ശുദ്ധിയോടെയാണ് വാങ്ക് വിളിക്കേണ്ടത്. കാരണം പരിപാവനമായ സന്ദേശമാണ് വാങ്കുകാരൻ കൈകാര്യം ചെയ്യുന്നത്. അത് ശുദ്ധിയോടെയാവണം. ‘ശുദ്ധിയോടെയല്ലാതെ അല്ലാഹുവിനെ പറയുന്നത് എനിക്ക് വെറുപ്പാണ്’ എന്ന തിരുവചനം ഇബ്‌നു ഖുസൈമയും ഇബ്‌നുഹിബ്ബാനും(റ) ഉദ്ധരിച്ചിട്ടുണ്ട്. വുളൂ ഇല്ലാതെ വാങ്ക് വിളിക്കുന്നത് കറാഹത്താണെന്ന് ഇമാം ശാഫിഈ(റ)യുടെ പക്ഷം. വലിയ അശുദ്ധിയോടെ വാങ്ക് വിളിക്കുന്നത് ശക്തമായ കറാഹത്താണ്. നിന്ന് കൊണ്ടാണ് വാങ്ക് നിർവഹിക്കേണ്ടത്. വാഇലുബ്‌നു ഹുജറിൽ നിന്ന് റിപ്പോർട്ട്: ‘ശുദ്ധിയില്ലാതെയും നിന്ന് കൊണ്ടല്ലാതെയും വാങ്ക് വിളിക്കാതിരിക്കലാണ് കടപ്പാടും തിരുസരണിയും.’ ഇബ്‌നുമുൻദിർ(റ) പറഞ്ഞു: ‘നിന്ന് കൊണ്ട് വാങ്ക് വിളിക്കൽ നബിചര്യയാണെന്ന് പണ്ഡിതൻമാർ ഏകോപിച്ചതാണ് (ഫത്ഹുൽബാരി 65/2).
ഖിബ്‌ലയിലേക്ക് തിരിഞ്ഞാണ് വാങ്ക് നിർവഹിക്കേണ്ടത്. നിരവധി സ്വഹീഹായ ഹദീസുകളിൽ അത് സംബന്ധമായ പരാമർശങ്ങളുണ്ട്. വാങ്ക് വിളിക്കുന്നവൻ വിരലുകൾ ചെവിയിൽ വെക്കുന്നത് ഉയർന്ന ശബ്ദത്തിന് സഹായകമാണ്. അമ്മാറുബുൽ സഅ്ദ്(റ)വിൽ നിന്ന്. രണ്ട് വിരലുകൾ രണ്ട് ചെവികളിൽ വെച്ചായിരിക്കണം വാങ്ക് വിളിക്കേണ്ടതെന്ന് തിരുനബി(സ്വ) ബിലാൽ(റ)നോട് കൽപ്പിക്കുകയുണ്ടായി. അവിടുന്ന് തുടർന്നു: അങ്ങനെ ചെയ്യുന്നത് ഉയർന്ന ശബ്ദം ലഭിക്കാൻ കാരണമാകുന്നു (ഇബ്‌നുമാജ, തുർമുദി). മുസബ്ബിഹ് (ചൂണ്ട് വിരൽ) ആണ് ചെവിയിൽ വെക്കേണ്ടതെന്ന് ഇമാം നവവി(റ) ഫത്ഹുൽ ബാരിയിൽ വിശദീകരിച്ചിട്ടുണ്ട്.
