മഹാഗുരുവിന്റെ തണലിലൊതുങ്ങിയ പണ്ഡിത പ്രതിഭ

മർകസിലെ തഖസ്സ്വുസ് പഠനം പൂർത്തിയായപ്പോൾ കാന്തപുരം അസീസിയ്യ യിൽ ദർസ് നടത്താനായിരുന്നു ശൈഖുന കാന്തപുരം ഉസ്താദിന്റെ നിർദേശം. അതനുസരിച്ച് 1993 ഏപ്രിൽ 4 ഞായറാഴ്ച മഗ്‌രിബിന് ശേഷം മർഹൂം സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ അവേലത്ത് തങ്ങളുടെയും സുൽത്വാനുൽ ഉലമയുടെയും പ്രിയ പിതാവ് മർഹൂം ചെറുശ്ശോല ഉസ്താദിന്റെയും സാന്നിധ്യത്തിൽ കാന്തപുരം ജുമുഅത്ത് പള്ളിയിൽവെച്ച് നടക്കുന്ന അസീസിയ്യയിൽ എന്റെ അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ചു. അതോടെ ചെറിയ എപി ഉസ്താദെന്ന വലിയ വ്യക്തിത്വത്തെ അടുത്തറിയാനുള്ള അവസരം ലഭിച്ചു. നൂറിലേറെ വിദ്യാർത്ഥികൾ പഠനം നടത്തുന്ന അസീസിയ്യയിലെ പ്രധാന ഉസ്താദായിരുന്നു അദ്ദേഹം. സുൽത്വാനുൽ ഉലമയുടെ അരുമശിഷ്യനായും പിന്നീട് അദ്ദേഹത്തോടൊപ്പം കാന്തപുരം ദർസിലെ രണ്ടാം മുദരിസായുമുള്ള നിയോഗത്തിന്റെ തുടർച്ചയായിരുന്നു കാന്തപുരത്ത് ജനിക്കാതെ കാന്തപുരമായ ചെറിയ എപി ഉസ്താദിന്റെ അധ്യാപനം. കാന്തപുരത്തുകാരൻ തന്നെയായ സിപി അബ്ദുറഹ്‌മാൻ മുസ്‌ലിയാരും ഞങ്ങളോടൊപ്പം അസീസിയ്യയിൽ മുദരിസായി ഉണ്ടായിരുന്നു.
കാന്തപുരത്തേക്ക് മുദരിസായി സുൽത്വാനുൽ ഉലമ നിർദേശിച്ചപ്പോൾ സന്തോഷത്തോടൊപ്പം ഏറെ ആശങ്കകളും എനിക്കുണ്ടായിരുന്നു. ചെറുപ്രായം മുതലേ കേൾക്കുകയും പ്രഭാഷണ വേദികളിൽ ഏറെ ആദരവോടെ ദൂരെ നിന്ന് നോക്കിക്കാണാറുമുള്ള എപി മുഹമ്മദ് മുസ്‌ലിയാരെന്ന മഹാപണ്ഡിതനോടൊപ്പമുള്ള അധ്യാപനം എങ്ങനെയായിരിക്കും എന്നതായിരുന്നു ആശങ്ക. അദ്ദേഹത്തിന്റെ താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കാനാകുമോ? ഒത്തുപോകാൻ കഴിയുമോ? അങ്ങനെ പലതും ആലോചനയിൽ വന്നു.
മുമ്പൊരിക്കൽ പുത്തനത്താണിക്കടുത്ത പ്രദേശത്തേക്ക് ഖണ്ഡന പ്രസംഗത്തിന് ക്ഷണിക്കാൻ വേണ്ടി കരുവമ്പൊയിലിൽ ഉസ്താദിന്റെ വീട്ടിൽ പോയിട്ടുണ്ടായിരുന്നു. നിർബന്ധപൂർവം ഉസ്താദിനൊപ്പം ഉച്ചഭക്ഷണം കഴിപ്പിച്ചതിന് ശേഷമാണ് അന്നെന്നെ തിരിച്ചയച്ചത്. ആ സ്‌നേഹസൽക്കാരം ഓർമയിലുണ്ടെങ്കിലും കൂടെ ജോലി ചെയ്യുമ്പോൾ അതുപോലെയാവണമെന്നില്ലല്ലോ എന്നായിരുന്നു ചിന്ത.
