രോഗീപരിചരണം ഇസ്‌ലാമിൽ

ഇസ്‌ലാം മതം ഉന്നത വിജയത്തിനുതകുന്ന ജീവിത പദ്ധതിയാണ്. വ്യക്തിജീവിതത്തോടൊപ്പം സാമൂഹികമായി നിറവേറ്റേണ്ട ഉത്തരവാദിത്വങ്ങൾ കൂടി ഇസ്‌ലാം മുന്നോട്ടുവെക്കുന്നുണ്ട്. സ്രഷ്ടാവിനുള്ള ആരാധനകൾ പോലും പൂർണമാകുന്നത് സാമൂഹികമായ ഉത്തരവാദിത്വങ്ങൾ കൂടി നിർവഹിക്കുമ്പോഴാണ്. അപരനോടുള്ള ബാധ്യതാ നിർവഹണത്തിന് വലിയ പ്രതിഫലമാണ് മതം വാഗ്ദാനം ചെയ്യുന്നത്. മദീനാപള്ളിയിൽ ഇഅ്തികാഫിരിക്കുകയായിരുന്ന ഇബ്‌നുഅബ്ബാസ്(റ)നോട് ഒരാൾ സങ്കടമുണർത്തി: ‘എനിക്ക് ഒരാളോട് കടബാധ്യതയുണ്ട്. അത് വീട്ടാൻ കഴിയുന്നില്ല.’ ഞാൻ അയാളോട് സംസാരിക്കാമെന്ന ആശ്വാസ വാക്കുമായി പള്ളിയിൽ നിന്നിറങ്ങിയ ഇബ്‌നു അബ്ബാസ്(റ)നോട് ആഗതൻ ചോദിച്ചു: ‘നിങ്ങൾ ഇഅ്തികാഫിലാണെന്ന കാര്യം മറന്നോ?’. ‘ആരെങ്കിലും തന്റെ സഹോദരന്റെ ആവശ്യം നിർവഹിക്കാൻ ശ്രമിക്കുകയും അത് സാധിക്കുകയും ചെയ്താൽ അവന് പത്ത് വർഷം പള്ളിയിൽ ഇഅ്തികാഫിരിക്കുന്നതിനെക്കാൾ പുണ്യമുണ്ടെന്ന’ പ്രവാചക വചനമായിരുന്നു ഇബ്‌നു അബ്ബാസ്(റ)ന്റെ മറുപടി.
തന്റെ സഹോദരന്റെ ആവശ്യപൂർത്തീകരണത്തിനായി നിലകൊള്ളുന്നിടത്തോളം കാലം അല്ലാഹു അവന്റെ സഹായത്തിനായി നിലക്കൊള്ളുമെന്ന് അബൂഹുറൈറ(റ) നിവേദനം ചെയ്ത ഹദീസിൽ കാണാം.

