മസ്ജിദ് നാടിന്റെ ഹൃദയമാണ്

പള്ളി എന്നല്ല, മസ്ജിദ് എന്നുതന്നെയാണ് നമ്മൾ പറയേണ്ടത്. പള്ളി എന്ന തമിഴ് പദത്തിനർത്ഥം വിദ്യാലയമെന്നാണ്. കേരളത്തിൽ മുമ്പ് എല്ലാ മസ്ജിദുകളിലും ദർസുണ്ടായിരുന്നല്ലോ, അതുകൊണ്ടായിരിക്കാം മസ്ജിദുകളെ കേരളത്തിൽ പള്ളി എന്ന് വിളിച്ചത്. ബുദ്ധമതസ്ഥരുടെ പ്രയോഗമാണതെന്ന് ഈയിടെ ഒരിടത്ത് വായിച്ചു, ശരിയാകാം. നിലവിൽ ചർച്ചുകൾക്കും സിനഗോഗുകൾക്കും മസ്ജിദിനും മലയാളികൾ പള്ളി എന്ന് പറയുന്നുണ്ട്. ഇവകൾക്കൊന്നും യഥാർത്ഥ മലയാള തർജ്ജമ ഇല്ല എന്നതാണ് വസ്തുത.
ജുമുഅ നിർവഹിക്കുന്ന ഇടത്തിന് ജാമിഅ് എന്നും മറ്റു നിസ്‌കാരങ്ങൾ നടത്തുന്നിടത്തിന് മസ്ജിദ് എന്നുമാണ് പറയുക. പ്രാർത്ഥനകൾക്ക് വേണ്ടി പണ്ട് സാവിയയും തഖിയയുമൊക്കെ സംവിധാനിച്ചിരുന്നു. സാവിയ പിന്നീട് സ്രാമ്പിയയും തഖിയകൾ പിന്നീട് തക്യാവുകളുമായി. അവിടെയാണ് റാത്തീബുകളും ഹൽഖകളും നടക്കുക. ചിലരതിന് റാതീബ് ഖാന എന്നും പറയാറുണ്ട്. പള്ളിച്ചെരുകളുമുണ്ടായിരുന്നു മുമ്പ്. അവിടെവെച്ചാണ് സംസാരങ്ങളും ലേലം വിളികളുമൊക്കെ നടക്കുക. സന്ദർശകർക്ക് വിശ്രമിക്കാനും മീറ്റിംഗുകൾക്കു വേണ്ടിയും ഇത്തരം സൈഡ് മുറികൾ ഉപയോഗപ്പെടുത്തുമായിരുന്നു. മസ്ജിദിനകത്തുവെച്ച് ചർച്ചകൾ നടത്തുന്ന രീതി പണ്ടുണ്ടായിരുന്നില്ല. മസ്ജിദിൽ ഖുർആൻ, ദർസ്, ഇൽമ്, ദിക്‌റുകൾ മാത്രം. മസ്ജിദിന്റെ ഹുർമത്(ആദരവ്) സൂക്ഷിക്കാൻ വേണ്ടിയാണത്. അതുപോലെതന്നെ, ഹുർമത് പാലിച്ച് വീഡിയോഗ്രഫിയും ഫോട്ടോഗ്രഫിയുമൊക്കെ അത്യാവശ്യങ്ങൾക്ക് വേണ്ടി മാത്രമായി ചുരുക്കുകയും വേണം.
ഇമാമിന് നിൽക്കാൻ മിഹ്‌റാബ് എന്ന വേറിട്ടൊരു റൂം പണ്ടില്ല. പിന്നീടാണ് ഒരു സ്വഫ് നഷ്ടമാകേണ്ട എന്ന് കരുതി മിഹ്‌റാബ് സംവിധാനം വരുന്നത്. സ്വഫിന്റെ ഒത്ത നടുവിലാണ് ഇമാം നിൽക്കേണ്ടത്. മിഹ്‌റാബ് ഒരുക്കുമ്പോൾ അക്കാര്യം ശ്രദ്ധിക്കണം. മിഹ്‌റാബിന്റെ വലതു വശത്ത് മിമ്പർ വെക്കണം. മിമ്പർ വെച്ചാലും ഇമാം മധ്യത്തിൽ നിന്നും തെറ്റാത്ത വിധമാകണം മിഹ്‌റാബ്. ഇമാം ഒരു സൈഡിലേക്കാകുന്ന പ്രശ്‌നം പല മസ്ജിദുകളിലും കാണുന്നുണ്ട്. മാത്രമല്ല, മിഹ്‌റാബ് വലിയ റൂമാകുമ്പോൾ ഇമാമിന് മറ നഷ്ടപ്പെടുന്നുണ്ട്. ജമാഅത്തിന്റെ പൂർണതക്ക് അത് മങ്ങലേൽപ്പിക്കും.
