വിചാരണയില്ലാതെ സ്വര്‍ഗം നേടിയവര്‍

‘നിങ്ങളില്‍ നിന്ന് എഴുപതിനായിരം പേര്‍ വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവരുടെ മുഖകമലം പൗര്‍ണമി രാവിലെ ചന്ദ്രനെ പോലെയായിരിക്കും.’
ഒരിക്കല്‍ തിരുദൂതര്‍(സ്വ) അനുയായികളോട് പറഞ്ഞു.
‘ആ വിഭാഗത്തില്‍ എന്നെ ഉള്‍പ്പെടുത്താന്‍ അവിടുന്ന് പ്രാര്‍ത്ഥിച്ചാലും…!’
കേട്ടയുടനെ തിരുസന്നിധിയില്‍ ചെന്ന് ഉക്കാശ(റ) വിനയാന്വിതനായി പറഞ്ഞു. നബി(സ്വ) അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. ഉടനെ മറ്റൊരു അന്‍സ്വാരി ഓടിവന്നു, വിചാരണ രഹിതനായി സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹവും നബി(സ്വ)യോട് ആവശ്യപ്പെട്ടു.
‘ഉക്കാശ മുന്നിലെത്തി നിന്നെ പിറകിലാക്കിയിരിക്കുന്നു. ആ പ്രാര്‍ത്ഥന സഫലീകരിക്കുകയും ചെയ്തിരിക്കുന്നു’ നബി(സ്വ) പ്രതികരിച്ചു.
തിരുതേട്ടത്തിന് പാത്രീഭൂതനായി നേട്ടം കൊയ്ത ഉക്കാശതുബ്നു മിഹ്സ്വിന്‍(റ) സുമുഖനും സുന്ദരനുമായ ചെറുപ്പക്കാരനാണ്. ഖുറൈശികളുടെ അഭിമാന ഭാജനവും. മെയ്യഴക് മഹാന്റെ വലിയ സമ്പത്തായിരുന്നു. ഹിജ്റക്കു മുമ്പുതന്നെ മക്കയില്‍ വെച്ച് സത്യസാക്ഷ്യം വഹിക്കുകയും പ്രവാചകരുടെ സദസ്സിലെ നിത്യസന്ദര്‍ശകനായി മാറുകയും ചെയ്ത ഉക്കാശ(റ) പ്രബലരായ തിരുശിഷ്യരില്‍ ഒരാളായി പരിഗണിക്കപ്പെടുന്നു.
ബദ്ര്‍, ഉഹ്ദ്, ഖന്ദഖ്, ഖൈബര്‍, തബൂക്, മക്കാവിജയം, ഹുനൈന്‍ തുടങ്ങി സുപ്രധാനമായ പല യുദ്ധങ്ങളിലും ഇതിഹാസമായി ഉക്കാശ(റ).
‘നമ്മുടെ അനുചര വ്യൂഹത്തില്‍ ഉത്തമനായ ഒരു കുതിരപ്പടയാളിയുണ്ട്’ ഒരു യുദ്ധവേളയില്‍ നബി(സ്വ) അഭിമാനം കൊണ്ടു.
‘ആരാണത് തിരുനബിയേ..?’ സദസ്സില്‍ നിന്നാരോ ചോദിച്ചു.
‘ഉക്കാശതുബ്നു മിഹ്സ്വിന്‍ തന്നെ!’
‘യാ റസൂലല്ലാഹ്, അദ്ദേഹം ഞങ്ങളുടെ ആളാണല്ലോ’ സദസ്സിലുണ്ടായിരുന്ന ളിറാറുല്‍ അസദ്(റ) പറഞ്ഞു.
‘നിങ്ങളുടെ മാത്രമല്ല, അദ്ദേഹം ഞങ്ങളുടെയും ആളാണ്’ തിരുദൂതര്‍(സ്വ) തിരുത്തി.
