മുജാഹിദ് തൗഹീദ്

വിശുദ്ധ ഇസ്‌ലാമിന്റെ സുപ്രധാന ആദർശമാണ് തൗഹീദ്. അത് ഉൾകൊണ്ട് ജീവിക്കുന്നവർക്കാണ് പാരത്രിക മോക്ഷമെന്ന് പരിശുദ്ധ ഖുർആനും തിരുസുന്നത്തും പഠിപ്പിക്കുന്നു. തിരുനബി(സ്വ)യോട് അബ്ദുൽ ഖൈസ് പ്രതിനിധി സംഘം വന്നു ചോദിക്കുന്ന ഹദീസ് ഇമാം ബുഖാരി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഞങ്ങൾക്കും ഞങ്ങളുടെ പിറകിലുള്ളവർക്കും സ്വർഗപ്രവേശനത്തിന് ഉപയുക്തമായ കാര്യങ്ങൾ അവിടന്ന് പഠിപ്പിച്ചുതരണം. ശത്രുക്കൾ ഇടയിലുള്ളതുകൊണ്ട് ഞങ്ങൾക്ക് എപ്പോഴും അങ്ങയുടെ ചാരത്തേക്ക് വരാൻ കഴിയില്ല. അന്നേരം നബി(സ്വ) അവർക്ക് തൗഹീദ് പഠിപ്പിച്ചു: തൗഹീദ് എന്താണെന്നറിയുമോ? അല്ലാഹും റസൂലുമാണ് അറിയുകയെന്ന് അവർ മറുപടി നൽകി. അപ്പോൾ നബി(സ്വ) പ്രതിവചിച്ചു: അല്ലാഹു അല്ലാതെ ആരാധനക്കർഹൻ മറ്റാരുമില്ലെന്നും മുഹമ്മദ് നബി അവന്റെ ദൂതരാണെന്നും സാക്ഷ്യപ്പെടുത്തലാണത് (സ്വഹീഹുൽ ബുഖാരി 87). ഈ സാക്ഷ്യമാണ് തൗഹീദിന്റെ സത്ത.
ഇതിന് നേർവിപരീതമുള്ള സംജ്ഞയാണ് ശിർക്ക്. അല്ലാഹു അതിനെ ശക്തമായി എതിർത്തിട്ടുണ്ട്. ഖുർആൻ പറയുന്നു: നിശ്ചയം അല്ലാഹുവിൽ പങ്കുകാരനാക്കുന്നതിനെ അവൻ ഒരിക്കലും പൊറുക്കുകയില്ല. ശിർക്കല്ലാത്ത ദോഷങ്ങൾ അവനുദ്ദേശിക്കുന്നവർക്ക് പൊറുക്കുന്നതാണ്. ആരെങ്കിലും അവന് ശിർക്ക് വെച്ചാൽ അങ്ങേയറ്റത്തെ വഴികേടിലായിരിക്കുന്നു (സൂറതുന്നിസാഅ് 116).
തൗഹീദിനെതിരിൽ ഒളിഞ്ഞും തെളിഞ്ഞും ഒരുപാട് ആക്രമണങ്ങളും കയ്യേറ്റ ശ്രമങ്ങളും നടന്നിട്ടുണ്ട്. റസൂൽ(സ്വ)യുടെ കാലത്തുതന്നെ മുനാഫിഖുകൾ എന്ന കപടന്മാർ തൗഹീദിന്റെ വക്താക്കളെന്ന വ്യാജേന ആന്തരികമായി തൗഹീദിനെതിരിൽ പ്രവർത്തിക്കുകയും അതിനെ ഇല്ലായ്മ ചെയ്യാൻ കുതന്ത്രങ്ങൾ മെനയുകയുമുണ്ടായി. പിന്നീട് രംഗത്തുവന്ന ഖവാരിജുകൾ, മുഅ്തസിലികൾ തുടങ്ങിയവരും യഥാർത്ഥ തൗഹീദിനെ കളങ്കപ്പെടുത്താൻ ശ്രമിച്ചവരാണ്. ഇസ്‌ലാമിന്റെ ഋജുവായ പാതയിൽ നിന്ന് വ്യതിചലിച്ചുപോയ ഇവരെ പോലുള്ള പൂർവിക വിതണ്ഡാവാദക്കാരുടെ ആശയങ്ങൾ പേറി നടക്കുന്നവരാണ് ഇന്നുള്ള പുത്തൻ പ്രസ്ഥാനങ്ങളെന്നത് അവരെ കുറിച്ച് പഠിച്ചാൽ സുതരാം വ്യക്തമാകും.
മുഅ്തസിലികൾക്ക് ശേഷം ഖവാരിജ്, മുർജിഅത്, ശിയ പ്രസ്ഥാനങ്ങൾ കടന്നുവന്നു. ഇവരൊക്കെ അഹ്‌ലുസ്സുന്നയിൽ നിന്ന് വിഘടിച്ചു പോകാനുള്ള അടിസ്ഥാന കാരണം തൗഹീദിൽ വന്ന പാകപ്പിഴവാണ്. ഇവർ തൗഹീദിന്റെ പേരിൽ വ്യത്യസ്ത വിഭാഗങ്ങളും ഉപവിഭാഗങ്ങളുമായി പ്രവർത്തിക്കാൻ തുടങ്ങി. അക്കാലത്ത് അല്ലാഹുവിനെ സൃഷ്ടികളോടുപമിച്ച് അവയവങ്ങൾ ചാർത്തുന്നവരായി മശബ്ബിഹത്, മുജസ്സിമത് വാദക്കാർ രംഗത്തുവന്നു. ഇത്തരം ആശയങ്ങൾക്ക് അനേകം അനുയായികളെ കിട്ടി എന്നത് എടുത്തുപറയേണ്ട കാര്യമാണ്. പുത്തനാശയങ്ങൾ മുസ്‌ലിം സമൂഹത്തിൽ വ്യാപകമായ ഘട്ടങ്ങളിലൊക്കെ അതിനെതിരിൽ പടയോട്ടം നടത്തി യഥാർത്ഥ ഇസ്‌ലാമിനെയും തൗഹീദിനെയും അക്കാലങ്ങളിലെ അഇമ്മത്തും ഉലമാഉം സംരക്ഷിക്കുകയുണ്ടായി. അവരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളിലൂടെ ഇസ്‌ലാമിക തൗഹീദ് യുവത്വത്തിന്റെ പ്രസരിപ്പോടെ നിലനിന്നു വരുന്നു.

