മാതൃഭൂമി ഇപ്പോഴും ഇസ്ലാം ഭീതിക്ക് കാവലിരിക്കുകയാണ്

നാനാ പേരുകളില്‍ ഇസ്ലാമിനെ മലിനപ്പെടുത്തുന്ന ശ്രമങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയടക്കം എല്ലാ മേഖലകളിലും ഇത് നിരന്തരം കണ്ടുകൊണ്ടിരിക്കുന്നതുമാണ്. എഴുത്തും വരയും സിനിമയുമെല്ലാം ഇസ്ലാമിനെ ശത്രുവായി കണ്ടുതുടങ്ങിയത് എന്നുമുതലാണ്? 9-11 ന് അമേരിക്കയുടെ വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമിക്കപ്പെടുന്നതിന് മുമ്പ് തന്നെ മുസ്ലിം സമൂഹത്തെ മുഖ്യധാരയില്‍ നിന്നും ഇളക്കിയെടുത്ത് പ്രതിസ്ഥാനത്ത് അവരോധിക്കപ്പെട്ടു കൊണ്ടിരുന്നുവെന്നത് ചരിത്രം.
കുരിശുയുദ്ധ പരാജയത്തോടെയാണ് സൈദ്ധാന്തികമായി ഇസ്ലാമിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ആരോപണങ്ങളും അക്രമങ്ങളും അഴിച്ചുവിട്ടുള്ള കുടില തന്ത്രങ്ങള്‍ ഓറിയന്റലിസ്റ്റുകളും ഇതര പാശ്ചാത്യന്‍ ഏജന്‍സികളും നടത്തി തുടങ്ങിയതെന്ന് Covering Islam, Orientalism എന്നീ ഗ്രന്ഥങ്ങളില്‍ എഡ്വാര്‍ഡ് സൈദ് സമര്‍ത്ഥിക്കുന്നുണ്ട്. ഒന്നര പതിറ്റാണ്ടു കൊണ്ട് ആറായിരത്തിലധികം ഇസ്ലാം വിമര്‍ശന ഗ്രന്ഥങ്ങള്‍ ഓറിയന്റലിസ്റ്റുകള്‍ പുറത്തിറക്കിയിരുന്നുവെന്നും ഇസ്ലാമിക പ്രത്യയ ശാസ്ത്രങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യാനും പ്രത്യേക വൈദഗ്ധ്യം നേടിയവരെ പടിഞ്ഞാറ് പോറ്റിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍, ഇസ്ലാം മതത്തിനെതിരെ ആഗോള വ്യാപകമായി പ്രചണ്ഡമായ പ്രചാരണങ്ങള്‍ തുടങ്ങിയതും സര്‍വ മേഖലകളിലും മതത്തെയും അതിന്റെ വക്താക്കളെയും അതിരിട്ടു നിര്‍ത്തുകയും ചീത്തയെന്നു വര്‍ഗീകരിച്ച് വേട്ടയാടാന്‍ തുടങ്ങിയതുമെല്ലാം ഇരട്ട ഗോപുരങ്ങളുടെ തകര്‍ച്ചക്കു ശേഷമാണെന്ന് Good

Muslim and Bad Muslim (നല്ല മുസ്ലിം ചീത്ത മുസ്ലിം) എന്ന വിഖ്യാത ഗ്രന്ഥത്തില്‍ മഹ്മൂദ് മംദാനി നിരീക്ഷിക്കുന്നുണ്ട്.
ഇസ്ലാമിനെ വിദ്വേഷത്തിന്റെ മീമാംസയും തീവ്രവാദത്തിന്റെ പ്രത്യയ ശാസ്ത്രവുമായി ചിത്രീകരിക്കാന്‍ വേണ്ടി മാത്രം പടിഞ്ഞാറന്‍ ശക്തികള്‍ തന്ത്രപൂര്‍വം പടച്ചുവിട്ട കരിംഭൂതമാണ് പൊളിറ്റിക്കല്‍ ഇസ്ലാം, കള്‍ച്ചറല്‍ ഇസ്ലാം എന്നീ സംജ്ഞകള്‍ എന്നും മംദാനി പറയുന്നു.
