രണ്ടു പേർക്കും ഒന്നാം റാങ്ക്

 

പൊതുവായി പറഞ്ഞാൻ ജനങ്ങൾ രണ്ടു തരക്കാരാണ്. ശാരീരികവും സാമ്പത്തികവുമായ ശേഷിയുള്ളവരും ഇല്ലാത്തവരും. ചിലർക്ക് നല്ല ആരോഗ്യമുള്ള ശരീരവും നല്ല സാമ്പത്തിക സുരക്ഷിതത്വവും മോഹനമായ സ്വാധീനവുമുണ്ടാകും. മറ്റൊരു വിഭാഗത്തിനാവട്ടെ ശരീരവും സമ്പത്തുമെല്ലാം ദുർബലമായിരിക്കും. ഈ രണ്ടു വിഭാഗത്തിൽ പെട്ടവർക്കും ഒന്ന് മനസ്സുവെച്ചാൽ ആത്മീയ ഔന്നത്യം നേടിയെടുക്കാൻ കഴിയും. ഏറ്റവും ഉയർന്ന ആത്മവിശുദ്ധി തന്നെ കൈവരിക്കാം. ആത്മീയ ഉൽക്കർഷത്തിൽ ഒന്നാം റാങ്ക് തന്നെ നേടാം. ശാരീരിക-സാമ്പത്തിക ക്ഷീണം ആത്മീയ ഉയർച്ചക്ക് തടസ്സമാകില്ല. സമ്പന്നതയോ സ്വാധീന ബാഹുല്യമോ ആത്മീയ വളർച്ചക്ക് വിലങ്ങുതടിയുമല്ല.
ഏറ്റവും സമുന്നതമായ ധാർമിക മികവിനെ സൗകര്യാർഥം നമുക്ക് ഒന്നാം റാങ്ക് എന്ന് വിളിക്കാം. അത് മേൽ പറഞ്ഞ രണ്ടു വിഭാഗത്തിൽ പെട്ടവർക്കും സ്വായത്തമാക്കാം. വിശുദ്ധ ഖുർആൻ അതാണ് പ്രഖ്യാപിക്കുന്നത്.
അതിവിശാലമായ സാമ്പത്തിക മേന്മയും അത്യപാരമായ ഭരണസ്വാധീനവും സാധിച്ച മഹാവ്യക്തിത്വമാണ് സുലൈമാൻ നബി(അ). സകലമാന മനുഷ്യ-ഭൂത വർഗങ്ങളെയും അടക്കി ഭരിച്ച മഹാചക്രവർത്തി. മാത്രമല്ല മൃഗങ്ങളെയും പറവകളെയും നബി അടക്കി വാണു. നീണ്ട ഏഴു നൂറ്റാണ്ട് കാലം ആയിരം സിംഹാസനങ്ങളിൽ സർവാധിപതിയായി (അൽമുസ്തദ്‌റക്). ഇത്രയും പ്രൗഢിയുടെ അധിപതിയായിട്ടും ധാർമിക രംഗത്ത് ഒരു കുറവും പോറലുമേൽകാതെ മഹാൻ നൂറുമേനി പ്രോജ്വലിച്ചുനിന്നു. ‘നിഅ്മൽ അബ്ദു’ (ഏറ്റവും നല്ല വിശിഷ്ട ദാസൻ) എന്ന് തന്നെ ഖുർആൻ ആ സാർവഭൗമനെ വിശേഷിപ്പിച്ചു. അദ്ദേഹം ഏറെ ഖേദിച്ച് മടങ്ങുന്ന വ്യക്തിത്വമാണ് (സൂറത്തുസ്സ്വാദ് 30).

