മര്‍കസ് വിപ്ലവത്തിന്റെ സ്വാധീനം

markaz-malayalam

കേരളീയ ഉലമാഇന്റെ സംഘടിത മുന്നേറ്റവും അവരുടെ കാര്‍മികത്വത്തില്‍ ഉയര്‍ന്നു വന്ന അറിവിന്റെ കേന്ദ്രങ്ങളുടെ സാനിധ്യവും കേരളീയ മുസ് ലിംകളുടെ വൈജ്ഞാനിക/സാംസ്‌കാരിക/ആധ്യാത്മിക ഭൂപടത്തെ കൃത്യമാക്കുന്നതിന് നിദാനമായിയെന്നത് തീര്‍ച്ച. ഈ ഗണത്തില്‍ സുല്‍താനുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാരും ഉസ്താദിന്റെ ശ്രമഫലമായി ഉദയം കൊണ്ട മര്‍കസും വഹിച്ച പങ്ക് ധീരോദാത്തമാണ്.  1978ല്‍ കോഴിക്കോട് കാരന്തൂര്‍ കേന്ദ്രീകരിച്ച് തുടങ്ങിയ മര്‍കസ്, അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ മുസ് ലിം ജനവിഭാഗത്തിന്റെ വിദ്യാഭ്യാസ/ആധ്യാത്മിക/ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര ഭൂമികയാണിന്ന്. അല്ല, രാജ്യത്തെ മുഴുവന്‍ ജനവിഭാഗത്തിന്റെയും ആത്മാഭിമാന കേന്ദ്രമായി മര്‍കസ് മാറിയിരിക്കുന്നു.

മര്‍കസ് അഭിമുഖീകരിക്കുന്നത് രാജ്യത്തെ മുഴുക്കെയാണ്. ശരിക്കും പറഞ്ഞാല്‍, ലോകത്തിനു മുമ്പാകെയാണ് അതിന്റെ അഭിസംബോധന നടക്കുന്നത്. ‘മര്‍കസ് ഷെയ്പിംഗ് ദ കള്‍ച്ചര്‍’ എന്ന ഈ ഉദ്യമത്തിന്റെ തലവാചകം സങ്കുചിതമല്ല. വിശാലവും ബഹുസ്വരവുമാണ്. ഈ കാഴ്ചപ്പാടുകളോടെയാണ് മര്‍കസിന്റെ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതും നടപ്പില്‍ വരുത്തുന്നതും. നാലു പതിറ്റാണ്ട് പൂര്‍ത്തീകരിക്കുമ്പോഴേക്കും വിശ്വമഖിലം പ്രഭ പരത്തിയ വിശ്രുത കേന്ദ്രമായി മര്‍കസ് മാറിയതിന്റെ രഹസ്യവും മറ്റൊന്നല്ല. ഇരുപത്തഞ്ച് അനാഥബാല്യങ്ങളുടെ സംരക്ഷണ ചുമതലയേറ്റ് തുടക്കം കുറിച്ച കൊച്ചു മര്‍കസ് ഇപ്പോള്‍ 200 സ്ഥാപനങ്ങളിലായി 39836 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന വിശ്വവിദ്യാലയമായി പടര്‍ന്നു പന്തലിച്ചത് എങ്ങനെയായിരിക്കും. ഒരു ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികള്‍ ഇതിനകം മര്‍കസില്‍ നിന്ന് വിദ്യ ആസ്വദിച്ച് കര്‍മ്മ വഴിയില്‍ സേവന നിരതരായിട്ടുണ്ട്.

