ഖുര്‍ആനില്‍, മാതാപിതാക്കളോട് കാണിക്കേണ്ട കാരുണ്യവും സ്നേഹവും പെരുമാറ്റ രീതികളും പ്രത്യേകം ഉണര്‍ത്തുകയും, അവര്‍ നമുക്കുവേണ്ടി സഹിച്ച പ്രയാസങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും കൊടിയപാപമായ ബഹുദൈവാരാധന അരുതെന്നും ഉണര്‍ത്തിയതിന് തൊട്ടുപിറകെ അല്ലാഹു നിര്‍ദേശിച്ചത് മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നാണ്. വിഷയോചിതമായ ചില ഖുര്‍ആന്‍ വചനങ്ങള്‍ വായിക്കുക:
തന്റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യനോട് നാം അനുശാസിച്ചിരിക്കുന്നു (അന്‍കബൂത്/8).
മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം ഉപദേശം നല്‍കിയിരിക്കുന്നു. ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്. എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്റെ അടുത്തേക്കാണ് നിന്റെ മടക്കം (ലുഖ്മാന്‍/14,15).
മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്നും മാതാവ് വളരെ പ്രയാസപ്പെട്ടുകൊണ്ടാണ് അവനെ ഗര്‍ഭം ധരിച്ചതും പ്രയാസപ്പെട്ടു കൊണ്ടാണ് പ്രസവിച്ചതെന്നും അല്ലാഹു മനുഷ്യരെ ഓര്‍മപ്പെടുത്തുന്നു.
തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ടുപേരുമോ നിന്റെയടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ വെറുപ്പ് തോന്നുന്ന ഒരു വാക്കുപോലും പറയുകയോ, കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോടു കൂടി എളിമയുടെ ചിറക് നീ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതു പോലെ ഇവരോട് നീ കരുണ കണിക്കേണമേ എന്ന് നീ പ്രാര്‍ത്ഥിക്കുകയും ചെയ്യുക (ഇസ്റാഅ്/24).
മാതാപിതാക്കളോട് നാം നടത്തേണ്ട സമീപനത്തിന്റെ ഹൃദ്യമായ ആവിഷ്കാരമാണ് ഇത്. സ്നേഹം പകരുന്നതല്ലാത്ത ഒരുവിധ പ്രവര്‍ത്തനങ്ങളും അവരുമായി ഉണ്ടാകാവതല്ല.
റസൂലിന്റെ ഉപദേശങ്ങള്‍
ഇരുലോക വിജയത്തിന് നിദാനമായ മുഴുവന്‍ കാര്യങ്ങളും പഠിപ്പിച്ച അതുല്യ ഗുരുവാണല്ലോ തിരുനബി(സ്വ). സ്വന്തം മാതാവിനെ ഓര്‍ത്ത് കണ്ണീരൊഴുക്കിയ റസൂല്‍(സ്വ) മാതാപിതാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാന്‍ ശക്തമായ ഭാഷയില്‍ നിര്‍ദേശിച്ചു. അവരെ സ്വര്‍ഗ കവാടങ്ങളാണെന്ന് പരിചയപ്പെടുത്തി. ജന്മം നല്‍കി, ജീവിതത്തിന് അര്‍ത്ഥവും വെളിച്ചവും തന്നത് മാതാപിതാക്കളാണെന്നതിനാല്‍ അവരോട് ആദരവോടെ മാത്രമേ നാം പെരുമാറാവൂ. അവരോട് അനുവര്‍ത്തിക്കേണ്ട മര്യാദകളും കടപ്പാടുകളും അതിന്റെ ശ്രേഷ്ഠതകളും വിശദീകരിക്കുന്ന തിരുനബി(സ്വ)യുടെ ഉപദേശങ്ങളില്‍ ചിലതു കാണാം.
പ്രിയങ്കര കര്‍മം
അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറയുന്നു: അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ കര്‍മമേതാണെന്ന് നബി(സ്വ)യോട് ഞാന്‍ ചോദിച്ചു. അവിടുന്ന് പറഞ്ഞു: സമയത്തിന് നിസ്കരിക്കലാണ്. പിന്നെ? മാതാപിതാക്കള്‍ക്കു ഗുണം ചെയ്യലാണ്. പിന്നെ? അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യലാണ്.
