വർണവെറി: യൂറോപ്പ് ഇസ്‌ലാമിൽ നിന്നു പഠിക്കണം

യുഎസ് സ്റ്റേറ്റായ സൗത്ത് കരോലിനയിലെ ചാൾസ്റ്റണിലുള്ള കറുത്ത വർഗക്കാരുടെ ചർച്ചിലേക്ക് തോക്കുമായി കയറിയ വെള്ളക്കാരൻ  യുവാവ് തലങ്ങും വിലങ്ങും വെടിയുതിർത്ത് ഒൻപത് പേരെ വകവരുത്തിയത്, വംശീയമായി എത്രമാത്രം വിഭജിതമാണ് അമേരിക്കയെന്നും ആ രാജ്യം എത്രമാത്രം അപകടകരമായ ആയുധവത്കരണത്തിലാണ് അകപ്പെട്ടിരിക്കുന്നതെന്നും വ്യക്തമാക്കുന്നുണ്ട് 21കാരനായ ഡിലൻ റൂഫ് ആണ് പ്രതി. മറ്റുള്ള രാഷ്ട്രങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി ഗഡാഗഡിയൻ റിപ്പോർട്ടുകൾ ചമയ്ക്കുന്നതിൽ വലിയ മിടുക്കാണ് യു എസിന്. വിദേശകാര്യ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും പെന്റഗണിന്റെയുമൊക്കെ പ്രധാന ദൗത്യം ഇങ്ങനെ ആരാന്റെ കുറ്റം കണ്ടെത്തലാണെന്ന് തോന്നും, വാർഷികമായും അർധ വാർഷികമായും പിറന്നു വീഴുന്ന ഇത്തരം റിപ്പോർട്ടുകൾ കണ്ടാൽ. പരാജിത രാഷ്ട്രങ്ങൾ, തിൻമയുടെ അച്ചു തണ്ട്, വംശവിവേചന രാഷ്ട്രം തുടങ്ങിയ ചാപ്പകൾ അവ രാഷ്ട്രങ്ങൾക്ക് മേൽ പതിക്കുന്നു. മുസ്‌ലിം ഭൂരിപക്ഷ, കമ്യൂണിസ്റ്റ് പൗരസ്ത്യ, ആഫ്രിക്കൻ രാഷ്ട്രങ്ങളാണ് ഇങ്ങനെ ചാപ്പകുത്തപ്പെടുന്നത്. ഭീകരവാദം, മനുഷ്യാവകാശ ലംഘനം, മതസ്വാതന്ത്ര്യ ധ്വംസനം, സ്ത്രീവിരുദ്ധത, വംശീയത തുടങ്ങിയ കുറ്റങ്ങളാണ് ഈ രാഷ്ട്രങ്ങൾക്ക് മേൽ കെട്ടിവെക്കുക. പലപ്പോഴും ഇത് അർധസത്യങ്ങളോ പെരുപ്പിച്ച് കാണിക്കലോ ആയിരിക്കും. ഈ റിപ്പോർട്ടുകൾ അതാതു രാഷ്ട്രങ്ങളുടെ വാണിജ്യ, സാമ്പത്തിക താത്പര്യങ്ങളെപ്പോലും ഗുരുതരമായി ബാധിക്കുന്നു. യു എസിന്റെ പല തീർപ്പുകളും ഇസ്‌ലാമിക സമൂഹങ്ങൾക്ക് മേലുള്ള പ്രത്യയശാസ്ത്ര കടന്നു കയറ്റങ്ങളാകാറുണ്ട്. പൗരാവകാശങ്ങളെ മുസ്‌ലിം രാഷ്ട്രങ്ങൾ മാത്രമല്ല, ഇസ്‌ലാം വിശ്വാസ സംഹിത തന്നെ അവഗണിക്കുന്നുവെന്ന തരത്തിലും വിശകലനങ്ങൾ മുന്നോട്ട് വെക്കുന്നു. എന്നാൽ അമേരിക്കൻ സമൂഹത്തിൽ സംഭവിക്കുന്ന ഗുരുതരമായ പൗരാവകാശ ലംഘനങ്ങളും വിവേചനവും ക്രിമിനൽവത്കരണവും വലിയ തോതിൽ ചർച്ച ചെയ്യാതെ പോകുന്നത് മാധ്യമ ലോകത്തിന്റെ തെറ്റായ മുൻഗണനകളുടെ പരിണിത ഫലമാണ്.

