മുടി പറിച്ചുനടലും ഹെയർ ട്രാൻസ്പ്ലാന്റേഷനും

മുടി കൊഴിച്ചിലുണ്ടാക്കുന്ന ‘തലവേദന’ ചില്ലറയല്ല. മുടി കൊഴിച്ചിൽ സംബന്ധിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇതാണ്: ‘ടെസ്റ്റോ സ്റ്റിറോൺ’ എന്ന പുരുഷ ഹോർമോൺ നൈസർഗികമായി തന്നെ നമ്മുടെ ശരീരത്തിൽ ഡിഎച്ച്ടി (ഡൈ ഹൈഡ്രോ ടെസ്റ്റോസ്റ്റിറോൺ) ആയി രൂപാന്തരപ്പെടുന്നു. ഇത് പാരമ്പര്യ സ്വഭാവമുള്ള ഒരു മൂലത്തിന്മേൽ (tolicle) പ്രവർത്തിച്ച് അതിന്റെ വളർച്ചയെ ശോഷിപ്പിക്കും. ആദ്യ ഘട്ടങ്ങളിൽ മുടിയുടെ ശരിയായ രീതിയിലുള്ള വളർച്ചയെയാണ് പ്രതികൂലമായി ബാധിക്കുക. പിന്നീട് പ്രസ്തുത മൂലത്തിൽ മുടിതന്നെ ഇല്ലാതാകുന്നു.
സ്ത്രീകളിൽ പുരുഷ ഹോർമോൺ വർധിക്കുമ്പോൾ (ഉദാ, പോളിസിസ്റ്റിക് ഓവറി സിൻട്രോ ഉണ്ടാകുമ്പോഴോ ആർത്തവ വിരാമം അടുക്കുമ്പോഴോ കഴിയുമ്പോഴോ) മുടികൊഴിച്ചിൽ സംഭവിക്കാം. രക്തക്കുറവ് മൂലമുണ്ടാകുന്ന വിളർച്ച (അനീമിയ), തൈറോയ്ഡ് നില താഴുന്ന അവസ്ഥ, ശാരീരികമോ മാനസികമോ ആയ ക്ലേശം എന്നിവയും സ്ത്രീകളിൽ മുടികൊഴിച്ചിലിന് കാരണമായി കണ്ടെത്തിയിട്ടുണ്ട്.

ചികിത്സ

കഷണ്ടിയുടെ ആദ്യഘട്ടത്തിൽ തന്നെ പലപ്പോഴും പുറമെ പുരട്ടുന്ന ലേപനങ്ങൾ കൊണ്ടും ഉള്ളിൽ കഴിക്കുന്ന മരുന്നുകൾ കൊണ്ടും ഗുണങ്ങൾ കിട്ടാറുണ്ട്.
കഷണ്ടിയുടെ ആരംഭ ഘട്ടത്തിൽ, ഈ പറഞ്ഞ മരുന്നുകൾക്കു പുറമെ നമ്മുടെ തന്നെ രക്തത്തിൽ നിന്ന് പ്ലസന്റ് എന്ന കോശം കൂടുതൽ അടങ്ങിയ പ്ലാസ്മ വേർതിരിച്ച് മുടി കൊഴിയുന്ന ഭാഗത്ത് ഇൻജെക്ട് ചെയ്യുന്ന ചികിത്സാരീതിയും അതുപോലെ രോമത്തിന്റെ വളർച്ചക്കാവശ്യമായ ചില മരുന്നുകൾ തലയിൽ ഇൻജെക്ട് ചെയ്യുന്ന ചികിത്സാ രീതിയായ Meso Theraphy യും വളരെ ഫലപ്രദമായി കണ്ടുവരുന്നുണ്ടത്രെ.
ശരീരത്തിനു ദോഷകരമാണെന്നറിയാത്ത കാലത്തോളം ഇവ പരീക്ഷിക്കുന്നതിന് മതപരമായ വിലക്കില്ല. എന്നാൽ മുടി നേരിട്ടു ഒട്ടിച്ചോ നട്ടു പിടിപ്പിച്ചോ ഉള്ള ചികിത്സാ രീതി നിരൂപണ വിധേയമാണ്.
കഷണ്ടിക്ക് കണ്ടെത്തിയിട്ടുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയാണ് മുടി പറിച്ചുനടൽ (folifcular unit transfer – FUT). FUT ശസ്ത്രക്രിയയിൽ വീതി കുറഞ്ഞ് നീളത്തിലുള്ള ഒരു കൊച്ചു ചർമം തലയുടെ പിൻവശത്ത് മുടിയുള്ള ഭാഗത്തു നിന്നും എടുക്കുന്നു. ഒന്നു മുതൽ രണ്ട് സെന്റീമീറ്റർ വീതിയിൽ ഏതാണ്ട് 15 സെ.മീ. മുതൽ 25 സെ.മീ.വരെ നീളത്തിലാണ് സാധാരണ സ്ട്രിപ്പ് എടുക്കാറുള്ളത്. അതിനു ശേഷം നൂലുകൊണ്ട് തുന്നിച്ചേർക്കുന്നു.
അതിന്റെ ചെറുഭാഗങ്ങൾ ഭൂതക്കണ്ണാടിയിൽ കൂടി വലുതായി കണ്ട് അതിൽ നിന്നും അതിസൂക്ഷ്മമായ അംശങ്ങൾ മുറിച്ചെടുക്കുന്നു. അവയിൽ ഓരോ അംശത്തിലും ഒരു മുടിയുടെ മൂലം (folicle) അടങ്ങിയിരിക്കത്തക്ക വിധമായിരിക്കും അംശങ്ങൾ തിരിക്കുന്നത്. ഈ അംശങ്ങൾ മുടി നഷ്ടപ്പെട്ട ഭാഗത്തെ ചർമത്തിൽ ഏറ്റവും സൂക്ഷ്മമായും മൃദുലമായും ഒട്ടിപ്പിടിപ്പിക്കുന്നു.
ഈ മൂലത്തിൽ നിന്നും പുതിയ മുടി മൂന്നു മാസം കൊണ്ട് വളരാൻ തുടങ്ങും. ആറു മുതൽ ഒമ്പതു മാസം കൊണ്ട് സമ്പൂർണ വളർച്ച കാണാനാകും. ഇത്തരത്തിൽ പറിച്ചുനട്ട മുടിയെ കഷണ്ടി ബാധിക്കുകയില്ല.

