം പോലും രചിച്ചിട്ടുണ്ട്. “ജാമിഉ ഫറാഇദില്‍ മലാഹ ഫീ ജവാമിഇ ഫലാഇദില്‍ ഫലാഹ’ എന്ന ഈ ഗ്രന്ഥത്തിന്റെ സംക്ഷിപ്ത രൂപം “അല്‍ മലാഹ ഫീ ഇല്‍മില്‍ ഫലാഹ’ എന്നപേരില്‍ അബ്ദുല്‍ ഗനിയ്യുന്നാബല്‍സി (ഹി.10501143)യും തയ്യാറാക്കിയിട്ടുണ്ട് (അല്‍അഅ്ലാം).
റോമിലെ മശാഇഖുമാരിലൊരാളും തസ്വവ്വുഫില്‍ അഗാധമായ അവഗാഹം നേടുകയും വിജ്ഞാന സന്പാദനത്തിലും ആരാധനാ നിര്‍വഹണത്തിലുമായി ജീവിതം കഴിച്ചു കൂട്ടുകയും ചെയ്ത ശൈഖ് മുഹമ്മദ് മുഹ്യുദ്ദീന്‍(റ) സ്വയം കൃഷി ചെയ്താണ് ഭക്ഷണം കഴിച്ചിരുന്നത് (അല്‍ കവാകിബു സ്സാഇറ) മുഴുവന്‍ സമയവും വിജ്ഞാനത്തില്‍ വ്യാപൃതരാവുകയും മരണം വരെ അല്ലാഹുവിന്റെ വഴിയിലേക്ക് ജനങ്ങളെ പ്രബോധിക്കുകയും ചെയ്തിരുന്ന ശംസുദ്ദീന്‍ മുഹമ്മദ് ബിന്‍ ഉമറിശ്ശാഫിഈ(റ)വും കൃഷി ചെയ്താണ് ജീവിച്ചിരുന്നത് (ശദ്റാതുദ്ദഹബ്).
സംസ്കൃതിയുടെയും നവോത്ഥാനത്തിന്റെയും നെടുനായകത്വം വഹിച്ച അനുഗൃഹീത ആത്മീയ ജ്യോതിസ്സുകളായ സ്വൂഫികളില്‍ പലരും കാര്‍ഷികവൃത്തിയെ മാറോട് ചേര്‍ത്തു പിടിച്ചവരായിരുന്നു. നന്മയുടേയും ശാന്തിയുടേയും ആദര്‍ശത്തിന്റെയും ചാലക ശക്തിയായി ആധ്യാത്മികതയുടെ ഗിരിശൃംഗങ്ങള്‍ കീഴടക്കുകയും ഒരു സമൂഹത്തെ ഒന്നടങ്കം പരിവര്‍ത്തിപ്പിക്കുകയും ചെയ്ത ഖാജാ മുഈ നുദ്ദീന്‍ ചിശ്തി(റ)യുടെ പ്രധാന ശിഷ്യന്മാരിലൊരാളായ ശൈഖ് ഹമീദുദ്ദീന്‍ നഗൗറി ഇത്തരക്കാരില്‍ പ്രമുഖനാണ്. രജ്പുത്താനയിലെ ശൈഖ് മുഹമ്മദ് സൂഫിയുടെ പുത്രനായി ജനിച്ച നഗൗറി ചിശ്തിയുമായുള്ള ബന്ധം മൂലമാണ് ജീവിതത്തില്‍ സമൂലമായ പരിവര്‍ത്തനത്തിനു വിധേയനായത്. “പരിത്യാഗികളുടെ സുല്‍ത്താന്‍’ എന്ന സ്ഥാന പ്പേരിലാണ് അദ്ദേഹം വിശ്രുതനായത്. അദ്ദേഹം ഗ്രാമീണ ജനതയെയും ഗ്രാമ ഭംഗിയെയും ഏറെ സ്നേഹിച്ചു. രജ്പുത്താനയിലെ നഗൗറിനടുത്തുള്ള സിവാല്‍ ഗ്രാമത്തിലെ കര്‍ഷകര്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആധ്യാത്മികതയുടെ ഉത്തുംഗ സോപാനത്തില്‍ വിരാജിക്കുമ്പോഴും ജീവിതോപാധിയായി കൃഷിയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
ആധ്യാത്മികതയുടെ പ്രകാശ പൂര്‍ണമായ ജീവിതത്തിനിടയില്‍ പോലും മണ്ണിനോട് ഇണങ്ങിയും പ്രകൃതിയെ തലോടിയും ജീവിതം നയിച്ച കേരളക്കരയിലെ പ്രമുഖ സൂഫിവര്യനായിരുന്ന കുണ്ടൂര്‍ ഉസ്താദും ചിശ്തി തങ്ങളുടെ പാതയായിരുന്നു പിന്തുടര്‍ന്നത്. മണ്‍വെട്ടികളും കുട്ടകളുമെടുത്ത് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനും കിണറുകള്‍ കുഴിക്കാനും മറ്റു ജനോപകാര പ്രവര്‍ത്തനങ്ങള്‍ നടത്താനും ഉസ്താദ് മുന്നിട്ടിറങ്ങിയിരുന്നു. മരങ്ങള്‍ വെച്ച് പിടിപ്പിക്കലായിരുന്നു ഉസ്താദിന്റെ പ്രധാന പാരിസ്ഥിതിക സേവനം. ജീവന്റെ താഴ്വേരുകളായ വൃക്ഷങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത മനുഷ്യനു തന്നെയാണെന്ന അവബോധമായിരിക്കണം ഉസ്താദിനുമുള്ള പ്രചോദനം.
അബുല്‍ ബത്വൂല്‍ നിസാമി