റമളാന്‍ സംസ്കരണമാണു പ്രധാനം

5ശുദ്ധിയാവുക എന്നത് ഭൗതികമായി തന്നെ വല്ലാത്തൊരനുഭൂതിയാണ്. പൊടിപടലങ്ങള്‍ അടിഞ്ഞു ചെളിയും ചേറുമായി തീരും മുന്പേ എന്തും കഴുകിത്തുടക്കണം. ഇല്ലെങ്കില്‍ അത് കാലാന്തരങ്ങളില്‍ കുറുകിക്കൂടി ഘനീഭവിച്ചു നില്‍ക്കും. കനിവും ആര്‍ദ്രതയും അന്യമായി വെറും ശിലയായി മാറും. മനസ്സും ഇങ്ങനെ തന്നെയാണ്. വിജനമായ മരുഭൂമിയില്‍ ഞെട്ടറ്റുവീണ കരിയില പോലെയാണത്. കാറ്റിന്റെ ചെറിയൊരു ഇളക്കം പോലുമതിനെ മലക്കം മറിച്ച് കൊണ്ടിരിക്കും. സാമൂഹ്യ ജീവിയായതു കൊണ്ടുതന്നെ സമൂഹത്തിലെ ചലന നിശ്ചലനങ്ങള്‍ മനുഷ്യന്റെ ജീവിതത്തെ സ്വാധീനിക്കും.
മനുഷ്യന്റെ ശുദ്ധിയെന്നത് മനസ്സിന്റെ ശുദ്ധി കൂടിയാണ്. തിന്മകളുടെ ബഹളങ്ങളില്‍ നിന്നു മാറിനില്‍ക്കാന്‍ മനസ്സിനെ പരുവപ്പെടുത്തേണ്ടതുണ്ടെന്ന് ഇസ്ലാം വിശ്വാസികളോട് കല്‍പ്പിക്കുന്നുണ്ട്. ഒത്തുവരുന്ന സാഹചര്യങ്ങള്‍, മനസ്സിനെ ദുഷ്പ്രേരണകളാല്‍ അപകടത്തില്‍ പെടുത്തുമെന്നത് വാസ്തവമാണ്. നേരും നെറിയും സത്യവും മിഥ്യയും പൈശാചിക പ്രേരണകളാല്‍ പലരിലും ആടിയുലയും. സത്യാശ്ലേഷണത്തിന് ഭാഗ്യം ലഭിച്ചവര്‍ മാത്രം അതിജീവിക്കും. ഭൗതിക ലോകത്തെ പരിമിതമായ കാലയളവിനുള്ളില്‍ മാലിന്യങ്ങള്‍ അള്ളിപ്പിടിക്കാത്ത, ഹറാമിന്റെ കലയും പാടുമില്ലാത്ത ശുദ്ധീകരിച്ച ഹൃദയങ്ങളുമായി നാം ജീവിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ പരലോകത്ത് വിജയികളോടൊപ്പം ജീവിത സാക്ഷാത്കാരം സാധ്യമാക്കാനാവൂ.
ലക്ഷ്യം പരലോകമാവലാണ് മുസ്ലിമിന്റെ മുഖമുദ്ര. ഉറക്കവും ഉണര്‍വും തീനും കുടിയും സകലമാന ചലന നിശ്ചലനങ്ങളും പരലോക വിജയത്തിന് വിഘാതമാവാത്ത വിധമായിരിക്കണം. പ്രധാനപ്പെട്ട അഞ്ച് അനുഷ്ഠാന കാര്യങ്ങളും ആറ് വിശ്വാസ കാര്യങ്ങളും മതം വിഭാവനം ചെയ്യുന്നുണ്ട്. അനുഷ്ഠാന കാര്യങ്ങളും വിശ്വാസ കാര്യങ്ങളും ആത്യന്തിക ശുദ്ധി കൈവരിക്കാന്‍ വേണ്ടിയുള്ളതാത്തയും വികാരങ്ങളുടെ അന്തകനുമാണ്. ആരോഗ്യം ക്ഷയിക്കുകയും ജോലിക്ക് തടസ്സമാവുകയും ചെയ്യുമെന്ന് മുടന്തന്‍ ന്യായങ്ങള്‍ എഴുന്നള്ളിച്ച് നോന്പുപേക്ഷിക്കുകയാണെങ്കില്‍ പരാജയം തന്നെ ഫലം.
