മാപ്പില്ലാ പാട്ടുകളാകരുത് മാപ്പിള പാട്ടുകള്‍

Mappila Songs

കേവലം ഗാനവഴക്കം എന്നതിലുപരി ഒരു കാലത്ത് കേരളത്തിലെ പ്രധാനപ്പെട്ടൊരു ജനതയുടെ ദൈനംദിന ജീവിതത്തില്‍ നിന്ന് ഒരിക്കലും മാറ്റിനിര്‍ത്താന്‍ കഴിയാത്ത കാവ്യസങ്കല്‍പമായിരുന്നു മാപ്പിളപ്പാട്ട്. മലബാര്‍ മാപ്പിളമാര്‍ എന്ന പേരില്‍ കേരളത്തില്‍ അറിയപ്പെട്ട, പല നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും നാന്ദി കുറിച്ച ഒരു സമൂഹത്തിന്‍റെ നിത്യജീവിതത്തില്‍ സ്വാധീനം ചെലുത്തി വ്യാപിച്ച് കിടന്നിരുന്ന ഒരു ഇസ്ലാമിക കാവ്യശാഖയാണ് മാപ്പിളപ്പാട്ടുകളെന്ന വാസ്തവം പുതിയ തലമുറ അറിയാതെ പോകരുത്. വിഷമ ഘട്ടങ്ങളില്‍ പരിഹാരമായും സന്തോഷ നിമിഷങ്ങളില്‍ നന്ദി സൂചകമായും വേദന അനുഭവിക്കുമ്പോള്‍ ആശ്വാസമായും അവര്‍ ഈ ഗാനരൂപത്തെ ആശ്രയിച്ചു. മാപ്പിളമാര്‍ പാടുന്നതെന്തോ അതെല്ലാം ഒരു കാലത്ത് മാപ്പിളപ്പാട്ടുകളായറിയപ്പെട്ടിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് അവക്ക് വ്യക്തവും സ്പഷ്ടവുമായ നിയമസംഹിതകള്‍ വന്നുചേരുകയായിരുന്നു.

‘സ്വന്തമായുള്ള താളക്രമവും വൃത്ത നിബന്ധനയും പാലിച്ച് മലബാര്‍ മുസ്ലിംകളുടെ മൊഴിയിലും ജീവിതസങ്കല്‍പങ്ങള്‍ക്കും മതപരമായ ചിന്തകള്‍ക്കും ഊന്നല്‍ നല്‍കി രചിക്കപ്പെട്ട ഗാനങ്ങളാണ് മാപ്പിളപ്പാട്ടുകള്‍.’ നൂറ്റാണ്ടുകള്‍ ഏറെ കഴിഞ്ഞിട്ടും രൂപത്തിലും ഭാവത്തിലും മാറ്റമില്ലാതെ പൈകൃക തനിമയോടെ നിലനില്‍ക്കുന്ന ഒരു പ്രാക്തന സാഹിത്യരൂപമെന്ന അംഗീകാരം മാപ്പിളപ്പാട്ടുകള്‍ക്കുള്ളതാണ്. കേരളത്തിലെ പല പ്രാചീന സാഹിത്യരൂപങ്ങളും ഇന്ന് ആധുനികതയുടെ പിടിയില്‍ പെട്ട് കോലം മറിക്കപ്പെടുകയാണ്. മണ്‍മറഞ്ഞ ചരിത്രത്തിന്‍റെ വീരസ്മൃതിയിലേക്ക് ചേക്കേറേണ്ട ഗതികേട് ഈ സാഹിത്യ രൂപത്തിന് ഇന്നുവരെ ഉണ്ടായിട്ടില്ല.16-ാം നൂറ്റാണ്ടില്‍ ജീവിച്ച പ്രസിദ്ധ പണ്ഡിതനും മഹാകവിയുമായ ഖാളി മുഹമ്മദ് രചിച്ച മുഹ്യിദ്ദീന്‍ മാലയാണ് മാപ്പിളപ്പാട്ട് രൂപത്തില്‍ ലഭിച്ച ആദ്യത്തെ കൃതി എന്നതില്‍ തര്‍ക്കമില്ല. അതിന് മുമ്പും ഈ മേഖലയില്‍ എത്രയോ രചന നടന്നിട്ടുണ്ടാകണമെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.

