യാത്രയായ അവധൂതൻ

മുഹമ്മദ് നബി(സ്വ) ഒരു പ്രവാചകനാണ്. നബിക്ക് മുമ്പ് പല പ്രവാചകരും കഴിഞ്ഞുപോയിട്ടുണ്ട്. അവിടുന്ന് കൊല്ലപ്പെടുകയോ വഫാത്താവുകയോ ചെയ്യുമ്പോഴേക്ക് നിങ്ങൾ പിന്തിരിയുകയാണോ? (ആലുഇംറാൻ/144). ഉഹ്ദ് യുദ്ധവേളയിൽ നബി(സ്വ) കൊല്ലപ്പെട്ടു എന്ന കിംവദന്തി പരന്ന വേളയിലാണ് ഈ വചനത്തിന്റെ അവതരണം.

‘ഈ ദിവസം നിങ്ങൾക്ക് നിങ്ങളുടെ മതം ഞാൻ പൂർത്തിയാക്കുകയും നിങ്ങൾക്കുള്ള അനുഗ്രഹങ്ങളെ സമ്പൂർണമാക്കി ഇസ്‌ലാമിനെ മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു’ (മാഇദ/3). ഈ വചനം ഇറങ്ങിയതിന് ശേഷം പുതിയ നിയമങ്ങളുടെ അവതരണമോ നിലവിലുള്ളവ ദുർബലപ്പെടുത്തുകയോ ഒന്നുമുണ്ടായിട്ടില്ല. ഇതിന്റെ അവതരണത്തിന് ശേഷം എൺപത്തിയഞ്ച് ദിവസം മാത്രമാണ് തിരുനബി(സ്വ) ജീവിച്ചത്.

അല്ലാഹുവിൽ നിന്നുള്ള വിജയവും സഹായവും വന്നുകഴിഞ്ഞാൽ, ജനങ്ങൾ ഇസ്‌ലാമിലേക്ക് കൂട്ടത്തോടെ വരുന്നത് താങ്കൾ കാണുകയും ചെയ്താൽ നിങ്ങൾ നാഥനെ സ്തുതിക്കുകയും അവന്റെ പരിശുദ്ധിയെ വാഴ്ത്തുകയും അവനോട് പാപമോചനം തേടുകയും ചെയ്യുക (അന്നസ്വ്ർ-1-13).

തിരുനബി(സ്വ)യുടെ വേർപാടിന്റെ വ്യക്തമായ സൂചനകൾ നൽകിയ, വഫാത്തിന്റെ തൊട്ടടുത്ത സമയങ്ങളിലായി അവതരിച്ച വചനങ്ങളാണിവ. സൂറത്തുന്നസ്വ്ർ അവതരിച്ചപ്പോൾ നബി ജിബ്‌രീലിനോട് പറഞ്ഞിരുന്നു; ഇതു മുഖേന എന്റെ മരണവിവരമാണ് താങ്കൾ കൈമാറിയതെന്ന്. വേർപാട് വിളിപ്പാടകലെയാണെന്ന് സൂറത്തുന്നസ്വ്‌റിന്റെ അവതരണത്തോടെ നബിയും ചില സ്വഹാബികളും മനസ്സിലാക്കിയിരുന്നതായി തെളിയിക്കുന്ന നിരവധി സംഭവങ്ങളുണ്ട്.

ഇബ്‌നുഉമർ(റ) പറയുന്നു: ഹജ്ജതുൽ വദാഇൽ അയ്യാമുത്തശ്‌രീഖിന്റെ സമയത്താണ് സൂറത്തുന്നസ്വ്‌റിന്റെ അവതരണം. വിടവാങ്ങാനായി എന്ന് നബി(സ്വ) മനസ്സിലാക്കിയ പോലെയായിരുന്നു ശേഷം അവിടുന്ന് നടത്തിയ പ്രസംഗം.

