ശാരീരിക ലോകത്തിനു മുമ്പ് ഒരാത്മീയ ലോകം

athmeeyam-malaylam article

മുഹമ്മദീയ യാഥാര്‍ത്ഥ്യം പ്രഥമ സൃഷ്ടിയാണെന്ന് ആധികാരികമായി സമര്‍ത്ഥിച്ച ഇമാം തഖ്‌യുദ്ദീനുസ്സുബ്കി(റ)വിനെ വിമര്‍ശിച്ച് ഇസ്‌ലാം വിരുദ്ധനായ സ്വാദിഖ് മുഹമ്മദ് ദീര്‍ഘമായി എഴുതിയിട്ടുണ്ട്. ‘ആദം(അ) ആത്മാവിനും ശരീരത്തിനും മധ്യേയായിരിക്കെ ഞാന്‍ നബിയായിരുന്നു’ എന്ന ഹദീസ് വിശദീകരിച്ച് ഇമാം സുബ്കി(റ) പറയുന്നു: ആദം(അ)ന്റെ ആത്മാവിനെ ശരീരത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ തിരുനബി(സ്വ)ക്ക് പ്രവാചകത്വം ലഭിച്ചുവെന്നതാണ് ഈ ഹദീസിന്റെ ആശയം. കാരണം പ്രവാചകത്വം (നുബുവ്വത്ത്) എന്നത് ഒരു വിശേഷമാണ്. ആ വിശേഷണം ഉണ്ടാകുമ്പോള്‍ അതിന്റെ ഉടമ(മൗസ്വൂഫ്)യും ഉണ്ടായിരിക്കല്‍ അനിവാര്യമാണ്. ഈ വാചകത്തെ വിമര്‍ശിച്ച് സ്വാദിഖ് മുഹമ്മദ് എഴുതി: പ്രവാചകത്വം കൊണ്ട് വിശേഷണത്തിന്റെ ഉടമ അദ്ദേഹത്തെ സൃഷ്ടിക്കപ്പെടുന്ന സമയത്തിന് മുമ്പ് ഉണ്ടാക്കല്‍ നിര്‍ബന്ധമില്ല. അതായത് ആദം(അ)ല്‍ ആത്മാവ് ഊതപ്പെടുന്നതിന് മുമ്പ് ഞാന്‍ പ്രവാചകനായിരുന്നു എന്ന് തിരുനബി(സ്വ) പറഞ്ഞിട്ടുണ്ടെങ്കിലും അബ്ദുല്ല-ആമിന(റ) ദമ്പതികളുടെ മകനായി ജനിക്കുന്നതിന് മുമ്പ് ആദം(അ)ന്റെ സൃഷ്ടിപ്പ് നടക്കുമ്പോള്‍ പ്രവാചകത്വ വിശേഷണത്തോട് കൂടെ നബിപ്രകാശം ഉണ്ടായിരിക്കല്‍ നിര്‍ബന്ധമില്ല എന്നാണ് സ്വാദിഖ് മുഹമ്മദ് പറയുന്നത്. എന്നാല്‍ നുബുവ്വത്ത് എന്നത് ഒരു വിശേഷണമാണ്. ജഡരഹിതമായ പദാര്‍ത്ഥം (അറള്) ആണത്. വിശേഷണങ്ങള്‍ നിലകൊള്ളുന്നത് ജഡപദാര്‍ത്ഥ(ജൗഹര്‍)ങ്ങളിലാണ്. അത്‌കൊണ്ടാണ് ഇമാം സുബ്കി(റ) ഉടമ ഇല്ലാതെ വിശേഷണമുണ്ടാകുകയില്ലെന്ന് പറഞ്ഞത്. അതിനാല്‍ ഇമാം സുബ്കി(റ)ന്റെ വിശദീകരണത്തില്‍ പന്തികേടില്ല. ഏത് സാധാരണ ബുദ്ധിക്കും അത് ഗ്രഹിക്കാനുമാകും. എന്നാല്‍ വിമര്‍ശകന്റെ വാദമനുസരിച്ച് പണ്ഡിതനില്ലാതെ പാണ്ഡിത്യം ഉണ്ടാകുമെന്നും നില്‍ക്കുന്ന ഒരാളില്ലാതെ നിര്‍ത്തം ഉണ്ടാകുമെന്നുമൊക്കെ വരും. ഇത് വിഡ്ഢിത്തമാണെന്ന് പറയേണ്ടതില്ലല്ലോ.