ഇബ്‌നു തൈമിയ്യയും
പുത്തൻ തൗഹീദും

ഹിജ്‌റ 728ൽ അന്തരിച്ച അഹ്‌മദ് ഇബ്‌നു തൈമിയ്യയാണ് യഥാർത്ഥ തൗഹീദിനെ കളങ്കപ്പെടുത്തുന്ന ഒട്ടേറെ നൂതന ആശയങ്ങളുമായി പിന്നീടു കടന്നുവന്ന വ്യക്തി. പുതിയ പ്രസ്ഥാനങ്ങൾക്കെല്ലാം ആദ്യ നൂറ്റാണ്ടുകളിലെ പിഴച്ച കക്ഷികളുമായി ആശയസാമ്യത കാണുമെങ്കിലും ഇന്നുള്ള വികലാശയങ്ങളെ ഈ രൂപത്തിൽ പടച്ചുണ്ടാക്കിയതിനു പ്രധാന പ്രചോദനം ഇബ്‌നുതൈമിയ്യയായിരുന്നു. ഖുർആനിന്റെയും സുന്നത്തിന്റെയും വ്യാഖ്യാനം ശരിയായ രൂപത്തിൽ പാരമ്പര്യമായി ലഭിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്തിരുന്ന മുസ്‌ലിംകളെ മുശ്‌രിക്കാക്കാനും തന്റെ പരിഷ്‌കാരങ്ങളും നവീനാശയങ്ങളും ജനങ്ങൾക്കു പകർന്നു കൊടുക്കാനുമായി ഇബ്‌നുതൈമിയ്യ പ്രമാണങ്ങളിൽ എമ്പാടും ദുർവ്യാഖ്യാനങ്ങൾ നടത്തി.
തൗഹീദിനെ വിഭജിച്ചുകൊണ്ടാണ് അദ്ദേഹം പ്രവർത്തനമാരംഭിക്കുന്നത്. തൗഹീദും ശിർക്കും റുബൂബിയ്യത്ത്, ഉലൂഹിയ്യത്ത് എന്നിങ്ങനെ രണ്ടു വിധമുണ്ടെന്ന് അദ്ദേഹം വാദിച്ചു. റബ്ബ് അല്ലാഹുവാണെന്നതിൽ പൂർവകാല മുശ്‌രിക്കുകളും സുന്നികളും ഒരേ വിശ്വാസക്കാരാണ്. ഇതു തൗഹീദ് റുബൂബിയ്യത്ത്. എന്നാൽ ആരാധനയുടെ വിഷയത്തിൽ അല്ലാഹുവിനോട് കൂടെ മറ്റു വസ്തുക്കളെ മക്കക്കാർ ശിർക്കുവെച്ചിരുന്നു. ഇത് ഉലൂഹിയ്യത്തിലുള്ള ശിർക്കാണ്. മരിച്ചുപോയ മഹാത്മാക്കളോട് സഹായം ചോദിക്കുന്ന പരകോടി മുസ്‌ലിംകളും ഇങ്ങനെ ഉലൂഹിയ്യത്തിൽ ശിർക്ക് വെക്കുന്നവരായതിനാൽ അവരും മുരിക്കുകളാണെന്നാണ് ഈ വാദത്തിന്റെ സംക്ഷിപ്തം (ഇബ്‌നുതൈമിയ്യയുടെ ഇഖ്തിളാഉ സ്സ്വിറാതിൽ മുസ്തഖീം പേ. 473).
വിഷലിപ്തവും ഇസ്‌ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധവുമായ മേൽവാദങ്ങൾക്കു പുറമെ ലോക പണ്ഡിതരുടെ ഉറച്ച തീരുമാനങ്ങൾക്കു വിരുദ്ധമായ നിരവധി ആശയങ്ങളുടെ പിതാവാണിദ്ദേഹം. ഹി. 661ൽ ജനിച്ച ഇദ്ദേഹം ലോകമുസ്‌ലിംകളുടെ ‘ഇജ്മാഇന്’ എതിരായ നിരവധി ഫത്‌വകൾ നൽകുകയും വാദങ്ങളുന്നയിക്കുകയും ചെയ്ത കാരണത്താൽ സമൂഹത്തിൽ ഒറ്റപ്പെടുകയും സമകാലിക പണ്ഡിതന്മാർ അദ്ദേഹത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി ഗ്രന്ഥങ്ങളെഴുതുകയും ചെയ്തിട്ടുണ്ട്.
ഹാഫിള് ഇബ്‌നു ഹജർ അസ്ഖലാനി(റ) ഉദ്ധരിക്കുന്നു: സ്വഹാബീ പ്രമുഖരായ അബൂബക്കർ സ്വിദ്ദീഖ്(റ), ഉമർ(റ), ഉസ്മാൻ(റ), അലി(റ) എന്നിവരെയൊക്കെ ഇബ്‌നുതൈമിയ്യ ആക്ഷേപിക്കുകയും വിമർശിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹുവിന് കാല്, മുഖം തുടങ്ങിയ ശരീരഭാഗങ്ങളുണ്ടെന്ന് വാദിച്ച ഇദ്ദേഹം മുജസ്സിമാ(അല്ലാഹുവിന് അവയവങ്ങളുണ്ടെന്ന് പറയുന്ന നവീനവാദി)ണെന്ന് സമകാലിക പണ്ഡിതർ സമർത്ഥിച്ചിരിക്കുന്നു. തിരുനബി(സ്വ)യോട് സഹായമർത്ഥിക്കാൻ പാടില്ലെന്ന പുത്തൻവാദം ഉന്നയിച്ച അദ്ദേഹം ഇസ്‌ലാമിൽ നിന്നും പുറംതള്ളപ്പെട്ട സിന്ദീഖാ(കപടഭക്തൻ)ണെന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം. സ്വഹാബത്തിനെ അധിക്ഷേപിച്ചതിനാൽ ഇദ്ദേഹം കപടവിശ്വാസിയാണെന്നു മറ്റു ചില പണ്ഡിതന്മാരും പറഞ്ഞിരിക്കുന്നു (അദ്ദുററുൽ കാമിന 1/144-147).
മുഹമ്മദ് നബി(സ്വ), ഇബ്‌റാഹീം(അ) അടക്കമുള്ളവരുടെ ഖബറുകൾ സിയാറത്ത് ചെയ്യാനായി യാത്ര പോകൽ ഹറാം, ആ യാത്രയിൽ നിസ്‌കാരം ഖസ്‌റാക്കൽ കുറ്റകരം, നരകം നശിച്ചുപോകും, ലോകം അനാദിയാണ്, നബി(സ്വ)യുടെ ശരീരം ജീർണിച്ചു നശിച്ചിട്ടുണ്ട്, മൂന്നു ത്വലാഖ് ചൊല്ലിയാൽ ഒന്നേ പോകൂ, പ്രവാചകന്മാർ പാപസുരക്ഷിതരല്ല, നിസ്‌കാരം ബോധപൂർവം ഉപേക്ഷിച്ചാൽ ഖളാഅ് വീട്ടേണ്ടതില്ല, ആർത്തവക്കാരിക്ക് ത്വവാഫ് നടത്താം തുടങ്ങി നിരവധി അബദ്ധ ദർശനങ്ങൾ ഇബ്‌നുതൈമിയ്യ വെച്ചുപുലർത്തിയിരുന്നു.
അല്ലാമാ തഖ്‌യുദ്ദീൻ ഹിസ്‌നി(റ) രേഖപ്പെടുത്തുന്നു: അല്ലാഹുവിനെ കുറിച്ചുള്ള വിശ്വാസത്തിൽ വ്യതിയാനം വരുത്തിയ ഇബ്‌നുതൈമിയ്യ കൈയും കണ്ണും കാലും മറ്റവയവങ്ങളുമുള്ള അല്ലാഹുവിനെയാണ് ജനങ്ങൾക്ക് പരിചയപ്പെടുത്തിയത്. ഒരിക്കൽ ഈ ആശയം ജനങ്ങളോട് പറഞ്ഞപ്പോൾ മുസ്‌ലിം പാരമ്പര്യത്തിനും വിശ്വാസത്തിനും അന്യമായ വാദമുന്നയിച്ച അദ്ദേഹത്തിനെതിരെ ജനം തിരിയുകയും പ്രസംഗം തടയുകയും ചെരിപ്പ് പോലുള്ള കൈയിൽ കിട്ടിയ വസ്തുക്കൾ കൊണ്ടാക്കെ അടിക്കുകയും ചെയ്തു (ദഫ്ഉ ശുബഹി മൻശബ്ബഹ പേ. 44). ഇക്കാരണത്താൽ പലതവണ അദ്ദേഹത്തെ ഭരണകൂടം അറസ്റ്റു ചെയ്തിട്ടുണ്ട്.
ഒരിക്കൽ പണ്ഡിതന്മാരും നേതാക്കളുമടങ്ങിയ സദസ്സിൽവെച്ച് ശൈഖ് ശംസുദ്ദീൻ അദ്‌നാൻ(റ) ഇബ്‌നുതൈമിയ്യ ഉന്നയിക്കുന്ന വാദങ്ങളും വിശ്വാസങ്ങളും നിരത്തിവെച്ച് അതിനുള്ള തെളിവുകൾ അദ്ദേഹത്തോട് ഹാജരാക്കാനാവശ്യപ്പെട്ടു. മറുപടി പറയുന്നതിനു പകരം പ്രസംഗിക്കാൻ തുനിഞ്ഞ ഇബ്‌നുതൈമിയ്യയോട് മറുപടിയും തെളിവും ഹാജരാക്കാൻ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അതിനാവാതെ അദ്ദേഹം പരുങ്ങി. അതിനാൽ ഭരണാധികാരി അദ്ദേഹത്തെ തുറുങ്കിലടച്ചു (ദഫ്ഉ ശുബഹി മൻശബ്ബഹ പേ. 44-45).
ഖാസി കമാലുദ്ദീൻ ഖസ്‌വീനിയുടെ കോടതിയിൽവെച്ച് ഇബ്‌നുതൈമിയ്യക്കു നേരെ ശിർക്കുകൊണ്ട് വിധിക്കുകയും പ്രവാചകന്മാരുടെ ഖബറിനരികിൽ പോകുന്നത് ശിർക്കാണെന്ന് വാദിച്ചതിനാൽ ഹിജ്‌റ 721ലും 722ലും രണ്ടു തവണ ജയിലിലടക്കുകയും ചെയ്തു’ (ദഫ്ഉ ശുബഹി മൻശബ്ബഹ പേ. 120-121). ഡമസ്‌കസിലെ ജയിലിൽ വെച്ചാണ് ഹി. 728 ദുൽഖഅദ് 12ാം രാവിൽ അദ്ദേഹം മരണപ്പെടുന്നത്.
ഇമാം ഇബ്‌നു ഹജർ(റ) പറയുന്നു: ‘ഇബ്‌നുതൈമിയ്യ അല്ലാഹു പരാജയപ്പെടുത്തുകയും പിഴപ്പിക്കുകയും അന്ധനും ബധിരനും നിന്ദ്യനുമാക്കിത്തീർക്കുകയും ചെയ്തയാളാണ്. അദ്ദേഹത്തിന്റെ കുഴപ്പങ്ങൾ വിവരിക്കുകയും വാചകങ്ങളിലെ നുണകൾ വ്യക്തമാക്കുകയും ചെയ്ത നേതാക്കൾ അക്കാര്യം സ്പഷ്ടമാക്കിയിട്ടുണ്ട്. ഇജ്തിഹാദിന്റെ സ്ഥാനത്തെത്തിയ അത്യുന്നതനും ഐകകണ്‌ഠ്യേന അംഗീകരിക്കപ്പെടുന്ന മഹാനുമായ തഖിയുദ്ദീൻ സുബ്കി(റ), മകൻ താജുദ്ദീൻ സുബ്കി(റ), ശൈഖ് ഇബ്‌നുജമാഅ(റ) തുടങ്ങി