ആരോഗ്യ പരിപാലനത്തിന് ഏറെ പ്രാധാന്യം നൽകിയ മതമാണ് ഇസ്‌ലാം. ആരോഗ്യത്തിനു ഹാനികരമായ ഭക്ഷണപദാർത്ഥങ്ങളും പാനീയങ്ങളും പാടില്ലെന്നാണ് വിശുദ്ധ ഖുർആനിന്റെ പ്രഖ്യാപനം. ആരോഗ്യപരിപാലനത്തിനു പ്രോത്സാഹനം നൽകുന്നതും ചികിത്സാ രീതികൾ വിശദീകരിക്കുന്നതുമായ നിരവധി ഹദീസുകളുമുണ്ട്. പ്രവാചക വൈദ്യവുമായി ബന്ധപ്പെട്ട ഹദീസുകളിൽ മാത്രം പ്രത്യേക പഠനം നടത്തിയ അനേകം പ്രമുഖരെ ചരിത്രത്തിൽ കാണാം.
ആരോഗ്യകരമായ വിഷയങ്ങളിലുള്ള പ്രവാചകാധ്യാപനത്തിൽ നിന്നു പാഠമുൾക്കൊണ്ട മുസ്‌ലിംകൾ അക്കാലത്തു തന്നെ വൈദ്യപഠനത്തിൽ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. ഇതര ഭാഷകളിലുള്ള വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ അറബിയിലേക്ക് മൊഴിമാറ്റം നടത്താൻ തുടങ്ങിയതോടെ ഈ രംഗത്ത് പുതിയൊരു കാൽവെപ്പ് കൂടിയുണ്ടായി. സംസ്‌കൃതം, പേർഷ്യൻ, ഗ്രീക്ക്, ഈജിപ്ഷ്യൻ പോലുള്ള ഭാഷകളിൽ വിരചിതമായ നിരവധി ഗ്രന്ഥങ്ങൾ അവർ അറബിയിലേക്ക് വിവർത്തനം ചെയ്തു. അബ്ബാസി ഖലീഫ മഅ്മൂനിന്റെയും അൽമുതവക്കിലിന്റെയും അൽമുഅ്തസിമിന്റെയും കാലത്തെല്ലാം ഈ പ്രവണത ഭംഗിയായി തുടർന്നു.
ഖലീഫ ഉമർ(റ)ന്റെ കാലത്ത് പേർഷ്യ മുസ്‌ലിംകൾക്ക് അധീനപ്പെട്ടപ്പോൾ ജൻദിശ്പൂരി(ആധുനിക ഇറാനിലെ ഗുണ്ടെശാപൂർ)ലുണ്ടായിരുന്ന ആശുപത്രിയും വൈദ്യപഠന കേന്ദ്രവും മുസ്‌ലിംകൾക്ക് നല്ലൊരു അവസരമാണ് നൽകിയത്. വൈദ്യപഠനത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചിരുന്ന അവർ ഇതു വേണ്ടുവോളം ഉപയോഗപ്പെടുത്തുകയും ചെയ്തു. ഉമവി ഖലീഫ അൽവലീദാണ് എഡി 707-ൽ ഡമസ്‌കസിൽ മുസ്‌ലിം ലോകത്തെ ആദ്യത്തെ വ്യവസ്ഥാപിത ആശുപത്രി സ്ഥാപിക്കുന്നത്. അബ്ബാസി ഖലീഫ ഹാറൂൻ റശീദിന്റെ കാലത്ത് ബഗ്ദാദിലും ഒരു ആശുപത്രി പ്രവർത്തനമാരംഭിച്ചു. പിന്നീട് അസംഖ്യം ആശുപത്രികൾ വിവിധ ഭാഗങ്ങളിലായി ഉയർന്നുവന്നു. ആശുപത്രികൾക്കു സമീപം ഔഷധച്ചെടിത്തോട്ടങ്ങളും അവർ പരിപാലിച്ചിരുന്നു. മിക്ക ആശുപത്രികളിലും കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു. രോഗികളിൽ നിന്ന് യാതൊരു ഫീസും ഈടാക്കിയിരുന്നില്ലെന്ന് മാത്രമല്ല, ഡിസ്ചാർജ് സമയത്ത് നിശ്ചിത തുകയും വസ്ത്രവും അവർക്ക് നൽകുകയും ചെയ്യുമായിരുന്നു.
