ശാഫിഈ സരണി

വിജ്ഞാന സേവനം കൊണ്ട് കേരള ജനതയെ സ്വയം പര്യാപ്തതയിലേക്ക് നയിച്ച മർഹൂം എംഎ ഉസ്താദ് എഴുതിയ പ്രൗഢലേഖനത്തിന്റെ പുനർവായന

ശാഫിഈ മദ്ഹബിന്റെ സവിശേഷതയും വ്യതിരിക്തതയും വിവരിക്കുക എന്നത് അൽപം അവധാനത ആവശ്യമായ കാര്യമാണ്. മഹദ്‌വചനങ്ങളുടെയും വിശ്വപണ്ഡിത പ്രമുഖരുടെയും നിരീക്ഷണങ്ങൾ ഈ ശ്രമത്തിന് ആധികാരികത നൽകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കേരളമുസ്‌ലിംകളെ ഇസ്‌ലാമികമായി ഉണർത്താനും സജീവമാക്കാനും കേരളത്തിലെത്തിയ പ്രബോധകവൃന്ദത്തിൽ അധികവും ശാഫിഈകളായിരുന്നുവെന്നത് യാദൃഛികമാവണമെന്നില്ല. അതിനാൽതന്നെ കേരളമുസ്‌ലിംകൾക്ക് മതപരമായ അതിജീവനത്തിന്റെ ശക്തിചൈതന്യം പടച്ച റബ്ബ് നിശ്ചയിച്ചത് ശാഫിഈ സരണിയിലാണെന്ന് മനസ്സിലാക്കാം. ആ നിലയിൽ ശാഫിഈ മദ്ഹബിന്റെ സവിശേഷപ്രഭാവത്തെക്കുറിച്ച് നാം സ്വയം ബോധിച്ചവരാവണം.

ഓരോ മദ്ഹബുകളും മനുഷ്യജീവിതത്തെ ശരീഅത്തിന്റെ വലയത്തിലൊതുക്കാൻ പ്രാപ്തമാണല്ലോ. കേരള മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഭൂരിഭാഗവും ശാഫിഈ സരണിയിൽ ജീവിക്കുന്നവരാണ്. കാരണം കേരളത്തിലെയും സമീപ സ്ഥലങ്ങളിലെയും സാംസ്‌കാരികവും ആത്മീയവുമായ നവോത്ഥാനത്തിന്റെ കടിഞ്ഞാൺ പിടിച്ചത് ശാഫിഈ പണ്ഡിത പ്രമുഖരായിരുന്നു. കേരളത്തിന്റെ ഭൂമി-പ്രകൃതി കാലാവസ്ഥയും ജീവിതസാഹചര്യവുമായി ബന്ധപ്പെട്ട് അനിവാര്യമായിവരുന്ന കർമരീതികളാണ് കേരളീയർക്ക് പ്രത്യേകമായും ലഭിച്ചത്. സൈനുദ്ദീൻ മഖ്ദൂം(റ), ഫത്ഹുൽമുഈനിൽ തയമ്മുമിനെക്കുറിച്ചുള്ള അധ്യായം സുദീർഘമാക്കിയിട്ടില്ല എന്നത് നമുക്കറിയാവുന്നതാണല്ലോ. കേരളത്തിലെ മുസ്‌ലിം സാമൂഹ്യഘടനയും ആചാരാനുഷ്ഠാനരീതിയും മഖ്ദൂമിന്റെ കാലത്ത് കൂടുതൽ ഗതിവേഗവും കരുത്തും ആർജിച്ചിട്ടുണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് വർത്തമാനകാലത്തും നമ്മെ ആത്മധന്യരാക്കുന്നത്. ചുരുക്കത്തിൽ ശാഫിഈകളുടെ നേതൃത്വത്തിൽ തരളിതമായ കർമ്മശാസ്ത്രശാഖ കേരളമുസ്‌ലിംകളെ ശാഫിഈ സരണിയിൽ അണിനിരത്തുന്നതിനു നിമിത്തമായിത്തീർന്നുവെന്നു മനസ്സിലാക്കാം.

ശാഫിഈ(റ)യുടെ കാലം

ഇമാംശാഫിഈ(റ)യുടെ ജനനത്തിനു മുമ്പ്തന്നെ അബൂഹനീഫ ഇമാം വഫാത്തായിരുന്നു. അദ്ദേഹത്തിന്റെ സരണിയിൽ പ്രചാരണപ്രവർത്തനങ്ങൾ നടത്തുന്നവർ സജീവമായിരുന്നു. ഇമാംശാഫിഈ(റ)ക്ക് ഇമാം മാലിക്(റ)യുടെ ശിഷ്യത്വം സ്വീകരിക്കാനും അടുത്തറിയാനും അവസരമുണ്ടായി. മാലിക്(റ)യുടെ വിയോഗാനന്തരം തന്റെ സരണിയുടെ പ്രചാരണം നടത്തിയവരെയും അവരുടെ രീതിശാസ്ത്രത്തെയും നിലപാടുകളെയും അറിയാൻ ഇമാംശാഫിഈ(റ)ക്ക് അവസരമുണ്ടായി. ഇമാംശാഫിഈ(റ)ക്ക് പതിനഞ്ച് വയസ്സുള്ളപ്പോൾ ഫത്‌വ നൽകുന്നതിന് അധികാരം ലഭിച്ചിരുന്നു. ഇമാംമാലിക്(റ)യുടെ ജീവിതകാലത്തുതന്നെ മതവിധികൾ നിർദ്ധാരണം നടത്തുന്നതിന് യോഗ്യതയാർജിച്ച ഇമാമവർകൾക്ക് മക്കയിൽനിന്നും മദീനയിൽനിന്നുമായി മാലികീസരണിക്കാരെയും ബഗ്ദാദിലേക്കുള്ള യാത്രയിലൂടെ ഹനഫീസരണിക്കാരെയും അടുത്തറിയുന്നതിന് വിപുലമായ അവസരമുണ്ടായി. ഇത് ഒരു അന്വേഷണകുതുകിയിൽ ആലോചനയുടെ തിരയിളക്കം സൃഷ്ടിക്കുമെന്നത് സ്വാഭാവികമാണ്. ഒരേകാലത്ത് സജീവസാന്നിധ്യമായിരുന്ന കർമശാസ്ത്രസരണികൾ ‘അസ്വ്ഹാബുർറഅ്‌യ്’ എന്നും ‘അസ്വ്ഹാബുൽഹദീസ്’ എന്നും അറിയപ്പെട്ടു. ഇമാം അബൂഹനീഫ(റ)യുടെ അനുയായികൾ അഹ്‌ലുർറഅ്‌യ് (മറ്റൊരഭിപ്രായപ്രകാരം അസ്വ്ഹാബുർറഅ്‌യ്) എന്ന് അറിയപ്പെട്ടു. അതുപ്രകാരം മാലിക്(റ)യുടെ അനുയായികൾ അസ്ഹാബുൽ അസർ (മറ്റൊരഭിപ്രായപ്രകാരം അസ്വ്ഹാബുൽ ഹദീസ്) എന്നും അറിയപ്പെട്ടു.