ചാൾസ്റ്റൺ ചർച്ചയിലേക്ക് തന്നെ തിരിച്ചു വരാം. 1861-ൽ സ്ഥാപിതമായ ഈ ദേവാലയത്തിന് തെക്കൻ സ്റ്റേറ്റുകളുടെ ചരിത്രത്തിൽ നിർണായക സ്ഥാനമുണ്ട്. ആഫ്രോ- അമേരിക്കൻ വംശജർക്ക് വൻ സ്വാധീനമുള്ള ഈ മേഖലയിൽ ആരംഭിച്ച പൗരാവകാശ ജാഗരണത്തിന്റെ കേന്ദ്രമായി മാറിയിരുന്നു ഈ ചർച്ച് ഒരിക്കൽ.  അടിമത്തം അവസാനിപ്പിക്കുന്ന ധീരമായ തീരുമാനം  പ്രസിഡന്റ് എബ്രഹാം ലിങ്കൺ എടുത്തപ്പോൾ തെക്കൻ മേഖലയിലെ സ്റ്റേറ്റുകൾ വിഘടന വാദമുയർത്തിയാണ് പ്രതികരിച്ചത്. ഇവിടങ്ങളിലെ ഭരണാധികാരികൾ ഐക്യനാടുകൾ വിട്ട് പോകുന്നുവെന്ന് പരസ്യമായ നിലപാടെടുത്തു. അത് കടുത്ത ആഭ്യന്തര യുദ്ധത്തിന് വഴിവെച്ചു. കേന്ദ്ര ഭരണകൂടത്തോടുള്ള അമർഷം തീർക്കാനെന്ന പേരിലാണ്  വെളുത്തവർ സംഘർഷം തുടങ്ങിയതെങ്കിലും അത് കറുത്തവർക്കെതിരായ ആക്രമണമായി കലാശിച്ചു. ഈ അടിച്ചമർത്തൽ കറുത്തവർക്കിടയിൽ വലിയ തോതിൽ അവകാശ ബോധമുയർത്തി. പൗരാവകാശ പ്രക്ഷോഭങ്ങൾ ഉയർന്നു. ക്രൂരമായ പീഡനങ്ങൾക്ക് അതിന്റെ നേതാക്കൾ ഇരയായി. കറുത്തവർഗക്കാരായ സ്ത്രീകൾ വ്യാപകമായി ബലാത്സംഗം ചെയ്യപ്പെട്ടു. കറുത്ത മനുഷ്യർ കൂടിയിരിക്കുന്ന ഇടങ്ങൾ പലതും അഗ്നിക്കിരയാക്കപ്പെട്ടു. അങ്ങനെ  ഒരിക്കൽ കത്തിചാമ്പലായ ചർച്ചാണ് ചാൾസ്റ്റണിലേത്. അത് നടന്നത് 19-ാം നൂറ്റാണ്ടിലാണ്. ഇന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അതേ പള്ളി ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ അതിന്റെ അർഥമെന്താണ്? ഇരുപത്തൊന്ന് വയസ്സു മാത്രമുള്ള ഒരു യുവാവ് കറുത്തവരെ വെടിവെച്ച് വീഴ്ത്തുന്നുണ്ടെങ്കിൽ ഈ രാജ്യം എങ്ങോട്ടാണ് നടക്കുന്നത്? ഒരു കറുത്ത വർഗക്കാരൻ പ്രസിഡന്റായി രണ്ട് ഊഴം പൂർത്തിയാക്കുമ്പോഴും അമേരിക്കയിൽ വംശീയ വിവേചനത്തിന്റെ ആഴം ഭീകരമാകുന്നുവെന്നു തന്നെയാണ് ചാൾസ്റ്റൺ ചർച്ചിലെ ചോര വിളിച്ചു പറയുന്നത്.

