വിശ്വാസ ശാസ്ത്രത്തിൽ വേറിട്ട ചിന്തകളും അഭിപ്രായങ്ങളുമായി രംഗത്തുവന്ന മുഅ്തസിലുകൾ ഹദീസുകൾക്കെതിരെ ശബ്ദിച്ച പ്രധാന വിഭാഗമാണ്. മതരംഗത്ത് സ്വതന്ത്രചിന്തക്ക് വിശാലമായ അംഗീകാരം അവകാശപ്പെടുന്നവരാണ് അവർ. അക്കാരണം കൊണ്ട് വിവിധ ഗ്രൂപ്പുകളായി അവർ വേർതിരിഞ്ഞു. ഓരോ വിഭാഗത്തിനും ഹദീസുകളോടുള്ള സമീപനങ്ങളിൽ ഭിന്ന വീക്ഷണങ്ങളുണ്ടായി. എന്നാൽ ഹദീസുകളുടെ നിവേദക പരമ്പരയിൽ ഒറ്റ റിപ്പോർട്ടർ (ആഹാദ്) സ്വീകരിക്കാവതല്ല എന്ന വിഷയത്തിൽ ഏകദേശം എല്ലാവരും ഒരേ അഭിപ്രായക്കാരായിരുന്നു. ഒറ്റ റിപ്പോർട്ടർമാരുടെ ഹദീസുകളിൽ നിന്ന് ഖണ്ഡിതമായ വിവരം ലഭിക്കില്ല എന്നാണ് അവർ കണ്ടെത്തിയ ന്യായം.
അത്തരം ഹദീസുകൾ വളരെ കൂടുതലാകയാൽ തഹാദിനെ സ്വീകരിക്കാവതല്ല എന്ന തീരുമാനം വഴി വലിയൊരു ഭാഗം ഹദീസുകളെ മുഅ്തസിലുകൾ തിരസ്‌കരിച്ചു. ഒരു സംഘം ആളുകൾ റിപ്പോർട്ട് ചെയ്യുന്ന ഹദീസുകൾ (മുതവാതിറുകൾ) മാത്രമേ സ്വീകരിക്കാവൂ എന്ന നിലപാടിൽ മുഅ്തസിലുകൾ ഉറച്ച് നിൽക്കുകയും ചെയ്തു. ഈ സമീപന രീതി ഏകദേശം എല്ലാ ഹദീസ് നിഷേധികളിലും കാണാവുന്നതാണ്. ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ ചേകന്നൂർ മൗലവിയും ഹദീസ് നിഷേധത്തിന് ന്യായമായി സ്വീകരിച്ചത് ഈ വാദമായിരുന്നു. ഓറിയന്റലിസ്റ്റുകളും പാശ്ചാത്യരും ഇസ്‌ലാമിനെതിരെ വികല ചിന്തകളുമായി പ്രത്യക്ഷപ്പെടാനും ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് ശക്തമായൊരു ആയുധം ലഭിച്ചെന്ന മട്ടിൽ തുള്ളിച്ചാടി അഹങ്കരിക്കാനും കഴിഞ്ഞത് ഒറ്റ റിപ്പോർട്ടർമാരുള്ള ഹദീസുകൾക്കെതിരെ ചിലർ സ്വീകരിച്ച അറിവില്ലായ്മയുടെ നിലപാട് മൂലമായിരുന്നു.