മതവീക്ഷണം

രോഗചികിത്സ പ്രോത്സാഹിപ്പിക്കുന്ന ഇസ്‌ലാമിൽ സൗന്ദര്യ ചികിത്സക്ക് നിയന്ത്രണങ്ങളുണ്ട്. ഈ വിഷയത്തിൽ ഹദീസുകളെ മുൻനിർത്തിയുള്ള ഇടപെടലുകൾ ജ്ഞാനികളിൽ നിന്നുണ്ടായതായി കാണാം. അതിങ്ങനെ സംഗ്രഹിക്കാം: തലയിൽ മനുഷ്യന്റെയോ ഇതര ജീവികളുടെയോ മുടിയോ മുടിയാണെന്നു തോന്നിക്കുന്ന നാരുകളോ പുരുഷൻ ഉപയോഗിക്കുന്നതിന് വകുപ്പില്ല.
ഭർതൃമതിയായ സ്ത്രീക്ക് ഭർത്താവിന്റെ സമ്മതത്തോടെ മലിനമല്ലാത്ത(നജസ്)തും മനുഷ്യന്റേതല്ലാത്തതുമായ മുടി (ഫൈബറിന്റേതു പോലെ) നിലവിലുള്ള മുടിയിൽ കൂട്ടിച്ചേർക്കലും ഇല്ലാത്തിടത്ത് ഘടിപ്പിക്കലും അനുവദനീയമാണ്. ഭർത്താവിന്റെ മൗനാനുവാദവും സമ്മതമാണെന്ന ധാരണയും മതിവായും.
സ്വന്തം ശരീരത്തിൽ നിന്നും വേർപെട്ട മുടി പോലും മേൽപറഞ്ഞ കാര്യത്തിന് ഉപയോഗിക്കരുതെന്ന് കർമശാസ്ത്രം കർശനമായി വിലക്കിയിട്ടുണ്ട് (ഹാശിയതു ശബ്‌റാമല്ലിസി 2/25, ഹാശിയതുൽ ജമൽ 1/418, ശർവാനി 2/128).
അപ്പോൾ മുടി പറിച്ചുനടുന്ന നവീനമായ രീതി ഒരിക്കലും അവലംബിക്കാൻ പാടില്ല.
വിപണിയിൽ ലഭ്യമായ വിഗ്ഗുകൾ ഉപയോഗപ്പെടുത്തുന്നതു മാത്രമാണ് വിവാഹിതരായ സ്ത്രീകൾക്കെങ്കിലും അനു വദനീയമാകുന്നത്, അതുതന്നെ മനുഷ്യന്റേതോ ഇതര ജീവികളുടേതോ അല്ലാതിരിക്കണം. അറിഞ്ഞിടത്തോളം കടകളിൽ കാണുന്ന ക്ലിപ്പുകളും വിഗ്ഗുകളും മിക്കതും മുടിക്കെട്ടുകൾ തന്നെയാണ്.
‘വസ്‌ലുശ്ശഅർ’ സംബന്ധിയായ ഹദീസുകളുടെ ഉപരിപ്ലവമായ വായനയിൽ പിറന്ന ചില ചള്ളു ചിന്തകൾ വിഗ്ഗു വെക്കുന്നതും മുടികൾ നട്ടുപിടിപ്പിക്കുന്നതും കുറ്റകരമല്ലെന്ന നിലപാടിനെ ഉയർത്തിപ്പിടിക്കുന്നുണ്ട്.
ഇമാം ഖുർഥുബി, ഇബ്‌നു ഹജർ, മുനാവി(റ) തുടങ്ങിയ വിശാരദർ ആ ധാരണ തിരുത്തിയിട്ടുണ്ട്. തഫ്‌സീറുൽ ഖുർഥുബി (5/314), ഫതാവൽ കുബ്‌റാ (1/174), ഫൈളുൽ ഖദീർ (5/273) ഹാശിയതുൽ ജർഹസി (പേ. 91) തുടങ്ങിയവ കാണുക.

 

 

Exit mobile version