മിസ്‌വാക്: തിരിച്ചുവിളിക്കേണ്ട തിരുചര്യ

വായ ശുദ്ധിയായി സൂക്ഷിക്കുന്നതിന് വിശുദ്ധ ഇസ്‌ലാം വലിയ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. ജനങ്ങളെ അഭിമുഖീകരിക്കുമ്പോൾ അവർക്ക് പ്രയാസമുണ്ടാകാതിരിക്കുക, അല്ലാഹുവിന്റെ വചനങ്ങൾ പറയുമ്പോഴും അവനെ അഭിസംബോധന ചെയ്ത് നിസ്‌കാരം നിർവഹിക്കുമ്പോഴും വെടിപ്പു സൂക്ഷിക്കുക, വായയുടെ ആരോഗ്യം സംരക്ഷിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.
വായ ദുർഗന്ധമില്ലാതിരിക്കാനാവശ്യമായ നടപടികളിൽ പെട്ടതാണ് ഉള്ളി പോലുള്ള വായ്‌നാറ്റമുണ്ടാക്കുന്ന വസ്തുക്കൾ പച്ചയായി തിന്നുന്നത് ഒഴിവാക്കുക, പല്ലുകൾക്കിടയിലെ ഭക്ഷ്യാവശിഷ്ടങ്ങൾ കുത്തിക്കളയുക, പല്ലു തേക്കുക തുടങ്ങിയവ. ഇതിൽ പ്രഥമ സ്ഥാനം ഒടുവിൽ പരാമർശിച്ചതിനാണ്.
ഈർക്കിൾ പോലുള്ളതുകൊണ്ട് അടർത്തിയെടുക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ ഇറക്കരുത്. എന്നാൽ നാവുകൊണ്ടടർത്തിയതാണെങ്കിൽ വിഴുങ്ങുന്നതിന് കുഴപ്പമില്ല (തുഹ്ഫ1/222). അതിന് അവസ്ഥ മാറ്റം സംഭവിച്ചില്ലെങ്കിലാണ് ഇത്.

ടൂത്ത് ബ്രഷുകളിൽ ഉത്തമം

ടൂത്ത് ബ്രഷുകളെ മഹത്ത്വത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചായി തിരിച്ചിരിക്കുന്നു. ഒന്നാം സ്ഥാനത്തുള്ളത് അറാഖാണ്.
2. ഈന്തപ്പനയുടെ ഓല.
3. ഒലീവിന്റെ കമ്പ്.
4. സുഗന്ധമുള്ള കമ്പ്
5. മറ്റു കമ്പുകൾ.

ബ്രഷ് പിടിക്കേണ്ട വിധം:
ചെറുവിരലും തള്ളവിരലും ബ്രഷിനു താഴെയും ബാക്കി മൂന്നു വിരലുകൾ മീതെയും വരുന്ന രീതിയിലാണ് മിസ്‌വാക് പിടിക്കേണ്ടത്.

വിരലറ്റം കൊണ്ട് പല്ലു തേക്കൽ

സ്വന്തം കൈ വിരലുകൊണ്ട് പല്ലു തേച്ചാൽ പ്രതിഫലമുണ്ടാകില്ല. വേറൊരാളുടെ ഉരമുള്ള വിരലുകൊണ്ട് തേച്ചാൽ (അറ്റുപോയതല്ലെങ്കിൽ പോലും) പ്രതിഫലം ലഭിക്കും. അറ്റുപോയ ഉരമുള്ള സ്വന്തം വിരലു കൊണ്ടു തേച്ചാലും പ്രതിഫലമുണ്ട്.

മലിനമായ ബ്രഷ്

നജസായ വസ്തുകൊണ്ട് ബ്രഷ് ചെയ്താലും പ്രതിഫലം കിട്ടുമെന്ന് അസ്‌നവി ഇമാമിനെ ഉദ്ധരിച്ച് തുഹ്ഫ എഴുതുന്നു. പക്ഷേ, പെട്ടെന്ന് വായ കഴുകി ശുദ്ധിയാക്കേണ്ടിവരും.

സുന്നത്തുള്ള സമയങ്ങൾ

ദന്ത ശുദ്ധീകരണത്തിന് മതം നൽകുന്ന സ്ഥാനം ആധുനിക വൈദ്യശാസ്ത്രം നൽകുന്നതിനേക്കാളുപരിയാണ്.
വുളൂ ചെയ്യുമ്പോൾ (കൈപ്പത്തി കഴുകിയ ശേഷം വായിൽ വെള്ളം കൊപ്ലിക്കുന്നതിനു മുമ്പ്), വുളൂഇന്റെ പ്രാരംഭത്തിൽ (ബിസ്മി ചൊല്ലും മുമ്പ്), നിസ്‌കരിക്കാൻ തുടങ്ങുമ്പോൾ, ഉറക്കം, ദുർഗന്ധമുള്ള വസ്തുവിന്റെ ഉപയോഗം, ദീർഘ നേരത്തെ മൗനം/സംസാരം തുടങ്ങിയ കാരണങ്ങളാൽ വായ പകർച്ചയായാൽ, ഭക്ഷിക്കുക, ഉറങ്ങുക, ഭോഗിക്കുക എന്നിവ ഉദ്ദേശിക്കുമ്പോൾ, വിശക്കുകയോ ദാഹിക്കുകയോ ചെയ്താൽ, വീട്ടിലും പള്ളിയിലും കയറുമ്പോൾ, ദിക്ർ, ദുആ, മതപരമായ അറിവുകൾ അഭ്യസിക്കുകയോ അധ്യാപനം നടത്തുകയോ പാരായണം നിർവഹിക്കുകയോ ചെയ്യുന്ന സമയം, ഉറങ്ങാനൊരുങ്ങുമ്പോൾ, ഉറക്കിൽ നിന്ന് എഴുന്നേറ്റാൽ, സദസ്സുകളിൽ സമ്മേളിക്കുമ്പോൾ, ഭക്ഷണത്തിനും പ്രഭാഷണത്തിനും മുമ്പ്, മരണാസന്ന വേളയിൽ, വിത്ർ നിസ്‌കാര ശേഷം. ഇങ്ങനെ പേരെടുത്തു പരാമർശമുള്ള പല ഘട്ടങ്ങളിലും ദന്തശുദ്ധീകരണം ശക്തമായ പുണ്യ കർമമാണ്.

