മാപ്പിള മലബാറിന്റെ അറബിമലയാളത്തനിമ

ARABI MALAYALAM

മലബാർ..! മാപ്പിളമാരുടെ സാംസ്‌കാരിക ഭൂമി. കേരളത്തിന്റെ വടക്കുഭാഗത്ത്, പടിഞ്ഞാറൻ കടൽതീരത്ത് തനിമ കൈവിടാതെ തലയുയർത്തി നിൽക്കുന്ന ദേശം! വിദേശികളുടെ കടൽകടന്നുള്ള വാണിജ്യബന്ധം മലബാറിനെ അനേകം ഭാഷകളുടെ സംഗമഭൂമിയാക്കി മാറ്റി. ഇസ്‌ലാം മതത്തിന്റെ ഭാഷയായ അറബിയാണ് മലബാറിന്റെ മണ്ണിൽ വേരുപിടിച്ച ഒരു വിദേശ ഭാഷ. മലയാളനാട് അറബിമലയാളമായി അതിനെ സ്വീകരിക്കുകയും ചെയ്തു. ‘മലബാർ’ എന്ന പദത്തിന്റെ വ്യുൽപത്തി പരതുമ്പോൾ എത്തിച്ചേരുന്നതും ഭാഷാസങ്കരത്തിലേക്കാണ്. ‘പർവതം’ എന്നർത്ഥമുള്ള ‘മല’ തമിഴനായതും ‘തീരം’ എന്നർത്ഥമുള്ള ‘ബാർ’ പേർഷ്യനായതും അങ്ങനെയാണ്. ഇന്ന് അറബിമലയാളം ആധുനികതയുടെ ആഢ്യത്തിൽ പഴഞ്ചൻ ‘സീറ’കളായി പുസ്തകത്താളുകളിൽ ചിതലരിക്കാനിരിക്കുന്നുവെന്നു പറയാം. മാപ്പിളമലയാളം എന്ന അപരനാമത്തിൽ പുകൾപെറ്റ അറബിമലയാളം അന്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് മാപ്പിളമലബാറിന്റെ ഭാഷയും സംസ്‌കാരവുമായിരുന്നു അത്. ആത്മീയ ഉന്നമനത്തിന് അറബിമലയാള ഗ്രന്ഥങ്ങൾ വളരെയധികം സ്വാധീനിച്ചു. മലയാളം അറിയാത്തവർക്കു പോലും അക്കാലത്ത് അറബിമലയാളം എഴുതാനും വായിക്കാനും കഴിയുമായിരുന്നു.

ഉത്ഭവം, ചരിത്രം

മലയാള ഭാഷക്ക് ഏകീകൃത ലിപി വ്യവസ്ഥ ഇല്ലാതിരുന്ന കാലത്താണ് അറബി മലയാളം ഉരുത്തിരിഞ്ഞു വരുന്നത്. അറബികൾക്ക് കേരളവുമായി സുലൈമാൻ നബി(അ)യുടെ കാലം തൊട്ടേ വ്യാപാരബന്ധമുണ്ടായിരുന്നു. തമിഴിന്റെ ചുവയുള്ള നാടൻ സംഭാഷണ രീതിയായിരുന്നു കേരളത്തിൽ എഡി 8-ന് മുമ്പുണ്ടായിരുന്നത്. പിന്നീട് ഇസ്‌ലാം മതപ്രചാരണാർത്ഥം അറബികൾ കേരളത്തിലെത്തിയപ്പോൾ പ്രബോധനത്തിന് വലിയ തടസ്സമായത് ഭാഷയായിരുന്നു. മലയാളത്തിന് ഏകീകൃത ലിപിവ്യവസ്ഥ ഇല്ലാതിരുന്നതിനാൽ ഇസ്‌ലാമിക ആശയങ്ങളും ആചാരാനുഷ്ഠാനങ്ങളും നാട്ടുകാർക്ക് പരിചയപ്പെടുത്തിക്കൊടുക്കാൻ പര്യാപ്തമായ ഒരു ഭാഷ അനിവാര്യമായിത്തീർന്നു. അങ്ങനെ അറബിയിലെയും മലയാളത്തിലെയും പദങ്ങളും ആശയങ്ങളും സങ്കലിപ്പിച്ച് പുതിയ ഭാഷാഭേദം രൂപപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുഭാഷകളിലെയും പദങ്ങൾ ഉൾപ്പെടുത്തി നാട്ടുഭാഷയുടെ വ്യാകരണത്തോടെ അറബിലിപിയിൽ പുതിയൊരു എഴുത്തു ശൈലിയും ഉടലെടുത്തു. ഈ ഭാഷാ സംവിധാനമാണ് അറബി-മലയാളം എന്നറിയപ്പെട്ടത്. (ഇതിന്റെ രൂപപരിണാമത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്). അറബിലിപിയെയും അക്ഷരങ്ങളെയും ആധാരമാക്കി മലയാള ഭാഷ എഴുതാൻ ഒരു ലിപിയുണ്ടാക്കിയതാണ് അറബിമലയാളം. അറബിയിലെയും മലയാളത്തിലെയും അക്ഷരങ്ങൾ എഴുതാവുന്ന രൂപത്തിൽ അറബി അക്ഷരമാലയിൽ ചില കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളും വരുത്തിയാണ് ഈ പ്രത്യേക ലിപി രൂപപ്പെടുത്തിയത്. അറബി ലിപി പോലെ വലത്തുനിന്നും ഇടത്തോട്ട് തന്നെയാണ് അറബിമലയാളവും എഴുതുന്നത്.