ഇമാംറാസി(റ)യുടെ നിരീക്ഷണം

ഇമാംശാഫിഈ(റ)യുടെ ജീവിതകാലഘട്ടത്തിലെ കർമശാസ്ത്രമണ്ഡലത്തെ വിശകലനം ചെയ്തുകൊണ്ട് ഇമാംറാസി(റ) പറഞ്ഞത്. ഡോ. അഹ്മദ് ശിർബാസി ഉദ്ധരിക്കുന്നു: ‘ഇമാംശാഫിഈ(റ) രംഗത്തെത്തുന്നതിനുമുമ്പ് ജനങ്ങൾ രണ്ട് വിഭാഗമായിരുന്നു. അസ്ഹാബുൽഹദീസ്, അസ്ഹാബുർറഅ്‌യ് എന്നിവയായിരുന്നു അത്. അസ്വ്ഹാബുൽഹദീസ് നബി(സ്വ) തങ്ങളുടെ ഹദീസ് ഹൃദിസ്ഥമാക്കിയിരുന്നു. പക്ഷേ കൂടുതൽ ചിന്താസമർത്ഥനവൈഭവം പ്രകടിപ്പിക്കാൻ അവർക്കായിരുന്നില്ല. അസ്വ്ഹാബുർറഅ്‌യിന്റെ മുന്നിൽ അവർ പലപ്പോഴും പരിഭ്രമിക്കുമായിരുന്നു. അസ്വ്ഹാബുർറഅ്‌യ് ആലോചിക്കുകയും സംവാദങ്ങൾ നടത്തുകയും ചെയ്യുന്നവരായിരുന്നു. പക്ഷേ ഹദീസും അസറും ശേഖരിക്കുന്നതിൽ കാര്യമായി ശ്രദ്ധിച്ചില്ല’ (അൽ അഇമ്മത്തുൽ അർബഅ/133).

അഹ്‌ലുർറഅ്‌യ്

ഇമാംഅബൂഹനീഫ(റ)യുടെ മദ്ഹബ് അംഗീകരിക്കുന്നവരാണ് അഹ്‌ലുറഅ്‌യ് എന്ന് അറിയപ്പെട്ടത്. ശിആക്കളുടെ അരങ്ങേറ്റത്തോടെ അവരുടെ താൽപ്പര്യാനുസരണം നിർമിക്കപ്പെട്ട ധാരാളം ഹദീസുകൾ പ്രചരിച്ചതിനാൽ ആ സങ്കീർണതയിൽനിന്നും രക്ഷപ്പെടുന്നതിന് ശാഫിഈ ഇമാം സ്വഹാബിയുഗത്തിലെ നിർദ്ധാരണരീതിയാണ് പ്രധാനമായും സ്വീകരിച്ചത്. അത് മുഖേന വ്യാജ ഹദീസിന്റെ അടിസ്ഥാനത്തിൽ വല്ല മതവിധിയും പ്രഖ്യാപിക്കുന്ന സ്ഥിതി ഇല്ലാതാക്കാനാണവിടുന്ന് ശ്രമിച്ചത്. അതിനാൽതന്നെ ഖിയാസ്, ഉർഫ്, ഇസ്തിഹ്‌സാൻ (നിദാനശാസ്ത്രത്തിലെ സാങ്കേതികസംജ്ഞകൾ) എന്നീ വഴികളിലൂടെ മതനിയമങ്ങളവതരിപ്പിക്കുന്നതിലാണ് മഹാൻ കൂടുതൽ ഗുണംകണ്ടത്. രേഖകളിൽ നിന്നും ഭിന്നമായ ഒരസ്തിത്വം ഇവകൾക്കുണ്ടെന്നത് നമുക്കറിയാം. അതിന്റെ അടിസ്ഥാനത്തിലാണ് വേർതിരിവിനായി ‘അഹ്‌ലുർറഅ്‌യ്’ എന്ന് അവർ അറിയപ്പെട്ടത്. ‘അഭിപ്രായം പറയുന്നവർ’ എന്നോ ‘ന്യായവാദക്കാർ’ എന്നോ അതിന് അർത്ഥകൽപന നടത്തേണ്ടതില്ല. ഇമാം അബൂഹനീഫ(റ)ക്ക് ശേഷം ഖിയാസിന്റെ അടിസ്ഥാനത്തിൽ മതവിധികൾ പഠിപ്പിക്കുന്ന രീതി ശിഷ്യൻമാരും പിൻഗാമികളും തുടർന്നുവന്നു. അവർ അധികവും കേന്ദ്രീകരിച്ചിരുന്നതും ജീവിച്ചതും ശിഈസത്തിനുകൂടി നല്ല വേരോട്ടമുള്ള ഇറാഖിലായിരുന്നല്ലോ. ശിയാക്കൾ ഹദീസുകൾ താൽപര്യാനുസരണം നിർമിക്കുന്നവരായിരുന്നതിനാൽ നിർമിത ഹദീസുകളുടെ സ്വാധീനമുണ്ടാവാതിരിക്കാനുപകരിച്ചിരുന്നു. പക്ഷേ, പിൽക്കാലത്ത് ഈ സമീപനത്തിന്റെ പരിണിതഫലമായി രേഖകളില്ലാത്ത വിജ്ഞാനശാഖയായി കർമശാസ്ത്രം മാറുമെന്ന സ്ഥിതിയെയാണ് ഇമാംശാഫിഈ(റ) പ്രതിരോധിച്ചത്. മറിച്ച് ഇമാം അബൂഹനീഫ(റ)യെ തിരുത്തുകയായിരുന്നില്ല.

പാരമ്പര്യാധിഷ്ഠിതം

ഇമാം അബൂഹനീഫ(റ)യുടെ സരണിയുടെ പ്രചാരകരായ ശിഷ്യൻമാരുടെ നിലപാട് പ്രാമാണികംതന്നെയായിരുന്നു. ചില മാനദണ്ഡങ്ങൾ പരിഗണിക്കുകയും  പാരമ്പര്യത്തോട് സമരസപ്പെടുകയും ചെയ്തുകൊണ്ടുതന്നെയായിരുന്നു അത്. സാഹചര്യത്തിന്റെ സങ്കീർണാവസ്ഥയിൽ സ്വീകരിക്കാനാവുന്ന ഒരു ലളിതമാർഗമതായിരുന്നു. സച്ചരിതരായ ഖുലഫാക്കളുടെ മാർഗമാണ് തന്റെ നിലപാടിനവലംബമെന്ന് അബൂഹനീഫഇമാംതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇമാമവർകൾ പറയുന്നു: ‘ഞാൻ അല്ലാഹുവിന്റെ കിതാബിനെ അവലംബിക്കുന്നു. അതിലില്ലാത്തതിന് സുന്നത്തിനെ അവലംബിക്കുന്നു. കിതാബിലും സുന്നത്തിലും ലഭിക്കാത്തതിന് സ്വഹാബിവചനങ്ങളെ അവലംബിക്കുന്നു. (അതിൽ) എനിക്ക് ബോധിച്ചത് ഞാൻ സ്വീകരിക്കും. അല്ലാത്തത് ഞാൻ തിരസ്‌കരിക്കും. അവരുടെ വാക്കല്ലാത്ത മറ്റൊരു വാക്കും ഞാൻ സ്വീകരിക്കില്ല. പിന്നെ (താബിഉകളിൽപെട്ട) ഇബ്‌റാഹീം, ശഅബി, ഇബ്‌നുസീരീൻ, ഹസൻ, അത്വാഉ്, സഈദുബ്‌നുൽമുസയ്യബ്(റ) തുടങ്ങിയവരും വേറെ ചിലരും ഇജ്തിഹാദ് നടത്തുകയുണ്ടായിട്ടുണ്ട്. അവർ ഇജ്തിഹാദ് നടത്തിയപോലെ ഞാനും ഇജ്തിഹാദ് നടത്തും’ (താരീഖുബഗ്ദാദ് 13/368).

ഈ വിഷയത്തിലുള്ള ഖലീഫ മൻസൂറിന്റെ അന്വേഷണത്തിന് ഇമാംഅബൂഹനീഫ(റ) നൽകിയ മറുപടി ഇമാം ശഅ്‌റാനി(റ) മീസാനിൽ ഉദ്ധരിച്ചിട്ടുണ്ട്. ഇമാമവർകളുടെ രീതിയെ പിന്തുടരുന്നതോടൊപ്പം അതിന്റെ സ്വതന്ത്രമായ ഉപയോഗത്തിലൂടെ രേഖാപരമായ പ്രയാണവുമായി മതനിയമങ്ങൾ അകലാതിരിക്കുന്നതിനും സത്യം സുദൃഢമാക്കാനുമാണ് ഇമാം അഹ്‌ലുറഅ്‌യുമായി സംവാദം നടത്തിയതും സത്യം ബോധ്യപ്പെടുത്തിയതും. ഇമാംശാഫിഈ(റ)യുടെ സംവാദചരിത്രങ്ങൾ വളരെ കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വലിയ സത്യം വെളിപ്പെടുത്തുക എന്നതിലുപരി പ്രതിഭാഗത്തെ പരാജയപ്പെടുത്തുക എന്നത് ഇമാമവർകളുടെ ലക്ഷ്യമായിരുന്നില്ല. അത് മഹാൻ തന്നെ വ്യക്തമാക്കിയതാണ്: ‘ഗുണകാംക്ഷ എന്ന നിലക്കല്ലാതെ ഞാൻ ആരോടും സംവാദം നടത്തിയിട്ടില്ല. പ്രതിഭാഗത്തുള്ളവർക്ക് തെറ്റുപറ്റണമെന്ന താൽപ്പര്യത്തിൽ ഞാനാരോടും വാദപ്രതിവാദം നടത്തിയിട്ടില്ല’ (ആദാബുശ്ശാഫിഇയ്യി വ മനാഖിബുഹു/69).

ക്രോഡീകരിക്കപ്പെട്ട ചില ഗ്രന്ഥങ്ങൾ പരിശോധനാവിധേയമാക്കി ആവശ്യമായ തിരുത്തു രേഖപ്പെടുത്തി. മുഹമ്മദുബ്‌നു ഹസനിശ്ശൈബാനിയുടെ ഗ്രന്ഥങ്ങൾ അക്കൂട്ടത്തിൽപെടുന്നു: ‘അറുപത്ദീനാർ ചെലവഴിച്ച് മുഹമ്മദുബ്‌നുൽഹസന്റെ ഗ്രന്ഥങ്ങൾ ഞാൻ ശേഖരിച്ചു. അതിലെ ഓരോ മസ്അലക്ക് സമീപവും ഞാൻ ഓരോ ഹദീസ്‌വെക്കുകയും ചെയ്തു’ (ആദാബുശ്ശാഫിഈ വ മനാഖിബുഹു/27).

മാലികി സരണി

ഇമാംമാലിക്(റ)യുടെ സരണിയിൽ സഞ്ചരിക്കുന്നവരാണ് അസ്വ്ഹാബുൽ ഹദീസ്. ഹിജാസിൽ, പ്രത്യേകിച്ച് മദീനയിലും മക്കയിലുമായിരുന്നു അവരിലധികപേരും. മദീനയായിരുന്നല്ലോ ഇമാം ശാഫിഈ(റ)യുടെ പ്രവർത്തനകേന്ദ്രം. വിജ്ഞാനത്തിന്റെയും ഹദീസുകളുടെയും കേന്ദ്രം മദീന തന്നെയാണല്ലോ. അവിടെ നിന്നാണത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യപ്പെട്ടത്. അവിടെ ജീവിച്ചിരുന്ന താബിഉകളായ പണ്ഡിത പ്രമുഖരിൽ നിന്നും ഇമാം മാലിക്(റ) ഹദീസുകൾ നേടി. ഇറാഖിനെ അപേക്ഷിച്ച് ഹദീസുകളുടെ സ്രോതസിലാണ് താനെന്നതിനാൽ ഹദീസിനെ അവലംബിക്കുന്നതായി ഇമാമവർകളുടെ പ്രധാന രീതി. ആ നിലക്കാണ് അസ്വ്ഹാബുൽ ഹദീസ് എന്ന് മാലികീ സരണിക്കാർ അറിയപ്പെട്ടത്.

