താങ്കളുടെ അത്യുന്നതനായ നാഥന്‍റെ നാമം പരിശുദ്ധമാക്കുക (അല്‍ അഅ്ലാ/1). വെള്ളിയാഴ്ചയിലെ ഇശാ, സുബ്ഹ് നിസ്കാരങ്ങളിലും ജുമുഅ, പെരുന്നാള്‍ നിസ്കാരങ്ങളിലും എല്ലാ ദിവസങ്ങളിലേയും വിത്റിലും പാരായണം ചെയ്യല്‍ സുന്നത്തുള്ള അല്‍ അഅ്ലാ എന്ന അധ്യായത്തിലെ ആദ്യ സൂക്തമാണിത്. സത്യ വിശ്വാസികള്‍ തങ്ങളുടെ നാഥന്‍റെ നാമ വിശുദ്ധി പരിഗണിച്ചു വേണം പെരുമാറാന്‍ എന്ന സന്ദേശമാണിത് നല്‍കുന്നത്. വാക്കിലും അര്‍ത്ഥത്തിലും അല്ലാഹുവിനോട് അനുയോജ്യമല്ലാത്ത എല്ലാ കാര്യങ്ങളില്‍ നിന്നും അവന്‍റെ നാമവിശുദ്ധി കാത്തു സൂക്ഷിക്കണം.
എന്നു വെച്ചാല്‍ അവന്‍റെ പ്രത്യേകമായ ഒരു നാമം സൃഷ്ടികള്‍ക്ക് വിളിക്കുന്നതും അവന്‍റെ നാമങ്ങളിലോ അതിന്‍റെ അര്‍ത്ഥത്തിലോ മറ്റുള്ളവര്‍ക്ക് പങ്കാളിത്തം കല്‍പ്പിക്കുന്നതും പാടില്ല. അവന്‍റെ വിശുദ്ധ നാമങ്ങളുരുവിടുന്നത് ഭക്തിയോടെ മാത്രമാവേണ്ടതും മാലിന്യമുള്ള സ്ഥലത്ത് വെച്ച് ആവാതിരിക്കുന്നതും ഈ വിശുദ്ധി സംരക്ഷണത്തിന്‍റെ ഭാഗമായി ശ്രദ്ധിക്കണം. ഇതുപോലെ നല്ല കാര്യങ്ങള്‍ തുടങ്ങുന്നത് അല്ലാഹുവിന്‍റെ നാമത്തിലായിരിക്കേണ്ടതും അവന്‍ വെറുത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ആ വിശുദ്ധനാമങ്ങള്‍ പറയാന്‍ പാടില്ലാത്തതുമാണ്.
അല്ലാഹുവിന്‍റെ നാമങ്ങള്‍ അവന്‍ തന്നെ നിശ്ചയിച്ചതാണ് (തൗഖീഫ്). നമ്മുടെ വകയില്‍ ഏതെങ്കിലും പേരുകള്‍ അല്ലാഹുവിന് നിര്‍മിച്ചു നല്‍കുന്നതും അവ വിളിക്കുന്നതും നിഷിദ്ധം. അല്ലാഹുവിന് അതിവിശിഷ്ട നാമങ്ങളുണ്ട്. അതിനാല്‍ അവകൊണ്ട് നിങ്ങള്‍ അവനെ വിളിക്കുക. അവന്‍റെ നാമങ്ങളില്‍ വ്യതിചലിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന്‍റെ പ്രതിഫലം അവര്‍ക്കു നല്‍കപ്പെടും (അഅ്റാഫ് 180). അല്ലാഹുവിന് അനുയോജ്യമല്ലാത്ത പേര് വിളിക്കുന്നതും അവന്‍റെ പേരുകള്‍ സൃഷ്ടികള്‍ക്ക് ഉപയോഗിക്കുന്നതും പേരുകളില്‍ കൃത്രിമം വരുത്തുന്നതും സൃഷ്ടികളുടെ വിശേഷണങ്ങളോട് സാദൃശ്യമുള്ള അര്‍ത്ഥങ്ങള്‍ നല്‍കുന്നതുമെല്ലാം നാമങ്ങളില്‍ വ്യതിചലനം നടത്തലാണ്.
