ലോക നവോത്ഥാന പ്രസ്ഥാനത്തിന് അമൂല്യ സംഭാവനകളർപ്പിച്ച ഇസ്‌ലാമിന്റെ പ്രസക്തി ബോധപൂർവം അവഗണിക്കുക മാത്രമല്ല, അവയെ അവമതിക്കുകയും ചെയ്യുന്ന ശക്തികൾ പല പാശ്ചാത്യ രാജ്യങ്ങളിലും വളർന്നുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും 9/11-നു ശേഷമുള്ള അമേരിക്കയിൽ. യു.എസ്. സാമ്രാജ്യത്വത്തിന്റെ നവ യാഥാസ്ഥിതിക താത്പര്യങ്ങൾ ആഗോളതലത്തിൽ സംരക്ഷിക്കാനുള്ള ആസൂത്രിത അജൻഡയുടെ ഭാഗമാണിതെന്ന് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ മഹ്മൂദ് മംദാനിയുടെ Good Muslim, Bad Muslim(Permanent Black, 2010 എന്ന രചനയിൽ അപഗ്രഥനാത്മകമായി ചർച്ച ചെയ്തിട്ടുണ്ട്. മാനവരാശിക്കും ലോകസമാധാനത്തിനും ഭീഷണിയുയർത്തുന്ന ഒരുകൂട്ടം ഭീകരപ്രവർത്തകരുടെ പേരിൽ, ലോകസംസ്‌കൃതിക്കു മഹത്തായ സംഭാവനകൾ നൽകിയ ഒരു മതവിഭാഗത്തെ ഒന്നടങ്കം ഭീകരവാദികളായി ചിത്രീകരിക്കുന്നത് ഏറ്റവും മിതമായി പറഞ്ഞാൽ അസംബന്ധമാണ്.
ചരിത്രത്താളുകൾ പരിശോധിച്ചാൽ, യൂറോപ്യൻ നവോത്ഥാനത്തിന് അടിത്തറ പാകിയത് ഇസ്‌ലാമിക പണ്ഡിതരും ദാർശനികരും ശാസ്ത്രജ്ഞരുമാണെന്നു വ്യക്തമാകും. ശാസ്ത്രീയവും സർഗാത്മകവും ബൗദ്ധികവുമായ സമസ്ത മേഖലകളിലും നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ അവർ നിർണായക സ്വാധീനം ചെലുത്തി. അക്കാലത്തുതന്നെ ഇസ്‌ലാമികസംസ്‌കൃതി ലോകത്തിന്റെ അംഗീകാരം നേടിയിരുന്നു. അതാകട്ടെ, നവ ചിന്താസരണികളുടെയും സർഗാത്മക ബൗദ്ധിക വളർച്ചയുടെയും അമരക്കാരെന്ന് ഊറ്റംകൊണ്ടിരുന്ന പാശ്ചാത്യ രാജ്യങ്ങൾക്ക് അചിന്തനീയവും.
ഇസ്‌ലാമികനാടുകളിലെ ദാർശനികരും ഗണിതജ്ഞരും ജ്യോതിശാസ്ത്രജ്ഞരും പ്രാപഞ്ചിക സത്യങ്ങൾ കണ്ടെത്തി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ അക്ഷീണം യത്‌നിച്ചുകൊണ്ടിരുന്നു. പ്ലേറ്റോവിന്റെയും അരിസ്‌റ്റോട്ടിലിന്റെയും ദർശനങ്ങൾ അവർ കൂടുതൽ അപഗ്രഥനാത്മകമായി ചർച്ചചെയ്യുകയും പഠിക്കുകയും ചെയ്തു. അതിൽ നിന്നാർജിച്ച അറിവിലൂടെ പ്രപഞ്ചത്തിന്റെ ഉള്ളറകളിലേക്ക് അവർ അന്വേഷണപരതയുടെ വെളിച്ചം പ്രസരിപ്പിച്ചു.
ലോകചരിത്രത്തിൽത്തന്നെ വിജ്ഞാനത്തിന്റെ മഹത്ത്വം ഉദ്ഘാഷിക്കുന്നതായിരുന്നു വിശുദ്ധ ഖുർആന്റെ അവതരണം, ഹിറാഗുഹയിൽ പ്രവാചകൻ മുഹമ്മദ് നബിക്ക് ജിബ്രീലിൽനിന്ന് ലഭിച്ച ദിവ്യസന്ദേശത്തിന്റെ ആദ്യവചനംതന്നെ ‘ഇഖ്‌റഅ്’ (നീ വായിക്കുക) എന്നതാണ്. ‘നിന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തിൽ, ഒരു മാംസപിണ്ഡത്തിൽ നിന്നല്ലയോ അവൻ നിന്നെ സൃഷ്ടിച്ചത്. പേനകൊണ്ട് പഠിപ്പിച്ച ഉദാരനായ രക്ഷിതാവിന്റെ നാമത്തിൽ വായിക്കൂ. മനുഷ്യന് അറിവില്ലാത്തത് അവൻ പഠിപ്പിച്ചു’ (സൂറത്തുൽ ഖലം-ഖുർആൻ).