കൊലയാളി ഡിലൻ റൂഫിന്റെതായി പുറത്ത് വന്ന എല്ലാ ഫോട്ടോകളിലും അയാൾ ഒരു പതാകയേന്തിയതായി കാണാം. നക്ഷത്രങ്ങളും ദീർഘ ചതുരങ്ങളും നിറഞ്ഞ ഈ പതാകയെ കോൺഫെഡറേറ്റ് പതാകയെന്നാണ് വിളിക്കുന്നത്. തെക്കൻ സ്റ്റേറ്റുകൾ വിഘടിച്ച് കോൺഫെഡറേറ്റ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക രൂപവത്കരിച്ചപ്പോൾ ഉപയോഗിച്ച പതാകകളിൽ ഒന്നാണ് ഇത്. ഇന്നും ഈ പതാകകൾ സ്റ്റേറ്റ് ആസ്ഥാനങ്ങളിൽ ദേശീയ പതാകക്കൊപ്പം പാറിക്കളിക്കുന്നുണ്ട്. ആഭ്യന്തര യുദ്ധം അവസാനിക്കുകയും യു എസ് പുനഃസ്ഥാപിക്കുകയും ചെയ്തപ്പോൾ ഈ പതാകകൾ മേഖലാപരമായ അഭിമാനത്തിന്റെ ചിഹ്നമായി മാറുകയായിരുന്നു. എന്നാൽ 1950-ന് ശേഷം ഈ പതാക മറ്റൊരു കൂട്ടർ കൂടി ഉപയോഗിക്കുന്നുണ്ട്. കടുത്ത വംശീയത ഉള്ളിൽ സൂക്ഷിക്കുന്ന   തീവ്രവലതുപക്ഷക്കരാണത്. ആഭ്യന്തര യുദ്ധകാലത്ത് സമാന്തരമായി അരങ്ങേറിയ വംശീയ ഉൻമൂലനശ്രമങ്ങളുടെ കൂടി പ്രതീകമായി      ഈ പതാകകൾ മാറിയെന്നർഥം. ഇന്ന് കോൺഫെഡറേറ്റ് പതാകകൾ  വർണ വിവേചനത്തിന്റെ മാത്രം ചിഹ്നമാണ്. സർക്കാർ ആസ്ഥാനത്ത് നിന്ന് ഈ പതാകകൾ നീക്കം ചെയ്യാനുള്ള നിയമനിർമാണങ്ങളിലേക്ക്  നീങ്ങുകയാണ് സ്റ്റേറ്റ് ഭരണകൂടങ്ങൾ. വെളുത്തവർക്ക് പ്രാമുഖ്യമുള്ള പ്രവിശ്യാ സെനറ്റുകൾ ഇത്തരമൊരു തീരുമാനത്തിലേക്കെത്തുന്നത് അമേരിക്കൻ ജനത വർണ വിവേചനത്തിനെതിരെ ജാഗ്രത പാലിക്കുന്നതിന്റെ തെളിവായി മാധ്യമ സിംഹങ്ങൾ കൊണ്ടാടുന്നുണ്ട്. എന്നാൽ അതേ മാധ്യമങ്ങൾക്ക് ഇപ്പോഴും സംശയമാണ്, ഡിലൻ റൂഫിന്റേത് വംശീയ ആക്രമണം തന്നെയായിരുന്നോ? മതവത്കരണത്തോടുള്ള പ്രതികരണമെന്ന് ഒരു കൂട്ടർ. അല്ല, യുവത്വത്തിന്റെ അരക്ഷിതാ ബോധത്തിൽ നിന്നുള്ള ഭ്രാന്തമായ പ്രവൃത്തിയെന്ന് മറ്റൊരു കൂട്ടർ. എന്നാൽ കറുത്തവരാകെ ക്രിമിനലുകളും ബലാത്സംഗക്കാരും അക്രമികളും വൃത്തികെട്ടവരുമാണെന്ന അപകടകരമായ വംശീയ ബോധം തന്നെയാണ് റൂഫിനെ നയിച്ചത്. ഇത് അന്വേഷണ സംഘത്തോട് അയാൾ സമ്മതിച്ചു കഴിഞ്ഞു. അമേരിക്കൻ ചരിത്രത്തിലുടനീളം നടന്ന വർണ വെറിയുടെ ഏറ്റവും പുതിയ ആവിഷ്‌കാരമാണ് ഡിലൻ റൂഫ്. കറുത്ത വർഗക്കാരെ ഇത്തരക്കാർ മനുഷ്യരായി കാണുന്നേയില്ല. ഈ വികാരം ഡിലൻ റൂഫുമാർ പുറത്ത് കാണിക്കുന്നു. മറ്റനേകം പേർ ഉള്ളിൽ സൂക്ഷിക്കുന്നു.

