വിമലീകരിക്കുകയാണ് നിസ്‌കാരം

വീടിനു മുന്നിലൂടെ ഒഴുകുന്ന നദിയിൽ അഞ്ചു നേരം കുളിക്കുന്നതിനോടാണ് മുഹമ്മദ്(സ്വ) നിസ് കാരത്തെ ഉപമിച്ചത്. ആരാധന എന്നതിനൊപ്പം ആത്മവിശുദ്ധിയും ശാരീരിക വൃത്തിയും വർധിപ്പിക്കുന്നതാണ് നിസ്‌കാരം. ഖുർആൻ പറയുന്നു: ‘നിങ്ങൾ കൃത്യമായും നിത്യമായും നിസ്‌കാരം നിർവഹിക്കുക. നിശ്ചയം നിസ്‌കാരം നീചവൃത്തിയിൽ നിന്നും നിഷിദ്ധ കർമത്തിൽ നിന്നും തടയുന്നു (അൻകബൂത്ത് 45).

തക്ബീറതുൽ ഇഹ്‌റാമോടെയാണ് അല്ലാഹുവുമായുള്ള മുനാജാത്ത് (അഭിമുഖം) ആരംഭിക്കുക. ഐഹിക ചിന്ത, പ്രവർത്തനങ്ങളിൽ നിന്ന് നാഥനിലേക്ക് അതോടെ ചേരുകയായി. പ്രാരംഭ പ്രാർത്ഥന(ദുആഉൽ ഇഫ്തിതാഹ്)യിലൂടെ ഇക്കാര്യം വ്യക്തമായി സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. പിന്നെ അല്ലാഹുവിനെ പരിശുദ്ധിയെ വാഴ്ത്തിയും സഹായം തേടിയും ദൈവാനുഗൃഹീതരുടെ പാശം ചേരാൻ തൃഷ്ണ പങ്കുവെച്ചുമുള്ള പ്രാർത്ഥന ഫാതിഹയിലൂടെ നിർവഹിക്കുന്നതു മുതൽ അത്തഹിയ്യാത്തിലെ പാപ, ഖബർ, നരക, അന്ത്യനാൾ ശിക്ഷകളിൽ നിന്നുള്ള മോചനാർത്ഥന വരെ നിസ്‌കാരത്തിലുടനീളം ഇലാഹിനോട് സംവദിച്ച് കൊണ്ടിരിക്കുന്നു.