രണ്ട് ‘ഹയ്യഅല’കളിൽ വലത് ഭാഗത്തേക്കും ഇടത് ഭാഗത്തേക്കുമായി മുഖം തിരിക്കൽ പ്രത്യേകം സുന്നത്തുണ്ട്. വാങ്കിന്റെ പദങ്ങളിൽ മനുഷ്യനുമായി ബന്ധപ്പെട്ട സംബോധനകളാണ് രണ്ട് ഹയ്യ അലകൾ. അത് കൊണ്ടാണ് തിരിയാൻ നിർദേശിക്കപ്പെട്ടത്. തനിച്ച് നിസ്‌കരിക്കുന്നവനും ഇത് സുന്നത്താണ്. വാങ്ക് കേൾക്കുന്നവൻ വാങ്കുകാരനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ടിരിക്കണം. വാങ്കുകാരന്റെ പദങ്ങൾക്ക് അതേപടി ഉത്തരം നൽകിയാണ് ഈ ഐക്യപ്രകടനം. എന്നാൽ രണ്ട് ഹയ്യഅലകളിൽ ‘ലാ ഹൗല വലാ ഖുവ്വത ഇല്ലാബില്ലാഹിൽ അലിയ്യിൽ അളീം’ എന്നാണ് ചെല്ലേണ്ടത്. അബൂസഈദിൽ ഖുദ്‌രി(റ)വിൽ നിന്ന് ഉദ്ധരണം. നബി(സ്വ) പറഞ്ഞു: നിങ്ങൾ വാങ്ക് കേട്ടാൽ വാങ്ക്കാരൻ പറയുന്നത് പോലെ പറയുക (മുസ്‌ലിം, അബൂദാവൂദ്). ഹഫ്‌സുബ്‌നു ആസ്വിമിൽ നിന്ന്. റസൂൽ(സ്വ) പറഞ്ഞു: വാങ്കുകാരൻ അല്ലാഹു അക്ബർ, അല്ലാഹു അക്ബർ എന്ന് പറയുമ്പോൾ നിങ്ങളിലൊരാൾ അല്ലാഹു അക്ബർ അല്ലാഹു അക്ബർ എന്ന് പറയുന്നു. വാങ്കുകാരൻ അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹ്… അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞപ്പോൾ അശ്ഹദു… എന്നും അശ്ഹദു അന്ന മുഹമ്മദർറസൂലുല്ലാഹ് എന്ന് പറഞ്ഞപ്പോൾ അശ്ഹദു അന്നമുഹമ്മ… എന്നും ഹയ്യ അലസ്സ്വലാത്ത്, ഹയ്യ അലൽ ഫലാഹ്… എന്ന് പറഞ്ഞപ്പോൾ ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാ… എന്നും അല്ലാഹു അക്ബർ അല്ലാഹു അക്ബർ എന്ന് പറഞ്ഞപ്പോൾ അല്ലാഹു… എന്നും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞപ്പോൾ ലാ ഇലാഹ ഇല്ലല്ലാഹ്… എന്നും മനസ്സറിഞ്ഞ് പ്രതികരിച്ചാൽ അവൻ സ്വർഗത്തിൽ കടന്നു (അബൂദാവൂദ്, ബൈഹഖി).
വാങ്കിന് ശേഷം അല്ലാഹുമ്മ റബ്ബ ഹാദിഹിദ്ദഅ്‌വത്തി… എന്ന് തുടങ്ങുന്ന ദുആ നടത്തുന്നവർക്ക് തിരുനബിയുടെ ശഫാഅത്ത് ലഭിക്കുമെന്ന് ഇമാം ബുഖാരി(റ) ജാബിർ(റ)വിൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്. വാങ്കിന് ശേഷം നബി(സ്വ)യുടെ പേരിൽ സ്വലാത്ത് ചെല്ലാനും പ്രത്യേക നിർദേശമുണ്ട്. അബ്ദുല്ലാഹിബ്‌നു അംറ്(റ)വിൽ നിന്ന്. റസൂൽ(സ്വ) പറയുന്നത് ഞാൻ കേട്ടു: വാങ്ക്കാരൻ പറയുന്നത് പോലെ നിങ്ങളും പറയുക. ശേഷം എന്റെ മേൽ സ്വലാത്ത് ചൊല്ലുക. എന്റെ മേൽ ഒരു സ്വലാത്ത് ചൊല്ലുന്നവർക്ക് അല്ലാഹു പത്ത് കാരുണ്യം നൽകും. പിന്നെ നിങ്ങൾ എനിക്ക് വസീലത്ത് എന്ന ഉന്നത പദവി ചോദിക്കുക. അല്ലാഹുവിന്റെ അടിമകളിൽ ഒരാൾക്ക് മാത്രം കിട്ടുന്ന പദവിയാണ് വസീലത്ത്. എനിക്ക് വേണ്ടി ഒരാൾ വസീലത്ത് ചോദിച്ചാൽ എന്റെ ശിപാർശ അവന് ഉറപ്പായി (അബൂദാവൂദ്, നസാഈ).
