മാനവനെ നവീകരിക്കുന്ന റമളാൻ കാലം

ആത്മീയതയുടെ നിറവ് ഹൃദയത്തിലും വിശ്വാസത്തിലും കർമത്തിലും പുതുജീവൻ നൽകുന്ന കാലമാണ് റമളാൻ. ജീവിതത്തിലെ അബദ്ധങ്ങളെയും അതിർലംഘനങ്ങളെയും കരിച്ചുകളഞ്ഞ് പുതിയ മനുഷ്യനെ നിർമിക്കുകയാണ് വിശുദ്ധ മാസം. തപിക്കുന്ന മനസ്സിലേക്ക് കാരുണ്യത്തിന്റെയും ഭക്തിയുടെയും കുളിർമഴ സമ്മാനിക്കുന്ന റമളാൻ എണ്ണിയാലൊടുങ്ങാത്ത ആത്മസുഗന്ധങ്ങളാണ് സമ്മാനിക്കുന്നത്. അല്ലാഹുവും തിരുദൂതരും എത്ര ചാരുതയോടെയാണ് റമളാനിനെ വർണിച്ചിട്ടുള്ളത്. മറ്റൊരു മാസത്തെയും അങ്ങനെ വാഴ്ത്തിയിട്ടില്ല.
ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റമളാൻ. മനുഷ്യരുടെ വഴികാട്ടിയാണ് ഖുർആൻ. സന്മാർഗവും സത്യാസത്യ വേർതിരിവും നൽകുന്ന ദൃഷ്ടാന്തവുമാണ് (അൽബഖറ 158). റമളാനിന്റെ ആദ്യരാത്രിയിൽ പിശാചുക്കളെയും ധിക്കാരികളായ ജിന്നുകളെയും ചങ്ങലക്കിടും. നരകത്തിന്റെ കവാടങ്ങൾ കൊട്ടിയടക്കും. നരകത്തിലെ ഒരു കവാടവും റമളാനിൽ തുറക്കപ്പെടില്ല. സ്വർഗത്തിന്റെ ഒരു കവാടവും റമളാനിൽ അടക്കപ്പെടില്ല. ഒരാൾ ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും: ‘നന്മ ആഗ്രഹിക്കുന്നവർ മുന്നോട്ട് വരിക. തിന്മയുടെ വാഹകർ തിന്മയിൽ നിന്ന് വിട്ടുനിൽക്കുക. റമളാനിലെ എല്ലാ ദിവസത്തിലും അല്ലാഹു നരകമോചനം നൽകി രക്ഷപ്പെടുത്തുന്നവരുണ്ട് (ബുഖാരി, മുസ്‌ലിം).
തീർച്ചയായും പുണ്യ റമളാൻ നിങ്ങളിലെത്തിയിട്ടുണ്ട്. ആയിരം മാസത്തെക്കാൾ പവിത്രതയുള്ള ഒരു രാത്രി റമളാനിലുണ്ട്. ആ രാത്രിയുടെ പുണ്യം തടയുന്നവന് എല്ലാ നന്മകളും തടയപ്പെട്ടു (ഇബ്‌നുമാജ). വിശ്വസിച്ചും പ്രതിഫലം ആഗ്രഹിച്ചും റമളാനിൽ നോമ്പനുഷ്ഠിക്കുന്നവന്റെ കഴിഞ്ഞ കാല ദോഷങ്ങളെല്ലാം പൊറുക്കപ്പെടും. ലൈലതുൽ ഖദ്‌റിൽ നിസ്‌കരിക്കുന്നവന്റെ കഴിഞ്ഞകാല ദോഷങ്ങൾക്കു മാപ്പ് നൽകപ്പെടും (ബുഖാരി, മുസ്‌ലിം).
റമളാനിന്റെ അകക്കാമ്പ് തൊട്ടറിഞ്ഞ് സൽകർമങ്ങൾ വർധിപ്പിക്കുന്നതിൽ അതീവ ശ്രദ്ധാലുക്കളായിരുന്നു പൂർവസൂരികൾ. റമളാനിന്റെ ഓരോ സെക്കന്റും അവർ അനുഭവിച്ചു. വികാരവായ്‌പോടെ സ്വീകരിക്കുകയും ഉൾകൊള്ളുകയും ചെയ്തു. ഇബ്‌നു റജബ്(റ) കുറിക്കുന്നു: റമളാനിലേക്ക് എത്തിക്കാൻ ആറ് മാസക്കാലം മുമ്പ് പ്രാർത്ഥന നടത്തുന്നവരായിരുന്നു മുൻഗാമികൾ. റമളാനിലെ കർമങ്ങൾ സ്വീകരിക്കാനായിരിക്കും ശേഷമുള്ള ആറ് മാസക്കാലത്തെ അവരുടെ പ്രാർത്ഥന. ചിലരുടെ പ്രാർത്ഥന ഇങ്ങനെയായിരുന്നു: ‘അല്ലാഹുവേ, റമളാനിനെ എനിക്കും എന്നെ റമളാനിനും നീ ഏൽപിച്ച് തരേണമേ, സ്വീകാര്യവും പൂർണവുമായ റമളാനായി എന്റെ റമളാനിനെ ഏറ്റെടുക്കേണമേ’ (ലത്വാഇഫുൽ മആരിഫ് 376, ദുററുൽ മൻസൂർ 1/154).