സൂര്യാസ്തമയമായാല്‍ മാലമൗലിദുകള്‍ പാരായണം ചെയ്യാത്ത ഒരു വീടുപോലും ഇല്ലാതിരുന്ന ഒരു കാലം മലബാറിന് സ്വന്തമായിരുന്നു. ചില വിശേഷ സന്ദര്‍ഭങ്ങളില്‍ സന്ധ്യമയങ്ങിയാല്‍ ഗ്രാമത്തിലെ ജനങ്ങള്‍ ഒത്ത്കൂടി ഒരു പെട്രോമാക്സ് വെട്ടത്തില്‍ ഊടുവഴികളിലൂടെ നടന്നു കവലയില്‍ സംഗമിച്ച് ഉച്ചത്തില്‍ മാല മൗലിദുകള്‍ ആലപിക്കുമായിരുന്നുവെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു. ഒരു സ്ത്രീക്ക് പ്രസവമായാല്‍ അയല്‍പക്കത്തെ പെണ്ണുങ്ങള്‍ ഒരുമിച്ചുകൂടി നഫീസത്ത് മാല ആലപിക്കുകയും ആ ആത്മീയാനുഭൂതിയില്‍ ഓരോ കുഞ്ഞും ഭൂമിയിലേക്ക് വിരുന്നെത്തുകയും ചെയ്യും. പുതിയൊരു മാപ്പിള കൃതി അച്ചടിച്ച് പുറത്തു വന്നാല്‍ പുസ്തകക്കാരന്‍ അത് അങ്ങാടിയില്‍ കൊണ്ടുവന്ന് ഉറക്കെ പാടും. അത് കേള്‍ക്കേണ്ട താമസം പാട്ട്മോഹികളെത്തുകയായി. ഇങ്ങനെ പൂര്‍വകാല മാപ്പിളമാരില്‍ വല്ലാത്തൊരു സ്വാധീനമുണ്ടാക്കി അവരുടെ ജീവിതത്തിന്‍റെ പരിച്ഛേദമായി മാറിയിരുന്നു മാപ്പിളപ്പാട്ടുകള്‍.

 

