വെള്ളവും മണ്ണും ലഭ്യമല്ലെങ്കിൽ

അംഗസ്‌നാനം ചെയ്യാൻ പര്യാപ്തമായ വെള്ളമോ തയമ്മുമിനു പരിഗണിക്കാവുന്ന മണ്ണോ സമാനമായ വസ്തുക്കളോ ലഭ്യമല്ലാതിരിക്കുകയോ ഉപയോഗിക്കാൻ കഴിയാത്ത വിധം മലിനമായ സ്ഥലത്ത് ബന്ധിക്കപ്പെടുകയോ ചെയ്താൽ രണ്ടിലൊന്ന് തരപ്പെട്ടു കൃത്യമായി നിസ്‌കരിക്കാനുള്ള സാഹചര്യം ലഭിക്കും വരെ നിസ്‌കാരം മാറ്റിവെക്കണമെന്നാണു ഹനഫീ മദ്ഹബിലെ ഒരു ദുർബലപക്ഷം. എന്നാൽ നിയ്യത്തോ ഖുർആൻ പാരായണമോ ഇല്ലാതെ നിസ്‌കാര സമയത്ത് റുകൂഉം സുജൂദും ശുദ്ധമായ സ്ഥലത്തു നിർവഹിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെയും അല്ലാത്തപക്ഷം നിവർന്നുനിന്നു പ്രതീകാത്മകമായി റുകൂഉം സുജൂദും നിർവഹിക്കുകയും പിന്നീട് തടസ്സങ്ങൾ നീങ്ങുമ്പോൾ, നഷ്ടപ്പെട്ടത് ശരിയായി നിർവഹിക്കുകയും ചെയ്യണമെന്നാണ് അവരുടെ മദ്ഹബിൽ പ്രബലം (അദ്ദുർറുൽ മുഖ്താർ റദ്ദുൽ മുഹ്താർ സഹിതം 1/80). കൈകാലുകൾ ഛേദിക്കപ്പെടുകയും മുഖത്തു മുറിവു പറ്റി കഴുകാൻ സാധിക്കാതിരിക്കുകയും ചെയ്താൽ സാധാരണ നിസ്‌കരിക്കുന്നവരെ അനുകരിച്ചു സാധ്യമായ കർമങ്ങൾ നിർവഹിക്കുകയാണ് വേണ്ടത് (റദ്ദുൽ മുഹ്താർ 1/80-81).
വുളൂഉം തയമ്മുമും തരപ്പെടാത്തവർക്ക് ആർത്തവക്കാരിയെ പോലെ നിസ്‌കാരം തീരെ നിർബന്ധമില്ലെന്നാണ് മാലികീ പക്ഷം. പിന്നീട് (സമയം നഷ്ടപ്പെട്ട ശേഷം) രണ്ടിലൊന്ന് തരപ്പെട്ടാലും നഷ്ടമായ നിസ്‌കാരങ്ങൾ വീണ്ടെടുക്കേണ്ടതില്ല (ബുൽയതുസ്സാലിക് 1/266, അസ്ഹലുൽ മദാരിക് 1/137).
വെള്ളവും മണ്ണും ഉപയുക്തമല്ലാത്ത സാഹചര്യങ്ങളിൽ ശുദ്ധിയില്ലാതെ തന്നെ നിസ്‌കരിക്കണമെന്നാണു ഹമ്പലീ മദ്ഹബ്. ഐസ് കട്ടകൾ ഉടച്ചു ദ്രാവകമാക്കാൻ കഴിയാതെ വന്നാൽ വുളൂഇന്റെ അംഗങ്ങളിൽ അതുകൊണ്ടു ഉരസിയ ശേഷം നിസ്‌കരിക്കണമെന്നും അവർ അനുശാസിക്കുന്നു. സന്നിഗ്ധ ഘട്ടങ്ങളിൽ ഭൂമിയുടെ ഉപരിതലത്തിൽ കാണപ്പെടുന്ന മണ്ണേതര വസ്തുക്കളിൽ തടവി തയമ്മും നിർവഹിക്കുന്നതാണ് അഭികാമ്യമെന്ന ശക്തമായൊരു പക്ഷവും അവരിലുണ്ട്.
തയമ്മുമും വുളൂഉമില്ലാതെ നിർവഹിക്കുന്ന നിസ്‌കാരങ്ങൾ പിന്നീട് ആവർത്തിക്കേണ്ടതില്ലെന്നാണ് അവരുടെ മദ്ഹബിൽ പ്രബലം. ഇമാം ഇബ്‌നു ഖുദാമ(മുഗ്‌നി ഇബ്‌നി ഖുദാമ 1/184)യും ഇമാം ബുഹൂതിയും (കശ്ശാഫുൽ ഖിനാഅ് 1/171) ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