കാരുണ്യം

കാരുണ്യമാണ് റമളാനിന്റെ തുടക്ക ദിനങ്ങൾ. പടച്ചതമ്പുരാന്റെ കാരുണ്യം കൂടുതൽ വർഷിക്കുന്ന സമയം. യാചിച്ചും ചോദിച്ചും ഖേദിച്ചും റഹ്‌മത്ത് സമ്പാദിക്കേണ്ട അവസരങ്ങൾ നന്നായി ഉപയോഗപ്പെടുത്തണം. തനിക്ക് ലഭിച്ച മഹാ അനുഗ്രഹങ്ങൾ സഹജീവികളിലക്ക് കൂടി കൈമാറി കാരുണ്യത്തിന്റെ കടപ്പാട് പൂർത്തിയാക്കണം. തിരുനബി(സ്വ)യെ കുറിച്ച് ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: മനുഷ്യരിൽ ഏറ്റവും വലിയ ധർമിഷ്ഠനാണ് തിരുനബി(സ്വ). റമളാനിൽ അവിടത്തെ ധർമം അടിച്ചുവീശുന്ന മാരുതനെ വെല്ലുന്നതായിരിക്കും (ബുഖാരി, മുസ്‌ലിം).
ഒരു ദിശയിൽ നിന്ന് എതിർ ദിശയിലേക്ക് സഞ്ചരിക്കുന്ന കാറ്റിന്റെ കുളിരും സുഖവും പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അനുഭവിക്കുന്നു. മരച്ചില്ലകളും സസ്യലതാദികളും മനുഷ്യനടക്കമുള്ള ജീവികളും അതിൽ ഉൾപെടും. എല്ലാവർക്കും കാരുണ്യവും സ്‌നേഹവും നൽകുന്നതായിരുന്നു നബി(സ്വ)യുടെ വ്രതകാലം. പട്ടിണി കിടക്കുന്നവർക്ക് നോമ്പ് പൂർത്തിയാക്കാനാവശ്യമായ ഭക്ഷണങ്ങൾ എത്തിച്ചും വൃദ്ധർ, കുട്ടികൾ, രോഗികൾ, വിധവകൾ തുടങ്ങിയവരെ പ്രത്യേകം പരിഗണിച്ചുമായിരുന്നു തിരുനബി(സ്വ) റമളാനിനെ ഉപയോഗപ്പെടുത്തിയത്. മാതാപിതാക്കൾ, ഭാര്യ, സന്താനങ്ങൾ, കുടുബം, അയൽവാസികൾ തുടങ്ങിയവരെ റമളാനിൽ പ്രത്യേകം പരിഗണിക്കണം. നാം അനുഭവിക്കുന്ന കാരുണ്യത്തിന്റെ ഉറവ അവരിലേക്ക് കൂടി തിരിച്ചുകൊണ്ടായിരിക്കണം ആ പരിഗണന.