ഹയാത്ത് (ജീവന്‍) ഇല്ലാത്ത ഹയ്യ് (ജീവി)യാണ് അല്ലാഹു. ഇല്‍മ് (വിജ്ഞാനം) ഇല്ലാത്ത ആലിം(ജ്ഞാന)യാണ്. അല്ലാഹു എന്നിങ്ങനെ ഒരു അനുബന്ധ വാദം അല്ലാഹുവിന്റെ വിശേഷണങ്ങളെ കുറിച്ച് ഇസ്‌ലാമിലെ ആദ്യകാല അവാന്തരക്കാരായ മുഅ്തസിലികള്‍ക്കുണ്ടായിരുന്നു. അതിനു കടകവിരുദ്ധവാദമാണ് സ്വാദിഖ് മുഹമ്മദിന്റേത്. രണ്ടും തെറ്റുതന്നെ.

‘ആദം(അ)ന്റെ സൃഷ്ടിപ്പ് സമയത്ത് ഞാന്‍ പ്രവാചകനായിരുന്നു എന്നതിലെ ഞാന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നബി(സ്വ)യുടെ ആത്മാവോ അല്ലെങ്കില്‍ തിരുനബിയുടെ സത്തയാകുന്ന യാഥാര്‍ത്ഥ്യമോ ആണ്. സൃഷ്ടികളുടെ യാഥാര്‍ത്ഥ്യങ്ങള്‍ കൃത്യമായി ഗ്രഹിക്കാന്‍ നമ്മുടെ ബുദ്ധിക്ക് സാധിക്കുകയില്ല എന്നു പറഞ്ഞ ഇമാം സുബ്കി(റ) ആത്മാവാണ് ഉദ്ദേശ്യമെന്നതിന് ‘അല്ലാഹു ശരീരങ്ങളെ സൃഷ്ടിക്കുന്നതിന് മുമ്പ് ആത്മാക്കളെ സൃഷ്ടിച്ചു’ എന്ന തിരുവചനം അവലംബമാക്കി. ബുദ്ധിക്ക് ഗ്രഹിക്കാനാകാത്ത ഒന്നായി രണ്ടാമത്തേതിനെയും പരിഗണിച്ചു. ശരീരങ്ങള്‍ക്ക് മുമ്പ് ആത്മാക്കളെ സൃഷ്ടിച്ചു എന്ന ഹദീസിനെ കുറിച്ച് അടിസ്ഥാനം (അസ്വ്‌ല്) ഇല്ലാത്ത അസത്യമെന്ന് ഇബ്‌നു ഹജരിനില്‍ ഹൈതമി(റ) പറഞ്ഞിട്ടുണ്ടെന്നാണ് സ്വാദിഖ് മുഹമ്മദിന്റെ വിമര്‍ശനം. ബുദ്ധിപരമോ മതപരമോ ആയ തെളിവ് ഇല്ലാതാകുമ്പോഴുള്ള പാപ്പരത്തമാണ് ബുദ്ധിക്ക് ഗ്രഹിക്കാനാകാത്ത യാഥാര്‍ത്ഥ്യം എന്ന ഇമാം സുബ്കി(റ)യുടെ പരാമര്‍ശത്തിന്റെ നിമിത്തമെന്നാണ് സ്വാദിഖ് മുഹമ്മദ് പറയുന്നത്. രണ്ടും അജ്ഞതയാണ്.

ശരീരങ്ങള്‍ക്ക് മുമ്പ് ആത്മാക്കള്‍ സൃഷ്ടിക്കപ്പെട്ടു എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ശരീരങ്ങളുടെ ലോകമായ (ആലമുല്‍ അജ്‌സാദ്) ഈ ദുന്‍യാവിന് മുമ്പ് ആത്മാക്കളുടെ ഒരു ലോകം (ആലമുല്‍ അജ്‌സാദ്) കഴിഞ്ഞുപോയിട്ടുണ്ട്. കൂട്ടം കൂടുന്ന സൈന്യങ്ങളെപോലെയാണ് ആത്മാക്കള്‍. (ആത്മീയ ലോകത്ത്) പരസ്പരം പരിചയമുള്ളവ (ശാരീരിക ലോകത്ത്) പരസ്പരം അടുത്ത് കൂടുകയും പരിചയമില്ലാത്തവ അകന്ന് പോവുകയും ചെയ്യും എന്ന ഹദീസാണ് ശരീരങ്ങള്‍ക്കു മുമ്പ് ആത്മാക്കള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നതിന് തെളിവ്. സ്വഹീഹുല്‍ ബുഖാരി(3336)യിലും മുസ്‌ലിമി(2638)ലും രേഖപ്പെടുത്തിയതാണ് ഈ ഹദീസ്. അതിനാല്‍ ഈ ഹദീസ് സ്വീകര്യമാണെന്നത് അഭിപ്രായൈക്യമുള്ള കാര്യമാണ്. ഇമാം ബഗവി(റ) ശറഹുസ്സുന്ന 13/57-ല്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

