മീനച്ചിലാറിന്റെ പൈതൃക തീരങ്ങൾ

കായൽപരപ്പുകളും നെൽപാടങ്ങളും കുന്നുകളും മേടുകളും റബ്ബർതോട്ടങ്ങളും വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് കോട്ടയം. കിഴക്ക് ഗംഭീരമായ പശ്ചിമഘട്ടവും പടിഞ്ഞാറ് വേമ്പനാട് കായലും കുട്ടനാട്ടിലെ നെൽപാടങ്ങളും കോട്ടയത്തിന് അതിരിടുന്നു. തെക്കുംകൂർ, വടക്കുംകൂർ നാട്ടുരാജ്യങ്ങളിലായി കിടന്നിരുന്ന കോട്ടയത്തെ പിടിച്ചടക്കി മാർത്തവർമ്മ മഹാരാജാവാണ് തിരുവിതാംകൂറിൽ ലയിപ്പിച്ചത്. തിരുവിതാംകൂർ ദിവാനായിരുന്ന ടി. മാധവറാവുവാണ് അഭിനവ കോട്ടയത്തിന്റെ ശിൽപിയായി അറിയപ്പെടുന്നത്.
കേരളത്തിന്റെ അക്ഷരനഗരിയാണ് കോട്ടയം. പ്രസിദ്ധീകരണ രംഗത്തെ കോട്ടയം പെരുമയാണ് ഈ പേര് നേടിക്കൊടുത്തത്. 1821ൽ കേരളത്തിലെ ആദ്യത്തെ അച്ചുകൂടം ബെഞ്ചമിൻ ബെയ്‌ലി സ്ഥാപിച്ചത് കോട്ടയത്താണ്. 1840ൽ കേരളത്തിലെ ആദ്യ കോളേജ് ആരംഭിച്ചതും കോട്ടയത്താണ്. ആദ്യ മലയാളം-ഇംഗ്ലീഷ് നിഘണ്ടു(1846), ഇംഗ്ലീഷ്-മലയാളം നിഘണ്ടു(1847) എന്നിവ പ്രസിദ്ധീകരിച്ചതും ഇവിടെ നിന്നാണ്. പുസ്തകങ്ങളുടെയും സമകാലിക പ്രസിദ്ധീകരണങ്ങളുടെയും മാതൃപട്ടണമായ കേട്ടയമാണ് പ്രസാധന വ്യവസായത്തിന്റെ സംസ്ഥാന ആസ്ഥാനം.

രണ്ടു കോട്ടയങ്ങൾ

കേരളത്തിൽ രണ്ടു കോട്ടയങ്ങളുണ്ട്. ഒന്ന് മലബാറിൽ മറ്റൊന്ന് തിരുവിതാംകൂറിൽ. ഇവ രണ്ടും വടക്കൻ കോട്ടയം, തെക്കൻ കോട്ടയം എന്നിങ്ങനെ അറിയപ്പെട്ടിരുന്നു. ഇരു കോട്ടയങ്ങളും മുസ്‌ലിം പ്രതാപ കേന്ദ്രങ്ങളായിരുന്നു. കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് വടക്കൻ കോട്ടയം സ്ഥിതി ചെയ്യുന്നത്. പഴശ്ശി രാജാവിന്റെ ഭരണകേന്ദ്രമെന്ന നിലക്ക് ഈ സ്ഥലം പ്രസിദ്ധമാണ്.
പഴയ രേഖകളിൽ കോട്ടയം ബസാർ എന്നു രേഖപ്പെടുത്തിയ വടക്കൻ കോട്ടയം വർത്തക പ്രമാണിമാരുടെ കേന്ദ്രമായിരുന്നു. അഞ്ഞൂറു വർഷം മുമ്പ് പോർച്ചുഗീസ് സഞ്ചാരി ബർബോസ സമ്പന്ന മുസ്‌ലിം കമ്പോളമെന്നാണ് കോട്ടയത്തെ വിശേഷിപ്പിച്ചത്. പോർച്ചുഗീസുകാരുടെ കടന്നാക്രമണങ്ങൾക്ക് കോട്ടയത്തങ്ങാടിയും ഇരയായിരുന്നു. സ്വർണവും സമ്പത്തും കവർച്ച ചെയ്യലായിരുന്നു അവരുടെ ലക്ഷ്യം. അക്രമണത്തിൽ രക്തസാക്ഷികളായവരുടേതെന്നു കരുതപ്പെടുന്ന ഖബറുകൾ സമീപ പ്രദേശങ്ങളിൽ കാണാം (വി.കെ കുട്ടു-തലശ്ശേരി: ഒരു മുസ്‌ലിം ചരിത്രം).