പാപമോചനം

പാപമോചനമാണ് റമളാനിന്റെ മധു ദിനങ്ങൾ. നമ്മിൽ നിന്ന് റാഞ്ചിയെടുക്കപ്പെട്ട ആത്മവിശുദ്ധിയെ തിരിച്ചുപിടിക്കാനാണ് ഈ ദിനങ്ങൾ ഉപയോഗിക്കേണ്ടത്. ഇസ്തിഗ്ഫാർ, തൗബ എന്നിവ കൊണ്ട് നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കണം. ജീവിത നേരങ്ങൾ കുറെ വിഫലമായിട്ടുണ്ട് നമുക്കെല്ലാം. പലതിലും പെട്ട് ആയുസ്സിന്റെ മിക്കഭാഗവും വെറുതെ കൈമോശം വന്നു. നഷ്ടപ്പെട്ട സമയവും അവസരങ്ങളും തിരിച്ചുപിടിക്കാനാവില്ലെങ്കിലും വിശുദ്ധി സ്വായത്തമാക്കാനാവും. ഈ അവബോധത്തിൽ നിന്നാണ് ഇസ്തിഗ്ഫാറും തൗബയും ഉണ്ടാവേണ്ടത്. സ്വന്തം ജീവിതത്തെ ആത്മവിമർശനം നടത്തുകയാണിവിടെ. ഇനിയൊരിക്കലും ഈ ആത്മീയ ദുരന്തത്തിൽ അകപ്പെടുകയില്ലെന്ന ജാഗ്രതയോടെ ചില തീരുമാനങ്ങളാണിവിടെ നടക്കുന്നത്. കേവലം വാക്കുകളോ മന്ത്രങ്ങളോ അല്ല, മനസ്സിന്റെ ഉറച്ച തീരുമാനം. റമളാനിന്റെ ഫലം അനുഭവിക്കാനുള്ള തയ്യാറെടുപ്പ്.
ഖുർആൻ സൂചിപ്പിക്കുന്നതും അതാണ്: ‘സത്യവിശ്വാസികളേ, നിങ്ങളുടെ മുൻഗാമികൾക്ക് നോമ്പ് നിർബന്ധമാക്കിയത് പോലെ നിങ്ങൾക്കും നിർബന്ധമാക്കിയിരിക്കുന്നു. നിങ്ങൾ സൂക്ഷ്മതയുള്ളവരാകാൻ വേണ്ടി’.

നരകമുക്തി

നരക വിമോചനമാണ് റമളാനിന്റെ അന്ത്യദിനങ്ങൾ. നോമ്പിന്റെ പ്രതിഫലം സ്വർഗമാണ്. വിശ്വാസിയുടെ ധന്യാഭിലാഷമാണ് സ്വർഗപ്രവേശം. ഇലാഹിന്റെ ശിക്ഷയിൽ നിന്നുള്ള മോചനമാണ് റമളാനിന്റെ അന്ത്യ ദിനങ്ങൾ സമ്മാനിക്കുന്നത്. ഓരോ രാത്രിയിലും നരക വിമുക്തി ലഭിക്കുന്ന ലക്ഷങ്ങളിൽ ഒരാളായി ഉണ്ടാവണമെന്ന അഭിലാഷത്തോടെ അവസാന ദിനങ്ങൾ പ്രയോജനപ്പെടുത്തണം. അവസാനത്തെ പത്തിൽ ഇബാദത്തുകൾ നിർവഹിക്കാൻ നബി(സ്വ) കാണിച്ചിരുന്ന ആവേശം ഹദീസിലുണ്ട്. ആഇശ ബീവി(റ)യിൽ നിന്ന്: ‘റമളാനിന്റെ അവസാന പത്തിൽ മറ്റുള്ള സമയത്തെക്കാൾ തിരുനബി(സ്വ) ഇബാദത്തുകൾ വർധിപ്പിക്കുമായിരുന്നു (മുസ്‌ലിം). രാത്രിയെ ജീവസ്സുറ്റതാക്കിയും കുടുംബത്തെ സജീവമാക്കിയും ഒരുങ്ങിത്തയ്യാറായി ഇബാദത്തുകൾ നിർവഹിക്കുന്നതായിരുന്നു റമളാൻ അവസാന പത്തിൽ നബിയുടെ പ്രകൃതം.
ആയിരം മാസത്തെക്കാൾ പുണ്യമുള്ള രാത്രിയും കൂടുതൽ പ്രതീക്ഷയുള്ള ദിനങ്ങളും അവസാന പത്തിലാണ്. ഒരു പുരുഷായുസ്സ് കൊണ്ട് നേടാവുന്ന പുണ്യമാണ് ഒരു രാത്രികൊണ്ട് കരസ്ഥമാക്കുന്നത്. തീർച്ചയായും ഖുർആനിനെ ഞാൻ ലൈലതുൽ ഖദ്‌റിന്റെ രാത്രിയിൽ അവതരിപ്പിച്ചു. ലൈലതുൽ ഖദ്‌റിന് ആയിരം മാസത്തെക്കാൾ പുണ്യമുണ്ട് (ഖുർആൻ).