പ്രസ്തുത ഹദീസ് വിശദീകരിച്ച് ഇമാം ബഗവി(റ)  പറയുന്നു: ശരീരങ്ങള്‍ക്കു മുമ്പ് ആത്മാക്കള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും പരസ്പരം അടുക്കുകയോ അകലുകയോ ചെയ്യുന്നതാണ് ആത്മാക്കളുടെ പ്രകൃതിയെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു. സംഘങ്ങളായ സൈന്യങ്ങള്‍ പരസ്പരം കാണുമ്പോഴുള്ള അവസ്ഥ പോലെയാണിത്. അല്ലാഹു ആത്മാക്കള്‍ക്ക് നല്‍കിയിട്ടുള്ള വിജയത്തിന്റെയും പരാജയത്തിന്റെയും അടിസ്ഥാനത്തിലാണ് അവയുടെ അടുക്കലും അകലലും സംഭവിക്കുക. ഈ അടുപ്പത്തിനും അകല്‍ച്ചക്കും ശേഷം ഭൗതിക ലോകത്ത് ആത്മാക്കള്‍ അടങ്ങുന്ന ശരീരങ്ങള്‍ പരസ്പരം കണ്ടുമുട്ടുന്നു. സൃഷ്ടിപ്പിന്റെ തുടക്കത്തില്‍ ആത്മാക്കള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള പരസ്പര ഇണക്കത്തിന്റെയും ഇണക്കമില്ലായ്മയുടെയും അടിസ്ഥാനത്തില്‍ ശരീരങ്ങളും അടുക്കുകയോ അകലുകയോ ചെയ്യുന്നു. അതിനാല്‍ തന്നെ സത്‌വൃത്തരും ശ്രേഷ്ഠനുമായവന്‍ ആ ഗണത്തിലുള്ളവരുമായി അടുക്കുന്നതും അവരെ സ്‌നേഹിക്കുത്തതും നിനക്കു കാണാം. ദുര്‍മാര്‍ഗിയായവന്‍ അവനെപ്പോലൊത്തവനുമായി കൂട്ടുകൂടുകയും വിപരീത ഗുണമുള്ളവനുമായി അകലുകയും ചെയ്യുന്നതും കാണാം. ആത്മാക്കള്‍ വെറും ജഡരഹിത പദാര്‍ത്ഥങ്ങള്‍ അല്ലെന്നും ശരീരങ്ങള്‍ക്ക് മുമ്പ് ആത്മാക്കള്‍ ഉണ്ടായിരുന്നെന്നും ഹദീസ് പഠിപ്പിക്കുന്നു. ശരീരങ്ങള്‍ നശിച്ച ശേഷവും ആത്മാക്കള്‍ അവശേഷിക്കുമെന്നതും ഹദീസിന്റെ ആശയമാണ്. രക്തസാക്ഷികളുടെ (ശുഹദാക്കള്‍) ആത്മാക്കള്‍ പക്ഷികളുടെ ഉള്ളിലായി സ്വര്‍ഗത്തില്‍ അവരുദ്ദേശിച്ച സ്ഥലങ്ങളിലൊക്കെ ചുറ്റിസഞ്ചരിച്ചുകൊണ്ടിരിക്കുമെന്ന നബിവചനത്തിനോട് യോജിക്കുന്നതുമാണ് ഈ ആശയം (ശയശറ 13/57). പ്രസ്തുത ഹദീസ് വിശദീകരിച്ച് ബദ്‌റുദ്ദീനുല്‍ ഐനി(റ)വും ഇതേ ആശയം ഉംദത്തുല്‍ ഖാരി 12/371-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം ഖത്വാബി(റ)നെ ഉദ്ധരിച്ച് ഇമാം അസ്ഖലാനി(റ) എഴുതി: ശരീരങ്ങള്‍ക്ക് മുമ്പ് ആത്മാക്കള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്ന ഹദീസിനോട് യോജിച്ചുകൊണ്ട് അവ്യക്ത ലോകത്തെ സൃഷ്ടിപ്പിന്റെ തുടക്കത്തിലുള്ള അവസ്ഥയെക്കുറിച്ചുള്ള വിശദീകരണമാകാം ഇത്. ആത്മാക്കള്‍ അവിടെ പരസ്പരം കണ്ടുമുട്ടുകയും ചിലതൊക്കെ തമ്മില്‍ വെറുക്കുകയും ചെയ്തിരുന്നു. പ്രസ്തുത ആത്മാക്കള്‍ ശരീരങ്ങളില്‍ പ്രവേശിച്ചപ്പോള്‍ ആദ്യത്തെ അവസ്ഥയനുസരിച്ച് തന്നെ പരസ്പരം പരിചയപ്പെട്ടു. അപ്പോള്‍ ശരീരങ്ങള്‍ പരസ്പരം ഇണങ്ങുന്നതും വെറുക്കുന്നതും ആദ്യകാലത്തെ ആത്മാക്കളുടെ അവസ്ഥക്കനുസരിച്ചാണ് (ഫത്ഹുല്‍ ബാരി 6/369). ഇബ്‌നു ജൗസി(റ) കശ്ഫുല്‍ മുശ്കില്‍ എന്ന ഗ്രന്ഥത്തില്‍ ഇമാം അബൂസുലൈമാന്‍(റ)വില്‍ നിന്നും ഇതേ ആശയം ഉദ്ധരിച്ചിട്ടുണ്ട്. ആധികാരിക ഹദീസ് വ്യാഖ്യാതാക്കളായ ഇവരെല്ലാം ശരീരങ്ങള്‍ക്ക് മുമ്പ് ആത്മാക്കള്‍ പടക്കപ്പെട്ടു എന്നും ആത്മാക്കള്‍ പരസ്പരം അറിഞ്ഞും ഇണങ്ങിയും അല്ലെങ്കില്‍ അറിയാതെയും ഇണങ്ങാതെയും കഴിഞ്ഞുകൂടിയ ഒരു ലോകം ഈ ഭൗതിക പ്രപഞ്ചത്തിനു മുമ്പ് കഴിഞ്ഞിട്ടുണ്ടെന്ന് ഏകകണ്ഠമായി രേഖപ്പെടുത്തിവയരാണ്. ആത്മാക്കള്‍ ശരീരങ്ങള്‍ക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നത് ഇജ്മാഅ് (പണ്ഡിതരുടെ ഏകോപിതാഭിപ്രായം) ആണെന്ന ഇബ്‌നു ഹസ്മിന്റെ നിരീക്ഷണം ഇമാം അജ്‌ലൂനി(റ) കശ്ഫുല്‍ ഖഫാ 1/112-ല്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇത്രയും സുവ്യക്തവും പണ്ഡിതരുടെ പക്കല്‍ ഭിന്നതയില്ലാത്തതുമായ ഒരു വസ്തുതയെ അടിസ്ഥാനപ്പെടുത്തിയാണ് ഇമാം സുബ്കി(റ), ആദം(അ)ന്റെ സൃഷ്ടിപ്പിന്റെ വേളയില്‍ ഞാന്‍ പ്രവാചകനായിരുന്നു എന്നതിലെ ഞാന്‍ എന്നത് കൊണ്ട് തിരുനബി(സ്വ)യുടെ ആത്മാവാണ് ഉദ്ദേശ്യമെന്ന് അഭിപ്രായപ്പെട്ടത്. അതിനാല്‍ സ്വാദിഖ് മുഹമ്മദ് കഥയറിയാതെ ആട്ടം കാണുകയാണ്.