മതബോധവും ദീനിതല്‍പരതയുമുള്ള പലരും അവരുടെ വാഹനത്തിന്‍റെ പിറകില്‍ നല്ല ഉദ്ദേശ്യത്തോടെ “മാശാഅല്ലാഹ്, തബാറകല്ലാഹ്’ തുടങ്ങിയ വിശുദ്ധ വചനങ്ങള്‍ മുതല്‍ കലിമത്തുത്തൗഹീദ്, ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ വരെ എഴുതി വെക്കുന്നത് കാണാം. എന്നാല്‍ താങ്കളുടെ അത്യുന്നതനായ നാഥന്‍റെ നാമം പരിശുദ്ധമാക്കുക എന്ന അല്ലാഹുവിന്‍റെ കല്‍പ്പന മാനിക്കാന്‍ നമുക്ക് സാധിക്കാറുണ്ടോ എന്നു ചിന്തിക്കേണ്ടതുണ്ട്. കാരണം ആ വിശുദ്ധ നാമത്തില്‍ ചിലപ്പോള്‍ പക്ഷി കാഷ്ഠം വന്നു വീഴുന്നു. ചീറിപ്പായുമ്പോള്‍ മലിന ജലം വന്നടിക്കുന്നു. നന്മ ഉദ്ദേശിച്ച് തിന്മ കൊയ്യുകയല്ലേ ഇതു വഴി.
ബറകത്ത് ഉദ്ദേശിക്കുന്നവര്‍ക്ക് ഇത്തരം വചനങ്ങള്‍ വാഹനത്തിന്‍റെ ഉള്ളില്‍ മുകള്‍ഭാഗത്ത് പതിക്കാം. കാലിനു നേരെ വരാതെ ശ്രദ്ധിക്കുകയും വേണം. ഒപ്പം വാഹനത്തില്‍ കയറുമ്പോള്‍ ചൊല്ലേണ്ട ദിക്റുകള്‍ ഭക്തി പുരസ്സരം പറയുകയും ചെയ്താല്‍ അല്ലാഹുവിന്‍റെ കാവലും ബറകത്തും ലഭിക്കും.
അല്ലാഹുവിന്‍റെ കലാമായ ഖുര്‍ആന്‍ ആയത്തുകള്‍ റിംഗ് ട്യൂണായി ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. ഖുര്‍ആനുശ്ശരീഫിനോടുള്ള അവരുടെ സ്നേഹവും ബഹുമാനവുമായിരിക്കും ഇതിനു പ്രേരകം. പക്ഷേ ഇതിനു പിന്നില്‍ വിശുദ്ധ ഖുര്‍ആന്‍ നിന്ദ പതിയിരിക്കുന്നത് അവര്‍ കാണുന്നില്ല.
ഫോണില്‍ നമ്മെ വിളിക്കുന്നവര്‍ ആ സമയത്ത് നാം എവിടെയാണന്നറിഞ്ഞു കൊള്ളണമെന്നില്ല. മൂത്രപ്പുരയിലിരിക്കുമ്പോഴായിരിക്കും സബ്ബിഹ്സമറബ്ബികല്‍… എന്ന ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നത്. ഇനി വിശുദ്ധമായ പള്ളിയില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് ഫോണ്‍ ശബ്ദിച്ചത് എന്നു വിചാരിക്കുക. അപ്പോള്‍ നാം ഉടനെ ഫോണെടുക്കുന്നു. ആ സമയത്ത് പൂര്‍ണമാകാതെ അര്‍ത്ഥഭംഗം വരുന്ന വിധത്തില്‍ ശബ്ദം നിലക്കുന്നു. എത്ര അബദ്ധങ്ങളാണിങ്ങനെ വന്നു ചേരുന്നത്. ഇനിയും ഈ റിംഗ്ട്യൂണ്‍ നിലനിര്‍ത്തേണ്ടതുണ്ടോ? ഖുര്‍ആന്‍ വചനങ്ങളുടെ കാര്യവും ഇതു പോലെത്തന്നെയാണ്.
