വൈലത്തൂർ ബാവ ഉസ്താദിന്റെ ജ്ഞാനജീവിതം

ഏതാണ്ട് മുപ്പത് വർഷങ്ങൾക്ക് മുമ്പ്, മദ്രസാ പ്രായത്തിൽ തന്നെ കേട്ടുതുടങ്ങിയതാണ് ബാവ മുസ്‌ലിയാർ എന്ന നാമം. അനാരോഗ്യം മൂലം വീട്ടിൽ വിശ്രമജീവിതം നയിച്ചിരുന്ന വല്ല്യുപ്പ കരുവള്ളി മൊയ്തീൻകുട്ടി മുസ്‌ലിയാരും ദർസ് നടത്തുന്നിടത്ത് നിന്ന് ആഴ്ചയിലൊരിക്കൽ വരുന്ന എന്റെ ഉപ്പ അബ്ദുൽ ഗനീ മുസ്‌ലിയാരും (വഫാത് 1986) തമ്മിലുള്ള സംസാരത്തിനിടയിൽ ബാവ മുസ്‌ലിയാരെക്കുറിച്ച് പലപ്പോഴും പരാമർശിക്കാറുണ്ടായിരുന്നു. അദ്ദേഹം ഏൽപ്പിച്ചതാണെന്ന് പറഞ്ഞ് ചില കൃതികൾ ഉപ്പ വല്ല്യുപ്പക്ക് കൊടുക്കുന്നതും കണ്ടിട്ടുണ്ട്.

വല്ല്യുപ്പ കരുവള്ളി മൊയ്തീൻ കുട്ടി മുസ്‌ലിയാരുടെഉസ്താദ് പാങ്ങിൽ അബ്ദുല്ല മുസ്‌ലിയാർ വൈലത്തൂർ ചിലവിൽ ജുമാമസ്ജിദിൽ ദർസ് നടത്തുമ്പോഴാണ് ബാവ ഉസ്താദ് അബ്ദുല്ല മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചത്. അബ്ദുല്ല മുസ്‌ലിയാരാണ് പിന്നീട് വല്ല്യുപ്പയെ ചിലവിൽ പള്ളിയിൽ മുദരിസായി നിയമിച്ചത് എന്ന് ബാവ ഉസ്താദ് എന്നോട് ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു. ഒരു വർഷക്കാലം വല്ല്യുപ്പയുടെ കീഴിൽ ഓതിപ്പഠിക്കാൻ അവസരമുണ്ടായത് അങ്ങനെയാണത്രെ.

1998-ൽ വല്ല്യുപ്പ വഫാതാകുന്നത് വരെ വർഷത്തിലൊരിക്കലെങ്കിലും ബാവ ഉസ്താദ് ഗുരുവിനെ കാണാനെത്താറുണ്ടായിരുന്നു. അധികവും റമളാനിലായിരിക്കും വരവ്. ചിലപ്പോഴൊക്കെ ഒന്നുരണ്ട് ശിഷ്യന്മാരും കൂടെയുണ്ടാവും.

ഒരു റമളാനിൽ രണ്ടോ മൂന്നോ ദിവസം തുടർച്ചയായി വീട്ടിൽ വന്നിരുന്നു. ബസ്സിറങ്ങി ഒരു കിലോമീറ്റർ നടക്കണം വീട്ടിലെത്താൻ. കയ്യിൽ ഒരു കിതാബുമുണ്ടാകും. വല്ല്യുപ്പ കിടക്കുന്ന കട്ടിലിൽ തന്നെ ബാവ ഉസ്താദും ഇരിക്കും. സന്ദർശകരിൽ വളരെ വേണ്ടപ്പെട്ടവരെ കട്ടിലിൽ ഇരുത്തുന്നതായിരുന്നു വല്ല്യുപ്പയുടെ പതിവ്.

