വുളൂഇന്റെ ആത്മശുദ്ധി

ശുദ്ധിയുടെ പ്രത്യയശാസ്ത്രമാണ് ഇസ്‌ലാം. അത് ഹൃദയത്തെയും ശരീരത്തെയും വിമലീകരിക്കുന്നു. ശിർക്ക്, അനാവശ്യ വിചാരങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള ആന്തരിക ശുദ്ധിയും അഴുക്ക്, മ്ലേച്ഛത, നജസ് തുടങ്ങിയവയിൽ നിന്നുള്ള ബാഹ്യശുദ്ധിയും ഇസ്‌ലാം ഉറപ്പുവരുത്തുന്നു. കുളി, അംഗശുദ്ധി, ദന്ത ശുചീകരണം എന്നിവയെല്ലാം കേവല ശുദ്ധി കർമത്തിനപ്പുറം ആരാധന കൂടിയാണ്. ഇത്തരം കർമങ്ങൾ ബാഹ്യശുദ്ധിക്കപ്പുറം വിശ്വാസിക്ക് ആന്തരിക ശുദ്ധി കൂടി പ്രദാനം ചെയ്യുന്നുണ്ട്.

മനുഷ്യ ജീവിതത്തിന്റെ ദൈനം ദിന വ്യവഹാരങ്ങളുടെ തുടക്കത്തിലും ഒടുക്കത്തിലുംഉണരുമ്പോഴും ഉറങ്ങാനുദ്ദേശിക്കുമ്പോഴും അംഗശുദ്ധി വരുത്തണമെന്നാണ് ഇസ്‌ലാം താൽപര്യപ്പെടുന്നത്. അത് സുന്നത്താണ്. അഞ്ച് നേരങ്ങളിലെ നിസ്‌കാരത്തിനു അംഗശുദ്ധി നിർബന്ധം.

ശുദ്ധമായ വെള്ളം കൊണ്ടാണ് ഈ ശുദ്ധീകരണം വേണ്ടത്. ബിസ്മി, നിയ്യത്ത്, ദിക്ർ തുടങ്ങിയവ കൂടി ചേരുമ്പോൾ ഹൃദയവും ശുദ്ധമാകുന്നു. അങ്ങനെ ഒരു കർമത്തിലൂടെ രണ്ട് നേട്ടങ്ങൾ കൈവരിക്കാനാവുന്നു.
വുളൂ ചെയ്തു കഴിയുമ്പോഴേക്കും ഇറ്റി വീഴുന്നതു വെള്ളത്തുള്ളികൾ മാത്രമല്ല, ചെറു പാപങ്ങൾ കൂടിയാണ്. തിരുനബി(സ്വ) പറഞ്ഞു: ഒരു വിശ്വാസിയായ അടിമ വുളൂ ചെയ്താൽ മുഖം കഴുകുന്ന വെള്ളത്തിനൊപ്പം കണ്ണുകൾ മൂലം സംഭവിച്ച തെറ്റുകൾ പൊഴിഞ്ഞു പോവുന്നതാണ്. കൈ കഴുകുമ്പോൾ അവയുടെ ദോഷങ്ങളും കാൽ ശുദ്ധിയാക്കുമ്പോൾ നടത്തം മൂലമുള്ള പാപങ്ങളും ഇല്ലാതാവുന്നു. അങ്ങനെ അവൻ തെറ്റുകളിൽ നിന്ന് പരിശുദ്ധനാകുന്നു (മുസ്‌ലിം). ചെറുപാപങ്ങളാണ് വുളൂഅ് കൊണ്ട് പൊറുക്കപ്പെടുകയെന്ന് പണ്ഡിതർ വിശദീകരിച്ചിട്ടുണ്ട്.

നിസ്‌കാരത്തിന്റെ അനിവാര്യ ഘടകം എന്നതിലുപരി വുളൂഇന്റെ മഹത്ത്വം പലരും മനസ്സിലാക്കേണ്ടതനിവാര്യമാണ്. സ്വർഗീയ പദവി വർധിക്കുന്നതിന് വരെ അംഗശുദ്ധി നിദാനമത്രെ. ഒരിക്കൽ റസൂൽ(സ്വ) സ്വഹാബത്തിനോട് ചോദിച്ചു: ‘പാപങ്ങൾ പൊറുക്കുന്ന, പദവി ഉയർത്തുന്ന ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടേ?’ അവർ താൽപര്യപ്പെട്ടപ്പോൾ നബി(സ്വ) പറഞ്ഞുകൊടുത്തു: വെറുക്കപ്പെടുന്ന സാഹചര്യത്തിൽ പൂർണമായി വുളൂ എടുക്കുക, പള്ളിയിലേക്ക് ചവിട്ടടികൾ വർധിപ്പിക്കുക, ഒരു നിസ്‌കാരത്തിന് ശേഷം മറ്റൊരു നിസ്‌കാരം പ്രതീക്ഷിച്ചിരിക്കുക (മുസ്‌ലിം). ശൈത്യത്തിലും സുന്നത്തുകളെല്ലാം പാലിച്ച് പൂർണമായി വുളൂഅ് ചെയ്യുന്നവനാണീ പ്രതിഫലം കരസ്ഥമാവുക. അതേസമയം, കൊടും ശൈത്യത്തിൽ അപകടം വരുന്ന രൂപത്തിൽ അംഗശുദ്ധി വരുത്താൻ ഇസ്‌ലാം നിഷ്‌കർശിക്കുന്നില്ല. അത്തരം ഘട്ടങ്ങളിൽ തയമ്മും മതിയാവും. പള്ളിയിലേക്ക് പോകുന്നവർ വീട്ടിൽ നിന്ന് വുളൂഅ് ചെയ്യലാണ് സുന്നത്ത്.

