വിശേഷണങ്ങളിലെ വൈവിധ്യം

വെണ്ണക്കോട് ബശീർ ഫൈസി ഉസ്താദിന്റെ ദർസിൽ പഠിക്കുന്ന കാലത്താണ് അരീക്കോട് മജ്മഇൽഅഇ ദഅ്‌വാ കോളേജ് ആരംഭിക്കുന്നതും ഉസ്താദ് അവിടെ ജോലി ഏൽക്കുന്നതും. ഉചിതമായൊരു ദർസിൽ എന്നെ ചേർത്തു തരണമെന്ന് ഫൈസി ഉസ്താദിനോട് തന്നെ അഭ്യർത്ഥിച്ചു. ഏറെനേരം ആലോചിച്ച ശേഷം അദ്ദേഹം പറഞ്ഞു: ‘എല്ലാ ഘടകങ്ങളും പരിഗണിച്ചപ്പോൾ ഏറ്റവും അനുയോജ്യമായി എനിക്ക് തോന്നുന്നത് ചെറിയ എപി ഉസ്താദിന്റെ ദർസാണ്. നമുക്ക് അവിടെ ചേരാം.’
കാര്യങ്ങളെല്ലാം വിശദമാക്കി ഒരു എഴുത്ത് ഉസ്താദ് നൽകുകയും അതുമായി ഞാൻ കരുവംപൊയിലിലെ ചെറിയ എപി ഉസ്താദിന്റെ വീട്ടിൽ പോവുകയും ചെയ്തു. അങ്ങനെയാണ് കാന്തപുരത്തെ ദർസിൽ പ്രവേശം നേടുന്നത്.
മുഖ്തസ്വറിന്റെ സബ്ഖിലാണ് ആദ്യം പങ്കെടുത്തത്. തുടക്കത്തിൽ ഒരമ്പരപ്പായിരുന്നു. കൂടെ എത്താനാവാത്ത അവസ്ഥ. പതുക്കെ പതുക്കെ അദ്ദേഹത്തിന്റെ ശൈലി ബോധ്യമായി. അതോടെ സബ്ഖുകളുടെ നിർവൃതി അനുഭവിച്ചുതുടങ്ങി. വായിച്ച് അർത്ഥംവെക്കുന്ന പതിവു രീതിയായിരുന്നില്ല ഉസ്താദിന്റേത്. വിഷയങ്ങൾ മനസ്സിൽ തറക്കുന്ന വിധമുള്ള വിശദീകരണങ്ങളായിരുന്നു പ്രത്യേകത. ചോദ്യങ്ങൾ ചോദിച്ചും ചോദിപ്പിച്ചും ഉത്തരങ്ങളന്വേഷിക്കുന്നവരായി വിദ്യാർത്ഥികളെ മാറ്റുകയായിരുന്നു ഉസ്താദ്. ചോദ്യമില്ലാത്തവന് ഉത്തരം ലഭിക്കുമ്പോഴുള്ള അനുഭവമല്ലല്ലോ ഉത്തരം തേടി നടക്കുന്നവർ അത് കണ്ടെത്തുമ്പോൾ ഉണ്ടാകുന്നത്. അത്തരമൊരവസ്ഥയിലേക്ക് വിദ്യാർത്ഥികളെ ക്രമപ്പെടുത്തുന്നതായിരുന്നു ഉസ്താദിന്റെ ശൈലി.
ഉസ്താദിന്റെ ക്ലാസുകൾ എല്ലാവരും സാകൂതം ശ്രദ്ധിക്കും. ക്ലാസിനു വേണ്ടി വലിയ മുന്നൊരുക്കങ്ങൾ നടത്താറില്ല എന്നാണ് ഞാൻ മനസ്സിലാക്കിയത്. പക്ഷേ ഹാശിയകളിൽ പറഞ്ഞ കാര്യങ്ങൾ അവതരണങ്ങളിൽ നിറയെ ഉണ്ടായിരിക്കും. ചിലപ്പോൾ വിഷയത്തിലെ സ്വന്തം കാഴ്ചപ്പാടും പങ്കുവെക്കും. അതിൽ പിഴവ് സംഭവിച്ചാൽ ഉസ്താദ് തന്നെ തിരുത്തും. പഠിതാക്കൾക്ക് പറയാനുള്ളതും അവരുടെ സംശയങ്ങളും നന്നായി ശ്രദ്ധിക്കും. അത് ഉസ്താദിന് ഏറെ താൽപര്യമുള്ളതായിരുന്നുവെന്നതിന് പ്രസന്നമായ മുഖഭാവം തന്നെ സാക്ഷി.
