മാസമുറയും ലൈംഗികതയും

പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട് സ്ത്രീകളിൽ സ്വാഭാവികമായി കണ്ടുവരുന്ന പ്രക്രിയകളിൽ ഒന്നാണ് ആർത്തവം. പ്രായ പൂർത്തിയായ സ്ത്രീകളുടെ ഗർഭപാത്രത്തിൽ എല്ലാ മാസവും ഗർഭധാരണം പ്രതീക്ഷിച്ച് ഭ്രൂണത്തിന് വിശ്രമിക്കാനുള്ള പതുപതുത്ത ഒരു മെത്തയൊരുങ്ങും. ഗർഭാശയത്തിന്റെ ഏറ്റവും അകത്തുള്ള കവറിംഗ് ആയ എൻഡോമെട്രിയത്തിലാണ് ഏറ്റവും കൂടുതൽ ഒരുക്കങ്ങൾ പ്രകടമാവുക. ആ സ്തരത്തിന്റെ കട്ടി കൂടുക, അവിടേക്കുള്ള രക്തയോട്ടം കൂടുക തുടങ്ങിയ മാറ്റങ്ങൾ ഓവുലേഷനു(അണ്ഡവിസർജനം) മുന്നേ നടക്കും.

ഗർഭധാരണം നടന്നില്ലെങ്കിൽ, പ്രോജസ്റ്ററോണിന്റെ അളവ് പതിയെ കുറയുകയും ആ മാസം വന്ന അണ്ഡവും അതിന്റെ കൂടെ എൻഡോമെട്രിയത്തിന്റെ പുറംഭാഗവും വേർപെട്ടു പുറത്തേക്കു പോകും, ഒപ്പം പുതുതായി ഉണ്ടായ രക്തക്കുഴലുകളിൽ നിന്നുള്ള രക്തവും. ഈ പ്രക്രിയയാണ് ആർത്തവം.

ഹിജ്‌റീ കലണ്ടറനുസരിച്ച് ഒമ്പത് വയസ്സ് പൂർത്തിയാവുകയോ, അതിനു 16 ദിവസത്തിൽ കുറഞ്ഞത് മാത്രം ശേഷിക്കുകയോ ചെയ്ത സ്ത്രീകളിൽ നിന്നും 15 ദിനങ്ങളിൽ ആകെ 24 മണിക്കൂറുകളിൽ കുറയാതെ കാണപ്പെടുന്ന രക്തസ്രാവം പൊതുവെ ആർത്തവമായി ഇസ്‌ലാമിക കർമശാസ്ത്രം കണക്കാക്കുന്നു.

ഇരു ആർത്തവ ചക്രങ്ങൾക്കിടയിൽ ചുരുങ്ങിയത് 15 ദിവസങ്ങളുടെ ഇടവേളയെങ്കിലും രക്ത സാന്നിധ്യമില്ലാതെ വന്നാലേ രക്തസ്രാവം ആർത്തവമായി കണക്കാക്കൂ. അല്ലാത്തവ പതിവിലെ ആർത്തവമുറ കഴിച്ചുള്ള സ്രാവം അത്യാർത്തവ(ഇസ്തിഹാളത്ത്)വും പതിവു സ്രാവം ആർത്തവവുമായാണ് കർമശാസ്ത്രം കണക്കാക്കുന്നത്.

ആർത്തവ-അത്യാർത്തവങ്ങൾ സ്ത്രീയുടെ മതപരമായ കർത്തവ്യങ്ങളെ സ്വാധീനിക്കും; ആർത്തവ ഘട്ടങ്ങളിൽ നിഷിദ്ധമായ നിസ്‌കാരം, വ്രതം, ത്വവാഫ്, ഖുർആൻ പാരായണം, ഗുഹ്യഭാഗത്ത് നേരിട്ടുള്ള ലൈംഗിക ബന്ധം തുടങ്ങിയ കാര്യങ്ങളിലേർപ്പെടുന്നതിന് അത്യാർത്തവം തടസ്സമല്ല.

