സ്‌നേഹ വർധനവിന് നബി(സ്വ) പറഞ്ഞു തന്ന പോംവഴി എന്താണെന്നറിയുമോ? പരസ്പരം സലാം പറയൽ വർധിപ്പിക്കുക. ‘അല്ലാഹുവിന്റെ രക്ഷ നിങ്ങൾക്കുണ്ടായിരിക്കട്ടെ’ എന്നാണ് ഈ അഭിവാദ്യ വാചകത്തിന്റെ അർത്ഥം. ഈ പ്രാർത്ഥന മാതാപിതാക്കളെ കണ്ടുമുട്ടുമ്പോഴും വീട്ടിൽ വരുമ്പോഴും ഫോൺ ചെയ്യുമ്പോഴുമൊക്കെ പറയണം. അത്തരം കാര്യങ്ങൾ ശീലമാക്കാത്തതിനാലും അവഗണനയുടെ പട്ടികയിൽ ചേർത്തതിനാലും പലർക്കും ഇത് അത്ഭുതകരവും അചിന്തനീയവുമാണ്. അല്ലാഹുവിന്റെ രക്ഷ ലഭിക്കാനുള്ള നമ്മുടെ പ്രാർത്ഥനക്ക് മാതാപിതാക്കളേക്കാൾ അർഹരായി ആരാണുള്ളത്? എന്നിട്ടും ആ കാര്യത്തിൽ സമൂഹം എന്തിനാണ് ലജ്ജിക്കുന്നത്?
ഇത് അബൂഹുറൈറ(റ). വൈജ്ഞാനിക രംഗത്ത് അതുല്യ വിസ്മയം, തിരുനബിയുടെ സന്തത സഹചാരി. മാതാവിനോട് അത്യധികം സ്‌നേഹവും ബഹുമാനവുമായിരുന്നു മഹാനവർകൾക്ക്. വീട്ടിൽ നിന്ന് പുറത്തിറങ്ങാനുദ്ദേശിച്ചാൽ ഉമ്മയുടെ അരികിൽ ചെന്ന് പൂർണമായ രീതിയിൽ സലാം പറയും. അതേ രൂപത്തിൽ തന്നെ മാതാവ് പ്രത്യഭിവാദ്യം ചെയ്യും. ‘എന്നെ പരിപാലിച്ചതു പോലെ അല്ലാഹു നിങ്ങൾക്ക് റഹ്മത്ത് ചെയ്യട്ടെ’ എന്ന് മഹാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കും. ‘ഈ വലിയ പ്രായത്തിൽ നീ എനിക്ക് നന്മ ചെയ്യുന്നത് പോലെ അല്ലാഹു നിനക്കും കരുണ ചൊരിയട്ടെ’ എന്ന് ഉമ്മയും പ്രാർത്ഥിക്കും. വീട്ടിലേക്ക് പ്രവേശിക്കുമ്പോഴും ഇതുപോലെ സലാമും ദുആയും ചെയ്യുമായിരുന്നു.
എഴുന്നേൽക്കുക, ചുംബിക്കുക
എഴുന്നേറ്റു നിൽക്കൽ ആദരസൂചകമായ പ്രവൃർത്തിയാണ്. മാതാപിതാക്കളെ കാണുമ്പോൾ എഴുന്നേറ്റ് നിന്ന് അവരെ ആദരിക്കൽ മക്കളുടെ കടമയാണ്. അവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്നതിന്റെ ബഹിർ പ്രകടനമാണ് അവർക്ക് വേണ്ടിയുള്ള എഴുന്നേറ്റു നിൽപ്. സ്‌നേഹം ഊട്ടിയുറപ്പിക്കാനും പങ്കിടാനും ചുംബനം നൽകൽ വലിയ സഹായകമാണ്. നബി(സ്വ)യുടെ കുടുംബ ജീവിതത്തിൽ ഇത്തരം നല്ല മാതൃകകളുണ്ടായിരുന്നു.
ആഇശ(റ) പറയുന്നു: ഫാത്വിമ ബീവി(റ) നബി(സ്വ)യുടെ അരികിൽ വന്നാൽ അവിടുന്ന് എഴുന്നേറ്റ് ചെന്ന് അവരെ ചുംബിച്ചു സ്വീകരിക്കുകയും മജ്‌ലിസിൽ ഇരുത്തുകയും ചെയ്യാറുണ്ടായിരുന്നു. നബി ഫാത്വിമ(റ)യുടെ അരികിൽ ചെന്നാൽ അവരും എഴുന്നേറ്റ് നബി(സ്വ)യെ ചുംബിക്കുകയും ഇരിപ്പിടത്തിൽ ഇരുത്തുകയും ചെയ്യുമായിരുന്നു (അബൂദാവൂദ്).