ഒരു സമീപകാല ഉദാഹരണം കൂടി നോക്കൂ. കഴിഞ്ഞ വർഷം നവംബറിലാണ് സംഭവം. ഫൊർഗ്യൂസനിൽ മൈക്കൽ ബ്രൗൺ എന്ന കറുത്ത വർഗക്കാരനെ വെടിവെച്ച് കൊന്ന ഡാരൻ വിൽസൺ എന്ന വെള്ളക്കാരൻ പോലീസിനെ തെളിവില്ലെന്ന് പറഞ്ഞ് കോടതി വെറുതെ വിട്ടു. മൈക്കേൽ ബ്രൗണിന്റെ കൈയിൽ മയക്കു മരുന്നുണ്ടെന്ന് കരുതി പോലീസ് പിന്തുടരുകയായിരുന്നു. പോലീസ് അയാളെ തടഞ്ഞു നിർത്തി. അകാരണമായി തന്നെ പരിശോധിക്കുന്നതിൽ അയാൾ പ്രതിഷേധിച്ചു. ഒന്നും നോക്കിയില്ല, ഡാരൻ വിൽസൺ ആ മനുഷ്യനെ വെടിവെച്ച് കൊന്നു.  വിൽസൺ വിചാരണയിലുടനീളം ബ്രൗണിനെ ‘അത്’ എന്നാണ് വിശേഷിപ്പിച്ചത്. ‘അത്’ എന്റെ നേർക്ക് പാഞ്ഞടുത്തു; അത് അപ്പോൾ ഒരു പിശാചിനെപ്പോലെയായിരുന്നു എന്നൊക്കെയാണ് വിൽസൺ വാദിച്ചത്. എന്നുവെച്ചാൽ കറുത്തവനെ ‘അവൻ’ എന്നോ ‘അയാൾ’ എന്നോ സംബോധന ചെയ്യാവുന്ന മനുഷ്യനായിപ്പോലും വെളുത്ത പോലീസ് കാണുന്നില്ലെന്ന് തന്നെ. മാൻഹട്ടനിൽ എറിക് ഗാർണർ എന്ന അമേരിക്കൻ- ആഫ്രിക്കൻ വംശജനെ ഒരു സംഘം വെളുത്ത പോലീസുകാർ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. നികുതിയടക്കാത്ത സിഗരറ്റ് കരിഞ്ചന്തയിൽ വിറ്റുവെന്നതായിരുന്നു ഗാർണറുടെ കുറ്റം. ഈ കേസ്  കോടതിയിൽ എത്തിയപ്പോഴും പോലീസിനെ വെറുതെ വിട്ടു. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. പോലീസിനെ മാത്രമല്ല, നീതിന്യായ വിഭാഗത്തെയും വംശീയ വെറി കീഴടക്കിയിരിക്കുന്നു. ഈയിടെ നടന്ന ഒരു സർവേ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ആഫ്രോ – അമേരിക്കൻ വംശജർ ബുദ്ധിനിലവാരം കുറഞ്ഞവരും അതിവൈകാരികതയുള്ളവരും ക്രിമിനൽ പ്രവണതയുള്ളവരുമാണെന്ന് സർവേയിൽ പങ്കെടുത്ത 80 ശതമാനം വെള്ളക്കാരും കരുതുന്നു. മുസ്‌ലിംകളെക്കുറിച്ചും ഇതിലൊരു വിഭാഗത്തിന് ഇതേ അഭിപ്രായമാണുള്ളത്. നോർത്ത് കരോലിനയിൽ മൂന്ന് മുസ്‌ലിം ഗവേഷണ വിദ്യാർഥികളെ വെടിവെച്ച് കൊന്നയാൾ പറഞ്ഞത് മുസ്‌ലിംകളെ താൻ വെറുക്കുന്നുവെന്നാണ്.