വാങ്കിൽ അശ്ഹദു അന്ന മുഹമ്മദർറസൂലുല്ലാഹ്… എന്നു കേൾക്കുന്ന സമയത്ത് ‘മർഹബൻ ബിഹബീബി വ ഖുർറത്തി ഐനീ മുഹമ്മദിബ്‌നി അബ്ദില്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം’ എന്ന് പറഞ്ഞ് രണ്ട് തള്ള വിരൽ ചുംബിക്കുകയും ശേഷം രണ്ട് കണ്ണുകളിൽ തടവുകയും ചെയ്യുന്നവർക്ക് ഒരിക്കലും അന്ധത ബാധിക്കുകയില്ല. വാങ്ക് കേൾക്കുമ്പോൾ ‘മർഹബൻ ബിൽ ഖാഇലി അദ്‌ലൻ, മർഹബൻ ബിസ്സ്വലാത്തി അഹ്‌ലൻ’ എന്ന് പറയുന്നവർക്ക് ഒരു ലക്ഷം പുണ്യം എഴുതപ്പെടും. രണ്ട് ലക്ഷം തെറ്റുകൾ മായ്ക്കപ്പെടും. രണ്ട് ലക്ഷം പദവികൾ ഉയർത്തപ്പെടും (ഇആനത്ത്).
വാങ്കിന് ഉത്തരം ചെയ്യൽ സ്ത്രീക്കും പുരുഷനും സുന്നത്തു തന്നെ. ‘സ്ത്രീ വാങ്കിനോ ഇഖാമത്തിനോ ഉത്തരം നൽകിയാൽ ഓരോ അക്ഷരത്തിനും ഒരു ലക്ഷം പദവി നൽകപ്പെടും. പുരുഷന് അതിന്റെ ഇരട്ടിയും (ത്വബ്‌റാനി). ഒന്നിലേറെ വാങ്കുകൾ കേൾക്കുകയാണെങ്കിൽ എല്ലാത്തിനും ഉത്തരം നൽകണമെന്നാണ് ഇസ്സുദ്ദീനുബ്‌നു അബ്ദുസ്സലാമി(റ)ന്റെ പക്ഷം.
വാങ്കിന് ശേഷം ആയത്തുൽ കുർസിയ്യ് പാരായണം ചെയ്യുന്നതിന് പ്രത്യേക പുണ്യമുണ്ട്. ഇമാം റൂയാനി(റ) പറയുന്നു: ‘വാങ്കിനും ഇഖാമത്തിനും ഇടയിൽ ആയത്തുൽ കുർസിയ്യ് ഓതൽ സുന്നത്താണ്. വാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിൽ ഇത് പാരായണം ചെയ്യുന്നവന് അതിനിടയിൽ സംഭവിച്ച തെറ്റുകൾ രേഖപ്പെടുത്തുകയില്ല എന്ന തിരുവചനമാണ് അതിന് തെളിവ്.’ ഇമാം ബുൽഖീനി(റ) പറയുന്നു: വാങ്കിന്റെ ദുആഇന് മുമ്പ് രണ്ട് ശഹാദത്തുകൾ (അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീകലഹു വ അശ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വറസൂലുഹു) ചൊല്ലൽ നല്ലതാണ്. അതിന് ശേഷം വാങ്കിന്റെ ദുആ ചെയ്യുക. ശേഷം സ്വന്തത്തിന് വേണ്ടിയും ദുആ (അല്ലാഹുമ്മ ഇജ്അൽനീ മിനത്തവ്വാബീന… ഉദാഹരണം) നടത്തുക (ഫത്ഉൽമുഈൻ). മഗ്‌രിബിന്റെ വാങ്കിന് ശേഷം ‘അല്ലാഹുമ്മ ഹാദാ ഇഖ്ബാലു ലൈലിക വ ഇദ്ബാറു നഹാരിക്ക വ അസ്വ്‌വാത്തു ദുആതിക ഫഗ്ഫിർലീ’ എന്ന് ചൊല്ലൽ സുന്നത്താണ്. വാങ്കിന്റെയും ഇഖാമത്തിന്റെയും മുമ്പ് സ്വലാത്ത് ചെല്ലൽ സുന്നത്താണെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. വാങ്ക് കേൾക്കുമ്പോൾ സംസാരിക്കുന്നത് ഗൗരവമുള്ള കാര്യമാണ്. ഈമാൻ ലഭിക്കാതെ മരിക്കാനും ദുർമരണത്തിനും അത് കാരണമാകുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്.