അക്ഷര നഗരിയുടെ
ഇസ്‌ലാം സംസ്‌കൃതി

കടൽതീരമില്ലാത്ത ജില്ലയാണ് കോട്ടയം. തീരദേശങ്ങളിലൂടെയാണ് കേരളപ്രദേശങ്ങളിലേക്ക് ഇസ്‌ലാം പ്രവേശിക്കുന്നത്. എന്നാൽ കടലോരത്തല്ലാതിരുന്നിട്ടു കൂടി കോട്ടയത്തിന് നൂറ്റാണ്ടുകളുടെ ഇസ്‌ലാമിക പാരമ്പര്യം കൈവന്നു. ജില്ലയിലെ പൗരാണിക പള്ളികളും മഖ്ബറകളും അതിന്റെ സാക്ഷ്യപത്രങ്ങളാണ്. കോട്ടയത്തെ മുസ്‌ലിംകൾ അധികവും കച്ചവടക്കാരായിരുന്നു. നഗരകേന്ദ്രീകൃത ജീവിതരീതിയായിരുന്നു അവരുടേത്. മുസ്‌ലിം പൈതൃക മുദ്രകൾക്കും നാഗരിക സ്വഭാവം ദൃശ്യമാണ്.
ജില്ലാ ആസ്ഥാനമായ കോട്ടയത്താണ് ഏറ്റവും പ്രാചീനമായ മുസ്‌ലിം പള്ളിയും സാംസ്‌കാരിക കേന്ദ്രങ്ങളുമുള്ളത്. നഗരത്തിലെ താഴത്തങ്ങാടി പള്ളിക്ക് സഹസ്രവർഷങ്ങളുടെ പഴക്കമുണ്ട്. കേരളത്തിലെത്തിയ ആദ്യത്തെ മുസ്‌ലിം ദൗത്യസംഘം കോട്ടയത്തും എത്തിയിട്ടുണ്ടാകാമെന്ന് കരുതപ്പെടുന്നു. ഈരാട്ടുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, ചങ്ങനാശ്ശേരി, പുതൂർ പള്ളി, തലയോലപ്പറമ്പ്, തലപ്പാറ, വട്ടിക്കാട്ടുമുക്ക്, വടകര, ചലക്കപ്പാറ എന്നീ പ്രദേശങ്ങൾ ജില്ലയിലെ പ്രധാന മുസ്‌ലിം അധിവാസ കേന്ദ്രങ്ങളാണ്.