വൈദ്യശാസ്ത്ര പഠനവും ചികിത്സയും വ്യവസ്ഥാപിത രൂപത്തിൽ വന്നത് ഉമവി-അബ്ബാസി ഭരണകാലത്ത് തന്നെയാണ്. നിയമാനുസൃത സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് മാത്രമേ ചികിത്സിക്കാനുള്ള അനുവാദമുണ്ടായിരുന്നുള്ളൂ. പരീക്ഷ പാസാകുന്നവർക്ക് ചികിത്സാ സമ്മതപത്രം നൽകുന്ന സമ്പ്രദായവുമുണ്ടായിരുന്നു. വൈദ്യവിദ്യാലയങ്ങൾ വിദ്യാർത്ഥികൾക്ക് അധ്യാപകർക്കൊപ്പം നിന്നു പഠിക്കാനുള്ള അവസരമൊരുക്കി. വൈദ്യപഠന കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളുടെ പ്രാക്ടീസിന് വലിയ പ്രാധാന്യമാണ് നൽകിയിരുന്നത്. ഇസ്‌ലാമിക മുന്നേറ്റത്തിന്റെ സുവർണഘട്ടത്തിൽ ഡമസ്‌കസിൽ മാത്രം ആറ് മെഡിക്കൽ കോളേജുകളുണ്ടായിരുന്നു. നൂറുദ്ദീൻ ശഹീദ് കോളേജ് (ഹിജ്‌റ 550), ലബൂദിയ്യ കോളേജ് (ഹി. 664), ദുനൈസരിയ്യ കോളേജ് (ഹി. 686), ഖാൻ ഖാതൂൽ അസദിയ്യ കോളേജ് (ഹി. 740), ദഖ്‌വാരിയ്യ കോളേജ് (എഡി 1244), റുബൈഇയ്യ കോളേജ് (എഡി 1283) എന്നിവയായിരുന്നു അവ.
ആതുരാലയങ്ങൾ നിരന്തരം നിർമിക്കുകയും വൈദ്യപഠനത്തിനു കൂടുതൽ അവസരങ്ങളൊരുക്കുകയും ചെയ്യുന്നതോടൊപ്പം പുതിയ പല ഗവേഷണങ്ങൾക്കും മുസ്‌ലിംകൾ സാരഥ്യം വഹിച്ചു. രക്ത ചംക്രമണ വ്യവസ്ഥയെ കുറിച്ച് വ്യക്തമായ വിവരണം നൽകിയും ശരീരോഷ്മാവ് നിലനിർത്തുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വിശദീകരിച്ചതും വൈദ്യപണ്ഡിതനായ ഡമസ്‌കസിലെ നഫീസുൽ ഖുശ്‌രിയാണ്. അഞ്ചാം പനിയും വസൂരിയും തമ്മിലുള്ള അന്തരം ആദ്യമായി വ്യക്തമാക്കിയത് റാസിയാണ്. ഗർഭാശയ ഗളം ഛേദിച്ചു മാറ്റുന്ന ശസ്ത്രക്രിയയുടെ സമ്പൂർണ വിവരണം ആദ്യമായി നൽകിയത് ഇബ്‌നു സുഹ്‌റും.