അല്ലാഹുവിനോടുള്ള നിര്‍ബന്ധ ബാധ്യതയായതിനാലാണ് നിസ്കാരത്തിന് മുന്‍ഗണന. മാതാപിതാക്കളോടുള്ളത് തീര്‍ത്താന്‍ തീരാത്ത വന്‍ ബാധ്യതയാണെന്നതിനാലും, ധര്‍മസമരത്തിന് (വൈയക്തിക ബാധ്യതയായിട്ടില്ലെങ്കില്‍) അവരുടെ അനുമതി ആവശ്യമാണെന്നതിനാലുമാണ് ജിഹാദിനേക്കാള്‍ മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുക എന്ന കര്‍മം പ്രിയങ്കരമായത്.
ഇബ്നു ബസീസ(റ) പറയുന്നു: ശാരീരികാരാധനകളില്‍ ധര്‍മസമരത്തിന് മുന്‍ഗണന നല്‍കണമെന്നതാണ് ചിന്തിച്ചാല്‍ ലഭിക്കുന്ന ആശയം. കാരണം അത് ആത്മസമര്‍പ്പണമാണല്ലോ? എന്നാല്‍ നിസ്കാരം സൂക്ഷ്മതയോടെ നിര്‍വഹിച്ച് നിലനിര്‍ത്തുന്നതും മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുന്നതില്‍ സൂക്ഷമത പുലര്‍ത്തുന്നതും നിത്യവും ആവര്‍ത്തിച്ചു വരുന്ന കാര്യങ്ങളായതിനാല്‍ സ്വിദ്ദീഖീങ്ങള്‍ക്കല്ലാതെ വേണ്ടപോലെ ഇക്കാര്യങ്ങളില്‍ ക്ഷമ കൈകൊള്ളാന്‍ സാധിക്കുകയില്ല (ഫത്ഹുല്‍ബാരി 2/10).
നന്മ ചെയ്യുക മുശ്രികാണെങ്കിലും
സത്യനിഷേധം അല്ലാഹുവിനോടുള്ള ധിക്കാരമാണെന്നതിനാല്‍ സ്വര്‍ഗ കവാടങ്ങള്‍ കൊട്ടിയടക്കാനും നരക കവാടം മലര്‍ക്കെ തുറക്കാനും നിമിത്തമായ മഹാപാപമാണ്. എന്നാല്‍ മാതാപിതാക്കള്‍ സത്യവിശ്വാസികളല്ലെങ്കിലും അവര്‍ക്ക് നന്മ ചെയ്യണമെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. മാതൃ പിതൃ ബന്ധത്തിന്റെ പവിത്രതക്ക് ഇസ്‌ലാം നല്‍കുന്ന സ്ഥാനമാണിത്.
അസ്മാഅ്(റ) പറയുന്നു: നബി(സ്വ)യുടെ കാലത്ത്, മുശ്രികത്തായിരുന്ന എന്റെ ഉമ്മ എന്റെയടുക്കല്‍ വന്നു. എന്നെ ആഗ്രഹിച്ചു വന്ന ഉമ്മയോട് ഞാന്‍ ബന്ധം ചേര്‍ക്കേണ്ടതുണ്ടോ എന്ന് നബിയോട് ഞാന്‍ വിധിതേടി. അവിടുന്ന് പറഞ്ഞു: അതേ, ഉമ്മയോട് ബന്ധം ചേര്‍ക്കുക (ബുഖാരി).
സൂറത്തുല്‍ മുംതഹിനയിലെ എട്ടാം സൂക്തം അവതരിച്ചത് ഈ വിഷയ സംബന്ധമായിരുന്നത്രേ. “മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും സ്വന്തം വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതികാണിക്കുന്നതും അല്ലാഹു നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതികാണിക്കുന്നവരെ ഇഷ്ടപ്പെടുന്നു.’
അഹങ്കാരത്തിന്റെ മേലങ്കിയണിഞ്ഞ് അബ്ദുല്ലാഹിബ്നു ഉബയ്യ്ബ്നുസലൂല്‍ നബി(സ്വ)യുടെ മേല്‍ മണ്ണ് വിതറിയപ്പോള്‍ മകന്‍ അബ്ദുല്ല(റ) റസൂലിനോട് ചോദിച്ചു: ഞാന്‍ അദ്ദേഹത്തിന്റെ തലയരിഞ്ഞ് കൊണ്ടുവരട്ടേ റസൂലേ? മാതൃകാപരമായ പ്രതികരണമായിരുന്നു നബി(സ്വ)യുടേത്: “വേണ്ട, നിന്റെ പിതാവിന് നീ ഗുണം ചെയ്യുക. നല്ല നിലയില്‍ സഹവര്‍ത്തിക്കുക.’
