അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് തിരുനബി(സ്വ)യുടെ നൂറായിരുന്നുവെന്ന വസ്തുത പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഇക്കാലമത്രയും മുസ്‌ലിം ലോകം അംഗീകരിച്ചതുമാണ്. എന്നാല്‍ കേരളീയ ബിദഇകള്‍ ഇതംഗീകരിക്കുന്നില്ല. ആദ്യമായി സൃഷ്ടിച്ചത് നബി(സ്വ)യുടെ നൂറാണെന്ന് വ്യക്തമാക്കുന്ന ഹദീസുകള്‍ അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്നാണ് മുജാഹിദുകളും ജമാഅത്തുകാരും പ്രചരിപ്പിക്കുന്നത്.
മൗദൂദികളുടെ പ്രബോധനത്തിന്റെ നിലപാട് കാണുക:
ചോദ്യം: അല്ലാഹുവിന്റെ പ്രഥമ സൃഷ്ടി മുഹമ്മദ് നബിയാണെന്നും പ്രകാശത്തില്‍ നിന്നാണ് അദ്ദേഹത്തെ സൃഷ്ടിച്ചതെന്നും അദ്ദേഹത്തിന്റ സൃഷ്ടിപ്പാണ് പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന്റെ കാരണമെന്നുമൊക്കെ ചില പണ്ഡിതര്‍ പ്രസംഗിക്കുന്നതായി കേള്‍ക്കുന്നു. ഇതിനൊക്കെ തെളിവായി ഹദീസ് ഉണ്ടത്രെ. ഇതു ശരിയാണോ? യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു വിശ്വാസം ഇസ്‌ലാമിലുണ്ടോ? ഉത്തരം: അല്ലാഹുവിന്റെ ആദ്യത്തെ സൃഷ്ടിയെ സൂചിപ്പിക്കുന്ന ഹദീസുകള്‍ എന്ന പേരില്‍ ചില അറബി വാക്യങ്ങള്‍ ഉദ്ധരിക്കപ്പെടാറുണ്ട്. അവയിലൊന്നുപോലും ഹദീസ് പണ്ഡിതന്മാര്‍ സാധുവായി അംഗീകരിക്കുന്നില്ല. അംഗീകൃത ദീനീ പ്രമാണങ്ങളുടേയോ ബുദ്ധിയുടേയോ യാതൊരു പിന്‍ബലവുമില്ലാത്ത കേവലം വചനങ്ങളാണിവയൊക്കെ. ഇത്തരം കൃത്രിമ വചനങ്ങള്‍ പടച്ചു പ്രചരിപ്പിച്ചത് ഒരു പക്ഷേ നബി(സ)യെ ആദരിക്കാനും പ്രശംസിക്കാനുമായിരിക്കാം. എന്നാല്‍ നുണകള്‍ കൊണ്ട് നബി(സ)യെ പ്രശംസിക്കേണ്ട യാതൊരാവശ്യവുമില്ല (പ്രബോധനം, 1981 ഡിസം. പേ: 55).
മുജാഹിദുകളും ഇതേ ആശയം അവരുടെ പ്രസിദ്ധീകരണങ്ങളില്‍ പലതവണ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. ഈ വിമര്‍ശനങ്ങള്‍ വിശകലനം ചെയ്യുന്നതിന് മുമ്പ് മുഹമ്മദ് നബി(സ്വ)യുടെ നൂര്‍’എന്നതുകൊണ്ടുള്ള വിവക്ഷ ഗ്രഹിക്കേണ്ടിയിരിക്കുന്നു. നൂറിനു കേവലം പ്രകാശമെന്ന അര്‍ത്ഥം ഇവിടെ പൂര്‍ണമാകില്ല. വൈദ്യുത പ്രകാശം പോലുള്ളവ എന്നു ഗ്രഹിക്കുന്നതും ശരിയല്ല. അല്ലാഹുവിന്റെ നൂര്‍ എന്ന് പ്രയോഗിക്കുമ്പോഴും ഇങ്ങനെ തന്നെയാണല്ലോ?.
യഥാര്‍ത്ഥത്തില്‍ നബി(സ്വ)യുടെ നൂറുകൊണ്ട് വിവക്ഷിക്കുന്നത് ഹഖീഖത്ത് മുഹമ്മദിയ്യ(മുഹമ്മദീയ യാഥാര്‍ത്ഥ്യം) ആണ്. ഇതിനെ പൂര്‍ണ രൂപത്തില്‍ ഭാഷാന്തരം ചെയ്യാന്‍ കഴിയില്ല. ഈ വിഷയം ഗൗസുല്‍ അഅ്‌ളം ജീലാനി(റ) സിര്‍റുല്‍ അസ്‌റാര്‍ പേ: 1214-ലും അല്‍ കൗകബുല്‍ അന്‍വാര്‍ 1317-ലും ഫത്ഹുസ്സ്വമദില്‍ ആലം പേ: 11-ലും വിവരിച്ചിട്ടുണ്ട്.