ഫന്നും(വിഷയം) കിതാബും ഏതായാലും അറിവിന്റെ എല്ലാ വശങ്ങളും പഠിച്ചുപോകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അതുകൊണ്ടു തന്നെ മഹല്ലിയിൽ തർഖീബ് വെപ്പിക്കും, ബുഖാരിയിൽ സീഗ പറയേണ്ടിവരും. മുൻജിദിന്റെ തുടക്കത്തിലുള്ള വസ്‌നുകളുടെ അർത്ഥം വിശദീകരിക്കുന്ന ഭാഗം പഠിപ്പിച്ചത് ഓർക്കുന്നു.
അധ്യാപന രംഗത്ത് എല്ലാ വിഷയങ്ങളും ഉസ്താദിന് തുല്യമാണ്. ഒരു ഫന്നിലെ ക്ലാസുകൾ മെച്ചം, മറ്റേത് മോശം എന്ന് തോന്നിയിരുന്നില്ല. പ്രയാസമുള്ള ഭാഗങ്ങൾ പഠിപ്പിക്കാനാണ് കൂടുതൽ ഇഷ്ടം എന്ന് തോന്നിയിട്ടുണ്ട്താനും. ഓരോ വിദ്യാർത്ഥിയെയും മനസ്സിലാക്കിയാണ് ഉസ്താദിന്റെ ക്ലാസുകൾ പുരോഗമിക്കുക. പിന്നാക്കക്കാരെ പ്രത്യേകം പരിഗണിക്കും, പ്രോത്സാഹിപ്പിക്കും.
വിവിധ കിതാബുകൾ കൈകാര്യം ചെയ്യുമ്പോൾ മുസന്നിഫീങ്ങൾ (ഗ്രന്ഥകർത്താക്കൾ) ഉദ്ദേശിച്ച ആശയതലങ്ങൾ ഒട്ടും ചോർന്നുപോവാതെ സൂക്ഷ്മമായി അവതരിപ്പിക്കാൻ ഉസ്താദ് ശ്രദ്ധിക്കാറുണ്ടായിരുന്നു. മഹല്ലിയിൽ ‘വഇൻ ഖവിയൽ ഖിലാഫു’ എന്നതിന് ‘എതിരഭിപ്രായം ശക്തമായാൽ’ എന്ന് അർത്ഥം പറഞ്ഞത് പിന്നീട് തിരുത്തിയത് ഓർക്കുന്നു. എതിരഭിപ്രായം ശക്തിയുള്ളതായാൽ അത് ‘റാജിഅ്’ ആകില്ലേ. അതിനാൽ ‘എതിരഭിപ്രായത്തിന് അൽപം ശക്തിയുണ്ടെങ്കിൽ’ എന്നാണ് പറയേണ്ടതെന്ന് വിശദീകരിക്കുകയുണ്ടായി. ഇത്തരത്തിൽ അറിവിന്റെ സൂക്ഷ്മവും പിഴവുകളില്ലാത്തതുമായ കൈമാറ്റമാണ് ഉസ്താദ് നിർവഹിച്ചത്.
ഗ്രന്ഥലോകവുമായി അദ്ദേഹം കാണിച്ച പരിചയം അത്ഭുതകരമാണ്. ഇരുന്ന് മുത്വാലഅ (പാരാവർത്തനം) ചെയ്യുന്ന പതിവൊന്നുമില്ല. എന്നാൽ വിഷയത്തിലുള്ള പണ്ഡിതലോകത്തിന്റെ തീർപ്പ് എന്താണെന്ന് നിർണയിക്കാൻ ഗ്രന്ഥം പരിശോധിക്കുമ്പോൾ ഉസ്താദ് നിവർത്തുന്ന പേജിൽ അല്ലെങ്കിൽ അതിന്റെ തൊട്ടടുത്ത് അന്വേഷിക്കുന്ന ഇബാറത്തുണ്ടാകും. പത്ത് വാള്യമുള്ള തുഹ്ഫയിൽ നിന്ന് ഒരു വരി കണ്ടെത്താൻ ഉസ്താദിന് നിമിഷങ്ങൾ മതി. അവ്വിധം ഓരോ വരിയുമായും നല്ല ‘പരിചയ’മുണ്ടായിരുന്നു.
