രോഗവും മതവും

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്നാണല്ലോ. ആധുനിക കാലത്ത് ഏറെ സാമ്പത്തിക നിക്ഷേപങ്ങളും വ്യവസായങ്ങളും ആരോഗ്യ മേഖലയെ ചുറ്റിയുണ്ട്. ശരീരം സംരക്ഷിക്കാൻ മനുഷ്യർ പലവിധ ശ്രമങ്ങൾ നടത്തുന്നു. ആരോഗ്യ പരിപാലനം ഇസ്‌ലാം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ശാരീരിക സൗഖ്യം നൽകണേ എന്ന പ്രാർത്ഥന എപ്പോഴും വർധിപ്പിക്കാൻ തിരുനബി(സ്വ)യുടെ നിർദേശവുമുണ്ട്.
സത്യവിശ്വാസികളുടെ ദിനേനയുള്ള പ്രാർത്ഥനകളിൽ അവന്റെയും മറ്റുള്ളവരുടെയും ആരോഗ്യ സംരക്ഷണം കടന്നുവരാറുണ്ട്. അതൊരു കടമയായി അവർ കരുതിപ്പോരുന്നു. നബി(സ്വ)യും അങ്ങനെ പ്രാർത്ഥിച്ചിട്ടുണ്ട്. ആരോഗ്യം പ്രദാനം ചെയ്യൽ അല്ലാഹുവിന്റെ ഔദാര്യമാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു.
വ്രതം മതാചാരമാക്കിയതിന്റെ പല ലക്ഷ്യങ്ങളിലൊന്ന് ആരോഗ്യ സംരക്ഷണമാണ്. നിങ്ങൾ വ്രതമനുഷ്ഠിക്കൂ, ആരോഗ്യമുള്ളവരാകൂ എന്ന നബിവചനം ശ്രദ്ധേയം. ആരോഗ്യ സംരക്ഷണത്തിന്റെ പ്രസക്തി അടയാളപ്പെടുത്തുന്നതാണ് ഈ ഹദീസ്.

രോഗവും അനുഗ്രഹം

സത്യവിശ്വാസിക്ക് രോഗവും അനുഗ്രഹമാണ്. ഇഹത്തിലും പരത്തിലും അങ്ങനെതന്നെ. പ്രവാചകർ(സ്വ) പറയുന്നു: ‘കണ്ണുവേദന, ജലദോഷം, തുമ്മൽ, ചൊറിച്ചിൽ എന്നീ നാലു രോഗങ്ങൾ ചീത്തയാണെന്നു ധരിക്കരുത്. കാരണം കണ്ണുവേദന സുഖമായാൽ കാഴ്ചശക്തി നഷ്ടപ്പെടാതിരിക്കുന്നതിനും ജലദോഷം കുഷ്ഠരോഗം വരാതിരിക്കുന്നതിനും തുമ്മൽ വാതരോഗം വരാതിരിക്കാനും ചൊറി വസൂരി പിടിപെടാതിരിക്കാനും സഹായകമാണ്’ (ജാമിഉൽ കബീർ).
ഇബ്‌നു മസ്ഊദി(റ)ൽ നിന്ന് റിപ്പോർട്ട്: റസൂൽ(സ്വ) ശക്തമായ പനി പിടിപെട്ട് കിടക്കുന്ന സന്ദർഭത്തിൽ ഞാൻ തിരുസന്നിധിയിൽ ചെന്നു. കഠിനമായ ഈ പനി അവിടത്തേക്കു ഇരട്ടി പ്രതിഫലം ലഭിക്കാനായിരിക്കുമല്ലോ എന്നു ഞാൻ ചോദിച്ചപ്പോൾ ‘രോഗം ബാധിച്ചാൽ മരത്തിൽനിന്ന് ഇലയുണങ്ങി വീഴുന്നത് പോലെ രോഗിയിൽനിന്ന് പാപങ്ങൾ പൊഴിഞ്ഞുകൊണ്ടിരിക്കും’ എന്നായിരുന്നു തിരുനബി(സ്വ)യുടെ പ്രതികരണം (ബുഖാരി).