എന്നാൽ അദ്ദേഹത്തോടൊപ്പം ദർസ് തുടങ്ങിയപ്പോൾ അത്തരം ആശങ്കകൾക്കൊന്നും യാതൊരു സ്ഥാനവുമില്ലെന്ന് ബോധ്യമായി. അത്രയും നല്ല സ്വഭാവമായിരുന്നു മഹാനവർകളുടേത്. അറിവിലും പ്രായത്തിലും ഏറെ ചെറിയവനും തുടക്കക്കാരനുമായ ഞാൻ അർഹിക്കാത്ത വലിയ പരിഗണനയും അംഗീകാരവുമാണ് അദ്ദേഹത്തിൽ നിന്ന് എനിക്ക് ലഭിച്ചത്. ദർസ് ജീവിതത്തിലെ വലിയ പ്രചോദനമായിരുന്നു അത്.
യാതൊരു തലക്കനവുമില്ലാതെ വലിയ വിനയത്തോടെയും ആകർഷകമായ സ്വഭാവ മഹിമയോടെയും മാതൃകാ ജീവിതം കാണിച്ചു തന്നു മഹാനവർകൾ. എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അറിവനുഭവങ്ങളും ഉപകാരപ്രദമായ ഫലിതങ്ങളും ഉസ്താദ് പങ്കുവെക്കും. സംവാദങ്ങളും ഖണ്ഡനങ്ങളുമെല്ലാം അവിടെ ചർച്ചയാകും. മസ്അലകളും ഫത്‌വകളും കടന്നുവരും. ചെറിയ എപി ഉസ്താദിനെ നന്നായി അനുഭവിച്ചറിഞ്ഞ സഹമുദരിസ് സിപി അബ്ദുറഹ്‌മാൻ മുസ്‌ലിയാർ പലപ്പോഴും പറയുമായിരുന്നു; വലിയ എപി ഉസ്താദ് വേറെയുള്ളത് കൊണ്ടാണ് മൂപ്പര് ചെറിയ എപി ആയത് എന്ന്. ഉസ്താദിന്റെ അറിവും മികവും തിരിച്ചറിഞ്ഞുകൊണ്ടുള്ള അക്ഷരാർത്ഥത്തിലുള്ള പ്രയോഗമായിരുന്നു അത്.
എന്നാൽ തന്റെ വലിപ്പമത്രയും സ്വന്തം ഗുരുവായ ‘മൊയ്‌ല്യാരുടെ’ പ്രഭാവത്തിനും വലിപ്പത്തിനുമുള്ളിൽ ഒളിപ്പിച്ചുവെക്കാനായിരുന്നു അദ്ദേഹത്തിനിഷ്ടം. ഗുരുശിഷ്യ ബന്ധത്തിന്റെ മനോഹരമായ മാതൃക അടയാളപ്പെടുത്തുന്നതാണ് വലിയ എപി ഉസ്താദും ചെറിയ എപി ഉസ്താദും തമ്മിലുള്ള സമീപനങ്ങൾ.
ഒറ്റക്കിരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. ഒഴിവു സമയങ്ങളിൽ വർത്തമാനം പറഞ്ഞിരിക്കാൻ ആരെങ്കിലും വേണം. ദർസുകളുടെയും പ്രഭാഷണങ്ങളുടെയും തിരക്കിനിടയിൽ വീണുകിട്ടുന്ന വൈകുന്നേരങ്ങളിൽ കാന്തപുരം പള്ളിയുടെ മുൻവശത്തെ ചെറിയ വരാന്തയിൽ ഒരു കൈലിമുണ്ട് ധരിച്ച് വെറും തറയിൽ കിടക്കുന്ന ഉസ്താദിന്റെ ചിത്രം കൺമുന്നിലെന്ന പോലെ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. കൂട്ടിന് ചിലപ്പോൾ ഞാനായിരിക്കും. അല്ലെങ്കിൽ കാന്തപുരത്തെ ബീരാൻ മുസ്‌ലിയാർ. ചിലപ്പോൾ ഏതെങ്കിലും മുതഅല്ലിം. അന്നേരങ്ങളിൽ പങ്കുവെച്ച അനുഭവങ്ങൾ കുറച്ചൊന്നുമല്ല.
