വരികളിലൊതുങ്ങാത്ത മഹാമനീഷി

അറബി സാഹിത്യത്തിന്റെ കുലപതി. കാല്‍പനിക സൗന്ദര്യത്തിലാവാഹിച്ച നബി സ്നേഹത്തിന്റെ കവി. ആസ്വാദക മനസ്സുകളില്‍ ആര്‍ദ്രതയുടെ ഗീതികള്‍ വിരിയിച്ച് സ്നേഹത്തിനും അനുരാഗത്തിനും പുതിയ ഭാഷ്യം രചിച്ച നിസ്വാര്‍ഥ പണ്ഡിതന്‍. അറബി കാവ്യലോകത്തിന്റെ ഗഹനതയും സമ്പുഷ്ടതയും പ്രാസഭംഗിയും സമ്മേളിച്ച കൈരളിയുടെ ബൂസ്വീരി ഇങ്ങനെ പലതുമായിരുന്നു ആഗസ്ത് 21ന് നിര്യാതനായ തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍.

തിരൂരങ്ങാടിയിലെ പ്രശസ്തമായ മേലാത്ത് കല്ലിങ്ങലകത്ത് തറവാട്ടിലെ മുഹമ്മദ് എന്ന ബാപ്പു മുസ്‌ലിയാര്‍ കേരളക്കരയില്‍ ജനിച്ച് വിശ്വത്തോളം ഉയര്‍ന്ന അറബി കവിയാണ്. ഹൃദയ സ്പര്‍ശിയാണ് അദ്ദേഹത്തിന്റെ കവിതകളോരോന്നും. അതിനെല്ലാം പുറമെ തികവാര്‍ന്ന പാണ്ഡിത്യം കൊണ്ട് അനുഗ്രഹീതനായ ഉസ്താദ് വിനയാന്വിതനും മിതഭാഷിയുമായിരുന്നു. പണ്ഡിതോചിതവും ഹൃദ്യവുമായ കവിതകളില്‍ ഉപദേശങ്ങള്‍, നിര്‍ദേശങ്ങള്‍, സന്തോഷസന്താപങ്ങള്‍, ആശംസകള്‍, അനുശോചനം, ചരിത്രമുത്തുകള്‍ അതിലുപരി പ്രവാചക പ്രകീര്‍ത്തനങ്ങള്‍ എല്ലാം തേനൂറുന്ന അക്ഷരങ്ങളില്‍ അനുസ്യൂതം പ്രവഹിച്ചിരുന്ന മഹല്‍പ്രതിഭ.

വിശ്രുതനും നഖ്ശബന്ദി ത്വരീഖത്തിന്റെ ഗുരുവുമായ താനൂര്‍ അബ്ദുറഹ്മാനു നഖ്ശബന്ദി (അബ്ദുറഹ്മാന്‍ ശൈഖ്)യുടെ മൂത്ത പുത്രന്‍ മുഹമ്മദ് മുസ്‌ലിയാരുടെ മകന്‍ ബാവക്കുട്ടി മുസ്‌ലിയാരുടേയും ശൈഖിന്റെ രണ്ടാമത്തെ മകന്‍ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ മകള്‍ ഫാത്തിമാ ബീവിയുടെയും മകനാണ് ബാപ്പുമുസ്‌ലിയാര്‍.