ഈ വംശീയ ആക്രമണങ്ങളോട് യു എസ് നാഷനൽ റൈഫിൾസ് അസോസിയേഷൻ നടത്തിയ പ്രതികരണം മറ്റൊരു പ്രശ്‌നത്തിലേക്ക് വെളിച്ചം വീശുന്നു. ചാൾസ്റ്റൺ ചർച്ചിൽ പ്രാർഥനക്കെത്തിയവരും പാസ്റ്റർ അടക്കമുള്ള പുരോഹിതൻമാരും തോക്ക് കരുതിയിരുന്നുവെങ്കിൽ ഇത്രയും പേർ മരിക്കില്ലായിരുന്നുവെന്നാണ് അസോസിയേഷൻ വിലയിരുത്തിയത്. ഈ റൈഫിൾസ് അസോസിയേഷൻ ചില്ലറ   സംഘടനയല്ല. അമേരിക്കൻ ഭരണകൂടത്തിൽ ആഴത്തിൽ വേരുകളുള്ള ലോബീംഗ് വിദഗ്ധരാണ് അവർ. കോടികളുടെ ആയുധക്കച്ചവടത്തിന്റെ കേന്ദ്രമാണ് അസോസിയേഷൻ. അമേരിക്കൻ പൊതു സമൂഹം ഭീകരമായ ആയുധവത്കരണത്തിന് വിധേയമായിക്കഴിഞ്ഞുവെന്ന് ഈ സംഘടനയുടെ സ്വാധീനം തെളിയിക്കുന്നു. നൂറ് പേരെയെടുത്താൽ 89 പേർക്കും തോക്കുള്ള നാടാണ് അമേരിക്ക. എപ്പോൾ എവിടെ വേണമെങ്കിലും തോക്ക് തീ തുപ്പാം. അക്രമാസക്ത സമൂഹത്തിന്റെ എല്ലാ ലക്ഷണങ്ങളും ഈ ജനതക്കുണ്ട്. ഇടക്കിടക്ക് നടക്കുന്ന കൂട്ടക്കൊലകൾ കഴിയുമ്പോൾ ഏതാനും ദിവസം തോക്ക് നിയന്ത്രണത്തെ കുറിച്ച് ചർച്ച നടക്കും. പിന്നെ ആറിത്തണുക്കും. തോക്ക് നിരോധന വാദികളും തോക്ക് നിർബന്ധവാദികളും തമ്മിലുള്ള സംവാദം അവിടെ നിരന്തരം നടക്കുന്നു. ഫലമൊന്നുമില്ലെന്നു മാത്രം.