വിശ്വാസിയുടെ ലക്ഷ്യമായ സ്വർഗ പ്രാപ്തിക്കുള്ള വഴി കൂടിയാണ് വുളൂഅ്. നബി(സ്വ) ഒരിക്കൽ ബിലാൽ(റ)വിനോട് ഫജ്ർ നിസ്‌കാര വേളയിൽ ചോദിച്ചു: നിങ്ങളുടെ ഇരു ചെരുപ്പുകളുടെ ശബ്ദം സ്വർഗത്തിൽ ശ്രവിക്കാനിടയായല്ലോ. താങ്കൾ ഇസ്‌ലാമിൽ പൂർണ പ്രതീക്ഷയോടെ പ്രവർത്തിച്ച കർമമെന്താണ്? രാത്രിയിലും പകലിലും നല്ല രീതിയിൽ ശുദ്ധി വരുത്തി രണ്ട് റക്അത്ത് നിസ്‌കരിക്കുന്നുവെന്നല്ലാതെ മറ്റൊരു പ്രത്യേക കർമവും എനിക്കില്ലല്ലോ നബിയേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി (ബുഖാരി, മുസ്‌ലിം).

നബി(സ്വ)യുടെ പരിശുദ്ധ കരങ്ങളാൽ ഹൗളുൽ കൗസർ കുടിക്കാനാഗ്രഹിക്കാത്ത വിശ്വാസിയുണ്ടാവില്ല. തേനിനെ തോൽപ്പിക്കുന്ന മധുരവും പാലിനെ വെല്ലുന്ന വെളുപ്പുമുള്ള ആ പാനീയം കഴിച്ചാൽ പിന്നെ ദാഹമില്ല. വുളൂ ഈ സൗഭാഗ്യം സാധിപ്പിച്ച് തരും. അബൂഹുറൈറ(റ)യിൽ നിന്നുദ്ധരിച്ച ഹദീസിൽ വിശ്വസികളെ ഹൗളിന്റെയരികിൽ ഞാൻ കാത്തിരിക്കുമെന്ന് പറഞ്ഞപ്പോൾ സ്വഹാബിമാർ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ സമുദായത്തിൽ നിന്നുള്ള വിശ്വാസികളെ അങ്ങ് എങ്ങനെ തിരിച്ചറിയും? നബി തിരിച്ചു ചോദിച്ചു: ഒരുവന്റെ പുള്ളിയില്ലാത്ത കുതിരകളെ പുള്ളിയുള്ള കുതിരകൾക്കിടയിൽ നിന്ന് അവന് തിരിച്ചറിയാനാകില്ലേ? അതേ എന്നായി സ്വഹാബത്ത്. അപ്പോൾ നബി(സ്വ) പറഞ്ഞു: ‘ഞാൻ ഹൗളിനരികിൽ കാത്തിരിക്കുമ്പോൾ വുളുഅ് കാരണമായി കൈകാലുകളും മുഖങ്ങളും വെളുത്തവരായാണ് വിശ്വാസികൾ അന്ത്യനാളിൽ വരിക.’ പരലോകത്ത് മുഹമ്മദീയ സമുദായത്തെ തിരിച്ചറിയാനുള്ള മാനദണ്ഡം അവന്റെ അംഗശുദ്ധിയുടെ അടയാളമാണ്. അതിനാൽ തന്നെ അവയവങ്ങൾ വുളൂഇൽ അൽപം കയറ്റിക്കഴുകാനും പ്രവാചകർ(സ്വ) പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

