മലക്കുകളുടെ നേതാക്കൾ

ധാർമിക ഉത്തരവാദിത്വമുള്ള സൃഷ്ടികൾ മൂന്നു വിഭാഗങ്ങളാണ്. മലക്കുകൾ, മനുഷ്യർ, ജിന്നുകൾ. അവരിൽ മലക്കുകളെ കുറിച്ച് പറയാം.

ഒരറിവുമില്ലാത്ത മനുഷ്യനുണ്ടാവില്ല. അതുപോലെ എല്ലാ അറിവുകളുമുള്ള മനുഷ്യനും ഉണ്ടാകില്ല. പ്രവാചകരെ കുറിച്ചോ തത്തുല്യരെ കുറിച്ചോ അല്ല പറയുന്നത്. അറിയാത്ത കാര്യങ്ങൾ അന്ധമായി നിഷേധിക്കുന്നത് ബുദ്ധിയല്ല. സ്രഷ്ടാവായ അല്ലാഹു പ്രത്യേകം തിരഞ്ഞെടുത്ത വിശുദ്ധ വ്യക്തിത്വങ്ങളിലൂടെ അറിയിച്ച യാഥാർഥ്യങ്ങളംഗീകരിക്കുക മാത്രമാണ് ഏതൊരു വ്യക്തിക്കും അഭികാമ്യം.

നാം മലക്കുകളിൽ വിശ്വസിക്കുന്നു. മലക്കുകൾ സങ്കൽപമല്ല, യാഥാർഥ്യമാണ്. പ്രകാശത്താൽ സൃഷ്ടിക്കപ്പെട്ടവരാണ്. അദൃശ്യരാണ്. വിശുദ്ധരാണ്. സ്ത്രീത്വമോ പുരുഷത്വമോ ഇല്ലാത്തവരാണ്. അന്നപാനീയങ്ങൾ ഉപയോഗിക്കാത്തവരാണ്. വിവിധ രൂപങ്ങൾ സ്വീകരിക്കാൻ കഴിയുന്നവരാണ്. അല്ലാഹുവിനും അവന്റെ അമ്പിയാക്കൾക്കുമിടയിലുള്ള ദൂതന്മാരാണ്. ലൗകിക-അലൗകിക ലോകങ്ങളിൽ വിവിധ ധർമങ്ങളും സേവനങ്ങളും നിർവഹിക്കുന്നവരുമാണ്.

മലക്കുകളിൽ വിശ്വസിക്കേണ്ടത് അനിവാര്യമാണ്. ഖുർആൻ ഉദ്‌ബോധിപ്പിക്കുന്നു: ‘അല്ലാഹുവിനെയോ അവന്റെ മലക്കുകളെയോ അവന്റെ വേദങ്ങളെയോ അന്ത്യനാളിനെയോ ആരെങ്കിലും നിഷേധിക്കുന്നപക്ഷം അവർ അതി വിദൂരമായി വഴിതെറ്റിയിരിക്കുന്നു’ (സൂറത്തുന്നിസാഅ് 146).