വിജ്ഞാനസമ്പാദനം ജീവിതത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ് എന്നതിന്റെ അനിഷേധ്യമായ തെളിവാണ് ‘ചൈനയിൽ പോയും വിദ്യയഭ്യസിക്കൂ’ എന്ന പ്രവാചകവചനം. അതാകട്ടെ, അറബികളുടെ അന്വേഷണത്വരയ്ക്ക് ആക്കം കൂട്ടി. മുസ്‌ലിംകളാണ് പൗരാണിക ആധുനിക സംസ്‌കാരങ്ങൾക്കിടയ്ക്കുള്ള പാലമായി വർത്തിച്ചത്.
യൂറോപ്പിലുണ്ടായിരുന്ന വൈജ്ഞാനിക രചനകൾ ഏതാനും ഡസൻ വാല്യങ്ങളിൽ മാത്രം ഒതുങ്ങിയപ്പോൾ ബഗ്ദാദ് ലൈബ്രറിയിൽ വിവിധ വിഷയങ്ങളെ പുരസ്‌കരിച്ച് ഏറ്റവും ചുരുങ്ങിയത് നാലു ലക്ഷം അമൂല്യഗ്രന്ഥങ്ങളുണ്ടായിരുന്നു. മഹാനായ ആൽഫ്രഡ് രാജാവ് ബ്രിട്ടനിൽ ഭരണം നടത്തിയിരുന്ന അതേ കാലഘട്ടത്തിൽ (849-899) മുസ്‌ലിം സ്‌പെയിനിൽ പുസ്തകവിതരണം നടത്തിയിരുന്ന ഗ്രന്ഥാലയങ്ങൾ പ്രവർത്തിച്ചിരുന്നുവെന്ന് കേൾക്കുമ്പോൾ അത് അവിശ്വസനീയമായി തോന്നാം.
യൂറോപ്യൻമാർ, ഇസ്‌ലാമിക രാജ്യങ്ങൾക്കെതിരെ രക്തരൂഷിതമായ കുരിശുയുദ്ധങ്ങൾ നടത്തിയിരുന്നപ്പോൾപ്പോലും വിജ്ഞാനദാഹികളായ ഏതാനും ക്രിസ്തീയ പണ്ഡിതർ അറബ് രാജ്യങ്ങളിലെത്തി അവിടങ്ങളിലെ ഗ്രന്ഥപ്പുരകളിൽ അറിവിനുവേണ്ടിയുള്ള അന്വേഷണങ്ങളിലേർപ്പെട്ടു. അവർ ഇസ്‌ലാമിക പണ്ഡിതന്മാരുമായി സംഭാഷണങ്ങളും സംവാദങ്ങളും നടത്തി. അതിന്റെ ഫലമായി അവർക്കു ലഭിച്ചത് ശാസ്ത്ര, വൈദ്യശാസ്ത്ര, ദർശന സംബന്ധികളായ അറിവിന്റെ അക്ഷയഖനികളായിരുന്നു. യഥാർത്ഥത്തിൽ, യൂറോപ്യൻ നവോത്ഥാനത്തിനു ശക്തമായ അടിത്തറ പാകിയത് ഈ നവാർജിത വിജ്ഞാനമാണ്.
