രാഷ്ട്രീയ ഇസ്‌ലാമിന്റെ വഴികളും വകഭേദങ്ങളും

ഒരു സംഘടനയെ പരിചയപ്പെടുത്തിക്കൊണ്ട് ആരംഭിക്കാം. സൗദിയിൽ പിറന്ന് സൗദിയിൽതന്നെ അവസാനിച്ച പ്രസ്ഥാനമാണത്. ചരിത്രത്തിൽ അതിവിദൂര ഘട്ടത്തിലല്ല നമ്മളതിനെ പരിചയിക്കുന്നതെങ്കിലും പിൽക്കാലത്ത് മുളപൊട്ടിയ പല തീവ്രസ്വഭാവമുള്ള സംഘാടനങ്ങളുടെയും വേരാഴ്ന്നുകിടക്കുന്നത് ആ കൂട്ടായ്മയിലാണ്. അതുകൊണ്ട് ചരിത്രം പഠിക്കുമ്പോൾ മാത്രമല്ല, വർത്തമാനം വിശകലനം ചെയ്യുമ്പോഴും ആ സംഘത്തെ പരാമർശിക്കാതെ വയ്യ. ഇഖ്‌വാൻ മൻ ത്വാഅല്ലാഹ് എന്നാണതിന്റെ പേര്.
1902ലാണ് വഹാബി ബറ്റാലിയനായി ഇഖ്‌വാൻ മൻ ത്വാഅല്ലാഹ് രൂപീകൃതമാകുന്നത്. ഇവർ കൂടെ കൊണ്ടുനടന്നത് ആക്രമണോത്സുകത മാത്രമല്ല, വിചിത്രമായ പലതരം വിശ്വാസങ്ങൾ കൂടിയായിരുന്നു. ജീവിതത്തിലൊരിക്കലെങ്കിലും തിരുനബി(സ്വ)യുടെ മദീന പള്ളിയിൽ പാദരക്ഷ ധരിച്ചു കയറണം (പ്രവാചകർ അങ്ങനെ ചെയ്തിരുന്നുവെന്നാണ് ഭാഷ്യം), ഇംഗ്ലീഷ് കാഫിറിന്റെ ഭാഷയാണ് ആരും പഠിക്കരുത്, റേഡിയോ, കമ്പിത്തപാൽ ഇത്യാദിയൊക്കെ ഇസ്‌ലാമിക വിരുദ്ധമാണ് അങ്ങനെ നീളുന്നു അവരുടെ വിചിത്ര വാദങ്ങൾ. പിൽക്കാലത്ത് സൗദി ഭരണകൂടം തന്നെ അവരെ അമർച്ച ചെയ്‌തെങ്കിലും അവർ വിതച്ച തീവ്ര ആശയങ്ങളുടെ വിത്തുകൾ പല നാടുകളിലും മുളച്ചുപൊന്തിയത് കാണാനാകും. 1928ൽ ഈജിപ്തിൽ രൂപീകൃതമായ ഇഖ്‌വാനുൽ മുസ്‌ലിമൂൻ തന്നെയും പിന്തുടർന്നത് സൗദി ഇഖ്‌വാന്റെ ആശയങ്ങളായിരുന്നു. സൗദിയിൽ തന്നെ ജുഹൈമാൻ അൽഉതൈബിയുടെ നേതൃത്വത്തിലുണ്ടായ സംഘത്തിന്റെ വേരാഴ്ന്നുകിടക്കുന്നതും ഇഖ്‌വാൻ മൻ അത്വാഅല്ലാഹിയിലാണ്.
