വിശ്വാസികളുള്ള ഏത് രാജ്യത്തിനും കഅ്ബയെ ലക്ഷ്യം വെച്ച ഒരു യാത്രയുടെ കഥ പറയാനുണ്ടാകും. ഭൂമിയുടെ പ്രകൃതി പശ്ചാത്തലത്തിനും ചരിത്രപരമായ കിടപ്പിനുമനുസരിച്ച് ഹജ്ജ് യാത്രികർ അനുഭവിച്ച വെല്ലുവിളികളും പ്രതിസന്ധികളും ചരിത്രത്തിന്റെ ഭാഗങ്ങളാണ്. പ്രവാചകകാലത്തു തന്നെ ഇസ്‌ലാമെത്തിയ കേരളം മുമ്പ് തന്നെ വാണിജ്യ ബന്ധങ്ങളിലൂടെ അറേബ്യൻ ഭൂമികയുമായി ബന്ധം സ്ഥാപിച്ചിരുന്നു. എങ്കിലും സമൂഹത്തിലെ ആഭിജാത്യ വർഗങ്ങൾ മാത്രം നിയന്ത്രിച്ചതോ, മലയാളി കടൽ താണ്ടാതെ, അറബി ഇവിടേക്കു വന്നു മാത്രം തുടരുന്നതോ ആയ പൂർവ്വകാല ബന്ധം മാറി, ആത്മീയതയുടെ ഉൾക്കനമുള്ള സാധാരണക്കാരൻ കപ്പൽ സ്വപ്നം കാണാത്തവനായിട്ടു പോലും കാൽനടയിലൂടെ അറേബ്യ പൂൽകിയ ചരിത്രം ഹജ്ജിലൂടെത്തന്നെ രൂപപ്പെട്ടതാണ്.
ഇഞ്ചി, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധദ്രവ്യങ്ങളിലൂടെ കേരളവുമായി ആരംഭിച്ച സാംസ്‌കാരികബന്ധം, അറേബ്യ ഇന്നും സജീവമായി നിലനിറുത്തുന്നുണ്ട്. കാലാന്തരങ്ങളിൽ സ്വഭാവം മാറിവന്ന വാണിജ്യരൂപങ്ങളിൽ നിന്ന് വ്യത്യസ്തമാണ് മലയാളിയുടെ ഹജ്ജ് യാത്രയുടെ ഓർമകൾ. കാരണം, പൗരാണികകാലത്ത് മലയാളികൾ നടത്തിയ ഹജ്ജ് യാത്രകൾ ഇല്ലാത്തവന്റെയും സമൂഹത്തിലെ അടിസ്ഥാനവർഗത്തിന്റെയും കൂടി യാത്രകളായിരുന്നു. ആയതിനാൽ തന്നെ, നമ്മുടെ നാടുകളിലെ മലയാളി മുസ്‌ലിം കുടിലിനും അവരുടെ പൂർവ പാരമ്പര്യങ്ങളിൽ അതിസാഹസികമായി വിശുദ്ധയാത്ര നടത്തിയ ധീരരുടെ കഥകൾ പറയാനുണ്ടാകും. അന്ന് ജീവിതത്തിലെ അവസാന ദർശനമാണെന്ന് ഏതാണ്ടെല്ലാം ഉറപ്പിച്ചായിരുന്നു മിക്ക കുടുംബങ്ങളുടെയും യാത്രയയപ്പുകൾ. സമ്പ്രദായികമായി മൗലിദുകളും റാത്തീബും നേർച്ചകളും നേർന്ന് അയൽവാസികളെയും കുടുംബങ്ങളെയും സൽക്കരിച്ചായിരുന്നു ഇവർ ഹജ്ജ് യാത്രക്കിറങ്ങിയിരുന്നത്. മുസ്‌ലിം സമുദായം ഇന്നും ഈ പാത പിന്തുടരുന്നവരാണ്. വീട്ടിൽ നിന്ന് കണ്ണീരോടെ പടിയിറങ്ങി നാടിന്റെ അതിർത്തിയിൽ വെച്ച് കുടുംബത്തിലെ പ്രമുഖർ കൂട്ടമായി വാങ്ക് വിളിച്ച് യാത്ര അയക്കുന്ന പതിവുണ്ടായിരുന്നു. തിരിച്ചുവരുന്നവരുടെ ‘ഹാജി’, ‘ഹജ്ജുമ’ നാമങ്ങൾ അവരെ നാടിന്റെ ഉമറാ നേതാക്കന്മാരാക്കിയിരുന്നു.