രോഗീപരിചരണം

ഒരു മുസ്‌ലിം തന്റെ സഹോദരനോട് ചെയ്യേണ്ട പ്രധാനപ്പെട്ട കടമകളിലൊന്നാണ് രോഗീപരിചരണം. തിരുനബി(സ്വ) പറയുന്നു: ഒരു വിശ്വാസിക്ക് മറ്റൊരു വിശ്വസിയുടെ മേലുള്ള ബാധ്യതകൾ അഞ്ചാണ്. സലാം മടക്കുക, രോഗിയായാൽ പരിചരിക്കുക, ജനാസയെ പിന്തുടരുക, ക്ഷണം സ്വീകരിക്കുക, തുമ്മിയവനു വേണ്ടി പ്രാർത്ഥിക്കുക (തശ്മീത്വ്) എന്നിവയാണവ.
അബൂമൂസ(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസിൽ ‘നിങ്ങൾ രോഗിയെ സന്ദർശിക്കുക, വിശന്നവന് ഭക്ഷണം നൽകുക, ബന്ദിയെ മോചിപ്പിക്കുക’ എന്ന് കാണാം. ബറാഅ് ബിൻ ആസിബ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ നബി(സ്വ) കൽപ്പിച്ച ഏഴ് കാര്യങ്ങളിൽ പ്രഥമ പരിഗണന നൽകിയതും രോഗീപരിചരണത്തിനാണ്.
ആരോഗ്യവാനായി ജീവിച്ചിരുന്ന പലരും രോഗത്തിനടിമപ്പെടുന്നതോടെ അന്യരുടെ ആശ്രയം തേടേണ്ടിവരികയും ശരീരികവും മാനസികവുമായി തകർന്ന് പോവുകയും ചെയ്യുന്നു. തന്റെ സഹോദരന്റെ വിഷമാവസ്ഥകളിൽ കൂടെ നിൽക്കാൻ പഠിപ്പിച്ച ഇസ്‌ലാം രോഗിയെ സന്ദർശിക്കാനും പരിചരിക്കാനും ഓർമപ്പെടുത്തുന്നത്, അത് രോഗിക്ക് നൽകുന്ന സാന്ത്വനം ചെറുതല്ല എന്നതിനാലാണ്. രോഗിയെ സന്ദർശിക്കുക എന്ന കേവലാർത്ഥത്തിലല്ല ‘ഇയാദത്ത്’ എന്ന ക്രിയാധാതുവോ അതിൽ നിന്ന് നിഷ്പന്നമായ വാക്കുകളോ ഹദീസിൽ കാണുന്നത്. പരിചരണവും ശുശ്രൂഷയും സാന്ത്വനിപ്പിക്കലും എല്ലാത്തിലുമുപരി അവരുടെ കൂടെ നിൽക്കലും ചേർന്ന വിശാല ആശയമാണ് ആ പദം സൂചിപ്പിക്കുന്നത്. നോവുന്ന ഹൃദയങ്ങൾക്ക് ആശ്വാസം പകരാനും നിരാശ പടർന്ന ജീവിതത്തിനു മേൽ പ്രതീക്ഷയുടെ ചിറകുകൾ സൃഷ്ടിക്കാനും സാധിക്കുമ്പോഴാണ് രോഗീപരിചരണത്തിന്റെ ലക്ഷ്യം പൂർണമാകുന്നത്.
രോഗീപരിചരണവും സന്ദർശനവും ഫർള് കിഫയാണെന്നാണ് പ്രബലാഭിപ്രായം. ആരെങ്കിലുമൊരാൾ സന്ദർശിച്ചാൽ ബാധ്യത വീടുമെങ്കിലും ബാക്കിയുള്ളവർക്ക് സന്ദർശനം സുന്നത്താണ്. ഒരാളും സന്ദർശിച്ചില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാവുകയും ചെയ്യും. വലിയ രോഗം വന്നാൽ മാത്രമല്ല സന്ദർശനം സുന്നത്താവുന്നത്. ചെറിയൊരു ബുദ്ധിമുട്ട് വന്നാൽപോലും പുണ്യകരമാണ്. കണ്ണിന് വേദനയുണ്ടായപ്പോൾ പോലും നബി(സ്വ) തന്നെ സന്ദർശിച്ചിരുന്നുവെന്ന് സൈദ് അർഖം(റ) പറയുന്നത് കാണാം.
