മാസമുറയും ആരാധനകളിലെ പ്രതിസന്ധികളും

കരുതിക്കൂട്ടി മരുന്നുപയോഗിച്ച് മാസമുറ നേരത്തെ ഉണ്ടാക്കിയാലും സ്വാഭാവിക ആർത്തവത്തിന്റെ എല്ലാ വിധികളും ബാധകമാണ് (അസ്‌നൽ മത്വാലിബ് 1/122, തുഹ്ഫ 1/446). അതുപോലെ, കൃത്രിമ മാർഗങ്ങൾ അവലംബിച്ച് ആർത്തവം നിയന്ത്രിച്ചു നിർത്തിയാൽ അശുദ്ധികാല വിധികൾ ബാധകമാകുന്നതല്ല. ഹജ്ജ്-ഉംറകളുടെ സുഗമമായ കർമങ്ങൾക്ക് ഏറെ സഹായകമായ ഈ രീതി അവലംബിക്കുന്നവർ അപകടകരമായ പാർശ്വ ഫലങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനായി വിദഗ്ധ വൈദ്യോപദേശം തേടിയിരിക്കണം. (അപകടാശങ്കകൾ ഇല്ലാത്തപ്പോൾ) ആർത്തവ നിയന്ത്രണം അനുവദനീയമാണെന്ന് ഇമാമുമാർ രേഖപ്പെടുത്തിയിട്ടുണ്ട് (ഗായതു തൽഖീസിൽ മുറാദ് പേ. 45 കാണുക).

ആർത്തവ കാലവും വുളൂഉം

സ്ത്രീകൾക്ക് ആർത്തവ-പ്രസവാനന്തര രക്തസ്രാവ കാലത്ത് ഹജ്ജ്, ഉംറ, പെരുന്നാൾ, ജനസമ്പർക്കം എന്നിവയുമായി ബന്ധപ്പെട്ട കുളിയും അനുബന്ധ വുളൂഉം ഒഴിച്ചുള്ള എല്ലാ വുളൂഉം കുളിയും ആരാധനാ വിചാരത്തോടെ അനുഷ്ഠിക്കൽ കുറ്റകരമാണ് (തുഹ്ഫ 1/386, അത്തജ്‌രീദ് ലി നഫ്ഇൽ അബീദ്/134, ഹാശിയതു തർമസീ 1/596, 2/277).

ആർത്തവക്കാരിയുടെ നോമ്പ്

ആർത്തവ കാലത്ത് നോമ്പനുഷ്ഠിക്കാൻ പാടില്ലെങ്കിലും നഷ്ടപ്പെട്ടത് ശുദ്ധികാലത്ത് നിർബന്ധമായും പരിഹരിക്കേണ്ടതാണ്. വ്രതമാചരിക്കുന്ന പകൽ മുഴുവൻ ആർത്തവ വിമുക്തി ഉണ്ടെങ്കിലേ അതാതു ദിവസത്തെ നോമ്പ് സാധുവായി ഗണിക്കപ്പെടുകയുള്ളൂ.
ഫജ്‌റ് ഉദിക്കും മുമ്പ് ആർത്തവ വിമുക്തി പൂർണമായി കൈവരിച്ച സ്ത്രീകൾക്ക് കുളിച്ച് ശുദ്ധിവരുത്താതെ തന്നെ നോമ്പിന്റെ നിയ്യത്തു ചെയ്ത് വ്രതമെടുക്കാവുന്നതാണ്. പുലരുന്നതിനു മുമ്പ് കുളിക്കാൻ സമയം ലഭിച്ചിട്ടില്ലാത്തതിനാൽ നോമ്പു നിർബന്ധമില്ലെന്നോ ആ നോമ്പും നഷ്ടപ്പെട്ടെന്നോ തെറ്റിദ്ധരിക്കരുതെന്നു സാരം (തുഹ്ഫ 1/392).

എന്നാൽ റമളാൻ പകലിനിടയിൽ ആർത്തവം അവസാനിച്ച സ്ത്രീ ശേഷിക്കുന്ന സമയം നോമ്പുകാരെ അനുകരിച്ചു അന്ന പാനീയങ്ങളും നോമ്പു നഷ്ടപ്പെടുത്തുന്ന മറ്റു കാര്യങ്ങളും ഉപേക്ഷിക്കൽ നിർബന്ധമില്ലെങ്കിലും അത്തരം കാര്യങ്ങൾ വർജിക്കുന്നത് പുണ്യകരവും പ്രതിഫലാർഹവുമാണ് (ഫത്ഹുൽ ജവാദ് 1/ 224, അൽമിൻഹാജുൽ ഖവീം പേ. 251). അതേസമയം നോമ്പ് നിബന്ധമുള്ളവർ രാത്രി നിയ്യത്ത് മറന്നുപോവുകയോ അകാരണമായി നോമ്പ് നഷ്ടപ്പെടുത്തുകയോ ചെയ്താൽ ശേഷിക്കുന്ന പകൽ സമയം നോമ്പുകാരുടെ എല്ലാ നിയന്ത്രണങ്ങളും പാലിക്കുകയും പിന്നീട് ഖളാഅ് വീട്ടുകയും ചെയ്യണം (തുഹ്ഫ 3/433).