ഞങ്ങൾ കൗതുകപൂർവം ഇതൊക്കെ നോക്കിനിൽക്കും. പിന്നെ ബാവ ഉസ്താദ് കിതാബ് വായിച്ചു തുടങ്ങും. ഗുരു സമ്മതം മൂളുക മാത്രം ചെയ്യുന്നതാണ് കാണുക. ഓരോന്നു വായിക്കുമ്പോഴും വല്ല്യുപ്പ കനപ്പിച്ചു മൂളും. മറ്റൊന്നും പറയില്ല. അമ്പതോളം കൃതികൾ, അവയിൽ തന്നെ മുപ്പത്തഞ്ചോളം അറബി ഗ്രന്ഥങ്ങൾ രചിച്ച മഹാപണ്ഡിതൻ ഈ വായന കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ ബസ്സ് കയറുന്നിടത്തേക്ക് ഞങ്ങളാരെങ്കിലും കൂടെപ്പോകും. കിതാബ് വാങ്ങി ഞാൻ കയ്യിൽ പിടിക്കാൻ ശ്രമം നടത്തിയാലും അദ്ദേഹം വിട്ടു തരാതെ നടന്നു നീങ്ങും; നാട്യങ്ങളില്ലാതെ വിനയാന്വിതനായ ഒരു വിദ്യാർത്ഥിയെപ്പോലെ. ബസ് കയറുന്നിടത്തേക്ക് ആക്കിക്കൊടുക്കാൻ വല്ല്യുപ്പ പറയുമ്പോഴാണ് ഞങ്ങൾ കൂടെ ചെല്ലുക. ഒരു ദിവസം കിതാബ് എന്നോട് വാങ്ങാൻ വല്ല്യുപ്പ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ നിന്ന് അതെന്റെ കൈയിൽ തന്നു. പക്ഷേ, വീടിനു പുറത്തെത്തിയപ്പോൾ പിടിച്ചുവാങ്ങി നെഞ്ചോട് ചേർത്തു നടന്നു.

ബാവ ഉസ്താദ് ഇങ്ങനെ വന്നുപോയ ഒരു ദിവസം എന്റെ ഉമ്മ വല്ല്യുപ്പാനോട് ചോദിച്ചു: അദ്ദേഹം വായിക്കുമ്പോൾ ഉത്തരമൊന്നും പറയാതെ നിങ്ങൾ മൂളുക മാത്രം ചെയ്യുന്നതെന്താണ്?

‘ആ കുട്ടി അതൊന്നും തിരിയാഞ്ഞിട്ട് വരാണ്ന്നാണോ നീ കരുതിയത്’ എന്നായിരുന്നു വല്ല്യുപ്പയുടെ പ്രതികരണം. ബറകത്തിനു വേണ്ടിയുള്ള ഓത്തായിരുന്നു അത്.

പുഞ്ചിരിച്ച് പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന ബാവ ഉസ്താദിന്റെ ഗൗരവഭാവം രണ്ടുതവണ നേരിൽ കണ്ടതോർക്കുന്നു. മലപ്പുറം ജില്ലാ സുന്നി കാര്യാലയമായ വാദീസലാമിന്റെ നിർമാണം പൂർത്തിയാകും മുമ്പാണ് ആദ്യത്തെയനുഭവം. അതിന്റെ അണ്ടർഗ്രൗണ്ടിൽ വെച്ച് ഒരു സുന്നി കൺവെൻഷൻ നടക്കുകയാണ്. ബാവ ഉസ്താദ് ഉൾപ്പെടെ ജില്ലയിലെ പ്രമുഖ ഉലമാക്കൾ പങ്കെടുക്കുന്നുണ്ട്. അതിലൊരാൾ തന്റെ പ്രസംഗത്തിനിടെ സംസ്ഥാനക്കാരെ ഉദ്ദേശിച്ച് ‘ആനക്കാർ’ എന്ന് പറഞ്ഞുപോയി. ആദർശപരമായ വിയോജിപ്പുണ്ടെങ്കിലും ആരെയും വിമർശിക്കുന്നത് ഇഷ്ടപ്പെടാത്ത ബാവ ഉസ്താദ് ഉടൻ ഇടപ്പെട്ടു: ‘അങ്ങനത്തതൊക്കെ പറയാണെങ്കിൽ ഞാനിവിടെന്ന് എണീറ്റ് പോകും.’ പ്രസംഗിക്കുന്ന ആൾ പറഞ്ഞു: ‘ഇല്ല, ഇനി പറയില്ല.’