ഇബ്‌നു റബുനിത്ത്വബരി
അബുൽ ഹസൻ അലിയ്യിബ്‌നു സഹൽ റബുനത്ത്വബരി(ഹി. 193-247/ ക്രി. 808-861). ത്വബരിസ്ഥാനിലെ മർവിലാണ് ജനിച്ചത്. ആദ്യകാല മുസ്‌ലിം ഭിഷഗ്വരരിൽ പ്രധാനിയാണ്. ഖലീഫ അൽമുഅ്തസ്വിമിന്റെ സദസ്യൻ. അറബി, ഹിബ്രു, സിറിയക്, ഗ്രീക്ക് ഭാഷകളിൽ പരിജ്ഞാനം. പഠനാവശ്യാർത്ഥം ഇറാഖിലേക്ക് യാത്രയായി. അവിടത്തെ വലിയ ലൈബ്രറികൾ ഉപയോഗപ്പെടുത്തി ഗവേഷണ പഠനങ്ങൾ നടത്തി.
പരന്ന വായനയിൽ നിന്നാണ് ത്വബരിക്ക് ഗ്രന്ഥരചന എന്ന ആശയം ഉടലെടുക്കുന്നത്. അങ്ങനെ വൈദ്യശാസ്ത്രത്തിലെ സർവ വിജ്ഞാനകോശമായി ഗണിക്കപ്പെട്ട ‘ഫിർദൗസുൽ ഹിക്മ’ വെളിച്ചം കണ്ടു. മനഃശാസ്ത്രം, ജന്തുശാസ്ത്രം, ഭ്രൂണശാസ്ത്രം, തത്ത്വചിന്ത തുടങ്ങിയ വിജ്ഞാന ശാഖകളും ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. ഗ്രീക്ക്, ഇന്ത്യൻ ചികിത്സാരീതികളുടെ സംക്ഷിപ്ത രൂപവും ഇതിൽ കാണാവുന്നതാണ്.
വരട്ടുചൊറിക്ക് അണുപരാഗണ ചികിത്സ കണ്ടെത്തിയ ത്വബരി ക്ഷയരോഗത്തെ കുറിച്ച് നല്ലൊരു പഠനവും സമർപ്പിച്ചിട്ടുണ്ട്. ക്ഷയം, ശ്വാസകോശത്തെ മാത്രമല്ല ഇതര അവയവങ്ങളെയും ബാധിക്കുമെന്ന് അദ്ദേഹമാണ് ആദ്യമായി കണ്ടെത്തിയത്. നിരവധി വൈദ്യഗ്രന്ഥങ്ങളുടെ കർത്താവ് കൂടിയാണ് അദ്ദേഹം. മനാഫിഉൽ അദ്‌വിയതി വൽ അത്വ്ഇമതി വൽ അഖാഖീർ, ഹിഫ്‌ളുസ്സ്വിഹ്ഹ, കിതാബുൻ ഫീ തർതീബിൽ അഗ്ദിയ, കിതാബുൻ ഫിൽ ഹിജാമ എന്നിവ അതിൽ പ്രധാനം. തുഹ്ഫതുൽ മുലൂക്, ബഹ്‌റുൽ ഫവാഇദ്, ഇർഫാനുൽ ഹയാത് തുടങ്ങിയവയും ത്വബരിയുടെ സംഭാവനകളാണ്.
അബൂബക്കർ റാസി
അബൂബക്കർ മുഹമ്മദ്ബ്‌നു യഹ്‌യബ്‌നു സകരിയ്യർറാസി (ഹി. 250-311/ ക്രി. 865-923) ബഗ്ദാദിലെ ആശുപത്രിയിലെ മുഖ്യഭിഷഗ്വരനായിരുന്നു. ഒമ്പതാം നൂറ്റാണ്ടിലെ പ്രഗത്ഭനായ പ്രതിഭ. രസതന്ത്രം, ജീവശാസ്ത്രം എന്നിവയിലും പരിജ്ഞാനം. നാഡി ശസ്ത്രക്രിയക്കും നേത്ര ചികിത്സക്കും തുടക്കം കുറിച്ചു. ഔഷധ നിർമാണത്തിൽ പ്രഥമമായി രാസവസ്തുക്കൾ ഉപയോഗിച്ചത് റാസിയാണ്. മെർക്കുറി ഓയിന്റ്‌മെന്റ് കണ്ടുപിടിക്കുകയും സ്വന്തമായി പല മരുന്നുകളും നിർമിക്കുകയും ചെയ്തു. നവജാത ശിശു പാലനം, നേത്രശസ്ത്രക്രിയ തുടങ്ങിയവയിലും ഇദ്ദേഹം വലിയ സംഭാവനകൾ നൽകി.