ഇമാം അല്ലിയ്യുശ്ശിബ്‌റാ മുല്ലസി(റ) ഈ വിഷയം ഉണര്‍ത്തിയതായി ശൈഖ് ഇജ്‌ലൂനി(റ) കശ്ഫുല്‍ ഖഫാഅ് 1/226-ലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു മനസ്സിലാക്കാത്ത ചിലര്‍ നൂറ് എന്നാല്‍ പ്രകാശമാണെന്നും പ്രകാശം ഒരു മൂര്‍ത്ത പദാര്‍ത്ഥമല്ലാത്തതിനാല്‍ പ്രവാചകന്മാരുടെ മുതുകിലൂടെ അതെങ്ങനെ വന്നു? അബ്ദുല്ലാഹിയില്‍ നിന്ന് ആമിനാ ബീവിയുടെ ഗര്‍ഭപാത്രത്തിലേക്ക് എങ്ങനെ നീങ്ങി? തുടങ്ങിയ നിരര്‍ത്ഥക ചോദ്യങ്ങളുമായി രംഗത്തു വരുന്നതു കാണാം. ഹഖീഖത്തു മുഹമ്മദിയ്യയാണ് നൂര്‍ എന്നതു കൊണ്ട് ഉദ്ദേശ്യം എന്ന് മനസ്സിലാക്കുക.
നബി(സ്വ)യുടെ നൂറിനെ കുറിച്ചുള്ള ഹദീസ് പ്രസിദ്ധ പണ്ഡിതനായ ഹാഫിള് അബ്ദുര്‍റസാഖ് അല്‍ മുസ്വന്നഫ് എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയതായി സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാതാവും പ്രസിദ്ധ ഹദീസ് പണ്ഡിതനുമായ ഇമാം ഖസ്തല്ലാനി(റ) അല്‍ മവാഹിബുല്ലദുന്നിയ്യ 1/3-ല്‍ പറയുന്നുണ്ട്.
ഇതേ ഹദീസ് ശൈഖ് അബ്ദുല്‍ കരീം അല്‍ ജീലി(റ-മരണം 895) അന്നാമൂസുല്‍ അഅ്‌ളം’എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയതായി അല്ലാമാ യൂസുഫുന്നബ്ഹാനി ജവാഹിറുല്‍ ബിഹാര്‍ 4/22-ലും അല്ലാമാ ഹുസൈന്‍ അല്‍ ബക്‌രി(റ-മരണം 969) താരീഖുല്‍ ഖമീസ് 1/19-ലും മുല്ലാ അലിയ്യുല്‍ ഖാരി അല്‍മൗരിദുര്‍റവിയിലും ഇമാം ഇബ്‌നു ഹജര്‍ അല്‍ ഹൈതമി ഫതാവല്‍ ഹദീസിയ്യയിലും ശൈഖ് ഇസ്മാഈല്‍ ഇജ്‌ലൂനി കശ്ഫുല്‍ ഖഫാഅ് 1/265-ലും ശൈഖ് അഹ്മദ് അബ്ദുല്‍ ജവാദുദ്ദിമശ്ഖി(റ) അസ്സിറാജുല്‍ മുനീര്‍ പേ: 13,14-ലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സ്വഹീഹായ ഹദീസാണെന്ന് അബ്ദുല്‍ ഗനിയ്യുന്നാബില്‍സി(റ)വിന്റെ അല്‍ ഹദീഖത്തുന്നദിയ്യ 2/37-ലും അല്ലാമാ അബ്ദുല്‍ ഹയ്യ് ലഖ്‌നവി(റ) അല്‍ ആസാറുല്‍ മര്‍ഫൂഅ 33,34-ലും രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഇന്ന് കാണുന്ന മുസ്വന്നഫിന്റെ ചില കോപ്പികളില്‍ ഈ ഹദീസ് കാണാത്തതിനാല്‍ ഇങ്ങനെയൊരു ഹദീസ് തന്നെയില്ലെന്ന വിതണ്ഡവാദവുമായി വിഘടനവാദികള്‍ രംഗത്ത് വരാറുണ്ട്. അതിനുള്ള മറുപടി ഇന്ന് കാണുന്ന മുസ്വന്നഫിന്റെ ആമുഖത്തില്‍ അത് പ്രിന്റ് ചെയ്ത് പുറത്തിറക്കാന്‍ മുന്‍കൈ എടുത്ത ഹബീബുറഹ്മാന്‍ അല്‍ അഅ്‌ളമി രേഖപ്പെടുത്തിയതായി കാണാം. അത് ഇപ്രകാരം സംഗ്രഹിക്കാം: ”ഈ മുസ്വന്നഫ് അച്ചടിക്കാന്‍ വേണ്ടി അതിന്റെ പല കൈയ്യെഴുത്ത് കോപ്പിയും ഫോട്ടോ കോപ്പിയും ഞാന്‍ പരതി. അതില്‍ ഒരു കോപ്പി അല്ലാത്തതൊക്കെ അപൂര്‍ണമാണ്. ഒരു കോപ്പിയില്‍ തന്നെ ഒന്നാം വാള്യത്തിന്റെ ആദ്യത്തില്‍ കുറേ ഭാഗവും അഞ്ചാം വാള്യത്തിന്റെ കുറേ ഭാഗവും നഷ്ടപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ളൊരു കൈയ്യെഴുത്ത് കോപ്പി അടിസ്ഥാനപ്പെടുത്തിയാണ് ഈ മുസ്വന്നഫ് (ഇന്ന് നിലവിലുള്ളത്) പ്രസിദ്ധീകരിക്കുന്നത് (മുഖദ്ദിമതു മുസ്വന്നഫ് 1/3).
അപ്പോള്‍ ഇന്ന് കാണുന്ന മുസ്വന്നഫ് എന്ന ഗ്രന്ഥത്തിന്റെ ചില കോപ്പികളില്‍ ജാബിര്‍(റ)വിന്റെ പ്രസ്തുത ഹദീസ് കാണുന്നില്ല എന്നതുകൊണ്ട് ഇങ്ങനെയൊരു ഹദീസ് ഇല്ലെന്ന് പറയാന്‍ പറ്റില്ലെന്ന് വ്യക്തം.
ഇതിന്റെ ധൈര്യത്തില്‍ തിരുപ്രകാശത്തെക്കുറിച്ച് പറയുന്ന ഹദീസ് പാടെ നിഷേധിക്കുന്ന ബിദഇകള്‍ ആ ഗ്രന്ഥത്തിന്റെ കയ്യെഴുത്ത് പ്രതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നുമുണ്ടെന്ന കാര്യം അറിഞ്ഞിരിക്കില്ല. ദീര്‍ഘവും ശ്രമകരവുമായ ഒരന്വേഷണത്തിനൊടുവില്‍ മുസ്വന്നഫിന്റെ ഒന്നാം വാള്യത്തില്‍ നിന്നും നഷ്ടപ്പെട്ട ഭാഗം കണ്ടെത്തിയ ദുബൈ ഔഖാഫിന്റെ മുന്‍ ഡയറക്ടറും ദുബൈയിലെ ഇമാം മാലിക് ശരീഅ കോളേജിലെ പ്രിന്‍സിപ്പലുമായ ഡോ. ഈസബ്‌നു അബ്ദുല്ലാഹി ബിന്‍ മുഹമ്മദ് ബിന്‍ മാനിഅ് ഹിംയരി പ്രസ്തുത ഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നഷ്ടപ്പെട്ട ഭാഗങ്ങള്‍ കണ്ടെത്താനായി തരണം ചെയ്ത കടമ്പകളെ കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു: ഒരുപാട് പണ്ഡിതന്മാര്‍ ജാബിര്‍(റ)വില്‍ നിന്നുദ്ധരിക്കുന്ന ഈ ഹദീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സനദ് ആരും പറയുന്നില്ല. അതുകൊണ്ട് തന്നെ പ്രസ്തുത ഹദീസിന്റെ ബലാബലത്തെക്കുറിച്ച് അഭിപ്രായ ഭിന്നതകളുണ്ട്. മൗലാനാ ഹാളിലുല്‍ അസ്‌റ് അഹ്മദ് ബ്‌നു സിദ്ദീഖുല്‍ ഗിമാരി(റ), അല്ലാമാ അശ്ശൈഖ് ഉമര്‍ ഹമദാന്‍ എന്നിവരടക്കമുള്ള പണ്ഡിത