അല്ലാഹുവിന്റെ സൃഷ്ടികൾ രണ്ടു വിധത്തിലുണ്ട്. ഒന്ന്, ദുനിയാവിന്റെ എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിട്ടും അല്ലാഹുവിന് വഴിപ്പെടുന്ന വിശ്വാസികൾ. സുലൈമാൻ നബി(അ) ഉദാഹരണം. നബിയും റസൂലുമാണ് അദ്ദേഹം. രിസാലത്തിനേക്കാൾ വലിയ ബഹുമതി വേറെയില്ലല്ലോ. അത് അല്ലാഹു നൽകിയ മഹത്ത്വമാണ്. മുഹമ്മദ് നബി(സ്വ) സത്യ വിശ്വാസത്തിലേക്ക് ക്ഷണിച്ചപ്പോൾ മക്കയിലെ മുശ്‌രിക്കുകൾ പറയുകയുണ്ടായി: ‘മുഹമ്മദ് പാവപ്പെട്ട കുടുംബത്തിൽ ജനിച്ചവനാണ്. എന്നാൽ ഞങ്ങളൊക്കെ വലിയ സമ്പന്നരും. അതിനാൽ അല്ലാഹു ആർക്കെങ്കിലും രിസാലത്ത് നൽകുമായിരുന്നുവെങ്കിൽ അത് ലഭിക്കേണ്ടത് ഞങ്ങളാണ്.’ അതിന് ഖുർആനിന്റെ മറുപടി: രിസാലത്ത് എവിടെയാണ് നിക്ഷേപിക്കേണ്ടത്, ആർക്കാണ് നൽകേണ്ടത് എന്ന് അല്ലാഹു അറിയുന്നവനാണ്; അത് പ്രകാരമാണ് അവൻ നൽകിയതും.
സുലൈമാൻ നബി(അ)ക്ക് രിസാലത്തിനൊപ്പം ദുനിയാവിൽ ഒരുപാട് സമ്പത്തും രാജാധികാരവും നാഥൻ നൽകി. പക്ഷേ, സുലൈമാൻ നബി(അ) മതിമറന്നില്ല. അല്ലാഹുവിനെ കുറിച്ചുള്ള ചിന്തയിലാണ് പൂർണമായും. അല്ലാഹു ഐശ്വര്യം നൽകിയവർ അങ്ങനെയാവണം. സ്വഹാബത്തിന്റെ കൂട്ടത്തിൽ അബൂബക്കർ സിദ്ദീഖ്(റ) സാമാന്യം സാമ്പത്തികമായി കഴിവുള്ളയാളായിരുന്നു. പക്ഷേ, മക്കയിൽ നിന്ന് മദീനയിലേക്ക് പോരുന്ന സമയത്ത് എല്ലാം വിറ്റു ലഭിച്ച വരുമാനം കയ്യിൽ കരുതി. മദീനയിലെത്തിയപ്പോൾ അത് ദീനിനായി ചെലവഴിച്ചു. ഉസ്മാൻ(റ) വലിയ പണക്കാരനായിരുന്നു, പ്രധാന വ്യാപാരിയും. എന്നാൽ, അതൊന്നും ഈമാൻ കുറയാൻ ഘടകമായില്ല. എല്ലാം ദീനിനായി സമർപ്പിച്ചു. അടിമകളിൽ ചിലർക്ക് റബ്ബ് ഇങ്ങനെ ഐശ്വര്യം നൽകും. പക്ഷേ, അതൊന്നും അവരുടെ വിശ്വാസത്തെ ബാധിക്കുകയില്ല.
