യുവത്വത്തിന് സ്വര്‍ഗ്ഗം നിര്‍മ്മിക്കാം

യുവത്വം മനുഷ്യജീവിതത്തിന്റെ അതിനിര്‍ണായക ഘട്ടമാണ്. ബാല്യത്തിന്റെ കുസൃതികള്‍ വിട്ടുമാറി സ്വബോധത്തിലേക്കും സ്വഛന്ദമായ ജീവത വ്യവഹാരങ്ങളിലേക്കും തിരിയുന്ന കാലം. രക്തത്തിളപ്പും ആരോഗ്യവുമായിരിക്കണം ഉന്മാദചിത്തനായി ആരേയും കീഴടക്കാന്‍ അവനെ പ്രേരിപ്പിക്കുന്നത്. സ്വന്തം തീരുമാനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും മേല്‍ ആരെയും കൈവെക്കാന്‍ അനുവദിക്കാത്ത ധിക്കാരത്തിന്റെ സ്വരം ഉയര്‍ത്തുന്ന നമ്മുടെ യുവത വൃത്തികേടുകളും സംസ്കാര രാഹിത്യങ്ങളും പലയിടങ്ങളില്‍ നിന്നും ആവാഹിക്കുന്നു. പുതു കാലയുവത്വത്തിന്റെ വലിയൊരു ഭാഗവും കലാലയങ്ങളിലും പഠനവഴികളിലുമാണ്. ചിന്തിച്ചു ചുവടു വെപ്പുകള്‍ നടത്തേണ്ട ഈ പ്രത്യേക കാലത്തെ എങ്ങനെ വിനിയോഗിക്കുന്നു എന്നത് ഏറെ പ്രസക്തിയര്‍ഹിക്കുന്നു. ഹാകിം (റ) മുസ്തദ്റകില്‍ ഉദ്ധരിച്ച ഒരു ഹദീസ് കാണാം: അഞ്ച് കാര്യങ്ങള്‍ക്ക് മുന്നേ അഞ്ചുകാര്യങ്ങള്‍ കൃത്യമായി വിനിയോഗിക്കണം. വാര്‍ദ്ധക്യം എത്തും മുമ്പ് യുവത്വത്തെയും ബാധ്യതയെത്തും മുമ്പ് ഒഴിവു സമയത്തെയും മരണം എത്തും മുന്നെ ജീവിതത്തെയും രോഗം എത്തും മുമ്പ് ആരോഗ്യത്തെയും ദാരിദ്ര്യം എത്തും മുമ്പ് ഐശ്വര്യത്തെയും ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരിക്കണം.
അറിവു സമ്പാദിക്കാനും അതിനെ പ്രയോഗവല്‍ക്കരിക്കാനുമാണ് മതം നമ്മോട് കല്‍പിക്കുന്നത്. നല്ല നാളെയുടെ സ്രഷ്ടാവായ ഒരു വിദ്യാര്‍ത്ഥി, വരും തലമുറക്ക് ജ്ഞാനത്തിന്റെ വെളിച്ചം കൈമാറേണ്ടവനാണ്. സംസ്കാരത്തിന്റെയും ധാര്‍മികതയുടെയും ജീവിത വ്യവഹാരങ്ങള്‍ പകുത്തു നല്‍കേണ്ടവനാണ്. പക്ഷേ മനുഷ്യത്വത്തിന്റെയും മാനവികതയുടെയും അടിസ്ഥാന ഘടകമായ ജ്ഞാനം വിപരീതാര്‍ത്ഥത്തിലാണ് ഇന്ന് പലപ്പോഴും പ്രയോഗിക്കപ്പെടുന്നത്.