എങ്കിലും നിസ്‌കാര സമയം ആസന്നമായാൽ ഗുഹ്യഭാഗം വൃത്തിയാക്കി പുതിയ പഞ്ഞി പതിച്ച് ഭദ്രമാക്കി ഉടൻ വുളൂ ചെയ്ത് നിസ്‌കാരവുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യങ്ങളുമായി ബന്ധപ്പെട്ട് താമസം വരുത്താതെ നിർവഹിക്കേണ്ടതുണ്ട്. ജമാഅത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്, മുമ്പുള്ള റവാത്തിബ് സുന്നത്തുകളുടെ നിർവഹണം എന്നിവക്കു വേണ്ടിയുള്ള കാലതാമസം വിലക്കപ്പെട്ടിട്ടില്ല. ഓരോ നിർബന്ധ നിസ്‌കാരത്തിനും മേൽ പറഞ്ഞ കാര്യങ്ങൾ (വുളൂ അടക്കം) ആവർത്തിക്കുകയും വേണം (തുഹ്ഫ ഹാശിയതുൽ അബ്ബാദി സഹിതം 1/393-396 കാണുക).

മാസമുറയും ഗർഭിണിയും

ആർത്തവ രക്തം ഗർഭിണികൾക്ക് ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിൽ പണ്ഡിത ലോകത്ത് തർക്കമുണ്ട്. ഇമാം അബൂഹനീഫയും അഹ്‌മദും ഇല്ലെന്നും ഇമാം മാലികും ശാഫിഈ(റ)യും ആകാമെന്നും പറയുന്നവരാണ്.
നേരത്തെ വിശദീകരിച്ച പോലെ, ശാസ്ത്രീയ പഠനങ്ങൾ ആദ്യ പക്ഷത്തിനാണ് അനുകൂലം. പക്ഷേ കർമശാസ്ത്ര ലോകത്തെ അവ്യക്തത ഗർഭിണികളിൽ അപൂർവമായി കാണപ്പെടുന്ന രക്തസ്രാവ കാലത്തു സ്ത്രീകളുടെ മതപരമായ അനുഷ്ഠാനങ്ങൾക്കു എന്തു വിധി നൽകണമെന്ന കാര്യത്തിലാണ്. ആർത്തവ വിധി കൽപ്പിക്കുമ്പോൾ വ്രതം, നിസ്‌കാരം തുടങ്ങിയ കാര്യങ്ങളിലെ വിലക്കുകൾ വരികയും അല്ലാത്തപ്പോൾ അത്യാർത്തവമുള്ള സാഹചര്യങ്ങളിലെ മുൻകരുതലുകൾ പാലിച്ച് നിസ്‌കരിക്കാനും നോമ്പനുഷ്ഠിക്കാനും നിഷ്‌കർഷിക്കുകയും വേണം.
ഖുർആൻ പാരായണം, ശാരീരിക വേഴ്ച തുടങ്ങിയ ആർത്തവകാല നിയന്ത്രണങ്ങൾ നിലനിൽക്കുമോ എന്നതാണ് അഭിപ്രായ ഭിന്നതയുടെ സാരാംശം.
മുമ്പത്തെ മാസമുറ കഴിഞ്ഞ് പതിനഞ്ചു ദിവസമെങ്കിലും പിന്നിടുകയും രക്തവാർച്ച മൊത്തം ഒരു രാപകലെങ്കിലും തുടരുകയും ചെയ്താൽ ഗർഭകാല രക്തസ്രാവവും ആർത്തവമായി കണക്കാക്കണം. പതിനഞ്ചു ദിവസങ്ങൾക്കു ശേഷവും സ്രവിച്ചുകൊണ്ടിരുന്നാൽ അത് അത്യാർത്തവമായി ഗണിക്കും (തുഹ്ഫ 1/411, ഹാശിയതുന്നിഹായ 1/355).