ബാല്യകാലം

പ്രഥമ ഉസ്താദ് തയ്യില്‍ അബ്ദുല്ല മുസ്‌ലിയാരാണ്. അന്നത്തെ രീതിയിലുള്ള ഓത്തുപള്ളിയില്‍ നിന്ന് പ്രാഥമിക പാഠങ്ങളും ഖുര്‍ആന്‍ പാരായണവും പഠിച്ചു. പിന്നീട് തിരൂരങ്ങാടി നടുവിലെപ്പള്ളിയില്‍ ചേര്‍ന്ന് പകര സൈതലവി മുസ്‌ലിയാരുടെ അടുക്കല്‍ നിന്ന് പത്ത് കിതാബും തിരൂരങ്ങാടി വലിയപള്ളിയില്‍ നിന്ന് കൊണ്ടോട്ടി മായീന്‍ മുസ്‌ലിയാരുടെ ശിഷ്യത്വത്തില്‍ നഹ്വും പഠിച്ചു. ശേഷം വേങ്ങര കുഞ്ഞീന്‍ മുസ്‌ലിയാരില്‍ നിന്ന് അല്‍ഫിയ്യയും പിന്നീട് കരിങ്കപ്പാറ ജുമാമസ്ജിദില്‍ നിറമരുതൂര്‍ ബീരാന്‍കുട്ടി മുസ്‌ലിയാരില്‍ നിന്ന് ഫത്ഹുല്‍ മുഈനും ഓതി. ശേഷം തിരൂരങ്ങാടി വലിയ പള്ളിയില്‍ മര്‍ഹൂം ഇമ്പിച്ചാലി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. പിന്നീട് പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ അബ്ദുല്‍കമാല്‍ കാടേരി മുഹമ്മദ് മുസ്‌ലിയാരില്‍ നിന്ന് തഫ്സീറുല്‍ ജലാലൈനി, മുഖ്തസര്‍ എന്നീ കിതാബുകള്‍ പഠിച്ചു. കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, കൊയപ്പ കുഞ്ഞായീന്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരില്‍ നിന്നും കിതാബുകള്‍ ഓതിയിട്ടുണ്ട്.

ഉസ്താദുല്‍ അസാതീദ് ഒകെ സൈനുദ്ദീന്‍കുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ തലക്കടത്തൂരും ചാലിയത്തും പഠിച്ച ശേഷം വെല്ലൂര്‍ ബാഖിയാത്തില്‍ പോയി മികച്ച റാങ്കോടെ സനദ് നേടി. ബാഖിയാത്തില്‍ ശൈഖ് ആദം ഹസ്രത്ത്, ഉത്തമ പാളയം അബൂബക്കര്‍ ഹസ്രത്ത് തുടങ്ങിയവര്‍ പ്രധാന ഉസ്താദുമാരാണ്. കണ്ണൂര്‍ പുതിയങ്ങാടി, വൈലത്തൂര്‍ ചിലവില്‍, തെക്കുമ്പാട്, വടകര ചെറുവണ്ണൂര്‍, കുണ്ടൂര്‍, തലക്കടത്തൂര്‍, കരുവംതിരുത്തി, തിരൂരങ്ങാടി നൂറുല്‍ഹുദാ അറബിക് കോളേജ്, അരീക്കോട് മജ്മഅ്, വലിയോറ ദാറുല്‍ മആരിഫ് എന്നിവിടങ്ങളിലായി 50 വര്‍ഷത്തിലേറെ ദര്‍സ് നടത്തിയിട്ടുണ്ട്. ബാപ്പു മുസ്‌ലിയാരുടെത് അറിയപ്പെട്ട പണ്ഡിത കുടുംബമാണ്. ദീനീ വിജ്ഞാനത്തിന്റെ സര്‍വ മേഖലകളിലും അഗാധജ്ഞാനമുള്ള ബാപ്പു മുസ്‌ലിയാര്‍ക്ക് ഫിഖ്ഹ്(കര്‍മശാസ്ത്രം), അഖീദ, ഇല്‍മുല്‍ ഹൈഅത്ത്, ഇല്‍മുല്‍ ഫലഖ് (ജ്യോതിശാസ്ത്രം), മന്‍ത്വിഖ്(തര്‍ക്ക ശാസ്ത്രം), നഹ്വ് (വ്യാകരണ ശാസ്ത്രം) തുടങ്ങിയ കഠിന വിഷയങ്ങള്‍ ഗഹനമായി ക്ലാസെടുക്കുന്നതില്‍ വലിയ താല്‍പര്യമായിരുന്നു.