അതിജീവനവും ഇശല്‍ സങ്കല്‍പ്പവും

എന്ന് മുതല്‍ക്കാണ് ഈ കലാരൂപത്തിന് മാപ്പിളപ്പാട്ടെന്നും അതിന്‍റെ വൃത്തനിയമത്തിന് ഇശലെന്നും പേരു വന്നതെന്ന് പറയാന്‍ വ്യക്തമായ തെളിവുകള്‍ ലഭ്യമല്ല. എന്തായാലും മാപ്പിള എന്നത് ഒരു ജനവിഭാഗത്തിന് സമൂഹം ഒന്നടങ്കം ചാര്‍ത്തിക്കൊടുത്ത വിശേഷണമാണെന്നതില്‍ സംശയമില്ല. അങ്ങനെ അവര്‍ മാപ്പിളകളായി. അവരുടെ ഗാനം മാപ്പിളപ്പാട്ടുമായി. യുക്തികൊണ്ടും തെളിവ് കൊണ്ടും കൂടുതല്‍ അംഗീകരിക്കപ്പെട്ട അഭിപ്രായം ഈ പദത്തിന്‍റെ ഉല്‍പത്തി മഹാപിള്ളയില്‍ നിന്നാണെന്നതാണ്. അതിന് കാരണമായി പറയുന്നത് മറ്റുള്ളവരെക്കാള്‍ സമൂഹത്തില്‍ നിലയും വിലയുമുള്ളവരായിരുന്നു മുസ്ലിംകള്‍ എന്നതാണ്. അറേബ്യന്‍ കച്ചവടക്കാരായ സമ്പന്ന മുസ്ലിംകളെയാണ് കേരള ജനത ആദ്യമായി കാണുന്നവരെന്നോര്‍ക്കണം. അവര്‍ക്കു നല്‍കിയ വിശേഷണമായിരുന്നു മഹാപിള്ള എന്നത്. സഞ്ചാരികളായിരുന്ന ഇവര്‍ ഗ്രാമങ്ങളില്‍ വരെ ചെന്നെത്തിയിരിക്കണം. ജാതി വ്യത്യാസം മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ തീര്‍ത്തിരുന്നതിനാല്‍ താഴ്ന്ന ജാതിക്കാരോടും മേല്‍ജാതികളോളും വിവേചനമില്ലാതെ ഇടപഴകിയ ഇവര്‍ വലിയ സ്വീകാര്യത തന്നെ ജനങ്ങള്‍ക്കിടയില്‍ ആര്‍ജിച്ചു. അവര്‍ക്ക് മഹാപിള്ളകള്‍ എന്ന വിശേഷണം ചാര്‍ത്തിക്കിട്ടി. അവരുടെ പിന്മുറക്കാര്‍ ക്രമേണ മാപ്പിളയെന്നും വിളിക്കപ്പെട്ടു.

സമൂഹത്തില്‍ വരേണ്യവര്‍ഗ സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് മാത്രം അംഗീകാരമുള്ള കാലത്താണ് കേവലമൊരു നാടോടി കലാരൂപമായി മാപ്പിളപ്പാട്ടുകള്‍ ഉദയം ചെയ്യുന്നത്. അതുകൊണ്ട് തന്നെ മുഖ്യധാരയില്‍ നിന്ന് അത് മാറ്റിനിര്‍ത്തപ്പെട്ടു. അക്കാലത്ത് മലയാളവും അറബി ഭാഷയും കലര്‍ന്ന അറബിമലയാളത്തിലുള്ള മാപ്പിളപ്പാട്ടുകള്‍ക്ക് എത്ര സ്വീകാര്യത ലഭിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ആര്യവല്‍ക്കരണത്തിന്‍റെ അതിപ്രസരം മൂലം നാടോടി സാഹിത്യ രൂപങ്ങള്‍ക്കേറ്റ അപചയവും അവ ശ്രദ്ധിക്കാതെ പോകാനുള്ള മറ്റൊരു കാരണമാണ്. ഇവ്വിധം പല നാടോടി രൂപങ്ങള്‍ മണ്‍മറഞ്ഞ് പോയെങ്കിലും ഭാഷാസൗന്ദര്യം കൊണ്ടും ആലാപന വ്യതിരിക്തത കൊണ്ടും  മാപ്പിളപ്പാട്ടുകള്‍ അന്നും ഇന്നും കേരളക്കരയെ ഒന്നടങ്കം അത്ഭുതപ്പെടുത്തി നിലനില്‍ക്കുന്നു.