മാസമുറയും നിസ്‌കാരവും

ആർത്തവ കാലത്ത് നിസ്‌കാരം അരുതാത്തതാണ്. ആ കാലത്ത് നഷ്ടപ്പെട്ടവ ശുദ്ധികാലത്ത് ഖളാഅ് വീട്ടുന്നത് കുറ്റകരമാണെന്നാണ് ഇമാം ഇബ്‌നു ഹജർ (തുഹ്ഫ 1/388) അടക്കമുള്ള ഇമാമുകളുടെ വീക്ഷണം. കറാഹത്താണെന്ന് ഇമാം റംലി (1/330), ശിർബീനി (1/279) തുടങ്ങിയവരുടെ മറുപക്ഷവുമുണ്ട്.

എന്നാൽ ആർത്തവ രക്ത സ്രാവം ആരംഭിക്കുന്നതോ അവസാനിക്കുന്നതോ ആയ സമയങ്ങളുടെ മാറ്റമനുസരിച്ച് നിസ്‌കാരം നിർബന്ധമായും പിന്നീട്, ശുദ്ധി കൈവരിച്ച ശേഷം ഖളാഅ് വീട്ടേണ്ടിവരുന്ന സാഹചര്യങ്ങളുമുണ്ട്. അത് എങ്ങനെയെന്നു നോക്കാം.

ആർത്തവ രക്തം നിലച്ചത് അസ്വറിന്റെ സമയം അവസാനിക്കാൻ കേവലം ഒരു തക്ബീർ നിർവഹിക്കാനാവശ്യമായ സമയം മാത്രം ശേഷിക്കുമ്പോൾ മാത്രമാണെങ്കിലും അസ്വറും കൂടെ ളുഹ്‌റും ബാധ്യതയായി വരും. സുബ്ഹിക്കു തൊട്ടടുത്ത്, ഇശാഇന്റെ സമയം അവസാനിക്കുന്നതിനു തൊട്ടു മുമ്പും മേൽപ്പറഞ്ഞത്ര സമയം ബാക്കിയുള്ളപ്പോൾ രക്തസ്രാവം നിലച്ച സ്ത്രീ മഗ്‌രിബും ഇശാഉം നിർവഹിക്കണമെന്നാണ് മതവിധി. ഇവിടെയൊന്നും കുളിക്കാനും വുളൂ ചെയ്യാനും ആവശ്യമായ സമയം ലഭിച്ചോ ഇല്ലയോ എന്നു പരിഗണിക്കാതെ തന്നെയാണ് മേൽ വിധിയെന്ന് ഇമാം ശിർബീനി(മുഗ്‌നി 1/315)യും റംലി(നിഹായ 1/396)യും വ്യക്തമാക്കിയിട്ടുണ്ട്.

ഇനി ആർത്തവ വിമുക്തി കൈവരിച്ചത് ളുഹ്‌റിന്റ അവസാന ഘട്ടത്തിലാണെങ്കിൽ ളുഹ്‌റിന്റെ ഒപ്പം സ്വുബ്‌ഹോ, മഗ്‌രിബിന്റെ ഒടുവിലാണെങ്കിൽ അസ്വറോ വീട്ടേണ്ടതില്ല. തൊട്ടു മുമ്പുള്ളത് സമീകരണ (ജംഅ്) നിസ്‌കാരത്തിൽ സംയോജിച്ചു വരാത്തതാണ് വിധിവ്യത്യാസത്തിനു കാരണം.

ഇനി നിർബന്ധ നിസ്‌കാരം ആസന്നമായി, ഏറ്റവും ലളിതമായി നിർവഹിക്കാനാവശ്യമായ നിമിഷങ്ങളെങ്കിലും പിന്നിട്ട ശേഷമാണ് ആർത്തവം, പ്രസവാനന്തര രക്തസ്രാവം തുടങ്ങിയ വിഘ്‌നങ്ങൾ ഉണ്ടായതെങ്കിൽ ആ നിസ്‌കാരം പിന്നീട് വീട്ടേണ്ടതുണ്ട്.
പ്രസവം നടന്ന സമയവും ആർത്തവാരംഭ വേളയും സ്ത്രീകൾ വ്യക്തമായി ഓർമയിലോ കുറിപ്പുകളിലോ സൂക്ഷിച്ചുവെക്കേണ്ടതിന്റെ പ്രാധാന്യമാണിത് വ്യക്തമാക്കുന്നത്.

