വേഷവിധാനങ്ങൾ സെലക്റ്റീവാകണം

സാമൂഹ്യ ശാസ്ത്രജ്ഞന്മാർ സംസ്‌കാരത്തെ കുറിച്ച് പങ്കുവെച്ച മൂന്ന് ദർശനങ്ങൾ ഇങ്ങനെ: സംസ്‌കാരം സ്വഭാവങ്ങളുടെ ക്രമീകൃതമായ ഒരു രൂപമാണ്, സംസ്‌കാരം പഠിപ്പിക്കപ്പെടുന്നതാണ്, സംസ്‌കാരം അടുത്ത തലമുറക്ക് കൈമാറ്റം ചെയ്യപ്പെടുന്നതാണ്.
മതിയായ മൂല്യമുള്ള ഒന്നാണ് നമ്മൾ മറ്റൊരാൾക്ക് സമ്മാനമായി നൽകുക. സംസ്‌കാരവും ഇതിൽ നിന്നു വ്യത്യസ്തമല്ല. നൈതികതയുടെയും ധാർമികതയുടെയും മേൽ കെട്ടിപ്പടുത്ത പെരുമാറ്റച്ചട്ടമായിരിക്കണം നമ്മുടെ സംസ്‌കാരം. അതായിരിക്കണം അടുത്ത തലമുറക്ക് നാം കൈമാറുന്നതും.

ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ഈ കൈമാറ്റങ്ങൾക്കും പാരമ്പര്യങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. അനുധാവനമാണ് ഇസ്‌ലാമിന്റെ അന്തസത്ത. ഇസ്‌ലാമിന് നേരെ വരുന്ന പുതിയകാല ചോദ്യശരങ്ങളിൽ ഒന്ന്, ഇസ്‌ലാം ആറാം നൂറ്റാണ്ടിലെ അറബ് സംസ്‌കാരമാണ് എന്നതാണ്. എന്നാൽ, ഇസ്‌ലാമിനെ ക്രമീകരിച്ചത് സർവശക്തനും ലോക സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവായതിനാൽ ഇസ്‌ലാം സാർവലൗകികവും സാർവകാലികവുമാകാതിരിക്കാൻ നിർവാഹമില്ല. ഇസ്‌ലാം അഭിമുഖീകരിക്കുന്നത് ഏതെങ്കിലുമൊരു ഭൂഖണ്ഡത്തെയോ കാലഘട്ടത്തെയോ അല്ല. മതത്തിന്റെ വിധിവിലക്കുകളിൽ ഈ സവിശേഷത നമുക്ക് പ്രകടമായി കാണാവുന്നതാണ്. ഫിത്വ്ർ സകാത്ത് നൽകേണ്ടത് ഓരോ നാട്ടിലെയും പ്രധാന ധാന്യമാണ്. ഇതേപ്രകാരം വസ്ത്രധാരണയുടെ കാര്യത്തിലും ഇന്നത് എന്ന് തീർപ്പ് കൽപ്പിക്കുകയല്ല മതം ചെയ്തത്. മറിച്ച്, മുസ്‌ലിം ധരിക്കേണ്ട വസ്ത്രങ്ങളുടെ അടിസ്ഥാനപരമായ ഗുണവും നിലവാരവും വിശേഷണങ്ങളും വിശ്വാസിയെ പഠിപ്പിക്കുകയാണ്.

