ശക്തമായി ആഗ്രഹിക്കുക, ലക്ഷ്യം എളുപ്പമാകും

നല്ലൊരു വീട് എല്ലാവരുടെയും ജീവിതാഭിലാഷമാണ്. അത് ജനിച്ചുവളർന്ന നാട്ടിൽ തന്നെയാവണമെന്നത് ഹൃദയത്തിൽ കൊണ്ടുനടക്കുന്ന സ്വപ്‌നവും. വീടുവെക്കാനാഗ്രഹിക്കുകയും അതിന്റെ മാർഗങ്ങൾ എളുപ്പമാവുകയും ചെയ്ത അനുഭവങ്ങൾ മിക്കവർക്കുമുണ്ടാകും. അതാണ് എന്റെയും അവസ്ഥ. എന്റെ വീട് നിൽക്കുന്ന സ്ഥലം ലഭിച്ചതും അതുമായി ബന്ധപ്പെട്ടുണ്ടായ അനുകൂല സാഹചര്യങ്ങളുമാണ് പങ്കുവെക്കുന്നത്.
ജനിച്ചുവളർന്ന കടലുണ്ടിയിൽ തന്നെ വീടുവെക്കണമെന്നത് വല്ലാത്ത ആഗ്രഹമായിരുന്നു. നല്ലൊരു സ്ഥലം ലഭിക്കാൻ വേണ്ടി വർഷങ്ങളോളം അന്വേഷിച്ചുനടന്നു. ഒന്നും ഒത്തുവന്നില്ല. പ്രാർത്ഥനകളിലൊക്കെ ഈ ആവശ്യം ഉൾപ്പെടുത്തുമായിരുന്നു.