ആർത്തവവും വിവാഹമോചനവും

വിവാഹാനന്തരം താനുമായി ശാരീരിക വേഴ്ചയിലേർപ്പെട്ട ഭാര്യയുടെ മാസമുറയുടെ സമയത്ത് ത്വലാഖിലൂടെയുള്ള വിവാഹമോചനം കുറ്റകൃത്യമായാണ് ഇസ്‌ലാം കരുതുന്നത്. അടുത്ത വിവാഹത്തിനു മുമ്പ് സ്ത്രീ കാത്തിരിക്കേണ്ട ദീക്ഷ (ഇദ്ദ) കാലത്തിലുണ്ടാവുന്ന ദൈർഘ്യമാണു കാരണം. അഥവാ മൂന്നു ശുദ്ധികാലമാണ് കൃത്യമായ ആർത്തവ ചക്രമുള്ള വിധവയുടെ ഇദ്ദ. അപ്പോൾ ശുദ്ധികാലത്തു ബന്ധം വേർപ്പെടുത്തിയ സ്ത്രീക്കു മൂന്നാമത്തെ മാസമുറ തുടങ്ങുന്നതോടെ ഇദ്ദ കാലം അവസാനിക്കും. എന്നാൽ ആർത്തവ കാലത്ത് വിവാഹമോചനം സംഭവിച്ചാൽ നാലാമത്തെ മാസമുറ കാണുമ്പോഴേ ഇദ്ദ അവസാനിക്കൂ (തുഹ്ഫ 8/233 കാണുക). ആർത്തവ കാലത്തെ ത്വലാഖിനു ഭാര്യയുടെ വാക്കാലുള്ള സമ്മതം ലഭിച്ചാലും ഹറാം തന്നെയാണ് (തുഹ്ഫ 8/77).

ഒത്തുപോകാൻ കഴിയാത്ത ഘട്ടങ്ങളിൽ മാന്യമായി പിരിയുന്നതാണ് അഭികാമ്യമെന്നു മതം അഭിപ്രായപ്പെടുന്നു. മാന്യതയുടെ ഭാഗമാണ് ഏറ്റവും അടുത്ത സമയത്തു ഉചിതമായൊരു വരനെ കണ്ടെത്തി വിവാഹം ചെയ്യുവാനുള്ള സാഹചര്യം ഒരുക്കുന്നതും. ഇദ്ദ പ്രസവത്തോടെ അവസാനിക്കുന്നതിനാൽ ആർത്തവ സമയത്തുള്ള ത്വലാഖ് പോലെ സമയനഷ്ടം ഉണ്ടാക്കാത്തതുകൊണ്ട് ഗർഭകാലത്ത് ബന്ധം വേർപ്പെടുത്തുന്നത് അനുവദനീയമാണ്.
അതുപോലെ വധുവിന്റെ ഭാഗത്തു നിന്നു വിവാഹമോചന ആവശ്യം ഉയരുകയും ബന്ധം തുടരാൻ ആഗ്രഹിക്കുന്ന വരൻ ത്വലാഖിനു വിസമ്മതിക്കുകയും ചെയ്താൽ പണം കൊടുത്തു പ്രലോഭിപ്പിച്ചു ബന്ധമുക്തയാകുന്ന ന്യായമായൊരു രീതിയുണ്ട് ഇസ്‌ലാമിൽ. ‘ഖുൽഅ്’ എന്നാണു സാങ്കേതിക ശബ്ദം. ഈ രീതിയിലുള്ള വഴിപിരിയലിലും ആർത്തവം തടസ്സമല്ല.