അതുകൊണ്ട് തന്നെ മലയാളത്തിൽ നിന്നും വ്യതിരിക്തമായൊരു സ്വതന്ത്ര ഭാഷയല്ലിത്. ലിപി മാത്രമാണ് അറബി. അത് വായിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദവും ആശയവുമെല്ലാം മലയാളം തന്നെ. മലയാളത്തിലില്ലാത്ത ചില പദങ്ങളും പ്രയോഗങ്ങളുമുണ്ടെന്നത് വിസ്മരിക്കാവതല്ല. ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ)യുടെ രചനയിൽ വിവാഹമോചനവുമായി ബന്ധപ്പെട്ട ചർച്ചയിൽ ‘മൊഴിച്ചൊല്ലൽ’ എന്ന വാക്കിനെ പറ്റി നാട്ടിൽ പ്രസിദ്ധമായത് എന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നതും മറ്റും അറബിമലയാളത്തിന്റെ അടിത്തറ എത്രത്തോളം ശക്തമാണെന്ന് വ്യക്തമാക്കുന്നു.

രണ്ട് വീക്ഷണങ്ങൾ

അറബിമലയാളത്തിന്റെ ഉത്ഭവത്തിന് രണ്ട് വീക്ഷണങ്ങളാണ് പ്രധാനമായും ഉള്ളത്. പ്രാദേശിക ഭാഷ അതിന്റെ തന്നെ ലിപി ഉപയോഗിച്ച് എഴുതുന്നതിനു പകരം അറബിലിപി ഉപയോഗിച്ച് എഴുതുന്ന രീതി അറബികൾക്കുണ്ടായിരുന്നു. അങ്ങനെയാണ് പ്രാദേശിക ഭാഷക്ക് അറബിലിപി ഉപയോഗിക്കുന്ന സമ്പ്രദായം രൂപപ്പെട്ടത് എന്നു പറയുന്നു.

അറബിത്തമിഴ്, അറബിക്കന്നട, അറബി സിന്ധി, അറബി സിംഹള, അറബി പഞ്ചാബി തുടങ്ങിയ ലിപികൾ ഇതിനുദാഹരണങ്ങളാണ്. ആശയ വിനിമയത്തിനും മതപ്രചാരണത്തിനുമായി വിദേശ ഭാഷകൾ അറബിലിപിയിൽ എഴുതൽ അറബികളുടെ പതിവായിരുന്നു.

അറബിലിപി വിജ്ഞാനം നേടിയ തദ്ദേശീയരുടെ വ്യവഹാര ശ്രമത്തിന്റെ ഫലമായി രൂപംകൊണ്ടതാണ് അറബിമലയാളം എന്നതാണ് മറ്റൊരു കാഴ്ച്ചപ്പാട്. മതപരമായ ആവശ്യങ്ങൾക്കായി മാപ്പിളമാർ അറബിലിപി വിജ്ഞാനം സ്വായത്തമാക്കുകയും അവരുടെ വ്യവഹാര ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തു. ഖുർആൻ സൂക്തങ്ങളും തിരുവചനങ്ങളും ആത്മീയ ഗീതങ്ങളും അറബിയല്ലാത്ത ലിപിയിൽ എഴുതുന്നത് കുറ്റകരമാണെന്ന വിശ്വാസം മലബാറിൽ നിലനിന്നിരുന്നു. അറബിഭാഷ ദൈവികമാണെന്നും മതകാര്യങ്ങൾ അറബിയിൽ എഴുതണമെന്നുമുള്ള ഉത്‌ബോധനം ഇതിന് ഹേതുകമായി. അതിന്റെ ഫലമായി ഒരു പുതിയ ലിപി കണ്ടെത്തുവാൻ കേരളീയ മുസ്‌ലിംകൾ നിർബന്ധിതരായി. അങ്ങനെയാണ് അറബിമലയാളം രൂപപ്പെട്ടതെന്ന് പറയുന്നു (മൻസൂറലി ടി. അറബിമലയാള സാഹിത്യ പഠനങ്ങൾ). രണ്ടായാലും ചരിത്രപരമായ അനിവാര്യത അറബിമലയാളത്തിന്റെ വളർച്ചയെ വളരെയധികം സ്വാധീനിച്ചു എന്ന് നിസ്സംശയം പറയാനാകും.