വാങ്കിന്റെ കർമശാസ്ത്രം
ഏറ്റവും ശക്തമായ സുന്നത്ത് എന്നതാണ് വാങ്കിന്റെ കർമശാസ്ത്ര വീക്ഷണം. പൂർവികരുടെ സരണിയാണതിന് തെളിവ്. മാലിക്ബ്‌നു ഉവൈറിസിൽ നിന്ന് ഉദ്ധരണം. ഞാൻ നബി(സ്വ)യുടെ അടുക്കൽ ചെന്നു. എന്റെ കൂടെ നാട്ടുകാരിൽ ചിലരുമുണ്ട്. ഇരുപത് ദിവസം നബിയുടെയടുക്കൽ ഞങ്ങൾ താമസിച്ചു. വലിയ ദയാലുവും കാരുണ്യവാനുമായിരുന്നു മുഹമ്മദ് നബി(സ്വ). കുടുംബത്തിന്റെ അടുക്കലേക്ക് പോകണമെന്ന ഞങ്ങളുടെ ആഗ്രഹം കണ്ടപ്പോൾ അവിടുന്ന് പറഞ്ഞു: ‘നിങ്ങൾ മടങ്ങിപ്പോവുക, നാട്ടുകാരുടെ കൂടെ താമസിക്കുക. അവരെ പഠിപ്പിക്കുക, നിസ്‌കരിക്കുക. നിസ്‌കാര സമയമെത്തിയാൽ വാങ്ക് വിളിക്കുക. ഒരാൾ ചെയ്താൽ മതി. നിങ്ങളിൽ വലിയവൻ ഇമാമത്ത് നിൽക്കുകയും ചെയ്യുക.’
വാങ്ക് സാമൂഹിക ബാധ്യതയാണെന്നാണ് മറ്റൊരു പക്ഷം. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു പ്രദേശത്ത് വാങ്ക് കൊടുത്തിട്ടില്ലെങ്കിൽ നാട്ടുകാർ മുഴുവൻ കുറ്റക്കാരായിത്തീരും. ഒരു ദേശത്ത് മൂന്ന് പേർ താമസിക്കുന്നു. അവിടെ വാങ്കും ഇഖാമത്തും നടക്കുന്നില്ല. എങ്കിൽ അവരെ പിശാച് കീഴ്‌പ്പെടുത്തിയിട്ടുണ്ട് (അഹ്മദ്). ഫർള് നിസ്‌കാരങ്ങൾക്ക് മാത്രമാണ് വാങ്ക് നിർദേശിക്കപ്പെട്ടിട്ടുള്ളത്. തനിച്ച് നിസ്‌കരിക്കുന്നവൻ തനിക്ക് കേൾക്കുന്ന രീതിയിലും ജമാഅത്തിന് വാങ്ക് വിളിക്കുന്നവൻ മറ്റുള്ളവർ കേൾക്കുന്ന രീതിയിലുമാണ് വാങ്ക് കൊടുക്കേണ്ടത്.
സുന്നത്ത് നിസ്‌കാരങ്ങൾക്ക് വാങ്ക് സുന്നത്തില്ലെങ്കിലും ജമാഅത്ത് സുന്നത്തുള്ള സുന്നത്ത് നിസ്‌കാരങ്ങളിൽ ‘അസ്സ്വലാത്ത ജാമിഅ’ എന്ന് പറയൽ പ്രത്യേകം നിർദേശിക്കപ്പെട്ടതാണ്. ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) അത് ഉദ്ധരിച്ചിട്ടുണ്ട്.
ഒരു പള്ളിയിൽ ഔദ്യോഗിക ജമാഅത്തിനാണ് ഉച്ചത്തിൽ വാങ്ക് വിളിക്കേണ്ടത്. രണ്ടാം ജമാഅത്തിന് വാങ്ക് വിളിയിൽ ശബ്ദം ഉയർത്തരുത്. ഖളാആയി നിർവഹിക്കുന്ന നിസ്‌കാരങ്ങൾക്ക് വാങ്ക് സുന്നത്തുണ്ട്. കൂടുതൽ നിസ്‌കാരങ്ങൾ ഖളാ ഉണ്ടെങ്കിൽ ആദ്യ നിസ്‌കാരത്തിന് മാത്രം വാങ്ക് വിളിച്ചാൽ മതി. തിരുനബിക്കും അനുയായികൾക്കും ഒരു യാത്രയിൽ സുബ്ഹ് നഷ്ടപ്പെട്ടു. സൂര്യൻ ഉദിച്ചതിന് ശേഷമാണ് അവർ ഉണർന്നത്. പ്രസ്തുത പ്രദേശത്ത് നിന്ന് അവർ കുറച്ച് ദൂരം സഞ്ചരിച്ചു. ശേഷം ഒരിടത്തിറങ്ങി തിരുനബി(സ്വ) വുളൂഅ് ചെയ്തു. ബിലാൽ(റ) വാങ്ക് വിളിച്ചു. നബി(സ്വ) രണ്ട് റക്അത്ത് നിസ്‌കരിച്ചു. ശേഷം സുബ്ഹി നിസ്‌കരിച്ചു (മുസ്‌ലിം).