കവിതാരംഗത്ത്

തന്റെ ഉസ്താദ് അബ്ദുല്‍ കമാല്‍ കാടേരി മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ പഠിക്കുമ്പോള്‍ അറബി കവിതാരചനയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവില്‍ ആകൃഷ്ടനായി. ഉസ്താദിന്റെ പ്രോത്സാഹനവും പ്രചോദനവും കൂടിയായപ്പോള്‍ ബാപ്പു മുസ്‌ലിയാര്‍ കവിതാരചനക്ക് പ്രേരിതനായിത്തീര്‍ന്നു. അറബി കവിതകള്‍ രചിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിയമങ്ങള്‍ ഉസ്താദില്‍ നിന്ന് മനസ്സിലാക്കി. ഒകെ ഉസ്താദിന്റെ ദര്‍സില്‍ പഠിക്കുമ്പോള്‍ പദ്യം രചിക്കുകയും അത് ഉസ്താദിനെ കേള്‍പ്പിക്കുകയും അദ്ദേഹം പ്രോത്സാഹനം നല്‍കുകയുമുണ്ടായി. ആദ്യമായി പ്രവാചകര്‍(സ്വ)യെ പ്രശംസിച്ചുകൊണ്ടുള്ള കവിതയാണ് എഴുതിയത്. പിന്നീട് ഒട്ടനവധി പദ്യങ്ങള്‍ എഴുതി. അന്നൊക്കെ നബിദിനം, തഹ്നിഅത്(ആശംസ), മര്‍സിയത്ത് (അനുസ്മരണം) തുടങ്ങിയവക്കായി ഏറെ അറബി പദ്യങ്ങള്‍ രചിക്കുകയുണ്ടായി. പഴയ കാല മദ്റസാവിദ്യാര്‍ഥികള്‍ നബിദിന പരിപാടികളില്‍ അവതരിപ്പിച്ചിരുന്ന ഒട്ടേറെ പദ്യങ്ങള്‍ ഉസ്താദിന്റെ തൂലികയില്‍ നിന്ന് വിരചിതമായതാണ്. അച്ചടിച്ചവയും അല്ലാത്തതുമായി പുതിയതും പഴയതുമായ രീതികളില്‍ ഇവ അറിയപ്പെടുന്നു. നബി(സ്വ)യെ കുറിച്ച് കവിത രചിക്കുമ്പോള്‍ ഉണ്ടാവാറുള്ള അനുഭൂതി വേറെത്തന്നെയാണെന്ന് ഉസ്താദ് പറയാറുണ്ട്.

ചേറൂര്‍ ശുഹദാക്കളുടെ പേരില്‍ ബാപ്പു മുസ്‌ലിയാര്‍ രചിച്ച അശ്ശഹ്ദത്തുല്‍ ഹലിയ്യ എന്ന മൗലിദും അസ്വ്ഹാബുല്‍ ബദ്റിനെ തവസ്സുല്‍ (ഇടതേട്ടം) ചെയ്തുകൊണ്ടുള്ള അസ്ബാബുന്നസ്റും ഇമാം അബൂഹനീഫ(റ)യുടെ ഖസീദത്തുന്നുഅ്മാനിയ്യ യുടെ തഖ്മീസായി രചിച്ച കാവ്യവും പണ്ഡിത കേരളത്തിന് സുപരിചിതമാണ്. പൂര്‍വകാല അറബി പണ്ഡിതന്മാരും യമനി കവികളും പരീക്ഷിച്ച മുഖമ്മസ് എന്ന കാവ്യസങ്കലന രീതിയെ ഏറ്റവും വിജയകരമായി സാധിപ്പിച്ചതിലൂടെ ബാപ്പു മുസ്‌ലിയാര്‍ കേരളീയ പണ്ഡിതന്മാര്‍ക്ക് അഭിമാനം നല്‍കുന്നു.