ജുഹൈമാൻ ഇബ്‌നു മുഹമ്മദ് ഇബ്‌നു സൈഫുദ്ദീൻ അൽഉതൈബി ആരുടെ കയ്യാളായിരുന്നുവെന്നതിൽ പല വായനകൾ നടന്നിട്ടുണ്ട്. അയാൾ ഇറാനു വേണ്ടി ശിയാ താൽപര്യങ്ങൾ സംരക്ഷിക്കാൻ പ്രയത്‌നിച്ചയാളാണ് എന്നൊരു വായനയുണ്ട്. അത് സൗദിയുടെ വിശദീകരണമാണ്. അതിനപ്പുറം അയാൾ ഇബ്‌നു അബ്ദുൽ വഹാബിന്റെ ആശയങ്ങളാൽ പ്രചോദിതനായിരുന്നുവെന്നത് സ്പഷ്ടമാണ്. പ്രമുഖ സലഫി പണ്ഡിതൻ ശൈഖ് ഇബ്‌നുബാസിന്റെ ആശീർവാദത്തോടെയാണ് അയാൾ തന്റെ സംഘടന രൂപീകരിക്കുന്നത്. അൽജമാഅത്തുസ്സലഫിയ്യ എന്നാണ് സംഘത്തിനു പേരു വിളിച്ചത്. ശൈഖ് ഇബ്‌നുബാസ്, ശൈഖ് നാസ്വിറുദ്ദീൻ അൽബാനി, ശൈഖ് അബൂബകർ അൽജസാഇരി തുടങ്ങിയ സലഫി പണ്ഡിതരെ കൊണ്ടുവന്ന് സംഘാംഗങ്ങൾക്ക് ക്ലാസെടുപ്പിച്ചിരുന്നു. 1979 നവംബർ വരെയും അത്ര മുഴക്കമുള്ള പേരായിരുന്നില്ല ജുഹൈമാന്റേത്. 1979 നവംബർ 20ന് മസ്ജിദുൽ ഹറാമിൽ സുബ്ഹി നിസ്‌കാരത്തിനെത്തിയ വിശ്വാസികളെ അയാളുടെ സംഘം ബന്ദികളാക്കുന്നതു വരേക്കും അയാൾ അപകടകാരിയാണെന്ന് സൗദി ഭരണകൂടവും കരുതിയിരുന്നില്ല. അന്നുപക്ഷേ അയാൾ തനിനിറം കാണിച്ചു. തന്റെ അനുചരരെയുമായി നേരംവെളുക്കും മുമ്പേ പള്ളിയിൽ കടന്നുകൂടി. അന്നു സുബ്ഹി നിസ്‌കാരത്തിനെത്തിയവരെ പുറത്തുകടക്കാൻ അനുവദിക്കാതെ ആയുധമുനയിൽ നിർത്തി. എന്താണ് തങ്ങളുടെ ലക്ഷ്യമെന്ന് അയാളുടെ സംഘത്തെ പ്രതിനിധീകരിച്ചുകൊണ്ട് പള്ളി മിഹ്‌റാബിൽ നിന്ന് സംസാരിച്ച ഖാലിദ് അൽയാമി വെളിപ്പെടുത്തി. വഹാബിസത്തോടുള്ള തങ്ങളുടെ അചഞ്ചലമായ കൂറ് ഖാലിദ് ഉറക്കെപ്പറഞ്ഞു. നിലവിലെ സൗദി ഭരണകൂടം വഹാബിസത്തിൽ നിന്ന് അകന്നുപോകുന്നതിലുള്ള ആശങ്ക രേഖപ്പെടുത്തി. പുതിയൊരു ഖലീഫയുടെ ആവശ്യകത അറിയിച്ചു. സംസാരത്തിനൊടുവിൽ സംഘത്തിലെ വയോധികനായ അബ്ദുല്ല അൽഖഹ്താനിയെ സംഘം ഖലീഫയായി ബൈഅത്ത് ചെയ്തു. ഇത്രയുമാണ് അവിടെ നടന്നത്. ഒരു ഭരണകൂടം ഉണ്ടായിരിക്കെത്തന്നെ മറ്റൊരു ഭരണകൂടത്തെ വാഴിക്കുകയായിരുന്നു ജുഹൈമാൻ; അതും വഹാബിസത്തെ പുനരുജ്ജീവിപ്പിക്കാനെന്ന പേരിൽ. ഇസ്‌ലാമികദൃഷ്ട്യാ തെറ്റായ പ്രവൃത്തിയാണ് നടന്നിരിക്കുന്നത്. അതിനു വേദിയാക്കിയതോ വിശുദ്ധമായ മസ്ജിദുൽ ഹറാമും. ആയിരക്കണക്കിന് ഹാജിമാരുൾപ്പടെ വിശ്വാസികളെ ബന്ദികളാക്കിയുള്ള അധികാരവാഴ്ച! പള്ളിയിൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ കഴിവതും ശ്രമിച്ചു സൗദി ഭരണകൂടം. പക്ഷേ, ജുഹൈമാൻ വഴങ്ങിയില്ല. ഒടുവിൽ എഴുപതോളം അക്രമികളെയേ ജീവനോടെ പിടികൂടാനായുള്ളൂ. ബാക്കിയുള്ളവരെ സൈന്യത്തിന് വധിക്കേണ്ടിവന്നു. 21 ദിവസം നീണ്ട ഹറമിലെ അതിക്രമം അങ്ങനെയാണവസാനിച്ചത്. പിടിയിലായ ജുഹൈമാൻ ഉൾപ്പടെയുള്ളവരെ വിചാരണ നടത്തി വധശിക്ഷക്കു വിധേയമാക്കി. വഹാബിസത്താൽ ഭൂതാവേശിതരായ ഒരു സംഘത്തിന്റെ എടുത്തുചാട്ടത്തിന് ലോകമെങ്ങുമുള്ള വിശ്വാസികൾ തീ തിന്നത് മൂന്നാഴ്ചയാണ്. മുസ്‌ലിംകളെ സംബന്ധിച്ച് ഏറെ പ്രധാനമായൊരു ആരാധനാലയം തന്നെ ഖിലാഫത്ത് പ്രഖ്യാപനത്തിനു തിരഞ്ഞെടുത്തുകൊണ്ട് പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്രത്തെ പ്രവാചകരുടെ മണ്ണിൽ തീവ്രഭാവത്തോടെ സ്ഥാപിച്ചെടുക്കാനാണ് ജുഹൈമാനും കൂട്ടരും ശ്രമിച്ചത്. അതാകട്ടെ, നേരത്തെത്തന്നെ ഇബ്‌നു അബ്ദുൽ വഹാബ് അറേബ്യയിൽ തുടങ്ങിവെച്ചതുമാണ്.

എന്താണ് പൊളിറ്റിക്കൽ ഇസ്‌ലാം എന്ന ചോദ്യത്തിന് നൽകാവുന്ന ഒരു ഉത്തരം ജുഹൈമാൻ അൽഉതൈബി എന്നാണ്. എന്തുകൊണ്ട്? രാഷ്ട്രീയാധികാരം കൊണ്ട് മാത്രം പൂർണമാവുകയും അധികാരത്തിലൂടെ മാത്രം മേൽക്കൈ നേടുകയും ചെയ്യുന്ന ഇസ്‌ലാമിനെ കുറിച്ചുള്ള വഹാബിസ്റ്റ് വികലഭാവനകളുടെ പിറകെ സഞ്ചരിച്ചയാളാണ് ജുഹൈമാൻ. അതുകൊണ്ടാണ് നടേപറഞ്ഞ സംഭവത്തിൽ അയാൾ ഖലീഫയെ വാഴിക്കുന്നത്. രാഷ്ട്രീയാധികാരം എന്ന ഒറ്റമുനയിലേക്ക് ഇസ്‌ലാമിനെ ചുരുക്കുമ്പോൾ സംഭവിക്കുന്ന സർവ ദുരന്തങ്ങളും വഹാബിസത്തിന്റെ നാൾവഴികളിൽ നമുക്ക് വായിക്കാനാകും. അധികാരത്തിലേക്കുള്ള അവരുടെ അതിവേഗ പാതയിൽ തടസ്സംനിന്ന പാരമ്പര്യ മുസ്‌ലിംകളെ കൊന്നൊടുക്കിയ ഹിംസയുടെ ഭയാനകമായ സന്ദർഭങ്ങൾ കൂടി ഉൾപ്പെടുന്നതാണ് ആധുനിക മുസ്‌ലിം ചരിത്രം.