സ്ത്രീകളുടെ ജമാഅത്തിന് ഇഖാമത്ത് മാത്രമാണ് സുന്നത്തുള്ളത്. നിസ്‌കാരത്തിനുള്ള വാങ്ക് സ്ത്രീക്ക് നിർദേശിക്കപ്പെട്ടിട്ടില്ല. ശബ്ദം ഉയർത്തേണ്ട കർമമായത്‌കൊണ്ട് സ്ത്രീ അത് ചെയ്യേണ്ടതില്ല. സന്നിഹിതരായവർക്കാണല്ലോ ഇഖാമത്ത്. അതവർക്ക് ആവാം. സ്ത്രീകളുടെ ജമാഅത്തിന് വേണ്ടിയാണെങ്കിലും ഉച്ചത്തിൽ വാങ്ക് കൊടുക്കൽ ഹറാമാണ്. അന്യപുരുഷന്മാർ അവിടെ ഇല്ലെങ്കിലും പാടില്ല. പുരുഷന്റെ ഉത്തരവാദിത്വമാണ് സന്ദേശ കൈമാറ്റം. പുരുഷന് പകരം സ്ത്രീ അത് നിർവഹിക്കുന്നു എന്നതാണ് സ്ത്രീക്ക് വാങ്ക് നിഷിദ്ധമാകാനുള്ള കാരണം. ബുജൈരിമി(റ) അടക്കമുള്ള നിരവധി കർമശാസ്ത്ര ഗ്രന്ഥങ്ങൾ ഇത് വിശദീകരിച്ചിട്ടുണ്ട്.
പദങ്ങളുടെ ക്രമത്തിലും തുടർച്ചയിലും വാങ്ക് നിർവഹിക്കണം. വാങ്കിന്റെ പ്രധാന നിബന്ധനകളിൽ ഒന്നാണ് ഇത്. വാങ്കിന്റെ ക്രമങ്ങളിൽ എണ്ണം കൂട്ടുന്നതോ ക്രമം തെറ്റിക്കുന്നതോ തുടർച്ചക്ക് ഭംഗം വരുന്നതോ ഒന്നും ശരിയായ വാങ്കായി പരിഗണിക്കപ്പെടുകയില്ല. ഏറ്റവും നല്ല മധുര ശബ്ദമുള്ളവരായിക്കണം വാങ്കുകാർ. ആകർഷണത്തിന് അത് ഏറെ ഉപകാരപ്രദമാണ്. നിസ്‌കാര സമയമായാൽ വാങ്ക് വിളിക്കുക എന്നത് വാങ്കിന്റെ ശർത്വായി എണ്ണപ്പെടുന്നു.
സുബ്ഹി നിസ്‌കാരത്തിന് രണ്ട് വാങ്ക് നിർദേശിക്കപ്പെട്ടതുകൊണ്ട് പാതി രാത്രിക്ക് ശേഷംതന്നെ ഒരു വാങ്ക് കൊടുക്കാവുന്നതാണ്. സുബ്ഹിയുടെ വാങ്കിൽ ഹയ്യഅലകൾക്ക് ശേഷം ‘അസ്സ്വലാത്തു ഖൈറും മിനന്നൗം’ എന്നു പറയേണ്ടതുണ്ട്. കേൾക്കുന്നവൻ ‘സ്വദഖ്ത വബറിർത’ എന്ന് ചൊല്ലി പ്രതികരിക്കണം. ഖളാആയ സുബ്ഹിയുടെ വാങ്കിലും ഇത് സുന്നത്തുണ്ട്. ഇതിൽ ഇടത്/വലത് ഭാഗങ്ങളിലേക്ക് തിരിയേണ്ടതില്ല.