ലോകത്ത് വികാസം പ്രാപിച്ച ഭാഷകൾക്കെല്ലാം അധികാര പിന്തുണയുടെയും അടിച്ചേൽപ്പിക്കലിന്റെയും ഗന്ധമുണ്ടാകും. ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചും എഴുത്തുകാർക്ക് പാരിതോഷികങ്ങൾ നൽകിയും ഭരണകൂടങ്ങൾ സ്വന്തം ഭാഷ അഭിവൃദ്ധിപ്പെടുത്താൻ ശ്രമങ്ങൾ നടത്തി. അധിനിവേശ മേഖലകളിൽ ഭരണകൂട ഭാഷ അടിച്ചേൽപ്പിച്ച ചരിത്രവുമുണ്ട്. എന്നാൽ യാതൊരുവിധ അധികാരലാളനയുമേൽക്കാതെയാണ് അറബിമലയാളം തഴച്ചുവളർന്നത്. പ്രത്യുത, പണ്ഡിതന്മാരുടെ അർപ്പണബോധം കൊണ്ട് മാത്രമായിരുന്നു അത്. അറക്കൽ രാജാവിന്റെ പിൻഗാമികൾ കേരളം അടക്കിവാണിരുന്നെങ്കിൽ മലയാളഭാഷയുടെ സർവാംഗീകൃത ലിപി തന്നെ അറബിമലയാളമായി മാറുമായിരുന്നു എന്ന ചരിത്രകാരൻ ശൂരനാട് കുഞ്ഞൻപിള്ളയുടെ പ്രസ്താവന (യുവകേരളം) ശ്രദ്ധേയമാണ്.

മലയാളസാഹിത്യ സ്വാധീനം

മലയാള ഭാഷയുടെ ആശയ പ്രകാശന ശേഷിയും ഭാഷാസൗന്ദര്യവും ആഖ്യാന മാതൃകകളും പ്രമേയ വൈവിധ്യവും വർധിക്കുന്നതിൽ അറബിമലയാളം വലിയ പങ്കുവഹിച്ചിട്ടുണ്ട്.

മലയാളം ഒരു ജീവൽഭാഷയായി മാറിയതിനു പിന്നിൽ അറബിമലയാളത്തിന്റെ പ്രേരണ ചെറുതൊന്നുമല്ല. എഡി 1607-ൽ ഖാസി മുഹമ്മദ് രചിച്ച മുഹ്‌യിദ്ദീൻ മാലയാണ് എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ട് പിറക്കാൻ ഹേതുകമായതെന്ന് ചരിത്രാവബോധമുള്ളവർക്കറിയാം. ഭക്ത കവികളായ ചെറുശ്ലേരിയും പൂന്താനവും മലബാറിന്റെ മണ്ണിൽ കവിത വിരിയിച്ചപ്പോൾ അതിന് ഊർജമേകിയത് അറബിമലയാളത്തിൽ പ്രചാരം നേടിയ ആത്മീയ കാവ്യങ്ങളായിരുന്നു (ഡോ. സ്‌കറിയ സക്കറിയ, കേരള സംസ്‌കാര പഠനങ്ങൾ പുറം: 16667). സാഹിത്യത്തിന്റെ സർവമേഖലയിലും അറബിമലയാളം അതിന്റെ ധൈഷണിക മുന്നേറ്റം സാധ്യമാക്കി.

ലിപി പരിഷ്‌കരണം

അറബി അക്ഷരമാലയിലെ അ, ബ, ത, ജ, ദ, റ, സ, ശ, ക, ല, മ, ന, വ, ഹ, യ എന്നീ പതിനഞ്ച് അക്ഷരങ്ങൾക്കു മാത്രമേ സമാനമായ മലയാള അക്ഷരമുള്ളൂ. അവശേഷിക്കുന്ന പതിമൂന്ന് അക്ഷരങ്ങളെ പ്രതിനിധീകരിക്കാൻ പര്യാപ്തമായ രൂപം മലയാള ലിപിയിലില്ല. എന്നാൽ അറബിമലയാളത്തിന് ഇത്തരം ന്യൂനതകളൊന്നുമില്ല. ഏത് ഭാഷാ രൂപത്തെയും ഉൾകൊള്ളാനുള്ള ശേഷിയുണ്ടതിന്.