സമൂഹത്തെ സ്വന്തത്തിലേക്ക് ചേര്‍ത്തു പിടിക്കുമ്പോഴാണ് ഏതു പ്രസ്ഥാനവും സംരംഭവും ഉന്നതങ്ങളിലേക്ക് പിച്ച വെക്കുന്നത്. മര്‍കസും ഉസ്താദും ചെയ്തതും അതു തന്നെയാണ്. വിശന്നവന് ഭക്ഷണം, നിരക്ഷരന് വിദ്യാഭ്യാസം, രോഗികള്‍ക്ക് പരിചരണം, അനാഥ അഗതികള്‍ക്കു സംരക്ഷണം, നിരാശ്രയര്‍ക്ക് അഭയം എന്നീ നിലകളിലായി സമൂഹത്തിനിടയില്‍ ഒരു മീഡിയേറ്ററായി മര്‍കസ് പ്രവര്‍ത്തിക്കുന്നു. സമൂഹം ആഗ്രഹിക്കുന്നതെന്താണെന്ന് തിരിച്ചറിഞ്ഞ് അവരുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന് മര്‍കസും ഉസ്താദും ആഹോരാത്രം യത്‌നിക്കുന്നു.

മര്‍കസിന്റെ സംസ്ഥാപനം കേരളീയര്‍ക്കു മാത്രമല്ല ആത്മവിശ്വാസം നല്‍കിയത്. അതിനപ്പുറം ആബാലവൃദ്ധം വരുന്ന ജനങ്ങള്‍ക്ക് മര്‍കസ് തണലായി. കേരളത്തിനു പുറമെ രാജ്യത്തെ 21 സംസ്ഥാനങ്ങളില്‍ മര്‍കസിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നു. പള്ളികള്‍, ശരീഅഃ കോളേജുകള്‍, ദഅ്‌വ കോളേജുകള്‍, അനാഥാലയങ്ങള്‍, അഗതിമന്ദിരങ്ങള്‍, ഖുര്‍ആന്‍ സ്റ്റഡി സെന്ററുകള്‍, സ്‌കൂളുകള്‍, സ്ത്രീ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, മതഭൗതിക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ആതുര ശുശ്രൂഷാ കേന്ദ്രങ്ങള്‍ എന്നീ മാധ്യമങ്ങളിലൂടെയായി മര്‍കസിന്റെ പ്രവര്‍ത്തനങ്ങളില്‍ ലക്ഷക്കണക്കിന് വരുന്ന ജനവിഭാഗത്തിന് ഫലങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നു.