പേടിച്ചരണ്ട ഒരു ജനതയെ അധിനിവേശക്കാര്‍ക്കെതിരായ യുദ്ധത്തിന് സജ്ജമാക്കാന്‍ പല കവികളും ഈ കാവ്യരൂപത്തെ ഉപയോഗിച്ചത് ഇതിന്‍റെ ത്രസിപ്പിക്കുന്ന വൈവിധ്യം കൊണ്ടാണ്. അത്തരം പല യുദ്ധകാവ്യങ്ങളും ബ്രിട്ടീഷ് അധികാരികള്‍ നിരോധിക്കുകയും നശിപ്പിക്കുകയും ചെയ്തു. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മുഹ്യിദ്ദീന്‍, മുഹമ്മദ് എന്നിവര്‍ ചേര്‍ന്നു രചിച്ച ചേരൂര്‍ പടപ്പാട്ട്. അതിലെ വീര്യം ജനിപ്പിക്കുന്ന വരികള്‍ യുവാക്കളെ വൈദേശിക പട്ടാളക്കാര്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിക്കുമെന്നത് കൊണ്ടായിരുന്നു നിരോധിച്ചത്. തന്നെ   വെറുത്ത പ്രിയതമന്‍റെ മനസ്സലിയിപ്പിക്കാന്‍ മറിയം കുട്ടി തിരഞ്ഞെടുത്ത മാര്‍ഗവും മാപ്പിളപ്പാട്ട് തന്നെ. നവോത്ഥാന പാട്ടുകളും കല്യാണ സദസ്സുകളിലെ നിറസാന്നിധ്യമായിരുന്ന കല്യാണപ്പാട്ടുകളും മാപ്പിളപ്പാട്ടുകള്‍ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനത്തിന് ഉത്തമ ഉദാഹരണങ്ങളത്രെ.

ഇശലുകളെ കുറിച്ച് പ്രതിപാദിക്കുമ്പോള്‍ എടുത്തുപറയേണ്ട ഒരു കാര്യം ഈ സംഹിതക്ക് വ്യക്തവും ഉചിതവും സമ്പൂര്‍ണവുമായൊരു നിര്‍വചനം നല്‍കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല എന്നതാണ്. തമിഴ് സാഹിത്യ നിര്‍മിതികളിലൊന്നായ ഇയറ്റമിളില്‍ നിന്നാണ് ഇശല്‍ രൂപപ്പെട്ടത് എന്നതാണ് പൊതുവെ അംഗീകരിക്കപ്പെട്ട അഭിപ്രായം. ഇയല്‍+തമിള്‍ ആണ് ഇയറ്റമിളിന്‍റെ പിരിച്ചെഴുത്ത്. തമിഴ് പദ്യ സാഹിത്യ നിര്‍മിതികളെ കുറിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. ഇതില്‍ നിന്ന് തമിള്‍ ഒഴിവാക്കിയാല്‍ കിട്ടുന്ന ഇയല്‍ മലയാളത്തിലേക്ക് വരുമ്പോള്‍ ‘യ’ കാരം ‘ശ’ കാരമായി ഇശല്‍ എന്നായി. ഇതിനെ മലയാളികള്‍ ശീല്‍ എന്നും ചേല്‍ എന്നുമൊക്കെ വിളിച്ചതായി കാണാം. അറബിക് വൃത്തസങ്കല്‍പങ്ങളുടെയും കേരള നാടോടി വൃത്തസങ്കല്‍പങ്ങളുടെയും സംയോജനത്തില്‍ നിന്നുണ്ടായിത്തീര്‍ന്ന പുതിയൊരു സാഹിത്യ രൂപമായി ഇശലിനെ കാണാം. ഇതൊരു അലിഖിത നിയമ സംഹിതയാണ്. ഇവ മാപ്പിള കവികളുടെ ഹൃദയങ്ങളില്‍ കുടികൊള്ളുന്നു. മലയാള കാവ്യ വൃത്തങ്ങള്‍ക്കും അറബിക് കാവ്യവൃത്തങ്ങള്‍ക്കും ഉള്ളത് പോലെ ക്രോഡീകരിക്കപ്പെട്ട, അല്ലെങ്കില്‍ പൊതുവെ അംഗീകരിക്കപ്പെട്ട ഒരു ശാസ്ത്ര ശാഖ ഇവക്കില്ല. ഇങ്ങനെയൊക്കെയാണെങ്കിലും സ്പഷ്ടമായൊരു നിയമത്തില്‍ അധിഷ്ഠിതമായി തന്നെയാണ് മാപ്പിളപ്പാട്ടുകളുടെ രചന.