രാജാവിനു മുന്നിൽ പ്രജാകാര്യമവതരിക്കുമ്പോൾ അതീവ ശ്രദ്ധയും ഉൾഭയവും ഉണ്ടാകണമല്ലോ. എങ്കിൽ പിന്നെ അഖില ലോക സ്രഷ്ടാവിന്റെ മുന്നിൽ നിസ്സാരനായൊരു അടിമ എത്ര വിനയാന്വിതമായും ഭക്തിപാരവശ്യത്തോടെയും സംവദിക്കേണ്ടിവരും! അതിനാലാണ് ഖുശൂഉം (ഭയഭക്തി) നശാത്തും ( ഉന്മേശം) നിസ്‌കാരത്തിന്റെ അനിവാര്യമാകുന്നത്. ബിംബങ്ങളോ പ്രതീകങ്ങളോ ഇല്ലാത്ത, നാമവനെ കാണുന്നില്ലെങ്കിലും നമ്മെ കാണുന്ന നാഥനു മുമ്പിലാണ് വിശ്വാസി നിലകൊള്ളുന്നത്. ഈ വിചാരമുണ്ടാകുമ്പോൾ ഹൃദയത്തിൽ ഇലാഹീ ചിന്തകൾ തീവ്രസാന്ദ്രമാകുന്നു. ഇങ്ങനെ വരുമ്പോൾ സ്വാഭാവികമായും പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള മാസികാവസ്ഥ ഉടലെടുക്കാതിരിക്കില്ല. നിസ്‌കാരം പാപങ്ങളെ തടയുമെന്ന ഖുർആൻ വചനം സാരപൂർണമായി ദർശിക്കാനാവുന്നത് അപ്പോഴാണ്. ഇലാഹീ വിചാരം നിസ്‌കാരങ്ങളിലൂടെ ശക്തിപ്പെടുന്ന ഒരാൾക്ക് ശാന്തിയടയാൻ മറ്റു വഴികൾ തേടേണ്ടി വരില്ല. എല്ലാം അവൻ നാഥനിലർപ്പിക്കുന്നു.
നാഥനെ വാനോളം വാഴ്ത്തുന്ന രണ്ട് സുജൂദുകൾക്കിടയിലെ ഇരുത്തത്തിലെ ആ ചെറു പ്രാർത്ഥനയിൽ എല്ലാമുണ്ട്: ‘എനിക്ക് മാപ്പ് നൽകണം, കരുണ ചൊരിയണം, ആവശ്യ വസ്തുക്കൾ തരണം, ഉന്നതനാക്കണം, അന്നപാനം തരണം, സൽവഴിയിൽ നടത്തണം, സുഖക്ഷേമത്തിലാക്കണം’. ഇത്തരം അനവധി പ്രാർത്ഥനകൾ വ്യത്യസ്ത ശാരീരിക പ്രവർത്തന ഘട്ടങ്ങളിലൂടെ ഉരുവിടുമ്പോൾ കിട്ടുന്ന മാനസിക സുഖം ഒന്നു വേറെ തന്നെ. നമ്മുടെ കാര്യങ്ങളെല്ലാം കേൾക്കാൻ, ഭാരങ്ങളെല്ലാം ഏറ്റെടുക്കാൻ ഒരാളുണ്ടാവുക എന്നത് തന്നെ വലിയ ആശ്വാസമല്ലേ!
ഇങ്ങനെയൊക്കെയുള്ള ഒരു വിശ്വാസിക്ക് നിസ്‌കാരത്തിനപ്പുറം മന:ശാന്തിക്കും ഏകാഗ്രതക്കും മറ്റൊരഭ്യാസവും ആവശ്യമായി വരില്ല. മേനിയിൽ അമ്പ് പറിക്കാൻ, പഴുത്ത അവയവം മുറിച്ചു മാറ്റാൻ നിസ്‌കാരത്തിലേക്ക് പ്രവേശിച്ചവരും തൂക്കുമരത്തിന് താഴെ വെച്ച് അന്ത്യാഭിലാഷമായി രണ്ട് റക്അത്ത് നിസ്‌കരിക്കാൻ അവസരം ചോദിച്ചുവാങ്ങിയവരും ചരിത്രത്തിലുണ്ട്. വല്ല വിഷയങ്ങളും നബിയെ അസ്വസ്ഥപ്പെടുത്തിയാൽ അവിടന്ന് നിസ്‌കാരത്തിലേക്ക് ഉളരുമായിരുന്നുവെന്ന് ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്തിട്ടുണ്ട്.