മുസ്‌ലിം വിരുദ്ധ പ്രത്യയ ശാസ്ത്രം പ്രചരിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി പോലും സിന്ദാബാദ് വിളിക്കാന്‍ അശേഷം മടിയില്ലാത്ത വിഭാഗമായി ഉത്തരേന്ത്യന്‍ മുസ്‌ലിം വിഭാഗം മാറുമ്പോഴും അവരുടെ വിദ്യാഭ്യാസത്തിന്റെ കാര്യം പറയാതിരിക്കലാണുചിതം. ഭൗതികമായി ചിലപ്പോള്‍ അപൂര്‍വം ചിലര്‍ക്ക് ഉന്നതങ്ങള്‍ കൈവരിക്കാനായിട്ടുണ്ടെങ്കിലും മതകാര്യങ്ങളില്‍ അവര്‍ക്ക് അവഗാഹമില്ല. മഴ നനയാതിരിക്കാനെങ്കിലും മദ്രസയുടെ വരാന്തയില്‍ കയറി നിന്ന പരിചയം പോലും ഇവിടങ്ങളിലെ മൃഗീയ ഭൂരിപക്ഷത്തിനുമില്ല. ഒരു സഹസ്രാബ്ധത്തോളം ഇന്ത്യ ഭരിച്ചവരുടെ പിന്‍ഗാമികളാണവര്‍. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങളായ താജ്മഹലിന്റെയും ഖുത്ബ് മിനാറിന്റെയും ചാര്‍മിനാറിന്റെയും ചെങ്കോട്ടയുടെയും ഡല്‍ഹി ജുമാ മസ്ജിദിന്റെയും ശില്പികളുടെ പിന്മുറക്കാര്‍. ദാരിദ്ര്യവും രോഗങ്ങളും നുരഞ്ഞുപതക്കുന്ന ചേരികളിലും ഗല്ലികളിലും കീറിയ സാരി കൊണ്ട് ടെന്റ് കെട്ടിയും പനമ്പ് കൊണ്ട് കൂര പണിതും കുപ്പയിലെ പുഴുക്കളെപ്പോലെ കഷ്ടിച്ചു ജീവിക്കാനല്ലാതെ അവര്‍ക്കു കഴിയുന്നില്ല. മനുഷ്യന്‍ മനുഷ്യനെ തന്നെ വെറുക്കുന്ന അവസ്ഥകള്‍. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ദയനീയമായി പരാമര്‍ശിക്കപ്പെട്ട ഉത്തരേന്ത്യന്‍ മുസ്‌ലിം ജനവിഭാഗത്തിന്റെ അവസ്ഥ പരിതാപകരമാണ്. ഇവര്‍ക്ക് ഒത്താശ ചെയ്യേണ്ട സര്‍ക്കാറുകള്‍ ഇവര്‍ക്കു മുമ്പില്‍ നോക്കുകുത്തിയാകുന്നു. ഈ സമൂഹത്തിന്റെ പരിചരണം ആര് ഏറ്റെടുക്കും. കരുത്തുറ്റ മുസ്‌ലിം നേതൃത്വത്തിന്റെ അഭാവം നല്ല രീതിയില്‍ നിഴലിക്കുന്നു. ഇവര്‍ക്കു മുമ്പില്‍ മര്‍കസും കാന്തപുരം ഉസ്താദും ആശ്രയമായി ഉയര്‍ത്തെഴുന്നേറ്റു. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരു പാട് പ്രവര്‍ത്തനങ്ങള്‍ മര്‍കസിനു കീഴില്‍ നടന്നു. മദ്‌റസയും പള്ളിയും പണിതും ശുദ്ധജലസ്രോതസ്സുകള്‍ നിര്‍മിച്ചും!

ജീവകാരുണ്യ ആതുര രംഗത്ത് മര്‍കസ് നടപ്പാക്കുന്ന പദ്ധതികള്‍ കെങ്കേമമാണ്. ഈ വകുപ്പില്‍ പതിനൊന്ന് സംരംഭങ്ങളാണ് മര്‍കസിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിനു പുറത്തു മാത്രമായി ഇതിനകം 200 ബില്യണ്‍ രൂപയുടെ ജീവകാരുണ്യ ആതുര സേവനങ്ങള്‍ മര്‍കസ് നടപ്പാക്കി കഴിഞ്ഞു. ഇന്ത്യയുടെ 7210 ഗ്രാമങ്ങളിലായി 5 ലക്ഷം വരുന്ന ഗുണഭോക്താക്കള്‍ക്ക് മര്‍കസ് കുടിവെള്ള പദ്ധതി നടപ്പില്‍ വരുത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ കുടിവെള്ള പദ്ധതികളാവിഷ്‌ക്കരിച്ച വ്യക്തിത്വം കാന്തപുരം ഉസ്താദാണെന്ന പ്രഖ്യാപനത്തോടെ ഇത് ലോക പ്രശസ്ത വാര്‍ത്താ ഏജന്‍സിയായ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ വര്‍ഷത്തിലാണ്.

ഉത്തരേന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് പൊതുവിലും അവരിലേറ്റവും അവശതയനുഭവിക്കുന്ന മുസ്‌ലിംകള്‍ക്ക് വിശേഷിച്ചും മത, ഭൗതിക വിദ്യാഭ്യാസത്തിലൂന്നിയുള്ള സാമൂഹിക സാംസ്‌കാരിക ബോധം പകര്‍ന്നു നല്‍കാനും ഉയരങ്ങളുടെ ആകാശങ്ങളിലേക്ക് അവരെ നയിക്കാനും മര്‍കസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന റിലീഫ് & ചാരിറ്റബ്ള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ രൂപീകരണത്തിലൂടെ സാധിച്ചിട്ടുണ്ട്. മുസ് ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മദ്‌റസകളും മസ്ജിദുകളും നിര്‍മിച്ചു നല്‍കല്‍, ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ഇരുപത്തഞ്ചു കുടുംബങ്ങള്‍ക്ക് ഒരു കുഴല്‍ കിണര്‍ എന്ന തോതില്‍ സ്വീറ്റ് വാട്ടര്‍ പ്രൊജക്ട് എന്നിവ പ്രധാനപ്പെട്ടതാണ്.