2012-ൽ കണക്ടികട്ടിലെ സ്‌കൂളിൽ ഇരച്ചെത്തിയ ഇരുപതുകാരൻ ആഡം ലാൻസ 20 പിഞ്ചു കുഞ്ഞുങ്ങളെയാണ് വെടിവെച്ചിട്ടത്. തടയാൻ ശ്രമിച്ച സ്‌കൂൾ പ്രിൻസിപ്പൽ അടക്കമുള്ള എട്ട് അധ്യാപകരെയും അവൻ വകവരുത്തി. സ്വന്തം അമ്മയെ കൊന്ന ശേഷമാണ് അവൻ സ്‌കൂളിലെത്തിയത്. ആഡം ലാൻസയെക്കുറിച്ച് പുറത്തുവന്ന പരിമിതമായ വിവരങ്ങളിൽ ഒന്ന് വീട്ടിലെ തോക്കുകളാണ് അവൻ കൂട്ടക്കുരുതിക്ക് ഉപയോഗിച്ചത് എന്നാണ്. തോക്കിന്റെ ലൈസൻസ് അമ്മയുടെ പേരിലാണ്. എല്ലാ വീടുകളിലും ഒന്നിലധികം തോക്കുകളുണ്ട്. പതിനെട്ട് വയസ്സ് തികഞ്ഞ ആർക്കും തോക്ക് കൈവശപ്പെടുത്താം. ഒരു നിയന്ത്രണവുമില്ല. ഈ തോക്കുകൾ ആർഭാടമോ പൊങ്ങച്ചമോ അല്ല. ഭക്ഷണം പോലെ, വസ്ത്രം പോലെ അത്യാവശ്യ വസ്തുക്കളുടെ പട്ടികയിലാണ് ഇവ വരുന്നത്. തോക്കില്ലെങ്കിൽ സൈ്വരമായി ജീവിക്കാനാകില്ലെന്ന അവബോധമാണ് അമേരിക്കൻ പൗരൻമാർക്ക്. അത്തരമൊരു മാനസികാവസ്ഥയിൽ അവരെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു. അത്രക്കുണ്ട് അവരുടെ അരക്ഷിതാ ബോധം. തനിക്കു ചുറ്റും  ശത്രുക്കളാണെന്ന ഭീതി അവരെ സദാ വേട്ടയാടുന്നു. ഭരണകൂടം ബോധപൂർവം സൃഷ്ടിച്ചെടുത്തതാണ് ഈ ഭീതി. അരക്ഷിതമായ അമേരിക്കയെന്ന ആശയത്തിൽ കാലൂന്നി നിന്നു കൊണ്ടാണ് അവർ  പൗരസ്ത്യ ദേശത്തെ രാഷ്ട്രങ്ങളിൽ നരനായാട്ട് നടത്തുന്നതും എണ്ണയടക്കമുള്ള അവിടുത്തെ വിഭവങ്ങളുടെ നടത്തിപ്പുകാരാകുന്നതും. വേൾഡ് ട്രേഡ് സെന്റർ ആക്രമണം അവസര നിർമിതിയായിരുന്നുവെന്ന് ലോകത്തെ നല്ലൊരു ശതമാനം ചിന്തകരും വിശ്വസിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

ആയുധ കിടമത്സരം എല്ലാ സീമകളും ലംഘിച്ച് മുന്നേറിയ തൊണ്ണൂറുകൾക്ക് ശേഷമാണ് അമേരിക്കയിലും  മറ്റ് വികസിത പാശ്ചാത്യ രാജ്യങ്ങളിലും കൂട്ടക്കുരുതികൾ പെരുകിയത്. 1999-ൽ കൊളറാഡോയിലെ കൊളംബൈൻ ഹൈസ്‌കൂളിൽ എറിക്(18), സൈലാൻ ക്ലബോൾഡ്(17) എന്നിവർ ചേർന്ന് 12 സഹപാഠികളെയും ഒരു അധ്യാപികയെയും ബോംബെറിഞ്ഞ് കൊന്നു. 