ദമ്പതികൾക്കിടയിലുള്ള സാരമായ പിണക്കം വിലയിരുത്തുവാൻ ഇരുവശത്തു നിന്നും ഒന്നിച്ചിരുന്ന വിധിതീർപ്പുകാർ സംയുക്തമായി അഭിപ്രായപ്പെട്ടതിന്റെ വെളിച്ചത്തിൽ ബന്ധം വിച്ഛേദിക്കുന്നിടത്തും മാസമുറ കാരണം ഹറാം വരുന്നില്ല (തുഹ്ഫ 1/392-393, 8/76-77, ഹവാശിൽ മദനിയ്യ 1/133, ഹാശിയതു തർമസി 2/279-280).

മാസമുറയും ലൈംഗികതയും

ആർത്തവ വേളയിൽ ജീവിത പങ്കാളിയുമായി രതിയിലേർപ്പെടുന്നതിന് വിലക്കുണ്ട്. യോനീ പ്രവേശം കടുത്ത കുറ്റകൃത്യമാണെന്ന് മുസ്‌ലിം ഉമ്മത്തിന്റെ സമവായമുള്ള കാര്യങ്ങളിൽ പെട്ടതാണ്.
എന്നാൽ പൊക്കിൾ മുതൽ കാൽമുട്ടു വരെയുള്ള ഭാഗത്ത് നേരിട്ടു (വസ്ത്രമോ മറ്റോ ഇടയിലില്ലാതെ) നടത്തുന്ന ലൈംഗിക ക്രീഡയുടെ കാര്യത്തിൽ ഭിന്നസ്വരമുണ്ട്; നമ്മുടെ മദ്ഹബിലെ പ്രബല വീക്ഷണ പ്രകാരം അതും കുറ്റകരമാണ്. എന്നാൽ ശാഫിഈ മദ്ഹബിലെ തന്നെ ദുർബലമായൊരു പക്ഷം യോനി-ഗുദ പ്രവേശമല്ലാത്ത ഏതുതരം ‘നേരമ്പോക്കു’കളും ആകാമെന്ന നിലപാടുകാരാണ് (ശർഹുൽ മുൻതഹാ 1/112, മുഗ്‌നിൽ മുഹ്താജ് 1/280). ഇണയുടെ മുട്ടു പൊക്കിളിനിടയിലുള്ള ശരീരഭാഗങ്ങൾ കാമപരവശനായി പോലും നോക്കുന്നതിനു വിലക്കില്ല. എന്നാൽ ‘ദുരുദ്ദേശ്യ’മില്ലാതെ പോലും സ്പർശിക്കാൻ പാടില്ല (തുഹ്ഫ 1/392, അസ്‌നൽ മത്വാലിബ് 1/100). നേരിട്ടുള്ള ലൈംഗികാസ്വാദനത്തിനു വിലക്കില്ലാത്ത ഭാഗങ്ങളാണ് പൊക്കിളും കാൽമുട്ടും (ശർഹുൽ മുഹദ്ദബ് 2/366, മിൻഹാജുൽ ഖവീം പേ. 65).

ആർത്തവ സമയത്തുള്ള ലൈംഗിക വിലക്ക് പുരുഷനെ പോലെ സ്ത്രീക്കും ബാധകമാവുന്ന സാഹചര്യങ്ങൾ കർമശാസ്ത്രം വിശദീകരിക്കുന്നുണ്ട്: പുരുഷന്റെ പൊക്കിളിനും കാൽമുട്ടിനും ഇടയിലുള്ള ഭാഗം ആവരണങ്ങളൊന്നുമില്ലാതെ സ്ത്രീ തൊട്ടും തടവിയും ആസ്വദിക്കുന്നത് ഹറാമിന്റെ പരിധിയിൽ പെടും. എന്നാൽ വരൻ ‘കാർമി’യാകും വിധം തന്റെ ലിംഗമോ പരിസര ഭാഗങ്ങളോ വധുവിന്റെ കൈയിൽ വെക്കുമ്പോൾ വധു ‘വിധേയ’യായാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ അത് കുറ്റകരമാകുന്നില്ല (തുഹ്ഫ 1/392, മിൻഹാജുൽ ഖവീം പേ. 65, അൽമുഹിമ്മാത്ത് 2/372 കാണുക).