പൊളിറ്റിക്കൽ ഇസ്‌ലാമിനെ കുറിച്ചുള്ള വിശകലനങ്ങളിൽ നിന്ന് വഹാബിസം അകറ്റിനിർത്തപ്പെടുന്ന സാഹചര്യമുണ്ട്. സയ്യിദ് മൗദൂദി, ഹസനുൽ ബന്ന, സയ്യിദ് ഖുതുബ് ത്രയങ്ങളിലേക്ക് രാഷ്ട്രീയ ഇസ്‌ലാമിനെ കുറിച്ചുള്ള വായനകൾ ചുരുക്കപ്പെട്ടതോടെ ഇബ്‌നു അബ്ദുൽ വഹാബ് കാണാമറയത്തായി. അതുകൊണ്ടുതന്നെ കേരളത്തിലടക്കം നവോത്ഥാനത്തിന്റെ കുപ്പായം എളുപ്പത്തിൽ എടുത്തണിയാൻ സലഫികൾക്ക് സാധിച്ചു. കുറച്ചു വൈകിയെങ്കിലും, ആ കുപ്പായം അവരിൽനിന്ന് അഴിച്ചുവാങ്ങിക്കാൻ പാരമ്പര്യ ഇസ്‌ലാമിന് കേരളത്തിൽ സാധിച്ചിട്ടുണ്ട്. വഹാബികൾക്കും മൗദൂദികൾക്കുമിടയിൽ നടന്ന നവോത്ഥാന പിടിവലിയുടെ ഒരു ഘട്ടത്തിൽ മൗദൂദിയുടെ മതരാഷ്ട്രവാദത്തെ എതിർത്ത സലഫി പ്രസ്ഥാനത്തെ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഓർമിപ്പിച്ചത്, നിങ്ങളുടെ നേതാവ് ഇബ്‌നു അബ്ദുൽ വഹാബ് പറഞ്ഞിട്ടില്ലാത്ത ഒന്നും ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകൻ പറഞ്ഞിട്ടില്ല എന്നാണ്. അതിനാവശ്യമായ തെളിവുകളും ഹാജരാക്കുന്നുണ്ട് കാരക്കുന്ന് (നോക്കുക: തെറ്റുധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, ആദ്യപതിപ്പ് 1979).
‘ഇസ്‌ലാം സമഗ്രമായ ജീവിതപദ്ധതിയാണെന്ന് പറയുന്നത് അപകടമാണ്. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ദീനും ദുനിയാവും രണ്ടാണ്. ഇസ്‌ലാമിൽ രാഷ്ട്രീയമുണ്ടെന്നു പറയുന്നത് അധികാരമോഹമാണ്. ഇസ്‌ലാമിന് അപരിചിതമായ ഈ വിചിത്രവാദങ്ങളുമായി ഇപ്പോൾ മുന്നോട്ടുവന്നിരിക്കുന്നത് മോഡേർണിസ്റ്റുകളല്ല. യാഥാസ്ഥിതികത്വത്തിനെതിരിൽ പോരാടിയ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പുത്തൻ തലമുറയാണ്’ എന്ന മുഖവുരയുമായാണ് പ്രസ്തുത പുസ്തകം ആരംഭിക്കുന്നത്. ‘പൂർവിക പണ്ഡിതന്മാരും അവരുടെ (ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ) തന്നെ നേതാക്കളും മുമ്പു പറഞ്ഞതിൽ നിന്ന് ഭിന്നമായി ഈ വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമി പുതുതായി യാതൊന്നും പറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം’ എന്ന് ആവർത്തിക്കുന്നുമുണ്ട് ഗ്രന്ഥകാരൻ.
ഒരു കാലത്ത് കേരളത്തിൽ സലഫികൾക്കും ജമാഅത്തിനും ഒരു പള്ളിയായിരുന്നു. അങ്ങനെ മതിയായിരുന്നു. സംഘടനാപരമായി രണ്ടു ധാരയിൽ നിൽക്കുമ്പോഴും ആദർശപരമായി അവർ ഒറ്റച്ചങ്കായിരുന്നു. പിന്നെന്തിന് സലഫികൾ ജമാഅത്തിനെ തള്ളിപ്പറഞ്ഞു എന്നാണോ? നവോത്ഥാനത്തിന്റെ പങ്ക് കൊടുക്കേണ്ടിവരുമോ എന്ന ഭയം. അതിലപ്പുറം അവർക്കിടയിൽ ആദർശത്തർക്കങ്ങൾ അന്നുമില്ല, ഇന്നുമില്ല.