എന്നാൽ ഹദീസ് നിദാന ശാസ്ത്രകാരന്മാരുടെ സമീപനം വളരെ ശ്രദ്ധേയമാണ്. സത്യസന്ധതയും വിശ്വാസ യോഗ്യതയുമാണ് ഒരു നിവേദകനെ വിലയിരുത്തുന്നതിലെ അടിസ്ഥാന മാനദണ്ഡം. തഹാദിലും മുതവാതിറിലുമെല്ലാം ഈ തത്ത്വത്തിൽ നിന്നുകൊണ്ടാണ് ഹദീസുകളെ സമീപിക്കുന്നത്. മറ്റു പല സവിശേഷ ഗുണങ്ങളും നിവേദകരിലുണ്ടാവും. തഖ്‌വ, ഇസ്‌ലാമിൽ ആദ്യ കാലത്ത് തന്നെയുള്ള പ്രവേശനം, വിജ്ഞാനം, അൻസ്വാരി, മുഹാജിർ, ബുദ്ധികൂർമത, ഹൃദിസ്ഥമാക്കാനുള്ള കഴിവ് അങ്ങനെ പലതും. ഇവയിലെല്ലാം മുൻഗണനയുള്ളത് നിവേദകന്റെ വിശ്വാസ യോഗ്യതക്കും സത്യസന്ധതക്കുമാണെന്ന് ഹദീസ് നിവേദനശാസ്ത്രത്തിലെ അടിസ്ഥാന നിയമമാണ്.
ഏക നിവേദക ഹദീസുകൾ പ്രമാണമാണെന്ന് ഇമാമുസ്സുന്ന ഇമാം ശാഫീഈ(റ), മുഹ്‌യിസ്സുന്ന ഇമാം ബഗ്‌വി(റ) അടക്കമുള്ള പണ്ഡിതർ നിരവധി ലക്ഷ്യങ്ങൾ നിരത്തി സമർത്ഥിച്ചിട്ടുണ്ട്. മുസ്‌ലിം സമൂഹം നിരാക്ഷേപം ഇന്നും അനുവർത്തിച്ചുവരുന്ന നിരവധി പ്രശ്‌നങ്ങൾക്ക് പ്രമാണമായി നിൽക്കുന്നത് ഏക നിവേദക ഹദീസുകളാണെന്നതും ശ്രദ്ധേയമാണ്. ബൈത്തുൽ മുഖദ്ദിസലേക്ക് തിരിഞ്ഞ് നിസ്‌കരിച്ചിരുന്ന നബിയുടെയും സ്വഹാബത്തിന്റെയും ഖിബ്‌ല മാറ്റത്തെക്കുറിച്ചുള്ള വൃത്താന്തം കൈമാറുന്നത് ഒരു സ്വഹാബിയാണ്. മസ്ജിദുൽ ഖിബ്‌ലതൈനിയിൽ നബി(സ്വ) നിസ്‌കരിക്കുമ്പോഴാണ് കഅ്ബയിലേക്ക് തിരിയാനുള്ള സന്ദേശമെത്തുന്നത്. ഉടനെ അവിടന്ന് കഅ്ബയിലേക്ക് തിരിഞ്ഞ് നിസ്‌കാരം പൂർത്തിയാക്കി.
ഈ വിവരം മറ്റു സ്വഹാബിമാർ അറിയുന്നത് ഒരു സ്വഹാബിയിലൂടെയാണ്. ഭദ്രവും ശക്തവുമായി അവർ സ്വീകരിച്ചുവന്നിരുന്ന ഒരു കാര്യമാണ് ഒരു വ്യക്തിയുടെ വിവരണത്തിന്റെ അടിസ്ഥാനത്തിൽ കയ്യൊഴിച്ചത്. ഇസ്‌ലാമിന്റെ മദ്യനിരോധന നിയമം ചരിത്ര പ്രസിദ്ധം. മദ്യനിരോധന വാർത്തയുമായി വന്ന ഒരു സ്വഹാബിയുടെ സന്ദേശം ഉൾക്കൊണ്ടാണ് മദീനയുടെ തെരുവോരങ്ങളിൽ മദ്യപ്പുഴകൾ ഒഴുകിയത്. വാർത്തയുടെ സത്യസന്ധത തെളിയാൻ സാക്ഷികളെ അന്വേഷിക്കുകയോ അൽപം കഴിയട്ടെ എന്ന് ചിന്തിക്കുകയോ ചെയ്യാതെയാണ് മദ്യവും മദ്യപാത്രങ്ങളും ഒഴുക്കുന്നതും വലിച്ചെറിയുന്നതും. തിരുനബി(സ്വ) വിവിധ ഇസ്‌ലാമിക് റിപ്പബ്ലിക്കുകളിലേക്ക് ഗവർണർമാരെ നിശ്ചയിച്ചത്, പ്രബോധകരെ നിർദേശിച്ചത്, ഖാളിമാരെ ചുമതല ഏൽപ്പിച്ചത്, സൈനിക നേതൃപദവി ഏൽപ്പിച്ചു കൊടുത്തത് തുടങ്ങിയ അതിപ്രധാന വിഷയങ്ങളിൽ പോലും ഒറ്റയായ വ്യക്തികളെ ഏൽപ്പിച്ചതിന് തിരുജീവിതത്തിൽ നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ധർമയുദ്ധം ചെയ്യാനും സകാത്ത് സ്വീകരിക്കാനും തങ്ങളുടെ രാജ്യത്ത് മതപ്രചാരണം നടത്താനും തുടങ്ങി വിശാലമായ അധികാരമായിരുന്നു തിരുനബി(സ്വ) ഏൽപിച്ചു കൊടുത്തിരുന്നത്. അവരുടെ നിർദേശങ്ങളും അഭിപ്രായങ്ങങ്ങളും വൻപ്രാധാന്യത്തോടെ തന്നെ സ്വഹാബത്ത് സ്വീകരിച്ചു. ഒരു വ്യക്തി എന്ന നിലയിൽ സ്വഹാബികൾ ആരും നബി(സ്വ) അധികാരപ്പെടുത്തിയ ഖലീഫമാരെയോ ഖാളിമാരെയോ സൈനിക മേധാവികളെയോ അംഗീകരിക്കാതിരുന്നില്ല. ഈ പാരമ്പര്യവും മാനദണ്ഡവും തന്നെയാണ് ഏക നിവേദക പരമ്പരയിൽ വന്ന ഹദീസുകളെ കുറിച്ചും കർമശാസ്ത്ര വിദഗ്ധരുടെയും ഇമാം ശാഫിഈ(റ) അടക്കമുള്ള അഇമ്മത്തിന്റെയും നിലപാട്.
വിശ്വസ്തതയും സത്യസന്ധതയുമായിരുന്നു അതിനുള്ള ഉപാധി. മറ്റ് മാനദണ്ഡങ്ങൾക്ക് അവർ ദ്വിതീയ പരിഗണനയേ നൽകിയിരുന്നുള്ളൂ. ഇമാം ശാഫിഈ(റ) രിസാലയിലും അൽഉമ്മിലുമെല്ലാം വളരെ ഗഹനമായി ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. എതിർവാദക്കാരുടെ തർക്കങ്ങളെ ശക്തമായി ഖണ്ഡിക്കുക കൂടി ചെയ്തുകൊണ്ടാണ് ശാഫിഈ(റ) ആ ചർച്ച പൂർത്തിയാക്കുന്നത്. കർമ-വിശ്വാസ കാര്യങ്ങളിൽ ഒറ്റ വ്യക്തികളെ അനുകരിക്കലും വിശ്വസിക്കലും നിർബന്ധമാണെന്നും സത്യസന്ധത അവരിൽ ഉപാധിയായി കണ്ടാൽ മതിയെന്നും ബോധിപ്പിക്കുന്ന ഖുർആൻ വചനങ്ങൾ എടുത്തുദ്ധരിച്ചും വ്യാഖ്യാനിച്ചുമാണ് ഇമാം ശാഫിഈ(റ)യുടെ സമർത്ഥനവും പ്രതിപാദനവും. അന്നിസാഅ് 135, അൽബഖറ 143, മാഇദ 67, അത്തൗബ 132, അഹ്‌സാബ് 34 തുടങ്ങിയ വചനങ്ങൾ തെളിവുകളായി ശാഫിഈ(റ) അടക്കമുള്ളവർ ഉദ്ധരിച്ചതായി കാണാം. ഇസ്‌ലാമിക പ്രബോധനത്തിനായി അല്ലാഹു നിയോഗിച്ച പ്രവാചകന്മാർ തന്നെ വ്യക്തികളായിരുന്നുവല്ലോ എന്ന ചോദ്യവും പണ്ഡിതന്മാർ ഉയർത്തുന്നുണ്ട്. പ്രവാചകാധ്യാപനങ്ങളോ ബോധനങ്ങളോ സ്വീകരിക്കുന്നതിന് എണ്ണമറ്റ വ്യക്തികളുടെ സാന്നിധ്യം വേണമെന്ന ന്യായം ആരും പറഞ്ഞ് കാണുന്നുമില്ല.