ശ്രേഷ്ഠര്‍ വിവിധ സ്ഥലങ്ങളില്‍ ഈ ഹദീസ് തേടി അലഞ്ഞിട്ടുണ്ട്. യമനില്‍ മുസ്വന്നഫിന്റെ ഒരു കൈയ്യെഴുത്ത് പ്രതി ഉണ്ടെന്നറിഞ്ഞ അവര്‍ അങ്ങോട്ട് പോകാനുറച്ചു. പക്ഷേ വടക്കന്‍ യമനിലേക്ക് പോകാനുള്ള തൗഫീഖ് അവര്‍ക്കുണ്ടായില്ല. അന്വേഷണ പടുക്കളായ ഒരുപാടാളുകള്‍ പ്രസ്തുത കൈയ്യെഴുത്ത് പ്രതി അന്വേഷിച്ച് യാത്ര തിരിച്ചു. അവര്‍ക്കൊന്നും അത് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരുപാട് സ്ഥലങ്ങളില്‍ വിശിഷ്യാ ഇസ്തംബൂളിലെ ലൈബ്രറിയില്‍ പൂര്‍ണമായ കൈയ്യെഴുത്ത് പ്രതിയുണ്ടോ എന്ന് പരതാന്‍ ഞാന്‍ പലരോടും അഭ്യര്‍ത്ഥിച്ചിരുന്നു. മുസ്വന്നഫിന്റെ ഒരുപാട് കോപ്പികള്‍ അവര്‍ക്കു കാണാന്‍ കഴിഞ്ഞു. അവയൊക്കെയും നമ്മുടെ കൈകളിലുള്ള ശൈഖ് ഹബീബ് റഹ്മാന്‍ അഅ്‌ളമിയുടെ ടിപ്പണിയോടു കൂടിയുള്ള പതിപ്പുപോലെത്തന്നെ ആദ്യഭാഗവും മധ്യഭാഗവും നഷ്ടപ്പെട്ട വിധത്തിലായിരുന്നു.
എങ്കിലും ഞാനെന്റെ അന്വേഷണം നിര്‍ത്തിയില്ല. അനുഗ്രഹ പൂരിതങ്ങളായ ദിനരാത്രങ്ങളില്‍ പുണ്യഭൂമികളില്‍ മഹാന്മാരുടെ സവിധത്തില്‍ വിശിഷ്യാ, നബി(സ്വ)യുെട പുണ്യറൗളയില്‍ തങ്ങളോടഭിമുഖമായി നിന്നു ഞാന്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അവസാനം ആ അപൂര്‍വ പ്രതി എന്റെ കയ്യിലെത്തുക തന്നെ ചെയ്തു. ഇന്ത്യയിലുള്ള ആത്മസുഹൃത്ത് ഡോ. അസ്സയ്യിദ് മുഹമ്മദ് അമീന്‍ ബറകാത്തിയുടെ കരങ്ങളില്‍ നിന്നുമാണത് ലഭിച്ചത്.
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് ജാബിര്‍(റ)വില്‍ നിന്നുദ്ധരിക്കുന്ന പ്രസ്തുത ഹദീസ് സനദോടെ തന്നെ എനിക്കതില്‍ കാണാന്‍ കഴിഞ്ഞു. കൈയ്യെഴുത്ത് പ്രതിയും ഇന്ന് നമുക്ക് ലഭിക്കാറുള്ള അച്ചടിച്ച കോപ്പിയും തുലനപ്പെടുത്തിയപ്പോള്‍ രണ്ടാമത്തേതില്‍ നിന്നും പത്ത് അധ്യായങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് ബോധ്യമായി. മാത്രമല്ല ഹാഫിള് അബ്ദുറസാഖ്(റ), മഅ്മര്‍(റ), ഇബ്‌നുല്‍ മുന്‍കദിര്‍(റ) എന്നിവര്‍ മുഖേന ജാബിര്‍(റ)വില്‍ നിന്നുദ്ധരിക്കുന്ന ഹദീസ് സ്വഹീഹാണെന്നും ബോധ്യപ്പെട്ടു (പേജ്: 63-65). നബി(സ്വ)യുടെ റൂഹ് ആദ്യമായി സൃഷ്ടിക്കപ്പെടുകയും ആദം നബി(അ)യില്‍ അത് നിക്ഷിപ്തമാക്കുകയുമാണുണ്ടായത്.