ശൈഖ് അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ)യുടേതായി മദീനാമുനവ്വറക്കകത്ത് എഴുതപ്പെട്ട അല്‍ ഫാതിഹത്തുല്‍ മുസ്ത്വഫിയ്യ മദീനാമുനവ്വറക്ക് പുറത്ത് ആലേഖനം ചെയ്യപ്പെട്ട നബികീര്‍ത്തന കാവ്യം എന്നിവക്കും ബാപ്പു മുസ്‌ലിയാര്‍ മുഖമ്മസ് നല്‍കിയിട്ടുണ്ട്. ഇതില്‍ ബാപ്പു മുസ്‌ലിയാരുടെ വരികള്‍ ഏത് ആദ്യകവിയുടേത് ഏത് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധം പ്രാസയും ഘടനയും ഒത്തിണങ്ങിയതാണെന്ന് പ്രമുഖ പണ്ഡിതന്മാര്‍ തറപ്പിച്ച് പറയുന്നു. ഇമാം അബൂഹനീഫ(റ)യുടെ കവിതയുടെ മുഖമ്മസ് ഒരാവര്‍ത്തി വായിക്കുന്നവര്‍ക്ക് ഇത് ബോധ്യമാകും.

ഉസ്താദിന്റെ കവിതകളില്‍ പലതും മര്‍സിയ്യത്ത് (അനുസ്മരണം) കളാണ്. വെല്ലൂര്‍ ബാഖിയാത്തില്‍ പഠിക്കുന്ന കാലത്ത് സ്ഥാപനത്തിന്റെ ജീവനാഡിയായ ശൈഖ് ആദം ഹസ്രത്തിനെ കുറിച്ച് പലരും കവിതകള്‍ രചിക്കുകയുണ്ടായി. എന്നാല്‍ അതില്‍ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടത് ബാപ്പു മുസ്‌ലിയാര്‍ രചിച്ച കാവ്യമാണ്. പരിഷ്കരണ വാദിയായ സിഎന്‍ അഹ്മദ് മൗലവി കേരള മുസ്‌ലിം ചരിത്രം എന്ന ഗ്രന്ഥത്തില്‍ ബാപ്പു മുസ്‌ലിയാര്‍ രചിച്ച ചേറൂര്‍ ശുഹദാക്കളുടെ മൗലിദിനെ വളരെയധികം പ്രശംസിച്ചിട്ടുണ്ട്. മൗലിദിലെ സാഹിത്യ ഘടനയും ചരിത്രാവതരണവും സിഎന്‍ മൗലവി പ്രത്യേകം എടുത്തു പറയുന്നു.

ഉസ്താദിന്റെ കവിതകളില്‍ അതില്‍ പരാമര്‍ശിക്കുന്ന തിയതി അബ്ജദ് എന്ന അറബി അക്ഷരസംഖ്യാ രൂപത്തില്‍ വിവരിക്കുന്നത് പ്രത്യേകതയാണ്. തിരൂരങ്ങാടി ഹിദായത്തുസ്വിബ്യാന്‍ സംഘത്തിന്റെ സ്ഥാപകനും പ്രമുഖ പണ്ഡിതനും ഉസ്താദിന്റെ അമ്മാവനുമായ മൂസാന്‍കുട്ടി ഹാജിയുടെ അനുസ്മരണ കാവ്യത്തില്‍ അദ്ദേഹത്തിന്റെ മരണ തിയതി വിവരിക്കുന്നത് “ഫഹാഖാല ഊതീത സുഅ്ലക യാ മൂസാ…” എന്ന വരിയിലൂടെയാണ്. കുണ്ടൂര്‍ ദാറുത്തഅ്ലീമില്‍ ഗൗസിയ്യയുടെ ചുമരില്‍ എഴുതപ്പെട്ട ഉസ്താദിന്റെ കവിതയില്‍ ഈ സ്ഥാപനത്തിന് തറക്കല്ലിട്ട തിയതി വിവരിക്കുന്നത് “അന വ കാഫിലുല്‍ യതീമി ഹാ കദാ…” എന്ന വരിയിലൂടെയും.