രണ്ടാമത്തെ സംഭവം, ഒരു വർഷം മുമ്പ് ഉസ്താദിനെ സന്ദർശിക്കാൻ വൈലത്തൂരിലെ വീട്ടിലെത്തിയതായിരുന്നു ഞാൻ. ഓർമശക്തി പറ്റെ ക്ഷയിച്ച സന്ദർഭം. മക്കളിലൊരാൾ കൈ പിടിച്ച് ബാത് റൂമിൽ നിന്ന് കൊണ്ട് വരികയാണ്. പെട്ടെന്ന് ഉസ്താദിന്റെ ആജ്ഞ: ‘തുണി കയറ്റി ഉട്ക്ക്.’ മകന്റെ വസ്ത്രം തിരക്കിനിടയിൽ അറിയാതെ ഞെരിയാണിക്ക് താഴെ ഇറങ്ങിയതാണ് പ്രശ്‌നം.

ഗുരുവുമായുള്ള ബന്ധം വിച്ഛേദിക്കാൻ ശിഷ്യർ മത്സരിക്കുന്ന ഇക്കാലത്ത് ബാവ ഉസ്താദിന്റെ ജീവിതം വലിയ സന്ദേശമാണ് നൽകുന്നത്. സ്വന്തം ഗുരുവിനോടുള്ള കടപ്പാടിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് പോലും സ്‌നേഹപരിഗണനകൾ നൽകി ബാവഉസ്താദ്. തമ്മിൽ കാണുമ്പോഴൊക്കെ ഞാനത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരിക്കൽ വൈലത്തൂരിലെ വീട്ടിൽ ചെന്നപ്പോൾ റൂമിലേക്ക് വിളിച്ച് വാതിലടച്ച് അഞ്ഞൂറു രൂപ നിർബന്ധപൂർവം കയ്യിൽ പിടിപ്പിക്കുകയുണ്ടായി. പ്രസ്തുത സംഖ്യയും പതിനഞ്ചു വർഷം മുമ്പ് എന്റെ വിവാഹത്തോടനുബന്ധിച്ച് ഉസ്താദവർകൾ തന്ന ഉപഹാരവും നിധി പോലെ ഞാനിന്നും സൂക്ഷിക്കുന്നു.

ഇഹ്‌യാഉസ്സുന്ന ഉസ്താദിന്റെ വികാരമായിരുന്നു. തീരെ സുഖമില്ലാത്ത അവസ്ഥയിലും കോളേജിലേക്ക് പോകാനായിരുന്നു തിടുക്കം. ഇൽമിന്റെ കൈമാറ്റമാണ് അദ്ദേഹത്തെ എന്നും പ്രചോദിപ്പിച്ചത്. ആ ജീവിതം മുഴുക്കെ ജ്ഞാനസേവനമായിരുന്നല്ലോ. പുണ്യമാസത്തിലെ വെള്ളിയാഴ്ച ജീവിതകാലത്തെന്ന പോലെ സുസ്‌മേരവദനനായി വിടചൊല്ലിയ മഹാഗുരുവിനൊപ്പം അല്ലാഹു നമ്മെയും സ്വർഗത്തിലൊരുമിച്ചു കൂട്ടട്ടെ-ആമീൻ.