ഹദീസുകൾ ധാരാളം ഉദ്ധരിക്കാൻ സാധിക്കുംവിധം മനഃപാഠമുണ്ടായിരുന്നെങ്കിലും അസ്വ്ഹാബുർറഅ്‌യിന്റെ മുന്നിൽ പലപ്പോഴും പരിഭ്രാന്തരാകുന്ന സ്ഥിതിയായിരുന്നു പലർക്കും. അതിനാൽതന്നെ അസ്വ്ഹാബുർറഅ്‌യിൽ പെട്ട ചിലർ മദീനക്കാരായ ആളുകളെ നിസ്സാരമാക്കിയിരുന്നു. ഇമാം ശാഫിഈ(റ) അതെല്ലാം തിരുത്തിക്കുകയുണ്ടായി. ഒരിക്കൽ അത്തരം വിമർശനം കേൾക്കാനിടവന്നപ്പോൾ ഇമാംശാഫിഈ(റ) അദ്ദേഹത്തോടിങ്ങനെ സംസാരിച്ചു: ‘അബുൽഹസൻ, നിങ്ങൾ മദീനയെ ഉദ്ദേശിച്ചാണ് ഇത് പറയുന്നതെങ്കിൽ നിശ്ചയം അതു അല്ലാഹുവിന്റെ റസൂലിന്റെ വിശുദ്ധഭൂമിയും സുരക്ഷിതസ്ഥാനവുമാണ്. അല്ലാഹു ‘ത്വാബ’ എന്ന് നാമം നൽകിയതും നബി(സ്വ) തങ്ങളുടെ സൃഷ്ടിക്കുപയോഗിച്ച മണ്ണ് എടുത്ത സ്ഥലവും അവിടുന്ന് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലവും മദീനയാണ്. ഇനി മദീനക്കാരെ ഉദ്ദേശിച്ചാണ് പറയുന്നതെങ്കിൽ അവർ അല്ലാഹുവിന്റെ ദൂതരുടെ അനുചരൻമാരും ജാമാതാക്കളും സഹായികളുമാണ്. അവരാണീ സത്യവിശ്വാസത്തിന് തൊട്ടിലേകിയത്, വഹ്‌യ് ലഭിക്കുന്ന സന്ദേശങ്ങൾ മനഃപാഠമാക്കിയത്, നബിചര്യകൾ ശേഖരിച്ചത്. ഇനി അവരുടെ ശേഷക്കാരാണുദ്ദേശമെങ്കിൽ അവരീ സമുദായത്തിലെ ഉത്തമൻമാരാണ്. ഇനി ഏതെങ്കിലും വ്യക്തിയാണെങ്കിൽ അതങ്ങനെ വ്യക്തമായി പറഞ്ഞുകൂടേ? (ആദാബുശ്ശാഫിഇയ്യി വ മനാഖിബുഹു/124).

മാലിക്(റ)വിന്റെ ഈ നിലപാട് തികച്ചും ശരിയായിരുന്നു. സുന്നത്തിന് മുന്തിയ പരിഗണന നൽകിയതോടൊപ്പം മദീനാനിവാസികളുടെ പ്രവർത്തനരീതിയെയും അദ്ദേഹം പ്രമാണമാക്കിയിരുന്നു. അൽമസ്വാലിഹുൽമുർസല, ഇസ്തിഹ്‌സാൻ, സദുദ്ദറാഇഖ്. (സാങ്കേതികസംജ്ഞകൾ) തുടങ്ങിയ രേഖകൾക്ക് പുറത്തുള്ളവയെയും പ്രമാണമാക്കിയിരുന്നു. മാലികീസരണിയുടെ കടുംപിടുത്തക്കാരായ, പക്ഷപാത സമീപനമുള്ളവരുണ്ടായിരുന്നു എന്ന് കാണാം. അത്തരത്തിൽപെട്ടവരുടെ അസൂയയുടെ പരിണതിയായിരുന്നു ഇമാമവർകൾക്കെതിരെയുണ്ടായ ആക്രമണവും ഇമാമവർകൾക്കെതിരെ നിസ്‌കാരത്തിൽപോലും പ്രാർത്ഥിച്ചതുമൊക്കെ. പക്ഷേ, ഈ പ്രാർത്ഥനയും പക്ഷപാതവും പകയുമൊന്നും മദ്ഹബിന്റെ ഭാഗമായിരുന്നില്ല.

ശാഫിഈ ദൗത്യം

ഇമാംമാലിക്(റ) വിധികൾ നിർദ്ധാരണം ചെയ്യുന്നതിനായി കൃത്യവും കണിശവുമായ ഒരു വ്യവസ്ഥയും മാനദണ്ഡവും ആവശ്യമാണെന്ന് കരുതിയിരുന്നില്ല. അങ്ങനെയൊരു ക്രോഡീകരണം നടന്നിട്ടില്ലാത്തതിനാൽ തന്നെ ഒരു സുതാര്യനേർരേഖ മാലികീ സരണിയുടെ വിശകലനത്തിനുണ്ടായിരുന്നില്ല. ഹനഫീസരണിയും ഈ വിഷയത്തിൽ തുല്യമായിരുന്നു. രണ്ടിലും പ്രമാണങ്ങളുടെ മുൻഗണനാക്രമമോ സമീപനരീതിയോ ഉണ്ടായിരുന്നില്ല എന്നത് ദുരുപയോഗത്തിനു സാധിക്കുമെന്ന സ്ഥിതിയുണ്ടാക്കി. ചുരുക്കത്തിൽ, ഖിയാസ് സ്വീകരിക്കുന്നു, അതിനെ അവലംബിക്കുന്നു എന്നത് ഹനഫീസരണിയുടെ പ്രശ്‌നമായിരുന്നു എന്നല്ല നാം പറയുന്നത്. അതിന്റെ സർവതന്ത്രമായ ഉപയോഗസാധ്യത ദുരുപയോഗം ചെയ്യപ്പെടാതിരിക്കുന്നതിന് ചില മാനദണ്ഡങ്ങൾ വേണ്ടിയിരുന്നു എന്നാണ്. അതുപോലെ ഹദീസ് സ്വീകരിക്കുന്നു എന്നതോ മറ്റോ ആണ് മാലികീസരണിക്ക് ന്യൂനത എന്നും പറയുകയല്ല. മറിച്ച് അതിനപ്പുറത്തെ പ്രമാണങ്ങളുടെ സാധ്യതകൾ ദുരുപയോഗയോഗ്യമാണ്. അതോടൊപ്പം കണിശമായ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ പ്രമാണങ്ങളുടെ മുൻഗണനാക്രമം നടത്താത്തതിനാൽ അടുത്തവഴിയിലേക്കുള്ള മാറ്റം ക്രമവിരുദ്ധമെന്ന് പറയാനാവില്ല. ഈ സാഹചര്യത്തെ പ്രതിരോധിക്കുകയും വ്യവസ്ഥാപിതമാനദണ്ഡങ്ങൾ സ്വീകരിക്കുകയും ചെയ്തു എന്നതാണ് ശാഫിഈ ദൗത്യത്തിന്റെ സവിശേഷത.