ബദ്ര്‍ പടയില്‍ ഉക്കാശ(റ) നിറഞ്ഞുനിന്നു. അണികള്‍ക്കിടയിലൂടെ ചാട്ടുളി പോലെ തുളച്ചുകയറി ശത്രുക്കളെ സംഹരിച്ചു കൊണ്ടിരുന്നു. അതിനിടയില്‍ തന്റെ കരവാള്‍ മുറിഞ്ഞു. യുദ്ധം കൊടുമ്പിരി കൊള്ളവെ നിരായുധനായി അണിയിലേക്ക് മടങ്ങിവന്ന അദ്ദേഹത്തിന് ഈത്തപ്പനത്തടിയുടെ കഷ്ണം എടുത്തു നല്‍കി തിരുദൂതര്‍(സ്വ) പറഞ്ഞു:
‘ഉക്കാശാ, പടക്കളത്തിലേക്ക് ചെന്നു ഇതുകൊണ്ടു പൊരുതൂ.’
ലോകഗുരു നല്‍കിയ ഈത്തപ്പന വടി മൂര്‍ച്ചയേറിയ വാള്‍കണക്കെ ചുഴറ്റി ശത്രുനിരയിലേക്ക് എടുത്തുചാടി മിന്നല്‍പിണരുകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഉക്കാശക്ക് നല്‍കിയ വടി മൂര്‍ച്ചയേറിയ വാളായി പരിണമിച്ചുവെന്ന് ഇബ്നു ഇസ്ഹാഖ് തുടങ്ങിയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തി.
ആ വാളിന് ‘ഔന്‍’ എന്ന് നാമകരണം ചെയ്തുവെന്നും അതുപയോഗിച്ചായിരുന്നു പിന്നീട് ഉക്കാശ(റ)യുടെ പടയോട്ടങ്ങളെന്നും ഇബ്നുഹിശാമില്‍ ഉദ്ധരിക്കപ്പെട്ടു കാണാം.
ബദ്ര്‍ യുദ്ധത്തിന് മുമ്പ് അബ്ദുല്ലാഹിബ്നു ജഹ്ശ്(റ)ന്റെ നേതൃത്വത്തില്‍ പ്രവാചകര്‍(സ്വ) അബൂഹുദൈഫ, ഉത്ബതുബ്നു ഗസ്വാന്‍, സഅദുബ്നു അബീ വഖാസ്, വാഖിദുബ്നു അബ്ദില്ല, ഖാലിദുബ്നു ഖൈര്‍, സുഹൈലുബ്നുല്‍ ബൈളാഅ്(റ.ഹും) തുടങ്ങി എട്ടുപേരെ അതിസാഹസികമായ ഒരു ദൗത്യത്തിന് നിയോഗിച്ചിരുന്നു. അവരില്‍ ഉക്കാശ(റ)യും ഉള്‍പ്പെട്ടിരുന്നു.
തിരുദൂതര്‍(സ്വ) ദൗത്യതലവനായ അബ്ദില്ലാഹിബ്നു ജഹ്ശ്(റ)ന്റെ കൈവശം ഒരെഴുത്ത് കൊടുത്തു. സംഘം സഞ്ചരിക്കേണ്ട വഴി നിര്‍ദേശിച്ചുകൊണ്ടിങ്ങനെ പറഞ്ഞു: ‘നിങ്ങള്‍ യാത്രയാവുക, നിങ്ങളുടെ നിയോഗലക്ഷ്യം ഈ എഴുത്തിലുണ്ട്. യാത്ര രണ്ടുനാള്‍ പിന്നിട്ട ശേഷം മാത്രമേ ഈ എഴുത്ത് തുറന്നു വായിക്കാവൂ. അന്നേരം സംഘാംഗങ്ങളില്‍ ആര്‍ക്കെങ്കിലും വിയോജിപ്പോ വിസമ്മതമോ ഉണ്ടെങ്കില്‍ അവരെ ഉടനെ നാട്ടിലേക്ക് തിരിച്ചയക്കുക. അവശേഷിച്ചവര്‍ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചുവരികയും ചെയ്യുക.’
ദൗത്യവാഹകര്‍ ഉത്സാഹപൂര്‍വം യാത്രയായി. യാത്ര രണ്ടു ദിവസം പിന്നിട്ടു. അവര്‍ തിരുനിര്‍ദേശം ഓര്‍ത്തു. കരുതിവെച്ച എഴുത്ത് തുറന്നുവായിച്ചു. അതിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു: ‘ശത്രുക്കളുടെ സങ്കേതമായ നഖ്ലയില്‍ ചെന്ന് രഹസ്യമായി ഖുറൈശികളുടെ നിലപാട് അറിഞ്ഞു മടങ്ങിവരിക.’
