മഹാസൗഭാഗ്യമാണ് തിരുദൂതർ

തിരുനബി(സ്വ) പറഞ്ഞു: നിശ്ചയം, അല്ലാഹുവിൽ നിന്ന് നിങ്ങൾക്ക് സമ്മാനമായി ലഭിച്ച കാരുണ്യമാകുന്നു ഞാൻ (ഹാകിം).
വിശ്വത്തിന്റെ കാരുണ്യത്തണലായ നബി(സ്വ)യെ കൂടുതൽ അറിയാനും ഇഷ്ടംവെക്കാനും വിശ്വാസികൾ ഏറെ ഉത്സാഹം കാണിക്കുന്ന കാലമായ റബീഉൽ അവ്വൽ വീണ്ടും വന്നെത്തിയിരിക്കുന്നു. വിശ്വാസി മാനസങ്ങളിൽ നബിവിചാരത്തിന്റെ തിരയിളക്കം ശക്തിപ്പെടുന്ന കാലമാണ് റബീഉൽ അവ്വലെന്ന പ്രഥമ വസന്തം. കാരുണ്യവാനായ അല്ലാഹു റസൂൽ(സ്വ)യെ വിശേഷിപ്പിച്ചത് കാരുണ്യവാൻ എന്നുതന്നെയാണ്. റഹ്‌മതുൻ ലിൽ ആലമീൻ (സർവലോകർക്കും കാരുണ്യം) എന്നും പ്രവാചകരെ ഖുർആൻ വിശേഷിപ്പിച്ചു. അല്ലാഹു പറഞ്ഞു: സർവ ലോകർക്കും കാരുണ്യമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല (അൽഅമ്പിയാഅ് 107).
തിരുനബി(സ്വ)യെ വിശ്വസിക്കുകയും അംഗീകരിക്കുകയും പിൻപറ്റുകയും ചെയ്യുക എന്നതാണ് നബിനിയോഗം കൊണ്ട് മനുഷ്യർക്ക് ലഭിച്ചിട്ടുള്ള പ്രഥമവും പ്രധാനവുമായ അനുഗ്രഹം. ഇത് പക്ഷേ, അംഗീകരിക്കാൻ പലർക്കും സാധിച്ചിട്ടില്ല. എങ്കിലും സ്ഥലകാലങ്ങളുടെ പരിമിതികളില്ലാതെ, കാരുണ്യത്തിന്റെ നിറകുടമായ നബി(സ്വ)യുടെ തണലും തലോടലും എല്ലാവർക്കും നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്നു.
റഹ്‌മത്ത് അഥവാ കാരുണ്യം എന്ന് നബി(സ്വ)യെ വിശേഷിപ്പിച്ചതിൽ നിന്ന് തന്നെ ആ കാരുണ്യത്തിന്റെ സാർവത്രികതയും സർവപ്രാപ്യതയും വ്യക്തമാണ്. അവിടത്തെ വാക്കുകൾ, പ്രവർത്തികൾ, സമീപനങ്ങൾ, വിധി തീർപ്പുകൾ തുടങ്ങിയവയെല്ലാം കാരുണ്യ പ്രസരണത്തിന്റെ രീതികളും മാർഗങ്ങളുമാണ്. ഉപരി ഹദീസിൽ നബി(സ്വ) അല്ലാഹുവിൽ നിന്ന് സമ്മാനിതമായ റഹ്‌മത്താണെന്നാണ് വിശേഷിപ്പിക്കുന്നത്. അഥവാ നബിനിയോഗം അല്ലാഹുവിന്റെ ഭാഗത്തുനിന്ന് നമുക്കുള്ള കാരുണ്യ സമ്മാനമാണ്. അതുപയോഗപ്പെടുത്താൻ എല്ലാവർക്കും അവസരവും ബാധ്യതയുമുണ്ട്. അതിനാലാണ് നബി(സ്വ)യുടെ നിയോഗത്തെ അവസാനിക്കാത്ത കാരുണ്യമായി അല്ലാഹു നിലനിർത്തിയത്.
എക്കാലത്തെയും മനുഷ്യർക്ക് നബി(സ്വ)യെ പഠിച്ചും സ്‌നേഹിച്ചും പിൻപറ്റിയും സ്വലാത്ത് ചൊല്ലിയും മറ്റും നബികാരുണ്യത്തിന്റ സദ്ഫലങ്ങൾ നേടാനാവും. നബികാരുണ്യത്തിന്റെ പ്രസരണം നബിവിരോധികൾക്ക് പോലും ഗുണകരമായി ഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നതാണ് വസ്തുത. അല്ലാഹു നമുക്കായി ചെയ്ത അനുഗ്രഹങ്ങളിൽ ഏറ്റവും ഉന്നതം മുഹമ്മദ് നബി(സ്വ) തന്നെയാണ്. ഈ കാരുണ്യത്തെ അംഗീകരിക്കലും ഉൾക്കൊള്ളലുമാണ് റബ്ബിന്റെ ആത്യന്തികമായ കാരുണ്യത്തിലേക്കുള്ള കവാടം. ആ കവാടത്തിങ്കൽ മനുഷ്യനെ എത്തിച്ചുവെന്നത് സാർവത്രികവും വ്യാപകവുമായ കാരുണ്യമാണ്. അവസരം ഉപയോഗപ്പെടുത്താനായവർ വിജയികളായിത്തീരും. ഭൗതികമായ എല്ലാ അനുഗ്രഹങ്ങൾക്കും പരിധികളും പരിമിതികളുമുള്ളപ്പോൾ നബികാരുണ്യം വർധിതമായി നേടാൻ പറ്റിയ വിധത്തിലാണ് അല്ലാഹു സംവിധാനിച്ചിരിക്കുന്നത്. ഈ ലോകത്തും പരലോകത്തും നബികാരുണ്യത്തിന്റെ സ്‌നേഹ സ്പർശം മനുഷ്യരെ കാത്തിരിക്കുന്നുണ്ട്. അത് ലഭിക്കുന്നതിനു വേണ്ടി നാം പാകപ്പെടണമെന്ന് മാത്രം.
അല്ലാഹു സ്വന്തത്തെ റഹീം (അതികാരുണ്യവാൻ) എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അതേ പദം കൊണ്ട് തന്നെ നബി(സ്വ)യെയും വിശേഷിപ്പിച്ചിരിക്കുന്നു. നബി(സ്വ) റഹ്‌മത്തിന്റെ വിതരണക്കാരനാണെന്ന് റഹീം എന്ന വിശേഷണം ബോധിപ്പിക്കുന്നുണ്ട്. റഹീം എന്നത് അല്ലാഹുവിന്റെ വിശേഷണമാകുമ്പോഴും നബി(സ്വ)യുടെ വിശേഷണമാകുമ്പോഴും രണ്ട് അർത്ഥതലങ്ങളാണ് പ്രദാനിക്കുന്നത്. റഹ്‌മത്തായ (കാരുണ്യമായ) നബി റഹീം (കാരുണ്യവാൻ) ആയിത്തീരുന്നത് നബി(സ്വ)യോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിലാണ്. തിരുനബി(സ്വ)യുടെ കാരുണ്യ വിശേഷണത്തെ ഉൾക്കൊള്ളുകയും അതംഗീകരിച്ച് ജീവിക്കുകയും ചെയ്യുന്നവർ നബികാരുണ്യം കൂടുതലായി നേടുന്നു. അത്തരക്കാർക്ക് റഹ്‌മത്ത് എന്ന പദം പ്രകാശനം ചെയ്യുന്ന ആശയത്തിലുപരി റഹീമായി നബി(സ്വ)യെ അനുഭവപ്പെടുന്നു. അവരെ സംബന്ധിച്ചിടത്തോളം കൂടുതൽ അനുഗ്രഹത്തിന് നബി(സ്വ) കാരണക്കാരനായിത്തീരുന്നു. അങ്ങനെയാണ് റഹീം എന്ന് അവിടുന്ന് വിശേഷിപ്പിക്കപ്പെടുന്നത്. വിശുദ്ധ ഖുർആൻ പറയുന്നു: തീർച്ചയായും നിങ്ങൾക്കിതാ നിങ്ങളിൽ നിന്നുതന്നെ ഒരു ദൂതൻ വന്നിരിക്കുന്നു. നിങ്ങൾ പ്രയാസപ്പെടുന്നത് ആ ദൂതർക്ക് അസഹ്യമാണ്. നിങ്ങളുടെ കാര്യത്തിൽ അതീവ താൽപര്യമുള്ളവരുമാണ്. വിശ്വാസികളോട് ഏറെ കൃപയുള്ളവരും കരുണ കാണിക്കുന്നവരുമാണ് (അത്തൗബ 128).