ചരിത്ര പ്രസിദ്ധമായ സമസ്ത 60ാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ കോഴിക്കോട് കടപ്പുറത്തെ മര്‍ഹൂം വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ തടിച്ചു കൂടിയ ജനലക്ഷങ്ങളെ കോരിത്തരിപ്പിച്ച സ്വാഗതഗാനം “വാഹന്‍ലകമിന്‍ ഇസ്സിന്‍ ളഹറ… മാലിഹവാതിഫി ബുശ്റാ തത്റാ…. ലംനറ മന്‍ളറ അസ്നാ ഖത്തുക്ക ഹാദല്‍ യൗമി…” എന്ന വരികള്‍ സുന്നീ കൈരളിയുടെ കാതുകളില്‍ ഇന്നും അലയടിക്കുന്നു. വിദേശ പ്രതിനിധികള്‍ പോലും പ്രശംസിച്ച ഈഗാനം ബാപ്പു മുസ്‌ലിയാരുടെ പേനത്തുമ്പിനുള്ള അംഗീകാരമത്രെ.

തിരൂരങ്ങാടി ധര്‍മപുരിയില്‍ എസ്എസ്എഫിന്റെ ചരിത്രത്തില്‍ വഴിത്തിരിവായ സഹിക്കുക, സഹകരിക്കുക, സജ്ജരാവുക എന്ന പ്രമേയത്തില്‍ നടന്ന ജില്ലാസമ്മേളനത്തില്‍ കവിതാരൂപത്തിലുള്ള മുദ്രാവാക്യമായ “സഹിക്കുക സഹജരേ/സഹകരിക്കൂ സോദരെ/സജ്ജരായ് സുശക്തരായി/ധര്‍മലോകം പണിതിടാം” എന്ന മുദ്രാവാക്യത്തിന്റെ രീതിയില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം ചൊരിഞ്ഞ്കൊണ്ട് രചിച്ച “യാ ഹുമാത ദീനിനാ/വയാബുനാത മജ്ദിനാ/ഹൗലറായത്തില്‍ ഹുദാ/തജമ്മഊ ലിദീനിനാ/വത്വിനൂ നുഫൂസകും/അലാ മഹജ്ജത്തില്‍ ഹുദാ/ഇസ്ബിറൂ വ സാബിറൂ/വ റാബിതൂ ലിദീനിനാ” എന്ന കവിത എടുത്തുപറയേണ്ടതാണ്.

തിരൂരങ്ങാടി ഹിദായത്തുസ്വിബിയാന്‍ സംഘം 40ാംവാര്‍ഷിക സമ്മേളനത്തിന് ഉസ്താദ് രചിച്ച “യാ ഹബ്ബദാ ഹവഹവ ഫഖ്റാ മഹ്ഫലുനാ അലഅല ഖദ്റാ തതവാലാ ഹവാതിഫു ബുശ്റാ അഅ്ളിം ബിലാ മന്‍ളറാ” എന്ന സ്വാഗതഗാനവും ശ്രദ്ധേയം. നിമിഷങ്ങള്‍ കൊണ്ടാണ് പലപ്പോഴും ഉസ്താദ് കവിത രചിക്കാറുള്ളത്.

ദര്‍സീ രംഗത്ത്

ബാപ്പു ഉസ്താദ് അരപ്പതിറ്റാണ്ടു കാലം ദര്‍സ് നടത്തിയിട്ടുണ്ട്. നൂറിലേറെ മുതഅല്ലിംകളാണ് ഓരോ ഘട്ടത്തിലും ദര്‍സില്‍ ഉണ്ടായിരുന്നത്. ഉസ്താദിന്റെ ദര്‍സ് വേറിട്ടൊരനുഭവം തന്നെയാണ്. ഇത്രയും കുട്ടികളുണ്ടായിട്ടും എല്ലാ മുതഅല്ലിംകളെ കുറിച്ചും വ്യക്തമായ വിവരം ഉസ്താദിനുണ്ടായിരുന്നു. അസ്വറിന് ശേഷവും രാത്രി വളരെവൈകിയുമെല്ലാം മുതഅല്ലിംകള്‍ കിതാബുകള്‍ ഓതും. ഉസ്താദിന്റെ ദര്‍സ് അത്രയും ചിട്ടയിലായിരുന്നു. മുതഅല്ലിംകളെ അടിക്കുന്ന പതിവ് ഉസ്താദിനില്ല. ചെറുവണ്ണൂര്‍, കുണ്ടൂര്‍, തലക്കടത്തൂര്‍ എന്നിവിടങ്ങളിലായി ഏഴുവര്‍ഷം ഈ ലേഖകന്‍ ഉസ്താദിന്റെ ദര്‍സില്‍ പഠിച്ചിട്ടുണ്ട്. ഈ കാലത്തിനിടക്ക് ഒരു കുട്ടിയെയും ശിക്ഷിക്കുന്നതു കണ്ടിട്ടില്ല. എന്നിട്ടും മുതഅല്ലിംകളില്‍ നിന്ന് ഒരു അച്ചടക്ക രാഹിത്യവും ഉണ്ടാവാറില്ലെന്നത് ഉസ്താദിന്റെ അവരോടുള്ള സ്നേഹമസൃണമായ പെരുമാറ്റത്തിന്റെയും തിരിച്ചുള്ള സ്നേഹത്തില്‍നിന്നുല്‍ഭൂതമായ അനുസരണയുടെയും ഗുണമായിരുന്നു.