രോഗിയെ സന്ദർശിക്കാൻ വേണ്ടി ജമാഅത്ത് നിസ്‌കാരത്തിൽ ഇളവു നൽകുന്ന അവസരങ്ങളുണ്ട്. രോഗീസന്ദർശനത്തിന് ഇസ്‌ലാം വലിയ പുണ്യമാണ് വാഗ്ദാനം ചെയ്യുന്നത്. ഇബ്‌നുമാജ റിപ്പോർട്ട് ചെയ്ത ഹദീസിൽ പ്രവാചകർ(സ്വ) പറയുന്നു: ആരെങ്കിലും ഒരു രോഗിയെ പരിചരിച്ചാൽ ആകാശലോകത്ത് നിന്ന് വിളിച്ചുപറയും: ‘നീ നല്ലത് ചെയ്തു, നിന്റെ നടത്തം ഗുണകരമായി ഭവിച്ചു. സ്വർഗത്തിൽ നീയൊരു സ്ഥാനം സജ്ജമാക്കി.’
സൗബാൻ(റ)വിൽ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ആരെങ്കിലും രോഗിയെ സന്ദർശിച്ച് ആവശ്യമായ ശുശ്രൂഷകൾ നിർവഹിച്ചാൽ അവിടെ നിന്ന് മടങ്ങുന്നത് വരെ അവൻ സ്വർഗത്തിന്റെ പരിമളത്തിലായിരിക്കും.
അലി(റ) നിവേദനം. നബി(സ്വ) അരുളി: ‘രാവിലെ രോഗസന്ദർശനം നടത്തിയ മുസ്‌ലിമിന് വൈകുന്നേരം വരെയും വൈകുന്നേരം സന്ദർശിച്ചവന് രാവിലെ വരെയും എഴുപതിനായിരം മലക്കുകൾ രക്ഷ തേടും.’
അബൂഹുറൈറ(റ) ഉദ്ധരണം. ഒരിക്കൽ തിരുനബി(സ്വ) സ്വഹാബികളോട് ചോദിച്ചു: നിങ്ങളിൽ ഇന്ന് നോമ്പുള്ളത് ആർക്കാണ്? അബൂബക്കർ(റ) പറഞ്ഞു: ഞാൻ നോമ്പുകാരനാണ്. നബി(സ്വ) വീണ്ടും ചോദിച്ചു: ഖബറടക്കാൻ കൊണ്ടുപോകുന്ന മയ്യിത്തിനെ ഇന്ന് അനുഗമിച്ചവരാരെങ്കിലും നിങ്ങളിലുണ്ടോ? അബൂബക്കർ(റ) പറഞ്ഞു: ഞാനുണ്ട്. അവിടന്ന് ചോദ്യം തുടർന്നു: ആരെങ്കിലും അഗതികൾക്ക് ഭക്ഷണം നൽകിയോ? അബൂബക്കർ(റ) പറഞ്ഞു: ഞാൻ നൽകി. റസൂൽ(സ്വ) പിന്നെയും: ആരെങ്കിലും ഇന്ന് രോഗിയെ സന്ദർശിച്ചോ? അപ്പോഴും അദ്ദേഹം പറഞ്ഞു: ഞാൻ സന്ദർശിച്ചിട്ടുണ്ട്. അവിടന്ന് തുടർന്നു: ഈ സൽകർമങ്ങളെല്ലാം ചെയ്യുന്നവന് സ്വർഗപ്രവേശം ഉറപ്പാണ്.
നബി(സ്വ) പറയുകയുണ്ടായി: ‘തീർച്ചയായും അന്ത്യദിനത്തിൽ അല്ലാഹു പറയും: ആദം സന്തതികളേ, ഞാൻ രോഗിയായിരുന്നു. എന്നാൽ നീ എന്നെ സന്ദർശിച്ചില്ല. അപ്പോൾ അടിമ ചോദിക്കും: സർവലോകങ്ങളുടെയും രക്ഷിതാവായ നിന്നെ ഞാൻ എങ്ങനെയാണ് സന്ദർശിക്കുക? അല്ലാഹു പറയും: എന്റെ അടിമ രോഗിയായിരുന്നു. നീ അവനെ സന്ദർശിച്ചില്ല. സന്ദർശിച്ചിരുന്നുവെങ്കിൽ നിനക്കവിടെ എന്നെ കാണാമായിരുന്നു.’
സൃഷ്ടികളോടുള്ള കർത്തവ്യനിർവഹണവും സ്‌നേഹത്തിന്റെയും ദയയുടെയും ആദാന പ്രദാനവും സ്രഷ്ടാവിന്റെ പ്രീതിക്ക് പാത്രമാകുന്നതിന് കൂടി ഹേതുവാണെന്നും അതിന് വിഘാതം സൃഷ്ടിക്കുന്നപക്ഷം അത് ചോദ്യം ചെയ്യപ്പെടുമെന്ന് കൂടി ഈ ഹദീസ് വ്യക്തമാക്കുന്നു.