നിദാനശാസ്ത്രം

ഉദാരമായി ഉപയോഗപ്പെടുത്താനാവുന്നവിധത്തിൽ നിലവിലുണ്ടായിരുന്ന പ്രമാണസങ്കൽപങ്ങൾ കണിശമായ വ്യവസ്ഥകൾക്ക് വിധേയമാക്കി പുന:ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത ഇമാമിന്‌ബോധ്യപ്പെട്ടു. അതിന്റെ പ്രതിഫലനം അവിടുത്തെ ദർസുകളിലും വിജ്ഞാനവിതരണത്തിലും പ്രകടമായിരുന്നു. ഉദാരമായ ഖിയാസ് സമ്പ്രദായവും പഴുതുകളുള്ള പ്രമാണ സമീപനവും സൃഷ്ടിക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ മഹാനവർകൾക്ക് ബോധ്യമായി. കാലാന്തരത്തിൽ ഇസ്‌ലാമിക നിയമങ്ങളുടെ തനിമ നഷ്ടപ്പെട്ടു പോവാൻ സാധ്യതയുണ്ടെന്നത് അദ്ദേഹം ഗൗരവത്തോടെ കണ്ടു. നിലവിലുണ്ടായിരുന്ന രണ്ട് വിചാരധാരകളും അവയുടെ മുതിർന്ന നേതൃത്വത്തിന്റെ അന്ത്യത്തോടെ എങ്ങനെയായിരിക്കും നയിക്കപ്പെടുക എന്ന ആശങ്ക സ്വാഭാവികമാണ്. അതിനാൽതന്നെ ഓരോ പ്രമാണത്തെയും പൂർണമായ വിശകലനത്തിന് വിധേയമാക്കി. നിയമനിർദ്ധാരണത്തിനും പ്രമാണസമീപനത്തിനും കണിശവും കൃത്യവുമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചു.

മുമ്പ് ക്രോഡീകൃതമല്ലാതിരുന്ന നിദാനശാസ്ത്ര തത്ത്വങ്ങൾ നിർദ്ധാരണം നടത്തി അവതരിപ്പിക്കാനുള്ള തന്റെ യോഗ്യത തിരിച്ചറിഞ്ഞ അബ്ദുറഹിമാനുബ്‌നുമഹ്ദി(റ) അതു ക്രോഡീകരിക്കാൻ ഇമാമിനോടാവശ്യപ്പെട്ട് കത്തെഴുതി. ഇമാംശാഫിഈ നിദാനശാസ്ത്രത്തിലെ ആദ്യത്തെ രചനയായ ‘രിസാല’ ക്രോഡീകരിച്ചതങ്ങനെയാണ്. അതോടെ പ്രമാണങ്ങളുടെ മുൻഗണനാ ക്രമവും ഓരോന്നിന്റെ അവലംബ സാധ്യതയും അടുത്തതിലേക്ക് മറികടക്കാനുള്ള മാനദണ്ഡങ്ങളും വിശദമായും വ്യക്തമായും വിവരിക്കപ്പെട്ടു. ഖുർആനും ഹദീസും രേഖാപരമായ പ്രമാണങ്ങളും പ്രഥമ, ദ്വിതീയ സ്ഥാനമുള്ളവയുമാണ്. അവ രണ്ടിന്റെയും ആശയ പ്രപഞ്ചത്തെ പ്രാപിക്കാനും വിതരണം ചെയ്യാനും ഉപകരിക്കുന്നതും ഉപയോഗിക്കേണ്ടതുമായ തത്ത്വങ്ങളും വ്യവസ്ഥകളും വ്യക്തമായിത്തന്നെ പരാമർശിക്കപ്പെട്ടു.

പ്രമാണങ്ങളെ സമീപിച്ച് നിയമനിർദ്ധാരണം നടത്തുക എന്ന ‘ഇജ്തിഹാദ്’ വളരെ കരുതലോടെ നിർവഹിക്കേണ്ട മഹാദൗത്യമാണെന്നും അർഹതയില്ലാത്തവർക്ക് ചാടിവീഴാൻ പറ്റിയ മേഖലയല്ല അതെന്നും ഇമാം ബോധ്യപ്പെടുത്തി. പിൽക്കാലക്കാരെ സംബന്ധിച്ചിടത്തോളം കണിശവും കൃത്യവുമായ ഒരു മാനദണ്ഡത്തിന് വിധേയമായി നടക്കേണ്ടതെന്നതിനാൽ വിജ്ഞാന വിജിഗീഷുക്കളായ പണ്ഡിത പ്രമുഖരെല്ലാം ഇജ്തിഹാദിന്റെ വഴിതേടിയില്ല. മാത്രമല്ല, ലോക പ്രശസ്തരായ മുഹദ്ദിസുകളും മുഫസ്സിറുകളുമടക്കം വളരെ ഉന്നതരായ ആളുകൾ ശാഫിഈ മദ്ഹബ് അംഗീകരിക്കുകയായിരുന്നു. ഇബ്‌നുഖല്ലിഖാന്റെ വഫയാതുൽഅഅ്‌യാൻ പോലെയുള്ള ഗ്രന്ഥങ്ങളുടെ സൂചിക പരിശോധിച്ചാൽ ശാഫിഈകളായ പണ്ഡിതപ്രമുഖരുടെ ആധിക്യം നമുക്ക് വ്യക്തമാവും. അതുപോലെ ശാഫിഈ മദ്ഹബുകാരായ പണ്ഡിതസൂരികളുടെ വിവരണം നൽകുന്ന ഇമാംസുബ്കി(റ)യുടെ ത്വബഖാതും ശാഫിഈകളുടെ ലോകത്തേക്കുള്ള വാതായനമാണ് തുറന്നിട്ടിരിക്കുന്നത്.

