ലീഗിന്റെ കൊലപാതക രാഷ്ട്രീയവും അനന്തര മുതലെടുപ്പുകളും

പിറക്കാനിരിക്കുന്ന ഒരു കുഞ്ഞിനെ അനാഥമാക്കി, ഒരു പെൺകുട്ടിയെക്കൂടി വിധവയാക്കി, രോഗിയായ ഉമ്മക്ക് സാന്ത്വനം നഷ്ടപ്പെടുത്തി യൂത്ത് ലീഗുകാർ അബ്ദുറഹ്‌മാൻ ഔഫിനെ കൊന്നുതള്ളിയ വാർത്ത സാംസ്‌കാരിക കേരളം നടുക്കത്തോടെയാണ് കേട്ടത്. കാഞ്ഞങ്ങാട്ടെ കല്ലൂരാവിയിൽ തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ പ്രതികാരം തീർത്തത് ക്രൂരമായ കൊലപാതകത്തിലൂടെയാണ്. നിയമസഭാ രേഖയിൽ സ്ഥിരപ്പെട്ടതനുസരിച്ച് ഇത് ലീഗ് നടത്തുന്ന 45-ാമത്തെ മനുഷ്യക്കുരുതിയാണ്. ലീഗ് കൊന്നവരിൽ രണ്ടു ഡസനോളം പേർ സുന്നി പ്രവർത്തകരാണ്. ന്യൂനപക്ഷ മുസ്‌ലിം സംരക്ഷണം ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്നുവെന്നവകാശപ്പെടുന്ന മുസ്‌ലിം ലീഗിന് എങ്ങനെ ഇത്ര ക്രൂരത കാണിക്കാൻ സാധിക്കുന്നു? ആത്മീയ നേതൃത്വമുണ്ടെന്ന് അവകാശപ്പെടുമ്പോഴും, ബാബരിയുടെ പേരിൽ ഒരിറ്റ് കണ്ണീരു പോലും വീഴാനനുവദിക്കാതെ കാത്തവരെന്ന് സ്വയം പറഞ്ഞ് ഞെളിയുമ്പോഴും സ്വസമുദായത്തിൽ പെട്ട ഒരുപറ്റം മനുഷ്യരെ അരിഞ്ഞു തള്ളാൻ ഇവർക്കെങ്ങനെ സാധിക്കുന്നു? മുസ്‌ലിം സമുദായവും ലീഗ് നേതൃത്വവും ആത്മവിചിന്തനം നടത്തേണ്ട കാര്യമാണിത്.
ഒരു രാഷ്ട്രീയ പാർട്ടി എന്നതിലപ്പുറം സമുദായത്തിന്റെ പൊതുനേതൃത്വമായി ലീഗിനെ എല്ലാവരും അംഗീകരിച്ചോളണമെന്നതാണ് അവരുടെ താൽപര്യം. പാർട്ടി മുഖപത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്ന നിലപാട് പംക്തിയിൽ പികെ കുഞ്ഞാലിക്കുട്ടി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതിനു തയ്യാറല്ലാത്തവരെ ഒറ്റപ്പെടുത്താനും അക്രമിക്കാനും അവസരം കിട്ടിയാൽ അരിഞ്ഞു വീഴ്ത്താനും ലീഗണികൾക്ക് അനുമതിയുണ്ടെന്നു വേണം മനസ്സിലാക്കാൻ.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ പാർട്ടി പാളയത്തിൽ തളച്ചിടാൻ ശ്രമിച്ചപ്പോൾ അതിനെ ചെറുത്തുനിന്ന താജുൽ ഉലമ സയ്യിദ് അബ്ദുറഹ്‌മാൻ അൽബുഖാരിയും സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദും നേതൃത്വം നൽകുന്ന സംഘടനയുമായി സഹകരിക്കരുതെന്ന് 1989-ൽ ലീഗ് ഹൈപവർ ചേർന്നാണ് തിട്ടൂരമിറക്കിയത്. ഇതിന്റെ ചുവട് പിടിച്ചാണ് നിരവധി പണ്ഡിതന്മാരെ ജോലിയിൽ നിന്നു പിരിച്ചുവിടുകയും മുതഅല്ലിമുകൾക്ക് അന്നം മുടക്കുകയും ദർസുകൾ നശിപ്പിക്കുകയും മദ്‌റസകൾ അടച്ചുപൂട്ടുകയും ചെയ്തത്. പൊതുയോഗങ്ങൾ വരെ കയ്യേറുകയും പ്രഭാഷകന്മാരെ എറിഞ്ഞോടിക്കുകയും ചെയ്തുകൊണ്ടാണ് ലീഗണികൾ 1989-ലെ ആഹ്വാനം നടപ്പാക്കിയത്.
ആദർശ പോരാളികൾ ക്ഷമിച്ചും സഹിച്ചും പ്രവർത്തനഗോദയിൽ അടിയുറച്ചു നിന്നപ്പോൾ പിന്നീട് കൊലപാതക പരമ്പര തന്നെ അരങ്ങേറുകയായിരുന്നു. കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ ഹദീസ് പണ്ഡിതൻ നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാർ നിരവധി കുത്തുകളേറ്റ് മരണത്തോട് മല്ലിട്ടു. ആയുസ്സിന്റെ നീളം കൊണ്ടു മാത്രമാണ് ജീവൻ തിരിച്ചുകിട്ടിയത്. അല്ലെങ്കിൽ ലീഗിന്റെ കഠാര രാഷ്ട്രീയത്തിന്റെ ആദ്യ ഇരയായി ഈ മഹാപണ്ഡിതൻ മാറുമായിരുന്നു. പിന്നീട് അമ്പലക്കണ്ടി അബ്ദുൽ ഖാദിർ, കുണ്ടൂർ കുഞ്ഞു, ഒറ്റമൂച്ചിക്കൽ അബ്ദുക്ക, മണ്ണാർക്കാട് ഹംസ, നൂറുദ്ദീൻ തുടങ്ങി ഏറ്റവുമൊടുവിൽ അബ്ദുറഹ്‌മാൻ ഔഫിൽ എത്തിനിൽക്കുന്നു. കൊലപാതക പരമ്പരകൾ തന്നെ പാർട്ടിക്കാർ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതാണ് കാണുന്നത്. ഇതൊരു കയ്യബദ്ധമല്ല, ആസൂത്രിത വധമാണ്. ആരാണ് എല്ലാത്തിന്റെയും യഥാർത്ഥ പ്രതികൾ? സമുദായ പാർട്ടി അണികൾക്ക് കൊലവിളി തുടരാൻ പ്രചോദനമെന്താണ്? പാർട്ടി സംരക്ഷിച്ചോളുമെന്ന വിശ്വാസം തന്നെ. അതാണ് കണ്ടുവരുന്നതും. പ്രബുദ്ധരായ കേരള ജനത ഇതു വിശകലനം ചെയ്യേണ്ടതാണ്.
ലീഗിലെ സലഫിസ്റ്റ് ചിന്താഗതിക്കാരനായ ബഷീർ എംഎൽഎയുടെ പരസ്യമായ ചില ആഹ്വാനങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഓടിക്കൊണ്ടിരിക്കുന്നുണ്ട്. ‘ഞങ്ങൾ പത്ത് പതിനെട്ട് പേർ ഇവിടെയുണ്ട്. എപിക്കാരെ വേണ്ട പോലെ കൈകാര്യം ചെയ്തു വരിക. ബാക്കി ഞങ്ങൾ നോക്കിക്കോളാം.’ ഇതാണ് ഒരു ജനപ്രതിനിധി നൽകുന്ന പരസ്യാഹ്വാനം. വെളിവില്ലാത്ത അനുയായികൾക്ക് തലയില്ലാത്ത നേതൃത്വം നല്ല ചേർച്ചയാണല്ലോ! ഈ കൊലപാതകങ്ങളിലെല്ലാം കൊലയാളികളെ രക്ഷിച്ചെടുക്കാൻ ഫണ്ട് പിരിക്കുകയും കേസ് നടത്താൻ പാർട്ടി മുൻകയ്യെടുത്ത് വക്കീലുമാരെ ഏർപ്പാടാക്കുകയും പ്രതികൾ പുറത്തിറങ്ങുമ്പോൾ സ്വീകരണവും അനുമോദനവും നൽകുകയും ചെയ്തത് ലീഗ് നേതാക്കളാണെങ്കിൽ ഈ പരമ്പര തുടരാൻ കാരണക്കാരും അണികൾക്ക് ധൈര്യം പകരുന്നതും ഉന്നത നേതാക്കൾ തന്നെയല്ലേ! ഇത്തരം കൊലപാതകങ്ങളിൽ വ്യക്തമായ പങ്ക് നേതൃത്വത്തിനില്ലേ?