ഇരുപത്തെട്ട് അക്ഷരത്തിൽ കൂട്ടിചേർക്കലുകൾ നടത്തിയാണ് അറബിമലയാളത്തിന് തുടക്കം കുറിച്ചത്. ‘എ’ കാരവും ‘ഒ’ കാരവുമില്ല. പകരം ‘യാ’ ഉം ‘വാ’ ഉം ഉപയോഗിച്ചു. ശേഷം ള, ര, ണ, ട, ച, ങ്ങ എന്നീ ആറക്ഷരങ്ങളും ഞ്ച, റ്റ എന്നിവയും എ, ഒ എന്നിവക്ക് സ്വര ചിഹ്നങ്ങളും വർധിപ്പിച്ച് അറബിമലയാള ലിപി വിപുലീകരിച്ചു. പുരാതന അറബിമലയാളത്തിലുള്ള  വെള്ളാട്ടി മസ്അല, നിസ്‌കാരപ്പാട്ട്, ഇശ്‌റൂനസ്സ്വിഫാത്, വാജിബാതുൽ മുസ്‌ലിമീൻ  എന്നിവ രചിക്കപ്പെട്ടത് ഇവ്വിധമാണ്.

ഹിജ്‌റ പതിനാലാം നൂറ്റാണ്ടിലാണ് ലിപി പരിഷ്‌കരണം പൂർണമാകുന്നത്. 51 അക്ഷരങ്ങളാണല്ലോ മലയാളത്തിലുള്ളത്. പതിനഞ്ച് സ്വരങ്ങളും മുപ്പത്തിയാറ് വ്യജ്ഞനങ്ങളും. അതിൽ പതിനഞ്ച് അക്ഷരങ്ങൾക്ക് സമാനമായ അറബി അക്ഷരങ്ങളുണ്ടെന്ന് പറഞ്ഞല്ലോ. ബാക്കി വന്ന മുപ്പത്താറ് അക്ഷരങ്ങൾക്ക് രൂപം കണ്ടെത്തി. അതിഖരങ്ങളും ഘോഷങ്ങളുമായ അക്ഷരങ്ങൾക്ക് (ഖ, ഛ, ഠ, ഥ, ഫ, ഘ, ഝ, ഢ, ധ, ഭ) അവയുടെ വർഗാക്ഷരങ്ങളുടെ (ക, ച, ട, ത, പ) അവസാനത്തിൽ ‘ഹാഅ്’ ചേർത്തും ഖരങ്ങളായ ച, ട, പ മൃദുവായ ഡ അനുനാസികങ്ങളായ ങ്ങ, ഞ, ണ മറ്റു വ്യജ്ഞനങ്ങളായ ര, ഷ, ഴ, ള എന്നിവ സദൃശങ്ങളായ അറബി അക്ഷരങ്ങൾക്ക് ഒന്നുമുതൽ നാലുവരെ പുള്ളികൾ ചേർത്തും ‘ഗ’  ക്ക് ‘ക’ കാരത്തിനു മുകളിൽ ഒരു വരയിട്ടും രൂപപ്പെടുത്തി. എ, ഏ, ഒ, ഓ എന്നിവക്ക് സ്വരചിഹ്നങ്ങൾ ഉണ്ടാക്കി. ഋ, ഐ, ഔ, അം എന്നിവക്ക് രണ്ടക്ഷരങ്ങൾ ചേർത്തുവെച്ചു. അഃ യിലെ പുള്ളിക്കു പകരം ഹാഅ് കൊടുത്തതാണ് ഒടുവിൽ നടന്ന പരിഷ്‌കരണം. അതിന്റെ ഉപജ്ഞാതാവ് കക്കാട് അബ്ദുല്ല മൗലവിയാണ്.