കത്തില്‍ നിന്നും കാര്യം ഗ്രഹിച്ച നായകന്‍ അബ്ദുല്ല(റ) സഹകാരികളുടെ ഇംഗിതമാരാഞ്ഞു. ആര്‍ക്കും എതിര്‍പ്പും നിസ്സഹകരണവുമില്ല. ഏകമനസ്സോടെ നേതൃനിര്‍ദേശം അംഗീകരിച്ചു. അവര്‍ നഖ്ലയിലെ ശത്രുപാളയത്തിലേക്ക് നടന്നു. മക്കക്കും ത്വാഇഫിനും ഇടക്കുള്ള പ്രദേശമാണ് നഖ്ല.
ദുല്‍ഖഅദ്, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നീ നാലു മാസങ്ങള്‍ പൂര്‍വകാലം മുതലേ അറബികള്‍ ആദരണീയ മാസമായി കണ്ടിരുന്നു. ആ മാസങ്ങളില്‍ യുദ്ധമോ രക്തച്ചൊരിച്ചിലുകളോ ഉണ്ടാക്കാവുന്നതല്ല. ഇസ്ലാമും അവ പവിത്രമാസമായി അംഗീകരിക്കുകയുണ്ടായി.
നഖ്ലയില്‍ എത്തിയ എട്ടംഗ സംഘത്തിന് പക്ഷേ, ചെറിയൊരു സംഘത്തിനോടു ചെറുത്തുനില്‍ക്കേണ്ടിവന്നു. ബന്ധികളുമായി ദൗത്യസംഘം മദീനയിലേക്ക് മടങ്ങി. ഈ സംഭവം വലിയ ബഹളത്തിന് വഴിയൊരുക്കി. ഇസ്ലാമിനെതിരെ പ്രചണ്ഡമായ പ്രചാരണം നടന്നു. മുഹമ്മദും അനുയായികളും സമാദരണീയ മാസങ്ങളുടെ പവിത്രത കളങ്കപ്പെടുത്തിയിരിക്കുന്നു. അവര്‍ റജബ് മാസത്തില്‍ സൈനിക നടപടി കൈക്കൊണ്ടിരിക്കുന്നു. പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇതേറെ ചര്‍ച്ചയായി. വിഷയത്തില്‍ ഖുര്‍ആന്‍ പ്രതികരിച്ചതിങ്ങനെ:
‘ആദരണീയ മാസങ്ങളില്‍ യുദ്ധം ചെയ്യുന്നത് ഗുരുതരം തന്നെ. പക്ഷേ, അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ മാര്‍ഗത്തില്‍ നിന്നും മസ്ജിദുല്‍ ഹറാമില്‍ നിന്നും ജനങ്ങളെ തടയുകയും അതിന്റെ അനുയായികളെ അവിടെനിന്നും പുറംതള്ളുകയും ചെയ്യുന്നത് ഏറെ ഗുരുതരമായ പാതകമാകുന്നു. കൊലയേക്കാള്‍ വലുതത്രെ ഫിത്ന’ (2/217).
തിരുദൂതരുടെ സ്നേഹാദരങ്ങള്‍ക്കും പ്രാര്‍ത്ഥനക്കും പാത്രീഭൂതനായി ഉക്കാശ(റ) ധന്യജീവിതം നയിച്ചു. റസൂലിനെ ജീവനിലേറെ സ്നേഹിച്ചു. റസൂലിന്റെ റഫീഖുല്‍ അഅ്ലയിലേക്കുള്ള പോക്ക് അദ്ദേഹത്തെ ദുഃഖസാഗരത്തിലേക്ക് നയിച്ചു.
ഒന്നാം ഖലീഫയായി സിദ്ദീഖ്(റ) അവരോധിതനായി. ഉക്കാശ(റ) ഖലീഫയുടെ കല്‍പനകള്‍ക്ക് കാതോര്‍ത്തു. വിശുദ്ധ മതത്തിനെതിരെ തിരിഞ്ഞ ഛിദ്രശക്തികളെ ഒതുക്കിനിര്‍ത്താന്‍ ഖാലിദുബ്നുല്‍ വലീദ്(റ)ന്റെ നേതൃത്വത്തില്‍ നിയുക്തമായ സൈനികരില്‍ ഉക്കാശ(റ)യും സ്ഥാനം പിടിച്ചു.