ആഴമേറിയ വിശ്വാസമുള്ളവര്‍ മാത്രമേ ദീനിനായി സ്വജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറാകൂ. ഇസ്‌ലാമിക ഗവണ്‍മെന്റിനു കീഴിലായി വിശുദ്ധ സമരത്തില്‍ ശഹീദാകുന്നവര്‍ക്ക് ഉന്നത പദവികള്‍ നബി÷വാഗ്ദാനം ചെയ്തിട്ടുണ്ട്. ധര്‍മസമരത്തേക്കാള്‍ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യലിനെയാണ് നബി(സ്വ) പ്രാധാന്യമുള്ളതായി കണ്ടത്.
അബ്ദുല്ലാഹിബ്നു അംറ്(റ)ല്‍ നിന്ന് നിവേദനം: വിശുദ്ധസമരത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി ഒരാള്‍ റസൂല്‍(സ്വ)യുടെ സവിധത്തിലെത്തി. അവിടുന്ന് ചോദിച്ചു: നിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ? “അതേ’ എന്ന ആഗതന്റെ മറുപടിയോട് നബി(സ്വ)÷ഇങ്ങനെ പ്രതികരിച്ചു: അവരുടെ കാര്യത്തില്‍ നീ അധ്വാനിക്കുക (മുസ്‌ലിം).
ജാഹിമ(റ) തിരുനബി(സ്വ)യോട് പറഞ്ഞു: ഞാന്‍ യുദ്ധം ചെയ്യാനാഗ്രഹിക്കുന്നു, അങ്ങയോട് കൂടിയാലോചിക്കാനാണ് ഞാന്‍ വന്നത്. അവിടുന്ന് ചേദിച്ചു: നിനക്ക് ഉമ്മയുണ്ടോ? “അതേ.’ “എങ്കില്‍ നീ അവരുടെ കൂടെ കഴിയുക, അവരുടെ കാലിന്‍ ചുവട്ടിലാണ് സ്വര്‍ഗം’ (ഹാകിം).
യുദ്ധത്തിന് പോകാന്‍ കഴിയാതെ വന്നാലും മാതാപിതാക്കള്‍ക്ക് നന്മ ചെയ്ത്കൂടുകവഴി ധര്‍മ യോദ്ധാവിന്റെ പ്രതിഫലം ലഭിക്കുമെന്ന റസൂല്‍(സ്വ)യുടെ സുവ്യക്തമായ പ്രസ്താവന ഇങ്ങനെ: അനസ്(റ) ഉദ്ധരിക്കുന്നു. ഖിന്നനായി ഒരാള്‍ നബി(സ്വ)യുടെ അരികില്‍ വന്നു പറഞ്ഞു: വിശുദ്ധയുദ്ധം ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കിലും എനിക്കതിനാവതില്ല. നബി(സ്വ) ചോദിച്ചു: നിന്റെ മാതാപിതാക്കളില്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ? അദ്ദേഹം പറഞ്ഞു: “എന്റെ ഉമ്മയുണ്ട്.’ അപ്പോള്‍ അവിടുന്ന് പറഞ്ഞു: നീ അവര്‍ക്ക് നന്മ ചെയ്ത് നിനക്കും അല്ലാഹുവിനുമിടയിലുള്ള ബാധ്യത നന്നാക്കുക. അങ്ങനെ നീ പ്രവര്‍ത്തിക്കുകയും നിന്റെ ഉമ്മ നിന്നെ തൃപ്തിപ്പെടുകയും ചെയ്തെങ്കില്‍ നീ ഹജ്ജും ഉംറയും ചെയ്തവനും ധര്‍മസമര പോരാളിയുമാണ്. അല്ലാഹുവിനെ സൂക്ഷിക്കുക, മാതാവിന് ഗുണം ചെയ്യുക (ബൈഹഖി).