റമളാന്‍ ഖുര്‍ആനിന്റെ മാസവുമാണ്. ഖുര്‍ആന്‍ പാരായണമായിരിക്കണം ഈ മാസം നമ്മുടെ പകലന്തികളെ സജീവമാക്കേണ്ടത്. മുന്‍ഗാമികളായ മഹാത്മാക്കളെല്ലാം ഖുര്‍ആന്‍ പാരായണത്തില്‍ ഏറെ ശ്രദ്ധയൂന്നിയിരുന്നു. റമളാനല്ലാത്ത രാപകലുകളില്‍ ദിവസവും ഒരു ഖതം ഓതിത്തീര്‍ത്തിരുന്ന ഇമാം ശാഫിഈ(റ) റമളാന്‍ മാസത്തില്‍ രണ്ടു ഖതം തീര്‍ത്തിരുന്നുവെന്നു ചരിത്രം. ഖുര്‍ആനിലെ ഒരക്ഷരത്തിന് മറ്റു മാസങ്ങളില്‍ പത്തിരട്ടി പ്രതിഫലം നല്‍കുമെങ്കില്‍ അതിന്റെയും പതിന്മടങ്ങാണ് ഈ മാസത്തില്‍ ലഭ്യമാവുക. എന്നിട്ടും ഖുര്‍ആന്‍ പഠിക്കാനും ആശയങ്ങള്‍ ഉള്‍ക്കൊള്ളാനും വിശാലമായി പാരായണം ചെയ്യാനും സന്നദ്ധമല്ലെങ്കില്‍ നഷ്ടം തന്നെ.
രാപകലുകള്‍ മണ്ണിനോട് മല്ലിടുന്ന ഒരു കര്‍ഷകന്‍, ദുരിതങ്ങള്‍ മാത്രമാണയാള്‍ക്ക് കൂട്ട്. അങ്ങനെയിരിക്കെ അയാള്‍ക്കൊരു നിധി ലഭിക്കുന്നുവെങ്കില്‍ അയാളുടെ ശിഷ്ട ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എത്ര അത്ഭുതകരമായിരിക്കും. അതയാളെ എത്ര സന്തോഷിപ്പിക്കും. ലൈലതുല്‍ ഖദ്ര്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇതിലുപരി ആനന്ദമാണ് പകരുക. ജീവിതത്തില്‍ ഒരു തവണ അതിനു സാക്ഷിയായാല്‍ കാലം മുഴുവന്‍ സൗഭാഗ്യപൂര്‍ണമായിരിക്കും. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ആ അപൂര്‍വ രാവിനു പ്രതീക്ഷാ പൂര്‍വം നാം കാത്തിരിക്കണം.
സുന്നത്തുകള്‍ക്ക് ഫര്‍ളുകളുടെ പ്രതിഫലവും ഫര്‍ളുകള്‍ക്ക് പലമടങ്ങ് പുണ്യങ്ങളും ലഭിക്കുന്ന റമളാനില്‍ ഭാവി ജീവിതത്തിനു പാഥേയമൊരുക്കുന്ന സല്‍കര്‍മങ്ങള്‍ ചെയ്തുവേണം ധന്യരാവാന്‍. കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും നരകമോചനത്തിന്റെയും മൂന്നു പത്തുകളിലും ബദര്‍ ശുഹദാക്കളുടെ പവിത്ര സ്മരണകളുറങ്ങുന്ന ദിനത്തിലും ഖദ്റിന്റെ സാധ്യതാ രാവുകളിലും വിളവിറക്കി നാളേക്ക് വേണ്ട നല്ലൊരു കൊയ്ത്തിന് കാത്തിരിക്കുക, ശുദ്ധി നേടിയ മനസ്സും ശരീരവും ആത്മാവുമായി. ഇരുലോക വിജയത്തിന്റെയും സഹാനുഭൂതിയുടെയും സാധനയാണ് വൃതം. സൂഭിക്ഷയുടേതു മാത്രമല്ല; വിശപ്പിന്റെതു കൂടിയാണ് ജീവിതമെന്ന് അത് ഓര്‍മപ്പെടുത്തുന്നു.

സലീത്വ് കിടങ്ങഴി

Exit mobile version