മൊത്തം സൃഷ്ടിയാഥാര്‍ത്ഥ്യങ്ങളെ പോലെത്തന്നെ മുഹമ്മദീയ യാഥാര്‍ത്ഥ്യവും ബുദ്ധിക്ക് ഗ്രഹിക്കാന്‍ കഴിയാത്ത ഒരു യാഥാര്‍ത്ഥ്യമാണെന്ന് അഭിപ്രായപ്പെട്ടതിനെ തെളിവുകളുടെ ദാരിദ്ര്യം എന്നു വിമര്‍ശിച്ച സ്വാദിഖ് മുഹമ്മദിന് പക്ഷേ മനുഷ്യന്‍, ജിന്ന്, ആകാശം, ഭൂമി, കല്ല്, മണ്ണ്, മരം തുടങ്ങി ഏതെങ്കിലുമൊരു സൃഷ്ടിയുടെ സത്തയെ കൃത്യമായി നിര്‍വചിക്കാന്‍ സാധിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. ആത്മാക്കളെ കുറിച്ചു ചോദിക്കുമ്പോള്‍ അത് പ്രത്യേകവും നിഗൂഢവുമായ സൃഷ്ടിയാണെന്ന് പറയണമെന്നാണ് ഖുര്‍ആനില്‍ (17/85) അല്ലാഹു കല്‍പിച്ചിട്ടുള്ളത്. സാധാരണ ആത്മാവിന്റെ അവസ്ഥ ഇതാണെങ്കില്‍ അതിനെക്കാള്‍ പ്രത്യേകമായ മുഹമ്മദീയ ഹഖീഖത്തിനെ കുറിച്ച് ഗ്രഹിക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമെന്ന് ഇമാം സുബ്കി(റ) വിശേഷിപ്പിച്ചതില്‍ അത്ഭുതപ്പെടാനെന്തുണ്ട്? ആത്മാവ്, ശരീരം എന്നീ രണ്ട് വസ്തുക്കളുടെ കൂട്ടായ്മയാണ് മനുഷ്യനടക്കമുള്ള ജീവികള്‍. ആത്മാവ് എന്താണെന്ന് കൃത്യമായി നിര്‍വചിക്കാന്‍ ഇന്നോളം ആര്‍ക്കും സാധിച്ചിട്ടില്ല. ഇമാം സുബ്കി(റ)ന്റെ അഭിപ്രായത്തെ ശരിവെക്കുകയല്ലേ ഈ ചരിത്രവസ്തുത?