ചികിത്സയുടെ മതം

ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും വിശുദ്ധ ഇസ്‌ലാമിന് കൃത്യമായ കാഴ്ചപ്പാടുകളുണ്ട്. നിന്റെ ശരീരത്തോട് നിനക്ക് കടപ്പാടുകളുണ്ടെന്ന നബിവചനം ആരോഗ്യ സംരക്ഷണത്തെയും രോഗ ചികിത്സയെയും കൃത്യമായി അടയാളപ്പെടുത്തുന്നതാണ്. തിരുനബി(സ്വ) സ്വഹാബത്തിന് ചികിത്സ നിർദേശിച്ച നിരവധി ഹദീസുകൾ കാണാം.
രോഗചികിത്സയിൽ നബി(സ്വ) മാതൃക കാണിച്ചിട്ടുണ്ട്. രോഗമനുഭവപ്പെടുന്ന സന്ദർഭങ്ങളിൽ അവിടന്ന് സ്വയം ചികിത്സിക്കാറുണ്ടായിരുന്നു. രോഗശമനം തേടി തിരുസന്നിധിയിലെത്തുന്നവർക്ക് ചികിത്സാ വിധികൾ നിർദേശിക്കുകയും ചെയ്യാറുണ്ട്.
മനുഷ്യർക്ക് സ്വാഭാവികമായും രോഗം വരും. ഭേദമാകണമെങ്കിൽ ചികിത്സിക്കണം. അതിന് മതവിരുദ്ധ മല്ലാത്ത ഏത് മാർഗവും അവലംബിക്കാം. രോഗം ബാധിക്കാതിരിക്കാൻ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം. രോഗം അല്ലാഹുവിങ്കൽ നിന്നുള്ളതാണ്. അവൻ തന്നെ അതിന് പരിഹാരം വിധിച്ചിട്ടുണ്ട്. പ്രതിവിധിയില്ലാത്ത ഒരു രോഗവും അവനിറക്കിയിട്ടില്ല. ചില രോഗങ്ങളുടെ യഥാർത്ഥ ശമനൗഷധങ്ങൾ അൽപജ്ഞാനികളായ മനുഷ്യർ കണ്ടെത്തിയിട്ടില്ലെന്ന് മാത്രം.
റസൂൽ(സ്വ) പറയുന്നു: പ്രതിവിധിയില്ലാത്ത ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല (ബുഖാരി). സർവ രോഗങ്ങൾക്കും പ്രതിവിധിയുണ്ട്. ഏത് രോഗവും അതിന്റേതായ മരുന്നുപയോഗിച്ചാൽ അല്ലാഹുവിന്റെ അനുഗ്രഹത്താൽ സുഖപ്പെടുത്തുക തന്നെ ചെയ്യും (മുസ്‌ലിം). നിശ്ചയം രോഗവും മരുന്നുകളും അല്ലാഹുവാണിറക്കിയത്. ഓരോ രോഗത്തിനും അതിന്റേതായ മരുന്നും അവൻ പടച്ചിട്ടുണ്ട്. അതിനാൽ നിങ്ങൾ ചികിത്സിച്ചുകൊള്ളുക. പക്ഷേ നിരോധിക്കപ്പെട്ട പദാർത്ഥങ്ങൾകൊണ്ട് ചികിത്സ ചെയ്യരുത് (അബൂദാവൂദ്). മരണമല്ലാത്ത എല്ലാത്തിനും മരുന്നുണ്ടെന്ന് അവിടന്ന് അരുളിയതായി ഹദീസുകളിൽ കാണാം.