ഖുർആന്റെ മാസം

ഖുർആനിന്റെ മാസമാണ് റമളാൻ. ഖുർആൻ അവതരിച്ച മാസമെന്നാണ് റമളാനിനെ ഖുർആൻ തന്നെ പരിചയപ്പെടുത്തിയത്. തിരുനബി(സ്വ)ക്ക് അല്ലാഹു കനിഞ്ഞരുളിയ നേർവഴിയാണത്. റമളാനിലെ ഖുർആൻ പാരായണത്തിന് സവിശേഷ പുണ്യവും മഹത്ത്വവുമുണ്ട്. നിസ്‌കാരത്തിൽ തന്നെ ഖുർആൻ പൂർണമായി ഓതിത്തീർത്തിരുന്ന മഹത്തുക്കളെ ചരിത്രം പരിചയപ്പെടുത്തുന്നുണ്ട്. മൂന്ന് ദിവസത്തെ തറാവീഹ് നിസ്‌കാരത്തിൽ ഖുർആൻ പൂർത്തിയാക്കുന്ന മഹാ മനീഷികൾ! ഖതാദ്(റ) ഏഴ് ദിവസത്തെ തറാവീഹിൽ ഖുർആൻ പൂർണമായി പാരായണം ചെയ്തിരുന്നു. അബൂ റജാഉൽ അത്വാരിദി പത്ത് ദിവസമാണെടുത്തിരുന്നത്. അസ്വദ് രണ്ട് രാത്രികളിലായി ഒരു ഖത്മ് തീർത്തിരുന്നു. ഇമാം ശാഫിഈ(റ) റമളാനിൽ നിസ്‌കാരത്തിലല്ലാതെ അറുപത് പ്രാവശ്യമാണ് ഖുർആൻ പൂർത്തിയാക്കിയിരുന്നത്. പാരായണത്തിന്റെ മാസമാണ് റമളാനെന്നാണ് സുഹ്രി(റ) പറഞ്ഞിരുന്നത് (ലത്വാഇഫുൽ മആരിഫ് 315).
ഇമാം ബുഖാരി(റ) റമളാനിലെ പകലിൽ ഒരു ഖത്മും തറാവീഹിന് ശേഷം മൂന്ന് ദിവസത്തിലായി ഒരു ഖത്മുമാണ് ഓതിയിരുന്നത് (സിയറു അഅ്‌ലാമിന്നുബലാ 493/4). ഹാഫിള് ഇബ്‌നു ഹജർ(റ) എഴുതി: റമളാനിലെ രാത്രികളിൽ ഇമാം ബുഖാരി(റ)യുടെ നേതൃത്വത്തിൽ തറാവീഹ് നിസ്‌കാരം നടക്കും. ഓരോ റക്അത്തിലും ഇരുപതിലേറെ ആയത്തുകൾ ഇമാം പാരായണം ചെയ്യും. റമളാൻ തീരുന്നതോടെ ഒരു ഖത്മ് പൂർത്തിയാവും. പാതിരാത്രിക്ക് ശേഷം അത്താഴം വരെ വീണ്ടും പാരായണം തന്നെ. അങ്ങനെ മൂന്ന് ദിവസം കൂടുമ്പോൾ ഒരു ഖത്മ് പൂർത്തിയാക്കും. അതുകൂടാതെ റമളാനിലെ പകലിൽ ഓരോ ഖത്മും അദ്ദേഹം ഓതിത്തീർക്കും. നോമ്പ് തുറക്കാനാവുമ്പോഴേക്ക് പാരായണം പൂർത്തിയായിരിക്കും. ബുഖാരി(റ) പറയുന്നു: ഓരോ ഖത്മിനും ഉത്തരം ലഭിക്കുന്ന ദുആയുണ്ട് (ഹദ്‌യുസ്സാരിയ്യ-ഇബ്‌നു ഹജർ പേ. 481).
രചനയിലും അധ്യാപനത്തിലുമായി കഴിഞ്ഞിരുന്ന ഇമാം മാലികി(റ)ന്റെ പ്രകൃതവും സമാനമായിരുന്നു. ഹദീസ് പഠനവും അധ്യാപനവുമെല്ലാം മാറ്റിവെച്ച് ഖുർആൻ മുസ്വ്ഹഫിൽ നോക്കി പാരായണം ചെയ്യാൻ ഇമാം ശ്രദ്ധിച്ചിരുന്നു. സുഫിയാനുസ്സൗരി(റ)യും അങ്ങനെതന്നെ.