നബി(സ്വ) എഴുന്നേറ്റ് ചുംബനം നൽകിയത് മകളോടുള്ള കൃപയും സ്‌നേഹവും പ്രകടിപ്പിക്കാനാണെങ്കിൽ ഫാത്വിമ(റ) അതു ചെയ്തത് ആദരവറിയിക്കാനും ബഹുമാന സൂചകവുമായിട്ടായിരുന്നു.
പ്രായ ഭേദമന്യേ മാതാപിതാക്കൾ മക്കൾക്കും മക്കൾ മാതാപിതാക്കൾക്കും നൽകുന്ന ചുംബനം മതത്തിന്റെ അംഗീകാരമുള്ളതാണെന്ന് ഈ ഹദീസ് അറിയിക്കുന്നു. കാരണം വിരോധിക്കപ്പെടേണ്ട കാര്യങ്ങളിൽ പ്രവാചകർ(സ്വ) മൗനം അവലംബിക്കില്ലല്ലോ. മറിച്ച് അവിടുന്ന് അത് അംഗീകരിക്കുകയും ചെയ്തു കാണിക്കുകയുമാണല്ലോ ഉണ്ടായത്.
അലി(റ) പറയുന്നു: പിതാവിനെ ചുംബിക്കൽ ഇബാദത്താണ്. മകനെ ചുംബിക്കൽ കാരുണ്യമാണ്. ഭാര്യയെ ചുംബിക്കൽ പ്രണയമാണ്. സഹോദരനെ ചുംബിക്കൽ ദീനാണ് (ആദാബുശ്ശർഇയ്യ).
ഇബ്‌നുഅബ്ബാസ്(റ)വിൽ നിന്നുദ്ധരണം: റസൂലുല്ലാഹി(സ്വ) പറഞ്ഞു: മാതാവിന്റെ നേത്രങ്ങൾക്കിടയിൽ ചുംബനം നൽകുന്നത് നരകത്തെ തൊട്ടുള്ള മറയാണ് (അൽബിർറുവസ്സ്വില).
അഭിലാഷങ്ങൾ നിറവേറ്റുക
മാതാപിതാക്കളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും മതത്തിൽ വിരുദ്ധമല്ലാത്തതാണെങ്കിൽ സാധിപ്പിച്ചു കൊടുക്കാൻ മക്കൾ ഉത്സാഹിക്കണം. അവരുടെ അഭിലാഷങ്ങൾക്ക് എതിര് നിന്നാൽ അത് അവരെ വേദനിപ്പിക്കും. അവരുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തി. നീയും നിന്റെ സമ്പാദ്യവും നിന്റെ മാതാപിതാക്കൾക്കുള്ളതാണെന്നാണ് നബി(സ്വ) പറഞ്ഞത്.
ഉസ്മാൻ(റ)വിന്റെ ഭരണ കാലഘട്ടം. ഈത്തപ്പനക്ക് ആയിരം ദിർഹം വില ലഭിക്കുന്ന സമയം. ഉസാമത്തുബ്‌നു സൈദ്(റ) തന്റെ ഈത്തപ്പനയുടെ ഹൃദയ ഭാഗത്തുള്ള പൊങ്ങെടുത്ത് ഉമ്മക്ക് കൊടുത്തു. ഉമ്മയുടെ പൂതി പൂവണിയിച്ചു. പലർക്കും അത് അത്ഭുതകരമായി തോന്നി. ആയിരം ദിർഹം ലഭിക്കുമായിരുന്നല്ലോ? എന്നിട്ടും ഉസാമ(റ) എന്തേ ഇങ്ങനെ ചെയ്തു! സംശയം ഉസാമയോട് തന്നെ അവർ ചോദിച്ചു. മഹാൻ പുഞ്ചിരിയോടെ പ്രതിവചിച്ചു: ഉമ്മ അതെന്നോട് ആവശ്യപ്പെട്ടിരുന്നു. എനിക്ക് കഴിയുന്നത് ആവശ്യപ്പെട്ടിട്ട് ഞാനിതുവരെ നൽകാതിരുന്നിട്ടില്ല.’
എന്നാൽ അല്ലാഹുവും അവന്റെ റസൂലും തൃപ്തിപ്പെടാത്ത കാര്യങ്ങളാണ് അവരുടെ താൽപര്യമെങ്കിൽ അത്തരം ആഗ്രഹങ്ങൾ പൂർത്തീകരിച്ച് നൽകരുത്. അത് തെറ്റാണ്, ദോഷമാണ്. മറിച്ച് അവരെ നയത്തിൽ പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടത്. അവഗണനയുടേയോ കുറ്റപ്പെടുത്തലിന്റേയോ സ്വരം ഉണ്ടാകാതെ ശ്രദ്ധിക്കുകയും വേണം. ടെലിവിഷനും സിനിമയും കല്യാണ സദസ്സുകളിലെ ഗാനമേളയും ഒപ്പനയും മദ്യവുമൊക്കെ അവരുടെ ആഗ്രഹ സാഫല്യത്തിന്റെ പൂർത്തീകരണമാണെങ്കിൽ മതത്തിന്റെ അംഗീകാരമില്ലാത്തതിനാൽ അതിന് കൂട്ടു നിൽക്കരുത്. അന്യ മതസ്ഥരാണ് മാതാപിതാക്കളെങ്കിൽ പോലും വിധി മറ്റൊന്നല്ല.