മതത്തിന്റെ പാതിയാണ് ശുദ്ധി. ശുദ്ധിയുള്ളവരെയും പശ്ചാത്തപിക്കുന്നവരെയും നാഥനിഷ്ടമാണെന്ന് ഖുർആൻ സുവിശേഷമറിയിക്കുകയുണ്ടായി. യഥാർത്ഥ വിശ്വാസി സദാ ഹൃദയ, ബാഹ്യ ശുദ്ധിയുള്ളവനായിരിക്കും. വുളൂ നിരന്തരം സൂക്ഷിക്കാൻ വിശ്വാസിക്കേ സാധിക്കൂ എന്നാണ് പ്രവാചക വചനം. അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം. നബി(സ്വ) അരുളി: ഒരാൾ ഉറങ്ങിയാൽ പിശാച് അവന്റെ തലക്കു മേൽ മൂന്ന് ബന്ധനങ്ങൾ മുറുക്കും. ഉണരുമ്പോൾ അവൻ ദിക്‌റ് ചെല്ലിയാൽ ഒരു കെട്ടഴിയും. വുളൂ എടുത്താൽ രണ്ടാമത്തേതും നിസ്‌കരിച്ചാൽ മുന്നാം കെട്ടും അഴിയും. പിന്നെ പൂർണ ഉന്മേഷവാനായി ജീവിതം തുടങ്ങുകയായി ആ ദിവസം.

കിടക്കുമ്പോഴും പൂർണ ഉന്മേഷവാനായിരിക്കണം. അപ്പോഴാണ് ശാന്തമായ ഉറക്കം സാധ്യമാവുന്നത്. രാവിലെ നേരത്തേ എണീക്കാൻ ഇത് സഹായിക്കും. തെളിനീർ കൊണ്ട് ബാഹ്യാംഗങ്ങൾ തേച്ചുരച്ച് കഴുകിയുള്ള വുളൂ നിദ്രക്ക് ഉന്മേഷം തരും. ഉറങ്ങുന്ന വേളയിൽ വുളൂ സുന്നത്താണ്. പിശാചിനെ അകറ്റാനും രാത്രി മരിക്കുകയാണെങ്കിൽ അല്ലാഹുവിനെ കാണാനും അതവനെ പ്രാപ്തനാക്കും. ആത്മാവിന് അർശിങ്കൽ സാഷ്ടാംഗം ചെയ്യാനുള്ള അവസരമാണ് വുളൂ ഇല്ലാത്തവർക്ക് നഷ്ടപ്പെടുന്നത്. അബ്ദുല്ലാഹിബിനു അംറിൽ നിന്ന് നിവേദനം. റസൂൽ(സ്വ) പറഞ്ഞു: ഉറക്കത്തിൽ ആത്മാക്കൾ ആകാശത്തേക്കുയരും. അർശിന്റെയരികിൽ സുജൂദ് ചെയ്യാൻ അവയോട് ആജ്ഞാപിക്കും. ശുദ്ധിയുള്ളവർ (ഉറക്കത്തിനു മുമ്പ് വുളൂ ചെയ്തവർ) അർശിനരികിൽ സുജൂദ് ചെയ്യും. അല്ലാത്തവർ വിദൂരത്തും സുജൂദ് ചെയ്യും (ബുഖാരി).
ഇവന് നീ പൊറുത്ത് കൊടുക്കണേയെന്ന് ശുദ്ധിയോടെ ഉറങ്ങിയവന് വേണ്ടി ഒരു മലക്ക് പ്രാർത്ഥിച്ചുകൊണ്ടിരിക്കുമെന്ന് ഇബ്‌നു ഹിബ്ബാൻ(റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം. ആരാധ്യൻ അല്ലാഹു മാത്രമാണെന്നും മുഹമ്മദ് നബി(സ്വ) അവന്റെ ആദരണീയ അടിമയും ദൂതനുമാണെന്നും പ്രഖ്യാപിച്ചു കൊണ്ടുള്ള അംഗശുദ്ധീകരണം ദീനീ വിശ്വാസത്തെ കൂടി ആണയിട്ടുറപ്പിക്കുന്നതാണ്.
വുളൂഅ് കഴിഞ്ഞാലുള്ള പ്രാർത്ഥന ആകാശത്തേക്ക് നോക്കി നിർവഹിക്കണം. അത് സുന്നത്താണ്. ഈ ദുആ നിർവഹിക്കുന്നവർക്കു മുന്നിൽ സ്വർഗത്തിന്റെ എട്ട് കവാടങ്ങളും തുറക്കുമെന്ന് തിരുദൂതർ. നിരന്തരം പശ്ചാത്തപിക്കുന്നവരുടേയും ശുദ്ധിയുള്ളവരുടേയും കൂട്ടത്തിൽ എന്നെ ഉൾപ്പെടുത്തണേ എന്ന പ്രാർത്ഥന വുളൂഅ് സാധിക്കുന്ന ആന്തരിക, ബാഹ്യ ശുദ്ധിയെ അടിവരയിടുന്നു. സദാ ശുദ്ധീകരിക്കുന്നവരിലും നിരന്തരം പശ്ചാത്തപിക്കുന്നവരിലും എന്ത് അഴുക്കാണ് ശേഷിക്കുക!

കെഎം സുഹൈൽ എലമ്പ്ര

Exit mobile version