തിരുനബി(സ്വ)യുടെ ചികിത്സാരീതികൾ അഞ്ചു വിധത്തിലായിരുന്നു.
1. മുൻകരുതൽ സ്വീകരിക്കൽ.
2. മരുന്നുകളുപയോഗിക്കൽ.
3. വിശുദ്ധ ഖുർആൻ സൂക്തങ്ങൾ, പ്രത്യേക ദുആകൾ ഓതൽ.
4. ചില പ്രത്യേക കർമങ്ങൾ അനുഷ്ഠിക്കൽ.
5. ചില പ്രവർത്തനങ്ങൾ വർജിക്കൽ എന്നിവയാണവ.
നബി(സ്വ)യുടെ ചികിത്സാ മുറകൾ ‘ത്വിബ്ബുന്നബി’ എന്ന പേരിൽ വൈദ്യശാസ്ത്ര ശാഖയായി ഇന്നും നിലനിൽക്കുന്നു.
ആറാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ മുഹമ്മദ് നബി(സ്വ) നിർദേശിച്ച ചികിത്സാ വിധികൾ 21ാം നൂറ്റാണ്ടിൽ പ്രയോഗിക്കാമെന്നു വിശ്വസിക്കുന്നത് വിഡ്ഢിത്തമല്ലേ? അന്നത്തെ ജനത അജ്ഞരും അപരിഷ്‌കൃതരുമായിരുന്നു. അവരുടെ ജീവിത നിലവാരം വളരെ താഴ്ന്നതായിരുന്നു. ആവശ്യങ്ങൾ പരിമിതവും വിഭവങ്ങളുടെ ലഭ്യത തീരെ കുറവുമായിരുന്നു. വൈദ്യജ്ഞാന രംഗത്ത് യാതൊരു കാൽവെപ്പുമുണ്ടായിരുന്നുമില്ല. എന്നാൽ, ഇന്ന് അതല്ല സ്ഥിതി. വൈദ്യശാസ്ത്രം വളർച്ചയുടെ പാരമ്യതയിലെത്തി നിൽക്കുന്ന ഈ കാലത്ത് ആയിരത്തി അഞ്ഞൂറോളം വർഷങ്ങളുടെ പഴക്കമുള്ള ചികിത്സകൾ അവലംബിക്കുന്നത് യുക്തിയാണോ? ഇത്തരം സംശയങ്ങളുന്നയിക്കുന്നവരുണ്ട്.
നബി(സ്വ) അന്ത്യനാൾ വരെയുള്ള ജനങ്ങളിലേക്ക് അവതരിച്ച പ്രവാചകരാണ്. അക്കാലമത്രയുമുള്ള ജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിനുള്ള യോഗ്യത തിരുദൂതർക്ക് അല്ലാഹു നൽകിയിട്ടുമുണ്ട്. ആ പ്രവാചക ചര്യകളും നിർദേശങ്ങളും അനുസരിക്കുകയാണ് വിശ്വാസികൾക്ക് അഭികാമ്യം. അല്ലാഹു പറയുന്നു: എന്റെ ദൂതൻ നിങ്ങൾക്ക് വിധിച്ചതെല്ലാം സ്വീകരിക്കുകയും വിരോധിച്ചതെല്ലാം ഉപേക്ഷിക്കുകയും ചെയ്യുക (ഖുർആൻ 59: 7).