ഹദീസുകൾ പ്രമാണ യോഗ്യമാണെന്ന മുസ്‌ലിം ഉമ്മത്തിന്റെ പൊതുവീക്ഷണത്തെ വിമർശിച്ചുകൊണ്ടാണ് മുഅ്തസിലീ നേതാവായ അബൂഅലിയ്യുൽ ജുബ്ബാഈ രംഗത്തുവന്നത്. ഒന്നുകൂടി തീവ്രമായ നിലപാടാണ് അംർബ്‌നു ഉബൈദിന്റേത്. സ്വഹാബികൾക്കിടയിൽ ചില സന്ദർഭങ്ങളിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ കാരണം മുഴുവൻ സ്വഹാബികളും ഫാസിഖുകളായെന്നും ഒരാളുടെയും ഹദീസുകൾ സ്വീകരിക്കാൻ പാടില്ലെന്നുമായിരുന്നു അയാളുടെ പക്ഷം. സ്വഹാബികളുടെ സത്യസന്ധതയിലും വിശ്വാസ്യതയിലും വളരെ അപകടകരമായ നിരീക്ഷണങ്ങളാണ് മുഅ്തസിലികൾക്കിടയിലുണ്ടായത്. ശരീഅത്തിന്റെ ആണിക്കല്ല് പോലും പറിച്ചുകളയുന്നവയായിരുന്നു അവയിൽ മിക്കതും. മുസ്‌ലിം ലോകം ഏകമായി അംഗീകരിച്ചുവരുന്ന പല തത്ത്വങ്ങൾക്കും വിരുദ്ധമായി നിശ്ചലമായ ഒരു ഇസ്‌ലാമിനെ നിർമിക്കുകയായിരുന്നു ഹദീസ് നിഷേധത്തിലൂടെ മുഅ്തസിലുകൾ ചെയ്തത്. അബൂ ഇസ്ഹാഖ് ബിൻ നയ്യാർ നേതൃത്വം നൽകുന്ന നള്ളാമിയ്യ വിഭാഗമാണ് ഇവരിലെ വലിയ അപകടകാരികൾ. സുന്നത്തിന് പുറമെ മുസ്‌ലിം ലോകത്തിന്റെ ഇജ്മാഇനെയും ഖിയാസിനെയും തള്ളിപ്പറഞ്ഞുകൊണ്ടാണ് നള്ളാമിയ്യത്ത് അവരുടെ വികലവാദങ്ങൾ എഴുന്നള്ളിച്ചത്.
പല കാലങ്ങളിലായി ഇസ്‌ലാമിന്റെ ശത്രുക്കൾ മെനഞ്ഞെടുത്ത പൊടിക്കൈകളാണ് ഹദീസ് നിഷേധികളുടെ പിടിവള്ളികൾ. സുന്നത്ത് നിഷേധത്തിലൂടെ ഇസ്‌ലാമിന്റെ അടിത്തറ തകർക്കാമെന്ന ശത്രുക്കളുടെ കുതന്ത്രമാണ് ഹദീസ് നിഷേധികളുടെ നിലപാടുകളിൽ മുഴച്ചു നിൽക്കുന്നത്. തിരുജീവിതത്തെക്കുറിച്ചും ദർശനത്തെക്കുറിച്ചും സംശയം ജനിപ്പിക്കുക, ഹദീസുകളിൽ കടന്നുകൂടിയുള്ള വ്യാജന്മാരെ ചൂണ്ടിക്കാണിച്ച് മൊത്തം ഹദീസുകളെ തള്ളിക്കളയുക തുടങ്ങിയ കുതന്ത്രങ്ങൾ ഫലവത്തായാൽ തങ്ങളുടെ ദൗത്യം പൂർണമായി എന്നാണ് യഥാർത്ഥത്തിൽ ഹദീസ് നിഷേധത്തിലൂടെ ഇവർ കൊതിക്കുന്നത്.