സന്ദർശന മര്യാദകൾ

ഓരോ പ്രവർത്തിയും ആരാധനയായി മാറുന്നത് നിയ്യത്തുകൊണ്ട് മാത്രമാകയാൽ നിയ്യത്ത് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നബി(സ്വ)യുടെ കൽപ്പന നിറവേറ്റുന്നു എന്ന ഉദ്ദേശ്യത്തോടെയാണ് സന്ദർശനത്തിന് പോകേണ്ടത്. സന്ദർശനംകൊണ്ട് തന്റെ സഹോദരന് നന്മയും സന്തോഷവും സമാധാനവും ഉണ്ടാവണമെന്നും പ്രതീക്ഷ ലഭിക്കണമെന്നും ഉദ്ദേശിക്കുകയും ആ വിധത്തിൽ ഇടപെടൽ നടത്തുകയും വേണം. രോഗിക്ക് സന്തോഷം പകരുന്നത് ഒരുപക്ഷേ രോഗശമനത്തിലേക്ക് നയിച്ചേക്കും. അതുകൊണ്ട് പ്രതീക്ഷ നൽകുന്ന വാക്കുകൾ പറയണം. നിരാശ പകരുന്ന വാക്കുകൾ പറയാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. നിരാശ രോഗം തീവ്രമാകുന്നതിലേക്കു നയിച്ചേക്കും. മന:ശാസ്ത്ര പ്രകാരം ആരോഗ്യം മെച്ചപ്പെടുന്നില്ലെങ്കിൽ പോലും ഇന്നലത്തേക്കാൾ ഇന്നേക്ക് ഒരുപാട് മാറ്റമുണ്ട് എന്നാണ് രോഗിയോട് പറയേണ്ടത്. അവർ സന്തോഷവാനാകും വരെ ചെറിയ മാറ്റങ്ങൾ പോലും എടുത്ത് പറയുകയും വേണം. രോഗം അനുഗ്രഹമാണെന്നും ചെയ്തുപോയ പാപങ്ങൾ മായ്ച്ചുകളയാനുള്ള അവസരമാണെന്നും ഓർമിപ്പിക്കണം.
ഉമ്മു അലാഉൽ അൻസ്വാരി രോഗിയായപ്പോൾ തിരുനബി(സ്വ) പറഞ്ഞു: ‘ഉമ്മുഅലാ, സന്തോഷിക്കുക, മുസ്‌ലിമിന് രോഗം കുറ്റങ്ങൾക്ക് പരിഹാരമാണ്. തീ സ്വർണത്തിലെയും വെള്ളിയിലെയും അഴുക്ക് നീക്കുന്നതു പോലെ.’
ഏകാന്തതയും നൊമ്പരവും നിറഞ്ഞ കഠിനകാലത്തെ മറികടക്കാനുള്ള ആത്മവിശ്വാസം പകരാനും ക്ഷമ കൈവിടാതിരിക്കാൻ ശ്രദ്ധിക്കാനും ഓർമിപ്പിക്കണം. നിരാശ പടരുമ്പോഴാണ് രോഗത്തെ പഴിക്കുക. രോഗിയായ ഉമ്മുൽ മുസയ്യിബിനെ വിളിച്ച് റസൂൽ(സ്വ) ചോദിച്ചു: വിറക്കുന്നുവോ? അവർ പറഞ്ഞു: ഒരു ഗുണവുമില്ലാതെ പനി ബാധിച്ചിരിക്കുന്നു. നബി(സ്വ) തിരുത്തി: നീ പനിയെ ചീത്ത പറയരുത്. ഇരുമ്പിനെ അഗ്‌നി സ്ഫുടം ചെയ്യുന്നതു പോലെ പനി മനുഷ്യരുടെ പാപം ഇല്ലാതാക്കും (മുസ്‌ലിം).
രോഗിക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്തുകൊടുക്കാൻ ശ്രദ്ധിക്കണം. പാപമോചനം തേടാനും തൗബ ചെയ്യാനും മനുഷ്യരുമായുള്ള ഇടപാടുകൾ തീർക്കാനും ഓർമിപ്പിക്കണം. രോഗം വരുന്നതോടെ നശ്വരമായ ജീവിതത്തെക്കുറിച്ച് മനുഷ്യൻ ഓർത്ത് തുടങ്ങും. അതിലൂടെ തെറ്റുകൾ മനസ്സിലാക്കാനും പിഴവുകൾ തിരുത്തി പശ്ചാത്തപിച്ച് സ്രഷ്ടാവിലേക്ക് മടങ്ങാനും നിമിത്തമാവുന്നു.
രോഗാവസ്ഥയിലുള്ള ആരാധനാ കർമങ്ങളിൽ ഒരുപാട് സംശയങ്ങൾ ഉണ്ടാകാനിടയുണ്ട്. അത് പറഞ്ഞുകൊടുക്കാനും അതുവഴി സ്വന്തം അറിവ് ഉപകാരപ്രദമാക്കി മാറ്റാനും ശ്രദ്ധിക്കണം. രോഗിയുടെ അടുത്ത് നിൽക്കുന്ന സമയം സന്ദർശകർ ശ്രദ്ധിക്കണം. കുറഞ്ഞ സമയം നിൽക്കലാണ് അഭികാമ്യമെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും രോഗിയുടെ അവസ്ഥയനുസരിച്ചു തീരുമാനിക്കുന്നതാണ് ഉചിതം. അടുത്ത് നിൽക്കൽകൊണ്ട് രോഗിക്ക് ഏകാന്തത അകറ്റാനും സന്തോഷം സ്വായത്തമാക്കാനും സാധിക്കുന്നുണ്ടെങ്കിൽ അവിടെ നിൽക്കുകയാണ് വേണ്ടത്. പ്രയാസമാകുമെന്ന് തോന്നിയാൽ സന്ദർശനം ഒഴിവാക്കണം. സന്ദർശകൻ രോഗിയിൽ നിന്ന് പ്രാർത്ഥന പ്രതീക്ഷിക്കണം. രോഗി ഉത്തരം ലഭിക്കാൻ അർഹതപ്പെട്ടവനാണ്.