തിരുനബി(സ്വ)യുടെ
ചികിത്സാനുഭവങ്ങൾ

നബി(സ്വ)യും അനുചരരും ചികിത്സ നടത്തിയിട്ടുണ്ട്. അബൂസഈദിനിൽ ഖുദ്‌രി(റ) പറയുന്നു: ഒരാൾ നബി(സ്വ)യെ സമീപിച്ച് പറഞ്ഞു: എന്റെ സഹോദരൻ ഉദര രോഗിയായിരുന്നു. നബിതിരുമേനി നിർദേശിച്ചു: നീ അദ്ദേഹത്തെ തേൻ കുടിപ്പിക്കുക. അയാൾ പോയി വീണ്ടും വന്ന് അറിയിച്ചു: നബിയേ, ഞാൻ തേൻ കുടിപ്പിച്ചു: പക്ഷേ, രോഗത്തിന് മാറ്റമില്ല. നബി(സ്വ) വീണ്ടും തേൻ കുടിപ്പിക്കാൻ തന്നെ ആവശ്യപ്പെട്ടു. മൂന്ന് പ്രാവശ്യം ഇതുപോലെ മടങ്ങിവന്ന അയാളോട് റസൂൽ(സ്വ) പറഞ്ഞു: ‘അല്ലാഹു പറഞ്ഞത് സത്യമാണ്. നിന്റെ സഹോദരന്റെ വയറിനാണ് കുഴപ്പം.’ നിർദേശം പോലെ അദ്ദേഹം വീണ്ടും തേൻ കുടിപ്പിച്ചതോടെ രോഗം ശമിച്ചു.
കരിഞ്ചീരകം മരണമല്ലാത്ത എല്ലാ രോഗങ്ങൾക്കും ഔഷധമാണെന്ന് പ്രവാചകർ(സ്വ) പറഞ്ഞതായി അബൂഹുറൈറ(റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. ഇഹ്‌റാമിലായിരിക്കെ തന്നെ നബി(സ്വ) ഹിജാമ ചികിത്സ ചെയ്തത് ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിക്കുന്നുണ്ട്.
ഊരവേദനക്ക്, കാട്ടാടിന്റെ ഊര സൂപ്പുവെച്ച് മൂന്ന് ഭാഗമാക്കി പ്രതിദിനം ഓരോ ഭാഗം വെറുംവയറ്റിൽ സേവിക്കാൻ പ്രവാചകർ(സ്വ) നിർദേശിച്ചതായി ഇബ്‌നുമാജ(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം. ഉഹുദ് യുദ്ധത്തിൽ നബി(സ്വ)യുടെ മുൻപല്ല് പൊട്ടി രക്തപ്രവാഹമുണ്ടായപ്പോൾ പായയോല കരിച്ച് ചാരം മുറിവിൽ പുരട്ടിയതായി ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെരുങ്കോരപ്പുല്ല് കൊണ്ടുള്ളതായിരുന്നു ഈ പായയെന്നാണ് ഹാഫിള് ദഹബി വിശദീകരിച്ചത്. രക്തം പെട്ടെന്ന് കട്ട പിടിപ്പിക്കാനുള്ള ശക്തി അതിനുള്ളതായി അദ്ദേഹം വിവരിക്കുന്നു. അത്തിപ്പഴം കഴിക്കുന്നത് മൂലക്കുരു രോഗം തടയും. രക്തവാദത്തിനും നല്ലതാണെന്ന് ഹദീസിൽ വന്നിട്ടുണ്ട്.
തലവേദനക്ക് പരിഹാരത്തിനായി സമീപിച്ചാൽ കൊമ്പുവെക്കാനും കാലിലെ വൃണം പോലുള്ള രോഗങ്ങൾക്ക് മൈലാഞ്ചിയിടാനുമാണ് നബി(സ്വ)യെ പറയാറുള്ളത്.

