മതവിദ്യാഭ്യാസം പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച സന്ദർഭമാണിത്. പഴയ വിദ്യാഭ്യാസ കലണ്ടർ മാറ്റി പുതിയത് ചുമരിൽ തൂക്കി. അറിവിന്റെ വിഹായസ്സു തേടി കുരുന്നുകൾ മദ്‌റസാ മലർവാടികളിലേക്ക് ഉത്സവാന്തരീക്ഷത്തിൽ പ്രവേശിച്ചു. സ്‌കൂൾ വർഷ കലണ്ടർ പ്രകാരം നടക്കുന്ന ബോർഡിംഗ്, ഇംഗ്ലീഷ് മീഡിയം മദ്‌റസകൾ പ്രവേശനോത്സവം നേരത്തേ നടത്തിയെങ്കിലും ശവ്വാലിൽ തുടങ്ങുന്ന മദ്‌റസകളാണ് വിദ്യാഭ്യാസ ബോർഡിനു കീഴിൽ ഭൂരിപക്ഷവും. സുന്നി വിദ്യാഭ്യാസ ബോർഡിനു കീഴിൽ അവയ്‌ക്കെല്ലാം പൊതു-വാർഷിക-അർധവാർഷിക പരീക്ഷകളും കൃത്യതയോടെ നടക്കുന്നു.
സമസ്തയിലെ പുനഃസംഘാടനത്തിനു മുമ്പ് ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡാണ് കേരളത്തിൽ മദ്‌റസാധ്യയനത്തിനു ചുക്കാൻ പിടിച്ചിരുന്നതെങ്കിൽ 1989-നു ശേഷം സുന്നി വിദ്യാഭ്യാസ ബോർഡ് രൂപീകരിച്ചതോടെ കൂടുതൽ ശാസ്ത്രീയവും കാലോചിതവുമായി ഇന്ത്യയൊട്ടാകെ ബോർഡ് പ്രവർത്തനങ്ങൾ മുന്നേറുകയുണ്ടായി. ഇന്ന് എട്ടു ഭാഷകളിൽ ബോർഡ് പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ഗൾഫ് രാഷ്ട്രങ്ങളിലും വ്യാപിച്ചു കിടക്കുന്ന മഹാ പ്രസ്ഥാനമായി സുന്നി വിദ്യാഭ്യാസ ബോർഡിന്റെ ദേശീയ രൂപമായ ഇസ്‌ലാമിക് എജ്യുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യ വളർന്നിരിക്കുന്നു.
സിലബസിലെയും പുസ്തക നിർമാണത്തിലെയും ശാസ്ത്രീയതയും ഗഹനതയും മൂലം അനേകം പ്രദേശങ്ങളിൽ മദ്‌റസകൾ സുന്നി വിദ്യാഭ്യാസ ബോർഡ് സിലബസിലേക്കു മാറി. ഏകശിലാത്മകമായി പ്രവർത്തിച്ചിരുന്ന പല മഹല്ലുകളിലും മറുവിഭാഗം കുഴപ്പങ്ങളുണ്ടാക്കി നാട്ടുകാരിൽ നിന്ന് പള്ളി-മദ്‌റസകൾ പിടിച്ചെടുക്കാനും സുന്നി പ്രവർത്തകർക്കെതിരെ മാരകാക്രമണങ്ങൾ അഴിച്ചുവിടാനും തുടങ്ങിയിട്ട് കാലമേറെയായി. ഈയിടെയായി അതേറെ രൂക്ഷമാണ്. അനേകം പേർക്ക് ഗുരുതര പരിക്കേറ്റു, വിദേശത്തെ ജോലി നഷ്ടപ്പെട്ടു. ജീവിത മാർഗം മുട്ടി. കാൽനൂറ്റാണ്ടിനിടയിൽ പതിനൊന്നോളം പേർ രക്തസാക്ഷികളുമായി.
