വിദ്യ ജനകീയമാവണം

ഒരു മതവിദ്യാഭ്യാസ വര്‍ഷാരംഭം കൂടി. ഇതര രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി മതപഠന രംഗത്ത് ഏറെ മുന്നിലാണ് കേരളം. അക്ഷരാഭ്യാസം മുതല്‍ പിജിക്കുമപ്പുറം പിഠിച്ചെടുക്കാനുള്ള നിരവധി സൗകര്യങ്ങള്‍. ഇവയില്‍ നിന്ന് ജ്ഞാനം നേടി സമൂഹത്തെ നേര്‍വഴി നടത്തുന്ന വലിയൊരു വിഭാഗം പണ്ഡിതര്‍ ഇത്തരം സ്ഥാപനങ്ങളുടെ സമ്പാദ്യങ്ങളായി നിലനില്‍ക്കുന്നു. മദ്റസ, ദര്‍സ്, ശരീഅത്ത് ദഅ്.വ കോളേജുകള്‍ തുടങ്ങി നിരവധി സംവിധാനങ്ങള് നമുക്ക് അഭിമാനിക്കാനുള്ള വക തന്നെയാണ്. ഇവ മുന്നില്‍ വെച്ചുകൊണ്ടു തന്നെ ചില മറുചിന്തകള്‍ക്കു പ്രസക്തിയുണ്ട്. ഇത്രമേല്‍ ദീന്‍ പഠന സൗകര്യങ്ങളുണ്ടായിട്ടും പലപ്പോഴും സമൂഹത്തിനു നാണക്കേടുണ്ടാക്കുന്ന ദുഷ്‌പ്രവര്‍ത്തനങ്ങളില്‍ പേരിലെങ്കിലും മതമുള്ളവരെ കണ്ടെത്തുന്നതെന്തുകൊണ്ട്?
പണമോഹമേറി ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും നിഷ്ഠൂരമായ കൊലചെയ്ത അപരാധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വിശുദ്ധ റമളാനിലായിരുന്നുവല്ലോ. മതവിദ്യയുടെ ജനകീയവല്‍ക്കരണമാണ് ഇതിനു പരിഹാരം. ഒപ്പം ഏടുകളില്‍ നിന്ന് മതം മനസ്സിലേക്ക് പ്രവേശിപ്പിക്കുവാനുള്ള സംവിധാനങ്ങളും വേണം. മദ്റസാ പ്രസ്ഥാനം വിജയകരമായ ജനകീയ സംരംഭമാണെന്നതില്‍ സംശയമില്ല. എന്നാല്‍ അത് കൊച്ചുപ്രായത്തിലുള്ള ചില പരീക്ഷാ പഠനങ്ങളായാണ് കുട്ടികള്‍ കണക്കാക്കുന്നത്. നിരവധി വിഷയങ്ങളുടെ പോഷന്‍ തീര്‍ക്കലായി കാണാന്‍ അധ്യാപകര്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു.
ആത്മീയവികാസത്തിനു പര്യാപ്തമായ പഠനങ്ങള്‍ക്കായിരിക്കിക്കണം ഇവിടെ ഏറെ പ്രാധാന്യം നല്‍കേണ്ടത്. അനിവാര്യമാകയാല്‍ ഫിഖ്ഹ്, അഖീദ, തജ്.വീദ് എന്നിവ കൂടിയാവാം. മദ്റസാ പഠനം തീരുമ്പോഴേക്ക് ഞാനൊരു മനുഷ്യനാണെന്നും മുസ്ലിമാണെന്നുമുള്ള ബോധം മനസ്സിലും പ്രവര്‍ത്തിയിലുമുണ്ടാക്കിയെടുക്കാനായാല്‍ അതിനപ്പുറം മറ്റൊരു ഫലവും ലഭിക്കാനില്ല.
ശേഷമുള്ള പഠനമാണ് ബുദ്ധിയുറച്ച പ്രായത്തിലുള്ളത്. അത് ചെറിയ ന്യൂനപക്ഷത്തിലേക്കേ എത്തുന്നുള്ളൂ. ഇതു പരിഹരിക്കാനുള്ള ശ്രമം അടിയന്തരമായുണ്ടാവണം. ശരിക്കുമൊരു വൈജ്ഞാനിക ജനകീയവല്‍ക്കരണം. മതം മനസ്സിലേക്ക് ഇറങ്ങുന്നതിനുള്ള പരിശീലനം ചെറുപ്രായത്തില്‍ തന്നെ ലഭിക്കാതിരിക്കുന്നതാണ് പ്രശ്നങ്ങളുടെ കാതല്‍. വീട്ടകം തന്നെയും ഇതിനു പാകപ്പെടുത്തുകയാണ് വേണ്ടത്. ആള്‍ക്കൂട്ടങ്ങളുടെ പ്രഭാഷണഘോഷങ്ങള്‍ക്കല്ല, ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് നാം ശ്രദ്ധ വെക്കേണ്ടത്.

Exit mobile version