2005 മാർച്ചിൽ   മിന്നസോട്ടയിൽ ജഫ്രിവീസ് എന്ന 16കാരൻ തന്റെ മുത്തച്ഛനെയും മുത്തശ്ശിയെയും വകവരുത്തിയ ശേഷം അതേ തോക്കുമായി താൻ പഠിക്കുന്ന റെഡ് ലേക് സ്‌കൂളിലേക്ക് ചെന്നു. അഞ്ച് വിദ്യാർഥികളെയും ഒരു അധ്യാപികയെയും കൊന്ന് സ്വയം ജീവനൊടുക്കി. 2006-ൽ പെൻസിൽവാനിയയിലും സമാന സംഭവം അരങ്ങേറി. 2007-ലാണ് അമേരിക്ക കണ്ട ഏറ്റവും ക്രൂരമായ കൂട്ടക്കൊല നടന്നത്. വെർജീനിയ ടെക് യൂനിവേഴ്‌സിറ്റിയിൽ ഇരുപതുകാരൻ വെടിവെച്ച് കൊന്നത് 32 പേരെയാണ്. 2008 ഫെബ്രുവരിയിൽ രണ്ടിടത്ത് സർവകലാശാലാ വിദ്യാർഥികൾ അന്തകവേഷമണിഞ്ഞു. നോർതേൺ ഇല്ലിനോയിസ് സർവകലാശാലയിൽ സ്റ്റീഫൻ കസ്മിയർസാക് എന്ന 27കാരൻ ഗിത്താർ പെട്ടിയിൽ ഒളിപ്പിച്ച് വെച്ച മൂന്ന് തോക്കുകളുമായാണ് എത്തിയത്. ലക്ചർ ഹാളിൽ കയറി തലങ്ങും വിലങ്ങും വെടിയുതിർത്തു. അഞ്ച് പേർ മരിച്ചു. ഒരു ഉണ്ട തനിക്ക് വേണ്ടിയും ചെലവാക്കി. അതേ മാസം ലൂസിയാനയിൽ 23കാരിയായ നഴ്‌സിംഗ് വിദ്യാർഥിനി രണ്ട് സഹപാഠികളെ കൊന്നു.

1999-ലെ കൊളറാഡോ കൂട്ടക്കൊലക്കു ശേഷം അമേരിക്കൻ സീക്രട്ട് സർവീസസ് ബൃഹത്തായ ഒരു സർവേ നടത്തിയിരുന്നു. രാജ്യത്തെ മുഴുവൻ കൗമാരക്കാരെയും പങ്കെടുപ്പിച്ചായിരുന്നു പഠനം. 37 സ്‌കൂൾ വെടിവെപ്പുകൾ അന്ന് വിശകലനം ചെയ്യപ്പെട്ടു. കുടുംബത്തിന്റെ ശൈഥില്യമാണ് അന്ന് പ്രധാനമായും ഉയർത്തിക്കാണിച്ചത്. ഇത് അമേരിക്കയിലെ മാത്രം പ്രതിഭാസമല്ലെന്നും പാശ്ചാത്യ നാടുകളിലാകെ ഈ പ്രവണതയുണ്ടെന്നും സർവേ ചൂണ്ടിക്കാട്ടി. പൗരസ്ത്യ നാടുകളിൽ കുടുംബത്തിന് വലിയ പ്രധാന്യമുള്ളതു കൊണ്ട് കൗമാരക്കാരിൽ അരക്ഷിതാ ബോധവും ഒറ്റപ്പെടലും അതുകൊണ്ട് ഉണ്ടാകുന്ന മാനസികാഘാതങ്ങളും കുറയുന്നു. കുടുംബം അവരിൽ ചില തിരുത്തലുകൾ നടത്തിക്കൊണ്ടിരിക്കും. സ്വതന്ത്ര ലൈംഗികത കൊടികുത്തിവാഴുന്ന പാശ്ചാത്യ സമൂഹത്തിൽ കുട്ടികൾ പെട്ടെന്ന് മുതിർന്നവരാകുന്നു. കുട്ടിത്തത്തിനും വലിപ്പത്തരത്തിനും ഇടയിൽ സ്വയം നഷ്ടപ്പെട്ട അവർ ശ്രദ്ധ നേടിയെടുക്കാനും തന്റെ പ്രതിഷേധം അടയാളപ്പെടുത്താനും തോക്കും ബോംബും കൈയിലെടുക്കുന്നു.