നബികാരുണ്യത്തിന്റെ ആശയ പ്രപഞ്ച വൈപുല്യത്തെയാണ് ഈ സൂക്തത്തിലൂടെ പ്രകാശിപ്പിക്കുന്നത്. നമുക്ക് വല്ല പ്രയാസവുമുണ്ടാകുന്നത് നബി(സ്വ)ക്ക് സഹിക്കാനാവില്ല. നമുക്ക് നന്മ വരണമെന്ന കാര്യത്തിൽ അവിടുന്ന് അതീവ തൽപരനാണ്. അതിനാൽ സമുദായത്തിന് വിഷമങ്ങൾ വരാതിരിക്കാനും ഗുണങ്ങൾ ഉണ്ടായിത്തീരുവാനുമാവശ്യമായ പ്രവർത്തനങ്ങളും പ്രാർത്ഥനകളും ഉപദേശ നിർദേശങ്ങളും വിധിവിലക്കുകളും നബി(സ്വ)യിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കും. വാക്കിലും പ്രവർത്തിയിലും സമീപനത്തിലും മാനവതയുടെ സാർവത്രികമായ ഗുണവും ക്ഷേമവും നബി(സ്വ) പ്രകടിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യും. തിരുദൂതരുടെ ഇരുപത്തിമൂന്ന് വർഷത്തെ പ്രബോധന ജീവിതം ഇത് ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. തിരുനബി(സ്വ)യുടെ ഈ സവിശേഷ വ്യക്തിപ്രഭാവം തനിക്ക് ഉപകാരപ്പെടണം എന്ന വിചാരവും അതിലധിഷ്ഠിതമായ ജീവിതവും നയിക്കുന്നവരെ സംബന്ധിച്ചിടത്തോളം നബി(സ്വ) റഊഫും (കൃപയുള്ളവർ) റഹീമും (കരുണയുള്ളവർ) ആയിരിക്കും. ഈ ലോകത്തും പരലോകത്തും അഭിമുഖീകരിക്കുവാൻ സാധ്യതയുള്ള പ്രയാസങ്ങളിൽ നിന്ന് നമ്മെ അകറ്റാൻ അവിടുന്ന് പരിശ്രമിക്കും. പ്രവാചകർ(സ്വ)യുടെ ജീവിതത്തിൽ സമുദായത്തോടുള്ള ദയാപരവും കൃപ തുളുമ്പുന്നതും കാരുണ്യം നിറഞ്ഞതുമായ സമീപനത്തിന്റെ ഉജ്വലമായ ഉദാഹരണങ്ങൾ ധാരാളം കാണാം.
ഇമാം ഖുർതുബി(റ) നബി(സ്വ)യുടെ സവിശേഷ വ്യക്തിത്വവും കാരുണ്യത്തിന്റെ മഹത്ത്വവും വിശദീകരിക്കുന്നു: ‘എല്ലാ അമ്പിയാ മുർസലുകളും സൃഷ്ടികളിലെ വിശിഷ്ടരാണ്. എന്നാൽ, മുഹമ്മദ്(സ്വ) വൈശിഷ്ട്യത്തിന്റെ ഉദാത്ത പദവി സമ്പൂർണമായി നേടിയിട്ടുണ്ട്. കാരണം, നബി(സ്വ) അല്ലാഹുവിന്റെ ഹബീബും റഹ്‌മത്തുമാണ്. ‘അങ്ങയെ നാം സർവലോകത്തിനും അനുഗ്രഹമായിട്ടല്ലാതെ നിയോഗിച്ചിട്ടില്ല’ എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. എല്ലാ ദൂതന്മാരും റഹ്‌മത്ത് ചെയ്യുന്നതിന് വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ്. എന്നാൽ നബി(സ്വ) തന്നെ റഹ്‌മത്താണ്. അതിനാൽ സൃഷ്ടിജാലത്തിന് മുഴുക്കെ അഭയവുമാണ്. നബി(സ്വ)യെ അല്ലാഹു നിയോഗിച്ചത് വഴി ലോകാവസാനം വരെയുള്ള സൃഷ്ടികൾ എല്ലാവിധ ശിക്ഷകളിൽ നിന്നും നിർഭയരായിരിക്കുന്നു. മറ്റു നബിമാർ ഇത്തരമൊരു പദവിയിൽ എത്തിച്ചേർന്നവരായിരുന്നില്ല. റസൂൽ(സ്വ) പറഞ്ഞു: ‘നിങ്ങൾക്ക് സമ്മാനമായി ലഭിച്ചിട്ടുള്ള റഹ്‌മത്താണ് ഞാൻ.’ അല്ലാഹുവിൽ നിന്ന് സൃഷ്ടികളിലേക്കുള്ള റഹ്‌മത്താണ് ഞാൻ എന്നാണ് അവിടുന്ന് ഈ ഹദീസിലൂടെ പഠിപ്പിക്കുന്നത്. കാരണം ‘അല്ലാഹുവിൽ നിന്ന് സൃഷ്ടികൾക്കുള്ള സമ്മാനം’ എന്നർത്ഥമുള്ള മുഹ്ദാത് എന്ന പദമാണ് ഹദീസിലുള്ളത് (തഫ്‌സീർ ഖുർത്വുബി).