പ്രവാചകരുടെ കാലത്ത് മുസ്ലിമാവുകയും റസൂലിന്റെ വിയോഗാനന്തരം മതപരിത്യാഗം നടത്തുകയും പ്രവാചകത്വം വാദിക്കുകയും ചെയ്ത തുലൈഹയുടെ നാട്ടില്‍ മുസ്ലിം സൈന്യം പ്രവേശിച്ചപ്പോള്‍ സ്ഥിതിഗതികളറിയാന്‍ ഖാലിദ്(റ) നിയോഗിച്ചത് സാബിതുബ്നുല്‍ അര്‍ഖം(റ)നെയും ഉക്കാശ(റ)യെയുമായിരുന്നു.
അവരിരുവരും സൈന്യത്തിനു മുമ്പ് തുലൈഹയുടെ ദേശത്ത് പ്രവേശിച്ചു. അശ്വാരൂഢരായ അവര്‍ മുസ്ലിം യോദ്ധാക്കളില്‍ നിന്നും ഒളിച്ചോടി പോവുകയായിരുന്ന തുലൈഹയുടെയും സഹോദരന്‍ സലമയുടെയും മുമ്പില്‍ അകപ്പെട്ടു. അവര്‍ക്കു പിന്നില്‍ അവരുടെ സൈന്യവുമുണ്ടായിരുന്നു. ഉക്കാശ(റ) തുലൈഹയെയും സാബിത്(റ) സലമയെയും നേരിട്ടു. ശക്തമായ സംഘട്ടനത്തിനു ശേഷം സാബിത്(റ)നു വെട്ടേറ്റു. എന്നാല്‍ ഉക്കാശ(റ)യോട് ചെറുത്തു നില്‍ക്കാനാവാതെ തുലൈഹ അവശനായിരുന്നു. തന്റെ സഹോദരന്‍ പ്രതിയോഗിയായ സാബിതില്‍ നിന്നും രക്ഷപ്പെട്ടതു കണ്ട തുലൈഹ സഹോദരനോടു സഹായം ആവശ്യപ്പെട്ടു. അതോടെ, ഉക്കാശ(റ) രണ്ടുപേരെയും നേരിടേണ്ടി വന്നു. അതിനിടെ സലമയുടെ വെട്ടേറ്റു ഉക്കാശ(റ)യും നിലംപതിച്ചു. അതോടെ തിരുദൂതരുടെ ആ രണ്ടു ഇഷ്ടതോഴരും രക്തസാക്ഷികളായി. സൈന്യാധിപന്‍ ഖാലിദുബ്നു വലീദ്(റ) അവരുടെ ജനാസ കണ്ടുപിടിച്ചു. അന്ത്യവിശ്രമമൊരുക്കി. തുലൈഹയുടെ അനുയായികളെ പരാജയപ്പെടുത്തുകയും ചെയ്തു.
തുലൈഹ പിന്നീട് പശ്ചാതപിക്കുകയും ഇസ്ലാമിലേക്ക് മടങ്ങുകയും ചെയ്തു. ശിഷ്ട ജീവിതം ഇസ്ലാമിക സേവനത്തിനായി വിനിയോഗിച്ചു. റോമാപേര്‍ഷ്യന്‍ യുദ്ധങ്ങളില്‍ സംബന്ധിച്ചു. പടക്കളത്തില്‍ അദ്ദേഹം കാഴ്ചവെച്ച സാഹസിക കൃത്യങ്ങള്‍ ഉമര്‍(റ)ന്റെയും സഅദുബ്നു അബീവഖാസ്(റ)ന്റെയും പ്രകീര്‍ത്തനത്തിനും പ്രശംസക്കും പാത്രമാവുകയും ചെയ്തു.
(സുവറുന്‍ മിന്‍ ഹയാതി സ്വഹാബ)

 

ടിടിഎ ഫൈസി പൊഴുതന

Exit mobile version