ഒരു കാലത്ത് മനുഷ്യന് ഏറെ ഭീഷണിയായിരുന്ന വസൂരി രോഗത്തിന്റെ ശരിയായ കാരണം കണ്ടുപിടിച്ചത് റാസിയാണ്. വസൂരി, അഞ്ചാം പനി എന്നിവയെക്കുറിച്ച് പുസ്തകമെഴുതിയ റാസി, രോഗത്തിന്റെ ബാഹ്യലക്ഷണങ്ങളും അതു രോഗിയിൽ പ്രകടമാക്കുന്ന പ്രത്യക്ഷ ലക്ഷണങ്ങളും ആസ്പദമാക്കി എഴുതിയ ഗ്രന്ഥത്തിൽ രോഗത്തിന്റെ എല്ലാ ലക്ഷണങ്ങളും സവിസ്തരം പരാമർശിച്ചിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടുവരെ ഈ വിഷയത്തിലുള്ള ഏക കൃതിയും ഇതായിരുന്നു.
സന്ധി വേദന, വാതം, ചുണങ്ങ്, താരൻ, വെള്ളപ്പാണ്ട്, ജലദോഷം, ലൈംഗിക ശേഷിക്കുറവ്, പനി, ശിശുരോഗങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ഇദ്ദേഹം ലേഖനങ്ങൾ തയ്യാറാക്കുകയും പ്രബന്ധങ്ങൾ രചിക്കുകയുമുണ്ടായി. മധ്യനൂറ്റാണ്ടിൽ കൂടുതൽ കണ്ടുപിടിത്തങ്ങളും സൃഷ്ടികളും നടത്തിയ ഭിഷഗ്വരൻ എന്നാണ് റാസിയെപ്പറ്റി ഫിലിപ്പ് ഹിറ്റി രേഖപ്പെടുത്തിയത്.
ഒരു സ്ഥലത്ത് ആശുപത്രി നിർമിക്കാൻ റാസി നടത്തിയ ഗവേഷണം ശ്രദ്ധേയമാണ്. അബ്ബാസി ഖലീഫയായിരുന്ന അള്ദുദ്ദൗലയുടെ നിർദേശപ്രകാരമായിരുന്നു അത്. കുറേ മാംസക്കഷ്ണങ്ങൾ ബഗ്ദാദിലെ വ്യത്യസ്ത പ്രദേശങ്ങളിൽ കെട്ടിത്തൂക്കിയായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. ഏറ്റവും ഒടുവിൽ മാംസം ദുഷിച്ച സ്ഥലമാണ് ആശുപത്രി നിർമാണത്തിന് തിരഞ്ഞെടുത്തത്.