താഴത്തങ്ങാടി പള്ളി

കേരളത്തിലെ ഏറ്റവും പഴക്കംചെന്ന മസ്ജിദുകളിലൊന്നാണ് താഴത്തങ്ങാടി മുസ്‌ലിം പള്ളി. മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പൗരാണിക ഗേഹം മതസൗഹാർദത്തിന്റെ മഹനീയ മാതൃകയും ശിൽപചാരുതയുടെ അനുപമദൃശ്യവുമായി ഇന്നും നിലനിൽക്കുന്നു. ഈ പള്ളിക്ക് 1300 വർഷത്തെ പഴക്കം കണക്കാക്കപ്പെടുന്നു. തെക്കുംകൂർ മഹാരാജാവിന്റെ നിർലോഭമായ സഹായം പള്ളിയുടെ പുനർനിർമാണത്തിന് ലഭിച്ചിരുന്നു. അദ്ദേഹം സമ്മാനിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന വാൾ നിക്കൽ പൂശി ഇന്നും സൂക്ഷിക്കുന്നുണ്ട്. അതാണ് ജുമുഅ ഖുതുബക്ക് ഉപയോഗിക്കുന്നത്. തെക്കുംകൂർ നാട്ടുരാജ്യത്തിന്റെ നാവികപ്പടയായിരുന്നു മൂസാമ്പികൾ, ഇടപ്പള്ളി ചേരാനെല്ലൂരിൽ നിന്നും കുടിയിരുത്തിയ വ്യാപാരികളായ മേത്തർ കുടുംബങ്ങൾ എന്നിവരെ പരിഗണിച്ചാണ് രാജാവിന്റെ പിന്തുണ ലഭിച്ചത്.
പള്ളിയങ്കണത്തിൽ സ്ഥാപിച്ച നിഴൽ (സൂര്യ) ഘടികാരം, ഒറ്റക്കല്ലിൽ തീർത്ത കരിങ്കൽ തൊട്ടി (ഹൗള്), അതിലേക്ക് വെള്ളം കോരിയൊഴിക്കുന്ന കൽപാത്തി, കിഴക്കേ ഭിത്തിയിൽ മരത്തടിയിൽ കൊത്തിയ ഖുർആൻ വചനങ്ങൾ, മുക്കുറ്റി സാക്ഷ (ഓടാമ്പൽ), കൊത്തുപണികളാൽ അലംകൃതമായ മുകൾതട്ട്, കമനീയമായ മുഖാവുകൾ, കുളം, കൽപടവ് തുടങ്ങിയവ പള്ളിയെ ആകർഷകമാക്കുന്നു.
പള്ളി നിർമിച്ചുകൊണ്ടിരിക്കെ മൂത്താശാരി മേൽക്കൂട് കയറ്റി ഉറപ്പിച്ച ശേഷം ഇസ്‌ലാമിൽ ആകൃഷ്ടനാവുകയും സത്യസാക്ഷ്യമുരുവിട്ട് ബോധരഹിതനായി വീണു മരണപ്പെടുകയും ചെയ്തുവെന്നാണ് ചരിത്രം. അദ്ദേഹത്തിന്റെ ഖബറിടം പള്ളിയുടെ ചാരെ സ്ഥിതിചെയ്യുന്നു. പള്ളിയോട് ചേർന്ന് പുണ്യാത്മാക്കളുടെ ഖബറിടങ്ങളും വിശാലമായ ഖബർസ്ഥാനുമുണ്ട്. ഇതു കൂടാതെ മറ്റു മൂന്നു പള്ളികൾ കൂടി നഗരത്തിൽ കാണാം.

ഈരാറ്റുപേട്ടയുടെ ഈടുവെപ്പ്

മീനച്ചിലാറിന്റെ കരകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു പ്രധാന പട്ടണമാണ് ഈരാറ്റുപേട്ട. തെക്കനാറും വടക്കനാറും സംഗമിച്ച് മീനച്ചിലാറായി രൂപപ്പെടുന്നത് ഇവിടെ നിന്നാണ്. വടക്കേക്കര, തെക്കേക്കര, കിഴക്കേക്കര എന്നീ മൂന്നു കരകളിലായി ഈരാറ്റുപേട്ട പരന്നുകിടക്കുന്നു. കോട്ടയത്തുനിന്ന് 40 കി.മി ദൂരമാണ് ഇവിടേക്കുള്ളത്.
ജില്ലയിൽ മുസ്‌ലിംകൾ ഏറ്റവും കൂടുതൽ അധിവസിക്കുന്ന ചരിത്രദേശമാണ് ഈരാറ്റുപേട്ട. ഹിജ്‌റ ഒന്നാം ശതാബ്ദത്തിൽ തന്നെ ഇസ്‌ലാം ഈരാറ്റുപേട്ടയിലുമെത്തിയിട്ടുണ്ടെന്നാണ് അനുമാനം. ഫരീദ് ഔലിയ, ശൈഖ് സഈദ് ബാവ എന്നീ പുണ്യപുരുഷന്മാരുടെ കടന്നുവരവാണ് ഈരാറ്റുപേട്ടക്ക് ചരിത്രത്തിലിടം നൽകിയത്. നൈനാർപള്ളി, പുത്തൻപള്ളി, മുഹ്‌യിദ്ദീൻ പള്ളി എന്നിവ കേന്ദ്രീകരിച്ച് ഇവിടെ ഒരു സംസ്‌കൃതി രൂപമെടുക്കുകയുണ്ടായി.