മുനവ്വറലി തങ്ങളുടെ സന്ദർശനം

കല്ലൂരാവിയിൽ കൊല ചെയ്യപ്പെട്ടത് കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്ന സംഘടനയുടെ സജീവ പ്രവർത്തകനാണ്. കൊലയാളി മുനവ്വറലി തങ്ങളുടെ അനുയായിയായ ഇർഷാദും സംഘവും. ഇതിനു മുമ്പ് പലരെയും കൊന്നുതള്ളിയപ്പോഴൊന്നും ഒരൊറ്റ ലീഗ് നേതാവും അവരുടെ ആശ്രിതരെ ആശ്വസിപ്പിക്കാനെത്തിയിരുന്നില്ല. എന്നല്ല, പരമാവധിക്കപ്പുറം കൊല ചെയ്യപ്പെട്ടവരെ അധിക്ഷേപിക്കുകയാണ് പാർട്ടി ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ പതിവില്ലാത്ത വിധം അബ്ദുറഹ്‌മാൻ ഔഫിന്റെ വീടു സന്ദർശിക്കാൻ മുനവ്വറലി തങ്ങൾ വന്നത് വാർത്തയായി. ഇതൊരു ഉദാത്ത മാതൃകയായാണ് ലീഗണികൾ ഉയർത്തിക്കാട്ടുന്നത്. എങ്കിൽ എന്തുകൊണ്ട് ഈ മാതൃക കുണ്ടൂരിലും അമ്പലക്കണ്ടിയിലും മണ്ണാർക്കാട്ടുമൊന്നുമുണ്ടായില്ല. ഇപ്പോൾ കാലം മാറിയിരിക്കുന്നു. നുണ പ്രചാരണങ്ങൾക്ക് പിടിച്ചു നിൽക്കാനാവില്ല. ഈ കൊലയാളി മുനവ്വറലി തങ്ങളുടെയും കുഞ്ഞാലിക്കുട്ടി മുതൽ ഫിറോസടക്കമുള്ള ലീഗ് നേതാക്കളുടെയും തോളിൽ കയ്യിട്ടിരിക്കാൻ മാത്രം ഉന്നത ബന്ധമുള്ളയാളാണെന്ന് തെളിവുകൾ വിളിച്ചുപറയുന്നു.
മുതിർന്ന നേതാവ് കെപിഎ മജീദ് ചില നുണക്കഥകൾക്ക് തിരികൊളുത്തിയിരുന്നു. ഈ കൊലയാളി മംഗലാപുരം ആശുപത്രിയിൽ ജീവനു വേണ്ടി കേഴുകയായിരുന്നുവത്രെ! ജിഫ്‌രി തങ്ങളടക്കമുള്ള പലരും ലീഗ് നേതാക്കൾ സത്യം പറയുകയാണെന്ന് തെറ്റിദ്ധരിച്ച് അയാൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതായി പ്രസ്താവനയിറക്കി. ഒരു മനുഷ്യനെ ഒറ്റക്കുത്തിന് കൊന്ന് ആശുപത്രിക്കിടക്കയിൽ ഗുരുതരാവസ്ഥ അഭിനയിച്ച് കണ്ണടച്ചു കിടന്ന പുള്ളിയെ തൊട്ടടുത്ത ദിവസം തന്നെ പോലീസ് പൊക്കി ജയിലിലടച്ചിരിക്കുകയാണ്. ഇനി മാനം കാക്കാൻ അറ്റകൈ പ്രയോഗിക്കുക. അതിനായിരുന്നു ഈ പതിവില്ലാത്ത സന്ദർശനമെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ നിർവാഹമില്ല. മാസങ്ങൾക്കകം വന്നണയുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ ദാരുണ കൊല പ്രതിഫലിക്കുമെന്ന ഭയവും അവരെ അലട്ടിയിട്ടുണ്ടെന്നുറപ്പ്.