യവന, പേർഷ്യൻ, റോമൻ, ഭാരതീയ വിജ്ഞാനങ്ങൾ മുഴുവൻ സ്വായത്തമാക്കിയാണ് റാസി ഗവേഷണമാരംഭിച്ചത്. ആഹാരം കൊണ്ട് ചികിത്സിച്ചു മാറ്റാവുന്ന രോഗത്തിന് ശസ്ത്രക്രിയ പാടില്ലെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. വൈദ്യൻ എപ്പോഴും രോഗിക്ക് സുഖമുണ്ടെന്ന് തോന്നിപ്പിക്കണമെന്നും അവർക്ക് പ്രതീക്ഷയേകി സന്തോഷം പകരണമെന്നും നിർദേശിച്ചു. റാസിയെ കുറിച്ച് പഠനം നടത്താനും അദ്ദേഹത്തിന്റെ കൃതികൾ സൂക്ഷിക്കാനുമായി അമേരിക്കയിലെ ബ്രസ്റ്റോൺ യൂണിവേഴ്‌സിറ്റിയിൽ പ്രത്യേക വിഭാഗം തന്നെയുണ്ടത്രെ. 113 പ്രധാന ഗ്രന്ഥങ്ങളിലും 28 ചെറുകൃതികളിലുമായാണ് റാസി തന്റെ പരീക്ഷണ നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. വൈദ്യവിജ്ഞാനീയത്തിലെ ബൃഹത്തായൊരു വിജ്ഞാനകോശം തന്നെയാണ് അദ്ദേഹത്തിന്റെ ഹാവി. റാസിയുടെ സുപ്രസിദ്ധ കൃതിയായ ‘അൽജുദ്‌രിയ്യു വൽഹസ്വബ’ക്ക് 1498-നും 1866-നുമിടക്ക് ഇംഗ്ലീഷിലുള്ള 40 വിവർത്തന പതിപ്പുകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1856-ൽ അതിന്റെ ഫ്രഞ്ച് പതിപ്പും പ്രസിദ്ധീകൃതമായി.
സിനാൻ ബിൻ സാബിത്
അബൂസഈദ് സിനാൻ ബ്‌നു സാബിത്ബ്‌നു ഖുർറ അൽഹറാനി(ക്രി. 880-943) വൈദ്യശാസ്ത്രത്തിലും ഗണിത ശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും നിപുണനായിരുന്നു. അബ്ബാസി ഖലീഫ അൽമുഖ്തദിറിന്റെ വൈദ്യനായി സേവനമനുഷ്ഠിച്ചു. വൈദ്യവൃത്തിയുടെ നിലവാരം വർധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും അദ്ദേഹം നടത്തി. ബഗ്ദാദിലെ ആശുപത്രികളുടെ നിലവാരം നോക്കിയാണ് സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ പ്രാക്ടീസിനനുവദിച്ചില്ല.
ഇബ്‌നുജസ്സാർ
അബൂജഅ്ഫർ അഹ്മദ്ബ്‌നു ഇബ്‌റാഹീം അബൂഖാലിദ് അൽഖൈറുവാനി(ഹി.285-369/ ക്രി. 898-979). ഇബ്‌നു ജസ്സാർ എന്ന പേരിൽ പ്രസിദ്ധനായ അദ്ദേഹത്തിന്റെ വിഖ്യാത ഗ്രന്ഥമാണ് ‘സാദുൽ മുസാഫിർ’. വസൂരിയെ കുറിച്ചും അഞ്ചാം പനിയെ കുറിച്ചും ശ്രദ്ധേയമായ ചർച്ച ഇതിലുണ്ട്. ആന്തരിക രോഗങ്ങളാണ് സാദുൽ മുസാഫിറിലെ പ്രമേയം. അൽഇഅ്തിമാദു ഫിൽ അദ്‌വിയതിൽ മുഫ്‌റദ, തിബ്ബുൽ മശാഇഖ്, അൽബിഗ്‌യതു ഫിൽ അദ്‌വിയതിൽ മുഫ്‌റദ, ഫിൽ മിഅ്ദനി വ അംറാളിഹാ വ മുദാവാതിഹാ തുടങ്ങിയവയും അദ്ദേഹത്തിന്റെ രചനകളാണ്. സാദുൽ മുസാഫിറിന് ലാറ്റിൻ, ഹീബ്രു, ഗ്രീക്ക് പരിഭാഷകളുണ്ട്.