വെള്ളമുപയോഗിച്ചു വുളൂഅ് ചെയ്യാനോ നിർബന്ധ കുളി നിർവഹിക്കാനോ ബദൽ സംവിധാനമായ തയമ്മും ആശ്രയിക്കാനോ സാധിക്കാത്ത സന്നിഗ്ധ ഘട്ടങ്ങൾ ഉണ്ടാകാം. പലപ്പോഴും സെക്കൻഡ് ക്ലാസ് ട്രെയിനുകളിൽ ശ്വാസോച്ഛ്വാസത്തിനു പോലും പ്രയാസമുള്ള വിധം തിരക്കേറിയ യാത്രകൾ ഇതിനുദാഹരണമത്രെ. അത്തരം സാഹചര്യങ്ങളിൽ നിസ്‌കാര സമയമായാൽ കഴിയും വിധം നിർബന്ധ നിസ്‌കാരങ്ങൾ മാത്രം നിർവഹിക്കാനും പിന്നീട് അനുകൂല സാഹചര്യങ്ങളിൽ അവ പുനർ നിർവഹിക്കാനുമാണ് ശാഫിഈ മദ്ഹബ് അനുശാസിക്കുന്നത്. തീവ്ര അശുദ്ധിയുള്ളവരോ ആർത്തവ രക്തം നിലച്ചവരോ കുളിച്ചോ തയമ്മും ചെയ്‌തോ ശുദ്ധിവരുത്താൻ കഴിയാതെ വന്നാൽ നിസ്‌കാരത്തിലെ നിർബന്ധമായ ഫാതിഹ മാത്രമേ ഓതാവൂ (സാധാരണ സുന്നത്തുള്ള സൂറത്ത് നിർവഹിക്കരുത്) എന്ന് ചട്ടമുണ്ട്. ഫാതിഹ മന:പാഠമില്ലാത്ത പക്ഷം മുസ്വ്ഹഫ് കൈയിലെടുത്ത് നോക്കിയോതേണ്ട സാഹചര്യമുണ്ടെങ്കിൽ അതിനു വിലക്കില്ല (തുഹ്ഫ ശർവാനി സഹിതം 1/271, 1/379, അൽഗുററുൽ ബഹിയ്യ 1/150, മുഗ്‌നി 1/362, അൽഇഖ്‌നാഅ് ഫീ ശർഹി അബൂശജാഅ് 1/88 കാണുക).
ഇത്തരം സാഹചര്യങ്ങളിൽ നിസ്‌കാര സമയത്തിന്റെ ആദ്യത്തിൽ തന്നെ അശുദ്ധിയോടെ നിർവഹിക്കാമോ, അതോ അവസാനഘട്ടം വരെ കാത്തിരുന്ന് സമയം നഷ്ടപ്പെടാറാകുമ്പോൾ മാത്രം നിവൃത്തികേടിന്റെ ഈ നിസ്‌കാരം നിർവഹിക്കുകയാണോ വേണ്ടതെന്ന കാര്യത്തിൽ ശാഫിഈ പണ്ഡിതർ ഭിന്നാഭിപ്രായക്കാരാണ്. ഇമാം അദ്‌റഇ(റ)യെ പിന്തുടർന്ന് , അവസാന സമയത്തു മാത്രമേ നിർവഹിക്കാവൂ എന്നാണ് ഇമാം റംലി (നിഹായ 1/318), ഖത്വീബു ശിർബീനി (മുഗ്‌നി 1/273) തുടങ്ങിയവർ പ്രബലപ്പെടുത്തിയത്.
തയമ്മുമിന് മണ്ണു നിർണിതമാണെന്നാണ് ശാഫിഈ, ഹമ്പലികളുടെ പക്ഷം. എന്നാൽ ഭൂമിയുടെ പ്രതലത്തിൽ കാണപ്പെടുന്ന, കത്തിയാൽ ചാരമാകുന്ന വൃക്ഷങ്ങൾ, കുറ്റിച്ചെടികൾ, ശക്തമായ താപമേറ്റാൽ അടിച്ചു പരത്താനും ഉരുട്ടാനും കഴിയുന്ന സ്വർണം, വെള്ളി, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളല്ലാത്ത വെടിപ്പുള്ള എന്തു വസ്തുവിനു മീതെ തടവിയും തയമ്മും ആകാമെന്നാണു ഹനഫീ മദ്ഹബ് (റദ്ദുൽ മുഹ്താർ 1/238-241 കാണുക).
മലിനമല്ലാത്ത വസ്ത്രങ്ങളിലോ ചുമരുകളിലോ പറയത്തക്ക പൊടിപടലങ്ങളുണ്ടെങ്കിൽ അവ തടവി തയമ്മും നിർവഹിക്കാമെന്ന് അവർ അഭിപ്രായപ്പെടുന്നു. പൊടിപിടിച്ചു കിടക്കുന്ന ഏതു ശുദ്ധ വസ്തുക്കളും തട്ടുമ്പോൾ അന്തരീക്ഷത്തിലേക്കു ഉയരുന്ന പൊടി കൈകളിലാക്കിയും ഹനഫീ ധാരയിൽ തയമ്മും സാധുവാണ് (റദ്ദുൽ മുഹ്താർ 1/238, 241 കാണുക).
ഭൂമിയുടെ ഉപരിതലത്തിൽ കാണപ്പെടുന്ന മാർബിൾ പോലെയുള്ള വസ്തുക്കൾ മുറിച്ചെടുത്ത് മനുഷ്യരുടെ ഉടമസ്ഥതയിലാകുന്നതിനു മുമ്പ് തടവി തയമ്മും ചെയ്യാമെന്നും ചൂളക്കുവെച്ചു വേവിക്കാത്ത മൺകട്ടകൾ ഉപയോഗിച്ചു നിർമിച്ച ചുമരുകൾ തടവി തയമ്മുമാകാമെന്നും മാലികികൾ അഭിപ്രായപ്പെടുന്നു. എന്നാൽ മലിനമോ ശുദ്ധമോ ആയ മറ്റേതെങ്കിലും വസ്തുക്കളുടെ മിശ്രിതം മൂന്നിലൊന്ന് എന്ന അനുപാതത്തിലും അധികമാണെങ്കിൽ തയമ്മുമിന് പര്യാപ്തമല്ല (അശ്ശർഹുൽ കബീർ ദസൂഖീ സഹിതം 1/155-156).