‘അവർ പറയുന്നത് നിമിത്തം അങ്ങേക്ക് മന:പ്രയാസം അനുഭപ്പെടുന്നുവെന്ന് തീർച്ചയായും നാം അറിയുന്നു. അതുകൊണ്ട് താങ്കൾ രക്ഷിതാവിനെ സ്തുതിക്കലോട് കൂടെ അവന്റെ പരിശുദ്ധിയെ വാഴ്ത്തുക, സുജൂദ്(നിസ്‌കാരം)കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക’ (ഹിജ്ർ 97, 98). ഈ ആയത്തിന്റെ വിശദീകരണങ്ങളിൽ ജ്ഞാനികൾ കുറിച്ചു: തസ്ബീഹ്, തഹ്‌മീദ്, നിസ്‌കാരം (ഇതിൽ തസ്ബീഹും തഹ്‌മീദും ഉൾക്കൊണ്ടിട്ടുണ്ട്) എന്നിവ ഹൃദയത്തിന്റെ ഇടുക്കങ്ങളും ദു:ഖങ്ങളും നീങ്ങാൻ സഹായകമാകും. മനുഷ്യൻ ഇത്തരം ആരാധനകളിൽ ഏർപ്പെടുമ്പോൾ അവന് ആത്മീയ പ്രകാശം വെളിവാകും. ഈ പ്രകാശ പ്രാപ്തിയോടെ ഈ ലോകം പൂർണമായും നിസ്സാരമായനുഭവപ്പെടും. അപ്പോൾ ഐഹിക നേട്ടങ്ങളും കോട്ടങ്ങളും അവന് സമമായിരിക്കും. നേട്ടം കൊണ്ട് പ്രത്യേക സന്തോഷമോ കോട്ടം മൂലം നീരസമോ അവനുണ്ടാവില്ല. ഒരു ദു:ഖവും സങ്കടവും അവനെ അസ്വസ്ഥപ്പെടുത്തില്ല (ശൈഖ് സാദ).

രണ്ട് ശഹാദത്തുകൾക്ക് ശേഷം ഏറ്റവും ശ്രേഷ്ഠമായ കർമം നിസ്‌കാരമാണ്. ആദ്യമായി അന്ത്യനാളിൽ വിചാരണ ചെയ്യപ്പെടുന്നതും അത് തന്നെ. അത്രക്ക് പ്രധാനമാണത്. മിഅ്‌റാജിനു ശേഷം ജിബ്‌രീൽ(അ) നിർവഹിച്ചു കാണിച്ച് പ്രവാചകരിലൂടെ, സ്വഹാബത്തിലൂടെ നമുക്കു ലഭിച്ചതാണീ ആരാധനാക്രമം. ‘ഞാൻ നിസ്‌കരിച്ചതു പോലെ നിങ്ങളും നിസ്‌കരിക്കൂ’ എന്ന പ്രവാചക വചനം പ്രസിദ്ധം. ഒരിക്കൽ ഇബ്‌നു മസ്ഊദ്(റ) ചോദിച്ചു: ഏറ്റവും നല്ല കർമമെന്താണ് നബിയേ? കൃത്യസമയത്തു നിസ്‌കരിക്കുക എന്നായിരുന്നു മറുപടി (ബുഖാരി, മുസ്‌ലിം). അബൂഹുറൈ(റ) ഉദ്ധരിച്ച ഹദീസിൽ അഞ്ച് നേരത്തെ നിസ്‌കാരങ്ങൾ പാപങ്ങളെ പൊറുപ്പിക്കും എന്നു കാണാം.

പദവി വർധിപ്പിക്കാനും നിസ്‌കാരത്തിനാകും. തന്റെ സേവകനായ സൗബാനോടൊരിക്കൽ പ്രവാചകർ(സ്വ) പറഞ്ഞു: സുജൂദുകൾ വർധിപ്പിക്കുക. നിന്റെ പദവി വർധിച്ചിട്ടും പാപം മായ്ചിട്ടുമല്ലാതെ ഒരു സുജൂദും നിർവഹിക്കപ്പെടുന്നില്ല (മുസ്‌ലിം). സ്വർഗത്തിൽ നബിസാമീപ്യ പദവിയും നിസ്‌കാരം കൊണ്ട് കിട്ടും. റബീഅത്തുബ്‌നു കഅ്ബുൽ അസ്‌ലമി(റ) തിരുനബി(സ്വ)ക്ക് രാത്രി നിസ്‌കാരത്തിന് അംഗശുദ്ധിക്കുള്ള വെള്ളവുമായി ചെന്നപ്പോൾ ഇഷ്ടപ്പെട്ടത് ചോദിക്കാൻ നിർദേശിച്ചു. തിരുസാമീപ്യം സ്വർഗത്തിലും വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എങ്കിൽ നീ സുജൂദ് വർധിപ്പിക്കുക എന്നായിരുന്നു പ്രതികരണം (മുസ്‌ലിം).