ആദം നബി(അ) ഇന്ത്യയിൽ നിന്ന് നാൽപതു പ്രാവശ്യം ഹജ്ജു ചെയ്തിട്ടുണ്ടെങ്കിലും കേരളത്തിൽ നിന്ന് ഹജ്ജിന് ആദ്യമായി പുറപ്പെട്ട പിൽകാലക്കാരെക്കുറിച്ച് സുനിശ്ചിതമായ കണക്കുകൾ ലഭ്യമല്ല- എങ്കിലും ആറാം നൂറ്റാണ്ടിൽ മുഗൾ ഭരണകാലഘട്ടത്തിനും മുമ്പ് തന്നെ വിവിധ ദേശങ്ങളിൽ നിന്നുള്ള ഹജ്ജ് യാത്രകൾ ആരംഭിച്ചിരുന്നു. മലയാളിയുടെ ഹജ്ജ് യാത്രാ സംബന്ധിയായ ചരിത്രം രേഖപ്പെടുത്തിയ പ്രഥമ ഗ്രന്ഥം സൈനുദ്ദീൻ മഖ്ദൂം തങ്ങളുടെ തുഹ്ഫതുൽ മുജാഹിദീനാണ്.
മുഗൾ കാലഘട്ടങ്ങളിലും പതിനെട്ടാം നൂറ്റാണ്ടു വരെയും കരയിലൂടെയോ കപ്പലിലൂടെയോ ആയിരുന്നു കേരളത്തിൽ നിന്നുള്ള ഹജ്ജ് യാത്രകൾ. ഇന്ത്യയിൽ നിന്ന് കാൽനട സൗകര്യപ്പെട്ട വടക്കു പടിഞ്ഞാറൻ ഭാഗങ്ങളിലൂടെയുള്ള യാത്ര അതി കഠിനമായിരുന്നു. വഴിവക്കുകളിൽ കൊള്ളസംഘങ്ങൾ സജീവമായിരുന്ന അക്കാലത്ത് ഹജ്ജ് സീസണുകളിൽ പശിയടക്കാനുള്ള ഭാണ്ഡങ്ങളുമായി കടന്നുവരുന്ന വ്യത്യസ്ത പ്രദേശക്കാരെ പ്രത്യേകിച്ചവർ പ്രതീക്ഷിച്ചിരുന്നു. മരുഭൂമിക്കാടുകളിലെ അപരിഷ്‌കൃതരായ ബദവികളെയും പട്ടിണിയെ അതിജീവിക്കാൻ ഇനിയെന്ത് എന്ന് ചിന്തിക്കുന്ന ജനങ്ങൾ വസിക്കുന്ന ഗ്രാമങ്ങളെയും ഇന്ത്യൻ ഹാജികൾക്ക് വിട്ട് കടക്കേണ്ടതുണ്ടായിരുന്നു. പ്രത്യേകിച്ചും സാമ്പ്രദായികവും ശുദ്ധവുമായ സുന്നി പാത പിന്തുടർന്നിരുന്ന ഇന്ത്യൻ മുസ്‌ലിംകൾക്ക് വിശ്വാസ വൈകൃതം സംഭവിച്ച ഷിയാ വിഭാഗങ്ങളിൽ നിന്ന് നിരവധി അക്രമണങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. ആയതിനാൽ തന്നെ ഭൂരിപക്ഷം ഇന്ത്യക്കാരും കടലാണ് യാത്രാമാർഗമായി സ്വീകരിച്ചിരുന്നത്. പ്രധാനമായും ചെങ്കടലും ചിലപ്പോഴെല്ലാം പേർഷ്യൻ ഉൾക്കടലും യാത്രാമാർഗമായി. കടലിൽ ആടിയുലഞ്ഞ് പലപ്പോഴും കപ്പലുകൾ തകർന്നടിയുകയോ, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചെന്നടിയുകയോ ചെയ്തിരുന്നെങ്കിലും വിശപ്പും വെയിലും ഒരുമിച്ച് സഹിച്ചുള്ള കാൽനടയേക്കാൾ കപ്പൽ യാത്ര ഭേദമായിരുന്നു. എന്നാൽ പതിനാറാം നൂറ്റാണ്ടോടെ പോർച്ചുഗീസുകാർ ഈ ഭാഗങ്ങളിലെ കടൽ നിയന്ത്രണമേറ്റെടുത്തതോടെ കടൽമാർഗവും പ്രതിസന്ധിയുണ്ടായി. കേവലം കച്ചവടം നടത്തുക, ഇന്ത്യയുടെ ഭൂമി കയ്യേറുക എന്നതിലപ്പുറം, മുസ്‌ലിം ഉന്മൂലനം ലക്ഷ്യമാക്കി വന്ന പോർച്ചുഗീസ് സംഘങ്ങൾ കഴിയും വിധമെല്ലാം മുസ്‌ലിംകളെ ദ്രോഹിച്ചിരുന്നു. ഇന്ത്യയിലേക്ക് ഹജ്ജ് കഴിഞ്ഞ് മടങ്ങുന്ന, ആയിരത്തോളം ആളുകളടങ്ങുന്ന കപ്പൽ കടൽ മധ്യത്തിൽ വെച്ചവർ കത്തിക്കുകയുണ്ടായി. എങ്കിലും മുഗൾ രാജാക്കന്മാരുടെ ഭരണകീഴിൽ തന്നെ ഹജ്ജു യാത്ര ഉൾപ്പെടുത്തിയതോടെ ഇതിനു പരിഹാരം കാണാൻ കഴിഞ്ഞു. ‘വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷരെന്ന’ ഖ്യാതിയിൽ ഒട്ടോമൻ ഖലീഫ ലോകത്തിലെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് സഹായക സംഘങ്ങളെ വിനിയോഗിച്ചതും ഹാജിമാർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കി.
ഹജ്ജ് സംരക്ഷണം മുഗൾ രാജാക്കന്മാർ ഏറ്റെടുത്തതോടെ വൻ വികസനങ്ങൾ ഈ മേഖലയിൽ കടന്നുവന്നു. ഭരണ നേതൃത്വത്തിൽ തന്നെ കപ്പലൊരുക്കുകയും സൗജന്യമായും അല്ലാതെയും യാത്രക്കാരെ ഹജ്ജിനായി യാത്രയാക്കുകയും ചെയ്തു. 1570-ൽ കാർമികത്വം വഹിക്കാൻ ‘മീർഹജ്ജ’ എന്ന തസ്തികയിൽ ഒരാളെ നിയമിച്ചു. യാത്രക്കാർക്ക് സബ്‌സിഡി നൽകുകയും സർക്കാർ ചെലവ് വഹിക്കുകയും ചെയ്ത ഹജ്ജ് യാത്രക്ക് രൂപം നൽകിയത് അക്ബർ ചക്രവർത്തിയാണ്. അദ്ദേഹം യാത്രക്കാർക്കായി മക്കയിൽ ഒരു അഭയകേന്ദ്രം സ്ഥാപിച്ചു. 1500 ആളുകളെ വരെ വഹിക്കാൻ കെൽപുള്ള കപ്പലുകൾ നിർമിക്കുകയും ‘ബാബുമക്ക’ എന്ന് പേര് ലഭിക്കത്തക്ക വിധം ഗുജറാത്തിലെ സൂറത് കപ്പൽ യാത്രയുടെ തലസ്ഥാനമാവുകയും ചെയ്തു. ഔറംഗസീബിന്റെ മകൾ സൈഫുന്നീസയും ഷാജഹാന്റെ ഭാര്യ മുംതാസുമടക്കം രാജകുടുംബത്തിലെ സ്ത്രീകൾ വരെ സ്വന്തം ചെലവിൽ ഓരോ വർഷവും പാവപ്പെട്ടവരെ ഹജ്ജിനയച്ചു. 1576-82 കാലങ്ങളിൽ മീർഹാജിയുടെ കൂടെ ആറു ലക്ഷം രൂപ യാത്രാ ചെലവുകൾക്കും മക്കയിലെത്തിയതിന് ശേഷമുള്ള അടിയന്തര ആവശ്യങ്ങൾക്കുമായി കൊടുത്തയച്ചു.