ലിപി പരിഷ്‌കരണത്തിന് നേതൃത്വം നൽകിയിരുന്നത് കേരളത്തിലെ മുസ്‌ലിം ഉന്നമനത്തിന് അഹോരാത്രം പരിശ്രമിച്ചിരുന്ന ആത്മീയ പണ്ഡിതന്മാരായിരുന്നു. ഖുതുബുസ്സമാൻ മമ്പുറം സയ്യിദലവി തങ്ങളും(റ) പുത്രൻ ഫസൽ പൂക്കോയ തങ്ങളു(ന.മ)മാണ് ലിപി നവീകരണത്തിന്റെ ആദ്യകാല നേതാക്കൾ. വെളിയങ്കോട് ഉമർ ഖാളി(റ)യും പരപ്പനങ്ങനാടി അവുക്കോയ മുസ്‌ലിയാർ, മഖ്ദൂം കുടുംബത്തിലെ അബ്ദുറഹ്മാൻ മഖ്ദൂം, ശുജായി മൊയ്തു മുസ്‌ലിയാർ എന്നിവരും ഭാഷ വികസിപ്പിക്കാൻ കനപ്പെട്ട സേവനങ്ങളർപ്പിച്ചു. തലശ്ലേരി കാരക്കൽ മമ്മദ് സാഹിബും മുഹമ്മദ് നൂഹ് കണ്ണ് മുസ്‌ലിയാരും പ്രസ്തുത ഗണത്തിലുണ്ട്. മക്തി തങ്ങളും വക്കം മൗലവിയും ലിപിക്ക് രൂപം കൊടുത്തെങ്കിലും പൊതുജന സ്വീകാര്യത ലഭിച്ചില്ല. കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ അനിഷേധ്യ വ്യക്തിത്വം ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതാണ് ജനപ്രീതി നേടിയ ആധുനിക അറബിലിപി. ഹിജ്‌റ 1311-ൽ അദ്ദേഹം തസ്വ്‌വീറുൽ ഹുറൂഫ് എന്ന പേരിൽ ആദ്യത്തെ അറബി അക്ഷരമാല രചിച്ചു. മക്തിതങ്ങൾ പരിഷ്‌കരിച്ച ലിപിയുടെ ന്യൂനതകൾ ചൂണ്ടി കാണിച്ചും ഉറുദു ഭാഷാ പഠനം സുഗമമാക്കാനും വേണ്ടി അദ്ദേഹം അറബിമലയാളത്തിൽ തന്നെ രചിച്ച കൃതിയാണ് തസ്ഹീലു അദ്ഹാനിൽ ഇഖ്‌വാൻ ഫീ തഅ്‌ലീമിസ്സ്വിബ്‌യാനി ഹിന്ദുസ്ഥാനി. ഇതിലൂടെ അറബിമലയാള ലിപി വികസിപ്പിക്കുകയും ഒപ്പം ഉറുദുഭാഷ പഠിക്കാൻ മാപ്പിളമാരോട് ആഹ്വാനം നടത്തുകയും ചെയ്തു.

വരമൊഴിയിലെ സ്വീകാര്യത

മലയാള ഭാഷയുടെ ഭേദങ്ങളിലൊന്നായ മാപ്പിള മലയാളത്തിന്റെ വരമൊഴി രൂപങ്ങളിൽ ഒന്നിനെയാണ് അറബിമലയാളം എന്ന് വിവക്ഷിക്കുന്നത്. മലയാളത്തിന്റെ മറ്റു ഭേദങ്ങൾക്കൊന്നും സ്വന്തമായൊരു ലിപി ഇല്ലെന്നതിനാൽ മാപ്പിള മലയാളത്തിന്റെ മേന്മയായി അറബിമലയാളം കൊണ്ടാടപ്പെടുന്നു. അതുകൊണ്ട് തന്നെ മാപ്പിള മലയാളത്തിന്റെ ഗ്രന്ഥ സമ്പത്തിൽ ഏറെയും അറബിമലയാളത്തിൽ എഴുതപ്പെട്ടവയാണ്. 1950-കൾക്കു ശേഷമാണ് ആധുനിക അച്ചടി മലയാളത്തിൽ ഇസ്‌ലാമിക ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. അതുവരെയും ലിഖിത രൂപത്തിൽ അറബിമലയാളത്തിന്റെ അപ്രമാദിത്വം തന്നെയായിരുന്നു നിലനിന്നിരുന്നത്.

മതപ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി യൂറോപ്യൻ പാതിരിമാർ അറബിമലയാളത്തിലും ബൈബിൾ പ്രസിദ്ധീകരിച്ചു എന്നത് അറബിമലയാളത്തിന് സമൂഹത്തിലുണ്ടായിരുന്ന സ്വാധീനം വിളിച്ചോതുന്നുണ്ട്. മാത്രമല്ല, കേരളത്തിലെ സസ്യലതാദികളുടെയെല്ലാം വിവരശേഖരണം നടത്തി ഡച്ചുകാർ ‘ഹോർത്തൂസ് മലബാറിക്കസ്’ എന്ന പേരിൽ ഒരു ഗ്രന്ഥം തയ്യാറാക്കിയപ്പോൾ അതിലെ ഓരോ ഇനത്തിന്റെയും പേരുവിവരങ്ങൾ അറബിമലയാളത്തിൽ കൂടി അച്ചടിച്ചു എന്നത്, ഒരു ഭാഷാഭേദത്തിന്റെ വരമൊഴി രൂപമായിരുന്നിട്ടുകൂടി അറബിമലയാളത്തിന്റെ സ്വീകാര്യത എത്രത്തോളമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു.