വേഷത്തിനും രൂപത്തിനുമെല്ലാം ഇസ്‌ലാമിൽ വലിയ പ്രാധാന്യമുണ്ട്. പള്ളിയിൽ പോകുമ്പോൾ നല്ല വൃത്തിയും വെടിപ്പുമുള്ള വേഷങ്ങൾ ധരിക്കണം. നിസ്‌കാര വേളയിൽ നിങ്ങൾ ഭംഗിയാവുക എന്ന ഖുർആനിക അധ്യാപനം വിശദീകരിച്ച് മുഫസ്സിറുകൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അല്ലാഹുവിനോടുള്ള മുനാജാത്ത്(സംഭാഷണം) അദബോടെ(മര്യാദ)യും വൃത്തിയോടെയുമായിരിക്കണം. നിറങ്ങളും ചിത്രങ്ങളും എഴുത്തുകളുമുള്ള വസ്ത്രങ്ങൾ ധരിച്ച് പള്ളിയിലും ജമാഅത്തിനും പോകുന്നത് മറ്റുള്ളവർക്ക് ചിന്താ വ്യതിയാനങ്ങളും ഏകാഗ്രതാ നഷ്ടവുമുണ്ടാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ആ ശീലം ഒഴിവാക്കേണ്ടതാണ്. ആക്കാരണത്താൽ തന്നെയാണ് ചിത്രപ്പണികളില്ലാത്ത മുസ്വല്ലകൾ ഉപയോഗിക്കാൻ കർമശാസ്ത്രകാരന്മാർ നിർദേശിക്കുന്നത്.
വസ്ത്രധാരണ ഒരാളുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്ന പ്രധാന ഘടകമാണ്. അത് ഏറെ ചിന്തിച്ച് ബോധപൂർവം ചെയ്യേണ്ട ഒരു തിരഞ്ഞെടുപ്പാണ്. പുതിയ ട്രെൻഡുകളെന്ന പേരിൽ അജണ്ടകൾ നടപ്പിലാക്കുന്ന സംഘങ്ങളുടെ മായാവലയത്തിൽ പെട്ട് പുതിയകാല യുവത്വം അവരുടെ വ്യക്തിത്വത്തെയും സെലക്ഷൻ വൈദഗ്ധ്യത്തെയും സംസ്‌കാരത്തെ തന്നെയും മറക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്.
ജെൻഡർ ന്യൂട്രൽ വിഷയത്തിൽ നടന്ന ആധുനിക ചർച്ചകളിൽ കംഫർട്ടിനെ കുറിച്ച് പ്രതിപാദിക്കപ്പെട്ടിരുന്നു. കംഫർട്ടിന് വസ്ത്ര ധാരണയിൽ വലിയ പ്രാധാന്യമുണ്ട്. പക്ഷേ, ഒരു മുസ്‌ലിമിന് അത് മതകീയ കൽപനകൾക്ക് പുറത്തുപോകാതെ നോക്കൽ അനിവാര്യമാണ്. വൈവിധ്യമാണ് ലോകത്തിന്റെ സൗന്ദര്യം. പുരുഷൻ സ്ത്രീയോടും സ്ത്രീ പുരുഷനോടും സാദൃശ്യപ്പെടരുത്. പുരുഷനോ സ്ത്രീയോ എന്ന ആശങ്ക സൃഷ്ടിക്കുന്ന വേഷങ്ങൾക്ക്, പാശ്ചാത്യ രാജ്യങ്ങളിലെ ജെൻഡർ ഡിസ്‌ഫോറിയയുടെ (ലിംഗത്വം തിരിച്ചറിയാനാവാത്ത മാനസിക വൈകല്യം) അനിയന്ത്രിത വർധനവിൽ ചെറുതല്ലാത്ത പങ്കുണ്ട്. മാനസിക വൈകല്യങ്ങളിൽ നിന്നുള്ള പുതിയ തലമുറയുടെ സുരക്ഷ ഉറപ്പാക്കേണ്ടതനിവാര്യമാണ്.
തൊലിയോടു ചേർന്നുനിൽക്കുന്ന വസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കണം. അതിൽ ആരോഗ്യപരവും സാമൂഹികവുമായ പ്രശ്‌നങ്ങളുണ്ട്. മനുഷ്യൻ സാമൂഹിക ജീവിയാണ്. വസ്ത്രം ധരിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ സ്വന്തം നാണം മറക്കലും മറ്റുള്ളവരെ നാണിപ്പിക്കുന്ന കാര്യങ്ങൾ കാണിക്കാതിരിക്കുകയും ചെയ്യലാണല്ലോ. മറ്റുള്ളവരെ പ്രകോപിപ്പിക്കാതിരിക്കാൻ നമ്മൾ ശ്രമിക്കണം. കള്ളന്മാരും അക്രമികളുമടങ്ങുന്ന അധാർമികർ എല്ലാ കാലത്തുമുണ്ടാകും. അത്തരക്കാരോട് നന്മ ഉപദേശിക്കുന്നതോടൊപ്പം തന്നെ അവരെ തെറ്റുകൾ ചെയ്യാൻ പ്രലോഭിപ്പിക്കാതിരിക്കലും സാമൂഹിക നന്മ ആഗ്രഹിക്കുന്ന ഓരോരുത്തരുടെയും പ്രതിബദ്ധതയാണ്. മോഷണമാണ് പ്രശ്‌നം എന്നുവെച്ച് വീട് അടച്ചിടാതിരിക്കാൻ പാടില്ലല്ലോ.
റെഡിമെയ്ഡ് വസ്ത്രങ്ങളെ അമിതമായി ആശ്രയിക്കുന്നതിലൂടെ നമ്മുടെ ഗ്രാമങ്ങളിലുള്ള തയ്യൽക്കാർക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥ സംജാതമാകുന്നുണ്ട്. ഓരോരുത്തർക്കും ഏറ്റവും ഇണങ്ങിയ വസ്ത്രങ്ങൾ ലഭിക്കാനുള്ള നല്ല മാർഗം തയ്ച്ച വസ്ത്രങ്ങൾ ധരിക്കലാണ് എന്നിരിക്കെ, തയ്യൽ മേഖലയോട് പൂർണമായും വിമുഖത കാണിക്കുന്നത് അബദ്ധമാണ്. ഓരോരുത്തർക്കും കംഫർട്ടായ ഡിസൈനുകൾ ലഭിക്കാനും അത് സഹായകമാകും.
സ്ത്രീക്കാണെങ്കിലും പുരുഷനാണെങ്കിലും അനുവാദങ്ങൾക്കൊപ്പം പല വിലക്കുകളും ഇസ്‌ലാം ഏർപ്പെടുത്തിയിട്ടുണ്ട്. നഗ്‌നതയായി പഠിപ്പിച്ച ഭാഗങ്ങളിലെ തൊലിയുടെ നിറം പുറത്തുകാണുന്ന വസ്ത്രം ധരിക്കരുത്. വസ്ത്രം ഭൂമിയിലൂടെ വലിച്ചിഴക്കരുത്. ആർഭാടങ്ങളും പാടില്ല. പുരുഷന് പട്ട് ധരിക്കൽ ഹറാമാണ്.
സ്വന്തം ശരീര പ്രകൃതികൾക്ക് അനുയോജ്യമായ വസ്ത്രങ്ങളാണ് ഓരോരുത്തരും ധരിക്കേണ്ടത്. ശരീരാവയവങ്ങളുടെ ആകൃതിയും ആകാരവും മടക്കുകളുമൊക്കെ എടുത്തുകാണിക്കുന്ന വസ്ത്ര ശൈലി നല്ലതല്ല. യുഎഇക്കാർ കന്തൂറയെന്നും സഊദികൾ സൗബ് എന്നതിന്റെ ഗ്രാമ്യ രൂപമായ തോപ് എന്നും പറയുന്ന നീളക്കുപ്പായം മഴനാടായ കേരളത്തിലെ പൊതുനിരത്തുകളിൽ അത്ര അഭികാമ്യമായി തോന്നുന്നില്ല. ധരിക്കുന്നവർ തന്നെ ഓടക്കുഴൽ കന്തൂറകൾ ഒഴിവാക്കണം. അവയവങ്ങളുടെ ചലനങ്ങൾക്ക് പ്രയാസമുണ്ടാകരുത്. വുളൂഅ് എടുക്കാനും നിസ്‌കരിക്കാനുമൊന്നും ബുദ്ധിമുട്ടുണ്ടാവരുത്.