പ്രസ്തുത കൈയ്യെഴുത്ത് പ്രതി എഴുതിയത് ഇസ്ഹാഖ് ബ്‌നു അബ്ദുറഹ്മാന്‍ അസ്സുലൈമാനി എന്നവരാണ്. അവസാന ഭാഗത്ത് ഇത് രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഹിജ്‌റ 933 റമളാന്‍ 9-ന് തിങ്കളാഴ്ച ബഗ്ദാദില്‍ വെച്ചാണ് മഹാനിത് എഴുതിത്തീര്‍ത്തത്. ഹിജ്‌റ 10-ാം നൂറ്റാണ്ടില്‍ സര്‍വസാധാരണമായിരുന്ന ലിപിയില്‍ 183 കടലാസുകളിലാണ് പ്രസ്തുത വാള്യം എഴുതപ്പെട്ടിട്ടുള്ളത് 10-ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട മറ്റു കിതാബുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടിന്റേയും ലിപികള്‍ ഒരുപോലെയാണെന്ന് മനസ്സിലാകും.
പ്രസ്തുത വാള്യത്തിന്റെ തുടക്കം നബി(സ്വ)യുടെ നൂറിന്റെ സൃഷ്ടിപ്പിനെ കുറിച്ചാണ്. പിന്നീട് വുളൂഅ്, വുളൂഇന്റെ രൂപം, വൂളൂഇല്‍ താടി കഴുകല്‍, താടി തിക്കകറ്റല്‍, തല തടവല്‍, തടവുന്നതിന്റെ രൂപം, ചെവി തടവല്‍, മുഴം കൈകള്‍ എന്നീ ക്രമത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത്. അവസാനം പറഞ്ഞ (മുഴം കൈ കഴുകുക) അധ്യായം മുതലാണ് ഇന്ന് അച്ചടിക്കപ്പെടുന്ന മുസ്വന്നഫ് ആരംഭിക്കുന്നത്. അതിനെക്കാള്‍ വളരെ കൃത്യതയോടെയാണ് കൈയ്യെഴുത്ത് പ്രതിയിലെ ക്രമീകരണമെന്ന് ബോധ്യമായല്ലോ. മാത്രമല്ല ഇന്ന് ലഭിക്കുന്ന കോപ്പിയിലെ അവ്യക്തമായ ഭാഗങ്ങളെല്ലാം ആശയം അങ്ങേയറ്റം വ്യക്തമാക്കുമാറാണ് കൈയ്യെഴുത്ത് പ്രതിയിലുള്ളത്. ഡോ. ഈസ ബ്‌നു അബ്ദുല്ലാഹ് ഒരുപാടുദാഹരണങ്ങള്‍ എണ്ണിയെണ്ണി ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. പ്രസ്തുത കൈയ്യെഴുത്തു പ്രതിയെ കുറിച്ച് ഉണ്ടായേക്കാവുന്ന എല്ലാവിധ സംശയങ്ങളെയും അദ്ദേഹം വസ്തുനിഷ്ഠമായി പ്രതിരോധിക്കുന്നുമുണ്ട്. ഇതോടെ പൂര്‍വകാല പണ്ഡിതന്മാര്‍ ഈ ഹദീസ് മുസ്വന്നഫ് അബ്ദുറസാഖില്‍ നിന്ന് ഉദ്ധരിച്ചിട്ടുള്ളത് യാഥാര്‍ത്ഥ്യമാണെന്ന് നമുക്ക് വ്യക്തമായും ഗ്രഹിക്കാവുന്നതാണ്.
ആദ്യ സൃഷ്ടി ഖലമോ നൂറോ?
ചോദ്യം: അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് മുഹമ്മദ് നബി(സ്വ)യുടെ നൂറാണെന്ന് സുന്നികള്‍ പറയുന്നു. മൗലിദുകളിലും ഇത് കാണുന്നു. എന്നാല്‍ പ്രസിദ്ധമായ ഹദീസുകളില്‍ പറയുന്നത് അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് ഖലമ് ആണെന്നാണല്ലോ? ഇമാം തിര്‍മുദി(റ) ഉദ്ധരിച്ച ഹദീസില്‍ ഇത് കാണാം. അപ്പോള്‍ മൗലിദുകളില്‍ പറയുന്നത് കളവാണെന്നായില്ലേ?