ഇസ്ലാമോ ഫോബിയ
വേള്‍ഡ് ട്രേഡ്സെന്റര്‍ ആക്രമണത്തോടെ മുസ്ലിം ലോകത്തിനെതിരെ വ്യവസ്ഥാപിതമായി ആളിക്കത്തിച്ച വികാരത്തിന്റെ പ്രതിഫലനമായി മതചിഹ്നങ്ങളും പ്രയോഗങ്ങളും അപകടമെന്നു മുദ്രകുത്തപ്പെട്ടു. മുസ്ലിം നാമവും വേഷവും പീഡിപ്പിക്കപ്പെടാനുള്ള കൊടിയടയാളമായി മാറി. ഇതെല്ലാം ഇസ്ലാം ഭീതി (Islamophobia) എന്ന വികാര നിര്‍മിതിയുടെ ഫലം മാത്രമായിരുന്നു.
ഇസ്ലാമിനെയും ചിഹ്നങ്ങളെയും പ്രതിസ്ഥാനത്ത് അവരോധിക്കുന്നതിലെ ഗുണഭോക്താക്കളും സാമ്രാജ്യത്വ ശക്തികള്‍ തന്നെ. 1918ല്‍ അല്‍ജീരിയന്‍ ബുദ്ധി ജീവിയായ സ്ലിമാന്‍ ബിന്‍ ഇബ്റാഹീമും അല്‍ഫോണ്‍സെ ഡിനെട്ടുമാണ് ആദ്യമായി ഇസ്ലാമോ ഫോബിയ എന്ന പദം ഉപയോഗിച്ചത്. ഫ്രഞ്ച് ഭാഷയിലുള്ള ഇവരുടെ ഗ്രന്ഥം വിവര്‍ത്തനം ചെയ്ത റോബിന്‍ റിച്ചാര്‍ഡ് സണ്‍ ഇസ്ലാമോ ഫോബിയ എന്ന പദത്തിനു പകരം ഇസ്ലാം വിരുദ്ധമായ വിചാരങ്ങള്‍ (Feelings Inimical to Islam) എന്ന് അര്‍ത്ഥം നല്‍കിയതോടെയാണ് ഇസ്ലാമോ ഫോബിയ പാശ്ചാത്യരുടെ ദൈനംദിന വ്യവഹാരമായി മാറിയത്. Orientalism

Reconsiderd എന്ന പ്രബന്ധത്തിലൂടെ എഡ്വാര്‍ഡ് സൈദ് ഇസ്ലാമോ ഫോബിയയെ പുതിയ ഭാഷാ ബോധത്തോടെ അവതരിപ്പിക്കുകയുണ്ടായി.
2001 സെപ്തംബര്‍ 11ലെ ട്വിന്‍ ടവര്‍ തകര്‍ച്ചയെ തുടര്‍ന്ന് അമേരിക്കയുടെ മുറിവേറ്റ ഇരകള്‍ നടത്തിയ ആഹ്ലാദ പ്രകടനം ഇസ്ലാം ഭീതി ലോകപ്രചാരം നേടി. യൂറോപ്പിലെയും അമേരിക്കയിലെയും ഭൂരിപക്ഷം ഭരണാധികാരികളെയും ഇതു ബാധിച്ചു. അമേരിക്കക്ക് ശേഷം ഫ്രാന്‍സിനാണ് ഈ ഭീതി കൂടുതലായുണ്ടായത്. അതുകൊണ്ടു തന്നെയാണ് നിക്കോളാസ് സര്‍ക്കോസി യൂറോപ്പിലാകമാനം ഹിജാബിനെതിരെ വികാരം ഇളക്കി വിട്ടത്. ബ്രിട്ടണിലെ സസക്സ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സ്ലര്‍ ഗോള്‍ഡന്‍ കോണ്‍വേയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് മുസ്ലിംകളും ഇസ്ലാമോ ഫോബിയയും (British Muslims and Islamophobia) എന്ന വിഷയത്തെ ആധാരമാക്കി ബ്രിട്ടണില്‍ ഒരു വര്‍ഷക്കാലം നീണ്ടു നിന്ന സെമിനാറുകളും ഗവേഷണങ്ങളും നടക്കുകയും ബ്രിട്ടീഷ് അഭ്യന്തര സെക്രട്ടറിയായിരുന്ന ജാക് സ്രോവിന്റെ നേതൃത്വത്തില്‍ ഇസ്ലാമോ ഫോബിയ നമുക്കൊരു ഭീഷണി ((Islamophobia; achallenge for us) എന്ന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തതോടെയാണ് യൂറോപ്യന്‍ ഫോര്‍ത്ത് എസ്റ്റേറ്റ് രംഗവും ഈ ഭീതിയുടെ പ്രചാരകരാവുന്നത്.