സഹ്‌റാവി
അബുൽഖാസിം ഖലഫുബ്‌നു അബ്ബാസിസ്സഹ്‌റാവി(ക്രി. 936-1013) ഖലീഫ അൽഹാകിം രണ്ടാമന്റെ കൊട്ടാര വൈദ്യനായിരുന്നു. കൊർദോവയിലാണ് ജനനം. സഹ്‌റാവിയുടെ അത്തസ്വ്‌രീഫ് ലിമൻ അജസ അനിത്തഅ്‌ലീഫ് വിജ്ഞാനകോശ സമാനമായ ബൃഹത് ഗ്രന്ഥമാണ്. 200 ശസ്ത്രക്രിയാ ഉപകരണങ്ങളെ പറ്റി വിവരിക്കുന്ന ഈ ഗ്രന്ഥം യൂറോപ്പിൽ ഓപ്പറേഷൻ പഠനപുരോഗതിക്ക് ഏറ്റവും ഉപകരിച്ച രചനയാണ്. പതിനാലാം നൂറ്റാണ്ടിനു ശേഷം ജനിച്ച സർവ ശസ്ത്രക്രിയാ വിദഗ്ധരും ഈ ഗ്രന്ഥമാണ് പ്രധാനമായി ആശ്രയിച്ചിരുന്നത്. പല വൈദ്യന്മാരും ശസ്ത്രക്രിയ നടത്തി അപകടമുണ്ടാകുന്നത് ശ്രദ്ധയിൽപെട്ടതുകൊണ്ടാണ് താൻ രചനക്കു മുതിർന്നതെന്ന് അദ്ദേഹം വിശദീകരിക്കുകയുണ്ടായി.
ബോട്ട് രോഗമെന്നറിയപ്പെടുന്ന നട്ടെല്ലിനുണ്ടാകുന്ന ക്ഷയത്തെ ആദ്യമായി പരിചയപ്പെടുത്തിയത് ഇദ്ദേഹമാണ്. എന്നാൽ അദ്ദേഹത്തിന് ഏഴു നൂറ്റാണ്ടുകൾക്കു ശേഷം ജനിച്ച ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ ബോട്ടിന്റെ നാമത്തിലാണ് അതറിയപ്പെട്ടതെന്നത് ചരിത്ര വൈരുദ്ധ്യം തന്നെ.
ശസ്ത്രക്രിയാനന്തരം ആമാശയ ഭാഗങ്ങൾ സ്റ്റിച്ച് ചെയ്യാനായി മൃഗങ്ങളുടെ ആമാശയങ്ങളിൽ നിന്നെടുക്കുന്ന നൂലുകൾ ഉപയോഗിച്ചിരുന്ന സംവിധാനത്തിന്റെ ഉപജ്ഞാതാവും സഹ്‌റാവിയാണ്. രക്തസ്രാവം നിലക്കാൻ രക്തധമനികൾ ബന്ധിപ്പിച്ചാൽ മതിയെന്ന അദ്ദേഹത്തിന്റെ സമർത്ഥനം വലിയൊരു ശാസ്ത്രീയ ഗവേഷണത്തിന്റെ തുടക്കമായിരുന്നു. മനുഷ്യന്റെ താഴെ പകുതിയിലെ ഓപ്പറേഷന് കാലുകളും അനുബന്ധ ഭാഗങ്ങളും പൊക്കിവെക്കണമെന്ന നിർദേശവും സഹ്‌റാവിയാണ് നൽകിയത്. വായ, താടിയെല്ല് തുടങ്ങിയ ഭാഗങ്ങൾക്ക് ക്ഷതമേറ്റ് വികൃതമാകുമ്പോൾ ചില െകാളുത്തുകളും വടിയുമുപയോഗിച്ച് ശരിപ്പെടുത്തുന്ന ചികിത്സാരീതി തുടങ്ങിവച്ചതും ഇദ്ദേഹം തന്നെ.
നൂറ്റാണ്ടുകളോളം ശസ്ത്രക്രിയാ മാന്വലായി ഉപയോഗിക്കപ്പെട്ടിരുന്ന സഹ്‌റാവിയുടെ അത്തസ്വ്‌രീഫ് മൂന്ന് ഭാഗങ്ങളായാണ് ക്രോഡീകരിച്ചത്. ഓരോ ഭാഗത്തിലും 15 അധ്യായങ്ങളുണ്ട്. മുറിവുകൾ പൊള്ളിച്ചുള്ള ചികിത്സയും അതിനുപയോഗിക്കുന്ന ഉപകരണങ്ങളുമാണ് ഒന്നാം ഭാഗത്തിന്റെ ഉള്ളടക്കം. സാധാരണ ശസ്ത്രക്രിയകളെ കുറിച്ച് രണ്ടാം ഭാഗത്തിലും അസ്ഥി ഒടിവ്, സന്ധി തെറ്റൽ, തളർ വാതം എന്നിവയെക്കുറിച്ച് മൂന്നാം ഭാഗത്തിലും വിശദീകരിക്കുന്നു.