ശാഫിഈ(റ)തന്നെ പ്രമാണം

ഇമാംശാഫിഈ(റ)യുടെ നിദാനശാസ്ത്രഗ്രന്ഥം അദ്ദേഹത്തിന്റെ രീതിശാസ്ത്രം വ്യക്തമാക്കുന്നുണ്ട്. അതിനാൽതന്നെ അതിലെ മാനദണ്ഡങ്ങളോട് ഒത്തുവന്ന വചനങ്ങൾ പ്രമാണബദ്ധം എന്നു മാത്രമല്ല പ്രമാണം തന്നെ ആയിരുന്നു. ഇത് ആ മേഖലയിലെ ഉന്നതർക്കാണ് അറിയുക. അതിനാൽ തന്നെ അതംഗീകരിക്കുന്നതും അവരാണ്. ഇമാം അഹ്മദ്ബ്‌നു ഹമ്പൽ(റ) അദ്ദേഹത്തിന് ഹദീസ് ലഭിച്ചിട്ടില്ലാത്ത വിഷയങ്ങളിൽ ഇമാം ശാഫിഈ(റ)യുടെ വാക്കിനാണ് പരിഗണന നൽകിയിരുന്നത്. ഒരിക്കൽ ഒരു വിജ്ഞാനസദസ്സിൽവെച്ച് ഒരാൾ അഹ്മദ്(റ)നോട് ചോദിച്ചു: ‘അബൂഅബ്ദില്ല, ഇന്ന വിഷയത്തിൽ സ്വഹീഹായ ഹദീസ് ലഭ്യമല്ലല്ലോ?

അതിന് അഹ്മദ്(റ) നൽകിയ മറുപടി ഇങ്ങനെയായിരുന്നു: ‘ആ വിഷയത്തിൽ സ്വഹീഹായ ഹദീസില്ലെങ്കിൽ ഇമാം ശാഫിഈ(റ)യുടെ വാക്കുണ്ടാവും തെളിവായി. അദ്ദേഹം ആ തീരുമാനത്തിനവംലബിച്ച പ്രമാണം ഏറ്റവും സുസ്ഥിരമായതായിരിക്കും.’

എന്നിട്ട് അഹ്മദ്(റ) പറഞ്ഞു: ‘ഞാനൊരിക്കൽ ഇമാം ശാഫിഈ(റ)യോട് ഒരു മസ്അലയെക്കുറിച്ച് അങ്ങെന്ത് പറയുന്നു എന്ന് ചോദിച്ചപ്പോൾ അവിടുന്നതിന് മറുപടി പറഞ്ഞു: ഞാനപ്പോൾ ചോദിച്ചു: എവിടെനിന്ന് നിർദ്ധാരണം ചെയ്താണ് അങ്ങ് ഇത് പറയുന്നത്? ആ വിഷയത്തിൽ വല്ല ഹദീസോ, ഖുർആനോ തെളിവായി ഉദ്ധരിക്കാനുണ്ടോ? അപ്പോൾ ഇമാം ഒരു നബിവചനം അതിന് തെളിവായി ഉയർത്തിക്കാട്ടി. അത് വ്യക്തമായ പരാമർശമുള്ള ഹദീസായിരുന്നു’ (ആദാബുശ്ശാഫിഈ വ മനാഖിബുഹു/64,65).

‘ഇമാം ശാഫിഈ(റ)യെക്കാൾ ഹദീസ് പിൻപറ്റുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല എന്ന് ഇമാം അഹ്മദ്ബ്‌നു ഹമ്പൽ(റ) പറഞ്ഞിരുന്നു’ (ഹിൽയതുൽഔലിയാഅ് 9/107). ഇറാഖിൽ നിലവിലുണ്ടായിരുന്ന സമ്പ്രദായത്തിൽ ഹദീസിനു വളരെ വലിയ പ്രാമുഖ്യം ലഭിച്ചിരുന്നില്ല. ഇമാംശാഫിഈ(റ) അവിടെയെത്തിയശേഷം അവരുടെ നിലപാടുകൾക്ക് തിരുത്തും ദിശനിർണയവും എന്ന നിലയിൽ ഹദീസിന്റെ പ്രാധാന്യം എടുത്തുകാട്ടി. അതിനാൽ അദ്ദേഹം ബഗ്ദാദിൽ നാസ്വിറുസ്സുന്ന എന്നാണറിയപ്പെട്ടത്’ (തഹ്ദീബുൽ അസ്മാഇ വല്ലഗാത്ത് 1/66).

യോഗ്യതയും ഭാഗധേയത്വവും

ഇമാം ശാഫിഈ(റ)യുടെ കാലത്തെ പ്രധാനകർമശാസ്ത്ര സരണികളായ രണ്ട് വിഭാഗത്തിനുമിടയിൽ നല്ല ബന്ധവും സുസ്ഥിതിയും സ്ഥാപിക്കേണ്ടതനിവാര്യമായിരുന്നു എന്ന് ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അതിനുള്ള യോഗ്യതയും അർഹതയും ഇമാമിനുണ്ടായിരുന്നു. അതുപയോഗപ്പെടുത്തി തന്റെ ബാധ്യത അവിടുന്ന് നിർവഹിക്കുകയുണ്ടായി. അതേകുറിച്ച് ഇമാം റാസി(റ) പറയുന്നു: ‘ഇരു വിഭാഗക്കാരും സുന്നത്തറിയുന്നവരും അതിന്റെ നിയമങ്ങൾ നന്നായറിയുന്നവരും ചിന്തയുടെയും സംവാദത്തിന്റെയും ചിട്ടകളറിയുന്നവരും ആ മേഖലയിൽ കരുത്ത് തെളിയിച്ചവരുമായിരുന്നു. സാഹിത്യസമ്പുഷ്ടമായി സംസാരിക്കുന്നവരും സുവ്യക്തമായ തെളിവുകൾ വഴി പ്രതിയോഗിയെ ഒതുക്കാൻ കഴിയുന്നവരും നബിചര്യ പ്രചരിപ്പിക്കുന്നതിൽ വ്യാപൃതരായവരുമായിരുന്നു. സംശയമോ ചോദ്യങ്ങളോ ഉയർന്നാൽ സംശയ ദുരീകരണത്തിനുപകരിക്കുന്ന സുവ്യക്തവും സമ്പൂർണവുമായ മറുപടിയും വിശകലനവും നൽകുന്നവരായിരുന്നു. അതുവഴി അസ്ഹാബുർറഅ്‌യ് അസ്വ്ഹാബുൽ ഹദീസിന് മേൽ നേടിയിരുന്ന ആധിപത്യം അവസാനിക്കുകയുണ്ടായി’ (അൽ അഇമ്മതുൽഅർബഅ/133).