ഒരു കർമശാസ്ത്ര വിഷയത്തിൽ പണ്ഡിത സംവാദം നടക്കുകയാണ്. ചെറിയ എപി ഉസ്താദാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. മറുഭാഗത്ത് നിന്ന് മറുപടി നൽകുന്ന പണ്ഡിതൻ ഒരു ഇബാറത്ത് വായിച്ചു. ഏത് കിതാബിലാണ് അതുള്ളതെന്ന് ഗംഭീര സ്വരത്തിൽ ചെറിയ എപി ഉസ്താദ് ചോദിച്ചു. ആ പണ്ഡിതൻ ബുജൈരിമി എടുത്ത് വീണ്ടും ആ ഉദ്ധരണം ആവർത്തിച്ചു. എന്നാൽ ബുജൈരിമിയിൽ അങ്ങനെയില്ലെന്ന് ഉസ്താദ് കട്ടായം പറഞ്ഞു. അതോടെ ആ പണ്ഡിതൻ പതറാൻ തുടങ്ങി. വെപ്രാളത്തിനിടയിൽ കൈയിലുള്ള ബുജൈരിമിയിൽ നിന്ന് ഒരു അറബി മാഗസിൻ താഴെ വീണു. മറുകക്ഷിയെ കശക്കിയെറിയാൻ പറ്റിയ അവസരം! എന്നാൽ, സംവാദവേദിയിലല്ലെങ്കിലും തൊട്ടപ്പുറത്ത് മറുഭാഗത്തെ ഏറെ ആദരണീയനായൊരു പണ്ഡിതന്റെ സാന്നിധ്യമോർത്ത് ചെറിയ എപി ഉസ്താദ് ആ രംഗം മാന്യമായി കൈകാര്യം ചെയ്യുകയാണുണ്ടായത്. മർഹൂം ഇകെ ഉസ്താദാണ് തന്നെ ആ സംവാദത്തിലേക്ക് പറഞ്ഞയച്ചതെന്നും ചെറിയ എപി ഉസ്താദ് അനുസ്മരിക്കുകയുണ്ടായി. ഇത്തരം അനുഭവങ്ങൾ പങ്കുവെങ്കുമ്പോൾ സ്റ്റേജിലെന്ന പോലെ ആരെയും വ്രണപ്പെടുത്താതെയും അഭിമാനക്ഷതം വരുത്താതെയും സൂക്ഷിക്കുമായിരുന്നു ഉസ്താദ്.
എന്റെ അധ്യാപന ജീവിതത്തിൽ എന്നും ഓർത്തുവെക്കാനുള്ളതാണ് ചെറിയ എപി ഉസ്താദിന്റെ കൂടെ കാന്തപുരത്ത് സേവനം ചെയ്ത രണ്ടു വർഷം. അധ്യാപക ജീവിതത്തെ പാകപ്പെടുത്തിയ കാലഘട്ടമാണത്. ഉസ്താദ് കേവലമൊരു വാഇളോ ഖണ്ഡന പ്രഭാഷകനോ അല്ലെന്നും തികഞ്ഞ പണ്ഡിതനാണെന്നും അനുഭവിച്ചറിഞ്ഞ സന്ദർഭമാണത്. അധ്യാപനത്തിന്റെ ആരംഭ കാലമായിരുന്നതിനാൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിലും നിയന്ത്രിക്കുന്നതിലുമെല്ലാം താരതമ്യേന ഗൗരവപൂർവം ഇടപെടുന്നതായിരുന്നു എന്റെ രീതി. പക്ഷേ, ഒരിക്കൽ പോലും എന്തിനാണത് ചെയ്തതെന്നോ ചെയ്യാതിരുന്നതെന്നോ തരത്തിലുള്ള ഒരു ചോദ്യം പോലും സ്ഥാപന മേധാവി എന്ന നിലയിൽ അദ്ദേഹത്തിൽ നിന്നുണ്ടായിട്ടില്ല. അതൃപ്തിയുള്ള ഒരു വാക്ക് പോലും പറഞ്ഞില്ല. അത് എന്റെ മഹത്ത്വം കൊണ്ടല്ല; അദ്ദേഹത്തിന്റെ സ്വഭാവ മഹിമ കൊണ്ടാണെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. പഴയതിന്റെ തുടർച്ചയായി വർഷങ്ങൾക്ക് ശേഷം മർകസിൽ വീണ്ടും ഒന്നിക്കാനും ഞങ്ങൾക്ക് ഭാഗ്യമുണ്ടായി.