ഏകദേശം, 1930-കളോടെ ആരംഭിച്ച ബോംബെയിൽ നിന്നുള്ള തീർത്ഥാടനമായിരുന്നു കേരളീയരുടെ ഹജ്ജ് യാത്രകളുടെ എണ്ണം കൂട്ടിയത്. ‘മുഅല്ലിം’ ‘മുതവ്വിഫ്’ തുടങ്ങിയ നാമങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹജ്ജ് നേതൃത്വത്തിനായി ആളുകളെ നിയമിച്ചിരുന്നു. റജബ് മാസാദ്യത്തിൽ ‘ഞാനിത്തവണ ഹജ്ജിന് പോകാനുദ്ദേശിക്കുന്നു’ എന്ന ഉള്ളടക്കത്തോടെ ഹജ്ജ് കമ്മിറ്റിക്ക് കത്തയക്കലാണ് ഹജ്ജ് അപേക്ഷ. 1950-കൾക്ക് ശേഷം നയങ്ങൾ മാറുകയും നിയമങ്ങൾ കൂടുതൽ സങ്കീർണമാവുകയും ചെയ്തു. കേരളത്തിൽ നിന്ന് ട്രെയിനുകളിലായിരുന്നു ബോംബെയിലേക്കുള്ള സഞ്ചാരം. ട്രെയിനിറങ്ങി തുറമുഖത്തെത്തുവാൻ കാളവണ്ടികളും പുറപ്പെടുവോളം താമസിക്കാൻ മുസാഫർഖാനകളും വാടക റൂമുകളും ഉണ്ടായിരുന്നു. വഴി വക്കിൽ സ്വൽപമെങ്കിലുമുള്ള ലഗേജുമായി നിൽക്കാൻ അന്നത്തെ ബോംബെയുടെ സാഹചര്യം യോജിച്ചതായിരുന്നില്ല. അത്രക്കുണ്ടായിരുന്നു വഴികൊള്ളക്കാരുടെയും പിടിച്ചുപറിക്കാരുടെയും ശല്യപ്പെടുത്തലുകൾ. മലയാളി മുസ്‌ലിം ജമാഅത്ത്, ഖുദ്ദാമുൽ ഇസ്‌ലാം സഭ തുടങ്ങിയ സംഘടിത ശ്രമങ്ങളുടെ ഫലമായി പിൽക്കാലത്ത് ഒരു പരിധിവരെ സമാധാനം സ്ഥാപിക്കാൻ സാധ്യമായി.
ഹജ്ജിനുപോയി മക്കയുടെ ഭാഗമായി അലിഞ്ഞു ചേർന്നവരും ചരിത്രത്തിൽ നിരവധിയുണ്ട്. തിരിച്ചുവരാൻ പണമോ ആരോഗ്യമോ ഇല്ലാതെ, അറേബ്യയിൽ തന്നെ തൊഴിൽ കണ്ടെത്തി ശിഷ്ടജീവിതം അവരവിടെ നയിച്ചു. മക്ക-മദീന പുണ്യഭൂമികളിൽ മരണപ്പെടുന്നതിന്റെ മഹത്ത്വത്തെ കുറിച്ചുള്ള നബിവചനങ്ങളും ഇതിന് പ്രേരകമായി. മറ്റൊരു കൂട്ടർ വിദ്യ തേടി കഴിഞ്ഞു കൂടിയവരാണ്. കേരളത്തിലെ പല മുസ്‌ലിംകളും മക്കയിലെ മത വിദ്യാഭ്യാസ മേഖലകളിൽ സജീവമായിരുന്നു. ഇതിനായി വർഷങ്ങളോളം താമസിച്ച് വ്യത്യസ്ത ഉസ്താദുമാരെ മാറി മാറി സ്വീകരിച്ച് വിജ്ഞാന സഞ്ചാരം നടത്തി അവർ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മലബാരികൾക്ക് പഠനകേന്ദ്രം(സാവിയ) തന്നെ ഉണ്ടായിരുന്നെന്ന് ഡച്ചുകാരനായ സാനൗക്ക് ഹൊർഗ്രോന തന്റെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിലെ മക്ക: ദൈനംദിന ജീവിതം, ആചാരങ്ങൾ, വിദ്യാഭ്യാസം എന്ന കൃതിയിൽ വ്യക്തമാക്കുന്നുണ്ട്.