ഇത്രയൊക്കെ പരാക്രമങ്ങൾ കാണിച്ച#ു പിടിച്ചുനിൽക്കാൻ ശ്രമിച്ചിട്ടും മറുവിഭാഗത്തിന്റെ ജനപിന്തുണ ദിനംപ്രതി കുറഞ്ഞുവരികയാണ്. അതിന്റെ ശരിയായ സൂചനകൾ പരാമർശിക്കാം. ചേളാരി വിദ്യാഭ്യാസ ബോർഡ് ഏറ്റവുമൊടുവിൽ മദ്‌റസകളുടെ എണ്ണം പുറത്തുവിട്ടത് ഈ കുറിപ്പ് അച്ചടി മഷി പുരളുന്നതിന്റെ തലേദിവസമാണ്. 28 മദ്‌റസകൾക്ക് പുതുതായി അംഗീകാരം നൽകിയതോടെ ആകെ എണ്ണം 9541 ആയത്രെ. ഒന്നിച്ചുനിന്ന കാലത്ത് സ്ഥാപിച്ച മദ്‌റസകളെ കൂടി ഉൾപ്പെടുത്തിയാണ് എണ്ണം പെരുപ്പിച്ചു കാണിക്കുന്നത്. അതിൽ നിരവധി സ്ഥാപനങ്ങൾ സുന്നി വിദ്യാഭ്യാസ ബോർഡ് സിലബസ്സിലേക്കു മാറിയത് അറിഞ്ഞതായി നടിക്കുന്നുപോലുമില്ല. ശാന്തം, പാവം! 89 വരെയുള്ള മദ്‌റസകളുടെ വളർച്ചയുടെ തോത് പരിഗണിക്കുമ്പോൾ പിൽക്കാല വികാസം മറുവിഭാഗത്തിൽ വലിയൊരു പൂജ്യമാണെന്ന് ചുരുക്കം.
സുന്നി സംഘടനകൾ സമസ്തയുടെ കാർമികത്വത്തിൽ ഈയടുത്ത് സമസ്ത ഡവലപ്‌മെന്റ് കൗൺസിൽ രൂപീകരിച്ച് സാർവത്രിക മതവിദ്യാഭ്യാസ സംരംഭങ്ങൾക്ക് വിപ്ലവാത്മകമായ തുടക്കം കുറിക്കുകയുണ്ടായി. ധാരാളം പ്രദേശങ്ങളിൽ ഇസ്‌ലാമിന്റെ ബാലപാഠം പിഞ്ചുകുഞ്ഞുങ്ങൾക്ക് പകരാൻ ഈ സമിതിക്കു കീഴിൽ സ്ഥാപനങ്ങളുയർന്നു. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ സുന്നി വിദ്യാഭ്യാസ ബോർഡ് പുതുതായി അംഗീകാരം കൊടുത്തത് 109 മദ്‌റസകൾക്കാണ്. ആകെ മദ്‌റസകളുടെ എണ്ണം 8239 ആയി ഉയരുകയും ചെയ്തു. 89-നു ശേഷം സുന്നികൾക്കുണ്ടായ അഭിമാനകരമായ വളർച്ചയുടെ സൂചകമാണിത്. സംഘകുടുംബത്തിനപ്പുറം മറ്റാർക്കും പങ്ക് അവകാശപ്പെടാനാവാത്ത ഉയർച്ച. പ്രസ്തുത യോഗത്തിനു ശേഷം ഓഫീസിലെത്തിയ പത്തിലധികം മദ്‌റസകളുടെ അപേക്ഷ അംഗീകാരം കാത്തുകിടക്കുകയാണെന്ന് ബോർഡ് സെക്രട്ടറി അറിയിച്ചു. കേരളത്തിൽ 93, തമിഴ്‌നാട്ടിൽ 8, കർണാടകയിൽ 3, അസമിൽ 5 എന്നീ തോതിലാണ് പ്രസ്തുത യോഗത്തിൽ മദ്‌റസകൾക്ക് അംഗീകാരം നൽകിയത്.