പഠിതാക്കളില്‍ നിന്ന് പൗരബോധവും മാനവികതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യത്വത്തെ അതിന്റെ സമൃദ്ധിയിലേക്കു നയിക്കുന്ന സാംസ്കാരിക സൗന്ദര്യം പാടെ അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭ്രാന്തമായ മത്സര രംഗങ്ങള്‍ വിദ്യാര്‍ത്ഥിയെ ഇല്ലായ്മ ചെയ്യുകയാണ്. സിനിമാകായിക താരങ്ങളുടെ ഫാന്‍സ് സന്പ്രദായങ്ങള്‍ നമ്മുടെ വിദ്യര്‍ത്ഥികളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇഷ്ടതാരത്തെ റോള്‍ മോഡലായി സ്വീകരിക്കുക വഴി വഴിപിഴച്ച ജീവിതത്തിലേക്കാണ് വിദ്യാഭ്യാസമുള്ള യുവാക്കള്‍ പോലും സഞ്ചരിക്കുന്നത്. വഴിവിട്ട ഫാഷന്‍ നമ്മുടെ തനത് സംസ്കാരത്തെയും സ്വത്തത്തെയും പറിച്ചു കീറുന്നു എന്നത് യുവാക്കള്‍ അറിയുന്നില്ല. കേരളം സന്ദര്‍ശിച്ച പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ സാം പിത്രോഡ കേരളീയനെ കുറിച്ച് പറഞ്ഞത് പുത്തന്‍ വ്യവഹാരങ്ങളുടെ സൃഷ്ടി എന്നാണ്. പുതിയതിനെ ആവാഹിക്കുകയും പുത്തന്‍ വേഷങ്ങളും സംസ്കാരങ്ങളും അണ്ണാക്കു തൊടാതെ വിഴുങ്ങുകയും ചെയ്യുന്ന കേരളീയ സംസ്കാരത്തിന്റെ തകര്‍ച്ച ഇന്ന് നമ്മുടെ യുവാക്കളിലെ നിറക്കാഴ്ച്ചയാണ്.
വിഖ്യാത ഇംഗ്ലീഷ് എഴുത്തുകാരന്‍ മാര്‍ക്ക് ട്വയിനിന്റെ ‘അഡ്വൈസ് ഫോര്‍ യൂത്ത്’ എന്ന കുറിപ്പില്‍ ഇങ്ങനെ പറയുന്നതായി കാണാം; യുവത്വത്തിന്റെ നുണകള്‍ നശ്വരമാണ്. കള്ളം പറഞ്ഞതില്‍ പിന്നെ കള്ളം പറഞ്ഞ് തുടരേണ്ട ദുര്‍ഗതിയാണ് മാര്‍ക്ക് ട്വയിന്‍ വരച്ചിടുന്നത്.
പണ്ഡിത ഗുരുക്കളുടെ തണലില്‍ ഉത്തരവാദിത്തപരമായ സുരക്ഷിതത്വമായിരുന്നു പോയ കാലത്തെ വിദ്യാര്‍ത്ഥിത്വമെങ്കില്‍ പുതിയ കാലത്തെ വിദ്യര്‍ത്ഥികള്‍ക്കത് നഷ്ടപ്പെട്ടിരിക്കുന്നു. സ്വന്തം അധ്യാപികയെ ലൈംഗിക പീഡനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന വിദ്യാര്‍ത്ഥിയും, വിദ്യാര്‍ത്ഥിനിയെ ബലാല്‍ക്കാരം ചെയ്യുന്ന അധ്യാപകരും നിറഞ്ഞുനില്‍ക്കുന്ന ഗുരുശിഷ്യ ബന്ധത്തിന്റെ ചിത്രങ്ങളായി കലാലയങ്ങള്‍ മാറിയിരിക്കുന്നു. സമ്പൂര്‍ണമായി വിദ്യയുടെ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയകള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന ഉള്‍വേലികളാണ് ‘പിയാനോ ടീച്ചര്‍’മാരെ രൂപപ്പെടുത്തുന്ന തകര്‍ന്നടിഞ്ഞ ഗുരുശിഷ്യ ബന്ധം. ഇവിടങ്ങളില്‍ നിന്നെല്ലാം നമുക്ക് ബോധ്യപ്പെടുന്നത് സംസ്കാരത്തിലേക്ക് നയിക്കേണ്ട അറിവ് പുതിയ കാലത്ത് വിപരീതാര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെടുന്നു എന്നാണ്.