നൈനാർപള്ളി

ഈരാറ്റുപേട്ടയുടെ ഇസ്‌ലാമിക മുന്നേറ്റത്തിന്റെ പ്രഭവകേന്ദ്രം ശൈഖ് ഫരീദ് ഔലിയ(റ)യാണ്. കേരളത്തിലെ ഇസ്‌ലാം വ്യാപനത്തിൽ വലിയൊരു ചാലകശക്തിയായിരുന്നു സൂഫീവര്യനായ ഇദ്ദേഹം. വടക്കേ അറ്റത്തുനിന്ന് ഏകദേശം എട്ടു നൂറ്റാണ്ടുകൾക്ക് മുമ്പ് ഇദ്ദേഹം ഈരാറ്റുപേട്ടയിൽ എത്തിയെന്നാണ് ചരിത്രം. വാഗമണിനടുത്ത് കോലാഹലമേട്, എറണാകുളത്തെ കാഞ്ഞിരമറ്റം, ഈരാറ്റുപേട്ട പുത്തൻപള്ളി എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ പേരുള്ള മഖാമുകളുണ്ട്. എന്നാൽ അദ്ദേഹം മറപെട്ടു കിടക്കാൻ കൂടുതൽ സാധ്യത കൽപിക്കുന്നത് കാഞ്ഞിരമറ്റത്താണ്. മറ്റിടങ്ങൾ അദ്ദേഹം ആരാധനകളിൽ മുഴുകിയിരുന്ന സ്ഥലങ്ങളാണ്.
ഈരാറ്റുപേട്ടയിലെത്തിയ ഫരീദ് ഔലിയക്ക് വൻ ജനസമ്മതി ലഭിച്ചു. ധാരാളം പേർ ഇസ്‌ലാമിലേക്കു വന്നു. അദ്ദേഹത്തിൽ ആകൃഷ്ടനായ പൂഞ്ഞാർ രാജാവ് ആറേക്കർ ഭൂമി പതിച്ചു നൽകി. ആ സ്ഥലത്താണ് പ്രസിദ്ധമായ നൈനാർ പള്ളിയും പുത്തൻ പള്ളിയും സ്ഥിതി ചെയ്യുന്നത്. നൈനാർ പള്ളി പല ഘട്ടങ്ങളിലായി പുതുക്കിപ്പണിതിട്ടുണ്ട്. 1951ലാണ് ഇന്നു കാണുന്ന കോൺഗ്രീറ്റ് സൗധം നിർമിച്ചത്.

നൈനാറും നായനാരും

തെക്കൻ കേരളത്തിൽ പലയിടത്തും നൈനാർ കുടുംബങ്ങളും നൈനാർ പള്ളികളും കാണാം. ഹിന്ദു സമുദായത്തിലെ നായനാർ മതം മാറി ഉണ്ടായതാണ് നൈനാർ എന്നു ‘കസ്റ്റം ആന്റ് ട്രൈബ്‌സ് ഓഫ് സതേൺ ഇന്ത്യ’യിലുണ്ട്. നായനാർ എന്ന പദത്തിനർഥം നായകൻ, നേതാവ് എന്നൊക്കെയാണത്രെ. കൊച്ചി നൈനാർമാർക്ക് അവിടത്തെ രാജവംശവുമായി ചില ജോലി വ്യവസ്ഥകളുണ്ടായിരുന്നതായി പറയപ്പെടുന്നു’ (മുസ്‌ലിംകളും കേരള സംസ്‌കാരവും 52).