മറുപടി
ആ ധാരണ ശരിയല്ല. അല്ലാമാ സുര്‍ഖാനി(റ) പറയുന്നു: ഇമാം തിര്‍മുദി(റ) ഉദ്ധരിച്ച അവ്വലു മാ ഖലഖല്ലാഹുല്‍ ഖലമ… എന്ന ഹദീസ് നബി(സ്വ)യുടെ നൂറാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത് എന്ന ഹദീസിനോട് എതിരല്ല. കാരണം ഖലമാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത് എന്ന് പറഞ്ഞത് തിരുനബി(സ്വ)യുടെ നൂറ് അല്ലാത്തതിലേക്ക് ചേര്‍ത്തിയാണ്. അതായത് അല്ലാഹു ഏറ്റവും ആദ്യമായി സൃഷ്ടിച്ചത് റസൂല്‍(സ്വ)യുടെ നൂറ് തന്നെയാണ്. മറ്റുള്ള വസ്തുക്കളില്‍ വെച്ച് ആദ്യം സൃഷ്ടിക്കപ്പെട്ടത് ഖലം ആണെന്നാണിതിനര്‍ത്ഥം. മറ്റു ചില പണ്ഡിതര്‍ ഇങ്ങനെയും പറഞ്ഞത് കാണാം: നബി(സ്വ)യുടെ നൂര്‍ ഒഴിച്ചുള്ള വസ്തുക്കളെ കുറിച്ച് ആദ്യത്തേത് എന്ന് പറഞ്ഞത് ആ വര്‍ഗത്തില്‍ വെച്ച് ആദ്യത്തേത് എന്നാണ് (അല്‍ മവാഹിബുല്ലദുന്നിയ്യ 1/48).
മാത്രമല്ല അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് അര്‍ശ് ആണെന്നും വെള്ളമാണെന്നും അഖ്ല്‍’ആണെന്നുമെല്ലാം കാണാം. യഥാര്‍ത്ഥത്തില്‍ ഇവ തമ്മിലും വൈരുധ്യമില്ല. അല്ലാമാ ബദ്‌റുദ്ദീനുല്‍ ഐനി(റ) എഴുതുന്നു: ഇത്തരം വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ തമ്മില്‍ സംയോജിപ്പിക്കാനുള്ള വഴി ഇപ്രകാരമാണ്; ആദ്യത്തേതാവുക എന്നത് ആപേക്ഷികമാണ്. മറ്റൊന്നിലേക്കു ചേര്‍ത്തി ഇത് അതിനേക്കാളും ആദ്യത്തേതാണെന്ന് വെക്കുക. ഇങ്ങനെ ഗ്രഹിച്ചാല്‍ ആ ഹദീസുകള്‍ തമ്മിലൊന്നും വൈരുധ്യമില്ല (ഉംദത്തുല്‍ ഖാരി 15/109).
അല്ലാമാ മുല്ലാഅലിയ്യുല്‍ ഖാരി(റ) എഴുതുന്നു: എല്ലാ വസ്തുക്കളെക്കാളും നിരുപാധികം ആദ്യമായി അല്ലാഹു സൃഷ്ടിച്ചത് മുഹമ്മദ് നബി(സ്വ)യുടെ നൂറ് തന്നെയാണെന്ന് സ്പഷ്ടമായി. പിന്നീട് വെള്ളവും ശേഷം അര്‍ശും പിന്നെ ഖലമുമാണ് അവന്‍ സൃഷ്ടിച്ചത്. അതിനാല്‍ നബി(സ്വ)യുടെ നൂറ് അല്ലാത്തവയെ കുറിച്ച് ആദ്യത്തേത് എന്ന പ്രയോഗം ആപേക്ഷികമാണ് (നിരുപാധികമല്ല). (അല്‍ മൗരിദുര്‍റവിയ്യ്, പേ: 44).
അല്ലാമാ മുല്ലാഅലിയ്യുല്‍ ഖാരി(റ) തന്റെ ഗുരുവര്യന്‍ ശൈഖ് ഇബ്‌നു ഹജര്‍(റ)വില്‍ നിന്ന് ഉദ്ധരിക്കുന്നു: പ്രഥമ സൃഷ്ടിയുടെ കാര്യത്തില്‍ വ്യത്യസ്ത റിപ്പോര്‍ട്ടുകളുണ്ട്. അതിന്റെ രത്‌ന ചുരുക്കം ഇങ്ങനെയാണ്: ഏറ്റവും പ്രഥമമായി സൃഷ്ടിക്കപ്പെട്ടത് നബി(സ്വ)യുടെ നൂറ് തന്നെ. പിന്നീട് വെള്ളവും ശേഷം അര്‍ശുമാണ്. ഇക്കാര്യം ശറഹു ശമാഇലുതുര്‍മുദിയിലും വ്യക്തമാക്കിയിട്ടുണ്ട് (മിര്‍ഖാത്തുല്‍ മഫാത്തീഹ് 1/46).