വിജനമായ വീട്, മസ്ജിദ്?

വീട്ടിൽ പ്രവേശിക്കുമ്പോൾ ദന്തശുദ്ധീകരണം പുണ്യകരമാണെന്നു പറഞ്ഞതിന്റെ വ്യാപ്തിയിൽ മറ്റൊരാളുടെ വാസസ്ഥലവും ഉൾപ്പെടും. പക്ഷേ പ്രവേശന വേളയിൽ അവിടെ ആളുണ്ടായിരിക്കണമെന്നു വ്യവസ്ഥയുണ്ട്.

മസ്ജിദിൽ കടക്കുമ്പോഴുള്ള പല്ലുതേപ്പിന് ജനസാന്നിധ്യം വേണ്ട. അവിടെ ഉണ്ടാകുന്ന മലക്കുകളെ മാനിച്ചാണ് ആ മര്യാദ. എങ്കിൽ വിശ്വാസി ഭവനവും മലക്കുകളുടെ സങ്കേതമാണല്ലോ. അപ്പോൾ വിജനമായ വീട്ടിൽ കയറുമ്പോഴും മലക്കുകളെ പരിഗണിച്ച് പല്ലു തേക്കണമോ എന്ന സംശയത്തിന് ഇബ്‌നു ഹജറി(റ)ന്റെ നിവാരണം; പള്ളിയിലെ മലക്കുകൾ കൂടുതൽ പരിഗണിക്കപ്പെടേണ്ടവരാണ് എന്നാണ് (തുഹ്ഫ 1/220 കാണുക).
വുളൂഇന്റെ വേളയിലും നിസ്‌കാരത്തിനു തൊട്ടു മുമ്പും പല്ലുതേപ്പിന് വലിയ സ്ഥാനമാണുള്ളത്. നിസ്‌കാരം ആരംഭിക്കുമ്പോൾ മറന്നുപോയവർ നിസ്‌കാര മധ്യേ അമിത ചലനം വരാത്ത വിധം പല്ലു തേക്കണമെന്നാണ് പണ്ഡിതമതം (ശർഹു ബാഫള്ൽ ഹാശിയതുൽ കുർദി സഹിതം 1/163).
നിസ്‌കാരമെന്ന പോലെ ‘സജദതുശ്ശുക്ർ’ (നന്ദിസൂചകമായുള്ള സാഷ്ടാംഗം), സജദതുത്തിലാവ (ചില പ്രത്യേക ഖുർആൻ സൂക്തങ്ങൾ പാരായണം ചെയ്താൽ നിർവഹിക്കുന്ന സുജൂദ്) എന്നിവക്കു മുമ്പും പല്ലുതേപ്പുണ്ട്.
തറാവീഹ് പോലെ ഈരണ്ടു റക്അത്തുകളിൽ സലാം വീട്ടുന്ന നിസ്‌കാരങ്ങളിലും എല്ലാ രണ്ടു റക്അത്തുകൾക്കും മുന്നിലായി പല്ലുതേപ്പ് സുന്നത്തുണ്ട്.
വുളൂഇന്റെ വേളയിൽ ദന്തശുദ്ധീകരണം നടത്തിയവരും താമസം കൂടാതെ നിസ്‌കരിക്കുന്നവരും ആണെങ്കിൽ പോലും നിസ്‌കാരത്തിന്റെ മുമ്പായി പല്ലുതേപ്പ് സുന്നത്തു തന്നെയാണെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട് (തുഹ്ഫ: 1/216).
നിസ്‌കാരത്തിനു മുമ്പായി പല്ലു തേക്കുന്നത് കൊണ്ട് രക്തം പൊടിഞ്ഞ് വായ അശുദ്ധമാകുന്ന പ്രകൃതമുള്ളവർ മാത്രമാണ് ഈ സുന്നത്തിന് അപവാദം. നിർഭാഗ്യവശാൽ ഈ സുന്നത്ത് ജീവിത വ്രതമാക്കിയവർ നമ്മുടെ പരിസരങ്ങളിൽ തുലോം പരിമിതമാണ്. ആധികാരികതയുള്ള സുന്നത്തുകൾ പടിയിറങ്ങിപ്പോകാതിരിക്കാനുള്ള ജാഗ്രതക്കുറവാണ് പ്രതി.

ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ

 

Exit mobile version