ശത്രുവിനെ തിരിച്ചറിയുക

മനുഷ്യന്റെ ജന്മ ശത്രുവാണ് പിശാച്. അവന്റെ ചതികളെ കരുതിയിരിക്കാൻ വിശുദ്ധ ഖുർആൻ നിരവധി സൂക്തങ്ങളിലൂടെ മുന്നറിയിപ്പ് തന്നിട്ടുണ്ട്. സൂറതുൽ ഫാത്വിറിന്റെ 6-ാം സൂക്തത്തിൽ അല്ലാഹു പറയുന്നു: ‘നിശ്ചയം പശാച് നിങ്ങളുടെ ശത്രുവാണ്, അവനെ നിങ്ങൾ ശത്രുവായി തന്നെ കാണുക. അവൻ ക്ഷണിക്കുന്നത് നരകാവകാശികളാകാൻ വേണ്ടിയാണ്.’ പരലോകത്ത് ഗൗരവത്തോടെ അല്ലാഹു ചോദിക്കുന്നത് യാസീനിന്റെ 60-ാം സൂക്തത്തിൽ കാണാം: മനുഷ്യരേ, പിശാച് നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്, അവനെ നിങ്ങൾ ആരാധിക്കരുതെന്നും നിങ്ങൾ എനിക്ക് ആരാധിക്കുക, ഇതാണ് ഋജുവായ പാതയെന്നും നിങ്ങൾക്ക് നാം മുന്നറിയിപ്പ് നൽകിയിരുന്നില്ലേ.’ പിശാചിന്റെ കുതന്ത്രങ്ങളുടെ തീവ്രതയാണിവ ഉത്‌ബോധിപ്പിക്കുന്നത്.
മനുഷ്യ ഹൃദയങ്ങളെ പിശാച് എങ്ങനെയാണ് മലിനപ്പെടുത്തുക? അതിൽ നിന്നുള്ള മോചനമാർഗം എന്താണ്? ഇമാം ഗസ്സാലി(റ) ഉദാഹരണത്തിലൂടെ അവ വ്യക്തമാക്കുന്നു: ഹൃദയം ഉയർന്ന സ്ഥലത്ത് സ്ഥാപിക്കപ്പെട്ട തെളിഞ്ഞ കണ്ണാടി പോലെയാണ്. ആ വഴി കടന്നുപോകുന്ന എല്ലാവസ്തുക്കളുടെയും ചിത്രങ്ങൾ അതിൽ പതിയും. ഇപ്രകാരം പലചിത്രങ്ങളും പല മാർഗങ്ങളിലൂടെ ഹൃദയത്തിൽ പ്രവേശിക്കും. ബാഹ്യമായി പഞ്ചേന്ത്രിയങ്ങളിലൂടെയും ആന്തരികമായ ഊഹം, വികാരം, കോപം മറ്റ് സ്വഭാവങ്ങൾ വഴിയുമാണിവ ഹൃദയത്തിൽ പ്രവേശിക്കുന്നത്. ഹൃദയത്തിൽ കടന്ന ഈ അവസ്ഥകൾ ചിന്തയായും പിന്നീട് ആഗ്രഹങ്ങളായും ദൃഢ നിശ്ചയങ്ങളായും നിയ്യത്താ(കരുത്ത്)യും മാറും. ഈ നിയ്യത്ത് അവയവങ്ങളെ ചലിപ്പിക്കുകയും പ്രവൃത്തിയിൽ ഏർപ്പെടുത്തുകയും ചെയ്യുന്നു.
ആഗ്രഹം ജനിപ്പിക്കുന്ന ചിന്തകൾ നാശത്തിലേക്ക് (പരലോകത്ത് ഉപദ്രവമുള്ളതിലേക്ക്) പ്രേരിപ്പിക്കുന്നത്, നന്മയിലേക്ക് (പരലോകത്ത് ഉപകാരമുള്ളതിലേക്ക്) പ്രേരിപ്പിക്കുന്നത് എന്നിങ്ങനെ രണ്ടാണ്. ഒന്നാമത്തേതിന് വസ്‌വാസ് (ദുർ ബോധനം) എന്നും രണ്ടാമത്തേതിന് ഇൽഹാം (സൽബോധനം) എന്നും പറയും.