അദ്ദേഹത്തിന്റെ സമകാലികരായ ശാഫിഈ, ഹനഫീ, മാലികീ മദ്ഹബുകളിലെ അനവധി പണ്ഡിതവരേണ്യർ ഇക്കാര്യം രേഖപ്പെടുത്തിയതായി കാണാം. പിൽക്കാലക്കാരായ സ്വൂഫികളെ മാത്രമല്ല അദ്ദേഹം ആക്ഷേപിച്ചിട്ടുള്ളത്; സ്വഹാബീ നേതാക്കളായ ഉമറുബ്‌നുൽ ഖത്വാബ്(റ), അലിയ്യുബ്‌നു അബീത്വാലിബ്(റ) മുതലായവരെ പോലും അധിക്ഷേപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾക്കു വില കൽപിക്കാവതല്ല. അവ തള്ളപ്പെടേണ്ടതും അദ്ദേഹം മുബ്തദിആണെന്ന് വിശ്വസിക്കേണ്ടതുമാണ്’ (അൽഫതാവൽ ഹദീസിയ്യ പേ. 86, ഹാശിയത്തുൽ ഈളാഹ് പേ. 89).
ഇബ്‌നുതൈമിയ്യ രചിച്ച അസ്സ്വിറാത്തുൽ മുസ്തഖീം വർറദ്ദു അലാ അഹ്‌ലിൽ ജഹീം എന്ന ഗ്രന്ഥത്തിൽ സ്വഹാബീ പ്രമുഖനായ ഇബ്‌നുഅബ്ബാസ്(റ)വിനെ കാഫിറാക്കലടക്കമുള്ള പറയാൻ പറ്റാത്ത ധാരാളം പ്രശ്‌നങ്ങളുള്ളതായി അല്ലാമാ ഹിസ്‌നി(റ) ഉദ്ധരിച്ചതായി കശ്ഫുള്ളുനൂൻ 2/1028ൽ കാണാം. അതുകൊണ്ടാണ് നിരവധി പണ്ഡിതന്മാർ അദ്ദേഹത്തിന്റെ വാദങ്ങൾക്കെതിരിൽ ഗ്രന്ഥങ്ങൾ രചിക്കുകയും അദ്ദേഹവുമായി സംവാദം നടത്തുകയും ചെയ്തത്.
ശൈഖുൽ ഇസ്‌ലാം അല്ലാമാ തഖിയുദ്ദീനിസ്സുബ്കി(റ) അവരിൽ പ്രമുഖനാണ്. ഇബ്‌നുതൈമിയ്യയുടെ സമകാലീനനായ ഇമാം സുബ്കി(റ) രചിച്ച കൃതികളിൽ നിന്ന് ചിലത് അർറസാഇലുസ്സുബ്കിയ്യ എന്ന പേരിൽ വിദേശ രാജ്യങ്ങളിൽ ലഭ്യമാണ്. പഠനാർഹവും ഉജ്വലവുമാണ് അവ. കൂടാതെ ശിഹാബുദ്ദീൻ ഹൽബി(റ-ഹി. 733), അല്ലാമാ സ്വദ്‌റുദ്ദീൻ(റ-ഹി. 716), അല്ലാമാ കമാലുദ്ദീൻ സംലകാനി(റ-ഹി. 727), ശൈഖ് ഇസ്സുദ്ദീനുബ്‌നു ജമാഅ, അല്ലാമാ തഖിയുദ്ദീനിൽ ഹിസ്‌നി (ഹി. 829), ശൈഖ് താജുൽ ഫാകിഹാനി (ഹി. 734), അല്ലാമാ മുഹമ്മദുസ്സ്വാദി അൽമിസ്‌രി (ഹി. 750), ഹാഫിള് ഇബ്‌നു ഹജർ(റ-ഹി. 852), ഇബ്‌നുഹജറിൽ ഹൈതമി(റ-ഹി. 974) തുടങ്ങിയവരും നവീന ചിന്താഗതിയെ ഖണ്ഡിച്ച പ്രമുഖരാണ്. ലോകത്തു കേട്ടുകേൾവിയില്ലാത്ത വാദഗതികൾ മൂലം മതനവീകരണത്തിന് പുതിയ പാത വെട്ടിത്തെളിച്ച് പ്രമാണ വ്യാഖ്യാനങ്ങളിൽ ഇബ്‌നുതൈമിയ്യ നടത്തിയ തിരിമറികളും വക്രീകരണവുമാണ് മുസ്‌ലിം സമുദായത്തിൽ നിന്ന് അദ്ദേഹത്തെ ഒറ്റപ്പെടുത്തിയതും കുപ്രസിദ്ധനാക്കിയതും.
ഇദ്ദേഹത്തിന്റെ കൃതികളിലെ വൈകൃതങ്ങൾ മറച്ചുവെക്കാനായി തന്റെ അനുയായികൾ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നതു കാണാം. മേൽ പ്രസ്താവിച്ച വിഷലിപ്തമായ വാദങ്ങളൊന്നും അദ്ദേഹത്തിനില്ലെന്നാണിവർ പ്രചരിപ്പിക്കുന്നത്. എന്നാൽ അത്തരം ദുഷിച്ച വാദങ്ങൾ ഇബ്‌നുതൈമിയ്യക്കുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ ‘മജ്മൂഉൽഫതാവാ ആധാരമാക്കി ആധുനിക പണ്ഡിതനായ ശൈഖ് മുഹമ്മദ്ബിൻ അഹ്‌മദ് ഒരു കൃതി തന്നെ രചിച്ചിട്ടുണ്ട്. ‘ഫതാവാ ഇബ്‌നുതൈമിയ്യ ഫിൽ മീസാൻ’ (ഫതാവാ ഇബ്‌നുതൈമിയ്യ ഒരു പോസ്റ്റ്‌മോർട്ടം) എന്നാണതിന്റെ പേര്. ഇത് ഒരാവർത്തി വായിച്ചാൽ ഇബ്‌നുതൈമിയ്യയെയും സ്വന്തം ആശയങ്ങളും ശരിക്കും മനസ്സിലാക്കാൻ സാധിക്കും.