ഖുർആനോത്ത് നൽകുന്ന ഊർജം

ഖുർആൻ പാരായണം വിശ്വാസിക്ക് നൽകുന്ന ഊർജം വിസ്മയകരമാണ്. നോമ്പോടെയാകുമ്പോൾ അതിന്റെ ശക്തി വർധിക്കും. എല്ലാവരും ഒരേ രീതിയിലല്ല ഖുർആനിനെ സമീപിക്കുന്നത്. ഓരോരുത്തരുടെയും സമീപന രീതികൾക്കനുസരിച്ച് അവരുടെ അനുഭവങ്ങൾ വ്യത്യസ്തമായിരിക്കും. അർത്ഥവും ആശയവും അറിഞ്ഞ് പാരായണം ചെയ്യുന്നവർക്ക് ഖുർആൻ നല്ല അനുഭവങ്ങൾ പകരുന്നു. ദാർശനിക അകപ്പൊരുൾ തേടി ഖുർആനിനെ സമീപിക്കുന്നവർക്ക് ഖുർആൻ വഴികാട്ടിയാവും. അർത്ഥവും ആശയവുമൊന്നും അറിയില്ലെങ്കിലും പാരായണം ചെയ്യുന്നവന്റെ മനസ്സ് പ്രഭാപൂരിതമാകും.
ഇമാം നവവി(റ) എഴുതി: വ്യക്തികളുടെ പ്രകൃതിക്കനുസൃതമായി ഖുർആനിനെ സമീപിക്കാം. ആഴമേറിയ ചിന്തയും ഉൾബോധവും ജ്ഞാനവുമുള്ളവർ അവരുടെ മനസ്സിന്റെ താൽപര്യത്തിനനുസരിച്ച് പാരായണം ചെയ്യണം. ഖുർആനിന്റെ ആഴങ്ങളിലേക്കിറങ്ങി ആലോചനകൾ നടത്തണം. മതപഠനം, പൊതുപ്രവർത്തനം തുടങ്ങിയ മേഖലകളിലുള്ളവർ തങ്ങളുടെ കർത്തവ്യങ്ങൾക്ക് കോട്ടം തട്ടാതെ പാരായണത്തിന്ന് തയ്യാറാവണം. ഇങ്ങനെയൊന്നുമല്ലാതെയുള്ളവർ കൂടുതൽ സമയം ഖുർആനിന് വേണ്ടി മാറ്റിവെക്കണം (തിബിയാൻ ഫീ ആദാബി ഹമലത്തിൽ ഖുർആൻ പേ. 46).
അസ്വസ്ഥതയുള്ള മാനസങ്ങൾക്ക് ഖുർആൻ തണൽ വിരിക്കുന്നു. ഭൗതിക പ്രത്യയ ശാസ്ത്രങ്ങളുടെയും വിമോചന സങ്കൽപ്പങ്ങളുടെയും മൂഢവലയത്തിൽ പെട്ട് ക്ഷീണിച്ചവർക്ക് ആശ്വാസത്തിന്റെ തണൽ നൽകുന്നുണ്ട് വിശുദ്ധ വേദം. വിശ്വാസികൾക്ക് മനസ്സമാധാനവും ഉൾകരുത്തും നൽകി ഊർജസ്വലരാക്കാനുള്ള സവിശേഷ ശക്തിയുണ്ട് ഖുർആന്. പ്രഭാതത്തിൽ ഖുർആനോതുന്ന നബി(സ്വ)യെ ശത്രുക്കൾ പ്രത്യേകം ഭയപ്പെട്ടിരുന്നുവെന്ന് ചരിത്രം പറയുന്നു. ‘തീർച്ചയായും പ്രഭാതത്തിലെ ഖുർആൻ പാരായണം സാക്ഷി നിൽക്കപ്പെടുന്നതാണ്’ (ഖുർആൻ).
ബോധമുള്ള മനുഷ്യനോടാണ് ഖുർആൻ സംവദിക്കുന്നത്. ചിന്തിക്കാനും ആലോചിക്കാനും ഉണർത്തിയാണ് അതിന്റെ ഇടപെടൽ. മൂർച്ചയും ശക്തിയുമുള്ള വാക്കുകൾ. മനസ്സിൽ പരിവർത്തനം സൃഷ്ടിക്കുന്ന വശ്യത. തീർച്ചയും ഗൗരവവുമുള്ള അവതരണം. മനോഹരമായ ശൈലി. ആരെയും ആകർഷിക്കുന്ന സാഹിത്യ ഗരിമ. സൃഷ്ടിച്ച പരിപാലകനെ തിരിച്ചറിയാനാണ് ഖുർആൻ മൗലികമായി ആവശ്യപ്പെടുന്നത്. ‘മനുഷ്യരേ, നിങ്ങളെയും മുൻഗാമികളെയും സൃഷ്ടിച്ചത് റബ്ബാണ്. നിങ്ങൾ ഇബാദത്ത് ചെയ്യുക. ഭൂമിയെ അവൻ നിങ്ങൾക്കു മേൽവിരിപ്പാക്കിയിട്ടുണ്ട്. ആകാശത്തെ മേലാപ്പും. ആകാശത്ത് നിന്ന് അവൻ വെള്ളം നൽകി. അതു മുഖേന അവൻ വിവിധ പഴങ്ങൾ നിങ്ങൾക്ക് ഭക്ഷണമായി തന്നു. നിങ്ങൾ അറിഞ്ഞുകൊണ്ട് അല്ലാഹുവിന് പങ്കുകാരെ ചേർക്കരുത്’ (അൽബഖറ 21-22).