വിചാരണ നാൾ വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അന്നാണ് അന്തിമ ജയവും തോൽവിയും. നിസ്‌കാരം നിർവഹിക്കുന്നവനന്ന് വലിയ പ്രഭയും വിജയവുമുണ്ടാക്കും. അല്ലാത്തവന് കൊടിയ പരാജയവും. നബി(സ്വ) ഒരിക്കൽ പറഞ്ഞു: ആരെങ്കിലും പതിവായി നിസ്‌കാരം സൂക്ഷിച്ചാൽ അന്ത്യനാളിൽ അവന് പ്രഭയും വിജയവും സൽപട്ടവും ഉണ്ടായിരിക്കും. സൂക്ഷിച്ചില്ലെങ്കിൽ വിജയവും പ്രഭയുമില്ലാതെ ഖാറൂൻ, ഫിർഔർ, ഹാമാൻ, ഉബയ്യ് ബ്‌നു ഖലഫ് എന്നിവരോടൊപ്പമായിരിക്കുന്നതുമാണ് (അഹ്‌മദ്, ദാരിമി).

ഫർള് നിസ്‌കാരങ്ങൾ പുരുഷന്മാർ പള്ളിയിൽ വെച്ചു നിർവഹിക്കുന്നതിന് പ്രത്യേകം പ്രതിഫലമുണ്ട്. പുണ്യഭവനത്തിലേക്കുള്ള ഒരു ചവിട്ടടിയും വിശ്വാസിക്ക് വെറുതെയാവുന്നതല്ല. റസൂൽ(സ്വ) പറഞ്ഞു: ആരെങ്കിലും വീട്ടിൽ വെച്ച് ശുദ്ധികർമങ്ങൾ വരുത്തിയ ശേഷം നിർബന്ധ ബാധ്യത വീട്ടാൻ അല്ലാഹുവിന്റെ ഏതെങ്കിലും ഭവനത്തിലേക്ക് നടന്നാൽ, ഒരോ രണ്ട് ചവിട്ടടിയിലും ഒന്നു കാരണം ദോഷം പൊറുക്കുകയും മറ്റേത് മൂലം പദവി വർധിക്കുകയും ചെയ്യും (മുസ്‌ലിം).
അംഗശുദ്ധിയും റവാതിബ് സുന്നത്തുകളും വീട്ടിൽ വെച്ചായിരിക്കൽ പ്രത്യേകം സുന്നത്തുണ്ട്. അഞ്ച് ഫർളിനും വുളൂഅ് വീട്ടിൽ നിന്ന് നിർവഹിക്കുന്നവന് ഇഹ്‌റാം ചെയ്ത ഹാജിയുടെ പ്രതിഫലമുണ്ടെന്നും ളുഹാ നിസ്‌കാരം (ളുഹാ പള്ളിയിൽ വെച്ച് നിസ്‌കരിക്കൽ പ്രത്യേകം സുന്നത്തുണ്ട്.) മാത്രം ലക്ഷ്യം വെച്ച് പള്ളിയിൽ പോയാൽ ഉംറ ചെയ്തവന്റെ കൂലിയുണ്ടെന്നും നബി പറഞ്ഞിട്ടുണ്ട് (അത്തർഗീബു വത്തർഹീബ് 2 / 292).