നജ്ദി തൗഹീദ്

ഹിജ്‌റ 1115ൽ ഉയയ്‌നയിൽ ജനിച്ച് 1206ൽ ദർഇയ്യയിൽ മരണപ്പെട്ട ഇബ്‌നു അബ്ദിൽ വഹാബാണ് നജ്ദി തൗഹീദിന്റെ സ്ഥാപകൻ. ഇദ്ദേഹം ഇബ്‌നു തൈമിയ്യയുടെ ഗ്രന്ഥങ്ങളിൽ നിന്നാണ് പുതിയൊരു തൗഹീദ് കണ്ടെത്തിയത്. മുസ്‌ലിംലോകം പഠിപ്പിച്ച തൗഹീദിന് കടക വിരുദ്ധമായിരുന്നു അത്. അദ്ദേഹത്തിന്റെ ഈ പുത്തനാശയത്തെ പിതാവ് അബ്ദുൽ വഹാബും സ്വന്തം സഹോദരൻ സുലൈമാനുബ്‌നു അബ്ദുൽ വഹാബും അക്കാലത്തെ മറ്റു പണ്ഡിതരും ശക്തമായി എതിർക്കുകയുണ്ടായി. തന്റെ ഗുരുവായ അല്ലാമാ കുർദി ഇബ്‌നു അബ്ദിൽ വഹാബിന് എഴുതിയ കത്തിൽ ഇങ്ങനെ കാണാം: ‘മുസ്‌ലിംലോകത്തെ കുറിച്ച് നീ നടത്തുന്ന അഭിപ്രായങ്ങൾ നിർത്താൻ ഞാൻ ഉപദേശിക്കുന്നു. ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിംകളെ കാഫിറാക്കാൻ നിനക്ക് ഒരു മാർഗവുമില്ല. നീ മുസ്‌ലിംകളിൽ നിന്ന് ഒറ്റപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ബഹുഭൂരിപക്ഷ മുസ്‌ലിംകളെ കാഫിറാക്കുന്നതിലേറെ ഒറ്റപ്പെട്ട് നിൽക്കുന്നവർക്കാണത് ചേരുക. കാരണം വിശ്വാസികളുടെ മാർഗത്തിൽ നിന്ന് പുറംതിരിഞ്ഞവനാണ് നീ’ (അൽഫുതൂഹാതുൽ ഇസ്‌ലാമിയ്യ 2/159).
കേരളത്തിൽ ഈ കപട തൗഹീദ് വരുന്നത് രണ്ട് വഴികളിലൂടെയാണ്. പ്രധാനമായും ഈജിപ്ഷ്യൻ ധാര. ഇത് മതയുക്തിവാദമാണ്. ഈ ധാരക്ക് നേതൃത്വം നൽകിയത് ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് രിളാ എന്നിവരാണ്. ഇവരാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയ സ്രോതസ്സുകളും അവർക്ക് ഊർജം പകർന്നവരുമെന്ന് മുജാഹിദുകൾ പ്രഖ്യാപിക്കുന്നുണ്ട്. അവർ എഴുതി: ഈജിപ്തിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന സുപ്രസിദ്ധ അറബി മാസികയായ അൽമനാറിലൂടെയാണ് സയ്യിദ് ജമാലുദ്ദീൻ അൽഅഫ്ഗാനി (1838-1897), ശൈഖ് മുഹമ്മദ് അബ്ദു (1849-1905), സയ്യിദ് റശീദ് രിളാ (1865-1935) തുടങ്ങിയ പരിഷ്‌കർത്താക്കളുടെ ഇസ്‌ലാമിക നവോത്ഥാനപരമായ ചിന്താഗതികളുമായി പരിചയപ്പടാൻ അദ്ദേഹത്തിനു (വക്കം മൗലവി) കഴിഞ്ഞത്. ഈ മഹാന്മാരുടെ വിപ്ലവാദർശങ്ങൾ അവരുടെ തഖ്‌ലീദ് നിഷേധം, ആധുനിക നാഗരികതയും ഇസ്‌ലാമും തമ്മിൽ സമരസപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങൾ, ഖുർആനിലേക്കും ആധികാരിക നബിചര്യയിലേക്കും മടങ്ങാനുള്ള അവരുടെ നിരന്തരമായ ആഹ്വാനം, കർമശാസ്ത്രപരമായ വിഭാഗീയ ചിന്തകളെയും വാദകോലാഹലങ്ങളെയും കുറിച്ചുള്ള അവരുടെ വിമർശനങ്ങൾ, ദൈവാവതീർണമായ മതതത്ത്വങ്ങളെ യുക്തിയിലൂടെയും ശാസ്ത്രത്തിലൂടെയും വ്യാഖ്യാനിക്കാനുള്ള അവരുടെ ശ്രമം തുടങ്ങിയവ വക്കം മൗലവിയെയും അദ്ദേഹത്തിലൂടെ കേരള മുസ്‌ലിംകളെ പൊതുവെയും സ്വാധീനിക്കുകയും ഇവിടെ നവോത്ഥാനത്തിന്റെ ബീജങ്ങൾ വിതക്കുകയും ചെയ്തു (ഇസ്‌ലാമും കേരളത്തിലെ സാമൂഹ്യ പരിവർത്തന പ്രസ്ഥാനങ്ങളും/ഡോ. ഇകെ അഹ്‌മദുകുട്ടി. പേ. 8).
കേരളത്തിൽ ഈജിപ്തിൽ നിന്നാണ് നവോത്ഥാന ചിന്തയുടെ കാറ്റ് അടിച്ചുവീശിയത് എന്നതാണ് ശരി. ലോകത്ത് പല നാടുകളിലേക്കും മുഹമ്മദുബ്‌നു അബ്ദുൽ വഹാബിന്റെ ആശയങ്ങളുടെ പ്രസരണകേന്ദ്രമായി മാറിക്കഴിഞ്ഞിരുന്ന മക്കയിൽ നിന്ന് ഹജ്ജിനു വരുന്ന നേതാക്കളിലൂടെ അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രചരിക്കുകയായിരുന്നു. എന്നാൽ കേരളത്തിൽ ജമാലുദ്ദീൻ അഫ്ഗാനി (1838), മുഹമ്മദ് അബ്ദു (ജനനം 1845), സയ്യിദ് റശീദ് രിദാ (1935) എന്നീ ചിന്തകന്മാരുടെ ഗ്രന്ഥങ്ങളും പത്രങ്ങളും മുഖേനയാണ് നവോത്ഥാന ചിന്തകൾക്ക് തുടക്കം കുറിച്ചത് (ശബാബ് വാരിക, 2014 ഫെബ്രുവരി 7 പുസ്തകം 37 ലക്കം 27).
ജമാഅത്തെ ഇസ്‌ലാമിക്കും ‘നവോത്ഥാന’ത്തിന് മാതൃക ലഭിച്ചത് ഇവരിൽ നിന്നുതന്നെ. പ്രബോധനം എഴുതി: ‘ഈ നവോത്ഥാന പ്രസ്ഥാനങ്ങളൊന്നും ശൂന്യതയിൽ നിന്ന് ഉദയം ചെയ്തവയായിരുന്നില്ല. വിവിധ കാലങ്ങളിലും ദേശങ്ങളിലും ജീവിച്ച ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി (1699-1762 ഇന്ത്യ), മുഹമ്മദുബ്‌നു ഇസ്മാഈൽ അൽഅമീർ (1688-1768 യമൻ), ശാഹ് ഇസ്മാഈൽ ശഹീദ് (1779-1831 ഇന്ത്യ), അബ്ദുർറഹ്‌മാൻ കവാകിബി (1849-1902 ഈജിപ്ത്), മുഹമ്മദുബ്‌നു അലി സനൂസി (1782-1860 മൊറോക്കോ), മുഹമ്മദ് അബ്ദു (1849-1905 ഈജിപ്ത്), അമീർ അബ്ദുൽ ഖാദിർ അൽജാസാഇരി (1807-1883 അൾജീരിയ), റശീദ് രിദാ (1865-1933 ഈജിപ്ത്), സയ്യിദ് അഹ്‌മദ് ശഹീദ് (1786-1831 ഇന്ത്യ), ജമാലുദ്ദീൻ അഫ്ഗാനി (1838-1897), ഡോ. മുഹമ്മദ് ഇഖ്ബാൽ (1877-1938, ഇന്ത്യ), ശകീബ് അർസലാൻ (1869-946 സിറിയ) തുടങ്ങിയ നിരവധി ചിന്തകരുടെയും പണ്ഡിതന്മാരുടെയും പോരാളികളുടെയും ചിന്തകളും പ്രവർത്തന രീതികളും അവയെ സ്വാധീനിച്ചിട്ടുണ്ട്. അടിസ്ഥാന ദർശനങ്ങളിൽ ഈ പ്രസ്ഥാനങ്ങളൊക്കെയും സമാനത പുലർത്തുതോടൊപ്പം തന്നെ, അതത് കാലത്തെയും ദേശത്തെയും സവിശേഷ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളാണ് അവയുടെ നയപരിപാടികൾ നശ്ചയിച്ചിരുന്നത്’ (പ്രബോധനം കർമകാലം വിശേഷാൽ പതിപ്പ് 2017, പേ. 30-31).