ഈ രണ്ട് ചിന്തകൾക്കും ഓരോ പ്രേരകശക്തിയുണ്ട്. നാശത്തിലേക്കുള്ളവയുടെ പ്രേരകശക്തി പിശാചും നന്മയുടെ പ്രേരകശക്തി മലക്കുമാണ്. ഇതാണ് തിരുനബി(സ്വ) പറഞ്ഞത്: ഹൃദയത്തിൽ രണ്ട് ബാധകളുണ്ട്. നന്മകൊണ്ട് മുന്നറിയിപ്പ് തരുകയും സത്യം അംഗീകരിക്കുകയും ചെയ്യുന്ന മലകിന്റെ സ്വാധീനമാണൊന്ന്. ഇത് ലഭിച്ചാൽ അല്ലാഹുവിൽ നിന്നുള്ളതാണെന്ന് അറിയുകയും അവനെ സ്തുതിക്കുകയും വേണം. നാശത്തിലേക്ക് നയിക്കുകയും സത്യത്തെ കളവാക്കുകയും ചെയ്യുന്ന പിശാചിന്റെ സ്വാധീനമാണ് രണ്ടാമത്തേത്. ഇതനുഭവപ്പെട്ടാൽ പിശാചിനെ തൊട്ട് അല്ലാഹുവിനോട് കാവൽ ചോദിക്കണം. പിശാച് നിങ്ങൾക്ക് ദാരിദ്ര്യത്തെ മുന്നറിയിപ്പ് തരുകയും അശ്ലീലങ്ങൾകൊണ്ട് കൽപ്പിക്കുകയും ചെയ്യുന്നു എന്ന ഖുർആൻ വചനം നബി(സ്വ) ഇതിന് തെളിവായി ഓതി (തുർമുദി).
പ്രകൃതിപരമായി ഈ രണ്ട് പ്രേരണകളും സ്വീകരിക്കാൻ പാകത്തിലാണ് ഹൃദയം സൃഷ്ടമായത്. ഒന്നൊന്നിനേക്കാൾ പ്രബലമാകുന്നത് വ്യക്തിയുടെ സമീപനങ്ങൾക്കനുസരിച്ചാണ്.
ഇച്ഛയുടെയും വൈകാരികതയുടെയും പിന്നാലെ പോകുമ്പോൾ പൈശാചിക സ്വാധീനം പ്രകടമാവുകയും ഹൃദയം അവന്റെ താവളമായി മാറുകയും ചെയ്യുന്നു. വൈകാരികതകളോട് സമരം ചെയ്യുകയും അവക്ക് അടിമപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ ആ വ്യക്തി മലക്കുകളുടെ സ്വഭാവത്തോട് സാദൃശ്യത പുലർത്തുകയും അവന്റെ ഹൃദയം മലക്കുകളുടെ സ്വാധീനമുള്ളതാവുകയും ചെയ്യുന്നു.
നബി(സ്വ)പറഞ്ഞു: നിങ്ങളിൽ ഏതൊരാൾക്കും ഓരോ പിശാചുണ്ട്.
സ്വഹാബത്ത് ചോദിച്ചു: നബിയേ അങ്ങേക്കും?
അവിടുന്ന് പറഞ്ഞു: എനിക്കുമുണ്ട്. പക്ഷേ, എന്റെ പിശാചിനെ മുസ്‌ലിമാക്കി അല്ലാഹു എന്നെ സഹായിച്ചു. അതിനാൽ അവനും നന്മകൊണ്ടല്ലാതെ കൽപ്പിക്കില്ല (മുസ്‌ലിം).