മദ്യവും മയക്കുമരുന്നും അന്നമാക്കുകയും വൃത്തിക്കെട്ട ലൈംഗികത കൂടെ കൂട്ടിനടക്കുകയും ചെയ്യുന്ന നമ്മുടെ യുവത്വത്തിന് പുതിയ കാലത്തെ വിദ്യാഭ്യാസം ജോലിക്കപ്പുറം കാര്യമായൊന്നും നല്‍കുന്നില്ലെന്നു ചുരുക്കം. കലാലയങ്ങളിലെ ആത്മീയ ബോധത്തിന്റെ ആവശ്യകതകളിലേക്കാണ് ഇവകളെല്ലാം വിരല്‍ ചൂണ്ടുന്നത്. ആധുനികതയുടെ കാറ്റേറ്റു കഴിയുന്ന യുവത്വത്തിന് ആത്മീയതയുടെ വെളിച്ചം കാണിക്കണം. സ്രഷ്ടാവിലേക്കുള്ള വഴി തെളിയിച്ച് കൊടുക്കണം. വിണ്ടുകീറിയ ഭൗതിക പ്രതലങ്ങളിലും ഇടറാതെ നടക്കാനുള്ള കരുത്ത് കൊടുക്കണം. മാനവികതയും മനുഷ്യത്വവും ആവോളം ഓതിത്തന്ന മുത്തുനബി(സ്വ)യുടെ ജീവിത പുസ്തകം മലര്‍ക്കെ തുറക്കണം.
സ്രഷ്ടാവായ അല്ലാഹുവിന്റെ ആജ്ഞകള്‍ അനുസരിച്ച് ആരാധനകളിലായി സമയം ചെലവഴിക്കുന്ന യുവാക്കളെ അവന്‍ അഭിനന്ദിക്കുന്നതായി കാണാം. ഗുഹാവാസികളായ യുവാക്കളെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: സ്രഷ്ടാവില്‍ അടിയുറച്ച് വിശ്വസിക്കുകയും സന്മാര്‍ഗത്തെ ആവാഹിക്കുകയും ചെയ്യുന്നവരാണവര്‍ (സൂറത്തുല്‍ കഹ്ഫ്/13). സൃഷ്ടിചരാചരങ്ങളെ മുഴുവന്‍ അല്ലാഹു ഖിയാമത്ത് നാളില്‍ ഒരുമിച്ച്കൂട്ടും. ‘സല്‍കര്‍മികള്‍ക്ക് പ്രതിഫലവും തിന്മ ചെയ്തവര്‍ക്ക് ശിക്ഷയും നല്‍കാന്‍ വേണ്ടി’ (സൂറത്തുനജ്മ്/31) ദീര്‍ഘമായ ഒരു ദിവസം, പ്രയാസങ്ങളില്‍ കിടന്ന് മനുഷ്യര്‍ ഞെരിഞ്ഞമരുന്ന ദിനം. ആ ദിവസത്തിലെ ദുര്‍ഗതികള്‍ അല്ലാഹു സൂറത്തുല്‍ ഹജ്ജിലൂടെ വിവരിക്കുന്നുണ്ട്.
നബി(സ്വ) പറഞ്ഞു: സൂര്യനെ സൃഷ്ടികളിലേക്ക് ഒരു ചാണ്‍ അകലത്തില്‍ വരെ നിര്‍ത്തപ്പെടും. പ്രവര്‍ത്തനങ്ങളുടെ തോതനുസരിച്ച് ചിലര്‍ ഞെരിയാണിവരെ, മറ്റുചിലര്‍ മുട്ട് വരെ, അരവരെ, കഴുത്ത് വരെ വിയര്‍പ്പില്‍ മുങ്ങിയിരിക്കും (മുസ്്ലിം 4/2196). ഈ അവസരത്തില്‍ അല്ലാഹു ഏഴ് വിഭാഗം ജനങ്ങള്‍ക്ക് അവന്റെ അര്‍ശിന്റെ തണല്‍ നല്‍കും. നീതിമാനായ ഭരണാധികാരി, അല്ലാഹുവിനു ഇബാദത്തിലായി കഴിയുന്ന യുവാവ്, പള്ളിയുമായി ഹൃദയം ലയിച്ചു ചേര്‍ന്നവന്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പരസ്പരം സ്നേഹിക്കുകയും ആ സ്നേഹത്തിലായി ജീവിക്കുകയും മരിക്കുകയും ചെയ്ത കൂട്ടുകാര്‍, സൗന്ദര്യവും സമ്പത്തുമുള്ള സ്ത്രീ സംസര്‍ഗത്തിന് ക്ഷണിച്ചിട്ടും അല്ലാഹുവിനെ ഭയന്നു പിന്‍മാറിയവര്‍, രഹസ്യമായി ദാനധര്‍മങ്ങള്‍ നല്‍കുന്നവര്‍, ഏകാന്തനായിരുന്ന് പടച്ചവനെയോര്‍ത്ത് പൊട്ടിക്കരഞ്ഞവര്‍ (ബുഖാരി 1/440).