സ്‌നേഹം നൽകുക
മക്കളിൽ നിന്ന് പ്രഥമമായി മാതാപിതാക്കളാഗ്രഹിക്കുന്നത് നിർലോപവും നിസ്സീമവും നിർവ്യാജവുമായ സ്‌നേഹമാണ്. കൊടുത്തത് തിരിച്ചു കിട്ടാൻ ആഗ്രഹിക്കുന്നവരാണവർ. സ്‌നേഹ ശൂന്യമായ ലോകം മുഴുവനായി മക്കൾ സമ്മാനിച്ചാലും അവർ തൃപ്തരാവുകയോ അവരുടെ മനസ്സ് സമാധാനപ്പെടുകയോ ഇല്ല.
വലിയ ഉദ്യോഗങ്ങളിൽ തിരക്കിനോട് മല്ലിടുന്ന ചിലരുണ്ട്. ഒഴിവു സമയം ഇല്ലാത്തവർ. വലിയ സൗകര്യങ്ങളുള്ള, സ്‌നേഹം വറ്റി വരണ്ട വീട്ടിനുള്ളിൽ മാതാപിതാക്കളെ തനിച്ചാക്കി ലോകം കീഴടക്കാൻ പറന്നിരിക്കുകയാണവർ. കണ്ണീരൊഴുക്കിക്കഴിയുകയായിരിക്കും ആ പാവം വൃദ്ധർ. ഇത്തരം സന്തതികൾ മാതാപിതാക്കളോട് കാണിക്കുന്നത് കൊടും ക്രൂരതയാണ്. ഞങ്ങളുടെ കുട്ടിക്കാലത്ത് മാതാപിതാക്കളും അങ്ങനെത്തന്നെയായിരുന്നു എന്ന് ചിലരെങ്കിലും പ്രതികരിച്ചേക്കാം. പ്രതികാരമല്ലല്ലോ നമ്മുടെ നയം, പ്രത്യേകിച്ചും മാതാപിതാക്കളോട്. നമ്മുടെ സ്വർഗം അവരുടെ തൃപ്തിയിലാണെന്ന് മനസ്സിലാക്കി വേണ്ടത്ര സ്‌നേഹം നൽകാനാണ് നാം ശ്രമിക്കേണ്ടത്. അതിന് സമയം കണ്ടെത്തുക തന്നെ വേണം. നശ്വരമായ ലൗകികജീവിതത്തിന്റെ പച്ചപ്പിന് വേണ്ടി പാരത്രിക ജീവിതത്തിലെ നിത്യ ശാന്തി നഷ്ടപ്പെടുത്തരുത് എന്നാണ് അവരോട് ഉണർത്താനുള്ളത്.
ഭാര്യയുടെ ‘തലയിണ മന്ത്രം’ കേട്ട് മാതാപിതാക്കളെ ദുഃഖിപ്പിക്കരുത്. അവരുടെ സ്‌നേഹമാണ് നമുക്ക് പ്രധാനം. ചിലർക്ക് വിവാഹത്തോടെ സ്‌നേഹക്കല്ലിന് ഇളക്കം തട്ടും. പത്തിരുപത്തിയഞ്ച് വർഷത്തോളം സ്‌നേഹത്തിന്റെ പൂമരമായിരുന്നു അവർക്ക് മാതാപിതാക്കൾ. വിവാഹാനന്തരം മുൾവേലിയും. തന്റെ ജീവിതം ഭാര്യക്കും സന്താനങ്ങൾക്കും തീറെഴുതിക്കൊടുത്തിരിക്കുകയാണത്രേ അവൻ. ഭാര്യ അതിനവനെ നിർബന്ധിച്ചാലും സ്വന്തം പരലോക ഗുണത്തിന് പ്രാധാന്യം നൽകുക. മാതാപിതാക്കൾ സ്വർഗ കവാടങ്ങളാണെന്ന് ഓർക്കണം. ഭാര്യ-സന്താനങ്ങളുടെ കാൽചുവട്ടിലാണ് ഭർത്താവിന് സ്വർഗമെന്ന് ആരും പഠിപ്പിച്ചിട്ടില്ലല്ലോ.