പണ്ഡിത നിലപാടുകൾ

രോഗവും ആരോഗ്യവും അല്ലാഹുവിന്റെ തീരുമാനങ്ങളിൽ പെട്ടതാണ്. ആരോഗ്യം ലഭിച്ചതിന് നന്ദിയും രോഗത്തിന്റെ മേൽ ക്ഷമയും വിശ്വാസികൾക്ക് അനിവാര്യം. ഹനഫീ, മാലികീ പണ്ഡിതന്മാരിൽ ഭൂരിപക്ഷവും ചികിത്സ അനുവദനീയമാണെന്ന അഭിപ്രായക്കാരാണ്. ശാഫിഈ പണ്ഡിതരും ഹമ്പലികളിൽ ചിലരും സുന്നത്താണെന്ന പക്ഷക്കാരാണ്. റസൂൽ(സ്വ)യുടെ പല ഹദീസുകളും അവർ പ്രമാണങ്ങളായി ഉദ്ധരിക്കുന്നുമുണ്ട്. മരുന്ന് ഫലപ്രദമാണെന്ന് ഉറപ്പില്ലാത്ത ഘട്ടത്തിലാണ് സുന്നത്തിന്റെ പരിധിയിൽ വരിക. അതേസമയം ഫലപ്രദമാണെന്ന ഉറപ്പുണ്ടെങ്കിൽ ചികിത്സ നിർബന്ധമാണെന്നും അവർ പ്രസ്താവിക്കുന്നു. ചുരുക്കത്തിൽ, രോഗശമനത്തിനായുള്ള ചികിത്സാ മാർഗങ്ങൾ അവലംബിക്കുന്നത് മതപരമായി അനുവദനീയമാണെന്നതിൽ ആർക്കും പക്ഷാന്തരമില്ല. സുന്നത്തോ നിർബന്ധമോ എന്നതിൽ മാത്രമേ വ്യത്യസ്താഭിപ്രായങ്ങളുള്ളൂ.
രോഗത്തിന് മതപരമായ വേർതിരിവുകളില്ലാത്തതിനാൽ ചികിത്സയിലും അതില്ല. മതവിരുദ്ധമല്ലാത്ത നിർദേശങ്ങൾ അമുസ്‌ലിം ഡോക്ടറിൽ നിന്നും സ്വീകരിക്കാം. മദ്യമല്ലാത്ത ഏത് മരുന്നും ഉപയോഗിക്കാം. ഒരു മരുന്നിൽ മദ്യത്തിന്റെ ചേരുവയുണ്ടെങ്കിൽ മറ്റു മാർഗങ്ങളില്ലാത്ത കാലത്തോളം അതും ഉപയോഗിക്കാം. സ്വന്തമായ പരിജ്ഞാനത്തെയോ നീതിമാനായ ഡോക്ടറുടെ നിർദേശമോ അവലംബിക്കണമെന്ന് മാത്രം. തനി മദ്യം കഴിച്ചുകൊണ്ടുള്ള രോഗചികിത്സ അനുവദനീയമല്ല. മദ്യം മരുന്നല്ലെന്നും രോഗമാണെന്നും ഹദീസുകളിലുണ്ട് (തുഹ്ഫ).

തവക്കുലിന് എതിരല്ല

തവക്കുൽ പുണ്യകരമാണ്. ആത്മജ്ഞാനികളുടെ വിശേഷണമായി പണ്ഡിതർ അത് പരിചയപ്പെടുത്തിയതുമാണ്. നല്ല ക്ഷമയും മനക്കരുത്തുമുള്ളവർക്കാണ് അതിന് കഴിയുക. എന്നാൽ രോഗശമനത്തിനായി മരുന്നുകളെ ആശ്രയിക്കുന്നത് തവക്കുലിനോട് എതിരല്ല.
ഇമാം ഗസാലി(റ) പറയുന്നു: പൂർവികരിൽ ധാരാളം പേർ ചികിത്സ തേടിയിട്ടുണ്ട്. എന്നാൽ പല ഉന്നതരും ചികിത്സ നടത്താതെ അല്ലാഹുവിൽ ഭരമേൽപ്പിച്ചിട്ടുമുണ്ട്. നബി(സ്വ) പോലും ചികിത്സ നടത്തിയിട്ടുണ്ട്. അതൊരു വൈകല്യമാണെങ്കിൽ തവക്കുലിന്റെ ഏറ്റവും വലിയ പ്രയോക്താവായ പ്രവാചകർ(സ്വ) അത് ഉപേക്ഷിക്കുമായിരുന്നു.

 

ശറഫുദ്ദീൻ അർശദി അതിരുമട

Exit mobile version