എ.ഡി 570-ലാണ് ‘ഇസ്‌ലാമിന്റെ സുവർണയുഗം’ എന്നറിയപ്പെടുന്ന കാലഘട്ടം ആരംഭിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബിയുടെ ജനനം ഈ കാലയളവിനു വിശുദ്ധപരിവേഷവും നൽകുന്നു. ഇബ്ൻ അൽ ഹയ്ത്താം, ഇബ്‌നുസീന (അവിസന്ന), അൽതൂസി, അൽഖവാരിസ്മി തുടങ്ങിയ പ്രതിഭാശാലികൾ ശാസ്ത്രം, വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം എന്നീ മേഖലകളിൽ സൃഷ്ടിച്ചത് അക്കാലത്തു ചിന്തിക്കാൻപോലുമാകാത്ത വിപ്ലവങ്ങളായിരുന്നു. സത്യത്തിൽ, അവരാണ് ഐസക് ന്യൂട്ടൻ, കോപ്പർ നിക്കസ് തുടങ്ങി ഒട്ടേറെ പാശ്ചാത്യപണ്ഡിതന്മാർക്ക് നവവൈജ്ഞാനികതയിലേക്കുള്ള പാതയാരുക്കിയത്. മഹാനായ സുലൈമാൻ തുടങ്ങിയ മഹാപ്രതിഭാശാലികളിൽനിന്ന് പ്രചോദനമുൾക്കൊണ്ട്, മതസഹിഷ്ണുതയിലൂടെ ബൗദ്ധികാന്വേഷണങ്ങളെ അവർ പ്രോത്സാഹിപ്പിച്ചു. സാഹിത്യം, കല, വാസ്തുശിൽപം എന്നിവയെ പുരസ്‌കരിച്ച് അറബ് രാജ്യങ്ങളിൽ അക്കാലത്തു രചിക്കപ്പെട്ട ഗ്രന്ഥങ്ങളെ വിസ്മയകരവും അവിശ്വസനീയവുമെന്നേ വിഷിപ്പിക്കാനാവൂ.
അവെറോസും അവെൻസൂറും അവിസന്നയും വൈദ്യശാസ്ത്രപഠനത്തിലും ചികിത്സയിലും അക്കാലത്ത് അചിന്തനീയമായ മാറ്റങ്ങൾ സൃഷ്ടിച്ചവരാണ്. പേർഷ്യക്കാരനായ അവിസന്ന, മധ്യകാലഘട്ടത്തിലെ വിശ്വപ്രശസ്തനായൊരു ഭിഷഗ്വരൻ മാത്രമല്ല, മഹാനായൊരു ദാർശനികൻ കൂടിയായിരുന്നു. അവിസന്ന രചിച്ച വൈദ്യശാസ്ത്രഗ്രന്ഥം, 17-ാം നൂറ്റാണ്ടുവരെയുള്ള 600 വർഷക്കാലം ഇസ്‌ലാമിക രാജ്യങ്ങളിൽ മാത്രമല്ല, യൂറോപ്യൻ നാടുകളിലും പ്രസ്തുത വിഷയത്തിലെ ആധികാരിക രചനയായി നിലനിന്നു. പല വൈജ്ഞാനിക മേഖലകളെയും കുറിച്ച് പാശ്ചാത്യലോകം അറിയുന്നതിനു നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പുതന്നെ ഇസ്‌ലാമിക പണ്ഡിതന്മാർ അവയിൽ അവഗാഹം നേടിയിരുന്നു.
ആധുനിക യൂറോപ്പ് ഊറ്റംകൊള്ളുന്ന നേട്ടങ്ങൾക്ക് അവർ കടപ്പെട്ടിരിക്കുന്നത് മുസ്‌ലിം സ്‌പെയിനിനോടാണ് എന്നത് ഒരു ചരിത്രവസ്തുതയാണ്. നയതന്ത്രം, സ്വതന്ത്ര വ്യാപാരം, അക്കാദമീയ ഗവേഷണം, നരവംശശാസ്ത്രം, പലതരം ഔഷധങ്ങൾ, ആസ്പത്രി സംവിധാനം തുടങ്ങി ഫാഷൻ, ഉപചാരക്രമങ്ങൾ എന്നിവ വരെയുള്ളവ ‘നഗരികളുടെ നഗരി’യെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന സ്പയിനിലെ പൗരാണിക ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സംഭാവനകളാണ്.
ആധുനികശാസ്ത്രം പാശ്ചാത്യ രാഷ്ട്രങ്ങളുടെ സംഭാവനയാണെന്നാണ് പെട്ടെന്ന് ആരും കരുതിപ്പോവുക. അത് അബദ്ധജടിലമായൊരു ശീലത്തിന്റെ പ്രശ്‌നമാണെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഗ്രീസുകാരനായ ഹിപ്പോക്രാറ്റസ് (ബി.സി. 460-370) ആണെന്ന് നാം ധരിച്ചുവശായിരിക്കുന്നു. എന്നാൽ, ശാസ്ത്രീയവൈദ്യത്തിന്റെ ജന്മഗേഹമാണ് ഗ്രീസ് എന്ന ധാരണയും ഹിപ്പോക്രാറ്റസ് വൈദ്യശാസ്ത്രത്തിന്റെ പിതാവെന്ന നിലയ്ക്കുള്ള ആധികാരികതയും തെളിവുകളുടെ വെളിച്ചത്തിൽ ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ഹിപ്പോക്രാറ്റസ് വൈദ്യം പഠിച്ചത് ഈജിപ്തിലെ ഭിഷഗ്വരന്മാരിൽനിന്നാണെന്ന വസ്തുതകളും ഈ സാഹചര്യത്തിൽ പ്രത്യേക പരിഗണനയർഹിക്കുന്നു.