ആർത്തവവും ത്വവാഫും

നിസ്‌കാരത്തെ പോലെ ത്വവാഫിനും ചെറിയ-വലിയ അശുദ്ധികളിൽ നിന്നുള്ള മുക്തി വ്യവസ്ഥയുണ്ട്. ഇതിനപവാദമായിട്ടുള്ളത് പ്രധാനമായും ഹനഫീ മദ്ഹബിലാണ്. അവർ ത്വവാഫിന്റ ‘വാജിബാതു’കളിൽ ഒന്നായാണ് ത്വഹാറതിനെ(ശുദ്ധീകരണം) കരുതുന്നത്. അതായത് ത്വവാഫിന്റെ സാങ്കേതികമായ നിയമ സാധുത ശുദ്ധിയെ ആശ്രയിക്കുന്നില്ലെന്നും ഇരു ശുദ്ധികൾ കൂടാതെ ത്വവാഫ് നിർവഹിക്കുന്നത് കുറ്റകരമാണെങ്കിലും ബലിദാനം വഴി പരിഹരിക്കാവുന്നതാണ് (അൽബഹ്‌റുർറാഇഖ് 1/204, 2/332, അദ്ദുർറുൽ മുഹ്താർ 156 കാണുക) എന്നാണ് അവരുടെ പക്ഷം.
ഹജ്ജ്-ഉംറകൾക്കോ മറ്റോ മക്കയിലെത്തിയവർ തിരിച്ചുപോകുമ്പോൾ നിർബന്ധമായും നിർവഹിക്കേണ്ട ത്വവാഫുൽ വദാഇന്റെ ബാധ്യതയിൽ നിന്നു ആർത്തവമുള്ള സ്ത്രീകളും പ്രസവാനന്തര രക്തസ്രാവമുള്ളവരും ഒഴിവാണെന്ന കാര്യത്തിൽ നാലു മദ്ഹബുകൾക്കിടയിൽ സമവായമുണ്ട് (അൽബഹ്‌റുർറാഇഖ് 2/377, തുഹ്ഫ 4/142, ശർഹുൽ മുൻതഹാ 1/592).
എന്നാൽ ഹജ്ജിനോ ഉംറക്കോ ഇഹ്‌റാം ചെയ്തു, അവയുടെ നെടുംതൂണായ നിർബന്ധ ത്വവാഫ് നിർവഹിക്കും മുമ്പേ ആർത്തവമാരംഭിച്ചാൽ ശാഫിഈ മദ്ഹബ് അനുകരിക്കുന്നവർ എന്തുചെയ്യും? മരുന്നു കഴിച്ച് രക്തസ്രാവം തൽക്കാലം പിടിച്ചുനിർത്തി ത്വവാഫു ചെയ്യാം. പൂർത്തിയാകും മുമ്പ് രക്തവാർച്ചയുണ്ടായാൽ വീണ്ടും മരുന്നു പ്രയോഗിച്ച് നിർത്തിയ ശേഷം കുളിച്ച് നേരത്തെ നിർവഹിച്ചതിന്റെ ബാക്കി പൂർത്തീകരിക്കുക. ഇതാണ് ഏറ്റവും പ്രായോഗികവും സുരക്ഷിതവുമായ മാർഗം. എന്നാൽ ആർത്തവ നിയന്ത്രണത്തിനുള്ള മരുന്ന് പ്രയോഗം നേരത്തേ തുടങ്ങാത്തപക്ഷം അനിയന്ത്രിതമായേക്കാം. അത്തരം സന്നിഗ്ധ ഘട്ടങ്ങളിൽ മദ്ഹബ് മാറ്റമാണ് കരണീയമെന്നു നമ്മുടെ ഇമാമുകൾ വിശദീകരിച്ചിട്ടുണ്ട് (തുഹ്ഫ 4/74 കാണുക). അപ്പോൾ നടേ വിശദീകരിച്ച പോലെ ആർത്തവക്കാരി ത്വവാഫ് ചെയ്താൽ നിയമസാധുതയുണ്ടെന്ന ഹനഫീ മദ്ഹബും ഹമ്പലീ സരണിയിലെ ദുർബലമായൊരു വീക്ഷണ പ്രകാരവും മത്വാഫ് മലിനമാകാനിടവരാത്തവിധം ഗുഹ്യഭാഗം ഭദ്രമാക്കിയ ശേഷം ത്വവാഫ് ചെയ്തു ബാധ്യതയിൽ നിന്ന് രക്ഷപ്പെടാം.
പക്ഷേ, ഹജ്ജിന്റെ നിർബന്ധ ത്വവാഫാണ് ആർത്തവ കാലത്തു നിർവഹിച്ചതെങ്കിൽ സാമ്പത്തിക ശേഷിയുള്ളവർ ഒരു ഒട്ടകത്തെ ബലിയറുത്ത് അഗതികൾക്കു ദാനം ചെയ്യണം. ഉംറയുടെ ഭാഗമായുള്ള ത്വവാഫിന് ആടിനെ അറുത്താൽ മതി (അൽബഹ്‌റുർറാഇഖ് 3/24).