ഞാനെത്ര നിസ്സാരനാണന്ന ബോധം വളർത്തുകയാണ് ഖുർആൻ. ഈ മഹാ പ്രപഞ്ചത്തിന്റെയും അതിലെ മുഴു ജീവജാലങ്ങളുടെയും അധിപനായ അജയ്യ ശക്തിയെ കുറിച്ചറിയുമ്പോൾ ഉള്ളം പിടക്കാത്തതാർക്കാണ്. അവന്റെ അത്ഭുത ശക്തിക്ക് മുമ്പിൽ കീഴൊതുങ്ങാതിരിക്കാനാവുമോ?! തന്റെ തുടക്കം ആ ശക്തിയിൽ നിന്നാണെന്ന് തിരിച്ചറിയുന്നതോടെ മനുഷ്യൻ ഉണർന്നു. പരിപാലകനെ വണങ്ങിയും അവനു വിധേയപ്പെട്ടും ജീവിക്കണമെന്ന് മനുഷ്യൻ തിരിച്ചറിയുന്നു. നാഥനിലേക്ക് തിരിച്ചുചെല്ലുമെന്ന ഉൾബോധം അവനെ കൂടുതൽ വിനയാന്വിതനാക്കുന്നു.
ഖുർആൻ ഉണർത്തിക്കൊണ്ടിരിക്കുന്ന സന്ദേശങ്ങൾ മർത്യനെ ചിന്തിപ്പിക്കുന്നതാണ്. കർമങ്ങളിലൂടെയാണ് മനുഷ്യനെ തിരിച്ചറിയുക. ബുദ്ധിയും ബോധവുമാണ് അവന്റെ ശക്തി, തടിയും വണ്ണവുമല്ല. നല്ല സ്മരണകളിലൂടെയാണ് അവൻ ഓർക്കപ്പെടുക. തറവാട് മഹിമയിലോ സമ്പത്തിന്റെ മേന്മയാലോ അല്ല. ഇത്തരം തിരിച്ചറിവുകളാണ് ഇലാഹീ ഗ്രന്ഥം പ്രദാനിക്കുന്നത്.
കൂടുതൽ പ്രതിഫലം വാരിക്കൂട്ടാനുള്ള സമയമാണിത്. ഒരു അക്ഷരത്തിന് പത്ത് പുണ്യമാണ് റമളാനല്ലാത്ത സമയങ്ങളിൽ പാരായണത്തിന് ലഭിക്കുന്നത്. റമളാനിൽ അത് അനേകമിരട്ടിയായി വർധിക്കുന്നു. നിസ്‌കാരത്തിൽ, രാത്രിയിൽ, പള്ളിയിൽ, ഇഅ്തികാഫിൽ, അവസാന പത്തുകളിൽ, ഒറ്റയിട്ട രാവുകളിൽ ഖുർആൻ പാരായണത്തിന്റെ മഹത്ത്വത്തിന് അതിരുകളില്ല.
ഇമാം ഇബ്‌നു റജബ്(റ) എഴുതി: അറിയുക, സത്യവിശ്വാസിക്ക് റമളാനിൽ തന്റെ സ്വന്തത്തോട് രണ്ടു പോരാട്ടം നടത്താനുണ്ട്. പകലിൽ നോമ്പ് പിടിച്ചുകൊണ്ടാണ് ഈ പോരാട്ടം. രണ്ടാമത്തേത് അതിൽ നിസ്‌കരിച്ചുകൊണ്ടുള്ള പോരാട്ടമാണ്. ഇവ രണ്ടിലും വിജയിക്കുന്നവൻ അറ്റമില്ലാത്ത പ്രതിഫലമാണ് വാരിക്കൂട്ടുന്നത് (ലത്വാഇഫുൽ മആരിഫ് പേ. 21).
റസൂൽ(സ്വ) അരുളി: ‘നോമ്പും ഖുർആനും അടിമക്ക് അന്ത്യനാളിൽ ശിപാർശ ചെയ്യും. നോമ്പ് പറയും; ഞാൻ അവന്റെ ഭക്ഷണങ്ങളും വികാരങ്ങളും പകൽ സമയത്ത് തടഞ്ഞുവെച്ചു. എന്റെ ശിപാർശ നീ സ്വീകരിക്കേണമേ. ഖുർആൻ പറയും; രാത്രിയിൽ ഞാൻ അവന്റെ ഉറക്ക് തടഞ്ഞുവെച്ചു. എന്റെ ശിപാർശ സ്വീകരിക്കേണമേ. നോമ്പിന്റെയും ഖുർആനിന്റെയും ശിപാർശകൾ സ്വീകരിക്കപ്പെടും (അഹ്‌മദ്, ഹാകിം).