മതത്തിനെതിരെയുള്ള കായിക പരമായ ഉന്മൂലന ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് ആശയ സൈദ്ധാന്തിക മുറകളുമായി പാശ്ചാത്യര്‍ രംഗത്ത് വന്നതെന്നു പറഞ്ഞു. സിനിമ ഇതിനേറ്റവും ഫലവത്തായ ഒരു മാര്‍ഗമായിരുന്നു. ഇസ്ലാമിനെയും മത പ്രതിപാദങ്ങളെയും പ്രവാചകരെയും പ്രേഷകര്‍ക്കു മുന്നില്‍ വികൃതമാക്കിയവതരിപ്പിച്ച് പാശ്ചത്യ ശക്തികള്‍ ഭീതി കൊഴുപ്പിച്ചു. ഹോളിവുഡില്‍ ഈ തരംഗം ഘനീഭവിച്ചുനിന്നു. സിനിമ സാമ്പത്തികമായി വിജയം നേടാന്‍ ഇസ്ലാം വിരോധം ഇല്ലാതെ പറ്റില്ലെന്നായി. ഇതില്‍ ഏറ്റവും ഒടുവിലത്തെതല്ല ഇന്നസെന്‍സ് ഓഫ് ഇസ്ലാം.
അമേരിക്കന്‍ എഴുത്തുകാരനും പണ്ഡിതനുമായ ജാക് ശഹീന്‍ ഹോളിവുഡ് ഫിലിമുകളില്‍ മുസ്ലിംകള്‍ എങ്ങനെ മ്ലേച്ചരായി പ്രതിനിധാനം ചെയ്യപ്പെടുന്നു എന്നതിനെ അധികരിച്ച് വിശദമയ പഠനം നടത്തുകയുണ്ടായി. പരിശോധിക്കപ്പെട്ട ആയിരത്തി ഇരുനൂറോളം സിനിമകളില്‍ ഇസ്ലാം ഭീതിയുടെ കരിപുരളാത്ത ഫിലിമുകള്‍ വളരെ തുച്ഛമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ച് മലയാള സിനിമകളിലും കുറവല്ലാത്ത വിധം ഇസ്ലാംഭീതി പകര്‍ത്തിവെച്ചതു കാണാം. ഹോളിവുഡില്‍ ഇസ്ലാം വിരോധം നേരിട്ട് കാണിക്കുമ്പോള്‍ മലയാളത്തില്‍ അത് പലപ്പോഴും പൊതിഞ്ഞുപിടിച്ചാണ് കാണിക്കുന്നതെന്നു മാത്രം.