ശൈഖ് സഈദ് ബാവ(റ)

നൈനാർ പള്ളിയുടെ ചാരത്തായി രണ്ട് മഖ്ബറകളുണ്ട്. ശൈഖ് സഈദ് ബാവ അന്ത്രൂത്തി(റ), പുത്രൻ ശൈഖ് അബ്ദുറഹ്‌മാൻ(റ) എന്നിവരാണ് അവിടെ മറപെട്ടുകിടക്കുന്നത്. ആന്ത്രോത്ത് ദ്വീപുകാരനായ ശൈഖ് സഈദ് ബാവ ഹിജ്‌റ 721 (ക്രി.1322)ലാണ് ഈരാറ്റുപേട്ടയിലെത്തുന്നത്. മുഹമ്മദ് നബി(സ്വ)യുടെ പിതൃപരമ്പരയിലെ പതിനാലാമനായ കിനാനയുടെ വംശാവലിയിലാണ് പിറവി. പിതാവ് ശൈഖ് അലി(റ). മക്കയിലായിരുന്നു ഉപരിപഠനം.
ഈരാറ്റുപേട്ടയിലെത്തിയ സഈദ് ബാവ(റ) മേത്തർ കുടുംബാംഗമായ ഹലീമയെയാണ് വിവാഹം കഴിച്ചത്. അധ്യാത്മിക ഗുരുവും ദീനീപ്രബോധകനുമായിരുന്നു ശൈഖ് സഈദ്. ധാരാളം പേർ അദ്ദേഹം മുഖേന ഇസ്‌ലാം മതം സ്വീകരിക്കുകയുണ്ടായി. ഇവിടത്തെ ‘ചെട്ടിമാർ’ എന്ന ഹൈന്ദവ വിഭാഗം ഒന്നടങ്കം മുസ്‌ലിംകളായി. നൈനാർ പള്ളിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രം. പള്ളിയുടെ പരിസരത്ത് ചെറുകുടിൽ കെട്ടി അതിലായിരുന്നു താമസം. ശൈഖ് സഈദി(റ)ന്റെ ആത്മീയ പ്രഭാവം അനുഭവിച്ചറിഞ്ഞ ഈരാറ്റുപേട്ടക്കാർ അദ്ദേഹത്തെ ഖാളിയാക്കി. ആറു നൂറ്റാണ്ടു കാലം അദ്ദേഹത്തിന്റെ പിന്മുറക്കാരായിരുന്നു നൈനാർ പള്ളിയുടെ ഖാളിസ്ഥാനം വഹിച്ചിരുന്നത്.
ശൈഖ് സഈദി(റ)ന്റെ പിന്മുറക്കാരാണ് ഇവിടെ ലബ്ബാ കുടുംബങ്ങളായി അറിയപ്പെടുന്നത്. ഇവർ സ്ഥാപിച്ച മൻബഉൽ ഖൈറാത്ത്, നൂറുൽ ഇസ്‌ലാം ദർസുകൾ പ്രസിദ്ധം. ഇവരുടെ പിന്മുറക്കാർ കാഞ്ഞിരപ്പള്ളി, ചന്തിരൂർ, മാന്നാർ തുടങ്ങി കേരളത്തിന്റെ പല പ്രദേശങ്ങളിലും കുടിയേറുകയുണ്ടായി. ചിലരൊക്കെ പൂർവികർ പഠിപ്പിച്ച ആദർശം ഭൗതിക മോഹത്താൽ കയ്യൊഴിഞ്ഞുവെന്നത് വേറെ കാര്യം.