ഹിജ്‌റ 11-ാം വർഷം സ്വഫർ മാസത്തിന്റെ ആദ്യത്തിൽ പ്രവാചകർ(സ്വ) ഉഹ്ദ് സന്ദർശിച്ചു. ഉഹ്ദിലെ രക്തസാക്ഷികൾക്ക് വേണ്ടി പ്രാർത്ഥന നടത്തി. യാത്ര പറച്ചിലിന്റെ ധ്വനിയുണ്ടായിരുന്നു ആ പ്രാർത്ഥനക്ക്. പള്ളിയിൽ തിരിച്ചെത്തിയ തിരുനബി(സ്വ) സ്വഹാബത്തിനോട് പറഞ്ഞു: ഞാൻ നിങ്ങളുടെ മുന്നിൽ പോവുകയാണ്. നിങ്ങൾക്ക് സാക്ഷിയാണ് ഞാൻ. ഇവിടുന്ന് ഞാനെന്റെ ഹൗള് കാണുന്നു. ഭൂമിയിലെ നിധികളുടെ മുഴുവൻ താക്കോലും എനിക്ക് നൽകിയിട്ടുണ്ട്. നിങ്ങൾ എനിക്കുശേഷം ശിർക്ക് ചെയ്യുമെന്ന് എനിക്ക് പേടിയില്ല. ഭൗതികത നിങ്ങളെ വേട്ടയാടുമോയെന്നാണ് എന്റെ ഭയം (ബുഖാരി).

ഒരു ദിവസം രാത്രി റസൂൽ(സ്വ) ബഖീഇലെത്തി. മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥന നടത്തിയ ശേഷം ബഖീഇൽ മരണപ്പെട്ടു കിടക്കുന്നവരോടു സംസാരിച്ചതും വിടവാങ്ങലായിരുന്നു (മുസ്‌ലിം).

 

ഒടുവിലത്തെ രണ്ടാഴ്ച

ക്രി. 632 മെയ് 25 (ഹിജ്‌റ 11 സ്വഫർ 29). അന്നൊരു തിങ്കളാഴ്ചയായിരുന്നു. ജന്നതുൽ ബഖീഇൽ ഒരു ജനാസ സംസ്‌കരണത്തിൽ സംബന്ധിച്ച് തിരിച്ചുവരുന്ന നബി(സ്വ)ക്ക് കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടു. തലവേദനയുടെ കാഠിന്യത്താൽ തലയിൽ വരിഞ്ഞുമുറുക്കിക്കെട്ടി ആഇശ ബീവി(റ)യുടെ വീട്ടിലെത്തി വിശ്രമിച്ചു. ശക്തമായ ക്ഷീണം കാരണം കാലുകൾ വേച്ചുവേച്ച് ഫള്‌ലുബ്‌നു അബ്ബാസ്(റ), അലിയ്യുബ്‌നു അബീത്വാലിബ്(റ) എന്നിവരുടെ തോളിൽ കൈവെച്ചാണ് ആഇശ(റ)യുടെ വീട്ടിലെത്തുന്നത്. സംഭവബഹുലമായ വിശുദ്ധ ജീവിതം വിടവാങ്ങുന്നതിന്റെ തുടക്കമായിരുന്നു അത്.

റബീഉൽ അവ്വൽ 4 ബുധനാഴ്ച പനി ശക്തമായി. അന്ന് മഗ്‌രിബ് വരെ ജമാഅത്തിന് നേതൃത്വം നൽകി പള്ളിയിലാണ് നിസ്‌കരിച്ചിരുന്നത്. ആ മഗ്‌രിബ് നിസ്‌കാരത്തിൽ ‘വൽമുർസലാത്തി’ എന്ന സൂറത്താണ് ഓതിയത്. പതിമൂന്ന് ദിവസം മാത്രമാണ് അവിടുന്ന് രോഗിയായി കിടന്നത്. അതിൽ പതിനൊന്ന് ദിവസവും രോഗാവസ്ഥയിലും അവിടുന്ന് തന്നെ ജമാഅത്തിന് നേതൃത്വം നൽകി. പിന്നെ പനി ശക്തമായി. പള്ളിയിൽ പോകാനാവാതെയായി. അപ്പോൾ സിദ്ദീഖ്(റ)നോട് ജമാഅത്തിന് നേതൃത്വം നൽകാൻ കൽപ്പിച്ചു. അന്നു മുതൽ ജമാഅത്തിന് സിദ്ദീഖ്(റ) ആണ് നേതൃത്വം വഹിച്ചത്. നബി(സ്വ) ജീവിച്ചിരിക്കെ 17 ജമാഅത്തുകൾ.