ജമാലുദ്ദീൻ അഫ്ഗാനി

പാശ്ചാത്യരുടെ ഏജന്റാണ് ജമാലുദ്ദീൻ അഫ്ഗാനി (1838-1897) എന്നാണ് ഗൾഫ് സലഫികൾ പറയുന്നത്. എംഐ മുഹമ്മദലി സുല്ലമി എഴുതുന്നു: ‘സലഫികളും ഇഖ്‌വാനികളുമെല്ലാം അദ്ദേഹത്തെ പാശ്ചാത്യരുടെ ഏജന്റായാണ് ചിത്രീകരിക്കുന്നത്. പാശ്ചാത്യൻ സംസ്‌കാരത്തെ മുസ്‌ലിം ലോകത്തേക്ക് ഇറക്കുമതി ചെയ്തത് അദ്ദേഹമാണെന്ന് അവർ പറയുന്നു’ (ഗൾഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും പേ. 25). ഇതിനപ്പുറം, ഇദ്ദേഹം സർവമത സത്യവാദിയായിരുന്നുവെന്ന് ഉമറുദ്ദസൂഖി അഫ്ഗാനിയിൽ നിന്ന് ഉദ്ധരിക്കുന്നുണ്ട് (ഫിൽ അദബിൽ ഹദീസ് പേ. 275).