പുത്തൻപള്ളിയും
മുഹ്‌യദ്ദീൻ പള്ളിയും

ഈരാറ്റുപേട്ടയിലെ പ്രധാനപ്പെട്ട മറ്റു രണ്ടു മസ്ജിദുകളാണ് പുത്തൻപള്ളിയും മുഹ്‌യദ്ദീൻ പള്ളിയും. ഫരീദ് ഔലിയ(റ)യെ അനുസ്മരിപ്പിക്കുന്ന മഖാം പുത്തൻപള്ളിയുടെ സമീപത്താണ്. ആദ്യകാലത്ത് ശാഫിഈ, ഹനഫി ഭേദമന്യേ എല്ലാവരും ആശ്രയിച്ചിരുന്നത് നൈനാർ പള്ളിയായിരുന്നു. ജനസാന്ദ്രത വർധിക്കുകയും നിലവിലുള്ള പള്ളി അപര്യാപ്തമാവുകയും ചെയ്തപ്പോൾ പരിഹാരമെന്ന നിലക്കും ശാഫിഈ സരണി പിന്തുടരുന്നവർക്ക് സ്വന്തമായിട്ടൊരു പള്ളി എന്ന വീക്ഷണത്തിലും പുതുപ്പള്ളി മഖാം വക സ്ഥലത്ത് ഒരു മസ്ജിദ് പണിതു. അതാണ് പുത്തൻപള്ളി. എഡി 1911ലായിരുന്നു നിർമാണം. 1953ലും 2016ലും ഈ പള്ളി പുനരുദ്ധരിക്കുകയുണ്ടായി.
ഈരാറ്റുപേട്ട തെക്കേക്കരയിലുണ്ടായിരുന്ന നിസ്‌കാരപ്പള്ളി വിപുലീകരിച്ച് ജുമാമസ്ജിദാക്കിയതാണ് മുഹ്‌യദ്ദീൻ പള്ളി. ജില്ലയിലെ തന്നെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണിത്. ഈ മൂന്ന് മഹല്ലു ജമാഅത്തുകളാണ് ഈരാറ്റുപേട്ടയിലുള്ളത്.

കാഞ്ഞിരപ്പള്ളിയുടെ
മഖ്ദൂം പ്രഭാവം

കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ പ്രധാന പട്ടണമാണ് കാഞ്ഞിരപ്പള്ളി. മലനാടിന്റെ റാണി, മലനാടിന്റെ കവാടം എന്നെല്ലാം ഖ്യാതിയുള്ള കാഞ്ഞിരപ്പള്ളി ബഹുമത സംസ്‌കാരങ്ങളുടെ പൈതൃക ഭൂമിയാണ്. കേരളത്തിലെ പ്രധാനപ്പെട്ട ഒരു മുസ്‌ലിം പ്രദേശമാണ് കാഞ്ഞിരപ്പള്ളി. തമിഴ്‌നാട്ടിൽ നിന്നു കുടിയേറിപ്പാർത്ത മുശാവണ്ണൻ റാവുത്തർ, കുലശേഖരഖാൻ, ചാത്തുഖാൻ എന്നിവരാണ് കാഞ്ഞിരപ്പള്ളിയുടെ മുസ്‌ലിം പൈതൃകത്തിന്റെ പിതാക്കൾ. തമിഴ് മഖ്ദൂം ലബ്ബമാരും പൊന്നാനിയിയിൽ നിന്ന് ക്ഷണിതാക്കളായി വന്ന് ഇവിടെ സ്ഥിരവാസമാക്കിയ മുഹമ്മദ് മഖ്ദൂം, മൊല്ലാമിയ മഖ്ദൂം തുടങ്ങിയവരുമാണ് ദീനീ ചലനങ്ങൾക്കു ചുക്കാൻ പിടിച്ചത്.
കാഞ്ഞിരപ്പള്ളിയിലെ മേത്തരുവീട്, പുത്തൻവീട്, കല്ലുങ്കൽ, പറമ്പിൽ, കോട്ടവാതുക്കൽ എന്നീ കുടുംബങ്ങൾ മഖ്ദൂം ലബ്ബമാരുടെ പിന്മുറക്കാരാണ്. ഇവരും ലബ്ബമാർ എന്നാണ് അറിയപ്പെടുന്നത്. നൈനാർ പള്ളിയാണ് കാഞ്ഞിരപ്പള്ളിയിലെ പ്രധാന മസ്ജിദ്. നാടുവാഴിയായിരുന്ന തെക്കുംകൂർ രാജാവിന്റെ അനുമതിയോടു കൂടിയാണ് എഡി 1373ൽ നൈനാർ പള്ളി സ്ഥാപിച്ചത്. നൈനാർ പള്ളിക്കു കീഴിൽ എട്ടോളം ജുമുഅത്ത് പള്ളികൾ പ്രവർത്തിക്കുന്നു.