കത്തീറ്ററും
ശുദ്ധീകരണ പ്രശ്‌നങ്ങളും

പരസഹായമില്ലാതെ എഴുന്നേറ്റു നടക്കാൻ കഴിയാത്ത കിടപ്പുരോഗികളിൽ മൂത്രം പോകാനായി ഘടിപ്പിച്ച കുഴൽ (രമവേലലേൃ) നിലനിർത്തി നിസ്‌കരിക്കുന്നിടത്ത് ചില കർമശാസ്ത്ര പ്രശ്‌നങ്ങളുണ്ട്. മലിനമായ പ്രതലങ്ങളിൽ തട്ടിയിരിക്കുന്ന നൂലോ കയറോ നിസ്‌കരിക്കുന്നയാളുടെ ദേഹത്തു ബന്ധിതമാവുകയോ പിടിച്ചിരിക്കുകയോ ചെയ്താൽ നിസ്‌കാരത്തിന്റെ സാധുതക്ക് ഭംഗം വരുത്തുമെന്നാണ് പ്രബല പക്ഷം (തുഹ്ഫ 2/124, നിഹായ2/20). മൂത്രം ശേഖരിക്കാനായി സ്ഥാപിക്കുന്ന കുപ്പിയും മറ്റും രോഗി വഹിക്കുന്ന വസ്തുക്കളുടെ സ്ഥാനത്താണെന്ന് കർമ ശാസ്ത്ര പണ്ഡിതരുടെ മൊഴികളിൽ നിന്നു വ്യക്തമാണ് (ശബ്‌റാമല്ലിസി 1/339, ഹാശിയതു തർമസീ 2/304-305 കാണുക).
എന്നാൽ മൂത്രനാളിയുമായി ബന്ധിപ്പിച്ചു കിടക്കുന്ന കുഴൽ നിസ്‌കാര വേളകളിൽ അഴിച്ചുമാറ്റി വൃത്തിയാക്കി പിന്നീട് വീണ്ടും കയറ്റിവെക്കുന്നത് ഏറെ പ്രയാസകരമായതിനാൽ അത്തരം പ്രയാസ ഘട്ടങ്ങളിൽ അംഗശുദ്ധി വരുത്തി നിർബന്ധ നിസ്‌കാരങ്ങൾ മാത്രം നിർവഹിക്കുകയും ആരോഗ്യം വീണ്ടെടുക്കുന്നൊരു കാലം വന്നാൽ നേരത്തെ നിസ്‌കരിച്ചവ ആവർത്തിക്കുകയുമാണ് വേണ്ടത് (തുഹ്ഫ ശർവാനി സഹിതം1/ 378, മുഗ്‌നി 1/274).