റശീദ് രിളാ

മുഹമ്മദ് അബ്ദുവിന്റെ ശിഷ്യനായ റശീദ് രിളാ (1865-1933) ഗുരുവിനെ പോലെ തന്നെ ഹദീസ് നിഷേധിയായിരുന്നു. എംഐ മുഹമ്മദലി സുല്ലമി എഴുതുന്നു: ‘മഹ്ദിയുടെ ആഗമനം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും അതിന്റെ വിവിധ ചേരികളും മഹ്ദി ഇമാമിന്റെ വരവിനെ കുറിച്ച് സുവിശേഷമറിയിക്കുന്നവരും അത് പ്രതീക്ഷിക്കുന്നവരുമാണ്. എന്നാൽ മുജാഹിദുകൾ, ജമാഅത്തുകാർ മുതലായവർ മഹ്ദിയുടെ ആഗമനത്തെ അംഗീകരിക്കുന്നില്ല. മുജാഹിദ് പ്രസ്ഥാനം പ്രസിദ്ധീകരിച്ച കൃതികളിലോ പാഠപുസ്തകങ്ങളിലോ മഹ്ദിയുടെ ആഗമനത്തിനുള്ള വിശ്വാസം പഠിപ്പിക്കുന്നില്ല. മഹ്ദി വിശ്വാസത്തെ പലപ്പോഴും മുജാഹിദ് പണ്ഡിതർ വിമർശിക്കാറുമുണ്ട്.
സയ്യിദ് റശീദ് രിളാ, ശൈഖ് മുഹമ്മദ് അബ്ദു തുടങ്ങിയവരുടെ പാന്ഥാവിലാണ് മുജാഹിദ് പ്രസ്ഥാനം ഈ വിഷയത്തിലും ചുവടുറപ്പിച്ചിട്ടുള്ളത്. സയ്യിദ് റശീദ് രിളായുടെ വിഖ്യാതമായ ഖുർആൻ വിശദീകരണമാണല്ലോ തഫ്‌സീറുൽ മനാർ. അതിന്റെ 9ാം വാള്യം 499 മുതൽ 504 വരെയുള്ള പേജുകളിൽ മഹ്ദിയെ കുറിച്ച് ഉദ്ധരിക്കപ്പെട്ട എല്ലാ നിവേദനങ്ങളും ദുർബലങ്ങളും പരസ്പര വിരുദ്ധങ്ങളുമാണെന്ന് സയ്യിദ് റശീദ് രിളാ പറയുന്നു (ഗൾഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും പേ. 31).

 

അല്ലാഹുവിനെ തിരുത്തുന്നു

(മൂസാ നബി(അ), ഈസാ നബി(അ) എന്നിവർക്ക് ലഭ്യമായ മുഅ്ജിസത്തുകൾ ഖുർആനിൽ ഉദ്ധരിച്ചിട്ടില്ലായിരുന്നുവെങ്കിൽ ഫ്രഞ്ചുകാരായ യൂറോപ്യർ ഇസ്‌ലാം സ്വീകരിക്കുന്നതിൽ വർധനവുണ്ടാവുമായിരുന്നു.)
ഇവരുടെ ‘നവോത്ഥാന’ത്തിന്റെ സാമ്പിളുകളാണിത്. പാരമ്പര്യവും പൈതൃകവും പ്രമാണങ്ങളും ഒഴിവാക്കി ബുദ്ധിക്കും ശാസ്ത്രത്തിനുമാണ് ഇവരുടെ മുൻഗണന. ഇവരെ പിന്തുടരുന്നവരും ഇവർ പകർന്നുനൽകിയ ഊർജമനുസരിച്ച് പ്രവർത്തിക്കുന്നവരുമാണ് കേരള സലഫികൾ. ഇത് നവോത്ഥാനമണോ നശീകരണമാണോ?

ഇബ്‌നു അബ്ദിൽ വഹാബിന്റെ
തീവ്രവാദ പ്രവർത്തനങ്ങൾ

ഇബ്‌നു അബ്ദിൽ വഹാബിന്റെ നേതൃത്വത്തിൽ അരങ്ങേറിയ കിരാത താണ്ഡവങ്ങൾ ചരിത്രത്തിൽ കുപ്രസിദ്ധമാണ്. പതിനായിരക്കണക്കിന് വിശ്വാസികളെ കൊന്നൊടുക്കുകയും ആയിരക്കണക്കിനു മഖാമുകളും ജാറങ്ങളും കൊള്ളയടിക്കുകയും അടിച്ചു പൊളിച്ചു നിരപ്പാക്കുകയും അനേകം ഇസ്‌ലാമിക ചിഹ്നങ്ങൾ നശിപ്പിക്കുകയും ചെയ്ത വഹാബി ഭീകരർക്ക് നേതൃത്വം നൽകിയ ഇബ്‌നു അബ്ദിൽ വഹാബിനെ പിന്തുടരുന്ന കേരള മുജാഹിദുകളിലും ഈ തീവ്രത കാണാം. ആദർശ പുരുഷരെ കുറിച്ചുള്ള അവരുടെ സാക്ഷ്യപത്രം കാണുക:
‘ഇബ്‌നു അബ്ദുൽ വഹാബ് 1703ൽ നജ്ദിൽ ഭൂജാതനായി. അഞ്ചു നൂറ്റാണ്ടു മുമ്പ് അന്തരിച്ച ഇബ്‌നു തൈമിയ്യയുടെ ഗ്രന്ഥങ്ങൾ പഠിച്ച ഇബ്‌നു അബ്ദിൽ വഹാബിന്റെ ഉള്ളിൽ ഗുരുവിനെ പോലെ ജിഹാദ് ചെയ്യണമെന്ന ആവേശം ജ്വലിക്കുന്നു. 1791ൽ നിര്യാതനായി’ (ഇസ്‌ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം പേ. 13).
മുസ്‌ലിം ലോകത്തിനു മുഴുവൻ ദൈവ വിശ്വാസത്തിൽ അബദ്ധം സംഭവിച്ചുവെന്നും ഇന്നു ലോകത്തുള്ള മുസ്‌ലിംകൾ ബഹുദൈവാരാധന നടത്തുന്നവരാണെന്നും ഇസ്‌ലാം നിർദേശിച്ച ജിഹാദ് ഇവരോടാണ് ആദ്യം നടത്തേണ്ടതെന്നും എഡി 1730കളിൽ മുഹമ്മദ് ബ്‌നു അബ്ദിൽ വഹാബ് പ്രഖ്യാപിക്കുകയുണ്ടായി. ബസ്വറയിൽ വെച്ചാണ് ഇതാദ്യം പറഞ്ഞത്. പക്ഷേ കടുത്ത എതിർപ്പ് നേരിടേണ്ടി വന്നതിനാൽ ബസ്വറ വിട്ടു (താരീഖു മംലകതിൽ അറബിയ്യ അസ്സുഊദിയ്യ 1/73).
പിന്നീട്, പിതാവ് അബ്ദുൽ വഹാബ് ഖാളിയായ ഹുറൈമിലയിൽ വന്ന് ഈ ദുഷിച്ച ആശയം പ്രകടിപ്പിച്ചപ്പോൾ പിതാവടക്കം എതിർത്തു. പിതാവിന്റെ മരണ ശേഷം ഉയയ്‌നിലേക്ക് നീങ്ങി. ഉയൈയ്‌നാ ഗവർണറായ ഉസ്മാനുബ്‌നു മഅ്മറിനെ സ്വാധീനിച്ച ഇയാൾ ഇവിടെവെച്ച് ഒരു സേന രൂപീകരിക്കുകയും ഭീകര പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു.