ഇസ്ലാമിനെതിരെയുള്ള പടിഞ്ഞാറന്‍ സിദ്ധാന്തങ്ങളെ കണ്ണുചിമ്മി ഏറ്റുപിടിക്കുന്ന ചിന്താപരമായി കോളോണിയല്‍ അടിമത്വമുള്ള ബുദ്ധി ജീവികള്‍ എഴുത്തിലൂടെയും ഇസ്ലാം വേട്ട തുടരുന്നു. സല്‍മാല്‍ റുഷ്ദിയും (The SaZtanic

Verse, The Enchanters of Lorance) തസ്ലീമാ നസ്റീനും (Shame, Shame again) എല്ലാം ഇവ്വിഷയകരമായി കുപ്രസിദ്ധി നേടിയ പഴങ്കഥകളാണ്. മലയാളത്തില്‍ ഇസ്ലാം വേട്ട രണ്ടു തരത്തില്‍ തുടരുന്നുവെന്നതാണ് കൗതുകം. മതത്തിനെതിരെ നടക്കുന്ന ഹീനമായ അതിക്രമങ്ങള്‍ക്കുള്ള കാരണങ്ങള്‍ മതത്തില്‍ നിന്ന് തന്നെ കണ്ടെത്തിക്കൊടുക്കുന്ന പണിയാണ് ഒരു കൂട്ടര്‍ക്ക്. എംഎന്‍ കാരശ്ശേരിയും ഹമീദ് ചേന്ദമംഗല്ലൂരുമടങ്ങുന്ന അള്‍ട്രാ സെക്കുലറിസ്റ്റുകളുടേതാണ് ഈ വിഭാഗം. മുഖ്യധാരാ മാധ്യമങ്ങളില്‍ മതത്തിന്റെ ഫത്വകള്‍ ഇവര്‍ വഴിയാണ് വിതരണത്തിനു വരുന്നത്. ഇസ്ലാമിന്റെ സമഗ്ര ദര്‍ശനങ്ങള്‍ യഥാവിധം പഠിക്കാതെ ഓറിയന്റലിസ്റ്റുകള്‍ പടച്ചുണ്ടാക്കുന്നത് മലയാളത്തിലേക്ക് മൊഴി മാറ്റിയാണ് ഇവര്‍ മതത്തിനെതിരെ നിഴല്‍യുദ്ധം തുടരുന്നത്.
കീഴാള വിഭാഗത്തെയും മുസ്ലിംകളെയും പ്രതിപട്ടികയിലാക്കി സവര്‍ണനിര്‍മിത സാഹിത്യമാണ് മറ്റൊരു വിഭാഗം. കേരളത്തിന്റെ സാമൂഹിക വൃത്തത്തിനകത്ത് മുസ്ലിം മതഭ്രാന്തന്‍ എന്ന ഇമേജ് ഇനിയും മാഞ്ഞു പോയിട്ടില്ല. പണ്ടത്തെ പച്ചബെല്‍റ്റും മലപ്പുറം കത്തിയും വട്ടത്താടിയുമൊക്കെ അല്‍പസ്വല്‍പം വെട്ടിയൊതുക്കിയിട്ടുണ്ടെന്ന വ്യത്യാസം മാത്രം. മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രത്യേകിച്ച് മാതൃഭൂമിയിലും, പച്ചക്കുതിരയിലുമെല്ലാം ഇത്തരം യോഗ്യതയുള്ള സൃഷ്ടികളാണു സമുദായത്തെപ്രതി അച്ചുനിരത്തുക. വംശവെറിയും മുന്‍വിധികളും സമംചേര്‍ത്താണ് മാതൃഭൂമി സല്‍പ്പേര് നിലനിര്‍ത്തുന്നത്. അടുത്തിടെ മാതൃഭൂമിയില്‍ അച്ചടിച്ചു വന്ന രണ്ടു കഥകള്‍ ഇതിനുദാഹരണമായി പറയാം. ഇന്ദുമേനോന്റെ മരണവേട്ടയും (2013 മാര്‍ച്ച് 24) സുസ്മേഷ് ചന്ദ്രോത്തിന്റെ എന്റെ മകള്‍ ഒളിച്ചോടും മുമ്പ് (2013 ഫെബ്രുവരി 17) എന്ന കഥയും.