എന്നാൽ മറ്റൊരു വിഭാഗമുണ്ട്. ദരിദ്രമായ പശ്ചാത്തലത്തിലുള്ളവർ. അതിൽ ക്ഷമിച്ച് എല്ലാം അല്ലാഹുവിൽ സമർപ്പിക്കുന്നവർ. അവർ അനുഗൃഹീതരാണ്. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം. റസൂൽ(സ്വ) പറഞ്ഞു: ‘ജഡപിടിച്ചവരും പൊടിപിടിച്ചവരുമായ എത്രയെത്ര പേർ! അവരെ ആളുകൾ തിരസ്‌കരിക്കും. എന്നാൽ, അവരെങ്ങാനും അല്ലാഹുവിനെ സത്യം ചെയ്ത് ഒരു കാര്യം പറഞ്ഞാൽ, അവനത് നിറവേറ്റുക തന്നെ ചെയ്യും.’ എത്ര വലിയ പ്രയാസങ്ങൾ വന്നാലും അതൊന്നും പ്രശ്‌നമാക്കാതെ അല്ലാഹുവിൽ സമർപ്പിച്ചവരാണ് ആ വിശ്വാസികൾ. നമ്മുടെ ജീവിതം ഏത് പ്രകാരത്തിൽ അല്ലാഹു നിശ്ചയിച്ചാലും നാം തൃപ്തരായിരിക്കണം.
ബിലാൽ(റ) എത്ര പ്രയാസം സഹിച്ചയാളാണ്. അടിമയായിരുന്നു. ഒരുപാട് പീഡനങ്ങൾ സഹിച്ചു. പക്ഷേ, വിശ്വാസത്തിന്റെ മധുരം ഹൃദയത്തിലാവാഹിച്ച് എല്ലാം സഹിച്ചു. മുത്ത്‌നബിയുടെ ഏറ്റവും പ്രിയങ്കരനായ സ്വഹാബികളിലൊരാളായിമാറി. അല്ലാഹു അദ്ദേഹത്തിന് വലിയ ശ്രേഷ്ഠത നൽകി. മിഅ്‌റാജിന്റെ രാത്രി റസൂൽ(സ്വ) സ്വർഗം സന്ദർശിക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ നല്ല ഭംഗിയുള്ള ചെരിപ്പ് ധരിച്ചു സ്വർഗത്തിലൂടെ നടക്കുന്നത് കണ്ടു. അതാരാണെന്ന് ശ്രദ്ധിച്ചുനോക്കിയപ്പോൾ ബിലാൽ(റ). ആ സംഭവം കഴിഞ്ഞു വന്നപ്പോൾ നബി(സ്വ) ബിലാലിനെ വിളിച്ചു ചോദിച്ചു: താങ്കളെ ഞാൻ സ്വർഗത്തിൽ കണ്ടല്ലോ. എന്താണ് താങ്കൾ സവിശേഷമായി പ്രവർത്തിക്കുന്നത്? അദ്ദേഹം പറഞ്ഞു: പ്രത്യേകമായി ഒന്നും ഞാൻ ചെയ്തിട്ടില്ല, എന്നാൽ എപ്പോഴും വുളൂഅ് സൂക്ഷിക്കും. സാധിക്കുമ്പോൾ സുന്നത്ത് നിസ്‌കരിക്കും. അപ്പോൾ അവിടന്ന് പ്രതിവചിച്ചു: ആ കർമമാണ് താങ്കളെ സ്വർഗത്തിൽ കടത്തിയിരിക്കുന്നത്, അത് തുടരുക.
സദ്‌വൃത്തരായ വിശ്വാസികളെ കുറിച്ച് അല്ലാഹു പറഞ്ഞല്ലോ; ‘ഈമാൻ നിങ്ങളുടെ ഹൃദയത്തിൽ ഭംഗിയാക്കി നൽകി, അവിശ്വാസവും ദോഷം ചെയ്യലും കപടവിശ്വാസവും നിങ്ങൾക്ക് വെറുപ്പുള്ളവരാക്കി, സാന്മാർഗികളിൽ ഉൾപ്പെടുത്തി. നിങ്ങൾക്ക് ബാഹ്യമായും ആന്തരികമായും അവന്റെ അനുഗ്രഹം നൽകി.’ ആ അർത്ഥത്തിലുള്ള വിശ്വാസികളാവണം നമ്മൾ. ദുനിയാവിലെ അവസ്ഥ എന്ത് തന്നെയായാലും അതിനെ ആശ്രയിച്ചാവരുത് നമ്മുടെ വിശ്വാസത്തിന്റെ ബലവും ദുർബലതയും. അല്ലാഹു നമ്മെ സദ്‌വൃത്തരിൽ ഉൾപ്പെടുത്തട്ടെ.
കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