കഅ്ബയിലെ കൊള്ള

ഇ മൊയ്തു മൗലവി കുറിച്ചു: പരിപാവനമായ കഅ്ബയിൽ ഉണ്ടായിരുന്ന വിലപിടിച്ച എല്ലാ സാധനങ്ങളും നാണ്യങ്ങളും അടക്കം ചെയ്ത ഭണ്ഡാരം അധീനപ്പെടുത്തി, അവ പട്ടാളക്കാർക്ക് വീതിച്ചുകൊടുത്തു. ഖബറുകളുടെ മേൽ തുർക്കികളും മറ്റും നിർമിച്ചിരുന്ന ഗോപുരങ്ങളും ഖുബ്ബകളും പൊളിച്ചുനീക്കി.
പിറ്റേ കൊല്ലം മദീന മുനവ്വറയും കൈവശപ്പെടുത്തി. അവിടെയും മക്കയിൽ ചെയ്തപോലുള്ള പ്രവർത്തികൾ ചെയ്തു. ഖബറുകളിലെ ഖുബ്ബ പൊളിച്ചതു വലിയ എതിർപ്പിന്നു കാരണമായി (ഇന്ത്യൻ മുസ്‌ലിംകളും സ്വാതന്ത്ര്യ പ്രസ്ഥാനവും പേ. 68).

കർബല ആക്രമണം

കെ.സി അബൂബക്കർ മൗലവി എഴുതുന്നു: 1801 ഏപ്രിൽ 30ാം തിയ്യതി പതിനായിരം വരുന്ന ഒരു വമ്പിച്ച സൈന്യം കർബലാ പട്ടണം വളഞ്ഞു. പട്ടണ വാസികളിൽ ഒരു ഭാഗത്തെ അവർ കൊന്നുകളഞ്ഞു. ഹുസൈൻ(റ)വിന്റെ മഖാം കൊള്ളയടിച്ചു. അവിടേക്ക് അനറബികളായ സന്ദർശകർ വഴിപാട് കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്‌നങ്ങളും അവർ ശേഖരിച്ചു. ഇതൊന്നും അവരുടെ ഹൃദയത്തിന് അസഹ്യമായി തോന്നിയില്ല. എന്തുകൊണ്ടെന്നാൽ ഖബറിന് വഴിപാട് കൊടുക്കുന്നവരുടെ നേരെ അവർക്കുണ്ടായിരുന്ന വീക്ഷണഗതി കാഫിറുകളുടെ നേർക്കുണ്ടായിരുന്ന അതേ വീക്ഷണഗതി തന്നെയായിരുന്നു… എന്നാൽ വഹാബികൾ ഈ അവസരം അസ്സലായി ഉപയോഗിച്ചു. അവർ വേഗം ഹിജാസിലേക്ക് കുതിക്കുകയും ഹറമൈനിയിൽ പ്രവേശിച്ച് അവിടെ ഉണ്ടായിരുന്ന ഔലിയാക്കളുടെ ഖബറുകളും മറ്റും പൊളിച്ച് അവിടെ ഉണ്ടായിരുന്ന രത്‌നങ്ങളും മറ്റും കൊള്ളയടിച്ച് പരസ്യമായി മാർക്കറ്റിൽ ലേലം ചെയ്ത് വിറ്റു… പിന്നീട് ഔലിയാക്കളുടെ ജാറങ്ങൾ പൊളിക്കുകയും അവിടെ സൂക്ഷിച്ചിരുന്ന വഴിപാടായി കിട്ടിയ ഹദ്‌യകളും വിലപിടിച്ച സാധനങ്ങളും പിടിച്ചെടുക്കുകയും മഖാമിലെ അന്തേവാസികളെ ആട്ടിയോടിക്കുകയും ചെയ്തു… (അൽഇത്തിഹാദ് അറബി മലയാളം മാസിക പുസ്തകം 3, ലക്കം 7. 1956 ആഗസ്ത്. പേ. 3-6, എഡിറ്റർ ഇകെ മൗലവി).
മതയുക്തിവാദമായ ഈജിപ്ഷ്യൻ ധാരയിലൂടെയും തീവ്ര-ഭീകരവാദത്തിലധിഷ്ഠിതമായ നജ്ദിയൻ ധാരയിലൂടെയുമാണ് കേരളത്തിൽ മുജാഹിദുകൾ എത്തുന്നതെന്ന് ചുരുക്കം. മേൽപറഞ്ഞവരെ നായകരാക്കി കേരളത്തിലെ മുജാഹിദുകളും ജമാഅത്തും നടത്തിയത് നവോത്ഥാനമല്ല, നശീകരണമാണ്.

 

അലവി സഖാഫി കൊളത്തൂർ

Exit mobile version