അവസരങ്ങളുടെ കാലം

ഇഅ്തികാഫ് റമളാനിലെ ഏറ്റവും പുണ്യകരമായ ആരാധനയാണ്. എല്ലാം അല്ലാഹുവിലേക്ക് സമർപ്പിച്ച് പൂർണവിനയാന്വിതനായി പള്ളിയിൽ ഭജനമിരിക്കുന്നതിന് പ്രത്യേക പുണ്യമുണ്ട്. തിരുദൂതർ റമളാനിൽ ഇഅ്തികാഫിൽ കഴിഞ്ഞത് ഹദീസിലുണ്ട്.
തറാവീഹ് നിസ്‌കാരമാണ് റമളാനിലെ മറ്റൊരു പ്രധാന ഇബാദത്ത്. ഇശാഅ് നിസ്‌കാരശേഷമാണ് തറാവീഹിന്റെ സമയം. ഈരണ്ട് റക്അത്ത് വീതം ഇരുപത് റക്അത്താണ്. നീണ്ട ഖുർആൻ പാരായണവും റുകൂഉം സുജൂദും നിർവഹിച്ചുകൊണ്ട് നബിയും സ്വഹാബത്തും നിർവഹിച്ചത് പ്രമാണങ്ങളിൽ കാണാം. ആഇശ(റ) ഉദ്ധരിക്കുന്നു: നബി(സ്വ) റമളാനിലെ ഒരു രാത്രിയിൽ പള്ളിയിലെത്തി നിസ്‌കരിച്ചു. ഇത് കേട്ടറിഞ്ഞ് കുറച്ച് പേരും നബിയോടൊപ്പം നിസ്‌കരിച്ചു. നേരം വെളുത്തപ്പോൾ കൂടുതൽ പേർ കാര്യമറിഞ്ഞു. രണ്ടാം ദിവസം ആളുകൾ കൂടി. മൂന്നാം ദിവസം വിവരം അറിഞ്ഞ് കൂടുതൽ പേരെത്തി. നാലാം ദിവസം പള്ളി നിറഞ്ഞുകവിഞ്ഞു. അഞ്ചാം ദിവസം പള്ളിയിലേക്ക് പോയില്ല. പള്ളിയിലെത്തിയ സ്വഹാബികൾ നിസ്‌കാരം എന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. സ്വുബ്ഹി വരെ നബി(സ്വ) പള്ളിയിലെത്തിയില്ല. സ്വുബ്ഹി നിസ്‌കാരത്തിന് ശേഷം അവിടന്ന് സ്വഹാബത്തിനോട് പറഞ്ഞു: നിങ്ങൾക്ക് ഈ നിസ്‌കാരം നിർബന്ധമാകുമോ എന്ന് ഭയപ്പെട്ടതുകൊണ്ടാണ് ഞാൻ ഇന്നലെ പള്ളിയിൽ വരാതിരുന്നത്.
നോമ്പ് തുറപ്പിക്കൽ ഏറെ പുണ്യമുള്ള ആരാധനയാണ്. തിരുനബി(സ്വ) പറയുന്നു: നോമ്പുകാരനെ ഒരാൾ തുറപ്പിച്ചാൽ നോമ്പുകാരന്റെ കൂലിയിൽ നിന്ന് ഒന്നും ചുരുങ്ങാതെതന്നെ തുറപ്പിക്കുന്നവനുമുണ്ട് (തുർമുദി 807, ഇബ്‌നുമാജ 1764). സ്വഹാബത്ത് ചോദിച്ചു: നബിയേ, ഞങ്ങൾക്ക് നോമ്പുകാരനെ തുറപ്പിക്കാൻ കഴിയില്ലല്ലോ. നബി(സ്വ)യുടെ മറുപടി: ‘അൽപം പാലോ വെള്ളമോ ഒരു കാരക്കയോ നൽകി നോമ്പ് തുറപ്പിച്ചാലും ഈ പ്രതിഫലം ലഭിക്കും. നോമ്പുകാരന് വയർ നിറയെ ഭക്ഷണം നൽകിയാൽ എന്റെ ഹൗളിൽ നിന്ന് അവന് കുടിക്കാം. സ്വർഗത്തിലെത്തുന്നത് വരെ അവന് ദാഹമില്ല.’