സാഹിത്യരംഗത്തെ അതിജീവനം

അറബിമലയാളം സമകാലിക സാഹിത്യങ്ങളെ അതിജീവിച്ചത് പ്രശംസനീയമാണ്. മലയാള ഭാഷയിൽ നിരവധി സാഹിത്യരചനകൾ നടന്നിട്ടുണ്ടെങ്കിൽ കനപ്പെട്ടതും വായനക്കാർക്ക് മുതൽകൂട്ടാവുന്നതുമായ നിരവധി രചനകൾക്ക് അറബിമലയാള ഭാഷ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ചരിത്രത്തിൽ അറബിമലയാളം അടയാളപ്പെടുന്നതു തന്നെ ഒരു പാട്ടുകൃതിയിലൂടെയാണ്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അറബിമലയാളത്തിൽ എഴുതപ്പെട്ട പ്രഥമ കൃതി മുഹ്‌യിദ്ദീൻ മാലയാണ്. എഴുത്തുകാരന്റെ പേരും രചനാ കാലവും കൃതിയിൽ കൃത്യമായി കൊടുത്തിരിക്കുന്നു:

‘കണ്ടവൻ അറിവാളൻ കാട്ടിത്തരുമ്പോലെ

ഖാളിമുഹമ്മദ് അതെന്ന് പേരുള്ളോവർ..’

‘കൊല്ലം എഴുന്നൂറ്റി എൺപത്തി രണ്ടിൽ ഞാൻ

കോർത്തേൻ ഈ മാലനേ നൂറ്റമ്പത്തഞ്ചുന്മേൽ..’

എഡി 1607-ൽ (കൊല്ലവർഷം 782) 155 ഈരടികളിലായി ഖാളി മുഹമ്മദ് കോർത്തെടുത്ത കാവ്യമാണ് മുഹ്‌യിദ്ദീൻ മാല. ഇതിന് മുമ്പ് എഴുതപ്പെട്ട കൃതികൾ കണ്ടെടുക്കാത്തതിനാൽ അറബിമലയാള സാഹിത്യത്തെ കുറിച്ചുള്ള ഔപചാരിക വർത്തമാനം 1607-ന് അപ്പുറത്തേക്ക് കടക്കാറില്ല. മുഹ്‌യിദ്ദീൻ മാലക്ക് ശേഷം നിരവധി മാലകളും മാപ്പിളപ്പാട്ടുകളും ഖിസ്സപ്പാട്ടുകളും മലബാറിന്റെ വിരിമാറിൽ സാഹിത്യത്തിന്റെ തേന്മഴ വർഷിപ്പിക്കുകയുണ്ടായി.

മുസ്‌ലിം സമൂഹത്തിന് മുഖ്യധാരയിലേക്കുള്ള മാർഗം അറബിമലയാളമാണ് തുറന്നിട്ടത്. സാഹിത്യം, സംഗീതം, മതപഠനം തുടങ്ങി പല വിഷയങ്ങളിലും മുസ്‌ലിം സമൂഹം അവരുടേതായ സംഭാവനകളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ചു. മലയാളത്തിലെ മുഖ്യധാരാ രചനകളിൽ പോലും സ്ത്രീസാന്നിധ്യം വിരളമായിരുന്ന 1920-കൾക്കു മുമ്പ് മാപ്പിളകവിയത്രികൾ മലബാറിന്റെ മണ്ണിൽ ഉണ്ടായിരുന്നു എന്നത് ഇതിനെ സാധൂകരിക്കുന്നു.

‘ചന്ദിര സുന്ദര മാല’ രചിച്ച പികെ ഹലീമ, ‘ഫാത്തിമാബീവിയുടെ വഫാത്ത് മാല’ക്ക് ജന്മം നൽകിയ വി. ആയിശക്കുട്ടി, ‘ബദർ ഖിസ്സ’ രചിച്ച കുണ്ടിൽ കുഞ്ഞാമിന, പുത്തൂർ ആമിന, സിഎച്ച് കുഞ്ഞായി ആമിനക്കുട്ടി തുടങ്ങിയ ധാരാളം കവിയത്രികൾ അറബിമലയാള ഭാഷക്കും മാപ്പിള സാഹിത്യത്തിനും അനർഘമായ സംഭാവനകൾ നൽകി.