ഇടക്ക് ബോധരഹിതനായ തിരുനബി(സ്വ) ബോധം തെളിഞ്ഞ ഒരവസരത്തിൽ പള്ളിയിൽ പോകണമെന്നാവശ്യപ്പെട്ടു. വഫാത്തിന്റെ മുമ്പുള്ള ബുധനാഴ്ചയായിരുന്നു അത്. വേദന കാരണം തലയിൽ വരിഞ്ഞുകെട്ടി അവിടുന്ന് പള്ളിയിലെത്തി. മിമ്പറിൽ ഇരുന്ന് പ്രസംഗിച്ചു. കൂടിയിരുന്ന അനുയായികളോട് പ്രധാനപ്പെട്ട ഉപദേശങ്ങൾ നൽകി.

ജീവിത കാലത്ത് താൻ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ പ്രതിക്രിയക്കുള്ള അവസരമായിരുന്നു പിന്നെ. അവിടുന്ന് പറഞ്ഞു: ഞാൻ ആരെയെങ്കിലും മുതുകിൽ അടിക്കുകയോ ശകാരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ എന്നിൽ നിന്നവർ പ്രതിക്രിയ ചെയ്യട്ടെ.

മിമ്പറിൽ നിന്നിറങ്ങി ളുഹ്ർ നിസ്‌കരിച്ച തിരുനബി(സ്വ) വീണ്ടും മിമ്പറിൽ ഇരിക്കുകയാണ്. പ്രതിക്രിയയുടെ കാര്യം വീണ്ടും ഓർമിപ്പിച്ചു. തനിക്ക് മൂന്ന് ദിർഹം തരാനുണ്ടെന്ന് ഒരാൾ പറഞ്ഞതൊഴിച്ചാൽ മറ്റാരും ഒന്നും പറഞ്ഞില്ല. ഇടപാട് തീർക്കാൻ ഫള്ൽ(റ)നോട് തിരുനബി നിർദേശിച്ചു.

ശേഷം തനിക്ക് എല്ലാ സഹായവും പിന്തുണയും ചെയ്തു തന്ന അൻസ്വാറുകളെ കുറിച്ചായിരുന്നു സംസാരം: ‘അൻസ്വാറുകളുടെ കാര്യത്തിൽ ഞാൻ നിങ്ങളോട് പ്രത്യേകമായി വസ്വിയ്യത്ത് ചെയ്യുന്നു. ഏറെ ത്യാഗം ചെയ്തവരാണവർ. അവരുടെ നന്മകൾ സ്വീകരിക്കുകയും കുറവുകൾ പൊറുക്കുകയും ചെയ്യുക.’

വഫാത്തിന്റെ നാലു ദിവസം മുമ്പ് വ്യാഴാഴ്ച രോഗം ശക്തമായി. വേദനയും അസ്വസ്ഥതയും കൂടി. എങ്കിലും അന്നും വളരെ പ്രധാനപ്പെട്ട ഉപദേശങ്ങൾ നൽകി. കിതാബും സുന്നത്തും മുറുകെ പിടിച്ച് ജീവിക്കുക,നിസ്‌കാരത്തിന്റെ ഗൗരവം ശ്രദ്ധിക്കുക തുടങ്ങിയവയായിരുന്നു അവ.

ചെറിയൊരു ആശ്വാസം അനുഭവപ്പെട്ടപ്പോൾ വഫാത്തിന്റെ രണ്ടു ദിവസം മുമ്പ് ളുഹ്ർ നിസ്‌കാരത്തിന് നബി(സ്വ) പള്ളിയിലെത്തി. അപ്പോൾ സിദ്ദീഖ്(റ)ന്റെ നേതൃത്വത്തിൽ നിസ്‌കാരം നടക്കുകയായിരുന്നു. നബിയുടെ വരവ് മനസ്സിലാക്കിയ സിദ്ദീഖ്(റ) നിസ്‌കാരത്തിനിടെ തന്നെ പിന്നിലേക്ക് മാറിനിൽക്കാൻ തുനിഞ്ഞു. വേണ്ട എന്ന് തിരുനബി ആംഗ്യം കാണിച്ചു.വഫാത്തിന്റെ തലേന്നാൾ ഞായറാഴ്ച ജോലിക്കാരെയെല്ലാം പറഞ്ഞയച്ചു. ആകെ മിച്ചമുണ്ടായിരുന്ന ഏഴു ദീനാർ ധർമം ചെയ്തു.