പടിഞ്ഞാറൻ ലോകത്ത് ‘റാസസ്’ എന്നറിയപ്പെട്ട പേർഷ്യക്കാരനായ ആൽകെമിസ്റ്റും രസതന്ത്രജ്ഞനും വൈദ്യനും തത്ത്വചിന്തകനുമായ അബൂബക്കർ മുഹമ്മദ് ഇബ്ൻ സക്കറിയ റാസിയാണ് അറേബ്യൻ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ ഭിഷഗ്വരൻ എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ബഗ്ദാദ് ആസ്പത്രിയിലെ മുഖ്യവൈദ്യനും ബഗ്ദാദിലെ ഖലീഫയായ അൽ മുക്താഫിസിന്റെ ഭരണകാലത്ത് (901-907) കൊട്ടാരം വൈദ്യനുമായിരുന്നു. ഇറാനിലെ റയ്യിൽ 865 എ.ഡി.യിൽ ജനിച്ച അദ്ദേഹം എ.ഡി. 925-ൽ അന്തരിച്ചു. വൈദ്യം, ആൽക്കെമി, തത്ത്വചിന്ത എന്നീ മണ്ഡലങ്ങളിൽ റാസി വിലയേറിയ സംഭാവനകൾ നൽകിയിട്ടുണ്ട്. അവയെല്ലാം 184 പുസ്തകങ്ങളിലും പ്രബന്ധങ്ങളിലുമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിനു പേർഷ്യൻ, ഗ്രീക്ക്, ഇന്ത്യൻ വൈദ്യശാസ്ത്രങ്ങളിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. ന്യൂറോ സർജറിയിലും നേത്രചികിത്സയിലും പുതിയ പാത വെട്ടിത്തെളിയിച്ച ഭിഷഗ്വരപ്രതിഭയാണദ്ദേഹം. അദ്ദേഹമാണ് വസൂരിരോഗത്തിന്റെ ആദ്യത്തെ വിവരണം നൽകിയത്. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (1911) രോഗം തിരിച്ചറിയാനുള്ള ആ വിവരണം അംഗീകരിച്ചു. ഇന്ത്യയിലെ വൈദ്യസമ്പ്രദായത്തിൽ മുസ്‌ലിം ഭരണാധികാരികൾക്കു വലിയ താത്പര്യമുണ്ടായിരുന്നു. ഖുസ്രാ രാജാവ് തന്റെ രാജസദസ്സിലെ പണ്ഡിതന്മാരെയും വൈദ്യശിരോമണികളെയും ഇന്ത്യയിലേക്കയച്ച് സംസ്‌കൃതത്തിൽ വിരചിതമായ വൈദ്യശാസ്ത്രഗ്രന്ഥങ്ങൾ കൊണ്ടുവരുവാനായി നിയോഗിച്ചിരുന്നതിനു തെളിവുണ്ട്.
പത്താം നൂറ്റാണ്ടിൽ ജീവിച്ച അൽസഹ്‌റാവിയെന്നൊരു മുസ്‌ലിം സർജൻ രൂപകൽപന ചെയ്ത ശസ്ത്രക്രിയാ ഉപകരണങ്ങളുടെ യഥാർത്ഥ രൂപത്തിലോ മാതൃകയിലോ ഉള്ളവയാണ് ഇന്നു നിലവിലുള്ള ഉപകരണങ്ങൾ. കത്തി, അസ്ഥി മുറിക്കുന്ന ഉപകരണം, കൊടിൽ, നേത്രശസ്ത്രക്രിയയ്ക്കുള്ള ചെറിയ കത്രിക തുടങ്ങിയവ സഹ്‌റാവി കണ്ടുപിടിച്ചതാണ്. കൂടാതെ 200 ശസ്ത്രക്രിയാ ഉപകരണങ്ങളിൽ പലതും അദ്ദേഹം രൂപകൽപന ചെയ്തതാണെന്നു കാണാൻ പ്രയാസമില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന ശരീരത്തിൽ ലയിച്ചുചേരുന്ന തരം നൂലായ ‘കാറ്റ്ഗട്ട്’ കണ്ടുപിടിച്ചത് പത്തു നൂറ്റാണ്ടിലേറെക്കാലം മുമ്പ് ജീവിച്ച സഹ്‌റാവിയാണെന്ന് കേൾക്കുമ്പോൾ എങ്ങനെ അത്ഭുതപ്പെടാതിരിക്കും.