എന്നാല്‍ മറ്റു ചില പണ്ഡിതന്മാര്‍ പറയുന്നത് ഇപ്രകാരമാണ്: ഹദീസില്‍ പറയപ്പെട്ട നൂറ്, ഖലമ്, അഖ്ല്‍ എന്നതെല്ലാം റസൂലിന്റെ നൂറിനെ കുറിച്ച് തന്നെയാണ്. വ്യത്യസ്ത പരിഗണനകള്‍ വെച്ച് ഈ പേരുകള്‍ പ്രയോഗിച്ചതാണെന്നാണ് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)വിന്റെ സിര്‍റുല്‍ അസ്‌റാര്‍ പേ: 1214-ലും ഇമാം തഫ്താസാനി(റ)വിന്റെ ശറഹുല്‍ മവാഖിഫ് 7/254-ലും അല്ലാമാ നജ്മുദ്ദീന്‍ റാസി(റ)വിന്റെ മിര്‍സ്വാദുല്‍ ഇബാദ് പേ: 30-ലും ഇമാം ശഅ്‌റാനി(റ)വിന്റെ അല്‍ യവാഖീതു വല്‍ ജവാഹിര്‍ 2/20-ലും അല്ലാമാ ഹുസൈന്‍ ബക്‌രി(റ)യുടെ താരീഖുല്‍ ഖമിസ് 1/19-ലും ശൈഖ് യൂസുഫുന്നബ്ഹാനി(റ)വിന്റെ ജവാഹിറുല്‍ ബിഹാര്‍ 4/22-ലും രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ രണ്ട് വിശദീകരണമനുസരിച്ചും അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് ഖലം/അഖ്ല്‍/അര്‍ശ് ആണെന്ന് കുറിക്കുന്ന വ്യത്യസ്ത ഹദീസുകള്‍ മൗലിദില്‍ പറഞ്ഞ ആദ്യസൃഷ്ടി മുഹമ്മദ് നബി(സ്വ)യുടെ നൂറാണെന്നതിനോട് എതിരാവുന്നില്ലെന്ന് സ്പഷ്ടമായി.
എല്ലാ വസ്തുക്കളുമെന്നതില്‍ നൂറും ഉള്‍പ്പെടില്ലേ?
ചോദ്യം: എല്ലാ വസ്തുക്കളെയും പടച്ചത് വെള്ളത്തില്‍ നിന്നാണെന്ന് പറയുന്ന സൂറത്തുല്‍ അമ്പിയാ 30-ാം വചനത്തിന് എതിരാണ് മൗലിദുകളില്‍ പറഞ്ഞ ആദ്യസൃഷ്ടി നൂറാണെന്നത്. എല്ലാ വസ്തുക്കളും എന്നതില്‍ മുഹമ്മദ് നബി(സ്വ)യുടെ നൂറും ഉള്‍പ്പെടുകയില്ലേ?
മറുപടി
ഇല്ല. കാരണം ആലൂസി പറയുന്നതിങ്ങനെ: സ്റ്റജ്ഞഗ്നറ്റശ്ല ഷ്ടറ്റ ശ്ലഗ്നഷ്ടശ്ലറ്റ ത്മഗ്ന ന്ധയ്ക്കവ്വ ഡ്ഡയ്ക്ക ഈ ആയത്തില്‍ പറയപ്പെട്ട ‘വസ്തുക്കള്‍’ എന്നതിന്റെ ഉദ്ദേശ്യം യഥാര്‍ത്ഥ ജീവന്‍ ഉള്ളവയെ കുറിച്ചാണ്. അതാണ് മറ്റൊരു സൂക്തത്തില്‍ അല്ലാഹു ഇപ്രകാരം പറഞ്ഞത്: എല്ലാ ജീവികളെയും അല്ലാഹു വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു (നൂര്‍-45). അപ്പോള്‍ യഥാര്‍ത്ഥ ജീവിതം ഉള്ളതിനെക്കുറിച്ചാണ് ആയത്തിലെ പരാമര്‍ശം. നബി(സ്വ)യുടെ നൂര്‍ അങ്ങനെയല്ല. പ്രത്യേകാവസ്ഥയിലെ ജീവിതമാണ്.
മാത്രമല്ല മലക്കുകള്‍, ജിന്നുകള്‍, എന്നിവരും ഈ ആയത്തില്‍ നിന്ന് പുറത്താണ്. മലക്കുകളെ പ്രകാശം കൊണ്ടും ജിന്നുകളെ തീ കൊണ്ടുമാണല്ലോ സൃഷ്ടിച്ചത്. വെള്ളത്തില്‍ നിന്നല്ലല്ലോ? അതിനാല്‍ പ്രസ്തുത ആയത്തിന്റെ വ്യാപകാര്‍ത്ഥത്തില്‍ ഈ പറയപ്പെട്ടവ വിട്ടുനില്‍ക്കുന്നു (തഫ്‌സീര്‍ റൂഹുല്‍ മആനി 18/36).
കളിമണ്ണില്‍ നിന്നല്ലേ?