ദര്‍സീ കിതാബുകള്‍ക്ക് പുറമെ പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളും മറ്റും ഓതിക്കൊടുക്കാന്‍ ഉസ്താദിന് പ്രത്യേകം താല്‍പര്യമായിരുന്നു. ഇമാം ബൂസ്വീരിയുടെ ബുര്‍ദ, കഅ്ബ്(റ)ന്റെ ബാനത്തു സുആദ, മൗലിദ് കിതാബുകള്‍, നുബാതിയാ ഖുത്ബ തുടങ്ങിയവ ഓതിക്കൊടുക്കാറുണ്ട്. ഇമാം ബൂസ്വീരിയുടെ ഖസീദത്തുല്‍ ബുര്‍ദക്ക് ഒരു മുഖമ്മസ് രചിക്കാന്‍ ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞത് പില്‍കാലത്ത് പലര്‍ക്കും അതിലെ വരികള്‍തമ്മില്‍ തിരിച്ചറിയാന്‍ സാധിക്കാതെ വന്നാല്‍ അത് അദബ്കേടാകുമോ എന്ന് ഞാന്‍ ഭയക്കുന്നു എന്നായിരുന്നു.

പ്രമുഖ പണ്ഡിതന്‍മാരടങ്ങുന്ന ആയിരക്കണക്കിന് ശിഷ്യന്‍മാരെ വാര്‍ത്തെടുക്കാന്‍ ഇക്കാലത്തിനിടക്ക് അദ്ദേഹത്തിന് സാധിച്ചു. വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, ശിറിയ അലികുഞ്ഞി മുസ്‌ലിയാര്‍, മര്‍ഹൂം കുഞ്ഞിമോന്‍ ഫൈസി ഇങ്ങനെ നീളുന്നു ആ നിര. അവരുടെ ശിഷ്യന്‍മാരും ശിഷ്യന്‍മാരുടെ ശിഷ്യന്‍മാരും അടങ്ങുന്ന തലമുറതന്നെയുണ്ട്. ഉറുദു ഭാഷയിലും മലയാള ഭാഷയിലും ആഴത്തില്‍ പരിജ്ഞാനമുള്ള ഉസ്താദ് മുതഅല്ലിംകള്‍ക്ക് അവ പഠിപ്പിക്കാറുണ്ട്. ഉത്തര്യേയില്‍ നിന്ന് ഇറങ്ങുന്ന പല ഉറുദു പത്രങ്ങളും ഉസ്താദിന് സ്ഥിരമായി വരാറുണ്ട്. അതിലുള്ള വാര്‍ത്തകളുടെ ഉള്ളടക്കം ശിഷ്യന്‍മാര്‍ക്ക് വിശദീകരിക്കും. മലയാള പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും പ്രത്യേകിച്ച് സുന്നീ പ്രസിദ്ധീകരണങ്ങളും സ്ഥിരമായി വായിക്കാറുള്ള ഉസ്താദ് തൂലികാരംഗത്ത് ശിഷ്യന്‍മാരെ വളര്‍ത്താന്‍ അധ്വാനിച്ചിരുന്നു. വളരെ ക്ഷീണിതനായിട്ടും വലിയോറ ദാറുല്‍ മആരിഫ് അറബിക് കോളേജില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഉസ്താദ് ദര്‍സ് നടത്താന്‍ പോകുമായിരുന്നു. വീട്ടില്‍ വിശ്രമിക്കുന്ന സമയത്ത് വലിയവലിയ പണ്ഡിതന്മാര്‍ പോലും കിതാബുകള്‍ നോക്കാനും സംശയങ്ങള്‍ക്ക് നിവാരണം തേടിയും ഉസ്താദിന്റെ വീട്ടില്‍ എത്താറുണ്ട്.