അനിയന്ത്രിത മൂത്രവാർച്ചയും
നിസ്‌കാരവും

ഇച്ഛാപൂർവമല്ലാത്ത മൂത്രവാർച്ച, അധോവായു, രോഗരക്തം, ശുക്ല സ്രാവം എന്നിവ കാരണം ശുദ്ധി നഷ്ടപ്പെടുന്നവരുടെ നിസ്‌കാര രീതി ഇസ്‌ലാമിക കർമശാസ്ത്രം ആഴത്തിൽ വിശകലനം ചെയ്തിട്ടുണ്ട്.
അതിൽ ഏറ്റവും പ്രധാനം മേൽ പ്രയാസങ്ങൾ അനുഭവപ്പെടുന്നത് ചില സമയങ്ങളിൽ മാത്രമാണെങ്കിൽ നിസ്‌കാര സമയങ്ങളുടെ ആദ്യ-മധ്യമ-അന്തിമ ഘട്ടങ്ങളിൽ ഏതാണ് സുരക്ഷിതമെന്നു കണ്ടെത്തി ആ സമയത്തു തന്നെ അതിവേഗം നിർബന്ധ കാര്യങ്ങൾ മാത്രം പരിഗണിച്ചും സുന്നത്തുകൾ ത്യജിച്ചും നിർവഹിക്കാൻ ശ്രമിക്കണമെന്നാണ് (തുഹ്ഫ 1/396).
നിരന്തരമായി വാർച്ച അനുഭവപ്പെടുന്നവർ കർശനമായ സുരക്ഷാ നടപടികൾ കൈക്കൊള്ളണം. സമയമായ ശേഷം ശൗചം ചെയ്ത് പുറത്തേക്കു വിസർജ്യം വരാത്ത വിധം ഗുഹ്യഭാഗം ബന്ധിക്കണം. എന്നിട്ട് അംഗശുദ്ധി വരുത്തി (ശുക്ല സ്രാവമുള്ളവർ കുളിച്ചും) താമസംവിനാ നിസ്‌കാരം പൂർത്തിയാക്കണം. വസ്ത്രധാരണം, പള്ളിയിലേക്കുള്ള പോക്ക്, ജമാഅത്തിനായുള്ള കാത്തിരിപ്പ് തുടങ്ങി നിസ്‌കാരവുമായി നേരിട്ടു ബന്ധമുള്ള കാര്യങ്ങൾക്കു വേണ്ടി വൈകുന്നതിനു വിരോധമില്ല. ഒരു തവണ ഫർള് നിസ്‌കരിച്ചാൽ, നേരത്തേ വെച്ചുകെട്ടിയത് അഴിച്ചുമാറ്റി ശൗചം ചെയ്ത് പുതുതായി ഗുഹ്യഭാഗം കെട്ടിയുറപ്പിച്ച് അംഗസ്‌നാനം ആവർത്തിച്ചു വേണം മറ്റൊരു നിർബന്ധ നിസ്‌കാരം നിർവഹിക്കാൻ. ശുക്ല വാർച്ച അഭിമുഖീകരിക്കുന്നവർ കുളിയും ആവർത്തിക്കണം (അൽമിൻഹാജുൽ ഖവീം പേ. 67).
ഒരു തവണ പുലർത്തിയ സുരക്ഷാ നടപടികൾ വഴി ഐച്ഛിക നിസ്‌കാരങ്ങൾ എത്രയും നിർവഹിക്കാം. നിർബന്ധ നിസ്‌കാരത്തിനു പുറത്തുള്ള സുന്നത്തുകളും ഇതിൽപെടുമെന്നാണ് ഇബ്‌നുഹജർ(റ) തുഹ്ഫ(1/395)യിൽ പ്രബലപ്പെടുത്തിയത്. അപ്പോൾ ളുഹ്ർ നിസ്‌കാരത്തിനായി നിർബന്ധിത മുന്നൊരുക്കൾ നടത്തി ളുഹ്ർ നിർവഹിച്ച ഉദ്ധൃത അസുഖബാധിതർക്ക് തുടർന്നുള്ള റവാതിബ് നിസ്‌കാരങ്ങൾക്കു പുറമേ അസ്വറിനു മുമ്പുള്ള നാലു റക്അത്തും നിർവഹിക്കാം. അസ്വർ നിസ്‌കരിക്കാൻ മാത്രമാണ് ഒരുക്കങ്ങൾ ആവർത്തിക്കേണ്ടത്. എന്നാൽ ഫർള് നിസ്‌കാരത്തിന്റെ സമയം കഴിയുന്നതോടെ സന്നിഗ്ധ ഘട്ടത്തിലെ മേൽ ശുദ്ധീകരണ പ്രക്രിയ അസാധുവായെന്നും ഐച്ഛിക നിസ്‌കാരങ്ങൾ പോലും പിന്നീട് അരുതെന്നും മദ്ഹബിനകത്തു തന്നെ ശക്തമായൊരു അഭിപ്രായം നിലനിൽക്കുന്നത് ശ്രദ്ധേയം (അൽഹവാശിൽ മദനിയ്യ 1/201). അതിനാൽ മുൻ നടപടികൾ ആവർത്തിച്ച ശേഷം മാത്രം പുതിയ സമയത്തെ ഐച്ഛിക നിസ്‌കാരങ്ങൾ നിർവഹിക്കുന്നതാണ് ഉചിതം.
മുമ്പ് വിശദീകരിച്ച വിധം സുരക്ഷാ നടപടികൾ സ്വീകരിച്ച ശേഷം വസ്ത്രത്തിലോ ശരീരത്തിലോ രക്തമോ മൂത്രമോ മദജലമോ ആയാൽ ആസന്ന നിസ്‌കാരം ആ മാലിന്യങ്ങളോടെ തന്നെ നിർവഹിക്കാമെന്നാണു പ്രബലാഭിപ്രായം. എന്നാൽ പിന്നീടുള്ള നിർബന്ധ നിസ്‌കാരത്തിന് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് പ്രസ്തുത മാലിന്യം നീക്കലും നിർബന്ധമാണ്. അമിതമായ മാലിന്യത്തിന് ഇളവു ലഭിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്ക് വിരുദ്ധ വീക്ഷണങ്ങളുണ്ട്. ഇല്ലെന്നാണ് ഇബ്‌നു ഹജർ(റ) തുഹ്ഫ(1/395)യിൽ സൂചിപ്പിച്ചതും ഇമാം ശിഹാബുദ്ദീനുർറംലി ഫത്ഹുൽ ജവാദി(പേ. 76)ൽ അസന്ദിഗ്ധമായി പ്രസ്താവിച്ചതും. അമിതമായ മൂത്രത്തിനും രക്തത്തിനും വരെ ഇളവുണ്ടെന്നാണ് മേൽ കൃതിയുടെ വ്യാഖ്യാനത്തിൽ ഇമാം സുലൈമാനുൽ ജമൽ (പേ. 19), അല്ലാമതു റശീദീ (ബുലൂഗുൽ മുറാദ് ബി ഫത്ഹിൽ ജവാദ് പേ. 38) എന്നിവർ പ്രബലപ്പെടുത്തുന്നത്.
മല വിസർജം എത്ര കുറവാണെങ്കിലും നിയന്ത്രണം വിട്ടു പുറത്തുപോകുന്ന ആളാണെങ്കിലും തീരെ ഇളവില്ല (ശബ്‌റാമല്ലിസി 1/337).