ശാരീരിക വികാരങ്ങൾ മാധ്യമമായല്ലാതെ പിശാചിന് ക്രയവിക്രയം സാധ്യമല്ല. അനുയോജ്യമായ വിധത്തിൽ മാത്രം ഉത്തേജിക്കുന്ന തരത്തിൽ വികാരത്തിന്റെ മേൽ അല്ലാഹു സഹായിച്ചാൽ അത് തിന്മയിലേക്ക് പ്രേരിപ്പിക്കുകയില്ല. അപ്പോൾ ആ വികാരത്തെ പിന്തുടരുന്ന പിശാചിന് നന്മകൊണ്ടല്ലാതെ കൽപ്പിക്കാൻ കഴിയില്ല. ഇച്ഛകളിലൂടെ ഐഹികചിന്ത ഹൃദയത്തിൽ അമിതമാകുമ്പോൾ പിശാചിന് ഇടം ലഭിക്കുകയും അവൻ ദുർബോധനം നടത്തുകയും ചെയ്യും. അതേ സമയം ഹൃദയം ദിക്‌റിലേക്ക് തിരിഞ്ഞാൽ ശൈത്വാൻ സ്ഥലം വിടുകയും പകരം മലകിന്റെ സാന്നിധ്യമുണ്ടാവുകയും നന്മ തോന്നിപ്പിക്കുകയും ചെയ്യും. ചിലപ്പോൾ ഈ രണ്ട് ശക്തികൾ തമ്മിൽ സംഘട്ടനം തന്നെ നടക്കും. രണ്ടിലൊന്നിലേക്ക് ഹൃദയം തുറക്കുന്നത് വരെ ഇത് തുടരും.
എന്നാൽ അധിക ഹൃദയങ്ങളിലും പൈശാചിക സൈന്യം ജയിച്ചടക്കുകയും അധികാരമേൽക്കുകയും ചെയ്തിരിക്കുന്നു. തന്മൂലം പരലോകം വെടിയുന്നതിലേക്കും ഇഹലോകത്തെ തിരഞ്ഞെടുക്കുന്നതിലേക്കും പ്രേരിപ്പിക്കുന്ന ദുർമന്ത്രണങ്ങൾ നിറഞ്ഞതാണവ. ഇച്ഛയുടെയും വൈകാരികതയുടെയും പിന്നാലെ പോകുന്നതാണിതിന് കാരണം. ഇവയാകട്ടെ പിശാചിന്റെ ഭക്ഷണവുമാണ്. ഇതിൽ നിന്ന് പൂർണമായും ഹൃദയം ഒഴിവാകുകയും ദിക്ർ കൊണ്ട് ഹൃദയത്തെ പരിപാലിക്കുകയും ചെയ്യുന്നതിലൂടെയല്ലാതെ വിജയം സാധ്യമല്ല. ജാബിറുബ്‌നു ഉബൈദത്തുൽ അദവി(റ) തന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: എന്റെ ഹൃദയത്തിലുണ്ടാകുന്ന വസ്‌വാസിനെ കുറിച്ച് ഞാൻ അലാഉബ്‌നു സിയാദി(റ)നോട് ആവലാതിപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: അതിന്റെ ഉപമ കള്ളൻ കയറിയ വീടുപോലെയാണ്. കക്കാൻ പറ്റിയ വല്ലതുമുണ്ടെങ്കിൽ അവൻ വീട്ടിൽ ചുറ്റിത്തിരിയും. ഒന്നുമില്ലെങ്കിൽ പെട്ടെന്ന് സ്ഥലം വിടുകയും ചെയ്യും. വൈകാരിക ചിന്തകളില്ലാത്ത ഹൃദയത്തിൽ പിശാച് കടക്കില്ലെന്നർത്ഥം. എന്റെ നിസ്വാർത്ഥ ദാസന്മാരുടെ മേൽ ഇബ്‌ലീസിന് അധികാരമില്ലെന്ന് പരിശുദ്ധ ഖുർആൻ പറയുന്നു (ഹിജ്‌റ് 42).