രാത്രികാലങ്ങളിൽ മസ്ജിദിലേക്ക് നടക്കുന്നവനും വലിയ മഹത്ത്വമുണ്ട്. നബി(സ്വ) പറഞ്ഞു: ഇരുട്ടിൽ പള്ളിയിലേക്ക് നീങ്ങുന്നവരെ അന്ത്യനാളിലെ പൂർണ പ്രകാശം കൊണ്ട് സന്തോഷമറിയിക്കുക (അബൂദാവൂദ്, തിർമുദി). കടുത്ത ശൈത്യത്തിലും ഇരുളിലും പള്ളിയിലേക്ക് നടന്നുനീങ്ങിയ അന്ധനായ അബ്ദുല്ലാഹി ബ്‌നു ഉമ്മി മക്തൂം(റ) എന്ന സ്വഹാബി വലിയ മാതൃക തന്നെയാണ്. പ്രഭാതത്തിലും പ്രദോഷത്തിലും പള്ളിയിലേക്ക് പുറപ്പെട്ടവർക്കായി സ്വർഗത്തിൽ എല്ലാ പ്രദോഷ പ്രഭാതങ്ങളിലും സൽക്കാരം ഒരുക്കുന്നതാണ് (ബുഖാരി, മുസ്‌ലിം).
നിസ്‌കാരത്തെ പ്രതീക്ഷിച്ചിരിക്കുന്നത് തന്നെ പുണ്യമാണ്. ഒരിക്കൽ തിരുദൂതർ സ്വഹാബത്തിനോട് ചോദിക്കുന്നുണ്ട്. സ്ഥാനങ്ങളുയരുന്ന, പാപങ്ങൾ പൊറുക്കുന്ന ഒരു കാര്യം ഞാൻ പറഞ്ഞ് തരട്ടേ? അവർ: ‘അതേ. അല്ലാഹുവിന്റെ ദൂതരേ’. അവിടന്ന് പറഞ്ഞു: വെറുക്കപ്പെടുന്ന സന്ദർഭത്തിൽ വുളൂഅ് പൂർണമായെടുക്കുക. പള്ളിയിലേക്ക് ചവിട്ടടികൾ വർധിപ്പിക്കുക. ഒരു നിസ്‌കാരത്തിന് ശേഷം അടുത്ത നിസ്‌കാരത്തെ പ്രീതിക്ഷിച്ചിരിക്കുക. അവ രിബാത്ത്(നന്മയുടെ മേൽ നിലകൊള്ളൽ) ആണ് (മുസ്‌ലിം 251).

ശൈത്യമുള്ള രാത്രികളിൽ തണുപ്പ് വകവെക്കാതെ അവയവങ്ങൾ മൂന്ന് പ്രാവശ്യം കഴുകിയും കയറ്റിക്കഴുകിയും സുന്നത്തുകൾ പരിപൂർണമായി പരിഗണിച്ചും ചെയ്യുമ്പോഴാണ് വുളൂ പൂർണമാകുന്നത്. (അവയവങ്ങളിൽ ശോഷണമോ കലയോ വീഴ്ത്തുന്ന സാഹചര്യമുണ്ടെങ്കിൽ തണുപ്പിൽ വുളൂ എടുക്കാൻ ഇസ്‌ലാം നിഷ്‌കർഷിക്കുന്നില്ല. അപ്പോൾ തയമ്മും മതിയാവുന്നതാണ്.) ഇത് നിസ്‌കാരത്തിലേക്ക് തയ്യാറാവുന്നവന്റെ ബാഹ്യ ഭാഗങ്ങൾ ശുദ്ധീകരിക്കുന്നു. നിസ്‌കാരം കഴിയുമ്പോഴേക്കും ഹൃദയവും തഥാ. ചുരുക്കത്തിൽ നിസ്‌കാരം പൂർണമായും മനുഷ്യനെ വിമലീകരിക്കുകയാണ്.