അറിവ് നേടിയെടുക്കാനുള്ള വഴികളെല്ലാം തുറന്നുതരും. നല്ല പ്രചോദനവും നൽകും. കാന്തപുരത്ത് അന്ന് വലിയ കുതുബ്ഖാനയൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് ചില കിതാബുകൾ തേടി അടുത്തുള്ള പല ദർസുകളിലേക്കും ഞങ്ങളെ അയച്ചിരുന്നു. ചാലിയം അസ്ഹരിയ്യ കുതുബ്ഖാനയിൽ ചെന്ന് താമസിച്ച് കിതാബുകൾ പരതിയതിന് പിന്നിൽ ഉസ്താദിന്റെ പ്രചോദനമല്ലാതെ മറ്റൊന്നുമല്ല. ആദർശ വിഷയങ്ങളിൽ നിരന്തരം പരിശീലനം നൽകിയിരുന്ന ഉസ്താദ് താൻ കാലങ്ങൾക്കു മുമ്പ് ക്രോഡീകരിച്ച കുറിപ്പുകൾ വരെ ഈ ആവശ്യത്തിന് നൽകിയിരുന്നു.
തർക്ക വിഷയങ്ങളിൽ തെളിവുകൾ നിർദ്ധാരണം ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ അറിവിന്റെ ആഴമാലോചിച്ച് വിസ്മയിച്ചിട്ടുണ്ട്. വ്യത്യസ്ത വിഷയങ്ങൾ പരസ്പരം ബന്ധിപ്പിച്ച് ഒരു തീർപ്പിലേക്കെത്തണമെങ്കിൽ എല്ലാ വിഷയങ്ങളിലും അവഗാഹം വേണമല്ലോ. അത് ഉസ്താദിനുണ്ടായിരുന്നു. നിസ്‌കാരങ്ങൾക്ക് ശേഷമുള്ള കൂട്ടുപ്രാർത്ഥനയെ കുറിച്ച് ഒരിക്കൽ ഉസ്താദ് പറഞ്ഞു: അതിന് കൂടുതൽ തെളിവൊന്നും പരതേണ്ടതില്ല. നിസ്‌കാര ശേഷമുള്ള പ്രാർത്ഥന സുന്നത്താണെന്ന് ഹദീസിൽ വ്യക്തമായി പറയുന്നുണ്ട്. പ്രാർത്ഥന രണ്ടു വിധമുണ്ട്. തനിച്ചും കൂട്ടമായതും. അതിലേതാണ് എന്നതാണ് പിന്നെ തീരുമാനിക്കേണ്ടത്. ഏറ്റവും ശ്രേഷ്ഠമായത് സ്വീകരിക്കണം. തനിച്ച് നിർവഹിക്കുന്നതിനേക്കാൾ കൂട്ടമായുള്ളതാണ് മഹത്തരമമെന്നത് ഇസ്‌ലാമിന്റെ പൊതുവായ നിലപാടാണല്ലോ. പിന്നെ നിസ്‌കാര ശേഷമുള്ള കൂട്ടുപ്രാർത്ഥനയുടെ പ്രമാണം കൂടുതൽ അന്വേഷിക്കേണ്ടതുണ്ടോ!’ ഇതാണ് ഉസ്താദിന്റെ ശൈലി.