കേരളത്തില്‍ മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങളൊക്കെയും കൊട്ടിഘോഷിച്ച ഇല്ലാക്കഥ ലൗ ജിഹാദ് തന്നെയാണ് രണ്ടു കഥകളുടെയും തന്തു. ഇന്ദുമേനോന്റെ മരണവേട്ടയില്‍ പ്രണയച്ചതിയില്‍ വില്ലനായി ബഷീര്‍ വരുന്നു. ഇരയായി സവര്‍ണ കുടുംബാംഗം സുമംഗലയും. ബഷീറിനെ പറയുന്നിടങ്ങളിലൊക്കെയും അയാള്‍ ചതിയനായിരുന്നുവെന്ന് ആവര്‍ത്തിക്കുന്നുണ്ട്. പ്രണയത്തെ സുമംഗലയുടെ വീട്ടുകാര്‍ എതിര്‍ത്തപ്പോഴാണ് സ്വസ്ഥ ജീവിതത്തിനായി അവര്‍ നാടു വിടുന്നത്. മതേതര ദാമ്പത്യത്തിനിടക്ക് അവര്‍ക്ക് സോനു എന്ന കുഞ്ഞ് പിറക്കുന്നു. ജീവിതമധ്യേ ബഷീറിന് എയ്ഡ്സ് പിടിപെട്ട് ആത്മഹത്യ ചെയ്യുന്നു. വളരുന്ന കുഞ്ഞ് അമ്മയുടെ രക്തത്തിന്റെ തനി നിറം കാണിച്ചു കൊണ്ട് ബഷീറിന്റെ മതത്തെയും ലൗ ജിഹാദിനെയുമെല്ലാം തള്ളിപ്പറഞ്ഞ് അമ്മയോട് തര്‍ക്കിക്കുന്നു. അപ്പോഴെല്ലാം മതേതര ജീവിതം നയിച്ച ഭര്‍ത്താവിനെ സുമംഗല ന്യായീകരിക്കുന്നു. പിന്നീട് സുമംഗലക്കും എച്ച്ഐവി പോസിറ്റീവാണെന്ന് തെളിയുന്നു. ബഷീറിനും ഇതേ രോഗമായിരുന്നെന്നും അതുകൊണ്ടാണയാള്‍ ആത്മഹത്യ ചെയ്തതെന്നും അതേ ഡോക്ടര്‍ സുമംഗലയെ ബോധ്യപ്പെടുത്തുന്നു. അപ്പോഴാണ് സോനു തന്നോട് തര്‍ക്കിക്കാറുള്ള മുസ്ലിംമിന്റെ ചതി തന്റെ ജീവിതത്തിലും സംഭവിച്ചിരിക്കുന്നുവെന്ന് അവള്‍ തിരിച്ചറിയുന്നത്. അവസാനം മുസ്ലിം വിരോധത്തിന്റെ മൂര്‍ത്തീഭാവം സോനുവിന്റെ സര്‍ട്ടിഫിക്കറ്റുകളിലെ ജാതിക്കോളത്തിലെ മതംജാതി ഇല്ല എന്നതു വെട്ടി ഹിന്ദു…. ഹിന്ദുറഡ്യാര്‍ എന്ന് കറുപ്പിച്ചെഴുതി സോനുവിനെ ആര്‍എസ്എസ് ശാഖയിലേക്കയക്കുന്നു. സോനുവിനെ സ്വയം സേവകനാക്കാനുള്ള തീരുമാനത്തിലൂടെ ലൗ ജിഹാദിനെതിരെ ശക്തമായി പ്രതികരിക്കുന്ന അവള്‍ മകന്‍വഴി ബഷീറിന്റെ സമുദായത്തിലേക്ക് മൊത്തം പടരണമെന്നും ആഗ്രഹിക്കുന്നു.
ഇതേ പ്രമേയം തന്നെ ഇതിനേക്കാള്‍ കടുപ്പിച്ചവതരിപ്പിക്കുന്നു സുസ്മേഷ് ചന്ദ്രോത്ത്. ആഴ്ചപ്പതിപ്പിലെ എന്റെ മകള്‍ ഒളിച്ചോടും മുമ്പ് എന്ന കഥയിലൂടെ. ഈ കഥയിലും പ്രതി മുസ്ലിം, ഇര വിശാല ഹിന്ദു, കഥാതന്തു പഴയതുതന്നെ; ലൗ ജിഹാദ്.