മോഡേന്‍ കവിതകളില്‍ നിന്ന് വേരറ്റുപോയതും രാമചരിതം മുതലുള്ള പ്രാക്തന കാവ്യരൂപങ്ങളിലുള്ളതുമായ വലിത്തല്‍, മെലിത്തല്‍, നീട്ടല്‍ തുടങ്ങിയ ചെയ്യുള്‍ വികാരങ്ങള്‍ ഇന്നും ഈ ഗാനശാഖയില്‍ ഉപയോഗിക്കുന്നുണ്ട്. മാപ്പിളപ്പാട്ടുകളുടെ നിയമത്തെ രണ്ട് വരികളിലായി ചുരുക്കി മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ വിശദീകരിക്കുന്നത് ഇങ്ങനെ: ‘വകകള്‍ മുതനൂല്‍ ചിറ്റെളുത്തും കമ്പി, വാലും തലൈ ചന്തം കുനിപ്പും കമ്പി’. അതായത് പ്രധാനപ്പെട്ട 5 നിയമങ്ങള്‍ മാപ്പിളപ്പാട്ടില്‍ പാലിക്കേണ്ടതുണ്ട് കമ്പി, കഴുത്ത്, വാല്‍കമ്പി, വാലുമ്മല്‍കമ്പി, ചിറ്റെളുത്ത് എന്നിവയാണവ. ഈ നിയമങ്ങള്‍ പാലിക്കാതെ രചിച്ച പല കാവ്യങ്ങളെയും എതിര്‍ത്ത് കവിത രചിച്ചവര്‍ കേരളത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്.

സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന പരിഷ്കാര പ്രവണതകളെ ആകെ അടച്ചാക്ഷേപിച്ചുകൊണ്ട് കോഴിക്കോട്ടുകാരനായ ആലിക്കോയ മാസ്റ്റര്‍ പരിഷ്കാര മാല എന്നൊരു പാട്ട് രചിക്കുകയുണ്ടായി. പ്രസ്തുത പാട്ടിന്‍റെ ഉള്ളടക്കത്തെ എന്ന പോലെ അതിന്‍റെ ശൈലിയെയും അതിലെ പ്രാസനിയമ ലംഘനത്തെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് മഹാകവി പുലിക്കോട്ടില്‍ ഹൈദര്‍ രചിച്ച കൃതിയാണ് ദുരാചാരമാല. ‘ഒട്ടുടെ കമ്പി കഴുത്ത് കണക്കും കെട്ടിയ പാട്ടില്‍ കണ്ടില്ല’ എന്നു തുടങ്ങുന്നു ആ കവിത. എന്നാല്‍ അയമുല്ലക്കയച്ച കത്തില്‍ മേപ്പടിയാന്‍റെ രചനാ വൈഭവത്തെയും പ്രാസനിയമപാലനത്തെയും പ്രശംസിച്ച് കൊണ്ടും പുലിക്കോട്ടില്‍ ഹൈദര്‍ കാവ്യം രചിച്ചിട്ടുണ്ട്. അതിനാല്‍ കൃത്യമായ നിയമ പ്രകാരം രചിക്കാത്ത ഒന്നിനെയും മാപ്പിളപ്പാട്ട് എന്ന് പറയാന്‍ കഴിയില്ലെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം.