പൊതുവിൽ ഹദീസ് നിഷേധികൾ പറഞ്ഞുകൊണ്ടിരിക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് സാമാന്യബുദ്ധിക്ക് നിരക്കാത്തത് അസ്വീകാര്യം എന്ന വാദം. സത്യത്തിൽ ഈ സാമാന്യബുദ്ധിയുടെ അളവ് എത്രയാണ്? ആരുടെ സാമാന്യ ബുദ്ധിയാണിത്? ഈ ചോദ്യങ്ങൾക്കെല്ലാം വ്യക്തത വേണ്ടതുണ്ട്. മുജാഹിദ് വിഭാഗത്തിലെ ചിലർ ഈ വാദം ഉയർത്തിക്കാണിച്ച് പ്രാമാണികമായ ചില ഹദീസുകൾ വരെ നിഷേധിച്ചിട്ടുണ്ട്. സത്യസന്ധമായ പരമ്പരയിലൂടെ ലഭിച്ച ഹദീസ് സ്വീകരിക്കുക എന്ന മുസ്‌ലിം ഉമ്മത്തിന്റെ പാരമ്പര്യത്തിന് വിരുദ്ധമാണ് ഈ വാദം. വിശ്വാസിയുടെ ബുദ്ധിയോടാണ് തിരുഹദീസുകൾ സംസാരിക്കുന്നത്. അവന്റെ വിശ്വാസബുദ്ധികൊണ്ടാണ് പ്രസ്തുത ഹദീസുകളെ സമീപിക്കേണ്ടത്. അനുഭവസാക്ഷ്യങ്ങൾക്ക് വിരുദ്ധമായത് എന്നാണ് ഹദീസ് നിഷേധികളുടെ മറ്റൊരു ന്യായം. മുഅ്ജിസത്ത്, കറാമത്ത്, ഖബർ, സ്വർഗം, നരകം, സ്വിറാത്, മീസാൻ തുടങ്ങിയ വിശ്വാസിയുടെ അതിപ്രധാന വിശ്വാസ വികാരങ്ങളെ അനുഭവസാക്ഷ്യത്തിന്റെ മാനദണ്ഡത്തിൽ അളക്കാനാകുമോ? ഈ ഒരു വാദം ഉയർത്തിപ്പിടിക്കുന്നതിലൂടെ എത്രയെത്ര ഹദീസുകളെയാണ് തള്ളിക്കളയുന്നത്. വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിൽ അതിപ്രധാനമായ ആഖിറത്തിനെ പൂർണമായും മാറ്റിനിർത്തുന്നിടത്ത് ഈ ന്യായവും എത്തിനിൽക്കുന്നു. ഖബറിലെ ചോദ്യം, മുൻകർ-നകീർ, ഖബറിലെ സുഖദുഃഖങ്ങൾ നികാരകരിച്ചവരെയും നിഷേധിച്ചവരെയും സ്വാധീനിച്ചതും ഈ ന്യായമായിരുന്നു. ഇത്തരം വാദങ്ങളെയും നിരീക്ഷണങ്ങളെയും ഖണ്ഡിച്ചും ഹദീസിന്റെ സാംഗത്യം ബോധ്യപ്പെടുത്തിയും ഇമാം ശാഫിഈ(റ) രിസാലയിൽ ഗഹനമായി സംസാരിക്കുന്നുണ്ട്.