മലക്കുകളുടെ നേതാവും അവരിൽ ഏറ്റവും ശ്രേഷ്ഠനും ജിബ്‌രീൽ(അ)മാണ്. ഖുർആൻ പറഞ്ഞു: ‘തീർച്ചയായും അത് ആദരണീയ ദൂതന്റെ വാക്കുകളാണ്, മഹാശക്തനും അർശിന്റെ അധിപന്റെ പക്കൽ സ്ഥാനമുള്ളയാളുടെ, അവിടെ അനുസരിക്കപ്പെടുന്നയാളുടെ’ (സൂറത്തു തക്‌വീർ 19-21). അത്യപൂർവമായ ആറു മാഹാത്മ്യങ്ങളാണ് ജിബ്‌രീലിനെ കുറിച്ച് അല്ലാഹു പറയുന്നത്. 1. അല്ലാഹുവിന്റെ സത്യദൂതൻ 2. അല്ലാഹുവിങ്കൽ ആദരണീയൻ 3. അതിശക്തൻ 4. അല്ലാഹുവിങ്കൽ ഉന്നത സ്ഥാനമുള്ളയാൾ 5. വാനലോകത്ത് അനുസരിക്കപ്പെടുന്നയാൾ 6. സർവഥാ വിശ്വസ്തൻ (തഫ്‌സീർ റാസി സൂറത്തുൽ ബഖറ).
അതിശക്തനായ ജിബ്‌രീൽ(അ) പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാചകന്മാർക്കും മറ്റും ശക്തി പകർന്നു നൽകുന്നു. ഈസാ നബി(അ)യെ കുറിച്ച് അല്ലാഹു പറയുകയുണ്ടായി: ‘റൂഹുൽ ഖുദ്‌സ് മുഖേന നാം അദ്ദേഹത്തെ ശക്തിപ്പെടുത്തി’ (അൽബഖറ 87, 253, അൽമാഇദ 110). തിരുനബി(സ്വ)യുടെ കുടുംബ ജീവിതത്തിൽ ഒരു പ്രശ്‌നമുണ്ടായപ്പോൾ ജിബ്‌രീൽ(അ)ന്റെ സഹായമുണ്ടാകുമെന്ന് അല്ലാഹു പ്രവാചകരെ സമാശ്വസിപ്പിക്കുന്നു: ‘നിങ്ങളിരുവരും അദ്ദേഹത്തിനെതിരെ കൂട്ടുകൂടുന്നെങ്കിൽ തീർച്ചയായും അല്ലാഹുവാണ് അദ്ദേഹത്തിന്റെ സഹായി. ജിബ്‌രീലും സജ്ജനങ്ങളും കൂടെ സഹായികളാണ്. പുറമെ മലക്കുകളും സഹായികളാണ് (സൂറത്തു തഹ്‌രീം 4) . അലി(റ)വിന്റെ പ്രസ്താവന ശ്രദ്ധേയം: ബദ്ർ യുദ്ധവേളയിൽ റസൂൽ(സ്വ) എന്നോടും അബൂബക്ർ(റ)വിനോടുമായി പറഞ്ഞു: നിങ്ങളിൽ ഒരാളുടെ കൂടെ ജിബ്‌രീൽ(അ) ഉണ്ട്. രണ്ടാമന്റെ കൂടെ മീകാഈലും (മുസ്‌നദ് അഹ്‌മദ്, മുസതദ്‌റക്, ഹാകിം, മുസ്വന്നഫു ഇബ്‌നി അബീശൈബ).
റൂഹുൽ അമീൻ (വിശ്വസ്താത്മാവ്), റൂഹുൽ ഖുദ്‌സ്(പരിശുദ്ധാത്മാവ്), നാമൂസുൽ അക്ബർ (മഹാ ദൂത്), ത്വാഊസുൽ മലാഇക (സുന്ദരനായ മാലാഖ) എന്നെല്ലാം ജിബ്‌രീൽ(അ)ന് സ്ഥാനപ്പേരുകളുണ്ട് (ഉംദതുൽ ഖാരീ ശർഹുൽ ബുഖാരീ). മീകാഈൽ, ഇസ്‌റാഫീൽ, അസ്‌റാഈൽ എന്നിവരും മലക്കുകളിൽ ഏറെ പ്രധാനികളാണ്. ജിബ്‌രീലിനെയും മീകാഈലിനെയും ഖുർആൻ പേരെടുത്തു പറഞ്ഞിട്ടുണ്ട് (സൂറത്തുൽ ബഖറ 98). ഇസ്‌റാഫീലിനെ കുറിച്ച് പേര് പറയാതെ ഖുർആൻ പല തവണ പരാമർശിച്ചിട്ടുണ്ട്. ഉദാഹരണം: സൂറത്തുൽ മാഇദ 73, സൂറത്തുൽ കഹ്ഫ് 99. എന്നാൽ സ്വഹീഹ് മുസ്‌ലിം (770). അടക്കം ഹദീസ് ഗ്രന്ഥങ്ങളിൽ ഇസ്‌റാഫീലെന്ന് പേരെടുത്തു പറയുന്നുണ്ട്.
അസ്‌റാഈലിനെ കുറിച്ച് മലകുൽ മൗത്ത് (മരണത്തിന്റെ മാലാഖ) എന്നാണ് ഖുർആൻ വിശേഷിപ്പിക്കുന്നത് (സൂറത്തുസ്സജദ 12). ഹിജ്‌റ മൂന്നാം നൂറ്റാണ്ടുകാരനായ പ്രമുഖ പണ്ഡിതൻ അബുശ്ശൈഖ് മുഹമ്മദുൽ ഇസ്ഫഹാനീ(റ) അൽഅളമത് എന്ന ഗ്രന്ഥത്തിൽ അസ്‌റാഈൽ എന്ന പേര് പരാമർശിക്കുന്ന ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

സുലൈമാൻ മദനി ചുണ്ടേൽ

Exit mobile version