ഇബ്‌നു സീന
അബൂഅലി ഹുസൈൻ ബിൻ അബ്ദില്ലാഹിബ്‌നു ഹസൻ ബിൻ അലി ഇബ്‌നുസീനാ(ക്രി. 980-1037) ഉസ്ബക്കിസ്ഥാനിലെ ബുഖാറയിൽ ജനിച്ചു. വൈദ്യ ശാസ്ത്രം ഏറ്റവും കൂടുതൽ കടപ്പെട്ട ഭിഷഗ്വരനാണിദ്ദേഹം. പത്താം വയസ്സിൽ ഖുർആൻ മനഃപാഠമാക്കി. പതിനാറാം വയസ്സിൽ വൈദ്യപഠനമാരംഭിച്ചു. പതിനെട്ടിൽ ചികിത്സയും. 21-ൽ അലിയ്യ്ബ്‌നു മഅ്മൂനിന്റെ കൊട്ടാരത്തിൽ ചികിത്സകനായി നിയമിതനായി. ആധുനിക വൈദ്യശാസ്ത്രത്തിന്റെയും ഔഷധശാസ്ത്രത്തിന്റെയും പിതാവായി ഗണിക്കപ്പെടുന്നു. വൈദ്യശാസ്ത്ര രംഗത്ത് അനസ്‌തേഷ്യ നൽകിയുള്ള സർജറി പരിചയപ്പെടുത്തിയതും സാംക്രമിക രോഗങ്ങളുടെ പകർച്ചാ സ്വഭാവം നിർണയിച്ചതും നാഡീവ്യൂഹ സംബന്ധമായ മറ്റനേകം രോഗങ്ങളുടെ കാരണങ്ങൾ കണ്ടുപിടിച്ചതും ചെവിയുടെ ഘടന, കണ്ഠനാളം, ശബ്ദനാളം എന്നിവയെ കുറിച്ചുള്ള പഠനം ആദ്യം സമർപ്പിച്ചതും ഇബ്‌നുസീനയാണ്.
ഇദ്ദേഹത്തിന്റെ അൽഖാനൂൻ 1650 വരെ മെഡിക്കൽ കോളേജുകളിലെ പ്രധാന പഠന വിഷയമായിരുന്നു. കിതാബുശ്ശിഫ ഫാർമക്കോളജിയിലെ വിശ്രുത ഗ്രന്ഥവുമാണ്. സാംക്രമിക വ്യാധിപ്പനി (മിവേൃമഃ) നിർണയിച്ചതും അതിനുള്ള പ്രതിവിധി നിർദേശിച്ചതും അദ്ദേഹം തന്നെ. ആമാശയ കൃമികളെ സംബന്ധിച്ച് ആദ്യം പ്രതിപാദിച്ചതും ശരീരത്തിൽ ഏതെങ്കിലും ഭാഗത്തുണ്ടാകുന്ന കാൻസർ ശരീരം മുഴുവൻ പ്രതിഫലിക്കുമെന്ന് കണ്ടെത്തിയതും ഇദ്ദേഹമാണ്.