ആത്മാക്കള്‍ ശരീരങ്ങള്‍ക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന ഹദീസ് അടിസ്ഥാന(അസ്വ്‌ല്)മില്ലാത്തതാണെന്ന് ഇബ്‌നുഹജരിനില്‍ ഹൈതമി(റ) പറഞ്ഞിട്ടുണ്ടെന്ന സ്വാദിഖ് മുഹമ്മദിന്റെ വിമര്‍ശനവും വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ഇമാം ഹൈതമി(റ) പ്രസ്തുത ഹദീസിനെക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടേയില്ല. മറിച്ച് ഫതാവല്‍ ഹദീസിയ്യയിലുള്ള ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ നിന്നാണ് സ്വാദിഖ് മുഹമ്മദ് ഈ വ്യാജ കണ്ടെത്തല്‍ നടത്തിയത്. ആ ചോദ്യവും മറുപടിയും ഇങ്ങനെ: ശരീരങ്ങളെ സൃഷ്ടിക്കുന്നതിന്റെ രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ആത്മാക്കളെ സൃഷ്ടിച്ചുവെന്ന ഹദീസിന്റെയും നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് സൃഷിടിച്ചുവെന്ന ഇബ്‌നു അബ്ബാസ്(റ)ന്റേതായി ഉദ്ധരിക്കപ്പെടുന്ന വാചകത്തിന്റെയും ആത്മാക്കളെ സൃഷ്ടിക്കുന്നതിന്റെ നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് രിസ്ഖുകള്‍ (ജീവികളുടെ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുടെയും കണക്ക്) സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന ഹദീസിന്റെയും ഇടയിലുള്ള വൈരുദ്ധ്യങ്ങള്‍ തീര്‍ക്കുന്നതെങ്ങനെ? ഉത്തരം: ഇബ്‌നു അബ്ബാസ്(റ)ന്റേതായി ഉദ്ധരിക്കപ്പെടുന്നത് അടിസ്ഥാനമില്ലാത്ത അസത്യമാണ്. ഒന്നാമത്തെ ഹദീസ് വളരെ ദുര്‍ബലമാണ്. അതിനെ ആശ്രയിക്കാവുന്നതല്ല. എന്നാല്‍ ആകാശ ഭൂമികളെ സൃഷ്ടിക്കുന്നതിന് അമ്പതിനായിരം വര്‍ഷം മുമ്പ് എല്ലാ കാര്യങ്ങളുടെയും കണക്കുകള്‍ അല്ലാഹു കണക്കാക്കിയിട്ടുണ്ടെന്ന് സ്വഹീഹായ ഹദീസിലുണ്ട്. ആ കണക്കുകള്‍ രിസ്ഖിനെയും ഉള്‍പ്പെടുത്തുന്നതാണ് (ഫതാവല്‍ ഹദീസിയ്യ, പേ. 116).