ചോദ്യം: ഖുര്‍ആനില്‍ പറയുന്നത് മനുഷ്യരെയെല്ലാം കളിമണ്ണില്‍ നിന്ന് സൃഷ്ടിച്ചു എന്നായതിനാല്‍ അതില്‍ തിരുനബി(സ്വ)യും ഉള്‍പ്പെടുമല്ലോ! എങ്കില്‍പിന്നെ നബി(സ്വ)യുടെ നൂറിനെ ലോകം പടക്കുന്നതിനു മുമ്പ് സൃഷ്ടിച്ചുവെന്ന് പറയുന്നതിലെന്തര്‍ത്ഥമാണുള്ളത്?
മറുപടി
ഇവ തമ്മില്‍ കൃത്യമായ യോജിപ്പാണുള്ളത്. സൂറത്തൂല്‍ മുഅ്മിനൂന്‍ പന്ത്രണ്ടാം വചനത്തില്‍ മനുഷ്യരെയെല്ലാം കളിമണ്ണില്‍ നിന്ന് സൃഷ്ടിച്ചുവെന്ന് പറഞ്ഞത് ഭൗതിക ശരീരത്തെ കുറിച്ചാണ്. നമ്മുടെ ചര്‍ച്ചാ വിഷയമായ നൂര്‍ ഭൗതിക ശരീരമല്ല. ഹഖീഖത്തു മുഹമ്മദിയ്യയാണ്. അത് ലോകം പടക്കുന്നതിന് മുമ്പ് സൃഷ്ടിക്കപ്പെടുന്നതില്‍ യാതൊരു അസാംഗത്യവുമില്ല. അതുകൊണ്ട് തന്നെ നബി(സ്വ)യുടെ നൂര്‍ അല്ലാഹു ആദ്യമായി സൃഷ്ടിച്ചുവെന്നതിനോട് യുക്തിയോ പ്രമാണമോ എതിരാവുന്നില്ല.
പ്രവാചകത്വം ആദം നബിക്ക് മുമ്പ്
ചോദ്യം: ആദം നബി(അ)മിന്റെ ശരീരത്തിലേക്ക് ആത്മാവ് പ്രവേശിക്കുന്നതിന് മുമ്പ് ഞാന്‍ നബിയായിരുന്നുവെന്ന് ഒരു ഹദീസില്‍ കാണാം. നുബുവ്വത്ത് ലഭിക്കണമെങ്കില്‍ നാല്‍പത് വയസ്സ് തികയണമല്ലോ. അപ്പോള്‍ എങ്ങനെയാണ് മുഹമ്മദ് നബി(സ്വ) ആദം നബി(അ)ക്ക് മുമ്പ് നബിയാവുക?
മറുപടി
ഈ ചോദ്യത്തിന് ഹാഫിള് സുയൂഥി(റ) പറയുന്ന മറുപടി ഇപ്രകാരമാണ്: ശൈഖ് തഖിയ്യുദ്ദീനുസ്സുബുകി(റ) പറയുന്നു: ശരീരം സൃഷ്ടിക്കുന്നതിന് മുമ്പ് അല്ലാഹു ആത്മാവുകളെ സൃഷ്ടിച്ചിട്ടുണ്ട്. അപ്പോള്‍ മേല്‍ പറഞ്ഞ ഹദീസ് സൂചിപ്പിക്കുന്നത് നബി(സ്വ)യുടെ പരിശുദ്ധാത്മാവിനെയും ഹഖീഖത്തു മുഹമ്മദിയ്യ (മുഹമ്മദീയ ഉണ്‍മ)യെയുമാണ്. അല്ലാഹുവിനും അവന്റെ പ്രത്യേക സൃഷ്ടിക്കുമല്ലാതെ ആ ഹഖീഖത്തിന്റെ യാഥാര്‍ത്ഥ്യത്തെ കുറിച്ചറിയില്ല. അവര്‍ക്ക് അല്ലാഹു ഉദ്ദേശിക്കുമ്പോഴെല്ലാം അവനുദ്ദേശിച്ച കാര്യങ്ങള്‍ നല്‍കുന്നതുമാണ്. ആദം(അ)നെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ ഹഖീഖത്തുന്നബിക്ക് അല്ലാഹു നുബുവ്വത്ത് നല്‍കിയതുമൂലമാണ് ആദം നബി(അ)മിനു മുമ്പ് തന്നെ ഞാന്‍ നബിയാണെന്ന് മുഹമ്മദ് നബി(സ്വ) പ്രസ്താവിച്ചത് (അല്‍ ഹാവി ലില്‍ ഫതാവാ 2/101).