മണൽ മുസ്വല്ലകളായിരുന്നല്ലോ നബി(സ്വ)യുടെ കാലത്തുണ്ടായിരുന്നത്. സൗകര്യങ്ങൾക്കനുസരിച്ച് പിന്നീട് കല്ലുകളും വിരിപ്പുകളുമൊക്കെ വന്നു. ഇന്ന് കാർപറ്റിലേക്ക് മാറി. സിന്തറ്റിക് നിർമിതിയാണത്. ഒഴിവാക്കുന്നതാണ് നല്ലത്. മാർബിളും ഗ്രാനൈറ്റുമൊക്കെ പ്രകൃതിദത്തമാണ്. അവയുടെ മേൽ പിന്നെ കാർപറ്റ് വിരിക്കേണ്ടതില്ല. പ്ലാസ്റ്റിക്കല്ലാത്ത പ്രകൃതിദത്ത പായയും നല്ലതാണ്. ഭൂമിയിൽ സുജൂദ് ചെയ്യുമ്പോഴാണ് കൂടുതൽ ആത്മീയത ലഭിക്കുക. സ്വഹാബത്ത് അങ്ങനെയാണ് ചെയ്തത്, ചെരിപ്പിടാതെയാണ് നടന്നത്. നബി(സ്വ) സുജൂദിൽ നിന്ന് എഴുന്നേൽക്കുമ്പോൾ മൂക്കിൽ മണ്ണ് പറ്റാറുണ്ടായിരുന്നുവെന്നു കാണാം.
മിനാരങ്ങൾ മസ്ജിദിന്റെ അടയാളമാണ്. പണ്ട് വാങ്ക് വിളിക്കാൻ കയറിയിരുന്നത് മിനാരങ്ങളിലാണ്. കോണിയുള്ള പഴയ മിനാരങ്ങൾ ചിലയിടങ്ങളിൽ കാണുന്നത് അതുകൊണ്ടാണ്. സൗമഅത്, മഅ്ദൻ എന്നൊക്കെയാണ് ചില നാടുകളിൽ മിനാരങ്ങൾക്ക് പറയാറുള്ളത്. വാങ്ക് വിളിക്കേണ്ടത് മസ്ജിദിന്റെ അകത്തുനിന്നല്ല, ചെരുകളിൽ നിന്നോ വരാന്തകളിൽ നിന്നോ മറ്റു ഉയർന്ന പടികളിൽ നിന്നോ ഒക്കെയാണ്.
തൂണുകൾ മസ്ജിദിന്റെ സൗന്ദര്യമാണ്. ദുർബലർക്ക് ചാരിയിരിക്കാൻ കൂടി തൂൺ സഹായകമാണ്. പഴയകാല വലിയ മസ്ജിദുകളിലൊക്കെ മുദരിസുമാർ തൂണുകളിൽ ചാരിയിരിക്കും. വിദ്യാർത്ഥികൾ അവർക്കു ചുറ്റുമിരിക്കും. അത്തരം മസ്ജിദുകളിൽ കുറെ തൂണുകളുണ്ടാകും.
മസ്ജിദിൽ ഇരിക്കേണ്ടത് നിലത്താണ്. വിനയത്തിനും ഭക്തിക്കും ഭവ്യതക്കും അതാണ് അഭികാമ്യം. ജാമിഉൽ ഫുതൂഹിൽ നാല് പ്രധാന തൂണുകളാണുള്ളത്. നാല് ഇമാമീങ്ങളുടെ പേരുകളിലാണ് ഓരോന്നും നിർമിച്ചിട്ടുള്ളത്. ഇസ്‌ലാമിന്റെ കെട്ടുറപ്പാണ് അതിലൂടെ പ്രകടിപ്പിക്കുന്നത്.
കലാത്മകമാകണം മസ്ജിദിന്റെ എടുപ്പ്. ആത്മീയമായൊരു ചൈതന്യം എടുത്തുകാണിക്കണം. ഇസ്‌ലാമിക കലകൊണ്ടും അലങ്കാരങ്ങൾ കൊണ്ടും മസ്ജിദ് ഭംഗിയാക്കണം. ഒരു നാടിന്റെ ഹൃദയമാണ് മസ്ജിദ്. അന്നാട്ടിലെ ഏറ്റവും സൗന്ദര്യവും സൗകര്യവുമുള്ള കെട്ടിടം മസ്ജിദായിരിക്കണം. അല്ലാഹുവിന്റെ ഭവനമാണ് മസ്ജിദുകൾ എന്നുൾക്കൊള്ളണം. നമ്മുടെ വീടുകൾക്ക് നൽകുന്നതിനെക്കാൾ പ്രാധാന്യം അവയർഹിക്കുന്നുണ്ടെന്ന് തിരിച്ചറിയുകയും വേണം.
ആവശ്യത്തിനു മാത്രമേ ശബ്ദം ഉപയോഗിക്കേണ്ടതുള്ളൂ. മൈക്ക് ഓൺ ചെയ്യുമ്പോഴൊക്കെ പുറത്തെ സ്പീക്കർ പ്രവർത്തിപ്പിക്കേണ്ടതില്ല. അഞ്ച് സമയത്തെ വാങ്കിലുപരി, സാഹചര്യമനുസരിച്ച് സ്വുബ്ഹിക്ക് മുമ്പുള്ള വാങ്ക്, മറ്റ് അടിയന്തര വാങ്കുകൾ, മരണ വാർത്തകൾ, എമർജൻസി വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കൊക്കെ പുറത്തേക്കുള്ള ലൗഡ് സ്പീക്കർ ഉപയോഗപ്പെടുത്താം.