ഇമാം ശാഫിഈ(റ)ക്ക് മുമ്പ് ഇജ്തിഹാദ് നടത്തി മതവിധികൾ നിർദ്ധാരണം ചെയ്തിരുന്നത് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയായിരുന്നെങ്കിലും, എല്ലാവർക്കും പ്രാപിക്കാൻ പറ്റിയവിധം അത് ക്രോഡീകൃതമായിരുന്നില്ല. നിദാനശാസ്ത്രത്തിന്റെ വിജ്ഞാനസംഹിതകളും അതിന്റെ രീതിശാസ്ത്രവും ആവിഷ്‌കരിച്ചത് ഇമാമവർകളാണ്. മതവിധികളെന്നപ്പോലെത്തന്നെ നിദാനശാസ്ത്രത്ത്വങ്ങളും പ്രമാണങ്ങളുടെ ക്രമീകരണവും വളരെ അവധാനതയോടെയും ശ്രദ്ധയോടെയും നടത്തിയതാണ്. ഇജ്മാഇന് സൂറതുന്നിസാഇലെ നൂറ്റിപ്പതിനഞ്ചാമത്തെ ആയത്ത് തെളിവായി സ്വീകരിക്കുന്നതിനുവേണ്ടി ഇമാമവർകൾ 300 തവണ ഖുർആൻ ആവർത്തിച്ച് പാരായണംചെയ്തുവെന്ന് ഇമാംറാസി ഉദ്ധരിക്കുന്നു (അത്തഫ്‌സീറുൽ കബീർ 11/35).

പുത്തനുണർവ്

ഇമാം ശാഫിഈ(റ)യുടെ സവിശേഷവും കണിശവുമായ നിദാനശാസ്ത്രനിർദ്ധാരണവും അതിനെ അവലംബിച്ചുള്ള വിജ്ഞാനവിവരണവും സമകാലത്ത് പുത്തനുണർവ് പ്രദാനം ചെയ്തു. പൂർവസരണികളിൽ മതവിജ്ഞാന സേവനം നടത്തിയിരുന്ന ധാരാളം ആളുകൾ ഇമാംശാഫിഈ(റ)യുടെ അനുയായികളായിത്തീർന്നിട്ടുണ്ട്. ഇമാംശാഫിഈ(റ) ബഗ്ദാദിലെത്തുമ്പോൾ അവിടെയുണ്ടായിരുന്ന നാൽപ്പതോ അമ്പതോ വിജ്ഞാന സദസ്സുകളിൽ പങ്കെടുത്തിരുന്നവരെല്ലാം അവയുപേക്ഷിച്ച് ഇമാം ശാഫിഈ(റ)യുടെ സദസ്സിൽ ചേരുകയുണ്ടായി (താരീഖുബഗ്ദാദ് 2/68,69)

ശാഫിഈ സരണിക്കും ശാഫിഈ(റ)ക്കും ഉണ്ടായ ജനസമ്മതിയും അംഗീകാരവും ചിലയാളുകളിൽ അസൂയ വളർത്തിയിരുന്നു. ഇമാമിനെ അടിച്ചുപരിക്കേൽപ്പിച്ചത് അത്തരം ഒരാളായിരുന്നു. അക്കാരണത്താലാണ് അദ്ദേഹം വഫാത്തായത് (ബുജൈരിമി 1/79,80).

ആദ്യമായി നിദാനശാസ്ത്രം ക്രോഡീകരിച്ചത് ഇമാം ശാഫിഈ(റ) ആണ്. അതിനാൽതന്നെ ക്രോഢീകൃതവും എല്ലാവർക്കും അറിയാൻ സാധിക്കുന്നതുമായ മാനദണ്ഡങ്ങളാണ് ശാഫിഈമദ്ഹബിനുള്ളത്. ഇപ്പറഞ്ഞതിനർത്ഥം മറ്റുള്ളതൊന്നും പ്രമാണബദ്ധമല്ല എന്നല്ല. മറിച്ച് അവയെല്ലാം വിജ്ഞാന വിശാരദൻമാരായ മഹാമനീഷികളുടെ ഗവേഷണ ഫലമായി നിർദ്ധാരണം ചെയ്യപ്പെട്ട കാര്യങ്ങളാണ്. അവരുടെ ലക്ഷ്യവും മാർഗവും ആത്യന്തികമായി മനുഷ്യരുടെ ഗുണവും മതപരിജ്ഞാനവും തന്നെയായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ മദ്ഹബുകളും സത്യത്തിലാണ് (ബുജൈരിമി 1/82) എന്നു നാം മനസ്സിലാക്കണം. അതോടൊപ്പം സ്വന്തം മദ്ഹബ് പ്രമുഖമാണെന്ന് വിശ്വസിക്കൽ അനിവാര്യമാണുതാനും (അതേഗ്രന്ഥം 1/82). സ്വന്തം ജീവിത സരണിയെക്കുറിച്ച് അതിൽ ചരിച്ച പൂർവസൂരികളുടെയും നേതൃത്വത്തിന്റെയും അടിസ്ഥാനത്തിൽ സന്തോഷമുണ്ടാവുന്നത് സ്വാഭാവികമാണല്ലോ.

ശാഫിഈ മദ്ഹബിന്റെ വിശദാംശങ്ങളിലും പ്രത്യേകതകൾ കാണാം. ചില വിഷയങ്ങളിൽ അവയെ നിരീക്ഷിച്ച് ചർച്ചചെയ്ത ആധുനികപണ്ഡിതരെയടക്കം കാണാവുന്നതാണ്. അറബ് ലോകത്ത് അൽഫിഖ്ഹുൽമുയസ്സർ എന്ന പേരിൽ ശാഫിഈ ഫിഖ്ഹിനെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം കാണം. ഇബാദാതുൽ ഇസ്‌ലാം എന്ന ഗ്രന്ഥപരമ്പര എഴുതിയ മുഹ്‌യിദ്ദീൻ മസ്തു എന്ന പണ്ഡിതൻ തന്റെ വിവരണത്തിന് ശാഫിഈ മദ്ഹബാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സകാത്തിനെ സംബന്ധിച്ചുള്ള ഗ്രന്ഥത്തിന്റെ ആമുഖത്തിലും ഉള്ളടക്കത്തിലും ശാഫിഈ മദ്ഹബിന്റെ നിലപാടാണ് ഈ വിഷയത്തിൽ ഏറ്റവും സവിശേഷമെന്ന് പറയുന്നുണ്ട്.