വെല്ലുവിളികൾ നിറഞ്ഞ ദുസ്സഹമായ ജീവിതം നയിച്ച മഹാവിശുദ്ധനാണ് അയ്യൂബ് നബി(അ). ദാരിദ്ര്യം, രോഗം തുടങ്ങി എല്ലാ തലങ്ങളിലും വേദനയുളവാക്കുന്ന പ്രതിസന്ധികളിലൂടെ കടന്നുപോയി ആ ജീവിതം. പ്രതിസന്ധികളുടെ നടുക്കയത്തിലായിട്ടും ആത്മീയ-ധാർമിക രംഗത്ത് വൻവിജയം ഒട്ടും നിറം മങ്ങാതെ നിലനിർത്താൻ അയ്യൂബ് നബി(അ)ക്ക് സാധിച്ചു. അല്ലാഹു തന്നെ അത് പ്രഖ്യാപിക്കുന്നു: തീർച്ചയായും നാം അദ്ദേഹത്തെ ക്ഷമാശീലനായി കണ്ടു. അദ്ദേഹം ഏറ്റവും നല്ല വിശിഷ്ട ദാസനാണ് (സൂറത്ത് സ്വാദ് 44). അങ്ങേയറ്റം വിഭവ സമൃദ്ധിയും സ്വാധീന വിശാലതയും അനുഭവിക്കുന്ന സുലൈമാൻ നബി(അ)യും അങ്ങേയറ്റം ദാരിദ്ര്യവും നിസ്സഹായതയും അനുഭവിക്കുന്ന അയ്യൂബ് നബി(അ)യും ‘നിഅ്മൽ അബ്ദു’ (അത്യുദാത്ത വ്യക്തിത്വം) എന്ന ബഹുമതി നേടിയതാണ് ഖുർആൻ അവതരിപ്പിക്കുന്നത്. സമ്പന്നതയോ ഇല്ലായ്മയോ വ്യക്തിത്വ വികസനത്തിനോ ആത്മോൽക്കർഷത്തിനോ തടസ്സമാകില്ല എന്ന വലിയ പാഠമാണിത് പകരുന്നത്.
ബുദ്ധിയും വിവേകവുമുള്ള ഒരു വ്യക്തി വിഭവ സമൃദ്ധിയുടെയോ അഥവാ വിഭവ ശോഷണത്തിന്റെയോ പേരു പറഞ്ഞ് നന്മയിൽ നിന്ന് പുറംതിരിഞ്ഞു നിൽക്കാൻ പാടില്ല.
വിചാരണ നാളിൽ സ്രഷ്ടാവിന്റെ മുന്നിൽ വിചാരണക്ക് മൂന്നു പേരെ കൊണ്ടുവരും. സമ്പന്നൻ, രോഗി, അടിമ.
സമ്പന്നനോട് നാഥൻ ചോദിക്കും: ധർമം നിർവഹിക്കുന്നതിന് നിനക്ക് എന്തായിരുന്നു തടസ്സം?
അയാൾ ഭവ്യതയോടെ പറയും: എനിക്ക് ധാരാളം സമ്പത്തുണ്ടായിരുന്നു.
അപ്പോൾ അല്ലാഹു സുലൈമാൻ നബി(അ)യെ ഹാജരാക്കിയിട്ട് അയാളോട് ചോദിക്കും: താങ്കൾക്ക് ഇദ്ദേഹത്തെക്കാൾ സമ്പാദ്യമുണ്ടായിരുന്നോ? ഇദ്ദേഹം ധർമപാലനത്തിൽ ഒരു ഉപേക്ഷയും വരുത്തിയിട്ടില്ലല്ലോ!
സമ്പന്നന് ഉത്തരം മുട്ടും.
രോഗിയോട് റബ്ബ് ചോദിക്കും: നിനക്ക് കർമരംഗത്ത് എന്തായിരുന്നു തടസ്സം?
അദ്ദേഹം രോഗാവസ്ഥ പറയുമ്പോൾ നാഥൻ അയ്യൂബ് നബി(അ)യെ ഹാജരാക്കിയിട്ട് ചോദിക്കും: താങ്കൾക്ക് ഇദ്ദേഹത്തെക്കാൾ വലിയ രോഗമൊന്നും ഉണ്ടായിരുന്നില്ലല്ലോ? പക്ഷേ ഇദ്ദേഹം ഒരു വീഴ്ചയും വരുത്തിയിട്ടില്ല.
രോഗിയുടെ മിണ്ടാട്ടം നിൽക്കുന്നു.
മൂന്നാമതായി ഒരടിമയെ ഹാജരാക്കും. കർമ മികവിന് എന്തായിരുന്നു വിഘാതമെന്ന ചോദ്യത്തിന് ഒരു അടിമയുടെ ദൈന്യതകൾ പറയും. അപ്പോൾ അല്ലാഹു അടിമയായി കഴിഞ്ഞിരുന്ന യൂസുഫ് നബി(അ)യെ കൊണ്ടുവരും. അടിമയായി ജീവിച്ചിട്ടും ഇദ്ദേഹം ഒരു കുറവും വരുത്തിയിട്ടില്ലല്ലോ എന്ന് അല്ലാഹു പറയുമ്പോൾ അയാൾ നിശ്ശബ്ദനാകും (ശുഅബുൽ ഈമാൻ-ബൈഹഖി).
ഖുർആൻ പറഞ്ഞു: എന്നാൽ മനുഷ്യനെ സമ്പന്നത നൽകി നാം പരീക്ഷിക്കുന്നപക്ഷം അവൻ പറയുന്നു; എന്റെ റബ്ബ് എന്നെ ആദരിച്ചിരിക്കുന്നു (അത് ശരിയല്ല). എന്നാൽ പിന്നെ ദാരിദ്ര്യം നൽകി പരീക്ഷിക്കുകയാണെങ്കിലോ അവൻ പറയുക, റബ്ബ് എന്നെ അപമാനിച്ചുവെന്നാണ്’ (അതും ശരിയല്ല) (സൂറത്തുൽ ഫജ്ർ 15,16). അനുകൂല സാഹചര്യവും പ്രതികൂല സാഹചര്യവും പരീക്ഷണ ഘട്ടമാണ്. ഏതു ഘട്ടത്തിലും നന്മ സമ്പന്നമാക്കാൻ ജാഗ്രത പാലിക്കണം.

സുലൈമാൻ മദനി ചുണ്ടേൽ

Exit mobile version