ജിദ്ദയിൽ കപ്പലിറങ്ങിയ കേരളീയിർക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. ലഗേജുകൾ മൊത്തമായി ക്രയിനുപയോഗിച്ച് കരക്കിടുകയും ഹാജിമാർ സ്വയം ‘നമ്പർ’ നോക്കി തെരഞ്ഞു പിടിക്കുകയും ചെയ്യണമായിരുന്നു. ആദ്യം കേരളക്കാരുടെ ഇഹ്‌റാമിന്റെ മീഖാത്തായ യലംലമിൽ ഇറങ്ങിയതിന് ശേഷമാണ് ജിദ്ദയിൽ കപ്പലിറക്കിയിരുന്നത്. കരമുഖത്തിന്റെ ഒന്നര മൈൽ അപ്പുറം കപ്പലിറങ്ങി ചെറുവഞ്ചികളിൽ കരയ്ക്കണയുകയായിരുന്നു. അവിടത്തെ ജീവനക്കാരിലധികം ബദവികളും അപരിഷ്‌കൃതരുമായിരുന്നെങ്കിലും വഴിവക്കിലെ പ്രയാസങ്ങളെല്ലാം ഹജ്ജ് യാത്ര കരുതി മലയാളികൾ ക്ഷമിച്ചു. കഅബയുടെ സമീപത്തു തന്നെയായിരുന്നു ടെന്റുകൾ സ്ഥാപിച്ചിരുന്നത്. ആദ്യകാലങ്ങളിൽ ഈത്തപ്പനത്തടികളും പിന്നീട് അലൂമിനിയം, പ്ലാസ്റ്റിക്ക് എന്നിവയുമായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. എല്ലാ വർഷവും സൗദിയിൽ ഹജ്ജ് കർമത്തിനും താമസത്തിനുമായി പോകാറുണ്ടായിരുന്ന തലശ്ശേരിക്കാരനായ പ്രമാണി മായിൻകുട്ടി കോയി നിർമിച്ച കോയിറുബാത്ത് ഈയടുത്ത കാലം വരെ മക്കയിൽ ഉണ്ടായിരുന്നു. കഅ്ബയുടെ സമീപത്ത് 1848-ൽ സ്ഥാപിച്ച ഈ വിശ്രമകേന്ദ്രം മക്കയിലെത്തുന്ന മാപ്പിള തീർത്താടകരുടെ ആശ്രയം കൂടിയായിരുന്നു. പിൽക്കാലത്ത് ഹറം വികസനാർത്ഥം പൊളിച്ചു മാറ്റിയപ്പോൾ തന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി മായിൻകുട്ടിഹാജിയുടെ വലിയ തുക സർക്കാറിൽ നിന്ന് ലഭിച്ചിരുന്നു.
1958 മുതൽ 968 വരെയുള്ള കാലയളവ് പരിശോധിക്കുമ്പോൾ 321268 പേർ പുറപ്പെട്ട യമനിനും 222070 ആളുകൾ പുറപ്പെട്ട യുണൈറ്റഡ് അറബ് റിപബ്ലിക്കിനും പിറകിലായി 200100 പേർ ഹജ്ജിന് പുറപ്പെട്ട് ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു. പിൽക്കാലത്ത് ഗൾഫ് ജോലിയുടെ സ്വാധീനത്താലും മറ്റുമായി കേരളീയരുടെ സാമ്പത്തിക നില അഭിവൃദ്ധിപ്പെട്ടപ്പോൾ യാത്രക്കാരുടെ എണ്ണത്തിലും സ്വഭാവത്തിലും വലിയ മാറ്റങ്ങൾ വന്നു. 1960-കളിൽ 14500 ഇന്ത്യൻ ഹാജികൾ കപ്പൽ മുഖേനയും 1000 ഹാജിമാർ എയർ ഇന്ത്യയുടെ ചാർട്ടർ ഫ്‌ളൈറ്റിലും യാത്ര പോയിരുന്നെങ്കിൽ, 1994-ൽ കപ്പലിൽ യാത്ര ചെയ്യാൻ 4700 ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1995-ൽ കപ്പൽ മുഖേനയുള്ള ഹജ്ജ് പൂർണ്ണമായും നിർത്തലാക്കി. ഇന്ന് ഹാജിമാരുടെ എണ്ണത്തിൽ ഇന്ത്യ ഇന്തോനേഷ്യക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ്.