ഇഖാമത്തും വാങ്കിനെ പോലെ മഹത്ത്വമുള്ളതാണ്. വാങ്കിന് നിർദേശിക്കപ്പെട്ട നിബന്ധനകളും സുന്നത്തുകളും കരാർ നൽകപ്പെട്ട പ്രതിഫലങ്ങളുമെല്ലാം ഇഖാമത്തിനുമുണ്ട്. നിസ്‌കാരത്തോട് അടുത്ത് നിൽകുന്ന ദിക്‌റുകൾ എന്ന പ്രതേ്യകതയും ഇഖാമാത്തിനുണ്ട്. ഇമാമത്തിനേക്കാൾ മഹത്ത്വം വാങ്കിനും ഇഖാമത്തിനുമുണ്ടെന്നാണ് ആഇശ ബീവി(റ)യുടെ പക്ഷം. അല്ലാഹുവിലേക്ക് വിളിക്കുന്നവരെക്കാൾ നല്ലവർ നിങ്ങളിൽ ആരാണ് എന്ന വചനം വാങ്കുകാരെ കുറിച്ചാണെന്ന് ആഇശ(റ) വ്യാഖ്യാനിക്കുന്നുണ്ട്.
പ്രസവിക്കപ്പെട്ട കുട്ടിയുടെ വലത് ചെവിയിൽ വാങ്കും ഇടത് ചെവിയിൽ ഇഖാമത്തും വിളിക്കൽ പ്രത്യേകം സുന്നത്താണ്. അങ്ങനെ ചെയ്യുന്ന കുട്ടികൾക്ക് പിശാച്ബാധ ഏൽക്കില്ലെന്ന് ഹദീസിൽ വന്നിട്ടുണ്ട്. ആദ്യമായി കേൾക്കപ്പെടുന്നത് അല്ലാഹുവിന്റെ വചനങ്ങളാവണമെന്നതും അതിന്റെ താൽപര്യമാണ്. പിശാച് ബാധയേറ്റവർ, ദു:ഖബാധിതൻ, ചീത്ത സ്വഭാവി എന്നിവരുടെ ചെവിയിൽ വാങ്ക് വിളിച്ചാൽ ശമനമുണ്ടാകുമെന്ന് മഖ്ദൂം(റ) ഫത്ഹുൽ മുഈനിൽ കുറിക്കുന്നുണ്ട്. മയ്യിത്തിനെ ഖബറിലേക്കിറക്കിവെക്കുന്ന സമയത്തോട് വാങ്ക് വിളി ഒത്തുവന്നാൽ മയ്യിത്തിന് ഖബറിൽ വിചാരണക്ക് ആശ്വാസമുണ്ടാകുമെന്ന് ഇബ്‌നുഹജർ(റ) ശറഹുൽ ഉബാബിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സാരവും സമ്പന്നവുമാണ് വാങ്കിന്റെ ആശയം. അദ്ദഅ്‌വത്തു താമ്മ (പൂർണ ബോധനം) എന്ന് വാങ്കിന് പേര് വരാൻ കാരണം ഇത് കൂടിയാണ്.
ഇലാഹി പരിശുദ്ധി ബോധിപ്പിച്ച്‌കൊണ്ടാണ് വാങ്കിന്റെ തുടക്കം. നാല് പ്രാവശ്യം അത് ആവർത്തിക്കുന്നു. അല്ലാഹു അല്ലാതെ വേറെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതരാണെന്നുമുള്ള സത്യവാചകങ്ങളാണ് തൊട്ടുടനെ. വിശ്വാസികളുടെ മുഖ്യ ആരാധനയായ നിസ്‌കാരത്തിലേക്കും നിത്യ വിജയത്തിലേക്കുമുള്ള വിളിയാളമാണ് പിന്നീട്. അല്ലാഹുവിന്റെ പരിശുദ്ധി ഒന്ന് കൂടി ആവർത്തിച്ച് അവനല്ലാതെ ആരാധ്യനില്ലെന്ന് ആണയിട്ട് പറഞ്ഞ് വാങ്ക് അവസാനിക്കുന്നു. വാങ്കിന്റെ ആശയങ്ങളെ അധികരിച്ചും ദഅ്‌വത്തു താമ്മ പ്രസരണം ചെയ്യുന്ന സന്ദേശങ്ങളെ കുറിച്ചും നിരവധി ഗ്രന്ഥങ്ങൾ വിരചിതമായിട്ടുണ്ട്.
(അവസാനിച്ചു)