എപ്പോഴൊക്കെ അമേരിക്കയിൽ തോക്ക് നിയന്ത്രണ നിയമങ്ങൾ കൊണ്ട് വരാൻ ശ്രമം നടന്നോ അതെല്ലാം കോടതിയിൽ അവസാനിക്കുകയാണ് ചെയ്യാറുള്ളത്. യു എസ് ഭരണഘടനയുടെ രണ്ടാം ഭേദഗതി അനിഷേധ്യമാം വിധം ആയുധ അവകാശം ഉയർത്തിപ്പിടിക്കുന്നുവെന്നതാണ് കാരണം. ജനങ്ങളുടെ സുരക്ഷിതത്വത്തിന് ഭരണകൂടത്തിന്റെ സായുധ ബലം പോരെന്നും  ഓരോ വ്യക്തിക്കും സ്വന്തം സുരക്ഷിതത്വത്തിനുള്ള ആയുധം കൈവശം വെക്കാനുള്ള അവകാശമുണ്ടെന്നും ഭരണഘടന അനുശാസിക്കുന്നു. ഈ വ്യവസ്ഥയിൽ കൈവെക്കാൻ ആയുധ കമ്പനികൾ ഒരു കാലത്തും അനുവദിക്കില്ല. ബരാക് ഒബാമ എത്രവട്ടം പ്രഖ്യാപിച്ചു, തോക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന്. വല്ലതും നടന്നോ? ലോകത്തെ ഏറ്റവും ബലവാനായ പ്രസിഡന്റ് ആയുധക്കമ്പനികൾക്ക് മുന്നിൽ വിനീതവിധേയ സാമന്തനാണ്.

കറുത്തവന്റെ പൗരാവകാശങ്ങൾക്കായി പോരാടിയ മാർട്ടിൻ ലൂഥർ കിംഗിനെ വധിച്ച അമേരിക്കയുടെ രാഷ്ട്രീയ, സാമൂഹിക മണ്ഡലത്തിൽ നിന്ന് ഒരിക്കലും വംശീയത തുടച്ചു മാറ്റപ്പെട്ടിട്ടില്ല. ഇന്ന് കറുത്ത വർഗക്കാരനായ പ്രസിഡന്റ് വിലപിക്കുന്നു: ‘നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ തിൻമ ഒരു സുപ്രഭാതത്തിൽ അറുത്തു മാറ്റാനാകില്ല’. എത്ര സുപ്രഭാതങ്ങൾ കടന്നുപോയി. ബരാക് ഒബാമ തന്നെ രണ്ട് ഊഴം പൂർത്തിയാക്കുകയല്ലേ? അദ്ദേഹത്തെ പ്രസിഡന്റാക്കാൻ മുൻകൈയെടുത്ത കോർപറേറ്റുകൾക്ക് അമേരിക്കൻ പ്രതിച്ഛായ മെച്ചപ്പെടുത്തണമെന്നേ ഉണ്ടായിരുന്നുള്ളൂ. ആഴത്തിലുള്ള മാറ്റങ്ങൾ അവർ ആഗ്രഹിക്കുന്നില്ല. അവർ ആഗ്രഹിക്കാത്തതൊന്നും അവിടെ നടക്കില്ല. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിക്കുപ്പായമിട്ട ഇന്ത്യൻ വംശജൻ ബോബി ജിൻഡാൽ പറയുന്നു: ‘എല്ലാ കുടിയേറ്റക്കാരും അമേരിക്കൻ മൂല്യം ഉൾക്കൊള്ളണം’. എന്താണ് ഈ അമേരിക്കൻ മൂല്യം?

കറുത്തവരായ കുറേ സെലിബ്രിറ്റികളെ ചൂണ്ടിക്കാണിച്ച് ഇതാ അമേരിക്കക്കാർ എന്ന് ഉദ്‌ഘോഷിച്ചത് കൊണ്ടൊന്നും വംശീയത അസ്തമിച്ചുവെന്ന് പറയാനാകില്ല. പൊതു മണ്ഡലത്തിൽ പ്രത്യക്ഷ വിവേചനമൊന്നും കാണുന്നില്ലല്ലോ എന്ന ചോദ്യത്തിലും അർഥമില്ല. അത് വിപണിക്ക് വേണ്ടിയുള്ള നീക്കുപോക്ക് മാത്രമാണ്. അടിസ്ഥാനതലത്തിൽ എന്ത് നടക്കുന്നുവെന്നാണ് ചോദ്യം.

മുസ്തഫ പി എറയ്ക്കൽ

Exit mobile version