കിതാബുൽ അദ്‌വിയതിൽ ഖൽബിയ്യ, കിതാബു ദഫ്ഇൽ മളാർറിൽ കുല്ലിയ്യത്തി അനിൽ അബ്ദാനിൽ ഇൻസാനിയ്യ, രിസാലതുൻ ഫീ തശ്‌രീഹിൽ അഅ്‌ളാഅ്, രിസാലതുൻ ഫിൽ ഫസ്വദ്, രിസാലതുൻ ഫിൽ അദ്ഗിയതി വൽ അദ്‌വിയ, അൽഫിയ്യതുത്ത്വിബ്ബിയ്യ, ഉർജൂസതുൽ മുജർറബാതി ഫിത്ത്വിബ്ബ് എന്നിവയെല്ലാം പ്രധാന രചനകളാണ്. ഗർഭപാത്രത്തിൽ കുട്ടി കിടക്കുന്ന ആകൃതിയും ഗർഭസ്ഥ ശിശുവിനെ തിരിച്ചറിയാനുള്ള മാർഗവും കുട്ടി പുറത്തുവരുന്ന രൂപവും സ്വാഭാവിക പ്രസവവും സിസേറിയനുമെല്ലാം അദ്ദേഹം കൃത്യമായി വിവരിച്ചിട്ടുണ്ട്. പിൽക്കാലത്ത് നവീന ഉപകരണങ്ങളുപയോഗിച്ച് കണ്ടെത്തിയ കാര്യങ്ങളെല്ലാം തന്നെ അത്തരം സംവിധാനങ്ങളൊന്നുമില്ലാത്ത കാലത്ത് അദ്ദേഹം കൃത്യമായി അനുമാനിച്ചുവെന്നത് അതിശയിപ്പിക്കുന്നതാണ്.
ഇബ്‌നുസുഹർ
അബ്ദുൽ മലിക്ബ്‌നു സുഹർബ്‌നു അബ്ദിൽ മലികിബ്‌നു മർവാൻ(ഹി. 464-557/ ക്രി. 1072-1162). സ്‌പെയിനിലെ പ്രശസ്ത ഭിഷഗ്വര കുടുംബത്തിൽ ജനനം. മനഃശാസ്ത്രവും ചികിത്സാരീതികളും പ്രതിപാദിക്കുന്ന നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ്. ചർമ വീക്കവും ഹൃദയാവരണത്തിനുണ്ടാവുന്ന വീക്കവും നിർണയിച്ചത് ഇബ്‌നുസുഹ്‌റായിരുന്നു. ഇതിനെ ശ്വാസകോശ രോഗങ്ങളിൽ നിന്ന് വേർതിരിച്ചതും ആമാശയ കാൻസറിനെ കുറിച്ച് വിശദീകരിച്ചതും ഇബ്‌നുസുഹറിന്റെ പ്രധാന സംഭാവനകളാണ്. കിതാബുൽ ഇഖ്തിസ്വാദി ഫീ ഇസ്വ്‌ലാഹിൽ അൻഫുസി വൽ അജ്‌സാദ് ഇബ്‌നുസുഹറിന്റെ പ്രധാന കൃതിയാണ്. മനസ്സിന്റെയും ശരീരത്തിന്റെയും സന്തുലനം നിമിത്തം ആരോഗ്യം നിലനിർത്തുന്നതിനുള്ള നിർദേശങ്ങളാണ് ഇതിലുള്ളത്. ശാരീരികമായ അവസ്ഥകളെയും ചികിത്സാ വിധികളെയും കുറിച്ചുള്ള കിതാബുത്തൈസീർ ഫിൽ മുദാവാതി വത്തദ്ബീർ, ഭക്ഷണ ക്രമത്തെ കുറിച്ചുള്ള കിതാബുൽ അഗ്ദിയ എന്നിവയാണ് മറ്റു കൃതികൾ.
ഇബ്‌നുറുശ്ദ്, ഇബ്‌നുന്നഫീസ്, ഇബ്‌നുൽ ഹൈസം, ഇബ്‌നുൽ ബൈത്വാർ, സ്വാലിഹ്ബ്‌നു യൂസുഫുൽ കഹ്ഹാൻ, അലിയ്യുബ്‌നു അബ്ബാസ് തുടങ്ങിയവരെല്ലാം വൈദ്യശാസ്ത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മഹാപ്രതിഭകളാണ്.