മുസ്‌ലിം ജനവിഭാഗം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്തലായിരുന്നു മര്‍കസിന്റെ ലക്ഷ്യം. നിരന്തരമായ ഇടപെടലുകളിലൂടെയുള്ള സാമൂഹിക മുന്നേറ്റം മര്‍കസ് പ്രവര്‍ത്തനങ്ങളുടെ അടിത്തറയാണ്. വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, ആതുര സേവനം എന്നിവയെല്ലാം മര്‍കസിന്റെ മുഖ്യ അജണ്ടയായി മാറിയത് അങ്ങനെയാണ്.സര്‍ക്കാറുകള്‍ക്കും സമുദായത്തിനുമിടയില്‍ നിന്നു കൊണ്ട് സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിയായി പ്രവര്‍ത്തിക്കുകയാണ് മര്‍കസ്. രാജ്യത്തോടും അതിലെ വിത്യസ്ത ജനവിഭാഗങ്ങളോടും ഒപ്പം സഞ്ചരിക്കുന്ന മികച്ച മുസ്‌ലിം പൗരന്മാരെ സൃഷ്ടിക്കുന്നതിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാകുകയുള്ളൂ.

വൈജ്ഞാനിക നഗരിയിലൂടെ വിരിയുന്നത്

ധിഷണാപരമായ മര്‍കസിന്റെ വിപ്ലവാത്മക പ്രവര്‍ത്തനത്തിന്റെ ഏറ്റവും മികച്ച സംവിധാനമാണ് മര്‍കസ് നോളേജ് സിറ്റി. ഇസ്‌ലാമിക പൗരാണിക നാഗരികതകളുടെയും സാംസ്‌കാരിക കേന്ദ്രങ്ങളുടെയും ഊര്‍ജമുള്‍ക്കൊണ്ട് ആധുനിക വൈജ്ഞാനിക ഗവേഷണപദ്ധതികളോടെ മര്‍കസ് രൂപപ്പെടുത്തിയശ്രദ്ധേയ കാല്‍വെപ്പാണ് ഇത്.  നൂറിലധികം ഏക്കറുകളിലാണ് ബഹുമുഖ സ്വഭാവത്തോടെ വൈജ്ഞാനിക നഗരി ഉയര്‍ന്നു വരുന്നത്. നിലവില്‍ നോളേജ് സിറ്റിയുടെ ഭാഗമായ ലോ കോളേജ്, യൂനാനി മെഡിക്കല്‍ കോളേജ്, മലൈബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ വിദ്യാഭ്യാസ സംരംഭങ്ങള്‍ ഭംഗിയായി പ്രവര്‍ത്തിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം, പാര്‍പ്പിടം തുടങ്ങി സാമൂഹ്യ വിനിമയത്തിന്റെ മുഴുവന്‍ മേഖലകളെയും ഉള്‍ക്കൊള്ളിച്ചാണ് മര്‍കസ് നോളേജ് സിറ്റി നിര്‍മിക്കുന്നത്. ഹെല്‍ത്ത് കെയര്‍ സിറ്റി, എജ്യുസിറ്റി, സൈബോലാന്റ്, ഐ.ടി പാര്‍ക്ക്, തൈ്വബ ഗാര്‍ഡന്‍സ്, റസിഡന്‍ഷ്യല്‍ സോണ്‍, കൊമേഴ്‌സ്യല്‍ സോണ്‍ തുടങ്ങിയവ ഈ വൈജ്ഞാനിക നഗരിയില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. സാഹിത്യത്തിന്റെയും ശാസ്ത്രത്തിന്റെയും ഭാഷ അറബിയായിരുന്നുവെന്ന് മാര്‍പ്പാപ്പ ഒരിക്കല്‍ പറഞ്ഞതിനെ, അല്ലെങ്കില്‍ മുസ്‌ലിം നാടുകളില്‍ തല ഉയര്‍ത്തി നിന്നിരുന്ന വൈജ്ഞാനിക കേന്ദ്രങ്ങളെ സൂചിപ്പിച്ച് ‘ഇത്തരം ജ്ഞാന ധാരയില്‍ നിന്നാണ് യൂറോപ്പ് ദാഹമകറ്റിയതെന്ന’ പ്രഥമ ഇന്ത്യന്‍ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകളെ പുനര്‍ ജനിപ്പിക്കാന്‍ മര്‍കസ് നോളേജ് സിറ്റി പോലോത്ത സംരംഭങ്ങളിലൂടെ നമുക്ക് സാധിക്കും.