‘ഇസ്‌ലാമിന്റെ സാമൂഹിക, രാഷ്ട്രീയ സങ്കൽപ്പങ്ങൾ ചോദ്യം ചെയ്യപ്പെടുകയും കേവലമായ മതാനുഷ്ഠാനങ്ങൾ മാത്രമാണ് ഇസ്‌ലാം എന്ന തീവ്ര മതേതര ആശയങ്ങൾ പിറവികൊള്ളുകയും ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഈജിപ്തിൽ ഹസനുൽ ബന്ന ഇഖ്‌വാനുൽ മുസ്‌ലിമൂനും ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ അബുൽ അഅ്‌ലാ മൗദൂദി ജമാഅത്തെ ഇസ്‌ലാമിക്കും ബീജവാപം നൽകുന്നത്. ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ സർ സയ്യിദ് അഹ്‌മദ് ഖാനും മൗലാന ശിബിലി നുഅ്മാനിയും ഈജിപ്തിൽ അലി അബ്ദുർറാസിഖിനെ പോലുള്ളവരും ഇസ്‌ലാമിൽ രാഷ്ട്രീയ സങ്കൽപ്പം ഇല്ലെന്ന് വാദിച്ച പശ്ചാത്തലത്തിൽ കൂടിയാണ് സയ്യിദ് മൗദൂദിയും ഇമാം ഹസനുൽ ബന്നായും ഇസ്‌ലാമിന്റെ രാഷ്ട്രീയ സങ്കൽപ്പത്തെ ശക്തിയുക്തം ഉയർത്തിക്കാട്ടിയത്’ (പ്രബോധനം വാരിക 2017 ജൂലൈ 07).
ഹസനുൽ ബന്നയെ മറ്റൊരവസരത്തിൽ ചർച്ചക്കെടുക്കാം. നമുക്ക് സയ്യിദ് മൗദൂദിയെക്കുറിച്ച് സംസാരിക്കാം. കേവലമായ മതാനുഷ്ഠാനങ്ങൾ മാത്രമായി ഇസ്‌ലാം ചുരുങ്ങിപ്പോകുന്നതിൽ വേപഥു പൂണ്ടാണോ മൗദൂദി സാഹിബ് ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കാനിറങ്ങിയത്? അങ്ങനെയാണെന്ന് കരുതാവുന്ന ചരിത്ര സന്ദർഭങ്ങളിലൂടെയായിരുന്നില്ല അക്കാലത്തെ ഇന്ത്യൻ മുസ്‌ലിംകൾ കടന്നുപോയിരുന്നത്. അന്നത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയബോധ്യം (സാമ്രാജ്യത്വ വിരുദ്ധത) പങ്കിട്ടിരുന്നവരാണ് മുസ്‌ലിംകൾ. അബുൽകലാം ആസാദ് മുതൽ ആലി മുസ്‌ലിയാർ വരെ നീളുന്ന സാമ്രാജ്യത്വ വിരുദ്ധ സമരപോരാളികളിൽ നിന്നുപരിയായ എന്ത് രാഷ്ട്രീയമാണ് മൗദൂദി വിഭാവന ചെയ്തത്? എന്തായിരുന്നു ആ വിഭാവനയുടെ പരിമിതി?
അന്താരാഷ്ട്ര പ്രശസ്തനായ മഹ്‌മൂദ് മാംദാനി ഗുഡ് മുസ്‌ലിം, ബാഡ് മുസ്‌ലിം എന്ന തന്റെ പുസ്തകത്തിൽ മൗദൂദിയെ ഇങ്ങനെ അവതരിപ്പിക്കുന്നു: ‘സമകാല മുസ്‌ലിംകൾക്ക് ജിഹാദ് അനിവാര്യമാണെന്ന് ഊന്നിപ്പറയുകയും ജിഹാദിന് സായുധസമരം മൗലിക ഘടകമാണെന്ന് അവകാശപ്പെടുകയും ചെയ്ത ആദ്യത്തെയാൾ മൗദൂദിയായിരുന്നു. അദ്ദേഹത്തിന് മുമ്പുള്ള പ്രധാന ചിന്തകന്മാരിൽ നിന്ന് വ്യത്യസ്തമായി ഒരു സാർവ ലൗകിക ജിഹാദിന് ആദ്യമായി ആഹ്വാനം ചെയ്തതും അദ്ദേഹം തന്നെ.’ മൗദൂദിയുടെ ഈ വക ജിഹാദ് പരികൽപനകളിലൊരിടത്തും അന്ന് ഇന്ത്യക്കാർ നേരിട്ട ഭയാനകമായ സാമ്രാജ്യത്വ അധിനിവേശം ഉൾച്ചേർന്നിരുന്നില്ല. അഥവാ ബ്രിട്ടീഷ് വിരുദ്ധമായ ഒരു ജിഹാദിനെ കുറിച്ചല്ല സയ്യിദ് മൗദൂദി സംസാരിച്ചത്. മറിച്ച്, മുസ്‌ലിമിന്റെ വിശ്വാസിസ്വത്വം പരിപൂർണത നേടുന്നത് ഇസ്‌ലാമിക് സ്റ്റേറ്റിൽ മാത്രമാണ് എന്ന നിലപാടുതറയിൽ നിന്നുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. മൗദൂദിയുടെ ഇസ്‌ലാമിക് സ്റ്റേറ്റ് സങ്കൽപം സ്ഥലാധിഷ്ഠിതമായിരുന്നില്ല, ആദർശാധിഷ്ഠിതമായിരുന്നു എന്ന് മംദാനി നിരീക്ഷിക്കുന്നതിന്റെ തലമിതാണ്.