നിസ്‌കരിക്കുന്നവന്റെ മുമ്പിലുണ്ടാകേണ്ട മറയെക്കുറിച്ച് മറ്റൊരിക്കൽ പരാമർശിച്ചു. ഈ വിഷയത്തിൽ നവവി ഇമാമിന് മറ്റു പണ്ഡിതന്മാരിൽ നിന്നു വ്യത്യസ്തമായ ഒരഭിപ്രായമുണ്ട്. അഥവാ, മറയിലേക്ക് നേരെ മുന്നിടുന്നതിന് പകരം അൽപം തെറ്റിയാണ് നിൽക്കേണ്ടതെന്നാണ് നവവി(റ) പറയുന്നത്. ഒരു വസ്തുവിലേക്ക് നേരിട്ട് തിരിഞ്ഞു നിസ്‌കരിക്കുമ്പോൾ ശിർക്കിന്റെ സൂക്ഷ്മമായ ഒരംശം കടന്നുകൂടിയേക്കാമെന്ന ചിന്തയാണതിന് കാരണം. അതിനാൽ അൽപം മാറിനിൽക്കാൻ പഠിപ്പിച്ചു. ഇതേ നവവി ഇമാമാണ് അദ്കാറിൽ കാലിനു കടച്ചിൽ വരുമ്പോൾ ‘യാ മുഹമ്മദാ…’ എന്ന് നബി(സ്വ)യെ വിളിക്കാൻ നിർദേശിക്കുന്നത്. ശിർക്കിന്റെ അംശം പോലും അതിജാഗ്രതയോടെ അകറ്റിനിർത്തുന്ന അദ്ദേഹം എങ്ങനെയാണ് പുത്തൻവാദികൾ പറയുന്നതുപോലെ ശിർക്കാണെങ്കിൽ നബി(സ്വ)യെ വിളിച്ചു സഹായം തേടാൻ നിർദേശിക്കുക? ഈ വിധം ആർക്കും ബോധ്യമാകുന്നതാണ് ഉസ്താദിന്റെ പ്രഭാഷണങ്ങളും അവതരങ്ങളും.
വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിലും ആത്മീയ ശിക്ഷണം നൽകുന്നതിലും അനുകരണീയ മാതൃകയായിരുന്നു അദ്ദേഹത്തിന്റേത്. പഠിപ്പിച്ചവ എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട് എന്ന് നന്നായി പരിശോധിക്കുമായിരുന്നു. ചിലപ്പോൾ ശിക്ഷയുമുണ്ടാകും. ഉസ്താദ് ആരുടെയും ഔദാര്യം സ്വീകരിച്ചിരുന്നില്ലെന്നു മാത്രമല്ല, വിദ്യാർത്ഥികളെ ഇക്കാര്യത്തിൽ നന്നായി ഉപദേശിക്കുകയും ചെയ്യുമായിരുന്നു.
എല്ലാറ്റിലുമുപരിയായി എടുത്തുപറയേണ്ടതാണ് തന്റെ പ്രിയ ഗുരുനാഥൻ കാന്തപുരം ഉസ്താദിനോടുള്ള സ്‌നേഹവും ആദരവും. ഉസ്താദിന്റെ മുന്നിലേക്ക് പോവുമ്പോൾ തലപ്പാവ് അലങ്കോലമാക്കുക, വാച്ച് മറച്ചു പിടിക്കുക, പേന എടുത്തുവെക്കുക എന്നിവയൊക്കെ ഉസ്താദിന്റെ പതിവാണ്. നിരവധി തവണ അതിന് ദൃക്‌സാക്ഷിയായിട്ടുണ്ട്. ഉസ്താദിനേക്കാൾ ഒരു പ്രൗഢിയും തനിക്ക് വേണ്ട എന്ന നിലപാട് അദബ് മാത്രമല്ല, ആ തണലിൽ ദീർഘകാലം കഴിഞ്ഞ ഒരു ശിഷ്യന്റെ സ്‌നേഹം കൂടിയാണ്. കാന്തപുരം ഉസ്താദിന്റെ രണ്ടാം മുദരിസായാണ് ചെറിയ എപി ഉസ്താദ് ദർസാരംഭിച്ചത്. ഒരു വർഷത്തിനുശേഷം കാന്തപുരം ഉസ്താദ് പൂർണ ഉത്തരവാദിത്വം ശിഷ്യന് നൽകി അവിടെ നിന്നു പിരിഞ്ഞു. അതിന് ശേഷവും ഉസ്താദ് ഉപയോഗിച്ച ഇരിപ്പിടങ്ങളും മറ്റും ചെറിയ എപി ഉസ്താദ് ഉപയോഗിച്ചിരുന്നില്ല. കാന്തപുരം മുള്ഹിറുൽ ഇസ്‌ലാം സംഘം സെക്രട്ടറിയായിരുന്ന ആപ്പാടൻകണ്ടി അബൂബക്കർ ഹാജി ഓഫീസിലെ ഒരു കസേരയെ കുറിച്ച് പറഞ്ഞത് ഓർക്കുന്നു: ‘മൊയ്‌ല്യാര് ഇരുന്ന കസേര വെറുതെയായി. ചെറിയേപ്പി അതിൽ ഇരിക്കൂല.’ ഒന്നും രണ്ടും ദിവസമല്ല, പതിറ്റാണ്ടുകളാണ് അത് അനാഥമായി കിടന്നത്.