അടിസ്ഥാന ഇശല്‍, ജന്യ ഇശല്‍ എന്നിങ്ങനെ രണ്ടുതരത്തില്‍ ഇശലുകളെ വേര്‍തിരിക്കാം. മാപ്പിളപ്പാട്ടില്‍ അഞ്ഞൂറോളം ഇശലുകളുണ്ടെന്ന് ചിലര്‍ നിരീക്ഷിക്കുന്നുണ്ട്. അത് ശരിയല്ലെന്നാണ് വിദഗ്ധാഭിപ്രായം. ജന്യ ഇശലുകളെ വെവ്വേറെ ഓരോരോ ഇശലുകളായി തെറ്റിദ്ധരിക്കുന്നതില്‍ നിന്ന് വരുന്ന അബദ്ധമാണ് ഇതെന്ന് പണ്ഡിതന്മാര്‍ പറയുന്നു. ഉദാഹരണത്തിന് കൊമ്പ് എന്നത് ഒരു അടിസ്ഥാന ഇശലാണ്. അതില്‍ നടുചാട്ട്, മുറുക്കം എന്നിവ ചേര്‍ക്കുമ്പോള്‍ കൊമ്പ് നടുചാട്ട് മുറുക്കം എന്ന ജന്യ ഇശല്‍ രൂപപ്പെടുന്നു. ഇതിനെ സ്വന്തം ഇശലായി എണ്ണാന്‍ കഴിയില്ല. കാരണം നടുച്ചാട്ട്, മുറുക്കം എന്നീ നിയമങ്ങള്‍ ഓരോ കവിക്കും അവരുടെ അഭിരുചിക്കനുസരിച്ച് മാറ്റിക്കൊടുക്കാവുന്നതാണ്. മാത്രമല്ല, എല്ലാ കവിതകളിലും ഒരു അടിസ്ഥാന ഇശല്‍ നിര്‍ബന്ധമാണ്. എന്നാല്‍ മുറുക്കം, ചാട്ടം തുടങ്ങിയവ ആവശ്യാനുസരണം മാത്രം ചേര്‍ത്താല്‍ മതിയാകും. ഇതിനെ അടിസ്ഥാന ഇശലായി കാണാന്‍ കഴിയില്ല. ജന്യ ഇശലായി മാത്രമേ കാണാനാകൂ. ഇങ്ങനെയുള്ള നിരവധി ഇശലുകളിലധിഷ്ഠിതമായി രചന നിര്‍വഹിച്ച ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകള്‍ ഇന്ന് നമുക്ക് ലഭ്യമാണെന്നതും പ്രാചീന ഇശലുകളിലധിഷ്ഠിതമായി ഇപ്പോഴും രചനകള്‍ നടക്കുന്നുവെന്നതും ഇവയെ പ്രാക്തന സാഹിത്യ രൂപത്തിലേക്ക് വിളക്കിച്ചേര്‍ക്കുന്നു.

മലയാള ഭാഷാ കവിതകള്‍ തന്നെ അതിന്‍റെ പ്രാസനിയമങ്ങളെ മാറ്റിനിര്‍ത്തി ആധുനിക ഗദ്യ കവിതകളിലേക്ക് കുടിയേറിയപ്പോഴും ഇശല്‍ എന്ന മാപ്പിള കവിത പ്രാസനിയമം പാലിച്ച് ഇന്നും നിലനില്‍ക്കുന്നുവെന്നത് അഭിമാനത്തിന് വക നല്‍കുന്നു. എന്നാലും തുള്ളാട്ടപാട്ടുകള്‍ എന്ന് പേരിട്ട് വിളിക്കുന്ന വികലാര്‍ത്ഥങ്ങളായ തോന്ന്യാക്ഷര കൂട്ടങ്ങളെ മാപ്പിളപ്പാട്ടുകളെന്ന് വിളിക്കുന്ന ഒരു ഗതികേട് ഈ മേഖലയിലേക്കും വന്നുചേരുന്നുണ്ട്. ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യം പ്രാസനിയമങ്ങള്‍ പാലിക്കുകയും ഇശലുകളുടെ തനിമയില്‍ ഒതുങ്ങിനില്‍ക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഏതു പാട്ടും മാപ്പിളപ്പാട്ടിന്‍റെ ഗണത്തില്‍ പെടുകയുള്ളൂ. അല്ലാത്തവ മുഴുവനും മാപ്പില്ലാ പാട്ടുകള്‍ മാത്രമാണ്.

Exit mobile version