എരുമേലി:
മതസൗഹൃദത്തിന്റെ പുലിപ്പാൽ

കോട്ടയം നഗരത്തിൽ നിന്ന് 60 കി.മീ അകലെ മണിമലയാറിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് എരുമേലി. മതസൗഹാർദത്തിന്റെ ജീവൻമാതൃകയാണീ ദേശം. ശബരിമലയിലെ അയ്യപ്പനും ഏരുമേലിയിലെ വാവരും തമ്മിലുണ്ടായിരുന്ന ഊഷ്മള കൂട്ടുകെട്ടിന്റെ ഐതിഹ്യങ്ങളാണ് എരുമേലിയെ ശ്രദ്ധേയമാക്കുന്നത്. വാമൊഴിയായി പ്രചരിച്ച ശാസ്താം പാട്ടുകളിലും ശ്രീഭൂതനാഥോപാഖ്യാനം എന്ന സംസ്‌കൃത ഗ്രന്ഥത്തിലും അയ്യപ്പ-വാവർ സൗഹൃദത്തിന്റെ കഥനങ്ങളുണ്ട്.
വാവർ ആരാണെന്നു തീർത്തുപറയാൻ കൃത്യമായ രേഖകളൊന്നുമില്ല. വാവർ അറബി വ്യാപാരിയായിരുന്നെന്നും അതല്ല തുർക്കിസ്താനി (തകൃതിത്താൻ) ആണെന്നും ആയുർവേദ ഭിഷഗ്വരനായിരുന്നുവെന്നും മറ്റും അഭിപ്രായങ്ങളുണ്ട്. പന്തളം രാജാവിന്റെ കരം പിരിവുകാരനായ അയ്യപ്പനും വാവരും തമ്മിൽ സംഘട്ടനം നടക്കുകയും ജയപരാജയങ്ങളില്ലാതെ ഇരുവരും സന്ധി ചെയ്ത് സുഹൃത്തുക്കളായി എന്നാണ് ശാസ്താം പാട്ടിൽ പറയുന്നത്. സൈതാലി-പാത്തുമ്മ ദമ്പതികളുടെ പുത്രനാണ് വാവർ (ബാബർ) എന്ന് പൂഞ്ഞാർ രാജകുടുംബത്തിലെ രാമവർമരാജ 1948ൽ എഴുതിയ ശബരിമല ചരിത്രത്തിൽ പറയുന്നു.
പന്തളം രാജാവിന്റെ ശ്രദ്ധേയനായ പടയാളിയായിരുന്നുവത്രെ അയ്യപ്പൻ എന്ന മണികണ്ഠൻ. അദ്ദേഹത്തെ രാജാവുമായി അകറ്റാൻ അസൂയാലുക്കൾ ഗൂഢതന്ത്രങ്ങൾ നെയ്തു. രാജ്ഞി രോഗമഭിനയിച്ചു. ചികിത്സിച്ചു മടുത്ത രാജാവിനോട് വൈദ്യൻ അവസാനമായി നിർദേശിച്ചത് പുലിപ്പാലിൽ മരുന്നു കഴിക്കാനാണ്. പുലിപ്പാൽ ശേഖരിക്കാൻ രാജാവ് അയ്യപ്പനെ ചുമതലപ്പെടുത്തി. പുലിപ്പാലു തേടി കാട്ടിൽ ചുറ്റിക്കറങ്ങിയ അയ്യപ്പൻ വാവരെ കണ്ടുമുട്ടി. വാവരാകട്ടെ പുലിപ്പാൽ മാത്രമല്ല, പുലിയെ തന്നെ നൽകി അയ്യപ്പനെ സഹായിച്ചു. പുലിപ്പുറത്തു കയറി വന്ന അയ്യപ്പൻ രാജസദസ്സിനെ അമ്പരപ്പിച്ചുവത്രെ. ഉപകാരസ്മരണാർഥം തന്നെ സന്ദർശിക്കുന്നവരോട് വാവരെ കൂടി സന്ദർശിക്കണമെന്ന് അയ്യപ്പൻ നിർദേശിച്ചു. വാവർ കുടുംബത്തിലെ പിൻമുറക്കാർ നൽകുന്ന വാമൊഴികൾ ഇങ്ങനെയാണ്. എരുമേലിയിൽ വാവരുടെ ഖബറിടമില്ലെങ്കിലും അദ്ദേഹത്തിന്റേതെന്ന് അനുമാനിക്കുന്ന യുദ്ധോപകരണങ്ങൾ അവിടെ പ്രദർശിപ്പിക്കപ്പെടുന്നു.