വൈജ്ഞാനിക ഗ്രന്ഥങ്ങൾ

അറബിമലയാളത്തിന്റെ വൈജ്ഞാനിക മണ്ഡലം അനവധി ഗ്രന്ഥങ്ങൾ കൊണ്ട് വിശാലമാണ്. ആ ഗ്രന്ഥങ്ങളിൽ ഖുർആൻ വ്യാഖ്യാനങ്ങൾ, നബിവചനങ്ങൾ, ചരിത്രം, തത്ത്വശാസ്ത്രം, നീതിചിന്ത, കർമശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങൾ പ്രതിപാദിച്ചിരുന്നു. മുസ്‌ലിം സമൂഹത്തിനാവശ്യമായ സകല വിഷയങ്ങളിലും അറബിമലയാളത്തിൽ വൈജ്ഞാനിക ഗ്രന്ഥങ്ങൾ വിരചിതമായി എന്നർത്ഥം.

തലശ്ലേരി വലിയപുരയിൽ മായിൻകുട്ടി ഇളയാവ് വിശുദ്ധ ഖുർആനിനു പരിഭാഷയും വ്യാഖ്യാനവും എഴുതുമ്പോൾ അച്ചടിശാല നിലവിൽ വന്നിട്ടില്ലായിരുന്നു. എട്ട് വാള്യങ്ങളുള്ള ആ ഗ്രന്ഥത്തിന്റെ കൈയ്യെഴുത്ത് പ്രതികളാണ് അന്നു പ്രചരിക്കപ്പെട്ടിരുന്നത്. മനോഹരമായ കൈപ്പടയിലെഴുതിയ അതിന്റെ പ്രതികൾ മലബാറിലെ പ്രാമാണിക മുസ്‌ലിം കുടുംബങ്ങൾക്കും പണ്ഡിത മഹത്തുക്കൾക്കും ചില പ്രധാന പള്ളികൾക്കും  അദ്ദേഹം സൗജന്യമായി നൽകുകയായിരുന്നു. ഖുർആൻ വിവർത്തനം ചെയ്യുന്നതിൽ തന്റെ കഴിവ് പരിമിതമാണെന്ന് സംശയം തോന്നി അദ്ദേഹം പിന്നീട് അതിന്റെ പ്രചാരണം നിർത്തിവെച്ചു.

ഖുർആനിനു ശേഷം മുസ്‌ലിംകൾക്ക് പ്രധാനം നബിവചനങ്ങളാണ് എന്ന് സവിസ്തരം വിവരിച്ചുകൊണ്ട് ചാലിലകത്ത് മുഹമ്മദ് മുസ്‌ലിയാർ രചിച്ച ഗ്രന്ഥമാണ് ‘അഖ്ബാർ അഹമ്മദിയ്യ്.’ മൂലാമ്പത്തു കുഞ്ഞാമു സീറത്തുന്നബവി എന്ന പേരിൽ രചിച്ച  നബിചരിത്രവും വേറിട്ട സൃഷ്ടിയാണ്. പ്രവാചകൻ(സ്വ) പ്രതിപാദ്യമായുള്ള കൃതികൾ അധികവും സാഹിത്യങ്ങളാൽ സമ്പന്നമായിരുന്നു.

പൊന്നാനി സൈനുദ്ദീൻ മഖ്ദൂം(റ) രണ്ടാമൻ രചിച്ച തുഹ്ഫതുൽ മുജാഹിദീൻ അറബിമലയാളത്തിലേക്ക് വിവർത്തനം ചെയ്തത് കെ മൂസാൻകുട്ടിയാണ്. ‘കേരളത്തിലെ ഇസ്‌ലാംമത പ്രചാരണാരംഭ ചരിത്രം’ എന്നായിരുന്നു അതിന്റെ പേര്. ഫത്ഹുൽ ഫത്താഹ്, മനാഖിബുസ്സിദ്ദീഖ്, ദുറൂസുത്താരീഖിൽ ഇസ്‌ലാമിയ്യ തുടങ്ങിയ ചരിത്ര ഗ്രന്ഥങ്ങൾ മതചരിത്ര ശാഖയെ സമ്പുഷ്ടവും സമ്പൂർണവുമാക്കിത്തീർത്തു.