ഇത്ര ദീർഘമായൊരു ആമുഖം വേണ്ടിവന്നത് വിദ്യാഭ്യാസ ബോർഡിന്റെ അരിഷ്ടതയുടെ പഴയകാലം ഓർക്കുമ്പോഴാണ്. 1970 ജനുവരി 30-ലെ സുന്നി ടൈംസിൽ ഒരു ലക്ഷത്തി പതിനയ്യായിരം രൂപയുടെ ബോർഡ് ബജറ്റിനെ കുറിച്ചുള്ള റിപ്പോർട്ട് കാണാം. അതിൽ നിന്ന്:
‘കേരളത്തിലെ മതവിജ്ഞാന സാംസ്‌കാരിക മണ്ഡലത്തിൽ സേവനത്തിന്റെ അനുപമമായ പാദമുദ്ര പതിപ്പിച്ച സംഘടന 115000 ക വരവും 105000 ക ചെലവും 8000 ക മിച്ചവും കാണിക്കുന്ന 70-ലേക്കുള്ള ബജറ്റ് അംഗീകരിച്ചിരിക്കുന്നു. അംഗീകാരത്തിനയച്ച 38 മദ്‌റസകൾക്ക് ജനറൽബോഡി അംഗീകാരം നൽകുകയുണ്ടായി. ഈ വർഷം അംഗീകാരത്തിനുള്ള അപേക്ഷകൾ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും കൊല്ലാന്ത്യത്തിൽ അതിന്റെ ശതമാനം വളരെ കൂടുതലായിട്ടുണ്ടെന്നും കെപി ഉസ്മാൻ സാഹിബ് ലേഖകനോട് പറയുകയുണ്ടായി. സേവനത്തിന്റെ പരിധി തമിഴ്‌നാട്ടിൽ കൂടി വ്യാപിപ്പിക്കാൻ വിദ്യാഭ്യാസ ബോർഡ് തീരുമാനിച്ചിരിക്കുന്നു. മതവിദ്യാഭ്യാസ പ്രചാരണം തമിഴ്‌നാട്ടിൽ കൂടി വ്യാപിപ്പിക്കാൻ അപേക്ഷിക്കുന്ന ഒരു പ്രമേയം അവതരിപ്പിക്കുക വഴിയാണ് ഇത് സാധിച്ചിട്ടുള്ളത്. കൂടാതെ സമസ്തയുടെ കീഴിൽ മൂന്ന് സുപ്പീരിയർ സൂപ്പർവൈസർമാരെ നിയമിക്കുവാനും തീരുമാനിക്കുകയുണ്ടായി. ഇപ്പോൾ തന്നെ 20-ൽ പരം മുഫത്തിശുമാർ കേരളത്തിലുടനീളം മദ്‌റസകൾ പരിശോധിച്ചുകൊണ്ട് സുന്നത്ത് ജമാഅത്തിന്റെ പ്രതിനിധികളായി പ്രവർത്തിക്കുന്നുണ്ട്. യോഗ്യരും സമർത്ഥരുമായ മൂന്നു മുബല്ലിഗുമാരെ നിയമിക്കുവാനാണ് ബോർഡ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. വിദ്യാഭ്യാസ ബോർഡിന്റെയും ജംഇയ്യത്തുൽ മുഅല്ലിമീന്റെയും പരീക്ഷാ ബോർഡിന്റെയും റിപ്പോർട്ടുകൾ ജനറൽബോഡി അംഗീകരിച്ചു പാസ്സാക്കി’ -റിപ്പോർട്ട് തുടരുകയാണ്.
6.2.70-ലെ ടൈംസിൽ മറ്റൊരു റിപ്പോർട്ട് കാണാം. പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ വെച്ച് നടത്തിയ യോഗ റിപ്പോർട്ടിൽ നിന്ന്:
‘ബോർഡിന്റെയും ഡിപ്പോയുടെയും 1969 വർഷത്തെ പ്രവർത്തന റിപ്പോർട്ടുകൾ പാസ്സാക്കി. പാലക്കാട് ഭാഗത്തും കാസർഗോഡ് ഭാഗത്തും പര്യടനത്തിനായി പ്രവർത്തിക്കുന്നവർക്ക് ചെലവുകൊടുക്കാൻ തീരുമാനിച്ചു.’
ക്ലേശങ്ങൾ സഹിച്ചാണ് സമസ്ത ഈ വഴിദൂരമെല്ലാം താണ്ടിയത്. കഷ്ടനഷ്ടങ്ങൾ സഹിച്ചവരേ ചരിത്രത്തിൽ പിടിച്ചുനിന്നിട്ടുള്ളൂ. പിൽക്കാലത്ത് സമസ്ത നേടിയ പ്രാസ്ഥാനിക മേൽക്കൈ വിദ്യാഭ്യാസ ബോർഡിന്റെ കൂടി കൈത്താങ്ങിന്റെ ഫലമാണെന്നു സമ്മതിക്കാതെ വയ്യ.