ഭരിക്കാനാവശ്യമായ അധികാരമില്ലാത്ത മതം മനസ്സിൽ മാത്രം നിലനിൽക്കുന്ന കെട്ടിടം പോലെയാണെന്നാണ് മൗദൂദി കരുതിയത്. അതുകൊണ്ട് അധികാരം വേണം. അത് സ്ഥാപിച്ചെടുക്കാൻ ഓരോ മുസ്‌ലിമും പോരാടണം. അത് വൈയക്തിക ബാധ്യതയായാണ് അദ്ദേഹം കണ്ടത്. ഓരോ മുസ്‌ലിമും പോരാട്ടത്തിനിറങ്ങി സ്ഥാപിച്ചെടുക്കേണ്ടതാണ് രാഷ്ട്രീയാധികാരമെന്ന് ഇസ്‌ലാം പറയുന്നില്ല എന്നതു പോട്ടെ, അങ്ങനെ ഓരോരുത്തരും ആയുധധാരികളായോ അല്ലാതെയോ പോരിനിറങ്ങിയാൽ ഈ നാടിന്റെ ഗതിയെന്താകും? മൗദൂദിയൻ വിചാരധാരയുടെ ചുവടുപിടിച്ച് കലാപത്തിനിറങ്ങിയ മുസ്‌ലിം ബ്രദർ ഹുഡും അതിന്റെ വകഭേദങ്ങളും പശ്ചിമേഷ്യയിൽ വിതച്ച ദുരന്തങ്ങൾ നമ്മുടെ മുമ്പിലുണ്ട്. എന്തിന് പശ്ചിമേഷ്യയിലേക്ക് പോകണം? ഇന്ത്യയിൽ തന്നെ ഉദാഹരണങ്ങളില്ലേ.
സിമിയെ ഓർക്കുന്നില്ലേ? ജമാഅത്തെ ഇസ്‌ലാമിയുടെ തന്നെ സന്തതി. മൗദൂദിയൻ ആശയങ്ങളായിരുന്നല്ലോ അവരുടെ അടിത്തറ. ഒടുക്കം ജമാഅത്തെ ഇസ്‌ലാമിക്ക് തീവ്രത പോരെന്ന് സിമിക്ക് തോന്നി. മൗദൂദിയൻ സങ്കൽപത്തിലെ രാഷ്ട്രത്തിലേക്കും രാഷ്ട്രീയാധികാരത്തിലേക്കും തുഴഞ്ഞെത്താൻ അവർ സ്വന്തം വഴി നോക്കിത്തുടങ്ങിയപ്പോഴാണ് ജമാഅത്ത് നേതൃത്വം സിമിയുടെ പിതൃത്വം കയ്യൊഴിഞ്ഞത്. അപ്പോഴും അവർക്ക് സയ്യിദ് മൗദൂദിയെ തള്ളാൻ കഴിയുമായിരുന്നില്ല. പിൽക്കാലത്ത് സിമി നിരോധിക്കപ്പെട്ടു. അന്ന് പല വഴിക്കായിപ്പോയ നേതാക്കൾ പിന്നീട് ഒത്തുചേരുന്നത് എൻഡിഎഫിന്റെ വിലാസത്തിലാണ്. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് അതിന്റെ പ്രാഗ്‌രൂപമുണ്ടായത്- നാഷണൽ ഡിഫൻസ് ഫോഴ്‌സ് എന്ന പേരിൽ. പ്രാദേശിക പ്രശ്‌നങ്ങളെ മുൻനിറുത്തി ഉണ്ടായ കൂട്ടായ്മ 1993 നവംബറിലാണ് കോഴിക്കോട് ടൗൺ ഹാളിൽ കൺവെൻഷൻ നടത്തി നാദാപുരത്തിനു പുറത്തേക്കുള്ള വരവറിയിച്ചത്. പേരിലും മാറ്റമുണ്ടായി; നാഷണൽ ഡെവലപ്‌മെന്റ് ഫ്രണ്ട്. നേതൃനിരയിൽ പഴയ സിമി സംഘം. വൈകാരികതയായിരുന്നു ഇന്ധനം. ബാബരി മസ്ജിദ് തകർച്ചയോടെ അരക്ഷിതമായ മുസ്‌ലിം യുവതയെ കൂടെ നിർത്താനായിരുന്നു പദ്ധതി. സുന്നി പണ്ഡിതരുടെ സമയോചിത ഇടപെടലുണ്ടായതോടെ ആ നീക്കം വേണ്ടത്ര വിജയിച്ചില്ല. സലഫിസവും മൗദൂദിസവും സമം ചേർന്നതായിരുന്നു എൻഡിഎഫിന്റെ ആദർശം. പക്ഷേ, അത് മറച്ചുവെക്കാൻ ആവതു പണിപ്പെട്ടു. പൊതുപ്ലാറ്റ്‌ഫോം എന്ന് നടിക്കാൻ ശ്രമിച്ചു. 2006ൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയായി രൂപമാറ്റം. എങ്കിലും ആദർശത്തിൽ മാറ്റമുണ്ടായില്ല. സുന്നിവിരുദ്ധത ഉള്ളിൽ പേറി. ചില നേരങ്ങളിൽ നീലക്കുറുക്കന്റെ തനിനിറം വെളിപ്പെട്ടു. കേരളത്തിലെ മുസ്‌ലിംകളിൽ മഹാഭൂരിപക്ഷം വരുന്ന സുന്നികളുടെ വിശ്വാസങ്ങളെ പരിഹസിച്ചു. മാലയെയും മൗലിദിനെയും കളിയാക്കി. ഖാളിമാരെ അധിക്ഷേപിച്ചു. കൊലയ്ക്കു മറുകൊലയെ സിദ്ധാന്തവൽകരിച്ചു. കർണാടകയിലെ ഹിജാബ് വിഷയത്തിൽ അപക്വമായി ഇടപെട്ട് സ്ഥിതി വഷളാക്കി. മുസ്‌ലിംകൾ ഒന്നിച്ചുനിൽക്കണം എന്നാണ് പുറംപറച്ചിൽ. തക്കം കിട്ടിയാൽ സുന്നികളെ താറടിക്കലാണ് ഹോബി.