ഖാദിമുത്ത്വലബ

ഉസ്താദിന്റെ വിനയവും വേറിട്ടുനിന്നു. തന്റെ കൃതികളില്‍ പലതിലും തൂലികാ നാമത്തോടൊപ്പം കൊടുത്തിരുന്നത് ഖാദിമുത്ത്വലബതി ബി ജാമിഇ കുണ്ടൂര്‍ (കുണ്ടൂര്‍ ജുമാ മസ്ജിദിലെ മുതഅല്ലിംകളുടെ സേവകന്‍) എന്നിങ്ങനെയായിരുന്നു. മുദരിസ് എന്നും ഉസ്താദ് എന്നുമെല്ലാം വിശേഷിപ്പിക്കാമായിരുന്നിട്ടും അദ്ദേഹം വിനയാന്വിതനായി. സമസ്തയുടെ ആദ്യകാല പ്രസിദ്ധീകരണമായ അല്‍ബയാന്‍ മാസികയില്‍ അബൂസുഹ്റ താനൂര്‍ എന്ന തൂലികാ നാമത്തില്‍ ഉസ്താദ് പല കവിതകളും എഴുതിയിട്ടുണ്ട്. കുണ്ടൂരില്‍ ദര്‍സ് നടത്തുമ്പോള്‍ കുണ്ടൂര്‍ ഉസ്താദ് ഇഹ്യാ ഉലൂമുദ്ദീന്‍ ബാപ്പു ഉസ്താദില്‍ നിന്ന് ബറകത്തിനായി ഓതിയിട്ടുണ്ട്.

തന്റെ വിദ്യാഭ്യാസ കാലത്തെ രാജകീയ കാലമായിട്ടാണ് ഉസ്താദ് കണ്ടിരുന്നത്. വളരെ കഷ്ടപ്പെട്ടാണ് അന്നൊക്കെ മുതഅല്ലിംകള്‍ ദര്‍സില്‍ പഠിച്ചിരുന്നത്. ദര്‍സില്‍ പഠിക്കുമ്പോള്‍ തന്നെ ചെറിയ കിതാബുകളും പിന്നീട് വലിയ കിതാബുകളും ദര്‍സ് നടത്താനുള്ള പരിശീലനം നല്‍കുമായിരുന്നു. പലരും ദര്‍സിനെ വിലകുറച്ചു കാണുമ്പോള്‍ പള്ളി ദര്‍സുകള്‍ നിലനില്‍ക്കുന്നത് നാടിന് തന്നെ ഐശ്വര്യമാണെന്നും ദര്‍സിലൂടെ മാത്രമേ ഇസ്ലാമിന്റെ പരമ്പരാഗത പാഠശാലയെ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ എന്നും ഉസ്താദ് പറയും.