ഇപ്പോൾ എന്റെ വീടു നിൽക്കുന്ന സ്ഥലം അന്ന് ബേപ്പൂരുള്ള ഒരാളുടെ ഉടമസ്ഥതയിലായിരുന്നു. നാട്ടിൽ സൗകര്യപ്പെട്ടൊരു സ്ഥലമായി തോന്നിയത് അതു മാത്രമാണ്. ആ സ്ഥലം വിൽക്കുന്നുവെന്ന് കേട്ടപ്പോൾ അത് വാങ്ങാൻ ശ്രമം നടത്തി. പക്ഷേ, പല കാരണങ്ങളാൽ ഫലം കണ്ടില്ല. അവസാനം ഫറോഖിലെ പൗരപ്രമുഖനായ ഒരു വ്യക്തി മുഖാന്തരം നടത്തിയ നീക്കവും വിജയിച്ചില്ല.
ആ സ്ഥലമെടുക്കാനുള്ള എന്റെ പരിശ്രമങ്ങൾ ഒരു ബ്രോക്കർ മുഖേന ഞങ്ങളുടെ നാട്ടുകാരനും കേരളത്തിലെ പുത്തനാശയക്കാരുടെ പ്രധാന നേതാവുമായ മൗലവിയുടെ കാതുകളിലെത്തി. സുന്നത്ത് ജമാഅത്ത് അവിടെ വളരുമെന്ന ചിന്തയോ അല്ലെങ്കിൽ എന്നെ ആ നാട്ടിൽ നിന്ന് മാറ്റണമെന്ന ആഗ്രഹമോ എന്താണെന്നറിയില്ല, അയാൾ ആ സ്ഥലം മുഴുവനായി വാങ്ങി. പതിനാറായിരം രൂപയാണ് സെന്റിന് വില കെട്ടിയതത്രെ. കണ്ടുവെച്ച സ്ഥലം നഷ്ടപ്പെട്ടതോടെ വീടെന്ന സ്വപ്‌നത്തിന് മങ്ങലേറ്റു. പിന്നീട് കൂടുതൽ ശ്രമങ്ങളൊന്നും നടത്തിയില്ല.
കാലം മുന്നോട്ടുപോയി. മുൻ മുഖ്യമന്ത്രി എകെ ആന്റണി തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് പത്രത്തിൽ ഇടക്കിടെ കടലുണ്ടി പാലം ഉടൻ യാഥാർത്ഥ്യമാകുമെന്ന വാർത്ത വരുമായിരുന്നു. പാലം വരുന്നത് പ്രദേശത്തിന്റെ പുരോഗതിക്കു കുതിപ്പേകുന്നതിനാൽ സ്ഥലത്തിന് വില കുത്തനെ കൂടി. നേരത്തെ പറഞ്ഞ സ്ഥലത്തിന് പതിനാറായിരത്തിൽ നിന്ന് നാൽപതിനായിരം വരെ വിലയുയർന്നു. അത് അന്നത്തെ സാഹചര്യത്തിൽ വലിയ സംഖ്യതന്നെയായിരുന്നതിനാൽ ആ സ്ഥലമെടുക്കാമെന്ന പൂതി തൽക്കാലം ഉപേക്ഷിക്കേണ്ടി വന്നു.
പിന്നീടാണ് തീരദേശ സംരക്ഷണ ബില്ല് സർക്കാർ കൊണ്ടുവരുന്നത്. ഈ നിയമപ്രകാരം കടൽ തീരത്ത് നിർമാണ പ്രവർത്തനങ്ങളൊന്നും നടത്താൻ പാടില്ല. ബിൽഡിംഗുകൾക്ക് അനുമതി ലഭിക്കാതായി. അതോടെ സ്ഥലത്തിന്റെ വില മൊത്തത്തിൽ ഇടിഞ്ഞു.
വീട്ടിൽ വരുന്ന ബന്ധുക്കളും പരിചയക്കാരും ഉമ്മയോടും എന്നോടുമൊക്കെ എന്താണ് വീടുണ്ടാക്കാത്തതെന്ന് നിരന്തരം തിരക്കും. ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു മടുത്തപ്പോൾ ഞാനൊരു കാര്യം തീരുമാനിച്ചു. 1997ലാണ് ഈ സംഭവങ്ങളെല്ലാം നടക്കുന്നത്. ഈ വർഷം കൂടി കാത്തിരിക്കാം. എന്നിട്ടും സൗകര്യപ്പെട്ട സ്ഥലം കടലുണ്ടിയിൽ കിട്ടിയില്ലെങ്കിൽ മലപ്പുറത്ത് വീടുവെക്കാം.
ആ വർഷം ഞങ്ങൾ പതിനൊന്ന് പേർ അജ്മീറിൽ സിയാറത്തിന് പോയി. മൂന്നു ദിവസം നീണ്ടുനിന്ന യാത്രയിലുടനീളം ഈയൊരു നിയ്യത്തിൽ ഖാജാ തങ്ങളുടെ പേരിൽ യാസീനും മൗലിദും നിരന്തരം പാരായണം ചെയ്തു കൊണ്ടേയിരുന്നു. ആ തിരുസവിധത്തിലെത്തി ഒറ്റ നിറുത്തത്തിൽ പതിനൊന്ന് യാസീൻ ഓതി. മഹാനവർകളെ തവസ്സുലാക്കി റബ്ബിനോട് ഭൗതികമായി ചോദിച്ചത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്. മഅ്ദിൻ സ്ഥാപന നിർമാണത്തിനു മേൽമുറിയിലും എനിക്ക് വീട് വെക്കാൻ കടലുണ്ടിയിലും സ്ഥലം കിട്ടണം.

ഇപ്പോഴും ഓർക്കുന്നു. ഞങ്ങൾ യാത്ര കഴിഞ്ഞ് ഒരു തിങ്കളാഴ്ചയാണ് നാട്ടിലെത്തുന്നത്. അപ്പോഴാണ് വിലയിടിഞ്ഞുകൊണ്ടിരിക്കുന്നതിനാൽ ആ പറമ്പ് വിൽപ്പനക്ക് വെച്ചതായി അറിയുന്നത്. പന്ത്രണ്ടു വർഷം മുമ്പത്തെ മാർക്കറ്റ് വിലയായ 16000 രൂപ തന്നെയാണ് അന്നും വില നിശ്ചയിച്ചിരുന്നത്. അതിൽ നിന്ന് ഒരേക്കർ സ്ഥലം നാലു മാസത്തെ അവധി നിശ്ചയിച്ച് 16 ലക്ഷം രൂപക്ക് കച്ചവടം ഉറപ്പിച്ചു.