സമീപ കാലത്ത് നടന്ന ആലപ്പുഴയിലെയും പാലക്കാട്ടെയും ഇരട്ടക്കൊലകളിൽ ഒരു ഭാഗത്ത് പോപ്പുലർ ഫ്രണ്ടാണ്. അപ്പുറത്ത് ആർഎസ്എസ് നടത്തിയ കൊലകൾ കാണാതിരിക്കുന്നില്ല. പോപ്പുലർ ഫ്രണ്ട് നടത്തുന്ന ഏത് കൊലപാതകവും ഇസ്‌ലാമിക തീവ്രവാദത്തിന്റെ അക്കൗണ്ടിലാണ് പൊതുസമൂഹം എഴുതിച്ചേർക്കാറുള്ളത്. യഥാർഥത്തിൽ ഇസ്‌ലാം ഇക്കാര്യത്തിൽ എന്തു പിഴച്ചു? ഇസ്‌ലാമിക പ്രമാണങ്ങൾ വെച്ച് ന്യായീകരിക്കാവുന്നതല്ല ഈ അതിക്രമങ്ങളൊന്നും. അപ്പുറത്ത് ആർഎസ്എസാണെന്നത് ഒരാളെ കൊല്ലാനുള്ള ന്യായമല്ല ഇസ്‌ലാമിക ദൃഷ്ടിയിൽ. കൊല്ലപ്പെട്ടവർ ഏതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളിൽ നേരത്തെ പങ്കെടുത്തിട്ടുണ്ടെന്നു വന്നാലും ശിക്ഷ നടപ്പാക്കാനുള്ള അധികാര കേന്ദ്രമല്ല പിഎഫ്‌ഐ. പോപ്പുലർ ഫ്രണ്ട് ഒരു മുസ്‌ലിം സംഘടനയാണെന്നതുകൊണ്ടോ, ഇസ്‌ലാമികമായ ടെർമിനോളജി ഉപയോഗിക്കുന്നുവെന്നതുകൊണ്ടോ അവർ നടത്തുന്ന അതിക്രമങ്ങൾക്ക്/കൊലകൾക്ക് ഉത്തരവാദിത്തമേൽക്കേണ്ട ബാധ്യത ഇസ്‌ലാമിനില്ല. അവർ ഇസ്‌ലാമിന് വേണ്ടിയല്ല ഇതൊന്നും ചെയ്യുന്നത് എന്നതുതന്നെ കാരണം. പിഎഫ്‌ഐയിൽ നിന്ന് എത്ര വഴിമാറി നടന്നാലും മുസ്‌ലിം സമുദായത്തെ അവരുമായി ബന്ധിപ്പിച്ചേ അടങ്ങൂ എന്ന് ശാഠ്യം പിടിക്കുന്ന വികൃതമനസ്സുകളെ വിട്ടേക്കുക. രാഷ്ട്രീയമോ സംഘടനാപരമോ ആയ കാരണങ്ങളാൽ പിഎഫ്‌ഐ നടത്തുന്ന അക്രമങ്ങളുടെ പേരിൽ സമുദായം വിചാരണ ചെയ്യപ്പെടുന്നത് ഒഴിവാക്കാനുള്ള പ്രാഥമിക ബാധ്യത ആ സംഘടനക്ക് തന്നെയാണ്. അപ്പുറത്ത് അങ്ങനെയുണ്ട് എന്നത് ഇപ്പുറത്ത് ഇങ്ങനെയാകാനുള്ള ന്യായീകരണമായി കാണുന്ന കുയുക്തി പാരമ്പര്യ ഇസ്‌ലാമിന്റേതല്ല, രാഷ്ട്രീയ ഇസ്‌ലാമിന്റേതാണ്. മുസ്‌ലിം സമുദായത്തെ ആഭ്യന്തരമായി ശിഥിലീകരിക്കുന്നതിലും ആത്മീയമായി ഷണ്ഡീകരിക്കുന്നതിലും ഇസ്‌ലാമിസ്റ്റ് സംഘടനകൾ വഹിച്ച പങ്ക് ചെറുതല്ല. മുസ്‌ലിം ജീവിതത്തിന്റെ സൗന്ദര്യം ആത്മീയതയിലാണ്. പൈശാചികമായ വഴികളിൽ നിന്ന് അവരെ വിദൂരത്താക്കുന്നത് പരമ്പരാഗതമായി ഉള്ളിലുറഞ്ഞ ആത്മീയബോധമാണ്. ഉൽകൃഷ്ട ജീവിതങ്ങളുടെ ഉദാത്ത മാതൃകകൾ പിന്തുടർന്ന് സ്വന്തം ജീവിതം ചിട്ടപ്പെടുത്തിയ വിശ്വാസി മനുഷ്യരെ രാഷ്ട്രീയ മോഹങ്ങളുടെ വരൾച്ചയിലേക്ക് തള്ളിവിട്ടതാണ് രാഷ്ട്രീയ ഇസ്‌ലാമിന്റെ ചരിത്രവും വർത്തമാനവും. അത് തിരിച്ചറിഞ്ഞു പ്രതിരോധിച്ചതാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ കേരളത്തിലെ പാരമ്പര്യ പണ്ഡിതന്മാർ നിർവഹിച്ച ഏറ്റവും പ്രശംസാർഹമായ ദൗത്യങ്ങളിലൊന്ന്.

മുഹമ്മദലി കിനാലൂർ

Exit mobile version