മലമൂത്ര വിസർജനം പോലെ ധാരാളം ആവശ്യങ്ങൾ മനുഷ്യന് സാധാരണയായും അവിചാരിതമായും വന്നുചേരും. അത്തരം ആവശ്യങ്ങൾ കൂടി മുന്നിൽകണ്ടു വേണം വസ്ത്രം തിരഞ്ഞെടുക്കാൻ. ശരീരത്തിലോ വസ്ത്രത്തിലോ നജസ് പുരളുന്നത് വളരെ പ്രയാസകരമാണ്. അത് ഇബാദത്തുകളുടെ സ്വീകര്യതയെ ബാധിക്കും. വേഷവിധാനങ്ങളിലെ വൃത്തിഹീനത മനുഷ്യനിൽ ടെൻഷൻ വർധിപ്പിക്കുമെന്നാണ് പണ്ഡിതരുടെ അധ്യാപനം.
ഇടങ്ങൾക്കനുസരിച്ചാണ് വസ്ത്രം ധരിക്കേണ്ടത്. വീട്ടിലുപയോഗിക്കുന്ന വസ്ത്രങ്ങളല്ലല്ലോ ഓഫീസിൽ ധരിക്കുക. അത് മാനുഷിക വിവേകത്തിന്റെ ഭാഗമാണ്. എക്‌സിബിഷനിസം പോലെയുള്ള മാനസിക വിഭ്രാന്തികളിൽ യുവതലമുറ പെട്ടുപോകാതിരിക്കാൻ രക്ഷിതാക്കൾക്ക് ശ്രദ്ധവേണം. രക്ഷിതാക്കൾ കുട്ടികൾക്ക് മാതൃകയാവണം. നിയമങ്ങളും നിർദേശങ്ങളും എല്ലാവർക്കുമുള്ളതാണെന്ന് തിരിച്ചറിയണം. സ്വന്തം മാറ്റങ്ങളിലൂടെ മറ്റുള്ളവരെ ആകർഷിക്കാൻ സാധിക്കും. അതിലൂടെ ഇസ്‌ലാമിക സംസ്‌കാരത്താൽ സമ്പന്നമായ ഒരു സമൂഹത്തെ വാർത്തെടുക്കാനും കഴിയും.

ഡോ. എപി അബ്ദുൽ ഹകീം അസ്ഹരി

Exit mobile version