പത്താം നൂറ്റാണ്ടിൽ ജീവിച്ച ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനുമായിരുന്ന ഇബ്ൻ അൽ ഹയ്ത്താം ആയിരുന്നു കണ്ണിലേക്കാണ് പ്രകാശം കയറുന്നത്, അല്ലാതെ കണ്ണിൽനിന്ന് ഉത്ഭവിക്കുന്നതല്ല എന്ന് ആദ്യം തിരിച്ചറിഞ്ഞത്. ഈ അറിവിലൂടെയാണ് ആദ്യത്തെ പിൻഹോൾ ക്യാമറ അദ്ദേഹം രൂപകൽപന ചെയ്തത്. ക്യാമറ ഒബ്‌സ്‌ക്യൂറ എന്ന പദംതന്നെ അറബിയിലെ ഇരുണ്ട മുറി എന്നർത്ഥം വരുന്ന ‘ഖ്വാമറ’ എന്ന വാക്കിൽ നിന്നാണ് ഉത്ഭവിച്ചത്. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ച ഇബ്ൻ നഫിസി എന്ന ഭിഷഗ്വരൻ, വില്യം ഹാർവിയെക്കാൾ 300 വർഷങ്ങൾക്കുമുമ്പ് രക്തചംക്രമണത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു. കറുപ്പും മദ്യവും ചേർന്ന മിശ്രിതമുപയോഗിച്ച് ശസ്ത്രക്രിയാവേളയിൽ രോഗികളെ ബോധരഹിതരാക്കാനുള്ള സങ്കേതവും മുസ്‌ലിം ഡോക്ടർമാർ വികസിപ്പിച്ചെടുത്തിരുന്നു. തിമിരശസ്ത്രക്രിയക്ക് പൊള്ളയായ സൂചി ഉപയോഗിക്കുന്ന രീതിയും അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്നു.
എഡ്വർഡ് ജന്നറും ലൂയി പാസ്റ്ററുമാണ് രോഗപ്രതിരോധ കുത്തിവെപ്പ് കണ്ടുപിടിച്ചതെന്നാണ് ശാസ്ത്രലോകം അംഗീകരിച്ചിട്ടുള്ളതെങ്കിലും അത് വസ്തുതകൾക്കു നിരക്കുന്നതല്ല. ഈ സംവിധാനം പാശ്ചാത്യലോകത്തു നിലവിൽ വരുന്നതിന് 50 വർഷങ്ങൾക്കുമുമ്പ് തുർക്കിയിൽ പ്രചാരത്തിലുണ്ടായിരുന്നു. അക്കാലത്ത് അതിമാരകമെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന വസൂരിരോഗത്തിനെതിരെ പശുവിൽനിന്നെടുക്കുന്ന ‘കൗ പോക്‌സ്’ എന്ന പ്രതിരോധ ലായനി വികസിപ്പിച്ചെടുത്ത് അതു മനുഷ്യരിൽ കുത്തിവെക്കുന്ന ചികിത്സാരീതി തുർക്കിയിലെ ഭിഷഗ്വരന്മാർ പ്രാവർത്തികമാക്കിയിരുന്നു. ഇസ്തംബൂളിലെ ബ്രിട്ടീഷ് സ്ഥാനപതിയുടെ പത്‌നി 1724-ൽ ഈ ചികിത്സാരീതി ലണ്ടനിലെത്തിച്ചു. തുടർന്നാണത് യൂറോപ്പിൽ പ്രചാരം നേടിയത്.
ശാസ്ത്രമേഖലക്ക് ഇസ്‌ലാം നൽകിയ സംഭാവനകളെക്കുറിച്ച് ഹ്രസ്വമായി പ്രതിപാദിക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. പലതും സ്പർശിക്കുക പോലും ചെയ്യാതെ വിട്ടുപോയിട്ടുമുണ്ട്. ഭാഷ, സാഹിത്യം, സഞ്ചാരം, ചരിത്രം, ദർശനം തുടങ്ങിയ രംഗങ്ങളിലും മുസ്‌ലിം പണ്ഡിതർ ലോകസംസ്‌കൃതിയിൽ നിർണായക സ്വാധീനം ചെലുത്തി.
(കടപ്പാട്: ‘ഡാന്യൂബ് സാക്ഷി’ എന്ന എംപി വീരേന്ദ്രകുമാറിന്റെ പുസ്തകത്തിൽ നിന്നു സംഗ്രഹിച്ചത്).