ലൈറ്റും ആവശ്യത്തിന് വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. ആവശ്യം എന്താണെന്നതിനനുസരിച്ചാണ് ലൈറ്റിടേണ്ടത്. വായിക്കാനും ഓതാനുമാണ് കുറച്ചധികം വെളിച്ചം വേണ്ടത്. അല്ലാത്ത നിസ്‌കാര സമയങ്ങളിലൊക്കെ വെളിച്ചം വളരെ കുറച്ചേ വേണ്ടതുള്ളൂ. മനസ്സാന്നിധ്യം ഉണ്ടാകാൻ അതുപകരിക്കും.
ഹൗളുകളാണ് പണ്ട് വുളൂ ചെയ്യാനുണ്ടായിരുന്ന സൗകര്യം. കരിങ്കല്ലോ മറ്റു പ്രകൃതി വസ്തുക്കൾ കൊണ്ടോ ഒക്കെയാണ് അവ നിർമിച്ചിരുന്നത്. പിന്നീട് സിമന്റ് വന്നു. എങ്കിലും പരുക്കൻ പ്രതലമാകുമ്പോൾ അഴുക്ക് കുറയും.
പിന്നീടാണ് ചെറിയ ഹൗളുകൾ വരുന്നത്. അത് കറാഹത്താണ്. നിന്ന് വുളൂ എടുക്കുന്നതും ഒഴിവാക്കണം. സമൂഹത്തിൽ അടുപ്പ് മുതൽ വിസർജനം വരെ നിന്നിട്ടായി മാറുന്നുണ്ട്. ഊരവേദനയൊക്കെ വ്യാപകമാകുന്നത് അതുകൊണ്ട് കൂടിയാണ്. വുളൂ ചെയ്യുന്നത് തെറിക്കാത്ത പ്രതലത്തിൽ വെച്ചാകണം. ദിക്‌റുകൾ ചൊല്ലി അനായാസം വുളൂ നിർവഹിക്കണം. വിശ്വാസിയുടെ ഉണർവാണത്.
നിലവിൽ വുളൂ എടുക്കുന്നത് പൈപ്പുകളിൽ നിന്നാണല്ലോ. വെള്ളം ധാരാളമായി പാഴാക്കിക്കളയുന്ന സ്വഭാവം വിശ്വാസികളിൽ നിന്ന് ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ല. വെള്ളം പൊതുമുതലാണ്. അൽപം മാത്രമേ അതുപയോഗിക്കാവൂ. വുളൂഇനു വേണ്ടി ‘കിണ്ടി’യോ ഹൗളോ ഉപയോഗിക്കുന്നതാണ് നല്ലത്. പള്ളിയിലേക്ക് സാമ്പത്തികമായി സഹായങ്ങൾ ചെയ്യുന്നുവെന്നത് പൊതുമുതലുകൾ തോന്നിയ പോലെ ഉപയോഗിക്കാനുള്ള അധികാരമായി കാണരുത്.
അകത്തേക്ക് കയറുന്നിടത്തുള്ള ചവിട്ടികളിൽ ചെരുപ്പിട്ട് ചവിട്ടരുത്. ചവിട്ടിക്ക് പുറത്താണ് ചെരുപ്പ് ഊരിവെക്കേണ്ടത്. പാദരക്ഷകൾ വെക്കാൻ സ്റ്റാന്റുകൾ തയ്യാറാക്കുകയും അതിൽ വെക്കുകയും ചെയ്താൽ പരിസരം വൃത്തിയായി സൂക്ഷിക്കാൻ സാധിക്കും. അച്ചടക്കത്തിന്റെ അടയാളം കൂടിയാണത്.
ഒരു നാടിന്റെ ആത്മീയ കേന്ദ്രമാണ് മസ്ജിദ്. എല്ലാ അർത്ഥത്തിലും അത് അങ്ങനെ തന്നെയാകണം. ‘അതങ്ങ് പള്ളിയിൽ ചെന്ന് പറഞ്ഞാൽ മതി’ എന്ന ചൊല്ല് വന്നതുതന്നെ പള്ളികളിൽ ചെന്നാൽ എല്ലാ പരാതികൾക്കും പ്രതിവിധി ലഭിക്കുന്നത് കൊണ്ടായിരിക്കണം. മസ്ജിദുകളെ ബഹുമാനിക്കണം. നാട്ടിലെ മസ്ജിദുമായി ബന്ധമില്ലാത്ത ഒരു വിശ്വാസിയുമുണ്ടാകരുത്. അവിടെ നടക്കുന്ന ജോലികളിൽ നമ്മുടെ ഒരു പങ്കാളിത്തം വേണം. മസ്ജിദുമായി ഹൃദയബന്ധമുള്ളവർക്ക് അർശിന്റെ തണലുണ്ടാകുമെന്നാണ് നബിപാഠം.

 

ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി

 

 

Exit mobile version