നൗഫല്‍ എന്ന മുസ്ലിം വിശാല ഹിന്ദു കുടുംബത്തിലെ എല്‍മ എന്ന ഏക മകളെ പ്രണയിക്കുന്നു. പ്രണയം എല്‍മ വീട്ടുകാരോട് തുറന്നു പറയുന്നു. വിശാല മനസ്കരായതു കൊണ്ട് അവരത് അംഗീകരിക്കുന്നു. തുടര്‍ന്നാണ് സാമുദായികമായിട്ടുള്ള മുന്‍വിധികള്‍ കഥാകൃത്ത് ഭംഗിയായി അവതരിപ്പിക്കുന്നത്. എല്‍മയുടെ വീട്ടുകാര്‍ രണ്ടുപേരോടും വീട്ടില്‍ വന്ന് താമസിക്കാന്‍ പറയുമ്പോഴാണ് കഥാകൃത്ത് മുസ്ലിമിന്റെ സ്വഭാവമായി ചതിയെ എഴുന്നള്ളിക്കുന്നത്. നിങ്ങളുടെ വീട്ടില്‍ എല്‍മയെയും കൂട്ടി താമസിക്കാന്‍ കഴിയില്ലെന്നും എല്‍മയെ മതം മാറ്റി തന്റെ വീട്ടിലേക്ക് കൊണ്ടു പോവുകയാണെന്നും നായകന്‍.
ഏതായാലും പത്രത്തിന്റെ പുകഴ്പെറ്റ സവര്‍ണാഭിമുഖ്യത്തോട് അനുഭാവം പുലര്‍ത്തുന്ന രചനകള്‍ക്ക് ഇപ്പോഴും പഞ്ഞമില്ലെന്നര്‍ത്ഥം. മരണവേട്ടയും എന്റെ മകള്‍ ഒളിച്ചോടും മുമ്പ് എന്നീ കഥകളെപ്പോലെ തികച്ചും വംശീയ പക്ഷം ചേര്‍ന്നു കൊണ്ടുള്ള രചനകള്‍ തൊണ്ണൂറുകളില്‍ മാതൃഭൂമിയില്‍ നിറഞ്ഞുനിന്നിരുന്നു. അതിന്റെ തുടര്‍ച്ചയായിക്കാണണം ഇവയെല്ലാം. ഇന്ദുമേനോന്റെ മരണവേട്ട എന്ന കഥയുടെ പ്രമേയം വള്ളത്തോളിന്റെ ഒരു നായര്‍ യുവതിയും മുഹമ്മദീയനും (സാഹിത്യ മജ്ഞരി ഭാഗം 1 1915 ) എന്ന കവിതയുമായി അക്ഷരം പിഴക്കാത്ത സാദൃശ്യമുണ്ടെന്ന് പ്രൊഫസര്‍ ജമീല്‍ അഹമ്മദ് ഒരു റഡ്യാര്‍ യുവതിയും മുഹമ്മദീയനും (19152013) സവര്‍ണ്ണ വംശീയ മലയാളത്തിന്റെ നൂറ്റാണ്ട് എന്ന ലേഖനത്തില്‍ വരച്ചിടുന്നുണ്ട്. ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും സവര്‍ണന്റെ സ്വാഭാവിക പേടി ഇനിയും വിട്ടുമാറിയിട്ടില്ല മലയാളത്തില്‍ സ്വാതന്ത്ര്യപ്പോരാട്ട പാരമ്പര്യമുള്ള പത്രമുത്തശ്ശിക്ക്. തുടര്‍ന്നും മുഖ്യധാരാ മാധ്യമങ്ങള്‍ സവര്‍ണരുടെ ഇസ്ലാം ഭീതിക്ക് കാവലിരിക്കുക തന്നെയായിരിക്കും.

അല്‍ത്വാഫ് പി. പതിനാറുങ്ങല്‍

Exit mobile version