അംറുബ്‌നുൽ ആസ്വ്(റ) തിരുനബി(സ്വ)യോട് പറഞ്ഞു: നബിയേ, എന്റെയും എന്റെ നിസ്‌കാരത്തിലെ ഖുർആൻ പാരായണത്തിന്റെയുമിടയിൽ പിശാച് മറയിടുന്നു. അഥവാ അവൻ പിഴപ്പിക്കുന്നു. അപ്പോൾ അവിടുന്ന് ഉണർത്തി: അത് ഖിൻസബ് എന്ന് പേരുള്ള ശൈത്വാനാണ്. അത്തരം ചിന്തകളുണ്ടാകുമ്പോൾ അവനെതൊട്ട് അല്ലാഹുവിനോട് കാവൽ തേടുകയും ഇടത് ഭാഗത്തേക്ക് മൂന്ന് പ്രാവശ്യം (പ്രതീകാത്മകമായി) തുപ്പുകയും ചെയ്യുക. നിസ്‌കാരം ആരംഭിക്കുമ്പോൾ തക്ബീറത്തുൽ ഇഹ്‌റാമിന്റെ മുമ്പും ഇത് ചെയ്യാൻ നബി(സ്വ) നിർദേശിച്ചിട്ടുണ്ട്. നിസ്‌കാരത്തിൽ വസ്‌വാസുണ്ടാക്കുന്ന പിശാചാണിവൻ. വുളൂഇൽ വസ്‌വാസുണ്ടാക്കാൻ വലഹാൻ എന്ന പിശാചുണ്ട്. അവനെ തൊട്ട് നിങ്ങൾ കാവൽ തേടുക എന്നും തിരുദൂതർ(സ്വ) പറഞ്ഞു കാണാം.
അല്ലാഹു പറയുന്നു. നിന്റെ (അല്ലാഹുവിന്റെ) ഋജുവായ പാതയിൽ ഞാനിരിക്കും. അവരുടെ (മനുഷ്യരുടെ) മുൻഭാഗത്തിലൂടെയും പിൻഭാഗത്തിലൂടെയും വലതു ഭാഗത്തിലൂടെയും ഇടതു ഭാഗത്തിലൂടെയും അവരെ ഞാൻ സമീപിക്കും (7/17). പ്രവാചകർ(സ്വ) പറഞ്ഞു: പിശാച് മനുഷ്യനെ പിഴപ്പിക്കാൻ വേണ്ടി എല്ലാ വഴികളിലും ഇരിക്കും. മുസ്‌ലിമാകാനുദ്ദേശിക്കുന്ന ആളുടെ അടുത്ത് ചെന്ന് ചോദിക്കും: നീ മുസ്‌ലിമാവുകയാണോ? നിന്റെയും നിന്റെ പിതാക്കളുടെയും മതം ഉപേക്ഷിക്കുകയോ? ആ നല്ല മനുഷ്യൻ അത് വകവെക്കാതെ ഇസ്‌ലാം ആശ്ലേഷിക്കും. പിന്നീട് അദ്ദേഹം പലായനം ഉദ്ദേശിക്കുമ്പോൾ, നീ നിന്റെ ഭൂമിയും ആകാശവും (നിന്റേതെല്ലാം) ഉപേക്ഷിച്ചുപോകുകയാണോ എന്നു ചോദിക്കും. അയാൾ അതും കൂട്ടാക്കാതെ ഹിജ്‌റ പോകും. പിന്നെ യുദ്ധത്തിനൊരുങ്ങുമ്പോൾ പിശാചെത്തി ചോദ്യമാരംഭിക്കുകയായി; നീ നിന്റെ ശരീരവും സമ്പത്തും നശിപ്പിക്കുകയാണോ. നീ കൊല്ലപ്പെട്ടാൽ നിന്റെ ഭാര്യയെ മറ്റുള്ളവർ വിവാഹം ചെയ്യും. നിന്റെ സമ്പത്ത് വിതരണം ചെയ്യപ്പെടും. അദ്ദഹം അതും അതിജീവിച്ചു. തിരുനബി(സ്വ) തുടർന്നു; ഇങ്ങനെ ആരെങ്കിലും പ്രവർത്തിച്ചാൽ അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കൽ അല്ലാഹുവിന് ബാധ്യതയായി (നസാഈ).
പിശാച് മനുഷ്യനെ വസ്‌വാസാക്കുന്നതിന്റെ രീതി വിവരിക്കുകയാണിതിലൂടെ തിരുദൂതർ(സ്വ). സകല വഴികളിലും പതിയിരുന്ന് വിശ്വാസിയെ പിഴപ്പിക്കാൻ അവസരം കാത്ത് കഴിയുന്ന ഈ ശത്രുവിനെ നാം വളരെയധികം ജാഗ്രതയോടെ കരുതിയിരിക്കണം. അല്ലാഹുവിനോട് കാവൽ തേടുകയും വേണം.

 

Exit mobile version