എന്നാൽ ഈ സന്ദർശനത്തേക്കാൾ മാതൃകാപരമായിട്ടുള്ളത് ഔഫിന്റെ രക്തബന്ധുക്കൾ കാണിച്ച ആതിഥ്യ മര്യാദയാണ്. ഇതേ തങ്ങൾ നേതൃത്വം നൽകുന്ന യൂത്ത് ലീഗിന്റെ പ്രവർത്തകനും ഇതേ തങ്ങളോടൊപ്പം കൊടിപിടിച്ചു നടന്നയാളുമാണ് കൊലയാളി എന്നറിയാമായിരുന്നിട്ടും അദ്ദേഹത്തെ അവർ ആദരവോടെ സ്വീകരിച്ചിരുത്തി. ഇത് കാന്തപുരം ഉസ്താദിന്റെ അനുയായിയായ ഔഫിന്റെ കുടുംബത്തിന്റെ സാംസ്‌കാരിക നിലവാരമാണ് അടയാളപ്പെടുത്തുന്നത്. മറുവിഭാഗം സമസ്ത നേതാവ് മരിച്ച വീട്ടിലേക്ക് കാന്തപുരം ഉസ്താദ് തഅ്‌സിയത്തിന് ചെന്നപ്പോൾ കൂവി വിളിച്ചും തള്ളിവീഴ്ത്താൻ ശ്രമിച്ചും അവർ കാണിച്ച കോപ്രായങ്ങൾ കൂടി അനുസ്മരിക്കുന്നത് നന്നാവും.
കൊലപാതകത്തെ അപലപിച്ച് സൈബർ പോരാളിയായ ഒരു ഫൈസി രംഗത്തുവന്നതും സാക്ഷാൽ അമ്പലക്കടവ് ഹമീദ് ഫൈസി കൊലക്കുറ്റത്തിന്റെ ഗൗരവം കുറിക്കുന്ന ആയത്തുകളും ഹദീസുകളും ഓതാൻ തുടങ്ങിയതും ശുഭ സൂചനയായി തന്നെ നമുക്ക് ഗണിക്കാം. ഇനിയെങ്കിലും മനസ്സിലാക്കുക, ഈ പ്രമാണങ്ങളെല്ലാം അണികളെ നേരത്തെ പഠിപ്പിച്ചതു കൊണ്ടാണ് സുന്നി പ്രസ്ഥാനം ഇന്നുവരെ ഒരാളെയും പകരം കൊല്ലാതിരുന്നത്. മതം പറയാൻ മാത്രമുള്ളതല്ല, പ്രവർത്തിപഥത്തിൽ കൊണ്ടുവരേണ്ടതു കൂടിയാണ്. അതിനുതകുന്ന നല്ലൊരു കാമ്പയിൻ പ്രഖ്യാപിച്ച് അണികളെ സംസ്‌കരിക്കുക. പാർട്ടി നേതൃത്വത്തിന് ഈ കൊലപാതകത്തിൽ ആത്മാർത്ഥമായ ഖേദമുണ്ടെങ്കിൽ അതാണ് ഇപ്പോൾ ചെയ്യേണ്ട പ്രധാന സംഗതി. ഇനിയൊരു കഠാര രാഷ്ട്രീയം അണികൾ പ്രയോഗിക്കില്ലെന്ന് സ്വയം ആശ്വസിക്കാൻ പാർട്ടി അത്രയെങ്കിലും ചെയ്‌തേ മതിയാവൂ.

റഹ്‌മത്തുല്ലാഹ് സഖാഫി എളമരം

 

Exit mobile version