ഹി. 11 റബീഉൽ അവ്വൽ 12 തിങ്കളാഴ്ച ദിവസം. സിദ്ദീഖ്(റ)ന്റെ നേതൃത്വത്തിൽ സുബ്ഹി നിസ്‌കാരം നടക്കുകയാണ്. തിരുനബി(സ്വ) വീടിന്റെ മറവിരി ഉയർത്തി പള്ളിയിലേക്ക് നോക്കി. ആ തിരുമുഖം സന്തോഷം കൊണ്ട് പ്രകാശിതമായി. തന്റെ അനുയായികളുടെ ജാഗ്രതയും നിസ്‌കാരത്തിലെ ശ്രദ്ധയും അവരുടെ ഐക്യവും എല്ലാം സ്‌നേഹദൂതനെ വല്ലാതെ സന്തോഷിപ്പിച്ച പോലുള്ള മുഖഭാവം. സ്വഹാബത്ത് പറയുന്നതിങ്ങനെ: ആഇശ(റ)യുടെ വീടിന്റെ വിരി ഉയർത്തി പുഞ്ചിരിതൂകി തിരുനബി ഞങ്ങളെ കാണുകയാണ്. ഞങ്ങൾ വല്ലാതെ സന്തോഷിച്ചു. നിസ്‌കാരം പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് തിരുനബി വീട്ടിലേക്ക് തന്നെ തിരിഞ്ഞു. നിസ്‌കാര ശേഷം നബിയുടെ വീട്ടിലെത്തി സിദ്ദീഖ്(റ) വിവരങ്ങൾ അന്വേഷിച്ചു. ആശ്വാസമുണ്ടെന്നറിഞ്ഞപ്പോൾ തന്റെ വീട്ടിലേക്ക് പോയി.

 

റഫീഖുൽ അഅ്‌ലയിലേക്ക്

പക്ഷേ, അൽപം കഴിഞ്ഞപ്പോൾ തിരുനബിയുടെ രോഗം കഠിനമായി. സംസാരിക്കാൻ പോലും പ്രയാസപ്പെടുന്ന അവസ്ഥ. അവിടേക്കു കടന്നുവന്ന ഉസാമത്ത്(റ)ന്റെ ശരീരത്തിൽ കൈവെച്ച് അവിടുന്ന് ദുആ ചെയ്തു. സൂര്യൻ ഉദിച്ചുയർന്ന സമയത്ത് ഫാത്വിമ ബീവി(റ)യെ വിളിച്ചു. ഓടിയെത്തിയ പുന്നാരമകളെ ചാരത്തിരുത്തി നബി(സ്വ) ഒരു സ്വകാര്യം പറഞ്ഞു. അപ്പോൾ ഫാത്വിമ ബീവി കരയാൻ തുടങ്ങി. തിരുനബി മറ്റൊരു രഹസ്യം കൂടി പറഞ്ഞു. അപ്പോൾ ബീവി ചിരിച്ചു. ആഇശ(റ) ചോദിച്ചു: എന്താണ് നബി പറഞ്ഞത്?

ആ കാര്യം ഇപ്പോൾ ഞാൻ പറയുന്നില്ല എന്നായിരുന്നു മറുപടി. പിന്നീട് അവർ ആ സ്വകാര്യം വിശദീകരിച്ചു:

‘ജിബ്‌രീൽ, എന്റെയടുക്കൽ എല്ലാ വർഷവും വന്ന് ഒരു പ്രാവശ്യം ഖുർആൻ ഓതിത്തരുമായിരുന്നു. ഈ വർഷം രണ്ടു പ്രാവശ്യമാണ് ഓതിത്തന്നത്. അതിനാൽ എന്റെ അവധി എത്തിയെന്ന് ഞാൻ മനസ്സിലാക്കുന്നു. ഫാത്വിമാ, നീയായിരിക്കും എന്റെ കുടുംബത്തിൽ നിന്ന് എന്നോട് ആദ്യം ചേരുക. ശേഷം പറഞ്ഞു: ലോകത്തിലെ മുഴുവൻ സ്ത്രീകളുടെയും നേതാവാകാൻ നിനക്ക് താൽപര്യമില്ലേ? ഈ ചോദ്യം എന്നെ ചിരിപ്പിച്ചു’ (ബുഖാരി).