ഹദീസുകളെ മൂന്നായി തരംതിരിച്ച് ശാഫിഈ(റ) എഴുതിയതിന്റെ സാരം:
1) ഖുർആനിനെ മൗലികമായും മൊത്തത്തിലും വിശദമായും അംഗീകരിക്കുന്ന ഹദീസുകൾ. അഥവാ ഖുർആനിന്റെ പ്രസ്താവനകൾക്ക് ബലം നൽകുന്നവ. നിസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയവയുടെ വിശദീകരണങ്ങളോ ക്രമങ്ങളോ വിശകലനം ചെയ്യാതെ അവയുടെ നിർബന്ധം മാത്രം കുറിക്കുന്ന ഹദീസുകൾ ഈ ഇനത്തിൽ പെട്ടതാണ്. ഒരു മുസ്‌ലിമിന്റെ ധനം അവന്റെ പൂർണ തൃപ്തിയോടെയല്ലാതെ അനുവദനീയമല്ല എന്ന നബിവചനം പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളെല്ലാം ഉദ്ധരിച്ചിട്ടുണ്ട്. ഇമാം മുസ്‌ലിം, തുർമുദി തുടങ്ങിയ മുഹദ്ദിസുകൾ സമാന ആശയങ്ങളുള്ള ഹദീസുകൾ ഉദ്ധരിച്ചവരാണ്. സത്യവിശ്വാസികളേ, നിങ്ങളുടെ സമ്പത്ത് നിങ്ങൾക്കിടയിൽ അന്യായമായി ഭക്ഷിക്കരുതെന്ന ഖുർആൻ അധ്യാപനത്തെ ബലപ്പെടുത്തുന്നവയാണ് ഈ ഹദീസുകൾ. നിസ്‌കാരം, ഹജ്ജ്, സകാത്ത് തുടങ്ങി നിരവധി വിഷയങ്ങളിൽ ഖുർആനിന്റെ പ്രതിപാദനത്തിനും പ്രസ്താവനക്കും ബലം നൽകുന്ന ഹദീസുകൾ കാണാൻ കഴിയും.
2) ഖുർആനിന്റെ നിയമവിധികൾക്ക് വിശദീകരണമായി വരുന്ന ഹദീസുകൾ. ഇത്തരം നിരവധി ഹദീസുകൾ ഉണ്ട്. ഖുർആൻ നിരുപാധികം പരാമർശിച്ചതിനെ ഉപാധിയോടെ സംസാരിക്കുന്ന ഹദീസുകൾ, ഖുർആൻ പൊതുവായി പറഞ്ഞതിന് വിശദീകരണവും വ്യാഖ്യാനവും നൽകുന്ന ഹദീസുകൾ ഇക്കൂട്ടത്തിൽപെട്ടതാണ്. നിസ്‌കാരം, നോമ്പ് ഖുർആൻ പരാമർശിച്ചെങ്കിലും അവയുടെ രൂപങ്ങൾ ഹദീസുകൾ ആശ്രയിച്ചാൽ മാത്രമേ പൂർണമാവൂ. വിശ്വാസം, കർമം, ആചാരം, അനുഷ്ഠാനം തുടങ്ങിയ വിവിധ ഇടങ്ങളിൽ ഖുർആനിന്റെ വിശദീകരണങ്ങൾക്ക് ഇത്തരം ഹദീസുകളുടെ സാന്നിധ്യം ആവശ്യമാണ്.
3) ഖുർആൻ വ്യക്തമായി പരാമർശിക്കാത്ത വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഹദീസുകൾ. വിവാഹിതനായ വ്യഭിചാരിയെ എറിഞ്ഞ് കൊല്ലണം, പിതാമഹിക്ക് അനന്തരാവകാശമുണ്ട് തുടങ്ങിയ ഹദീസുകൾ ഇക്കൂട്ടത്തിൽ പെടുന്നു. ഇത്തരം ഹദീസുകളുടെ നിദാനങ്ങളെയും മാനദണ്ഡങ്ങളെയും കുറിച്ച് ഹദീസ് നിദാനശാസ്ത്രം കൃത്യമായി സംസാരിച്ചിട്ടുണ്ട്.
ഈ മൂന്ന് വകുപ്പിലുള്ള ഹദീസുകളും അവലംബമാക്കാൻ പ്രതിപാദിച്ച മാനദണ്ഡങ്ങളിലൊന്നും ഹദീസ് നിഷേധികൾ കൊണ്ടുനടക്കുന്ന ന്യായവാദങ്ങൾ കാണാൻ കഴിയില്ല.
അബ്ദുറഹ്‌മാൻ ദാരിമി സീഫോർത്ത്