അനിയന്ത്രിത വാർച്ചയും
മാലികീ മദ്ഹബും

നജസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ പൊതുവെ സരളമായ സരണി മാലികികളുടേതാണ്. അനിയന്ത്രിതമായ മൂത്ര-മദജല സ്രാവ രോഗം അഭിമുഖീകരിക്കുന്നവർക്ക് വളരെ ആശ്വാസകരമാണ് അവരുടെ നിലപാടുകൾ. ഗുഹ്യഭാഗം പരുത്തിയോ മറ്റോ വെച്ചുകെട്ടുക, സമയമായ ശേഷം മാത്രം അംഗസ്‌നാനം ചെയ്യുക തുടങ്ങിയ വ്യവസ്ഥകളൊന്നും അവരുടെ മദ്ഹബിലില്ല.
നിസ്‌കാര സമയങ്ങളിൽ ഭൂരിഭാഗവും നീണ്ടുനിൽക്കുന്ന സ്രാവങ്ങളാൽ മാത്രമാണ് മാലികീ ധാരയിൽ അംഗശുദ്ധി നഷ്ടപ്പെടുക. പാതി സമയമോ അതിലേറെയോ നിലനിൽക്കുന്ന വാർച്ചകൾക്കു ശേഷം നിസ്‌കാരത്തിന് അംഗസ്‌നാനം ചെയ്യൽ സുന്നത്തു മാത്രമായാണ് മാലികീ മദ്ഹബ് കരുതുന്നത്. അതുതന്നെ തണുപ്പോ മറ്റു പ്രയാസങ്ങളോ ഉണ്ടെങ്കിൽ സുന്നത്ത് പോലുമില്ല (അശ്ശർഹുൽ കബീർ ഹാശിയതുദ്ദസൂഖീ സഹിതം 1/116-117 കാണുക).
എന്നാൽ അനിയന്ത്രിത മൂത്രവാർച്ചയോ അത്യാർത്തവമോ മദജല സ്രാവമോ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യാത്തപക്ഷം അവ വുളൂഅ് നഷ്ടപ്പെടുത്തും. ചികിത്സാ കാലയളവിൽ പ്രത്യേകം ഇളവുമുണ്ട് (അശ്ശർഹുൽ കബീർ ഹാശിയതുദ്ദസൂഖീ സഹിതം 1/116-117).
അപ്പോൾ അനിയന്ത്രിത വാർച്ചയുള്ളയാളുടെ വുളൂഅ് മാലികീ മദ്ഹബിൽ പരിക്കേൽക്കാതെ രക്ഷപ്പെടുന്നു. ഇനിയുള്ള പ്രശ്‌നം വസ്ത്രമോ ദേഹമോ നിസ്‌കരിക്കുന്ന സ്ഥലമോ മലിനമാകുന്നതാണ്. അതിനും ലളിതമായ നിലപാടാണ് അവരുടേത്. പ്രയാസമുണ്ടാക്കും വിധം വിസർജന ശല്യം അനുഭവപ്പെടുന്നയാളുടെ ദേഹത്തോ വസ്ത്രത്തിലോ നജസ് പുരളുന്നതിന് ഇളവുണ്ട്. പള്ളിയിൽ ആകുമെന്ന് ആശങ്കയുണ്ടെങ്കിൽ പോകരുതെന്നു മാത്രം. വാർച്ചയുള്ളയാളുടെ മൂത്രമോ മദജലമോ അത്യാർത്തവമുള്ളവരുടെ രക്തമോ നിസ്‌കാര മധ്യേ ഇറ്റിയ സ്ഥലത്തിന് മാലികീ മദ്ഹബിൽ ഇളവുണ്ട്. എന്നാൽ നിസ്‌കാരത്തിനു വെളിയിൽ ഇറ്റിയ സ്ഥലത്തുനിന്നു മാറി വേണം നിസ്‌കരിക്കാൻ (അശ്ശർഹുൽ കബീർ ഹാശിയതുദ്ദസൂഖീ സഹിതം 1/70-71).

 

ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ

 

Exit mobile version