ഫാത്വിമ(റ)യെ സമാശ്വസിപ്പിച്ച തിരുനബി പേരമക്കളായ ഹസൻ, ഹുസൈൻ(റ) അടുത്തുവിളിച്ച് ചുംബിച്ചു. നന്മകൾ ഉപദേശിച്ചു. ഭാര്യമാരെ വിളിച്ചുവരുത്തി ഉപദേശങ്ങളും ഉണർത്തലുകളും നടത്തി.

നിസ്‌കാരത്തിന്റെയും ഉത്തരവാദിത്വ നിർവഹണത്തിന്റെയും ഗൗരവം ശക്തമായി ഉണർത്തി.

തിരുനബി ജീവിതത്തിന്റെ അന്ത്യനിമിഷങ്ങൾ ആഇശ ബീവി(റ)യുടെ വാക്കുകളിൽ:

എന്റെ വീട്ടിൽ വെച്ചാണ് നബിയുടെ വഫാത്ത് നടന്നതെന്നത് അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണ്. അതുതന്നെ നബി എന്റെയടുക്കൽ താമസിക്കേണ്ട ദിവസം എന്റെ നെഞ്ചിൽ ചാരിക്കിടന്നും. വീട്ടിലേക്ക് കടന്നുവന്ന എന്റെ സഹോദരൻ അബ്ദുറഹ്മാന്റെ പക്കലുള്ള മിസ്‌വാക്ക് അവിടുന്ന് ആവശ്യപ്പെട്ടു. ഞാൻ അതു വാങ്ങി ചവച്ച് മിനുസപ്പെടുത്തി നബിക്ക് മിസ്‌വാക് ചെയ്തുകൊടുത്തു. അപ്പോഴെല്ലാം അവിടുന്ന് ‘ഫീ റഫീഖിൽ അഅ്‌ലാ’ എന്നു പറഞ്ഞുകൊണ്ടിരിക്കുകയാണ്. തൊട്ടടുത്തുള്ള വെള്ളപാത്രത്തിൽ കൈയിട്ട് മുഖം തടവിയ ശേഷം അവിടുന്ന് പറഞ്ഞുകൊണ്ടിരുന്നു. ‘ലാഇലാഹ ഇല്ലല്ലാഹ്’ മരണഘട്ടത്തിൽ എന്നെ സഹായിക്കേണമേ’എന്നു നബി(സ്വ) പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

അവസാന നിമിഷത്തിൽ നബി(സ്വ) ചുണ്ടുകളനക്കി ഇങ്ങനെ പ്രാർത്ഥിച്ചു: അല്ലാഹുവേ, നീ അനുഗ്രഹിച്ച പ്രവാചകന്മാർ, സത്യവാന്മാർ, രക്തസാക്ഷികൾ, സജ്ജനങ്ങൾ എന്നിവരുടെ കൂടെ എന്നോട് നീ കരുണ കാണിക്കേണമേ… ഉന്നത സാമീപ്യത്തിലേക്ക് എന്നെ ഉയർത്തേണമേ. അവസാനത്തെ വാചകങ്ങൾ (അർറഫീഖിൽ അഅ്‌ലാ) മൂന്നു പ്രാവശ്യം ആവർത്തിച്ചപ്പോൾ അൽപം ഉയർത്തിപ്പിടിച്ചിരുന്ന കൈകൾ പതുക്കെ താഴ്ന്നു. ആ പരിശുദ്ധ കണ്ണുകൾ മെല്ലെ അടഞ്ഞു.

ക്രിസ്തുവർഷം 632 ജൂൺ 8 (ഹിജ്‌റ 11 റബീഉൽ അവ്വൽ 12 തിങ്കൾ) സൂര്യോദയം കഴിഞ്ഞ് ഏതാനും മിനിറ്റുകൾ പിന്നിട്ടിരുന്നു. തിരുമേനിക്ക് അന്ന് 63 വയസ്സും 21 ദിവസവുമായിരുന്നു പ്രായം.

Exit mobile version