ഈ ഹദീസ് പ്രധാനമായും സംസാരിക്കുന്നത് യുവത്വത്തോടാണ്. ആരോഗ്യ ദൃഢഗാത്രനായ ഒരാള്‍ക്ക് തിന്മയില്‍ കയറിയിരിക്കാനും അതിലൂടെ സഞ്ചരിക്കാനും ആര്‍ത്തിയുണ്ടാകും. ഈ പൈശാചിക ദുര്‍ബോധനങ്ങളെ ചെറുത്ത് തോല്‍പ്പിച്ചവനാണ് ഹദീസില്‍ പരാമര്‍ശിച്ച അല്ലാഹുവിന് ആരാധനയിലായി കഴിയുന്ന യുവാവ്. സ്വര്‍ഗരാജ്യം പണിയാന്‍ യുവത്വത്തോളം കഴിവും പ്രാപ്തിയുമുള്ളവര്‍ മറ്റാരാണ്? നല്ല നാടിന്റെ സൃഷ്ടിപ്പും നല്ല സമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനവും ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ ആദര്‍ശ ശുദ്ധിയോടെ അവനു ജീവിക്കാനാവും. ഈ ജീവിതത്തില്‍ നിന്ന് സ്വര്‍ഗീയ ലോകത്തേക്കവന് പറന്നടുക്കാം. ഇങ്ങനെയൊന്നുമല്ലെങ്കില്‍ ജീവിതത്തിലെന്ത് അര്‍ത്ഥമാണുള്ളത്? തനിക്കോ സമൂഹത്തിനോ ഒന്നിനും ഉപകാരപ്പെടാതെ, ആയുസ്സും സമ്പത്തും അറിവും സമയവും ഉണ്ടായിട്ടെന്തുകാര്യം?
അഞ്ചുകാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാതെ ഒരു കാലും പറിച്ചു കുത്താന്‍ അനുവദിക്കുകയില്ലെന്ന് തിരുനബി(സ്വ) പഠിപ്പിക്കുന്നു. 1, ആയുസ്സ് എങ്ങിനെ വിനിയോഗിച്ചു? 2, യുവത്വം എങ്ങനെ ഉപയോഗപ്പെടുത്തി? 3, സമ്പത്ത് എങ്ങനെയുണ്ടാക്കി? 4,എങ്ങനെ വിനിയോഗിച്ചു? 5, പഠിച്ച അറിവുകൊണ്ട് എന്ത് നേടി? (തിര്‍മുദി 4/612)
യുവാക്കള്‍ സമൂഹത്തിന്റെ അത്താണിയാണ്. ആത്മബോധവും വിശ്വാസവും വേണ്ടത്ര ഉള്ളവരും ദൈവഭക്തി ഹൃദയത്തില്‍ കാത്തു സൂക്ഷിക്കുന്നവരും നല്ല നാടും നല്ല രാഷ്ട്രവും സൃഷ്ടിക്കുന്നു. അമിത വ്യയത്തിന്റെയും പൈശാചികതയുടെയും പുറംപോക്കുകാര്‍ രൂപപ്പെടുത്തുന്നതാണ് അഴിമതികളുടെയും വൃത്തികേടുകളുടെയും നാടും നഗരവും. ചിന്തിച്ച് ചുവടുവെപ്പുകള്‍ നടത്തുന്നവര്‍ക്ക് പടച്ചവന്റെ കോടതിയില്‍ വിജയം വരിക്കാം. അപ്പോള്‍ അവനു മരണ ശേഷം പ്രവര്‍ത്തനാനന്തര ഫലമായി സ്വര്‍ഗീയമായ വെളിച്ചവും മധുവും ലഭിക്കുന്നു. ഒരാള്‍ മരിച്ചാല്‍ അവന്റെ പ്രതിഫല വഴികള്‍ എല്ലാം നിലച്ചു. മൂന്നെണ്ണം ഒഴികെ. ഒന്ന്, നിലനില്‍ക്കുന്ന സ്വദഖ. രണ്ട്, ഉപകാരപ്രദമായ അറിവ്. മൂന്ന്, അവനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന മക്കള്‍ (മുസ്്ലിം 3/1255).

മുഹമ്മദ് സല്‍മാന്‍ തോട്ടുപൊയില്‍

Exit mobile version