35 വർഷം സേവനം ചെയ്ത കാന്തപുരത്തുകാരോടുള്ള ഉസ്താദിന്റെ അടുപ്പം വിവരണാതീതമാണ്. അവേലത്ത് സാദാത്തുക്കളായിരുന്നു കാന്തപുരം മഹല്ലിന്റെ നേതൃത്വം. സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ തങ്ങളടക്കം എല്ലാവരുമായും നല്ല ബന്ധമാണ് പുലർത്തിയിരുന്നത്. മൂന്നര പതിറ്റാണ്ടിനിടക്ക് ചെറിയൊരു അസ്വാരസ്യം പോലും ആരുമായും ഉണ്ടായിട്ടില്ല. ഉസ്താദിന്റെ സ്വഭാവ നൈർമല്യമാണ് കാരണം. നാട്ടുകാരുമായും വലിയ സൗഹൃദമായിരുന്നു. ഓരോരുത്തരുടെയും സുഖദു:ഖങ്ങൾ ഉസ്താദന്വേഷിക്കുമായിരുന്നു. അവേലത്ത് ഉറൂസ് നടക്കുമ്പോൾ നാട്ടുകാർ കൂടുതൽ കൂടുന്നതും സംഭാവനകൾ നൽകുന്നതും ചെറിയ എപി ഉസ്താദ് പ്രസംഗിക്കുന്ന ദിവസമാണെന്നതും അനുഭവം.
ഒരാൾ സംഭാവന നൽകിയാൽ അവരുടെ പ്രശ്‌നങ്ങളെന്താണെന്ന് പറഞ്ഞുകൊടുക്കാതെ തന്നെ അതിന്റെ പരിഹാരത്തിനായി ഉസ്താദ് ദുആ ചെയ്യുന്നത് കാണാം. വിശേഷങ്ങളെല്ലാം അടുത്തറിയുന്ന ബന്ധമായതുകൊണ്ടാണ് ഇത് സാധിച്ചത്. ഉസ്താദിനോടൊപ്പം സമയം ചെലവഴിക്കാനും സബ്ഖിന്റെ ഇടവേളകളിൽ സംസാരിക്കാനുമായി പള്ളിയിലെത്തുന്ന ചില ‘കൂട്ടുകാരുണ്ടാ’യിരുന്നു കാന്തപുരത്ത്. ശാരീരിക വൈകല്യമുള്ളവരും അന്ധരുമുണ്ടായിരുന്നു അവരിൽ. അടുപ്പം കൊണ്ട് പരസ്പരം നർമങ്ങൾ പങ്കിടുന്നതും തമാശകൾ ഒപ്പിക്കുന്നതും കാണാം. കാഴ്ച ശേഷിയില്ലാത്തവർ ചെരിപ്പ് അഴിച്ചുവെച്ച സ്ഥലം കൃത്യമായി മനസ്സിൽ ഓർത്തുവെച്ചാണ് പള്ളിയിൽ കയറുക. ചിലപ്പോൾ ചെരിപ്പ് ഉസ്താദ് സ്ഥാനം മാറ്റിവെക്കും. ഇത്തരം ഗാഢ സൗഹൃദങ്ങൾ ഉസ്താദിന്റെ നാടായ കരുവംപൊയിലിലും യഥേഷ്ടമുണ്ടായിരുന്നു.