അല്ലാഹുവെറുക്കുന്ന കാര്യങ്ങള്‍ ചെയ്യുമ്പോഴും വിസര്‍ജ്ജനം നടത്തുമ്പോഴും അവന്‍റെ നാമങ്ങള്‍ ഉച്ചരിക്കുന്നതും കയ്യില്‍ വെക്കുന്നതും അവന്‍റെ വിശുദ്ധിയെ കളങ്കപ്പെടുത്തലാണ്. മദ്യപിക്കുന്നവനും ഹറാമുകള്‍ ഭക്ഷിക്കുന്നവനും ബിസ്മി ചൊല്ലുന്നത് എത്ര അപരാധമാണ്. ഇപ്രകാരം കോട്ടുവാ ഇടുമ്പോള്‍ അല്ലാഹുവിന്‍റെ പേര് പറയാന്‍ പാടില്ലെന്ന് ഇമാം ഇസ്മാഈലുല്‍ ഹിഖി(റ)തന്‍റെ തഫ്സീറില്‍ പറഞ്ഞിട്ടുണ്ട്. മൂത്രപ്പുരയില്‍ ഇരിക്കുന്നവര്‍ വാങ്കുകേട്ടാല്‍ അതിനു ഇജാബത്ത് പറയേണ്ടത് പുറത്തിറങ്ങിയ ശേഷമാണ്. ശബ്ദമില്ലാതെ നാവുചലിപ്പിക്കുന്നതുപോലും മേല്‍ പറഞ്ഞ ആയത്തിനു വിരുദ്ധമത്രെ.
അല്ലാഹുവിന്‍റെ ഓരോ നാമവും ബറകത്തിന്‍റെ അക്ഷയ ഖനികളാണ്. അല്ലാഹുവിന് 99 നാമങ്ങളുണ്ട്. അതാരെങ്കിലും കൃത്യമായി ഉള്‍ക്കൊണ്ടാല്‍ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു എന്ന ഹദീസ് ഇമാം ബുഖാരി (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നല്ല ഏതു കാര്യങ്ങള്‍ തുടങ്ങുന്നതും അല്ലാഹുവിന്‍റെ നാമങ്ങളെ കൂട്ടുപിടിച്ചായിരിക്കണമെന്നും മറിച്ചായാല്‍ അതില്‍ ബറകത്തില്ലാത്ത അവസ്ഥ വരുമെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട്. ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം എന്നു ചൊല്ലുന്നത് അവന്‍റെ മുഴുവന്‍ നാമങ്ങളെയും കൂട്ടുപിടിക്കുന്നതുപോലെയാണ്.
കെട്ടിടത്തിനു കുറ്റിയടിക്കല്‍, കല്ലിടല്‍, കട്ടിളവെക്കല്‍, ഗൃഹപ്രവേശം, ഭക്ഷണം കഴിക്കല്‍, ഉറക്കം, വസ്ത്രധാരണം, വീട്ടില്‍ നിന്നിറങ്ങല്‍ തുടങ്ങിയ കാര്യങ്ങളും ഖുര്‍ആന്‍ പാരായണം, നിസ്കാരം, പ്രഭാഷണം തുടങ്ങിയ പുണ്യകര്‍മങ്ങളെല്ലാം അല്ലാഹുവിന്‍റെ വിശുദ്ധനാമങ്ങളെ കൂട്ടുപിടിച്ചാവുമ്പോഴാണ് അതിന്‍റെ പവിത്രത കാത്തുസൂക്ഷിച്ചവരില്‍ നാമുള്‍പ്പെടുക. ചിലര്‍ക്ക് ബഹുമാനിക്കണമെന്നറിയാം, പക്ഷേ ബഹുമാനിക്കേണ്ടത് എങ്ങനെയാണെന്നറിയില്ല. വിശദമായ പഠനങ്ങളിലൂടെ കര്‍മവിശ്വാസ സന്പൂര്‍ത്തിക്ക് നാം ശ്രമിക്കേണ്ടതനിവാര്യമാണ്.
റഹ്മതുല്ലാഹ് സഖാഫി എളമരം