മര്‍കസ് വരക്കുന്ന നവോത്ഥാനം

സുന്നി സമൂഹത്തിന് നെഞ്ചു വിരിച്ച് നടക്കാനുള്ള ആത്മവിശ്വാസം പകര്‍ന്നത് മര്‍കസും കാന്തപുരം ഉസ്താദുമാണ്. സമുദായത്തിന്റെ അവകാശങ്ങളും അധികാര കേന്ദ്രങ്ങളും ന്യൂനപക്ഷം മാത്രമുള്ള നവീന ചിന്താഗതിക്കാര്‍ കൈയടക്കി വെച്ചിരുന്ന ഒരു കാലം കേരളീയര്‍ക്ക് അന്യമല്ല. അനര്‍ഹമായ തസ്തികകളില്‍ സമുദായത്തിന്റെ അഡ്രസ്സില്‍ കയറിക്കൂടി തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യം സംരക്ഷിക്കാന്‍ അവര്‍ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി. പാരമ്പര്യ മുസ്‌ലിംകള്‍ ഉണ്ടാക്കിയ പലതും വഹാബികള്‍ കയ്യേറി. സുന്നികളെ ഒന്നിനും കൊള്ളാത്തവരും അറുപഴഞ്ചരുമാക്കി ഇവിടുത്തെ പുത്തനാശയക്കാര്‍ ചിത്രീകരിച്ചു. പക്ഷേ ഒരു നിയോഗം പോലെ കടന്നു വന്ന മര്‍കസിന്റെയും കാന്തപുരം ഉസ്താദിന്റെയും പ്രവര്‍ത്തനങ്ങള്‍ സുന്നി സമൂഹത്തിന് വര്‍ധിത ഊര്‍ജം സമ്മാനിച്ചു. യഥാര്‍ത്ഥ ഇസ്‌ലാമിന്റെ  സൗന്ദര്യത്തെ വൈജ്ഞാനിക വിനിമയത്തിലൂടെ പ്രചരിപ്പിക്കുന്ന പതിനായിര കണക്കിന് സഖാഫികളായ പണ്ഡിതര്‍ സുന്നി ആദര്‍ശത്തിന്റെ കാവല്‍ ഭടന്മാരായി. ഇവരിലൂടെ മതപരിഷ്‌ക്കരണവാദികളുടെ പൊള്ളത്തരങ്ങള്‍ സമൂഹം തിരിച്ചറിഞ്ഞു. മര്‍കസ് മാതൃകയില്‍ അങ്ങോളമിങ്ങോളം വൈജ്ഞാനിക സംരംഭങ്ങള്‍ക്കവര്‍ നേതൃത്വം നല്‍കുന്നു. ആ സംരംഭങ്ങള്‍ മര്‍കസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരലോടൊപ്പം മര്‍കസ് അവര്‍ക്കൊരു മാതൃ കലാലയമായി വര്‍ത്തിച്ചു.

 

Exit mobile version