റാവുത്തർമാരുടെ
പൂതൂർ പള്ളി

പുരാതനമായ ഒരു പള്ളിയാണ് കോട്ടയം കഴങ്ങര പൂതൂർപള്ളി ജുമാമസ്ജിദ്. ഒന്നര നൂറ്റാണ്ടിന്റെ പഴക്കം ഇതിന് കൽപിക്കപ്പെടുന്നു. റാവുത്തർമാരുടെ ആദ്യകാല അധിവാസ കേന്ദ്രമായിരുന്നു പൂതൂർ പള്ളി. തമിഴ്‌നാട്ടിൽ നിന്നു കുടിയേറിയ റാവുത്തർമാർ ഇന്നും സഹഭാഷയായി തമിഴ് ഉപയോഗിക്കുന്നു. പാലക്കാട് മുതൽ തിരുവനന്തപുരം വരെ ഇവരെ കാണാം. ഹനഫീ കർമസരണിയാണ് റാവുത്തർമാർ പൊതുവെ പിന്തുടരുന്നത്.

പിച്ചകപ്പള്ളി മേട്ടിൽ
അബ്ദുസ്വമദ് വലിയ്യ്

കോട്ടയത്തുനിന്ന് ഒരു കി.മീ അകലെയുള്ള വട്ടകപ്പാറ മലയുടെ താഴ്‌വരയിൽ പിച്ചകപ്പള്ളി മേട്ടിൽ സ്ഥിതി ചെയ്യുന്ന അബ്ദുസ്വമദ് വലിയ്യി(റ)ന്റെ മഖ്ബറ ജില്ലയിലെ ശ്രദ്ധേയ തീർത്ഥാടന കേന്ദ്രമാണ്. മറ്റു രണ്ടു ഖബറുകൾ കൂടിയുണ്ട് അവിടെ. ചങ്ങനാശ്ശേരി പൂതൂർ പള്ളിയിലെ സയ്യിദ് ഹസൻ ഖാദിരി(റ), സയ്യിദ് അബ്ദുറഹ്‌മാൻ(റ) എന്നിവരുടെ മഖ്ബറകളും പ്രധാനമാണ്.

അലി സഖാഫി പുൽപറ്റ

Exit mobile version