യാത്രയുടെ മതം, സംസ്‌കാരം

മതം, ദേശം, വംശം തുടങ്ങിയ വ്യത്യാസങ്ങളെ ഒരുമിപ്പിക്കുന്ന സവിശേഷ സംസ്‌കാരത്തിന്റെ തുടർച്ചയിലാണ് ബഹുസ്വര സമൂഹം സൃഷ്ടമായത്. സാംസ്‌കാരിക ആദാനപ്രദാനങ്ങളാണ് വിവിധ നാഗരികതകളെ രൂപപ്പെടുത്തിയത്. വൈജ്ഞാനിക കൈമാറ്റം വഴി സാമൂഹിക നിർമാണം വ്യവസ്ഥാപിതവുമായി. അബ്ബാസിയ്യ ഭരണകാലത്ത് ഇസ്‌ലാമിക നാഗരികത ദേശങ്ങൾ താണ്ടി വേരുറപ്പിക്കുന്നത് ചരിത്ര വഴിയിലൂടെ തിരിച്ചു നടന്നാൽ മനസ്സിലാക്കാനാവും.
മറ്റു മതവിഭാഗങ്ങളെ അപേക്ഷിച്ച് മുസ്‌ലിം ജനത നടത്തിയിട്ടുള്ള യാത്രകൾ വലിയ തോതിൽ സംസ്‌കാരങ്ങളെ പരിചയപ്പെടാനും വിശാലമായ സാമൂഹിക പരിസ്ഥിതികളെ വിലയിരുത്താനും സഹായിക്കുകയുണ്ടായി. യാത്രകളെ കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണം ഖുർആൻ, ഹദീസ് തുടങ്ങിയ പ്രമാണങ്ങൾ വിവരിച്ചിട്ടുണ്ട്. താത്ത്വികമായ ആലോചനകളിൽ തുടങ്ങി പരലോക ചിന്തയിലൂടെ കടന്നുപോകുന്ന യാത്രകളെ ഇസ്‌ലാം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ജനനം, ജീവിതം, മരണം എന്നീ ഘട്ടങ്ങളെ യാത്രയുടെ പ്രധാന ഭാഗങ്ങളായി ഗണിക്കുമ്പോൾ തന്നെ തുടക്കവും അന്ത്യവും സ്വർഗീയ ആലോചനയായി വികസിക്കുന്നതു കാണാം. ഇമാം തുർമുദി(റ) റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് ഇങ്ങനെ: ഞാനും ഈ ദുൻയാവും തമ്മിലെന്ത്? എന്റെയും ദുൻയാവിന്റെയും ഉപമ ഒരു യാത്രികനാണ്. അയാൾ ഒരു മരത്തണലിൽ ഉറങ്ങുന്നു. ശേഷം അത് വിട്ടുപോവുകയും ചെയ്യുന്നു.’
യാത്ര ഒരു ഓർമപ്പെടുത്തലാണ്. ദുൻയാവിൽ നിന്നും മനസ്സിനെ വേർപ്പെടുത്താനും ഇവിടം സ്ഥായിയായൊരു പാർപ്പിടമായി സങ്കൽപ്പിക്കാതിരിക്കാനുമുള്ള ഓർമപ്പെടുത്തൽ. ആധ്യാത്മിക വളർച്ചക്കായി മനുഷ്യൻ ആന്തരികമായി യാത്ര നടത്തൽ അനിവാര്യമാണ്. സമാനമായ രീതിയിൽ ബാഹ്യമായി യാത്ര ചെയ്യുന്നതും പാഠങ്ങൾ പകരും. അതുകൊണ്ടു തന്നെ യാത്രയുടെ പ്രാധാന്യത്തെ വ്യത്യസ്തമായി അവതരിപ്പിക്കുന്ന ചിത്രീകരണങ്ങൾ പ്രമാണങ്ങളിൽ കാണാം.
യാത്ര കാഴ്ചപ്പാടിന്റെ രൂപീകരണ പ്രവർത്തനം കൂടിയാണ്. മാറുന്ന ഇടങ്ങൾ മനുഷ്യനെ പലതും പഠിപ്പിക്കുന്നുണ്ട്. ഭൂമിശാസ്ത്രപരമായും സാമൂഹികമായും മനുഷ്യൻ നിർമിച്ച അതിരുകളെ ഭേദിച്ച് മുന്നേറുകയാണ് യാത്രികർ. ഏകജാതീയമായ നിർമാണങ്ങൾക്കും വ്യവസ്ഥിതിക്കും എതിരായി വ്യത്യസ്തതയെ പുണരലാണതിൽ സംഭവിക്കുന്നത്. പര്യവേക്ഷണങ്ങൾ ദൈനംദിന ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് സൗന്ദര്യാത്മകതയിലൂടെയാണ്. ‘നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുക’ എന്ന് വിവിധ അധ്യായങ്ങളിലായി നാല് തവണ പറഞ്ഞു ഖുർആൻ. നാലിന്റെയും കാരണങ്ങൾ വ്യത്യസ്തമാകുന്നതും കാണാം. ലോകത്ത് നടന്നിട്ടുള്ള മുസ്‌ലിം സഞ്ചാരങ്ങൾ ഈ സൂക്തങ്ങളുടെ പ്രചോദനങ്ങൾ കൂടിയാണ്.