കർമശാസ്ത്ര മേഖലയിൽ കനപ്പെട്ട ഗ്രന്ഥങ്ങളായിരുന്നു അറബിമലയാളത്തിലുണ്ടായിരുന്നത്. കർമപരവും വിശ്വാസപരവുമായ നൂറ്റിനാൽപത്തിയൊന്ന് വിഷയങ്ങളെ ആധികാരികമായി പരാമർശിക്കുന്ന പാടൂർ കോയക്കുട്ടി തങ്ങളുടെ ‘ബൈതുല്യം’ എന്ന ഗ്രന്ഥം അറബിമലയാളത്തിലെ ആധികാരിക രചന തന്നെയായിരുന്നു. നോമ്പിന്റെ വ്യവസ്ഥകൾ വിവരിക്കുന്ന ‘തുഹ്ഫതുസ്സാഇമീൻ’ തലശ്ലേരിക്കാരനായ അരയാൽപുറത്ത് ചെറിയടി മമ്മദ് മുസ്‌ലിയാർ രചിച്ചപ്പോൾ ഇമാം ഗസ്സാലി(റ)യുടെ ഇഹ്‌യാ ഉലൂമുദ്ദീനിൽ നിന്ന് നോമ്പിന്റെ അധ്യായം ഭാഷാന്തരപ്പെടുത്തി മൂലാമ്പത്ത് കുഞ്ഞാമു അറബിമലയാളത്തിന് സംഭാവന ചെയ്തു. ‘ഇബ്‌ലീസ് നാമം, കിനാവിന്റെ തഅ്‌വീൽ’ തുടങ്ങിയവ അദ്ദേഹത്തിന്റെ വിശ്വാസകാര്യ ഗ്രന്ഥങ്ങളാണ്. നിസ്‌കാരത്തിന്റെ വ്യവസ്ഥകൾ വിവരിച്ചുകൊണ്ട് പുനടത്തിൽ കുഞ്ഞിമൂസു മുസ്‌ലിയാർ രചിച്ച ‘ഉംദതുൽ മുസ്വല്ലീൻ’, കുളങ്ങരവീട്ടിൽ മൊയ്തു മുസ്‌ലിയാർ രചിച്ച നഹ്ജുദ്ദഖാഇഖ്, ഫൈളുൽ ഫയ്യാള്, വക്കം അബ്ദുൽ ഖാദർ മൗലവിയുടെ കീമിയാഉസ്സആദ തർജമ, ഗൗളുസ്സബാഹ്, പുതിയോട്ടിൽ മരക്കാർ മുസ്‌ലിയാരുടെ വാജിബാതുൽ മുഅല്ലിഫീൻ തുടങ്ങിയവ അറബിമലയാളത്തിലെ കർമശാസ്ത്ര ഗ്രന്ഥങ്ങളാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെയും വൈദ്യശാസ്ത്ര രംഗത്ത് നിരവധി അറബിമലയാള രചനകൾ വിരചിതമായിട്ടുണ്ട്. അവയിൽ മിക്കതും 1950-കൾക്ക് ശേഷം പുന:പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. കോഴിക്കോട് പരപ്പിൽ സ്വദേശി മുഹമ്മദുബ്‌നു അബ്ദിൽ ഖാദിർ മുസ്‌ലിയാർ രചിച്ച കിതാബു ത്വിബ്ബുന്നബവിയ്യയാണ് പ്രഥമ വൈദ്യശാസ്ത്ര ഗ്രന്ഥം. പട്ടാലത്ത് കുഞ്ഞിമാഹിൻകുട്ടി വൈദ്യൻ രചിച്ച വൈദ്യജ്ഞാനം പാട്ടുരൂപത്തിലാണ്. വൈവിധ്യമാർന്ന ഇശലുകളിൽ വ്യത്യസ്ത രോഗങ്ങളെക്കുറിച്ചും ചികിത്സാരീതികളെ പറ്റിയും പരാമർശിക്കുന്നുണ്ട്. എം.കെ കുഞ്ഞിപോക്കർ 1935-ൽ രചിച്ച ‘വസൂരിചികിത്സാ കീർത്തന’വും തഥൈവ. സംസ്‌കൃതത്തിൽ രചിക്കപ്പെട്ട ‘അഷ്ടാംഗഹൃദയം’ എന്ന ആയുർവേദ ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയാണ് ആയുർവേദ ഗ്രന്ഥങ്ങൾ അധികവും രചിക്കപ്പെട്ടിട്ടുള്ളത്. അഷ്ടാംഗഹൃദയം പോലുള്ള വിഖ്യാതമായ ആയുർവേദ ഗ്രന്ഥം പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുക എന്ന സവർണരിൽ മാത്രം നിക്ഷിപ്തമായിരുന്ന സംസ്‌കൃത പഠനം പത്തൊമ്പതാം നൂറ്റാണ്ടിൽ മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം ക്ലേശകരം തന്നെയായിരുന്നു. ഈ ദുർഘട സാഹചര്യത്തിലും സംസ്‌കൃതം പഠിച്ചുകൊണ്ട് അറിവിനെ ജനകീയവത്കരിക്കാൻ മുസ്‌ലിം ധൈഷണികർ തയ്യാറായത് വിപ്ലവകരമായ നേട്ടമാണ്. അതിനവർക്ക് ധൈര്യം നൽകിയത് അറബിമലയാളമായിരുന്നുവെന്നതും ചാരിതാർത്ഥ്യജനകം.

(തുടരും)

Exit mobile version