ശരീരങ്ങള്‍ക്കു മുമ്പ് ആത്മാവിനെ സൃഷ്ടിച്ചുവെന്ന ഹദീസിനെ കുറിച്ചല്ല ഇവിടെ ചോദ്യമെന്നും മറിച്ച് രണ്ടായിരം വര്‍ഷം, നാലായിരം വര്‍ഷം എന്നിങ്ങനെയുള്ള രണ്ട് കണക്കുകളിലെ വൈരുദ്ധ്യത്തെ ചൊല്ലിയാണ് എന്നും മനസ്സിലാകാത്തവരുണ്ടാകില്ല. ഇബ്‌നു അബ്ബാസ്(റ)ന്റേതായി ഉദ്ധരിക്കപ്പെടുന്ന നാലായിരം എന്നതിന് അടിസ്ഥാനമില്ലെന്നും രണ്ടായിരം എന്നത് ദുര്‍ബലമാണെന്നും മറുപടി പറഞ്ഞപ്പോള്‍ ആത്മാക്കള്‍ ശരീരങ്ങള്‍ക്കു മുമ്പ് സൃഷ്ടിക്കപ്പെട്ടു എന്ന ഹദീസിലെ അടിസ്ഥാന ആശയം നിലനില്‍ക്കുകയാണ്. ശരീരങ്ങള്‍ക്ക് എത്ര വര്‍ഷം മുമ്പ് ആത്മാക്കളെ സൃഷ്ടിച്ചു എന്നത് കൃത്യമായി സ്ഥിരപ്പെട്ടിട്ടില്ല എന്നതല്ലാതെ ആത്മാക്കള്‍ ആദ്യമായി സൃഷ്ടിക്കപ്പെട്ടു എന്ന ആശയത്തിന് കളങ്കം വന്നിട്ടില്ല. അതിനാല്‍ ഇമാം ഇബ്‌നു ഹജരിനില്‍ ഹൈതമി(റ)യുടെ പേരില്‍ സ്വാദിഖ് മുഹമ്മദ് നുണ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പറയാതെ വയ്യ. ആത്മാക്കള്‍ ആദ്യം സൃഷ്ടിക്കപ്പെട്ടുവെന്ന് പഠിപ്പിക്കുന്ന ഹദീസ് ബുഖാരിയിലും മുസ്‌ലിമിലും ഉള്ളതും പ്രശസ്ത ഹദീസ് പണ്ഡിതരായ ഇബ്‌നു ജൗസി(റ), ബഗ്‌വി(റ), അസ്ഖലാനി(റ), ഐനി(റ), അജ്‌ലൂനി(റ) തുടങ്ങിയവര്‍ രേഖപ്പെടുത്തിയതുമാണ്.

ഈ വിഷയത്തില്‍ ഇമാം സുബ്കി(റ) ഇബ്‌നു അറബി(റ)നെ അന്ധമായി അനുകരിച്ചു എന്നാണ് സ്വാദിഖ് മുഹമ്മദിന്റെ മറ്റൊരാരോപണം. എന്നാല്‍ മുകള്‍ വിശദീകരണത്തില്‍ ഇമാം സുബ്കി(റ)യുടേത് അന്ധമായ അനുകരണമല്ലെന്നും വസ്തുതകള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലുള്ള സത്യസന്ധവും കൃത്യവുമായ അനുധാവനമാണെന്നും ആര്‍ക്കും ഗ്രാഹ്യമാകും. ഇബ്‌നു അറബി(റ)നോടുള്ള അനുകരണം അങ്ങനെയല്ലാതെ വരാന്‍ നിര്‍വാഹമില്ലല്ലോ. അദ്ദേഹം സ്വൂഫീ ലോകത്തെ ഉന്നത തത്ത്വജ്ഞാനിയാണെന്ന് വിമര്‍ശകന്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക് പ്രത്യേകിച്ചും.

Exit mobile version