ഏതൊരു യാത്രക്കും ലക്ഷ്യങ്ങളുണ്ട്. ആസ്വാദനവും അറിവും അനുഭവങ്ങളും നേടലും വ്യാപാരവും അധിനിവേശവുമെല്ലാം ലക്ഷ്യവൈവിധ്യങ്ങളാണ്. ചിലത് വ്യക്തിനിഷ്ഠമായിരിക്കും, ചിലത് സാമൂഹ്യപ്രധാനവും. ഇബ്‌നു ബത്തൂത്ത അടക്കമുള്ളവരുടെ യാത്രാവിവരണങ്ങൾ, ചെന്നെത്തിയ സാമൂഹിക പരിസരങ്ങളെ ആ കാലം എങ്ങനെയാണ് അടയാളപ്പെടുത്തിയതെന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. ഓരോ ജനതയും സാമൂഹ്യ ശ്രേണിയുടെ ഏതു തലത്തിൽ തുടരുന്നുവെന്നും അതു മനസ്സിലാക്കിത്തരും.
ദേശാന്തരങ്ങളെ ഭേദിച്ച് മുസ്‌ലിം പണ്ഡിതരും സൂഫികളും കച്ചവടക്കാരും നടത്തിയ യാത്രകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളോടൊപ്പം, എല്ലാവരോടും പൊരുത്തപ്പെടാനുള്ള സ്വഭാവ മഹിമയും ഏതു പരിതസ്ഥിതിയും അഭിമുഖീകരിക്കാൻ അവർ കാണിച്ച സന്നദ്ധതയും സ്മര്യമാണ്. കച്ചവടാവശ്യാർത്ഥം മലബാറിലെത്തിയ അറബികളും ബ്രിട്ടീഷ്-പോർച്ചുഗീസ് അധിനിവേശകരും തമ്മിലുള്ള അന്തരം വിഖ്യാതം. ബ്രിട്ടീഷ്-പോർച്ചുഗീസ് ശക്തികൾ സാമ്രാജ്യത്വ മോഹമാണ് നടപ്പാക്കിയത്. ഇവിടത്തെ എല്ലാ മൂല്യസ്രോതസ്സുകളും ചൂഷണം ചെയ്ത് കൊള്ളലാഭമുണ്ടാക്കാനും കൊളനിവത്കരണത്തിന് ആക്കം കൂട്ടാനുള്ള ചുവടുകളുമാണ് അവർ നടത്തിയത്.
ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ഇസ്‌ലാമികാഗമനത്തിനു മുമ്പേ മലബാറുമായി അറബികൾക്ക് കച്ചവട ബന്ധമുണ്ടായിരുന്നു. ഇസ്‌ലാമിന് ശേഷം ഈ ബന്ധം കൂടുതൽ വളർന്നു. ഇവിടത്തെ വിവിധ മത-ജാതി വിഭാഗങ്ങളുമായി അവർ അടുത്ത ബന്ധം സൂക്ഷിച്ചു. മലബാറിലെ ജനങ്ങൾക്ക് കച്ചവട മേഖലയിൽ ഏറ്റവും വിശ്വസ്തരായ പങ്കാളികളായി അറബികൾ മാറി. അതിന്റെ തുടർച്ചയായി സാമൂതിരി രാജാവ് മുസ്‌ലിംകൾക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കിക്കൊടുത്തു. ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) രചിച്ച പ്രശസ്ത ഗ്രന്ഥം തുഹ്ഫത്തുൽ മുജാഹിദീൻ ഈ ചരിത്രം വ്യക്തമാക്കുന്നുണ്ട്. സാമൂതിരിയുടെ വിജയത്തിന് വേണ്ടി യുദ്ധത്തിൽ പങ്കെടുക്കാനും പോരാട്ടങ്ങളിൽ അണിചേരാനും മുസ്‌ലിംകൾ മുന്നോട്ടുവന്നു. ഇസ്‌ലാമിലേക്ക് പരിവർത്തനം നടത്തുന്നവർക്ക് യാതൊരുവിധ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നില്ല. മാത്രമല്ല, ഇസ്‌ലാമിലേക്കുള്ള പരിവർത്തനം സാമൂതിരി പ്രോത്സാഹിപ്പിച്ചതായും പറയപ്പെടുന്നു. കച്ചവട മേഖലയിൽ മുസ്‌ലിംകൾ കാരണമായി ഉണ്ടാകുന്ന ഗുണമായിരുന്നു അതിന് പ്രചോദനം. അവർ വിശ്വസിക്കാൻ കൊള്ളാവുന്നവരുമായിരുന്നു. ഇതൊരു പ്രാദേശിക ചരിത്രാനുഭവമാണ്. യാത്രയിലൂടെ ഉരുവപ്പെട്ട ഒരു സംസ്‌കാര രൂപീകരണത്തിന്റെയും മതജീവിതത്തിന്റെയും നേർചിത്രം.
ഇതുപോലുള്ള അനുഭവങ്ങൾ മുസ്‌ലിംകൾ സഞ്ചരിച്ചെത്തിയ പല നാടുകളിലുമുണ്ടായി. ചെന്നെത്തിയ പ്രദേശത്തെ സാംസ്‌കാരിക തലങ്ങളെ ഉൾക്കൊള്ളാനും സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിച്ച് സമാധാനത്തോടെയും സഹിഷ്ണുതയോടെയും ജീവിക്കാനും അവർക്ക് കഴിഞ്ഞു. ഇസ്‌ലാമിന്റെ വിശാലതയാണ് ഇതെല്ലാം സാധ്യമാക്കിയത്.

 

വാസ്വിൽ മുജീബ് കച്ചേരിപ്പറമ്പ്

Exit mobile version