പുണ്യങ്ങൾ കൂടുതൽ വർധിപ്പിക്കുന്നതിൽ നോമ്പുകാരൻ ശ്രദ്ധാലുവാകണം. തിരുനബി(സ്വ) റമളാനിൽ കൂടുതൽ നന്മകൾ വർധിപ്പിച്ചിരുന്നുവെന്ന ആശയം വരുന്ന ഹദീസ് വ്യാഖ്യാനിച്ച് ഇമാം നവവി(റ) എഴുതി: ഈ ഹദീസിൽ നിരവധി പാഠങ്ങളുണ്ട്. തിരുനബിയുടെ ധർമത്തിന്റെ മഹത്ത്വ വിശദീകരണം, റമളാനിൽ ധർമം അധികരിപ്പിക്കുന്നതിന് പ്രത്യേകം പുണ്യമുണ്ടെന്ന പാഠം എന്നിവയാണവ(ശറഹു മുസ്‌ലിം).
സൂക്ഷ്മതയാണ് നോമ്പിന്റെ ലക്ഷ്യം. ജീവിതം മുഴുവൻ മൂടി നിൽക്കുന്നതായിരിക്കണം സൂക്ഷ്മത. നോമ്പ് നിർമിക്കുന്നത് സൂക്ഷ്മതയെയാണ്. അതാണ് തഖ്‌വ. പൂർണമായി അല്ലാഹുവിന് വിധേയപ്പെടുക എന്നതാണ് ഇതുകൊണ്ടർത്ഥമാക്കുന്നത്. മനസ്സാന്നിധ്യത്തോടെ നോമ്പെടുത്താൽ ഈ തലത്തിലെത്താൻ സാധിക്കും. വിശ്വാസം വിമലീകരിക്കപ്പെടും. അതിലൂടെ വിചാരവും കർമവും പരിശുദ്ധിയിലെത്തും. ഇതാണ് ആത്മീയതയുടെ മുഖമുദ്ര. തഖ്‌വയുടെ പരിണതി.
കറയില്ലാത്ത അകം സമ്പാദിക്കാൻ നോമ്പ് അവസരമൊരുക്കുന്നുണ്ട്. കളങ്കമില്ലാത്ത സ്വഭാവത്തിലും നോമ്പിന്റെ സ്വാധീനം വ്യക്തം. ഈ ആത്മബോധത്തിൽ നിന്നാണ് തൗബ പിറക്കുന്നത്. തമ്പുരാന്റെ മുമ്പിൽ അടിയറവ് പറയലാണ് തൗബ. തൗബ യാചനയാണ്. സംഭവിച്ചുപോയ താളപ്പിഴകളിൽ നിന്ന് മോചനം തേടൽ മാത്രമല്ല, ഇനി പിഴക്കില്ല എന്ന ശപഥമാണ് തൗബ. റമളാൻ തൗബയുടെയും മാസമാണ്. പടപ്പുകളോടുള്ള ബന്ധത്തിലും മനസ്സ് ശുദ്ധമാക്കണം. അപ്പോൾ മാത്രമേ പശ്ചാത്താപം സ്വീകാര്യമാവൂ. ഇമാം ഗസ്സാലി(റ) എഴുതി: ഖുർആൻ, സുന്നത്ത് കൊണ്ട് സ്ഥിരപ്പെട്ടതാണ് തൗബ. അകക്കണ്ണ് തകർക്കുകയാണ് തെറ്റുകൾ. ഉൾകാഴ്ചയില്ലാത്തവന് വിജയിക്കാനാവില്ല. പടച്ചവനും പടപ്പും പരസ്പരം പൊരുത്തപ്പെടുന്നതിന്റെ അടയാളം കൂടിയാണത്. തൗബ ചെയ്യുന്നവൻ തളരേണ്ടി വരില്ല.

 

അബ്ദുറഹ്‌മാൻ ദാരിമി സീഫോർത്ത്

Exit mobile version