ഞാൻ പലനിലക്ക് ശ്രമിച്ചിട്ടും എട്ടു ലക്ഷം രൂപ തരപ്പെടുത്താനേ സാധിച്ചുള്ളൂ. മറ്റു മാർഗങ്ങളൊന്നും തെളിയാതിരുന്നപ്പോൾ പകുതി പണം കൊടുത്തിട്ട് പകുതി സ്ഥലം രജിസ്റ്റർ ചെയ്യാമെന്നുവെച്ചു. രണ്ടുമാസം കൂടി അവധി നീട്ടി ചോദിച്ച് ബാക്കി തുക നൽകാമെന്നാണ് കരുതിയത്. ഉടമസ്ഥനോട് സംഗതി അവതരിപ്പിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മുഴുവൻ പണവും ഇന്നു തന്നെ തരികയാണെങ്കിൽ കച്ചവടത്തിന് ഞാൻ റെഡിയാണ്. അല്ലെങ്കിൽ നിങ്ങൾ കച്ചവടമൊഴിയണമെന്നായി അദ്ദേഹം.

ഞാൻ കച്ചവടം ഒഴിയുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം അതു പറഞ്ഞത്. അന്നൊരു ശനിയാഴ്ചയാണ്. ഞാൻ ഒരു സുഹൃത്തിനെ വിളിച്ച് സംഭവം പറഞ്ഞു. അദ്ദേഹം ഒരു പരിചയക്കാരനിൽ നിന്ന് അഞ്ചു ലക്ഷം രൂപ സംഘടിപ്പിച്ച് അയച്ചുതന്നു. നാളെ തന്നെ രജിസ്റ്റർ ചെയ്യാനും പറഞ്ഞു. മറ്റൊരു സുഹൃത്ത് രണ്ടു ലക്ഷവും മൂന്നാമതൊരാൾ ഒരു ലക്ഷവും ഒപ്പിച്ചുതന്നു. ഒറ്റ ദിവസം കൊണ്ട് എട്ടു ലക്ഷം രൂപ കൈകളിലെത്തിയപ്പോൾ അല്ലാഹുവിനെ സ്തുതിച്ചു. ഖാജാ തങ്ങളുടെ ദർബാറിൽ വെച്ച് പ്രാർത്ഥിച്ചതിന്റെ പുലർച്ചയായി അതെനിക്കനുഭവപ്പെട്ടു. നാം വിചാരിക്കാത്ത വിധത്തിലാണ് സഹായങ്ങൾ അല്ലാഹു എത്തിച്ചുതരുന്നത്. അങ്ങനെ പതിനാറ് ലക്ഷത്തിന് ആ സ്ഥലം വാങ്ങുകയും റബീഉൽ അവ്വൽ ഒമ്പതിന് തറക്കല്ലിടുകയും ചെയ്തു. ആറുമാസം കൊണ്ട് വീടിന്റെ പണി പൂർത്തിയായി.

പറഞ്ഞുവന്നത് നാം ശക്തമായി ഒരു കാര്യത്തിന് ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രയത്‌നിക്കുകയും ഒപ്പം പ്രാർത്ഥിക്കുകയും ചെയ്താൽ സാഹചര്യങ്ങളും കാലവുമെല്ലാം നമ്മുടെ അഗ്രഹത്തോടൊപ്പം നിൽക്കുകയും അതിനു വേണ്ടതെല്ലാം നമുക്കൊരുക്കിത്തരുകയും ചെയ്യും. അതുകൊണ്ട് ഒരിക്കലും അല്ലാഹുവിലും സ്വന്തം പരിശ്രമ വിജയത്തിലുമുള്ള ആശ വെടിയാതിരിക്കുക.

സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി

 

Exit mobile version