ഹമ്പലീ മദ്ഹബിലെ ഒരു ദുർബല പക്ഷം, ആർത്തവ കാലത്തു ത്വവാഫ് ചെയ്യേണ്ടിവരുന്ന നിവർത്തികേടിന്റെ ഘട്ടങ്ങളിൽ അങ്ങനെ ആവാമെന്നും അതിലൂടെ ബാധ്യത പൂർണമായും വീടുമെന്നും പരിഹാരമായി ബലിദാനം വേണ്ട എന്നും അഭിപ്രായപ്പെടുന്നവരാണ്. ഹമ്പലീ ധാരയിലെ അതികായരായ ഇമാം മർദാവി (അൽഇൻസ്വാഫ് 2/369) അടക്കമുള്ളവർ ഇത് ഉദ്ധരിച്ചിട്ടുണ്ട്.
അതേസമയം മദ്ഹബിനകത്തുള്ള പ്രബലമായ പരിഹാരം ഇങ്ങനെയാണ്: ശുദ്ധി വരുന്നതു വരെ കാത്തിരിക്കാൻ പ്രയാസമില്ലെങ്കിൽ കാത്തിരുന്ന് ശുദ്ധികാലത്തു തന്നെ ത്വവാഫ് പൂർത്തിയാക്കുക. കാത്തിരിക്കുന്നതിന് സാമ്പത്തികമോ ശാരീരികമോ നിയമപരമോ ആയ ബുദ്ധിമുട്ടുകളാണുള്ളതെങ്കിൽ ഹറമിലെത്തിയ ഉടനെ ത്വവാഫുൽ ഖുദൂം നിർവഹിച്ചു സഅ്‌യും ചെയ്തിരുന്നെങ്കിൽ മക്കയിൽ നിന്നും തിരിച്ചു വരാൻ പ്രയാസമുള്ളൊരു സ്ഥലത്തേക്ക് (ഉദാ.ജിദ്ദ) പോയി ‘തഹല്ലുൽ’ കരുതി ആടിനെ അറുത്ത് അവിടെ തന്നെ വിതരണം ചെയ്‌തോ ഹറമിലേക്കു കൊടുത്തയച്ചോ മൂന്നു മുടികൾ വെട്ടി നാട്ടിലേക്ക് പോകാം. ഇതിലൂടെ സാങ്കേതികമായി ഇഹ്‌റാമിലുള്ളവർക്കുള്ള എല്ലാ നിയന്ത്രണങ്ങളിൽ നിന്നും പൂർണ മുക്തി നേടാം.
എന്നാൽ ത്വവാഫ് ബാധ്യത ആജീവനാന്തം അവരുടെ പേരിൽ തന്നെ ബാക്കിയിരിക്കും. അഥവാ പിന്നീട് സാധിക്കുന്ന പക്ഷം എപ്പോഴെങ്കിലും മക്കയിലെത്തി ആ കടം (ത്വവാഫ്) വീട്ടിയിരിക്കണം (തുഹ്ഫ 4/74, ഹാശിയതുൽ ഈളാഹ് പേ. 449-450). കടമുള്ള ത്വവാഫ് നിർവഹിക്കാനായി വരുമ്പോൾ നിർണിത മീഖാതിൽ നിന്നു ഇഹ്‌റാം ചെയ്തു വരണോ അതോ ഇഹ്‌റാം കരുതാതെ തന്നെ വന്നു കൃത്യം നിർവഹിക്കാമോ എന്ന കാര്യത്തിൽ ഇബ്‌നു ഹജർ, റംലി(റ) എന്നിവർക്ക് ഭിന്നസ്വരമാണുള്ളത്. ത്വവാഫു മാത്രം മതിയെന്ന നിലപാടാണ് ഇബ്‌നു ഹജർ(റ)വിന്റേത്. മീഖാതിൽ നിന്നു ഇഹ്‌റാം ചെയ്തു വരണമെന്ന് റംലി(റ)വും (തുഹ്ഫ, ശർവാനി സഹിതം 4/74, നിഹായ 3/279, 3/364, ഹാശിയതുൽ ജമൽ അലാ ശർഹിൽ മൻഹജ് 2/483, ഹാശിയതു ഹസ്ബില്ലാഹ് അലാ മനാസികിൽ ഖത്വീബ് 92-93 കാണുക).

ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ

Exit mobile version