അവര്‍ പിണങ്ങിയാലും
മാതാപിതാക്കളോടുള്ള ബന്ധം വിഛേദിക്കാതിരിക്കല്‍ സന്താനങ്ങള്‍ക്ക് നിര്‍ബന്ധമാണ്. അവരിങ്ങോട്ട് പിണങ്ങിയാലും അവരോട് പിണങ്ങാതെ കാരുണ്യത്തിലും നന്മയിലുമധിഷ്ഠിതമായി പെരുമാറണം. അവര്‍ അകറ്റി നിര്‍ത്തിയാലും സ്നേഹത്തോടെ അവരോട് ഒട്ടി നില്‍ക്കണം, എങ്കിലേ ബാധ്യതകള്‍ നിര്‍വഹിച്ച ഉത്തമ സന്താനങ്ങളില്‍ ഉള്‍പ്പെടൂ.
അബൂഹുറൈറ(റ) പറയുന്നു: “നബി(സ്വ)യോടൊരാള്‍ പറഞ്ഞു: ഞാന്‍ ബന്ധം ചേര്‍ക്കുന്നു, അവരെന്നോട് ബന്ധം മുറിക്കുന്നു. ഞാനവര്‍ക്ക് നന്മചെയ്യുന്നു, അവരെനിക്ക് തിന്മയും. ഞാനവരോട് വിവേകം കാണിക്കുമ്പോള്‍ അവരെന്നോട് മോശമായി സംസാരിക്കുന്നു. തിരുനബി(സ്വ) പറഞ്ഞു: പറഞ്ഞതുപോലെയാണ് നീയെങ്കില്‍ നീ അവരെ ചൂടുള്ള ചാരം തീറ്റിക്കുന്നതു പോലെയാണ്. ആ നന്മയുടെ മേല്‍ നീ നിത്യമായാല്‍ നിനക്ക് അല്ലാഹുവിന്റെ ഭാഗത്തു നിന്ന് സഹായം ഉണ്ടായിക്കൊണ്ടിരിക്കും.
ചാരം തീറ്റിക്കുന്നവനെപ്പോലെയാണെന്ന് പറഞ്ഞതിന്റെ വിവക്ഷ, നീ അവര്‍ക്ക് നന്മ ചെയ്തിട്ടും നീ അവരെ നിന്ദിക്കുന്നതു പോലെ അവര്‍ക്കുതോന്നുന്നു എന്നാണ്.
ചീത്തവിളിക്കരുത്
മാതാപിതാക്കളെ ചീത്തവിളിക്കുകയോ മറ്റുള്ളവര്‍ അവരെ ചീത്തവിളിക്കാന്‍ നിമിത്തമാകുന്ന പെരുമാറ്റങ്ങള്‍ മക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുകയോ അരുത്. മറ്റുള്ളവര്‍ തങ്ങളെ ആക്ഷേപിക്കുന്നത് അവരെ വേദനിപ്പിക്കുമെന്നതില്‍ സംശയമില്ല. നാം നിമിത്തം അവര്‍ വേദനിക്കേണ്ടിവരുന്നത് വന്‍ ദോഷമായിത്തീരും. അബ്ദുല്ലാഹിബ്നു അംറിബ്നില്‍ ആസ്വ്(റ)വില്‍ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: മാതാപിതാക്കളെ ശപിക്കുന്നത് വന്‍ദോഷങ്ങളില്‍ പെട്ടതാണ്. മാതാപിതാക്കളെ എങ്ങനെയാണ് ശപിക്കുക എന്ന് ഒരാള്‍ ചോദിച്ചു. നബി(സ്വ) പറഞ്ഞു: ഒരാള്‍ മറ്റൊരാളുടെ പിതാവിനെ ചീത്തപറഞ്ഞാല്‍ അവന്‍ തിരിച്ച് ഇവന്റെ പിതാവിനെയും ചീത്ത പറയും. അവന്റെ ഉമ്മയെ ചീത്തപറഞ്ഞാല്‍ അവന്‍ ഇവന്റെയും ഉമ്മയെ ചീത്ത പറയും (ബുഖാരി).
മുകളിലുദ്ധരിച്ച ഖുര്‍ആന്‍ ഹദീസ് വചനങ്ങള്‍ മാതാപിതാക്കളുമായി മക്കള്‍ക്കുണ്ടാവേണ്ട മികച്ച സ്നേഹബന്ധത്തെ വ്യക്തമാക്കുന്നു. വിരുദ്ധമായി നിലകൊണ്ടാല്‍ ഇരുലോക പരാജയമായിരിക്കും ഫലം.
(തുടരും)
ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