എല്ലാവരോടും സ്‌നേഹമാണ് ഉസ്താദിന്. എന്നാൽ ആദർശ രംഗത്തുള്ള കാർക്കശ്യം അതിന്റെയെല്ലാം മുകളിലായിരുന്നു. വ്യാജ ത്വരീഖത്തുകൾക്കെതിരെയുള്ള സമസ്തയുടെ എല്ലാ നീക്കങ്ങളിലും ഉസ്താദിന്റെ സാന്നിധ്യമുണ്ടായിരുന്നു. ആലിൻതറ, കളൻതോട്, കക്കാട്, കുരുവട്ടൂർ വ്യാജ ത്വരീഖത്തുകളിലെയെല്ലാം കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്തിയതിലും സമസ്തയുടെ തീർപ്പുകൾ രൂപപ്പെടുത്തിയതിലും ഉസ്താദിന്റെ ഇടപെടൽ നിർണായകമായിരുന്നു. കുരുവട്ടൂർ ത്വരീഖത്ത് രംഗപ്രവേശം ചെയ്തപ്പോൾ അവർ ഉസ്താദിന്റെ അംഗീകാരമുണ്ടെന്ന് അവകാശപ്പെട്ടതും അദ്ദേഹത്തിന്റെ അരികിൽ ചെന്ന് ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചതും ഉസ്താദിന്റെ പിന്തുണയുണ്ടെന്ന് വരുത്താനാണ്. ചെറിയ എപി ഉസ്താദ് തന്റെ ശൈഖാണെന്ന് മുഖസ്തുതി പറഞ്ഞിട്ടും ഉസ്താദിന്റെ ആദർശതീവ്രതക്ക് മാറ്റമുണ്ടായില്ല. ജനങ്ങളുടെ ഈമാൻ തെറ്റിപ്പോകുമോ എന്ന ഭയമായിരുന്നു ഉസ്താദിന്. ഒരിക്കൽ ഈ സംഘത്തിന്റെ തലവൻ ഉസ്താദിന്റെ വീട്ടിൽ വന്നപ്പോൾ ഞാനും അവിടെയുണ്ടായിരുന്നു. ‘ഞാൻ ഫാതിഹ വിളിക്കാം, ഉസ്താദൊന്ന് ദുആ ചെയ്ത് തരൂ എന്ന് അയാൾ പറഞ്ഞു. ഉസ്താദ് തന്നെ ആശീർവദിച്ച് പ്രാർത്ഥിച്ചു എന്നു ജനമധ്യത്തിൽ വീമ്പിളക്കാനുള്ള അവസരമുണ്ടാക്കുകയായിരുന്നു കക്ഷി. എന്നാൽ ‘ഞാനില്ല, നിങ്ങൾ തന്നെ പ്രാർത്ഥിച്ചോളൂ’ എന്ന് പറഞ്ഞ് ഉസ്താദ് രംഗമൊഴിഞ്ഞു. മാത്രമല്ല, കുരുവട്ടൂരിൽ നടന്ന ആദർശ സമ്മേളത്തിൽ പ്രസംഗിച്ച് കള്ള ത്വരീഖത്തുകളോടുള്ള തന്റെ നിലപാട് പരസ്യപ്പെടുത്തുകയും ചെയ്തു. അനേകം പേർക്ക് വ്യാജ ത്വരീഖത്ത് ഉപേക്ഷിക്കാൻ അത് പ്രചോദനമാവുകയുമുണ്ടായി.
അറിവിന്റെ എല്ലാ മഹത്ത്വങ്ങളും മേളിച്ചപ്പോഴും വിനയത്തിന്റെ സൗന്ദര്യമായി ഉസ്താദ്. ഗൗരവമല്ല, നിറഞ്ഞ പുഞ്ചിരിയായിരുന്നു മുഖമുദ്ര. ബസിലെ കമ്പിയിൽ തൂങ്ങിപ്പിടിച്ചും ബൈക്കിലിരുന്നും യാത്ര ചെയ്യുന്ന, തൂമ്പയെടുത്ത് മണ്ണ് കിളക്കുന്ന, പശുവിന്റെ കയറു പിടിച്ച് തീറ്റിക്കുന്ന വേറിട്ട പണ്ഡിതൻ. വിശേഷണങ്ങളിലെ ഈ വൈവിധ്യം തന്നെയാണ് എല്ലാവരുടെയും മനസ്സിൽ ആ ഓർമകൾ നോവായി നിർത്തുന്നത്.

 

അബൂബക്കർ സഖാഫി വെണ്ണക്കോട്

Exit mobile version