കരുവള്ളി അബ്ദുറഹീം

_______________________________________________________________

അന്ത്യനിമിഷങ്ങൾ

ഫൈസൽ അഹ്‌സനി

ബാവ ഉസ്താദിന്റെ നാലാമത്തെ മകൻ തലക്കടുത്തിരുന്ന് എന്തോ ചൊല്ലുന്നത് കണ്ടുകൊണ്ടാണ് ഞാനാ ആശുപത്രി റൂമിലേക്ക് പ്രവേശിച്ചത്. മൂത്ത മകൻ മുഹമ്മദ് അഹ്‌സനിയും ഏതാനും ബന്ധുക്കളും അപ്പോഴവിടെ ഉണ്ടായിരുന്നു. അഞ്ചു പതിറ്റാണ്ടു കാലം കേരള മുസ്‌ലിം സമൂഹത്തിന് അറിവിന്റെ ഇന്ധനം പകർന്ന് വിജ്ഞാനത്തിന്റെ വിളക്കുമാടമായി പ്രകാശിച്ച ജ്ഞാന ജ്യോതിസ്സിനെ അവസാനമായി കണ്ടത് അപ്പോഴാണ്.

മകൻ പാരായണം ചെയ്തുകൊണ്ടിരുന്ന ഗ്രന്ഥത്തിന്റെ മറ്റൊരു കോപ്പി അവിടെ ഉണ്ടായിരുന്നു. മിഫ്താഹുൽ ളഫ്‌രി വൽ മജ്ദി ഫീ തവസ്സുലി ബി അസ്വ്ഹാബി ബദ്‌രിൻ വ ഉഹ്ദ് എന്ന ഗ്രന്ഥം മറിച്ചുനോക്കി. അറബി അക്ഷരമാലയിലെ ഓരോ അക്ഷരത്തിനും പ്രത്യേകമായ ഫസ്വ്‌ലുകൾ നൽകി ബദ്‌രീങ്ങളുടെ പേരും ഗോത്രവും ചരിത്രവും ഒപ്പം അസ്മാഉൽ ഹുസ്‌നയും അസ്മാഉൽ അമ്പിയാഉം അസ്മാഉൽ മുർസലീനുമെല്ലാം കോർത്തിണക്കിയ ആയിരം ബൈതുകളുള്ള അൽഫിയ്യയായിരുന്നു അത്. അത്ര ദീർഘമായത് ചൊല്ലാൻ പ്രയാസമുള്ളവർക്ക് സൗകര്യപ്പെടും വിധം ചുരുക്കി തയ്യാറാക്കിയ അറുപത് ബൈതുള്ള സിത്തീനയും ബദ്‌രീങ്ങളുടെ അപദാനങ്ങളാണ്.

ഭൗതിക ലോകത്തോട് വിട്ടുപിരിയുവാൻ നേരത്തും സ്വന്തം രചനകളുടെ ആസ്വാദന വഴിയിലൂടെ സഞ്ചരിക്കാനും ഫലം കൊയ്യാനുമാവുക എത്ര ആനന്ദകരമാണ്. വെറുതയല്ല അണമുറിയാത്ത ജനപ്രവാഹം വൈലത്തൂരിനെ ശ്വാസംമുട്ടിച്ചത്. സാമ്പത്തികാഭിവൃദ്ധിയുടെ ഭൂമികയിൽ നിന്ന് അറിവന്വേഷണങ്ങളുടെ അതിക്ലേശകരമായ പാത മഹാഗുരു താണ്ടിയതിന്റെ നന്ദിപ്രകാശനമാണ് യാത്രയേകാനെത്തിയ ജനാവലി നിർവഹിച്ചത്. പ്രലോഭിപ്പിക്കുന്ന ഭൗതിക സൗകര്യങ്ങൾ കുടഞ്ഞെറിഞ്ഞാണല്ലോ അദ്ദേഹം ആത്മീയത തിരഞ്ഞെടുത്തത്. വിളക്കണഞ്ഞു. എങ്കിലും വെളിച്ചം ബാക്കി നിൽക്കുകയാണ്. അതേ, ഗുരുനാഥരുടെ ഗ്രന്ഥങ്ങൾ. പകർന്നും നുകർന്നും നമുക്കതിനു സേവനം ചെയ്യാം. പ്രബോധകർക്കു വഴിവിളക്കാണവ.

 

Exit mobile version