1989 മുതൽ സമസ്ത സെക്രട്ടറിയാണ് അദ്ദേഹം. മുശാവറകളിൽ എന്നും സ്വാഗതം പറയുക ചെറിയ എപി ഉസ്താദാണ്. ചർച്ചകളുടെ സൂചിക സ്വാഗതത്തിലുണ്ടാകും. മുസ്‌ലിം ഉമ്മത്തിന്റെ സാഹചര്യങ്ങളും പ്രതിസന്ധികളും പരിഹാരങ്ങളെക്കുറിച്ച ആലോചനകളും മിക്ക സംസാരങ്ങളിലും മുഴച്ച് നിൽക്കും. ഫത്‌വാ കമ്മിറ്റിയിലും സജീവസാന്നിധ്യമായിരുന്നു. പ്രശ്‌നങ്ങളുടെ മതവിധികളറിയാൻ സമൂഹം നിരന്തരമായി സമീപിക്കാറുള്ള മുഫ്തിമാരിൽ പ്രമുഖനായിരുന്നു അദ്ദേഹം.
മതവിധികളെ പ്രശ്‌നങ്ങളുമായി ബന്ധിപ്പിക്കുമ്പോൾ പ്രായോഗിക ബുദ്ധി നന്നായി ഉപയോഗപ്പെടുത്തുമായിരുന്നു ഉസ്താദ്. ഒരിക്കൽ ഫസ്ഖിന്റെ ഫത്‌വക്ക് വേണ്ടി കുറച്ചാളുകൾ ചെറിയ എപി ഉസ്താദിനെ സമീപിച്ചതോർക്കുന്നു. ഭർത്താവിനൊപ്പം ഒരു നിലക്കും ഒത്തുപോവാൻ കഴിയാത്ത സാഹചര്യമാണ് ഭാര്യക്ക്. ഫസ്ഖ് ചെയ്യാൻ വകുപ്പുണ്ടോ എന്നാണ് പെണ്ണിന്റെ കുടുംബം അന്വേഷിക്കുന്നത്. ഫസ്ഖ് അനുവദിക്കാൻ കൃത്യമായ കാരണമില്ലതാനും. പക്ഷേ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞ ഉസ്താദ് ആ നികാഹ് തന്നെ സ്വഹീഹായിട്ടില്ലെന്നും അതിനാൽ ഫസ്ഖ് ചെയ്യേണ്ട കാര്യമില്ലെന്നും മറുപടി നൽകുകയാണുണ്ടായത്. പെൺകുട്ടിയുടെ പിതാവ് അവളോടും ഉമ്മയോടും പിണങ്ങി അവരോടെല്ലാം ശത്രുതയിൽ കഴിയുന്ന കാലത്ത് നടത്തിയ നികാഹാണെന്നതായിരുന്നു ഉസ്താദ് കണ്ടെത്തിയ കാരണം. മുജ്ബിറായ വലിയ്യ് വധുവിന്റെ സമ്മതമില്ലാതെ നടത്തുന്ന നികാഹ് സ്വാഹീഹാവണമെങ്കിൽ അദ്ദേഹത്തിന് അവളുമായി പ്രത്യക്ഷ ശത്രുതയില്ലാതിരിക്കണമെന്നുണ്ട്. ഈ വകുപ്പാണ് ഉസ്താദ് ഉപയോഗപ്പെടുത്തിയത്.
നിറഞ്ഞ പാണ്ഡിത്യം കൊണ്ടും ഉപകാരപ്രദമായ പ്രഭാഷണങ്ങൾ കൊണ്ടും കേരളക്കരയെ ധന്യമാക്കിയ ആ പണ്ഡിതനും വിടപറഞ്ഞു. അല്ലാഹു നിശ്ചയിച്ച കാലം ആ ഗുരുവിന്റെ സേവനങ്ങൾ ഉമ്മത്തിന് ലഭിച്ചു. നാഥൻ അദ്ദേഹത്തോടൊപ്പം സ്വർഗത്തിൽ സംഗമിക്കാൻ ഭാഗ്യമേകട്ടെ.

 

അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല

Exit mobile version