ഇമാം ഖാള്വി ഇയാള്(റ) രേഖപ്പെടുത്തി: മുഹമ്മദ് നബി(സ്വ)യെ അല്ലാഹു കാരുണ്യത്തിന്റെ സൗന്ദര്യം കൊണ്ട് മനോഹരമാക്കി. അങ്ങനെ നബി(സ്വ) റഹ്‌മത്തായതോടൊപ്പം അവിടുത്തെ എല്ലാ വിശേഷണങ്ങളും പ്രകൃതി ഗുണങ്ങളും സൃഷ്ടികൾക്ക് റഹ്‌മത്തായിത്തീരുകയുണ്ടായി. പ്രവാചക കാരുണ്യത്തിൽ നിന്ന് അൽപം ആരെയെങ്കിലും സ്പർശിച്ചാൽ തന്നെ അവൻ ഇഹത്തിലും പരത്തിലും എല്ലാവിധ അഹിതങ്ങളിൽ നിന്നും രക്ഷപ്പെട്ടു. ഇരുലോകത്തും എല്ലാവിധ ഗുണങ്ങളിലേക്കും എത്തിച്ചേരുകയും ചെയ്തു. അല്ലാഹു നബി(സ്വ)യെ വിവരിച്ചത് ‘ലോകത്തിനാകമാനം അനുഗ്രഹമായല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല’ എന്നാണല്ലോ. ആകയാൽ തിരുനബി(സ്വ)യുടെ ജീവിതവും വിയോഗവും കാരുണ്യമാണ്. അവിടുന്ന് അരുളി: എന്റെ ജീവിതം നിങ്ങൾക്ക് ഗുണമാണ്, എന്റെ വിയോഗവും നിങ്ങൾക്ക് ഗുണമാണ്- ബസ്സാർ (കിതാബുശ്ശിഫാ).
നബി(സ്വ) എന്ന റഹ്‌മത്തിന്റെ ഗുണങ്ങളും നേട്ടങ്ങളും ധാരാളമായി ലഭിച്ചവരാണ് നാമെല്ലാവരും. ജീവിതത്തിലെ സന്തോഷ ഘട്ടങ്ങളിലും വഫാത്തിന്റെ ഘട്ടത്തിലും നബി(സ്വ) സമുദായത്തെ ഓർക്കുകയും ഗുണം ആഗ്രഹിക്കുകയും അത് ഉറപ്പുവരുത്താനാവശ്യമായ മാർഗങ്ങളും പ്രാർത്ഥനകളും നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശുദ്ധ റബീഉൽ അവ്വൽ ആ വിചാരവും അവിടുത്തെ നിയോഗം കൊണ്ട് നമുക്ക് ലഭിച്ച സൗഭാഗ്യങ്ങളെ കുറിച്ചുള്ള ആലോചനയും കൊണ്ട് ദീപ്തമാക്കണം. അല്ലാഹുവിന്റെ ഹബീബാണല്ലോ അവിടുന്ന്. അതിനാൽ തന്നെ നബി(സ്വ)യെ സ്‌നേഹിക്കുമ്പോഴും അവിടത്തോട് അടുക്കുമ്പോഴും അല്ലാഹുവിലേക്കുള്ള അടുപ്പവും അവനോടും അവനിൽ നിന്നുമുള്ള ഇഷ്ടവും തൃപ്തിയുമാണ് സാധ്യമാകുന്നത്. അതുകൊണ്ട്, നബി(സ്വ)യോട് അടുക്കാൻ നിർദേശിക്കപ്പെട്ട വഴികൾ അവലംബിക്കുക വഴി ഉത്തമ അനുയായികളുടെ ഗണത്തിൽ ഉൾപ്പെടാനുള്ള പ്രയത്‌നം ശക്തമാക്കേണ്ടതുണ്ട്.
നബിസ്‌നേഹം സഫലമാക്കാൻ പ്രവാചകചര്യ കൃത്യമായി അനുഷ്ഠിക്കുന്നവരാവണം. കാരുണ്യത്തിന്റെ ദൂതരുടെ അനുയായികളാവാൻ നമ്മെ അനുഗ്രഹിച്ച റബ്ബിന് നന്ദി ചെയ്യുന്നവരുമാവണം.

 

അലവിക്കുട്ടി ഫൈസി എടക്കര

Exit mobile version