പ്രവര്‍ത്തകന്‍

സാധരണക്കാരോടും കുട്ടികളോടുമൊക്കെയുള്ള ഉസ്താദിന്റെ പെരുമാറ്റം ഹൃദ്യമാണ്. ഇക്കഴിഞ്ഞ നബിദിനത്തിന് തിരൂരങ്ങാടി നൂറുല്‍ഹുദാ കേന്ദ്രമദ്രസയിലെ ദഫ് വിദ്യാര്‍ഥികളെ ഉസ്താദിന്റെ അടുത്ത് കൊണ്ടുപോയി ആശീര്‍വാദം വാങ്ങണമെന്ന് സദര്‍മുഅല്ലിം ആവശ്യപ്പെട്ടതനുസരിച്ച് ഈ കുറിപ്പുകാരന്‍ അവരുമായി ചെന്നു. എല്ലാ കുട്ടികളേയും ഉസ്താദ് തലയില്‍ കൈവെച്ച് ആശീര്‍വദിക്കുകയും വീടിന് മുറ്റത്തുവെച്ചുള്ള കുട്ടികളുടെ ദഫ്കളി കാണാന്‍ വളരെ പ്രയാസപ്പെട്ട് സിറ്റ്ഔട്ടിലേക്ക് വരികയും ചെയ്തു. ശേഷം തന്റെ മക്കളെക്കൊണ്ട് കുട്ടികള്‍ക്ക് നോട്ടുമാല അണിയിക്കുകയും മധുരപാനീയം നല്‍കി യാത്രയാക്കുകയുമുണ്ടായി.

കേരളത്തിലെ എണ്ണപ്പെട്ട പണ്ഡിതന്മാരില്‍ മുമ്പന്തിയിലുള്ള ഉസ്താദ് സുന്നീ പ്രസ്ഥാന രംഗത്തുണ്ടായ പിളര്‍പ്പിന്റെ തുടക്കത്തില്‍ തന്നെ താജുല്‍ഉലമക്കും കാന്തപുരം ഉസ്താദിനുമൊപ്പം ഉറച്ചുനിന്നു. സമസ്ത മുശാവറ പുനഃസംഘടിപ്പിച്ചപ്പോള്‍ അതിന്റെ സെക്രട്ടറിമാരില്‍ ഒരാളായി. തിരൂരങ്ങാടിയിലും പരിസരങ്ങളിലും സുന്നീ സംഘ ശക്തിക്ക് വേരോട്ടമുണ്ടാക്കുന്നതില്‍ ഉസ്താദ് വഹിച്ചപങ്ക് നിസ്തുലമാണ്. നാട്ടില്‍ ദീനിരംഗത്ത് ഒരു സാധാരണ പ്രവര്‍ത്തകനെപ്പോലെ അധ്വാനിച്ചു ഉസ്താദ്.

തിരൂരങ്ങാടി ഹിദായത്തുസ്വിബ്യാന്‍ സംഘത്തിന്റെ പ്രസിഡന്‍റായി പ്രവര്‍ത്തിച്ച മഹാന്‍ തിരൂരങ്ങാടിയിലെ ഉമറാക്കള്‍ക്കും സുന്നീ പ്രവര്‍ത്തകര്‍ക്കും മാര്‍ഗദര്‍ശി കൂടിയായിരുന്നു. കാരന്തൂര്‍ സുന്നീ മര്‍കസ് സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ ഉസ്താദിനെ ആദരിച്ചിരുന്നു. മഖ്ദൂം അവാര്‍ഡ്, ഇമാം ഗസ്സാലി അവാര്‍ഡ്, എസ്.വൈ.എസ് മലപ്പുറം ജില്ലാകമ്മിറ്റിയും എസ്എസ്എഫ് ഡോട്ട് കോം കമ്മിറ്റിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ഇമാം ബൂസ്വീരി അവാര്‍ഡ്, അറബിക് ലാംഗ്വേജ് ഇപ്രൂവ്മെന്‍റ് ഫോറത്തിന്റെ (അലിഫ്) ഡോ. മുഹമ്മദ് അബ്ദു യമാനി സ്മാരക പ്രഥമ അവാര്‍ഡ് തുടങ്ങി പത്തോളം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. എസ്.വൈ.എസ് ഹജ്ജ് സംഘത്തിന്റെ അമീറായും സേവനം ചെയ്തിട്ടുണ്ട്. തന്റെവീടിന് സമീപം ഉസ്താദ് തന്നെ നിര്‍മിച്ച ശാദുലി മസ്ജിദിന്റെ ഓരത്താണ് മഹാന്റെ അന്ത്യവിശ്രമം.

 

ഹമീദ് തിരൂരങ്ങാടി

Exit mobile version