ഇമാം ശാഫിഈ(റ)യുടെ മദ്ഹബ് മറ്റു മദ്ഹബുകളിൽനിന്നും വ്യത്യസ്തമായി ദാരിദ്ര്യം എന്ന പ്രശ്‌നത്തിന് സമകാലത്തിന്റെ താൽപര്യംപോലെ പ്രതിവിധി കാണുന്നുണ്ട്’ (അസ്സകാത്, ഫിഖ്ഹുഹു വഅസ്‌റാറുഹൂ/പേ.13) ഉദാഹരണ സഹിതം ഈ വിഷയം ചർച്ച ചെയ്യുന്നുണ്ട്. ശാഫിഈ പണ്ഡിതരുടെ ഗ്രന്ഥങ്ങളിൽനിന്നാണ് ഉദ്ധരണങ്ങൾ കൊടുത്തിരിക്കുന്നത്. എന്നിട്ടദ്ദേഹം പറയുന്നു: ‘നിശ്ചയമായും ശാഫിഈ മദ്ഹബാണ് ഈ വിഷയത്തിൽ ഇസ്‌ലാമിന്റെ ആത്മാവിനോടും അതിന്റെ സുവ്യക്തമായ നിർദേശങ്ങളോടും ഏറ്റവും അടുത്തുനിൽക്കുന്നത്’ (അതേ ഗ്രന്ഥം/108-114).

ശാഖാപമായ മസ്അലകളിലെ അഭിപ്രായാന്തരങ്ങൾ തുലനം നടത്തിയുള്ള ചർച്ച ഈ ലഘു കുറിപ്പിൽ തീരെ അനുയോജ്യമല്ല. അതോടൊപ്പം നാല് മദ്ഹബുകളുടെയും കർമശാസ്ത്ര പാഠങ്ങളുടെയും പ്രായോഗികതയും യുക്തിയും വേണമെങ്കിൽ എല്ലാവർക്കും അവതരിപ്പിക്കാൻ സാധിച്ചേക്കും. പക്ഷേ അതിലുപരിയായി ഇലാഹീ ദാനമായിട്ടുള്ള ഒരു സവിശേഷപ്രഭാവം ശാഫിഈ സരണിക്കുണ്ട് എന്ന് മനസ്സിലാക്കാൻ ന്യായവാദങ്ങളും തെളിവുകളുമുണ്ട്. വരികൾക്കിടയിൽനിന്ന് വായിച്ചെടുക്കാനാവാത്തവിധം അത് വിവരിക്കുന്നതിന് കൂടുതൽ ശ്രമം ആവശ്യമാണ്. ഇമാംശാഫിഈ(റ)യുടെ മനാഖിബുകളും സീറകളും പാരായണംചെയ്യുന്നതിലൂടെ ധാരാളം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഉദാഹരണത്തിന് ഒരു സംഭവം വിവരിക്കാം: സുപ്രസിദ്ധ ശാഫിഈ പണ്ഡിതനായിരുന്ന ഇമാം ഖഫ്ഫാൽ(റ)ന്റെ കാലത്തെ ഭരണാധികാരിയായിരുന്നു മഹ്മൂദ്. അദ്ദേഹത്തിന്റെ മുന്നിൽ ഇമാം ഖഫ്ഫാൽ(റ) ശാഫിഈ മദ്ഹബനുസരിച്ചും ഹനഫീ മദ്ഹബനുസരിച്ചുമുള്ള നിസ്‌കാരം നിർവഹിച്ച് കാണിക്കുകയുണ്ടായി (ഇത് രണ്ടും സ്വഹീഹ്തന്നെയാണ്). ഇതിന്റെ അടിസ്ഥാനത്തിൽ മഹ്മൂദ് ഹനഫീ മദ്ഹബ്‌വിട്ട് ശാഫിഈ മദ്ഹബ് സ്വീകരിച്ചു എന്നാണു ചരിത്രം. താരീഖുൽ ഫിഖ്ഹിൽ ഇസ്‌ലാമിയ്യ 132-ാം പേജിൽ ഇവ്വിഷയകമായ സൂചന നൽകുന്നുണ്ട്.

തിരുനബി(സ്വ)യും ഇമാം ശാഫിഈ(റ)യും

നബി(സ്വ) ലോകമാസകലം വിജ്ഞാന വിളംബരം നടത്തുന്ന ഒരു ഖുറൈശി പണ്ഡിതനെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട്. അവിടുത്തെ വിയോഗാനന്തരം ഇമാം ശാഫിഈ(റ) ജീവിച്ചിരിക്കുന്ന കാലത്തും ശേഷവും സ്വപ്നത്തിലൂടെയുള്ള നിർദേശങ്ങളും അറിയിപ്പുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ശാഫിഈ(റ)യുടെയും ശാഫിഈ സരണിയുടെയും ഉത്തമാവസ്ഥയും പ്രത്യേകതയും സൂചിപ്പിക്കുന്നതാണ് അവയെല്ലാം. ഉദാഹരണത്തിന് രണ്ട് സംഭവങ്ങൾ സൂചിപ്പിക്കാം.

ഒന്ന്: ഇമാംമുസ്‌നി(റ) പറയുന്നു: ‘ഞാൻ നബി(സ്വ) സ്വപ്നത്തിൽ ദർശിക്കുകയുണ്ടായി. ഞാനപ്പോൾ നബി(സ്വ) തങ്ങളോട് ശാഫിഈ(റ)യെക്കുറിച്ച് ചോദിച്ചു. അവിടുന്ന് പറഞ്ഞു: എന്റെ സ്‌നേഹവും എന്റെ ചര്യയും ഉദ്ദേശിക്കുന്നവൻ മുഹമ്മദുബ്‌നു ഇദ്‌രീസുശ്ശാഫിഈ(റ)യെ അനുധാവനം ചെയ്യട്ടെ, കാരണം ഞങ്ങളൊന്നാണ് (താരീഖു ബഗ്ദാദ് 2/69).

രണ്ട്: അബൂ ജഅ്ഫരിത്തുർമുദി(റ) പറയുന്നു: ഞാൻ മഹാൻമാരുടെ ചിന്തകൾ ക്രോഡീകരിക്കാൻ തീരുമാനിച്ചു. അങ്ങനെയിരിക്കെ റൗളയിൽവെച്ച് ഞാൻ നബി(സ്വ)യെ സ്വപ്നത്തിൽ ദർശിച്ചു. പ്രവാചകര്‌ര(സ്വ)യോട് ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞാൻ മാലിക്(റ)യുടെ ചിന്തകളെയും സരണിയെയും രേഖപ്പെടുത്തട്ടയോ? നബി(സ്വ) പറഞ്ഞു: ‘എന്റെ ചര്യയോടൊത്തത് മാത്രം രേഖപ്പെടുത്തുക.’ വീണ്ടും ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞാൻ ശാഫിഈ(റ)ന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തട്ടയോ? അപ്പോൾ അവിടുന്ന് പറഞ്ഞു: ‘അത് അഭിപ്രായമല്ല, നിശ്ചയം എന്റെ ചര്യക്കെതിരായതിന്റെ ഖണ്ഡനമാണ്’ (ഹിൽയതുൽ ഔലിയാഅ് 9/100).

Exit mobile version