????? ?? ????? ????? ????? ? ??? ??? ?????? ?? ???? ??? ????? ? ???? ?? ????? ????? (ജനങ്ങളുടെ രക്ഷിതാവായ നാഥാ, നീ ദുരിതം അകറ്റേണമേ, നീ രോഗശമനം നൽകേണമേ, നീ നൽകുന്ന ശമനമല്ലാതെ രോഗശമനമില്ല. രോഗമെല്ലാം ഇല്ലാതാക്കുന്ന യഥാർത്ഥ ശമനം) എന്ന ദുആയാണ് നിർവഹിക്കേണ്ടത്. പ്രാർത്ഥനക്കൊപ്പം കൈയിലോ നെറ്റിയിലോ തടവി ആശ്വസിപ്പിക്കണം. സഹതാപമല്ല, സ്‌നേഹത്തോടെയുള്ള ആശ്വാസ വാക്കുകളാണ് ഫലം ചെയ്യുക.
രോഗിയുടെ ആഗ്രഹങ്ങൾ ആരായണം. രോഗിക്ക് പ്രശ്‌നമുണ്ടാക്കാത്തവയാണെങ്കിൽ നിർവഹിച്ചുകൊടുക്കണം. രോഗിയായ ഉബയ്യ് ബിൻ കഅ്ബ്(റ)നെ സന്ദർശിച്ച റസൂൽ(സ്വ) എന്ത് കഴിക്കാനാണ് ആഗ്രഹമെന്ന് ചോദിച്ചു. അദ്ദേഹം ഗോതമ്പ് പത്തിരി താൽപര്യപ്പെട്ടപ്പോൾ അതെത്തിച്ചു കൊടുക്കാൻ നിർദേശിച്ചു.
രോഗിയെ നിർബന്ധിച്ചു കഴിപ്പിക്കുകയുമരുത്. അസുഖം ഭേദമായ ഉടനെ അലി(റ) നബി(സ്വ)യോടൊപ്പമിരുന്ന് കാരക്ക തിന്നുകയായിരുന്നു. അൽപം കഴിഞ്ഞപ്പോൾ ‘അലീ, മതി. അസുഖം മാറിയതല്ലേയുള്ളൂ’ എന്ന് അവിടന്ന് പറയുകയും ബാർലി എടുത്ത് കഴിക്കാൻ നൽകുകയും ചെയ്തു.
രോഗിക്ക് മാനസികമായി കരുത്ത് പകരാൻ കൂടിയാണ് സന്ദർശനം പുണ്യമാക്കിയത്. രോഗീപരിചരണം ബന്ധുക്കളുടെ മാത്രം ബാധ്യതയല്ലെന്നും കരുണാർദ്രരായ മുഴുവൻ മനുഷ്യരുടെയും സാമൂഹിക ബാധ്യതയാണെന്നും ഇസ്‌ലാം വ്യക്തമാക്കുന്നു. ഒറ്റപ്പെട്ടവന്റെ ഓരം ചേർന്ന് നിൽക്കാനും സഹജീവികളോടുള്ള സ്‌നേഹവും കരുണയും പ്രകടിപ്പിക്കാനും അപരന്റെ നോവ് സ്വന്തം നൊമ്പരമായി ഏറ്റെടുക്കാനും ഇസ്‌ലാമികാധ്യാപനങ്ങൾ പ്രചോദനമാകുന്നു.

 

സഹൽ അബ്ദുല്ല

Exit mobile version