കാൽനടയായി പള്ളിയിൽ പോകുന്നതിനാണ് വാഹനത്തിൽ പുറപ്പെടുന്നതിനേക്കാൾ പ്രതിഫലം. സുന്നത്തുകളെ നിസ്സാരമായി കാണരുത്. ആരോഗ്യമുള്ള സമയത്തെങ്കിലും പള്ളിയിലേക്ക് ബൈക്കെടുക്കാതിക്കുക. ശാന്തമായി നടക്കുക. കാലത്ത് നടക്കുന്ന സ്വഭാവമുണ്ടെങ്കിൽ സുബ്ഹ് ജമാഅത്ത് കണക്കാക്കി വീട്ടിൽ നിന്നിറങ്ങുക. പ്രതിഫലമുണ്ടാകും. ഉബയ്യ് ബ്‌നു കഅ്ബ്(റ) പറയുന്നു: പള്ളിയിലെ ജമാഅത്ത് ഉപേക്ഷിക്കാത്ത ഒരാളുണ്ടായിരുന്നു. അദ്ദേഹത്തേക്കാൾ ദൂരത്ത് താമസിക്കുന്ന മറ്റൊരാളെ എനിക്കറിയില്ല. അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: ഒരു കഴുതയെ വാങ്ങിയാൽ ഇരുളിലും അത്യുഷ്ണത്തിലും നിങ്ങൾക്ക് സുഖമായി യാത്ര ചെയ്യാമല്ലോ. അപ്പോൾ ഇതായിരുന്നു പ്രതികരണം: വീട് പള്ളിക്കടുത്താവൽ എന്നെ സന്തോഷിപ്പിക്കുന്നില്ല. പള്ളിയിലേക്ക് നടക്കുന്നതിന്റെയും തിരികെ വീട്ടിലേക്ക് നടക്കുന്നതിന്റയും കാലടികൾ രേഖപ്പെടുത്തപ്പെടാൻ (തന്മൂലം പ്രതിഫലം ലഭിക്കാൻ) ഞാൻ ആഗ്രഹിക്കുന്നു. അപ്പോൾ നബി തിരുമേനി പ്രതികരിച്ചു: അല്ലാഹു അതിനെയെല്ലാം (പ്രതിഫലം) നിനക്ക് ഒരുമിച്ച് കൂട്ടിയിരിക്കുന്നു.

നിസ്‌കാരം കഴിഞ്ഞാൽ അതേ സ്ഥലത്തിരിക്കുന്നതിനും വലിയ പുണ്യമുണ്ട്. നിസ്‌കരിച്ച സ്ഥലത്തായിരിക്കുമ്പോഴെല്ലാം മലക്കുകൾ അവന് ഗുണം വർഷിക്കുമെന്നും ‘അവന് നീ കരുണ ചൊരിയണേ, പാപം പൊറുക്കണേ, പശ്ചാത്താപം സ്വീകരിക്കണേ’ എന്നൊക്കെ അവർ പ്രാർത്ഥിക്കുമെന്നും ബുഖാരി(റ), മുസ്‌ലിം(റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം.

നിസ്‌കാരിക്കാത്തവന്റെ വിശ്വാസത്തിന് അത്ര ദൃഢതയുണ്ടാവില്ല. കാര്യങ്ങളുടെ മേൽക്കൂര ഇസ്‌ലാമാണ്. അതിന്റെ തൂൺ നിസ്‌കാരവും. തൂൺ മറിഞ്ഞാൽ മേൽകൂരയും തകരും (തിർമുദി, ഹാകിം). മതത്തിന്റെ അടിസ്ഥാന ശിലകളിൽ അതിപ്രധാനമായ നിസ്‌കാരം ഉപേക്ഷിക്കുന്നവന് മതത്തിൽ ബഹുമതിയില്ല. നിസ്‌കാരത്തിന്റെ നിർബന്ധത്തെ നിഷേധിക്കുന്നവനെ അവിശ്വാസിയായി മതം വിധിക്കും. മനപ്പൂർവം ഉപേക്ഷിക്കുന്നവനെ ഉപദേശിച്ചിട്ടും ഫലമില്ലെങ്കിൽ തക്കതായ ശിക്ഷാമുറകൾ വിധിക്കും ഇസ്‌ലാമിക രാജ്യത്തെ ശരീഅത്ത് കോടതികൾ. അത്രമേൽ പ്രധാനമാണ് വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിസ്‌കാരം.

കെഎം സുഹൈൽ എലമ്പ്ര

Exit mobile version