ഋതുകാല വേഴ്ചയും
പരിഹാര ക്രിയയും

ആർത്തവ സമയത്തുള്ള സംഭോഗം വൻ പാപങ്ങളിലൊന്നായാണ് ഇസ്‌ലാം കണക്കാക്കുന്നത്. അതിനാൽ ആ കുറ്റത്തിനുള്ള പ്രായശ്ചിത്തമായി അശരണർക്ക് അന്നം കൊടുക്കാൻ മതം നിർദേശിക്കുന്നു. അബൂദാവൂദ്(റ) നിവേദനം ചെയ്ത ഒരു ഹദീസ് ഇങ്ങനെ വായിക്കാം: ‘ഒരുത്തൻ തന്റെ സഖിയുമായി ആർത്തവ കാലത്ത് ശയിച്ചാൽ, കടും ചുവപ്പു വേളയിലാണെങ്കിൽ ഒരു ‘ദീനാറും’ മഞ്ഞ വർണ സമയത്താണെങ്കിൽ അര ദീനാറും ദാനം ചെയ്യട്ടെ’ (സുനൻ, ഹദീസ് ക്രമ നമ്പർ 265).

ഈ ഹദീസിന്റെ ബാഹ്യ താൽപര്യം മുൻനിർത്തി, ബോധപൂർവം ഈ കുറ്റകൃത്യം ചെയ്ത ആണും പെണ്ണും തീവ്ര-മൃദു സ്രാവ ഘട്ടങ്ങളെന്ന വ്യത്യാസമില്ലാതെ ഒന്നോ അരയോ ദീനാർ ദാനം ചെയ്യൽ നിർബന്ധമാണെന്നാണ് ഹമ്പലീ പക്ഷം (ശർഹുൽ മുൻതഹാ 1/113).

നമ്മുടെ മദ്ഹബ് പ്രകാരം ആർത്തവ നാളുകളുടെ ആദ്യ, തീവ്ര ഘട്ടങ്ങളിലെ ഭോഗത്തിന് ഒന്നും, രക്തസ്രാവ തീവ്രത കുറഞ്ഞ ദിവസങ്ങളിലേതിനു അരയും ദാനം ചെയ്യുന്നത് നിർബന്ധമല്ലെങ്കിലും പുരുഷനു മാത്രം സുന്നത്തുണ്ട് (റൗളതുത്വാലിബീൻ 1/136, മുഗ്‌നിൽ മുഹ്താജ് 1/280-281 കാണുക).
ഒരു ‘ദീനാർ’ കൊണ്ടുള്ള വിവക്ഷ ഒരു ‘മിസ്ഖാൽ’/ നാലേകാൽ ഗ്രാം തൂക്കം വരുന്ന തങ്കമാണ്. അത് അരപ്പവനിൽ അധികം വരുമെന്നു സാരം. പ്രസ്തുത സുന്നത്ത് ലഭിക്കാൻ സ്വർണം തന്നെ വേണമെന്നില്ലെന്നും തത്തുല്യ മൂല്യമുള്ള എന്തും ദാനം ചെയ്താൽ മതിയെന്നും ഇമാം സർക്കശി(റ)യെ ഉദ്ധരിച്ച് ശൈഖുൽ ഇസ്‌ലാം (അസ്‌നൽ മത്വാലിബ് 1/101) രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ പുണ്യകരമായ ദാനം പരമ ദരിദ്രരോ (ഫഖീർ) അഗതികളോ ആയ ഒരാൾക്കു നൽകിയാലും മതി (അതേ കൃതി 1/101 കാണുക)

ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ

Exit mobile version